2024 ലേക്കുള്ള പ്രതിപക്ഷ പ്രതീക്ഷ തന്നെയാണ് കോണ്‍ഗ്രസ്സ് തോല്‍വിയുടെ കണക്കുബാക്കി

നവംബറിൽ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം വന്നിരിക്കുന്നു. തെലങ്കാന ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ്സ് പരാജയപ്പെട്ടിരിക്കുന്നു. ഇതിൽ അധികാരത്തിൽ ഉണ്ടായിരുന്ന ഛത്തീസ്ഗഡും രാജസ്ഥാനും ഉൾപ്പെടുന്നു. 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഒരു സംസ്ഥാനത്തിൽ പോലും തുടർഭരണം നേടാൻ കഴിഞ്ഞിട്ടില്ല എന്ന വസ്തുതയാണ് ഒരിക്കൽ കൂടി കോൺഗ്രസ്സിനെ തട്ടിയുണർത്തുന്നത്. മറുവശത്ത് ബിജെപിയാകട്ടെ 2003 ൽ അധികാരത്തിൽ വന്ന മധ്യപ്രദേശ് ഇന്നും തങ്ങളുടെ കൈവെള്ളയിൽ സുരക്ഷിതമായി കൊണ്ടുക്കുന്നു. ഹിന്ദുത്വ പരീക്ഷണശാലയായ ഗുജറാത്തിനുള്ള പ്രാധാന്യം തന്നെ അവർ മധ്യപ്രദേശിനും നല്‍കുന്നു. മണിപ്പൂർ കലാപത്തിന് സാക്ഷിയായ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ ജനസംഖ്യ ഏറെയുള്ള മിസോറാമിലും കോൺഗ്രസ്സ് തിരിച്ചടി നേരിട്ടു. മുൻപ് നാല് സീറ്റ് നേടിയ കോൺഗ്രസ്സ് ഒരു സീറ്റിലേക്ക് പിന്തള്ളപ്പെട്ടു. അതേസമയം ബിജെപിയാകട്ടെ ഒരു സീറ്റിൽ നിന്നും രണ്ട് സീറ്റിലേക്ക് നില മെച്ചപ്പെടുത്തി.

എന്തായിരിക്കാം ഈ പരാജയങ്ങൾക്ക് പിന്നിൽ? ഉത്തരേന്ത്യയിലും
മിസോറാമിലും തകർന്നടിഞ്ഞ കോൺഗ്രസ്സിന് എങ്ങനെയാണ്
നിലവിൽ തെലങ്കാനയും ഏതാനും മാസങ്ങൾക്ക് മുൻപ്
കർണാടകയും വിജയിക്കാൻ കഴിഞ്ഞത്? കേരളത്തിലിരുന്നു കൊണ്ട്
വേണമെങ്കിൽ നമുക്ക് ഉത്തരേന്ത്യൻ ജനതയെ പഴിചാരി തോൽവിയെ
ന്യായീകരിക്കാം. നമ്മുടെ അത്രയും സാക്ഷരത ഇല്ലാത്തത് കൊണ്ടാണ്
അവർ ബിജെപിയെ തെരഞ്ഞെടുക്കുന്നതെന്ന് നെടുവീർപ്പിടാം. പക്ഷേ
അതാണോ യാഥാർത്ഥ്യം? അല്ല എന്നതാണ് ഉത്തരം.

പ്രശാന്ത് കിഷോർ

2010 മുതൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ തന്ത്രജ്ഞരുടെ ഇടപെടൽ ഉണ്ടാകാൻ തുടങ്ങി. പ്രൊഫഷണലായി തെരഞ്ഞെടുപ്പുകളെ സമീപിക്കുന്ന ഇക്കൂട്ടർ മണ്ഡലങ്ങളെ പഠിക്കുകയും അതിൽ നിന്ന് ലഭിക്കുന്ന ഡാറ്റയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിന് വിജയിക്കാൻ ആവശ്യമായ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. ഈ മേഖലയിