ആദ്യ മത്സരത്തിൽ ആവേശജയത്തോടെ പ്രിയങ്ക,
ഭൂരിപക്ഷം 4,10,931

തീർത്തും ഏകപക്ഷീയമായ ഇലക്ഷൻ റിസൾട്ടാണ് വയനാട്ടിലേത്. പിടിച്ചുനിൽക്കാൻപോലുമാകാത്തവിധം എൽ.ഡി.എഫ് കടപുഴകി. സി.പി.ഐയുടെ സത്യൻ മൊകേരിക്ക് നേടാനായത് പ്രിയങ്കയുടെ ഭൂരിപക്ഷത്തിന്റെ പകുതിയോളം വോട്ട് മാത്രം.

News Desk

ന്റെ ആദ്യ ഇലക്ഷനിൽ പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിൽനിന്ന് ആവേശകരമായ ജയം. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി നേടിയ 3,64,422 വോട്ടിന്റെ ഭൂരിപക്ഷവും നടന്ന് പ്രിയങ്ക ജയിച്ചത് 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തിന്.

സഹോദരൻ രാഹുലിനും അമ്മ സോണിയക്കും ഒപ്പം ഇനി പ്രിയങ്കയും പാർലമെന്റിലുണ്ടാകും. 'ബി.ജെ.പിക്കും എൻ.ഡി.എക്കും ഇനി ഉറക്കമില്ലാ രാത്രികളായിരിക്കും' എന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആദ്യ പ്രതികരണം.

തീർത്തും ഏകപക്ഷീയമായ ഇലക്ഷൻ റിസൾട്ടാണ് വയനാട്ടിലേത്. പിടിച്ചുനിൽക്കാൻപോലുമാകാത്തവിധം എൽ.ഡി.എഫ് കടപുഴകി. സി.പി.ഐയുടെ സത്യൻ മൊകേരിക്ക് നേടാനായത് വെറും 2,11,407 വോട്ട്. പ്രിയങ്കയുടെ ഭൂരിപക്ഷത്തിന്റെ പകുതിയോളം.
ബി.ജെ.പിയുടെ നവ്യ ഹരിദാസ് 1,09,939 വോട്ട് നേടി മൂന്നാമതായി, കെട്ടിവച്ച കാശും നഷ്ടമായി.

വോട്ടിങ് ശതമാനത്തിലുണ്ടായ കുറവ് പ്രധാന പാർട്ടികൾക്ക് കിട്ടിയ വോട്ടിലും പ്രതിഫലിച്ചു. കോൺഗ്രസിന്റെയും സി.പി.ഐയുടെയും ബി.ജെ.പിയുടെയും വോട്ടുകൾ കഴിഞ്ഞ തവണത്തേക്കാൾ കുറവാണ്. സി.പി.ഐക്കാണ് കൂടുതൽ വോട്ട് നഷ്ടമായത്, 71,616. കോൺഗ്രസിന് 25,107 വോട്ടും ബി.ജെ.പിക്ക് 31,106 വോട്ടും കുറഞ്ഞു.

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ സംബന്ധിച്ച് ഏറെ നിർണായകമാണ് പ്രിയങ്ക ഗാന്ധിയുടെ ജയം.
ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ സംബന്ധിച്ച് ഏറെ നിർണായകമാണ് പ്രിയങ്ക ഗാന്ധിയുടെ ജയം.

വോട്ടെണ്ണലിന്റെ തുടക്കം മുതൽ പ്രിയങ്ക, ചരിത്രഭൂരിപക്ഷത്തിന്റെ സൂചന നൽകിയാണ് മുന്നേറിയത്.

  • ഇത്തവണ പ്രധാന സ്ഥാനാർഥികൾ നേടിയ വോട്ട്:

പ്രിയങ്ക ഗാന്ധി (യു.ഡി.എഫ്): 6,22,338
സത്യൻ മൊകേരി (എൽ.ഡി.എഫ്): 2,11,407
നവ്യ ഹരിദാസ് (എൻ.ഡി.എ): 1,09,939.

  • 2024-ൽ പ്രധാന സ്ഥാനാർഥികൾ നേടിയ വോട്ട്:

രാഹുൽ ഗാന്ധി (യു.ഡി.എഫ്): 6,47,445.
ആനി രാജ (എൽ.ഡി.എഫ്): 2,83,023.
കെ. സുരേന്ദ്രൻ (എൻ.ഡി.എ): 1,41,045.

2019-ൽ 4,31,770 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി ജയിച്ചു. 2024-ൽ ഭൂരിപക്ഷം കുറഞ്ഞു, 3,64,422. പ്രിയങ്കയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷമാക്കുമെന്നായിരുന്നു കോൺഗ്രസിന്റെ അവകാശവാദം. എന്നാൽ, ഇത്തവണ മണ്ഡലം നിലവിൽ വന്നശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങായിരുന്നു; 64.72 ശതമാനം. കഴിഞ്ഞ ഇലക്ഷനിൽനിന്ന് 8.76 ശതമാനം കുറവ്. ഇതേതുടർന്ന് ഭൂരിപക്ഷപ്രതീക്ഷ മൂന്നു ലക്ഷത്തിലേക്ക് കോൺഗ്രസ് താഴ്ത്തുകയും ചെയ്തു. ആ ​കണക്കുകൂട്ടലിലും കവിഞ്ഞ വിജയം നേടാനുമായി.

2009-ൽ മണ്ഡലം നിലവിൽവന്നശേഷം കോൺഗ്രസിനെ കുത്തക സീറ്റാണ് വയനാട്. 2009, 2014 തെരഞ്ഞെടുപ്പുകളിൽ എം.ഐ. ഷാനവാസാണ് ജയിച്ചത്, യഥാക്രമം ഭൂരിപക്ഷം 1,53,439, 20,870 വോട്ടുകൾ.

ലോക്സഭയിൽ ഇനി
രാഹുലിനൊപ്പം പ്രിയങ്കയും

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ സംബന്ധിച്ച് ഏറെ നിർണായകമാണ് പ്രിയങ്ക ഗാന്ധിയുടെ ജയം. ആദ്യ മത്സരത്തിൽ തന്നെ ചരിത്രജയം നേടിക്കൊടുക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് വയനാട്ടിൽ പ്രിയങ്കയെ സ്ഥാനാർഥിയാക്കിയത്. പാർലമെന്ററി രാഷ്ട്രീയത്തിൽ സോണിയഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ സജീവമാകുന്നു എന്നു മാത്രമല്ല, സംഘടനാ രാഷ്ട്രീയത്തിൽ നെഹ്‌റു കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ഹൈക്കമാൻഡിന്റെ സ്വാധീനം കുറെക്കൂടി ശക്തമാകും. അതായത്, ഹൈക്കമാൻഡ് എന്നത് ഒരു ഉത്തരേന്ത്യൻ പ്രതിഭാസമല്ല, അതിന് ദക്ഷിണേന്ത്യയിൽ കൂടി വേരുണ്ട് എന്ന് പാർട്ടിക്ക് ഇനി പറയാം.

പാർട്ടി നേതാവ് എന്നതിനേക്കാൾ തന്റെ സഹോദരി എന്ന നിലയ്ക്കുതന്നെയാണ് വയനാട്ടിൽ രാഹുൽ പ്രിയങ്കയെ അവതരിപ്പിച്ചത്. സ്വന്തം കുടുംബത്തിനുവേണ്ടി പ്രിയങ്ക നടത്തിയ ത്യാഗങ്ങളെക്കുറിച്ച് പറഞ്ഞ്, വയനാടുകൂടി ഇനി തങ്ങളുടെ കുടുംബമാണ് എന്ന് രാഹുൽ കാമ്പയിനിൽ പറഞ്ഞിരുന്നു.

'താങ്കളേക്കാൾ മികച്ച എം.പിയായിരിക്കുമോ പ്രിയങ്ക?', വയനാട്ടിൽ കാമ്പയിനിടെ രാഹുലിനോട് ഒരു മാധ്യമപ്രവർത്തക ചോദിച്ചു.
രാഹുലിന്റെ ഉത്തരം: 'തീർച്ചയായും അത് വിഷമം പിടിച്ച ചോദ്യമാണ്, എങ്കിലും എന്നേക്കാൾ നല്ല എം.പിയായിരിക്കും എന്നു ഞാൻ വിചാരിക്കുന്നില്ല'- പൊട്ടിച്ചിരിച്ച് രാഹുൽ പറഞ്ഞു.

