കോൺഗ്രസിന് ഇനി തിരിച്ചു വരാനാകുമോ?
നിലവിലെ നേതൃത്വത്തിന് അതിന് സാധിക്കുമോ?
അതിന് അവർ എന്ത് ചെയ്യണം?
ശ്രമിച്ചൽ തന്നെ എത്ര നാളെടുക്കും?
ഇങ്ങനെ കോൺഗ്രസിന്റെ ഭാവിയെ കുറിച്ച് ഉയരുന്ന ചോദ്യങ്ങൾ നിരവധിയാണ്. ഈ ചോദ്യങ്ങൾ ഉയർന്നുതുടങ്ങിയിട്ട് കാലം കുറച്ചായി. ബി.ജെ.പിയും നരേന്ദ്രമോദിയും കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനുപിന്നാലെ ഈ ചോദ്യങ്ങൾ പലരുടേയും മനസിലുയർന്നതാണ്. അത് ഒരു പൊതുചോദ്യമായത് കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പോടെയാണ്. പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് വർഷം ഒന്നു കഴിഞ്ഞു. പിന്നെ ഇപ്പോഴെന്തിനാണ് ഈ ചോദ്യങ്ങളെന്ന് സംശയിക്കുന്നുണ്ടാകും. പ്രത്യേകിച്ച് കോൺഗ്രസിനെ അടിമുടി ഉടച്ചു വാർക്കാൻ ദേശീയ ശിബിരം തന്നെ നടത്തിയതിനുപിന്നാലെ. കഴിഞ്ഞ ദിവസം കണ്ട ചില ഫോട്ടോകളും വീഡിയോകളുമാണ് ഈ സംശയം വീണ്ടുമുയർത്തിയത്.
കോൺഗ്രസിന്റെ ദേശീയ- പ്രാദേശിക കമ്മിറ്റി ഓഫീസുകളിൽ നടന്ന ഒരു അനുസ്മരണത്തിന്റെതാണ് ഈ ഫോട്ടോകളും വീഡിയോകളും. ഈ മാസം 21ന് രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിലാണ് ആ ചടങ്ങുകൾ നടന്നത്. പതിവുപോലെ ഒരു കുറവുമില്ലാതെ ചടങ്ങുകൾ നടന്നു. കോൺഗ്രസിന്റെ താഴെ തട്ടിലുള്ള ഓഫീസുകൾ മുതൽ ഡൽഹിയിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന വീർഭൂമിയിൽ വരെ. ചടങ്ങുകൾക്ക് പ്രത്യേകിച്ചൊരു മാറ്റവുമുണ്ടായില്ല. മുതിർന്ന നേതാക്കളെത്തി. പുഷ്പാർച്ചന നടത്തി. മാധ്യമങ്ങൾക്ക് മുന്നിൽ ദുഖഭാരത്തോടെ തലതാഴ്ത്തി നിന്ന ശേഷം മടങ്ങി.
പതിവുതെറ്റിക്കാതെ, ഒരു മാറ്റവും വരുത്താതെ നടത്തിയ ഈ ചടങ്ങിന് എന്തായിരുന്നു കുറവ് എന്നാണ് ചിന്തിക്കുന്നതെങ്കിൽ ഒരു കുറവും കുഴപ്പവുമുണ്ടായിരുന്നില്ല. ആകെ പറയാൻ സാധിക്കുന്നത് രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം മാത്രമാണ്. അത് സാധാരണമാണെന്ന് കരുതാം. ഏത് വലിയ സമ്മേളനം കഴിഞ്ഞാലും ഇത്തരത്തിൽ രാഹുൽ ഗാന്ധി അപ്രത്യക്ഷനാകുന്നത് പുതുമയുള്ള കാര്യമല്ല. നിർഭാഗ്യവശാൽ ഉദയ്പുരിലെ ചിന്താ സമ്മേളനത്തിന് തൊട്ടുപിന്നാലെയായിരുന്നു രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം. പക്ഷെ ലണ്ടനിൽ നിന്ന് രാഹുൽ ഗാന്ധി പിതാവിനെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തു.
ഇനി കാര്യത്തിലേക്ക് വരാം. എന്തിനായിരുന്നു ഈ ചടങ്ങ് എന്നല്ല എന്തിനാകണമായിരുന്നു ഈ ചടങ്ങ് എന്ന് ചിന്തിച്ചാൽ ചില കുറവുകളും കുഴപ്പങ്ങളും കണ്ടെത്താനാകും.
കോൺഗ്രസ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തിരഞ്ഞെടുപ്പ് പരാജയമല്ല. അങ്ങനെ നേതാക്കൾ വിശ്വസിക്കുകയും അണികളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അത് യഥാർത്ഥ പ്രതിസന്ധി തിരിച്ചറിയാൻ വിസമ്മതിക്കുന്നതുകൊണ്ടാണ്. കോൺഗ്രസിന്റെ പ്രസക്തി നഷ്ടമാകുന്നു എന്നതാണ് യഥാർത്ഥ പ്രതിസന്ധി. രാജ്യം മുഴുവൻ ഇപ്പോഴും വേരുള്ള പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്. അതാണ് ഏറ്റവും വേഗം ആ പാർട്ടി തിരിച്ചറിയേണ്ടത്. അതിനുള്ള പ്രതിവിധിയാകണമായിരുന്നു ചിന്തൻ ശിബിരത്തിലുണ്ടാകേണ്ടിയിരുന്നത്.
കോൺഗ്രസിന്റെ പ്രസക്തി കുറഞ്ഞു വരുന്നതിന് കാരണങ്ങളേറെയുണ്ട്. അതിൽ പ്രധാനം നേതൃനിരയിലെ കരുത്ത് ചോരുന്നു എന്നതുതന്നെയാണ്. നിലവിലെ നേതാക്കളുടെ മാത്രമല്ല കോൺഗ്രസിനെ ജനമനസുകളിൽ നിലനിറുത്തിയിരുന്ന നേതാക്കളുടെയും കരുത്തും ചോർന്നിരിക്കുന്നു. നെഹ്‌റുവിനെ ഇന്ന് രാഷ്ട്രീയമായി ഓർമിപ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയുമാണ്. അതിന് മറുപടി പറയുമ്പോഴോ അദ്ദേഹത്തിന്റെ ജനനമരണ ദിവസങ്ങളിൽ പാർട്ടി ആസ്ഥാനത്ത് നടത്തുന്ന ഫോട്ടോ അനുസ്മരണ സമയത്തോ ആണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ നെഹ്‌റുവിനെ ഓർക്കുന്നത്. രാജ്യം കണ്ട ഏറ്റവും കരുത്തുറ്റ വനിതാ നേതാവെന്ന് ശത്രുക്കൾ പോലും സമ്മതിക്കുന്ന ഇന്ദിരാഗാന്ധിയുടെ കാര്യത്തിലും നടക്കുന്നത് ഇതുതന്നെ.
നെഹ്‌റുവിനേയും ഇന്ദിര- രാജീവ് ഗാന്ധിമാരേയും കുറിച്ച് (ഇവരല്ലാതെ വേറെ കോൺഗ്രസ് നേതാക്കളും പ്രധാനമന്ത്രിമാരും ഇല്ലെന്നല്ല പറഞ്ഞുവരുന്നത്. കുറഞ്ഞപക്ഷം ഇവരെ കുറിച്ചെങ്കിലും എന്നാണ് ഉദ്ദേശിച്ചത്) പുതിയ തലമുറയ്ക്കും പുതിയ വോട്ടർമാർക്കും പറഞ്ഞുകൊടുക്കാനെങ്കിലും ഇത്തരം ദിവസങ്ങൾ പ്രയോജനപ്പെടുത്താൻ പോലും കോൺഗ്രസ് നേതാക്കൾ ആലോചിക്കുന്നില്ല എന്നതാണ് തുടക്കത്തിൽ ഉന്നയിച്ച സംശയങ്ങൾക്ക് കാരണം. സർദാർ പട്ടേൽ ഇന്ന് നെഹ്‌റുവിനെക്കാൾ പ്രിയങ്കരനും സ്വീകാര്യനുമാണ്. ഇരുവരുടേയും സംഭാവനകളെ വിലയിരുത്തിയുള്ള വിമർശനമായിട്ടല്ല ഇത് പറയുന്നത്. പട്ടേലിനെ ബി.ജെ.പി ഏറ്റെടുത്തതു കൊണ്ടുണ്ടായ മാറ്റം ചൂണ്ടിക്കാണിച്ചതാണ്.
