നാല് പാർലമെന്റ് സമിതികളിൽ കോൺഗ്രസിന് അധ്യക്ഷസ്ഥാനം, വീണ്ടും വഴങ്ങി ബി.ജെ.പി

2019-ൽ ഒരൊറ്റ പാർലമെൻററി സമിതിയുടെ അധ്യക്ഷപദമാണ് കോൺഗ്രസിന് ലഭിച്ചിരുന്നത്. 2024-ൽ നാല് സമിതികളുടെ അധ്യക്ഷ പദവി കോൺഗ്രസിന് നൽകാൻ നിർബന്ധിതരായിരിക്കുകയാണ് മോദി സർക്കാർ

News Desk

പാർലമെന്റിലെ നാല് സമിതികളിൽ കോൺഗ്രസിന് (Congress) അധ്യക്ഷസ്ഥാനം നൽകാൻ നിർബന്ധിതരായിരിക്കുകയാണ് ബി.ജെ.പി (BJP). നാല് വകുപ്പുകളുമായി ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റികളിലാണ് കോൺഗ്രസിന് അധ്യക്ഷസ്ഥാനം നൽകേണ്ടി വന്നിരിക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുണ്ടായ നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ലോക്സഭയിൽ മൂന്നും രാജ്യസഭയിൽ ഒരു സ്റ്റാൻഡിങ് കമ്മിറ്റിയിലും ഇനി കോൺഗ്രസ് പ്രതിനിധികൾക്ക് അധ്യക്ഷസ്ഥാനം ലഭിക്കും. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി.) ചെയർമാനായി എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും ലോക്സഭാംഗവുമായ കെ.സി. വേണുഗോപാലിനെ നേരത്തെ നിയമിച്ചിരുന്നു. 2024-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അടിപതറിയ ബി.ജെ.പിയുടെ കണക്ക് കൂട്ടലുകളെല്ലാം തെറ്റുന്നതിൻെറ മറ്റൊരു ഉദാഹരണമാണ് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞടുപ്പ് കഴിഞ്ഞതോടെ തന്നെ, മോദി കി സർക്കാർ, മോദി കി ഗ്യാരണ്ടി, ചാർ സൗ പാർ എന്നിങ്ങനെയുള്ള ബി.ജെ.പിയുടെ വാദങ്ങൾ എൻ.ഡി.എ സർക്കാരെന്ന ഒറ്റ പ്രയോഗത്തിലേക്ക് മാറി. ബിഹാറിലെ നിതീഷ് കുമാറും ആന്ധ്ര പ്രദേശിലെ ചന്ദ്രബാബു നായിഡുവും താങ്ങി നിർത്തുന്ന, ഏത് നേരവും വീഴാൻ സാധ്യതയുള്ള എൻ.ഡി.എ മുന്നണിയാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. ജെ.ഡി.യു, ടി.ഡി.പി, ശിവസേന (ഷിൻഡേ) തുടങ്ങിയ പല കക്ഷികളുടെയും പിന്തുണയോടെ നിലനിൽക്കുന്ന സർക്കാരിന് സംഘപരിവാരിന്റെയും ബി.ജെ.പിയുടെയും ആശയങ്ങളും രാഷ്ട്രീയ അജണ്ടയും നടപ്പാക്കൽ അത്ര കണ്ട് എളുപ്പമാകുന്നില്ല.

പാർലമെന്ററി സമ്മേളനം ആരംഭിച്ചത് മുതൽ ‘ഇന്ത്യാ’ സഖ്യത്തിന്റെ കടന്നാക്രമണമാണ് സഭയിലുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും ഒന്നിച്ച് സ്പീക്കർ ഓം ബിർലയെ അദ്ദേഹത്തിന്റെ ചെയറിലേക്കാനയിച്ചത് ബി.ജെ.പിക്ക് സഭയിലേറ്റ ആദ്യ പ്രഹരമായിരുന്നു. പിന്നീടങ്ങോട്ട് ഓരോ ചർച്ചകളിലും തുടരെത്തുടരെയുള്ള പ്രഹരങ്ങൾ ബി.ജെ.പി ഏറ്റുവാങ്ങേണ്ടി വന്നു. രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ സ്ഥാനം ലഭിച്ചതോടെ കോൺഗ്രസ് മുക്ത ഭാരതവും അതിലൂടെ പ്രതിപക്ഷ മുക്ത ഭാരതവും സ്വപ്നം കണ്ട ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും ഏകാധിപത്യ സ്വഭാവമുള്ള ഭരണ സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുകയായിരുന്നു.

നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും ഒന്നിച്ച് സ്പീക്കർ ഓം ബിർലയെ അദ്ദേഹത്തിന്റെ ചെയറിലേക്കാനയിച്ചത് ബി.ജെ.പിക്ക് സഭയിലേറ്റ ആദ്യ പ്രഹരമായിരുന്നു.
നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും ഒന്നിച്ച് സ്പീക്കർ ഓം ബിർലയെ അദ്ദേഹത്തിന്റെ ചെയറിലേക്കാനയിച്ചത് ബി.ജെ.പിക്ക് സഭയിലേറ്റ ആദ്യ പ്രഹരമായിരുന്നു.

ലോക്സഭയിൽ വിദേശ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി, കാർഷിക സ്റ്റാൻഡിങ് കമ്മിറ്റി, ഗ്രാമവികസന സ്റ്റാൻഡിങ് കമ്മിറ്റി എന്നിവയുടെ അധ്യക്ഷസ്ഥാനമാണ് കോൺഗ്രസിന് ലഭിക്കുക. രാജ്യസഭയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെയും അധ്യക്ഷസ്ഥാനം ലഭിക്കും. തീരുമാനത്തിലേക്ക് നയിച്ച യോഗത്തിൽ പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു, കേന്ദ്ര നിയമ, നീതി, പാർലമെന്ററികാര്യ സഹമന്ത്രി അർജുൻ റാം മേഘ്വാൾ എന്നിവർ പങ്കെടുത്തു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ലോക്സഭയിലെ ഉപനേതാവ് ഗൗരവ് ഗൊഗോയ്, പാർട്ടി ചീഫ് വിപ്പുമാരായ കൊടിക്കുന്നിൽ സുരേഷ്, ജയറാം രമേഷ് എന്നിവർ പങ്കെടുത്തു.

ലോക്സഭയിൽ വിദേശ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി, കാർഷിക സ്റ്റാൻഡിങ് കമ്മിറ്റി, ഗ്രാമവികസന സ്റ്റാൻഡിങ് കമ്മിറ്റി എന്നിവയുടെ അധ്യക്ഷസ്ഥാനമാണ് കോൺഗ്രസിന് ലഭിക്കുക.

കഴിഞ്ഞ ലോക്സഭാ കാലയളവിൽ കോൺഗ്രസിന് 53 സീറ്റ് ലഭിച്ചപ്പോൾ ഒരു പാർലമെന്റി കമ്മിറ്റിയിൽ മാത്രമാണ് അധ്യക്ഷസ്ഥാനം ലഭിച്ചിരുന്നത്. 2014-ൽ 44 എം.പിമാരുണ്ടായിരുന്ന അവസരത്തിൽ ധനകാര്യ വകുപ്പിലെയും വിദേശകാര്യ വകുപ്പിലെയും സ്റ്റാൻഡിങ് കമ്മിറ്റികളിൽ അധ്യക്ഷ സ്ഥാനം ലഭിച്ചിരുന്നു. ശശി തരൂർ വിദേശകാര്യത്തിലും വീരപ്പ മൊയ്ലി ധനകാര്യത്തിലും അധ്യക്ഷസ്ഥാനം വഹിച്ചിരുന്നു. ഇത്തവണയും കോൺഗ്രസ് വിദേശകാര്യം, ധനകാര്യം, പ്രതിരോധം, ആഭ്യന്തരം എന്നീ വകുപ്പുകളുടെ കമ്മിറ്റികളായിരുന്നു ചോദിച്ചിരുന്നത്. എല്ലാ അക്കൗണ്ടുകളും ഓഡിറ്റ് ചെയ്യുന്ന പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ തലപ്പത്ത് കോൺഗ്രസാണെന്ന് പറഞ്ഞാണ് കേന്ദ്രം ഈ ആവശ്യത്തെ നേരിട്ടത്.

സമാജ് വാദി പാർട്ടി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയിലും തൃണമുൽ കോൺഗ്രസിനും ഡി.എം.കെയ്ക്കും മറ്റ് രണ്ട് സ്റ്റാൻഡിങ് കമ്മിറ്റികളിലും അധ്യക്ഷ സ്ഥാനം ലഭിക്കുമെന്നും സൂചനയുണ്ട്. ഇത്തവണ ലോക്സഭയിൽ കോൺഗ്രസിന് 99 സീറ്റും ഇന്ത്യ സഖ്യത്തിലെ മറ്റ് കക്ഷികളായ സമാജ് വാദി പാർട്ടി (37) , തൃണമൂൽ കോൺഗ്രസ് (29), ഡി.എം.കെ (22) എന്നിങ്ങനെ അംഗങ്ങളുണ്ട്.

Comments