രാഹുൽ ഗാന്ധിക്ക് പല വിഷയങ്ങളിലും ഒറ്റയ്ക്കുതന്നെ ഏറ്റെടുക്കേണ്ടിവരുന്ന രാഷ്ട്രീയപോരാട്ടങ്ങളിൽ ഇനി പ്രിയങ്കയുടെ കൂടി പിന്തുണയുണ്ടാകും. പ്രത്യേകിച്ച്, ലോക്‌സഭ പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് മോദി സർക്കാറിനെതിരായ രാഹുലിന്റെ പോരാട്ടങ്ങൾക്ക് പ്രിയങ്കയായിരിക്കും പ്രധാന പിന്തുണ.

1+1 = 11 എന്നാണ് ലോക്‌സഭയിലുണ്ടാകാൻ പോകുന്ന രാഹുൽ- പ്രിയങ്ക സാന്നിധ്യത്തെ ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് വിശേഷിപ്പിച്ചത്. രാഹുലിന്റെ സാന്നിധ്യത്തിന് ഇരട്ടി ബലം എന്നർഥം. പ്രിയങ്കയുടെ ചരിത്രവിജയം പ്രതീക്ഷിച്ചതാണ് എന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ പ്രതികരണം: ''വർഷങ്ങളായി പാർട്ടിക്കുവേണ്ടി അവർ പ്രവർത്തിക്കുന്നു. രാഹുലിന്റെയും സോണിയയുടെയും ഇലക്ഷൻ ജയങ്ങൾക്കായി അവരാണ് മുന്നിലുണ്ടായിരുന്നത്. അവർക്ക് രാജ്യത്തെങ്ങുമുള്ള പാർട്ടി പ്രവർത്തകരുമായി അടുത്ത ബന്ധമുണ്ട്''- സച്ചിൻ പൈലറ്റ് പറഞ്ഞു.

ദേശീയശ്രദ്ധയാകർഷിച്ചതോടെ, പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തെ, കുടുംബ രാഷ്ട്രീയം എന്നു പറഞ്ഞാണ് ബി.ജെ.പി ആക്ഷേപിച്ചത്. മാത്രമല്ല, തുടക്കത്തിൽ അവരുടെയും ജീവിതപങ്കാളി റോബർട്ട് വധേരയുടെയും സ്വത്തിനെയും വരുമാനത്തെയും കാമ്പയിൻ വിഷയമാക്കാനും ബി.ജെ.പി ശ്രമിച്ചു. എന്നാൽ, കോൺഗ്രസ് അവയെയെല്ലാം അവഗണിക്കുകയും പ്രിയങ്ക തുടക്കം മുതൽ നേടിയെടുത്ത ജനപ്രീതിയിലൂന്നി കാമ്പയിൻ ആവേശകരമാക്കുകയും ചെയ്തു. രാഹുലാണ് പ്രിയങ്കയുടെ കാമ്പയിനെ നയിച്ചത് എന്നു പറയാം.

രാജ്യത്ത് രണ്ട് എം.പിമാരുള്ള ഒരേയൊരു ലോക്‌സഭാ മണ്ഡലമാകും വയനാട് എന്നാണ് രാഹുൽ ഗാന്ധി, പ്രിയങ്കയെ വയനാടിന് പരിചയപ്പെടുത്തി പ്രഖ്യാപിച്ചത്: 'പ്രിയങ്ക ഔദ്യോഗിക എം.പിയും ഞാൻ അനൗദ്യോഗിക എം.പിയും'.

ജനകീയ വിഷയങ്ങളിലൂന്നിയുള്ളതായിരുന്നു സത്യൻ മൊകേരിയുടെ കാമ്പയിൻ. എന്നാൽ പ്രിയങ്ക തരംഗം, എൽ.ഡി.എഫിനെ നിഷ്പ്രഭമാക്കി എന്നു പറയാം.

Comments