ബി.ജെ.പിക്കുപുറകേ കോൺഗ്രസ് പായേണ്ടതില്ല,
ഹിമാചൽ മന്ത്രിയുടെ ‘യു.പി മോഡൽ’ തിരുത്തി കോൺഗ്രസ് ദേശീയ നേതൃത്വം

യു.പിയിലെ യോഗി സർക്കാറിന്റെ തീരുമാനം പിന്തുടർന്ന് ഹിമാചൽ പ്രദേശിലെ വഴിയോരക്കച്ചവടക്കാർ കടയുടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന മന്ത്രി വിക്രമാദിത്യ സിങിന്റെ ​ഉത്തരവ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെതുടർന്ന് പിൻവലിക്കേണ്ടിവന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത്, ഒരു മുൻ മുഖ്യമന്ത്രിയുടെ മകൻ തന്നെ ഉത്തർപ്രദേശ് ബി.ജെ.പി സർക്കാരിൻെറ പാത പിന്തുടരാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചത് പാർട്ടിക്ക് വലിയ തലവേദനയായെന്ന കാര്യത്തിൽ സംശയമില്ല.

News Desk

ത്തർ പ്രദേശിൽ (Uttar Pradesh) കൻവർ യാത്ര നടന്ന ഘട്ടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുറപ്പെടുവിച്ച ഉത്തരവ് വലിയ വിവാദമായിരുന്നു. യാത്ര പോകുന്നയിടങ്ങളിലെ കടയുടമകൾ തങ്ങളുടെ പേരുവിവരങ്ങൾ പ്രദർശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആളുകളെ വർഗീയമായി ചേരിതിരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഉത്തരവിനെതിരെ സംസ്ഥാനത്തും രാജ്യവ്യാപകമായും കടുത്ത പ്രതിഷേധമുണ്ടായി. യാത്ര കടന്നുപോവുന്ന മേഖലയിലെ മുസ്ലിം നാമധാരികളുടെ കടകൾ ലക്ഷ്യമിട്ടായിരുന്നു യോഗി ആദിത്യനാഥ് സർക്കാരിൻെറ നീക്കം.

ഉത്തർപ്രദേശ് സർക്കാരിൻെറ ഉത്തരവിന് പിന്നാലെ ഉത്തരാഖണ്ഡിലും മധ്യപ്രദേശിലുമൊക്കെ സമാനമായ നിർദ്ദേശങ്ങൾ വന്നു. പ്രതിഷേധങ്ങളും കോടതി ഇടപെടലുകളുമൊക്കെ വന്നതിന് ശേഷമാണ് ഒടുവിൽ ഈ തീരുമാനങ്ങളിൽ നിന്ന് സർക്കാരുകൾക്ക് പിൻമാറേണ്ടിവന്നത്. എന്നാലിപ്പോൾ സംസ്ഥാന വ്യാപകമായി തന്നെ ഇതേ തീരുമാനം നടപ്പാക്കാൻ യുപി സർക്കാർ വീണ്ടും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പുതിയ പ്രഖ്യാപനം യുപി സർക്കാർ നടത്തിയത്.

ഹിമാചൽ നഗരവികസന മന്ത്രി വിക്രമാദിത്യ സിങ്ങിൻെറ പ്രസ്താവനയാണ് വിവാദത്തിലായത്
ഹിമാചൽ നഗരവികസന മന്ത്രി വിക്രമാദിത്യ സിങ്ങിൻെറ പ്രസ്താവനയാണ് വിവാദത്തിലായത്

യോഗി ആദിത്യനാഥിൻെറ പ്രഖ്യാപനം വന്ന് മണിക്കൂറുകൾ കഴിയും മുൻപ് രാജ്യത്തെ ഒരു കോൺഗ്രസ് (Congress) സർക്കാരും സമാന തീരുമാനത്തിലേക്ക് പോവുകയാണെന്ന പ്രഖ്യാപനം നടത്തിയത് ദേശീയ രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിനാണ് വഴിതുറന്നത്. ബി.ജെ.പി (BJP) ഭരിക്കുന്ന ഉത്തർ പ്രദേശ് സർക്കാർ വർഗീയചേരിതിരിവ് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഉത്തരവ് പിന്തുടരാൻ കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലായിരുന്നു നീക്കം. സംസ്ഥാന നഗരവികസന മന്ത്രി വിക്രമാദിത്യ സിങ്ങിൻെറ പ്രസ്താവനയാണ് വിവാദത്തിലായത്. ഹിമാചൽ പ്രദേശിലെ വഴിയോരക്കച്ചവടക്കാർ, പ്രത്യേകിച്ച് പഴങ്ങളും ഭക്ഷണവസ്തുക്കളുമെല്ലാം വിൽക്കുന്നവർ കടയുടമയുടെ പേര് പ്രദർശിപ്പിക്കണമെന്നായിരുന്നു വിക്രമാദിത്യ സിങ് പറഞ്ഞത്.

