'പാര്‍ട്ടി നയാപൈസ തന്നില്ല', പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്മാറി

കാമ്പയിന് പണമില്ലാത്ത പ്രശ്നം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജോയ് കുമാറിനോട് പ്രശ്‌നം പറഞ്ഞപ്പോള്‍, ചെലവ് സ്വയം നോക്കാനായിരുന്നു നിര്‍ദേശമെന്ന് സുചരിത പഞ്ഞു.

Election Desk

കാമ്പയിന് പാര്‍ട്ടി പണം തരുന്നില്ല എന്നാരോപിച്ച് ഒഡിഷയിലെ പുരി ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുചരിത മൊഹന്തി മത്സരത്തില്‍നിന്ന് പിന്മാറി. പാര്‍ട്ടി ഫണ്ടില്ലാതെ കാമ്പയിന്‍ നടത്താനാകില്ലെന്നുചൂണ്ടിക്കാട്ടി അവര്‍ പാര്‍ട്ടി അധ്യക്ഷനും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും ഇ മെയില്‍ അയച്ചു: ''പണമില്ലാത്തത് പുരിയില്‍ കാമ്പയിനെ നന്നായി ബാധിച്ചിട്ടുണ്ട്. പാര്‍ട്ടി ഫണ്ട് തരുന്നില്ല. പത്തു വര്‍ഷം മുമ്പ് രാഷ്ട്രീയത്തില്‍ വന്ന ഞാന്‍ ഒരു പ്രൊഫഷനല്‍ ജേണലിസ്റ്റായിരുന്നു. എന്റെ കൈയിലുള്ളതെല്ലാം ഇതിനകം ഞാന്‍ കാമ്പയിനായി ചെലവഴിച്ചുകഴിഞ്ഞു’’- സന്ദേശത്തില്‍ അവര്‍ പറയുന്നു.

പാര്‍ട്ടി പുരിയില്‍ മത്സരിക്കാന്‍ നല്‍കിയ ടിക്കറ്റ് തിരിച്ചുകൊടുക്കുകയാണെന്നും അവര്‍ പ്രഖ്യാപിച്ചു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുളള അവസാന തീയതി മെയ് ആറാണ്.

സുചരിത മൊഹന്തി

കാമ്പയിന് പൊതുജനങ്ങളില്‍നിന്ന് പണം സമാഹരിക്കാന്‍ കഴിഞ്ഞ ആഴ്ച ഇവര്‍ സമൂഹമാധ്യമത്തിലൂടെ ധനശേഖരണവും പ്രഖ്യാപിച്ചിരുന്നു. പുരോഗമന രാഷ്ട്രീയത്തിനുവേണ്ടി സംഭാവന ചെയ്യണമെന്ന തന്റെ അഭ്യര്‍ഥനയും വേണ്ടത്ര വിജയിച്ചില്ലെന്ന് സുചരിത പറയുന്നു.

''ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിയുള്ള കാമ്പയിനാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്. എന്നാല്‍, പണമില്ലാത്തതിനാല്‍ അതിന് കഴിയില്ല. പാര്‍ട്ടി മാത്രമല്ല ഇതിന് ഉത്തരവാദിയെന്ന് എനിക്കറിയാം. ബി.ജെ.പി സര്‍ക്കാര്‍ പാര്‍ട്ടിയെ വരിഞ്ഞുമുറുക്കിയിട്ടുണ്ട്. അതുമൂലം ചെലവ് കുറക്കാന്‍ നിര്‍ബന്ധിതമായിട്ടുമുണ്ട്’’- അവര്‍ പറഞ്ഞു.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജോയ് കുമാറിനോട് പ്രശ്‌നം പറഞ്ഞപ്പോള്‍, ചെലവ് സ്വയം നോക്കാനായിരുന്നു നിര്‍ദേശമെന്ന് അവര്‍ പഞ്ഞു.

ഒഡിഷയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകൂടി നടക്കുന്നുണ്ട്. സംഘടനാതലത്തിലെ ചില പ്രശ്‌നങ്ങളും സുചരിതയുടെ പിന്മാറ്റത്തിന് കാരണമാണെന്ന് സംശയിക്കുന്നു. പുരി ലോക്‌സഭാ മണ്ഡലത്തിനുകീഴിലുള്ള ചില നിയമസഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മാറ്റണമെന്ന് അവര്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. അത് നിരസിക്കപ്പെട്ടതും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

സാംബിത് പത്ര

ബി.ജെ.പി ദേശീയ വക്താവ് സാംബിത് പത്രയാണ് പുരിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി. മുന്‍ മുംബൈ പൊലീസ് കമീഷണര്‍ അരുപ് പട്‌നായിക്കാണ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ സ്ഥാനാര്‍ഥി.

2019-ല്‍ കോണ്‍ഗ്രസ്, 3.94 ശതമാനം മാത്രം നേടി അതിദയനീയമായി തോറ്റ മണ്ഡലമാണ് പുരി. ബിജു ജനതാദളിനായിരുന്നു ജയം. 2014-ലും സുചരിത തന്നെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി, ആ തെരഞ്ഞെടുപ്പില്‍ 18.5 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

മുന്‍ കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായ ബൃജ് മോഹന്‍ മൊഹന്തിയുടെ മകളാണ് സുചരിത.

Comments