സ്വാതന്ത്ര്യസമരത്തിന്റെ നെടുംതൂണുകളായിരുന്ന നേതാക്കൾ നയിച്ച പാർട്ടിക്ക് ഇന്ന് ദേശീയത മുദ്രാവാക്യമായി വിളിക്കാനുള്ള അവകാശം പോലും നഷ്ടപ്പെട്ടിരിക്കുന്നു. സാധാരണക്കാരുടെ മനസിൽ അവരുടെ ദേശീയ നേതാക്കളുടെ പ്രസക്തി നഷ്ടപ്പെട്ടതുതന്നെ കാരണം. ബി.ജെ.പി ഹിന്ദുത്വ അജണ്ഡ ഉയർത്തി വോട്ട്ബാങ്ക് രാഷ്ട്രീയ ശക്തിപ്പെടുത്തിയപ്പോഴും പിന്നീട് ആ ഹിന്ദുത്വ അജണ്ഡ ദേശീയതയിൽ പൊതിഞ്ഞ് ഗോസംരക്ഷണമായും ന്യൂനപക്ഷ വിരുദ്ധ പ്രചാരണമായും രാജ്യത്താകെ പ്രചരിപ്പിച്ചപ്പോഴും കോൺഗ്രസിനെ നയിച്ചവർക്ക് വരാൻ പോകുന്നതെന്താണെന്ന് മനസിലാക്കാനായില്ല. മറുപക്ഷത്തിന്റെ തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് നേരിടാനാണ് അവർ ശ്രമിച്ചത്. മോദിയും ബി.ജെ.പിയും രാമനെ കുറിച്ച് പറഞ്ഞപ്പോൾ രാഹുൽ ഗാന്ധി സോമനാഥ ക്ഷേത്രത്തിൽ കുളിച്ചു തൊഴുത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. രസീതടിച്ചു പണം പിരിക്കുന്ന അമ്പല കമ്മിറ്റിക്കാരെ വേണ്ടെന്ന് വച്ച് ജനം മേൽശാന്തിക്ക് ദക്ഷിണ നൽകി ഒപ്പം കൂടി.
ഉദയ്പുർ ശിബിരം
യഥാർത്ഥ പ്രതിസന്ധി നേതാക്കൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ പാർട്ടിയെ അടിമുടി ഉടച്ചു വാർക്കാൻ ഉദയ്പുരിൽ ചേർന്ന സമ്മേളനത്തിൽ അൽപം കൂടി ഗൗരവമായ ചർച്ചകളും തീരുമാനങ്ങളുമുണ്ടാകുമായിരുന്നു. സ്വന്തം സ്ഥാനങ്ങളും സ്വന്തക്കാരുടെ പദവികളും സംരക്ഷിച്ചെടുക്കുക മാത്രമാണ് നിലവിലെ നേതൃത്വം ഉദയ്പുരിലും ചെയ്തത്. പാർട്ടിയിൽ താഴെ തട്ടുവരെ വരുത്തേണ്ട മാറ്റങ്ങളിൽ പ്രധാനമായി സമ്മേളനം കണ്ടെത്തിയത് ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് സീറ്റ് തുടങ്ങിയ തൊലിപുറത്തെ ചികിത്സ മാത്രമാണ്. ഒരു കുടുംബത്തിൽ നിന്ന് ഒരാളെയെങ്കിലും മത്സരിപ്പിക്കാൻ കിട്ടുമോയെന്ന് പരിശോധിക്കേണ്ട സമയത്താണ് ഇത്തരം തീരുമാനങ്ങളെടുത്ത് സമ്മേളനം പിരിഞ്ഞത്. കോൺഗ്രസ് ഇപ്പോഴും പരിശോധിക്കുന്നത് തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള കുറുക്കുവഴിയാണ്. അധികാരത്തിലേക്കുള്ള എളുപ്പവഴിയല്ല പാർട്ടി ഇപ്പോൾ തിരയേണ്ടത്. നിലനില്പിനുള്ള മൃതസഞ്ജീവനിയാണ് കണ്ടെത്തേണ്ടത്.
