എന്നിട്ടും കോൺഗ്രസ് തന്നെ മുഖ്യശത്രുവായ സി.പി.എം.

കോൺഗ്രസിനോട് സ്വീകരിക്കേണ്ട സമീപനത്തിൽ, രാഷ്ട്രീയസഖ്യവും മുന്നണിയുമല്ല, സീറ്റ് അഡ്ജസ്റ്റുമെന്റാണ് വേണ്ടത് എന്ന സി.പി.എം നിലപാട്, ബി.ജെ.പിയെ തോൽപ്പിക്കുക എന്ന ലക്ഷ്യം നിറവേറ്റാൻ സഹായകമാകുന്ന ഒന്നല്ല എന്ന്, രണ്ടു ദശകങ്ങൾക്കിടയിലെ ദേശീയ രാഷ്ട്രീയ പരീക്ഷണങ്ങൾ തെളിയിക്കുന്നു. ബി.ജെ.പിക്ക് സഹായകരമാകുന്ന സമീപനം തന്നെയാണ് ഇപ്പോൾ സി.പി.എം സ്വീകരിച്ചിരിക്കുന്നത്.

‘ഇന്ത്യ’ (I.N.D.I.A) മുന്നണിയുടെ ഓരോ ചുവടുവപ്പും നിർണായകമാണ്. കാരണം, ബി.ജെ.പിക്കെതിരെ ഒരു വിശാല പ്രതിപക്ഷം എന്ന ഏറെക്കുറെ അസാധ്യമെന്ന് കരുതിയിരുന്ന രാഷ്ട്രീയധാരണ സാധ്യമാക്കാനും 2024-ലെ പൊതുതെരഞ്ഞെടുപ്പ് മുൻനിർത്തി ഒരൊറ്റ പ്രതിപക്ഷം എന്ന തലത്തിലേക്ക് അതിനെ വികസിപ്പിക്കാനുമുള്ള നീക്കമാണ് നടക്കുന്നത്. അത്യന്തം വെല്ലുവിളി നിറഞ്ഞ സാഹചര്യം കൂടിയാണിത്.

സംസ്ഥാനതലങ്ങളിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള പാർട്ടികളും ദേശീയതലത്തിൽ പരസ്പരം മത്സരിക്കുന്ന പാർട്ടികളും പ്രധാനമന്ത്രി സ്ഥാനമോഹികളായ നേതാക്കന്മാരുമെല്ലാം ചേർന്ന് സങ്കീർണമാണ് ‘ഇന്ത്യ’ എന്ന മുന്നണിയുടെ ഘടന. എങ്കിലും, ഇത്തരം വൈജാത്യങ്ങളെയെല്ലാം ഉൾക്കൊള്ളുന്ന ഇൻക്ലൂസീവ് അലയൻസ് എന്ന പ്രായോഗിക ധാരണയിലേക്ക് മുന്നേറാനും കഴിയാവുന്ന 400-ലേറെ സീറ്റുകളിൽ ഒരൊറ്റ സ്ഥാനാർഥിയെ നിർത്താനും കേരളവും ബംഗാളും പഞ്ചാബും പോലെ, ധാരണ അസാധ്യമായ ഇടങ്ങളിൽ ആ സാഹചര്യം പരിഗണിക്കാനുമുള്ള തീരുമാനങ്ങൾ യാഥാർഥ്യബോധമുൾക്കൊള്ളുന്നതായിരുന്നു. ഈ തീരുമാനങ്ങൾക്ക്, മുന്നണിയിലെ 26 പാർട്ടികളും ഒന്നിച്ചെടുത്തത് എന്ന പ്രാധാന്യവുമുണ്ട്.

‘ഇന്ത്യ’ മുന്നണിയുടെ ഇതുവരെയുള്ള നീക്കങ്ങളിൽ കോൺഗ്രസ് നടത്തിയ അഡ്ജസ്റ്റുമെന്റുകൾ എടുത്തുപറയേണ്ടതാണ്. ദേശീയ- സംസ്ഥാന തലങ്ങളിൽ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലുള്ള തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ നന്നായി തിരിച്ചറിഞ്ഞ് പ്രാദേശിക പാർട്ടികളുടെ സ്പെയ്സ് അംഗീകരിച്ചും പലയിടങ്ങളിൽനിന്നും പിൻവാങ്ങിനിന്നും കോൺഗ്രസ് രാഷ്ട്രീയയുക്തി പ്രകടിപ്പിക്കുന്നുണ്ട്. 14 അംഗ ഏകോപനസമിതിയിൽ നെഹ്റുകുടുംബത്തിൽ നിന്ന് ആരെയും അംഗങ്ങളാക്കേണ്ടതില്ല എന്ന തീരുമാനം അതിൽ ഒന്നായിരുന്നു. അതായത്, ‘ഇന്ത്യ’ മുന്നണിക്കെതിരായ മുതലെടുപ്പിന് ബി.ജെ.പിക്ക് സ്പെയ്സ് നൽകാതിരിക്കുക എന്നതിൽ കോൺഗ്രസ് മുമ്പില്ലാത്ത രാഷ്ട്രീയ പാകത പ്രദർശിപ്പിക്കുന്നുണ്ട്.