ഹിമാചൽ പ്രദേശിലെ വഴിയോരക്കച്ചവടക്കാർ കടയുടമയുടെ പേര് പ്രദർശിപ്പിക്കണമെന്നായിരുന്നു മന്ത്രി വിക്രമാദിത്യ സിങ് പറഞ്ഞത്. ഇത് കോൺഗ്രസ് നിലപാടല്ലെന്നും വിദ്വേഷ പ്രചാരണങ്ങളെ സ്നേഹം കൊണ്ട് മറികടക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടാണ് പിന്തുടരേണ്ടതെന്നും പാർട്ടി ജനറൽ​ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു

വഴിയോര കച്ചവടക്കാർ പേര് രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യു.പി സർക്കാരിൻെറ തീരുമാനം പിന്തുടർന്നാണ് ഇത് ചെയ്യുന്നത് എന്ന് കൂടി പറഞ്ഞതോടെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ നിന്നും വിക്രമാദിത്യ സിങ്ങിനെതിരെ വിമർശനം ഉയർന്നു. സുഖ്വീന്ദർ സിങ് സുഖുവിൻെറ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഇത്തരത്തിലൊരു തീരുമാനം ആലോചനയിലില്ലെന്ന് വ്യക്തമാക്കി. പൂർണമായും വിക്രമാദിത്യ സിങ്ങിനെ തള്ളിക്കൊണ്ടായിരുന്നു സർക്കാർ നിലപാട്. ““സംസ്ഥാനത്തെ വഴിയോര കച്ചവടക്കാർ അവരുടെ സ്റ്റാളുകളിൽ നെയിംപ്ലേറ്റുകളോ മറ്റ് തിരിച്ചറിയൽ രേഖകളോ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന ഒരു തീരുമാനവും എടുത്തിട്ടില്ല. കച്ചവടക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അവരോട് കൂടിയാലേചിച്ച ശേഷം മാത്രമേ എല്ലാ നിർദ്ദേശങ്ങളും പരിഗണിക്കുകയുള്ളൂ" - സുഖ്വീന്ദർ സിങ് വ്യക്തമാക്കി.

വിക്രമാദിത്യ സിങ്, കെ.സി. വേണുഗോപാൽ
വിക്രമാദിത്യ സിങ്, കെ.സി. വേണുഗോപാൽ

മന്ത്രി നിലപാട് തിരുത്തണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വവും ആവശ്യപ്പെട്ടു. സംസ്ഥാനത്തിൻെറ ചുമതലയുള്ള രാജീവ് ശുക്ലയും ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും സിങ്ങുമായി ചർച്ച നടത്തി. ഇത് കോൺഗ്രസിൻെറ നിലപാടല്ലെന്നും വിദ്വേഷ പ്രചാരണങ്ങളെ സ്നേഹം കൊണ്ട് മറികടക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടാണ് പിന്തുടരേണ്ടതെന്നും വേണുഗോപാൽ പറഞ്ഞു. ദേശീയനേതൃത്വം താക്കീത് ചെയ്തതോടെ തൻെറ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി വിക്രമാദിത്യ സിങ്ങും രംഗത്തെത്തി. ഇത് വർഗീയത ലക്ഷ്യമിട്ടുള്ള തീരുമാനമല്ലെന്നും അത്തരത്തിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തെ വഴിയോര കച്ചവടക്കാർ രജിസ്റ്റർ ചെയ്യണമെന്ന് മാത്രമാണ് സർക്കാരിൻെറ നിർദ്ദേശമെന്ന് രാജീവ് ശുക്ല പിന്നീട് വ്യക്തമാക്കി. “കച്ചവടക്കാർക്ക് ലൈസൻസും കട നടത്തിപ്പിനുള്ള അനുമതിയും നൽകും. അതിന് മതിയായ രേഖകൾ ഹാജരാക്കണം. ഇതോടെ പോലീസിൻെറയും മറ്റും ഭാഗത്ത് നിന്നുള്ള അനാവശ്യ ഇടപെടലുകൾ ഒഴിവാക്കാവുന്നതാണ്. ആരും കടകളുടെ മുന്നിൽ പേര് പ്രദർശിപ്പിക്കേണ്ട ആവശ്യമില്ല. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട” - രാജീവ് ശുക്ല പറഞ്ഞു.

നേരത്തെ, അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിൻെറ പ്രാരംഭ പ്രവൃത്തികൾ തുടങ്ങവേ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാൽ, ആ സമയത്ത് സർക്കാർ സ്ഥാപനങ്ങൾ അലങ്കരിക്കണമെന്നും വിളക്കുകൾ കത്തിക്കണമെന്നും ഹിമാചൽ മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് പ്രഖ്യാപിച്ചിരുന്നു.

1990-കൾക്ക് ശേഷം കോൺഗ്രസും ബി.ജെ.പിയുെ മാറിമാറി ഭരിക്കുന്ന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ഇരുപാർട്ടികൾക്കും ഇവിടെ ഒരുപോലെ സ്വാധീനമുണ്ട്. 2022-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ്, ബി.ജെ.പിയിൽ നിന്ന് അധികാരം പിടിച്ചെടുക്കുകയായിരുന്നു. സംസ്ഥാനത്തെ മുൻ കോൺഗ്രസ് മുഖ്യമന്ത്രി വീർഭദ്ര സിങ്ങിൻെറ മകനാണ് വിക്രമാദിത്യ സിങ്. 1985 മുതൽ പല തവണ വീർഭദ്ര സിങ് ഹിമാചൽ മുഖ്യമന്ത്രിയായിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത്, ഒരു മുൻ മുഖ്യമന്ത്രിയുടെ മകൻ തന്നെ ഉത്തർപ്രദേശ് ബി.ജെ.പി സർക്കാരിൻെറ പാത പിന്തുടരാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചത് പാർട്ടിക്ക് വലിയ തലവേദനയായെന്ന കാര്യത്തിൽ സംശയമില്ല. വിക്രമാദിത്യ സിങ് കോൺഗ്രസിൻെറ ദേശീയ നിലപാടിന് വിധേയനായി നേരത്തെ നടത്തിയ പ്രസ്താവനയിൽ നിന്ന് പിൻമാറിയെങ്കിലും ഹിമാചൽ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നുണ്ടെന്നത് യാഥാർഥ്യമാണ്.

ഉത്തരേന്ത്യയിൽ ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കോൺഗ്രസ് നേതാക്കൾ രാഷ്ട്രീയ പ്രസ്താവനകൾ നടത്താറുള്ളത് പുതിയ കാര്യമല്ല
ഉത്തരേന്ത്യയിൽ ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കോൺഗ്രസ് നേതാക്കൾ രാഷ്ട്രീയ പ്രസ്താവനകൾ നടത്താറുള്ളത് പുതിയ കാര്യമല്ല

സംസ്ഥാനത്തെ മറ്റൊരു മന്ത്രിയും കോൺഗ്രസ് നേതാവുമായ ധനിറാം ഷൻഡിലും വിക്രമാദിത്യ സിങ്ങിൻെറ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കടകളിൽ, ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്നാണ് അദ്ദേഹത്തിൻെറയും അഭിപ്രായം. കോൺഗ്രിനുള്ളിൽ ഒരേ വിഷയത്തിൽ ഉണ്ടായിരിക്കുന്ന അഭിപ്രായ വ്യത്യാസം മുതലെടുത്ത് ബി.ജെ.പി നേതാക്കളും എത്തിയിട്ടുണ്ട്. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ ഹിമാചലിലെ കോൺഗ്രസ് ഭരണം എത്രകാലം നിലനിൽക്കുമെന്നാണ് ബി.ജെ.പി ഐ.ടി വിങ് ചീഫ് അമിത് മാളവ്യ എക്സിൽ ചോദിച്ചത്. ഉത്തരേന്ത്യയിൽ ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കോൺഗ്രസ് നേതാക്കൾ രാഷ്ട്രീയ പ്രസ്താവനകൾ നടത്താറുള്ളത് പുതിയ കാര്യമല്ല. 90 ശതമാനത്തോളം ഹിന്ദുക്കളുള്ള ഹിമാചൽ പ്രദേശിൽ വിക്രമാദിത്യ സിങ്ങും ആ പിന്തുണ ഒന്നുകൂടി ഉറപ്പിക്കാൻ വേണ്ടിയാണ് ശ്രമിച്ചത്. എന്നാൽ, വർഗീയ പ്രീണന നയത്തിന് കോൺഗ്രസ് നേതാക്കൾ ശ്രമിക്കരുതെന്ന സന്ദേശമാണ് ഇപ്പോൾ നടത്തിയ ഇടപെടലിലൂടെ ദേശീയ നേതൃത്വം നൽകുന്നത്. നേരത്തെ, അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിൻെറ പ്രാരംഭ പ്രവൃത്തികൾ തുടങ്ങവേ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാൽ, ആ സമയത്ത് സർക്കാർ സ്ഥാപനങ്ങൾ അലങ്കരിക്കണമെന്നും വിളക്കുകൾ കത്തിക്കണമെന്നും ഹിമാചൽ മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് പ്രഖ്യാപിച്ചിരുന്നു. അയോധ്യയിൽ നേരിട്ടെത്തി ചടങ്ങുകളിൽ പങ്കെടുത്തിരുന്നു ഇപ്പോൾ വിവാദ പ്രസ്താവന നടത്തിയ വിക്രമാദിത്യ സിങ്. ആ ഘട്ടത്തിലും അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

Comments