സോണിയാഗാന്ധി കോൺഗ്രസ് പ്രസിഡണ്ടായ ശേഷം മൂന്ന് ശിബിരങ്ങളാണ് നടത്തിയത്. ആദ്യത്തേത് അധികാരമേറ്റതിന് തൊട്ടു പിന്നാലെ 1998ൽ മധ്യപ്രദേശിലെ പച്ച്മാഡിയിൽ. 144 സീറ്റുകളായിരുന്നു അന്ന് കോൺഗ്രസിന് ലോകസഭയിലുണ്ടായിരുന്നത്. ദേശീയ സഖ്യം വേണ്ടെന്ന് തീരുമാനിച്ച് ഒറ്റയ്ക്ക് പൊരുതാനുറച്ച് അന്ന് ചിന്ത അവസാനിച്ചു. ആ ചിന്ത തെറ്റായിരുന്നുവെന്ന് 99ലെ പൊതുതിരഞ്ഞെടുപ്പ് തെളിയിച്ചു. 144 ൽ നിന്ന് 114 ആയി സീറ്റുകളുടെ എണ്ണം. 2003ൽ ഹിമാചൽപ്രദേശിലെ ഷിംലയിലായിരുന്നു വീണ്ടും ചിന്തിക്കാൻ നേതാക്കൾ ഒത്തുകൂടിയത്. അന്ന് സഖ്യമാകാമെന്ന് തീരുമാനിച്ചു. 2004ൽ യു പി എ സഖ്യം അധികാരത്തിലെത്തി. ഇത്തവണ രാജസ്ഥാനിലെ ഉദയ്പുരിൽ വീണ്ടും ശിബിരം നടത്തുമ്പോൾ ആദ്യ രണ്ട് സമ്മേളനങ്ങൾ നടന്ന കാലത്തെ അവസ്ഥയിലല്ല കോൺഗ്രസ്. അധികാരം രണ്ട് സംസ്ഥാനങ്ങളിൽ മാത്രമായി. ചില സംസ്ഥാനങ്ങളിൽ പ്രതിപക്ഷ നേതാവടക്കം പാർട്ടിയെ ഒറ്റി മറുപക്ഷത്തേക്ക് പോയി. ദേശീയതലത്തിൽ മുതിർന്ന നേതാക്കൾ തന്നെ വിമതസഖ്യമുണ്ടാക്കി നേതൃത്വത്തെ ചോദ്യം ചെയ്യുന്ന അവസ്ഥ. ഇതിനെല്ലാം പുറമെ ആദ്യ സമ്മേളനങ്ങളുടെ കാലത്തെ ബി.ജെ.പിയെയല്ല ഇപ്പോൾ നേരിടേണ്ടതും.
എന്നിട്ടും ഉദയ്പുർ ശിബിരത്തിൽ കണ്ടത് പിടിച്ചടക്കലും പകപോക്കലും തന്നെ. സമ്മേളനത്തിന് വേദിയൊരുക്കിയ രാജസ്ഥാൻ മുഖ്യമന്ത്രി തന്നെ അതിന് തുടക്കമിടുകയും ചെയ്തു. മുഖ്യമന്ത്രി അശോക് ഗലോട്ടിനെതിരെ പരസ്യമായി പടനയിക്കുന്ന സച്ചിൻ പൈലറ്റിനെയും അനുയായികളേയും പോസ്റ്റുകളിൽ പോലും അടുപ്പിച്ചില്ല. രാഹുൽ ഗാന്ധിയുടെ ഉപദേശകരാകട്ടെ തുടക്കത്തിലെ ചെറുപ്പക്കാരും മുതിർന്ന നേതാക്കളും തമ്മിലുള്ള സ്ഥാനതർക്കമായി സമ്മേളനത്തെ മാറ്റുകയും ചെയ്തു. ഈ തർക്കം മുൻകൂട്ടി കണ്ടത് ഒരുപക്ഷെ സാക്ഷാൽ എ.കെ.ആന്റണി മാത്രം. അദ്ദേഹം സമ്മേളനത്തിന് പോയില്ലെന്ന് മാത്രമല്ല, സമ്മേളന ചർച്ചകൾ മുറുകുന്നതിന് മുൻപേ ഡൽഹി തന്നെ വിട്ടു. മുതിർന്നവരും ചെറുപ്പക്കാരും തമ്മിലുള്ള അധികാര തർക്കം ഒതുക്കത്തിൽ തീർത്ത് ഉദയ്പുർ സമ്മേളനം അവസാനിച്ചു. അതിനപ്പുറത്തേക്ക് നീണ്ടത് സ്ഥിരം പ്രഖ്യാപനങ്ങൾ മാത്രം.
രാജ്യസഭാ സീറ്റ്
ഉദയ്പുർ സമ്മേളനം പാർട്ടിക്ക് പുതുജീവൻ നൽകിയെന്ന് സോണിയ-രാഹുൽ അടുക്കള ചർച്ചക്കാർ പോലും അവകാശപ്പെടില്ല. മാത്രമല്ല കുറച്ചുനാളായി പത്തി താഴ്ത്തിയിരുന്ന യുവനേതാക്കളെ ഉണർത്തി വിടുകയും ചെയ്തു. സംഘടനാ തിരഞ്ഞെടുപ്പ് കഴിഞ്ഞുമതി പ്രവർത്തക സമിതിയെ തിരഞ്ഞെടുക്കുന്നത് എന്നതിനാൽ ഇക്കാര്യത്തിൽ ഇവരുടെ പ്രതിഷേധം തൽക്കാലം നേരിടേണ്ടി വരില്ല. പക്ഷെ രാജ്യസഭയിലേക്ക് അടുത്തമാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കളിമാറും. അധികാരത്തിലുള്ള രാജസ്ഥാനിലും മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലുമെല്ലാം യുവരക്തം സീറ്റിന് വലിയ പോരാട്ടം തന്നെ നടത്താനിടയുണ്ട്. ഫലത്തിൽ ഈ ഏറ്റുമുട്ടലിനാണ് ഉദയ്പുരിൽ നടന്ന വലിയ ചിന്ത വഴിവയ്ക്കാ9 പോകുന്നത്.
ജി- 23 ന് മൗനം
പാർട്ടിയിൽ പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്തുള്ള ജി-23 കൂട്ടായ്മ തൽക്കാലം ഒന്ന് മയപ്പെട്ടിട്ടുണ്ട് എന്നത് വസ്തുത തന്നെയാണ്. എന്നാൽ അത് അധികം തുടരാനിടയില്ല. പ്രവർത്തക സമിതിയിൽ സ്ഥാനം എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ജി-23 സംഘത്തിന് നേതൃത്വം നൽകുന്നവർ മൗനം പാലിക്കുന്നത്. ഇക്കാര്യത്തിൽ സോണിയാഗാന്ധി നേരിട്ട് കണ്ട് ഇവർക്ക് ചില ഉറപ്പുകൾ നൽകിയിരുന്നു. എന്നാൽ രാജ്യസഭ തിരഞ്ഞെടുപ്പിൽ ഒപ്പം നിൽക്കുന്നവർക്ക് മാത്രം നേതൃത്വം സീറ്റ് നൽകിയാൽ അതൊരു സൂചനയായി കണ്ട് ഇവർ വീണ്ടും കലാപമുയർത്തുമെന്ന കാര്യത്തിൽ തർക്കം വേണ്ട. 2000ൽ മുതിർന്ന നേതാവ് ജിതേന്ദ്രസിങ് നടത്തിയതുപോലെ കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇവർ മത്സരിക്കാനിറങ്ങിയാൽ പോലും അതിശയിക്കേണ്ടതില്ല.
ഇനിയെന്ത്?
ഉദയ്പുരിൽ നടന്നതുപോലുള്ള ചിന്തകളോ ശിബിരങ്ങളോ സമ്മേളനങ്ങളോ കൊണ്ട് ഇന്നത്തെ അവസ്ഥയിൽ നിന്ന് കരകയറാൻ കോൺഗ്രസ് പാർട്ടിക്കാകില്ല. താഴെ തട്ടിലുള്ള പ്രവർത്തകരെ ഒപ്പം നിർത്താനും അവർക്ക് ആവേശം പകരാനും സാധിക്കണം. അവർക്ക് വിശ്വാസമുള്ള നേതൃത്വം ഉണ്ടാകണം. കോൺഗ്രസിന്റെ സർവ്വ പ്രതാപകാലത്തും ദേശീയ നേതാക്കളായിരുന്നില്ല സംസ്ഥാനങ്ങളിൽ പാർട്ടിയെ നിലനിർത്തിയിരുന്നത്. കരുത്തുറ്റ പ്രാദേശിക നേതാക്കളുടെ നേതൃത്വമായിരുന്നു അതിനുപിന്നിൽ. ദേശീയ- സംസ്ഥാന നേതൃത്വത്തിന് വഴിപ്പെടാത്തവരെ പുകച്ചു പുറത്താക്കാനും വീട്ടിലിരുത്താനുമുള്ള ശ്രമങ്ങളും ആലോചനകളും അവസാനിപ്പിച്ച് പ്രാദേശിക നേതാക്കളൾക്ക് പറയാനുള്ളത് കേൾക്കാനും അംഗീകരിക്കാനും നേതൃത്വം തയ്യാറാകണം. അത്തരം ചിന്തകളാണ് ഉണ്ടാകേണ്ടത്. അതിനുള്ള സമ്മേളനങ്ങളാണ് വേണ്ടത്.