എന്നാൽ, മുഖ്യധാരാ ഇടതുപക്ഷത്തിന് നേതൃത്വം നൽകുന്ന സി.പി.എം, നിർണായക സന്ദർഭങ്ങളിലെല്ലാം അതിനെ പിടികൂടാറുള്ള ചരിത്രപരമായ വീഴ്ച ആവർത്തിക്കുന്നു, ഒരുതരം തിരിച്ചറിവുമില്ലാതെ. ‘ഇന്ത്യ’ മുന്നണിയുടെ ഏകോപനസമിതി എല്ലാ പാർട്ടികളെയും പ്രതിനിധീകരിക്കുന്നില്ല എന്നതിനാൽ, സമിതിയിൽ തങ്ങളുടെ അംഗം വേണ്ട എന്നാണ് സി.പി.എം തീരുമാനം. ‘കൂട്ടായ്മയിലെ എല്ലാ തീരുമാനങ്ങളും പാർട്ടികളുടെ നേതാക്കളാകും എടുക്കുക എന്നും ഇതിന് ഏകോപന സമിതി എന്ന സംവിധാനം തടസമാകും എന്നുമാണ്’ സി.പി.എം പോളിറ്റ്ബ്യൂറോ പറയുന്നത്. അതായത്, ഇതുവരെ ‘ഇന്ത്യ’ എന്ന മുന്നണി നടത്തിയ എല്ലാ രാഷ്ട്രീയനീക്കങ്ങളെയും ഇല്ലാതാക്കുന്ന നിലപാടാണ്, മുന്നണിയെ ‘കൂട്ടായ്മ’ എന്ന് വിശേഷിപ്പിച്ച്, അതിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രാതിനിധ്യ ബോഡിയിൽനിന്ന് വിട്ടുനിൽക്കുന്നതിലൂടെ സി.പി.എം നടത്തുന്നത്.

വ്യത്യസ്ത രാഷ്ട്രീയ സാഹചര്യങ്ങളിൽനിന്നുവരുന്ന പാർട്ടികൾ യോജിച്ച് എടുക്കേണ്ട പൊതുനിലപാടുകൾക്ക് പൊതുപ്ലാറ്റ്ഫോം അനിവാര്യമാണ്. പ്രത്യേകിച്ച്, തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ പൊതു മിനിമം പരിപാടിക്കും സീറ്റ് വിഭജനത്തിനും യോജിച്ച പ്രകടനപത്രികക്കും കാമ്പയിൻ തന്ത്രങ്ങൾക്കും പാർട്ടികളുടെ വേദിപങ്കിടലിനും ഏറെ പ്രാധാന്യമുണ്ട്. അതിന് നിരവധി അഡ്ജസ്റ്റുമെന്റുകളിലൂടെ കടന്നുപോകാൻ കഴിയുന്ന വേദികൾ അനിവാര്യമാണ്. നേതാക്കളുടെ തീരുമാനം എന്ന തലത്തിൽനിന്ന് പാർട്ടി തീർപ്പുകളായും സമവായങ്ങളായും അവ മാറേണ്ടതുണ്ട്. അത്തരമൊരു വേദിയിൽനിന്ന് വിട്ടുനിൽക്കുന്നതിലൂടെ ജനാധിപത്യപരമായ ഒരു സംവിധാനത്തെ തന്നെയാണ് സി.പി.എം നിർവീര്യമാക്കുന്നത്. പാർട്ടി നേതാക്കൾ തീരുമാനമെടുക്കും എന്ന നയം, സി.പി.എം എത്തിനിൽക്കുന്ന വ്യക്തികേന്ദ്രീകൃത നേതൃത്വത്തിന്റെ രാഷ്ട്രീയ സങ്കുചിതത്വം കൂടിയായി കാണണം. സ്വേച്ഛാധികാരത്തിൻേറതായ ഈയൊരു അനിഷേധ്യത, പാർലമെന്ററി ജനാധിപത്യത്തിന് അപകടം മാത്രമാണുണ്ടാക്കുക.

കേരളം മാത്രമാണ് സി.പി.എമ്മിനെ സംബന്ധിച്ച് രാഷ്ട്രീയ വിലപേശൽ സാധ്യമായ ഒരേയൊരു സംസ്ഥാനം. അതുകൊണ്ട്, കേരളത്തിലെ സി.പി.എമ്മാണ് ഈയൊരു തീരുമാനത്തിലേക്ക് ദേശീയനേതൃത്വത്തെ എത്തിച്ചത് എന്ന് വ്യക്തം. അതായത്, കേരളത്തിൽ യു.ഡി.എഫിനോടും കോൺഗ്രസിനോടും ഏതുതരം രാഷ്ട്രീയ പോരാട്ടമാണ് നടത്തേണ്ടത് എന്ന കാര്യത്തിൽ സി.പി.എമ്മിനുള്ള രാഷ്ട്രീയവ്യക്തതക്കുറവാണ് ഈ സമ്മർദ്ദത്തിലേക്ക് പാർട്ടിയെ കൊണ്ടെത്തിച്ചിരിക്കുന്നത്. എൽ.ഡി.എഫിലെ മറ്റൊരു പ്രധാന പാർട്ടിയായ സി.പി.ഐക്ക് ഇക്കാര്യത്തിൽ തികഞ്ഞ വ്യക്തതയുണ്ടുതാനും. കോൺഗ്രസുമായി വേദി പങ്കിട്ടാൽ, എൽ.ഡി.എഫിന്റെ പോരാട്ടം ദുർബലമാകില്ല എന്ന് ബിനോയ് വിശ്വം കൃത്യമായി പറഞ്ഞിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിക്കുക, അതിനായി മതനിരപേക്ഷ ശക്തികളുടെ പ്ലാറ്റ്ഫോം രൂപപ്പെടുത്തുക, അതിനെ തെരഞ്ഞെടുപ്പുധാരണയിലേക്ക് വികസിപ്പിക്കുക എന്ന പ്രധാന ലക്ഷ്യത്തിന് സ്വീകരിക്കേണ്ട രാഷ്ട്രീയ പരിപാടിയല്ല, സി.പി.എമ്മിനെ സംബന്ധിച്ച് പരിഗണനാവിഷയം. കേരളത്തിലെ മുഖ്യശത്രുക്കളായ കെ. സുധാകരനെയും വി.ഡി. സതീശനെയും കെ.സി. വേണുഗോപാലിനെയും എങ്ങനെ നേരിടാം എന്നതാണ് അവരെ ഇപ്പോൾ അലട്ടുന്നത്. ദേശീയതലത്തിലെ രാഷ്ട്രീയയാഥാർഥ്യം തിരിച്ചറിയുന്ന പാർട്ടി ദേശീയനേതൃത്വത്തിനുപോലും കേരളത്തിന്റെ ഇട്ടാവട്ടത്തിലൊതുങ്ങേണ്ടിവരികയും ചെയ്യുന്നു.

കോൺഗ്രസിനോട് സ്വീകരിക്കേണ്ട സമീപനത്തിൽ, രാഷ്ട്രീയസഖ്യവും മുന്നണിയുമല്ല, സീറ്റ് അഡ്ജസ്റ്റുമെന്റാണ് വേണ്ടത് എന്ന സി.പി.എം നിലപാട്, ബി.ജെ.പിയെ തോൽപ്പിക്കുക എന്ന ലക്ഷ്യം നിറവേറ്റാൻ സഹായകമാകുന്ന ഒന്നല്ല എന്ന്, രണ്ടു ദശകങ്ങൾക്കിടയിലെ ദേശീയ രാഷ്ട്രീയ പരീക്ഷണങ്ങൾ തെളിയിക്കുന്നു. ബി.ജെ.പിക്ക് സഹായകരമാകുന്ന സമീപനം തന്നെയാണ് ഇപ്പോൾ സി.പി.എം സ്വീകരിച്ചിരിക്കുന്നത്. പ്രതിപക്ഷ ഐക്യം എന്നത് വെറും സീറ്റ് ധാരണയുടെ അടിസ്ഥാനത്തിൽ സാധ്യമാകുന്ന ഒന്നല്ല. അതിന് ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കാൻ കഴിയുന്ന കൃത്യമായ പരിപാടിയും നയവും വേണം. വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെ, ഇന്ത്യയിലെ മതനിരപേക്ഷ പാർട്ടികൾക്ക് രാഷ്ട്രീയ സഖ്യത്തിലൂടെ അത്തരമൊരു പരിപാടിയിലേക്ക് എത്താനുള്ള സ്പെയ്സുണ്ട്.

എന്നാൽ, ദേശീയരാഷ്ട്രീയത്തിലും ബംഗാളിലുമെല്ലാം സംഭവിച്ച വീഴ്ചകൾ സി.പി.എമ്മിനെ ഒരു പാഠവും പഠിപ്പിക്കുന്നില്ല എന്നത്, നിർണായക രാഷ്ട്രീയ സാഹചര്യത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നവരെ നിരാശരാക്കുക മാത്രമേ ചെയ്യുന്നുള്ളൂ.

Comments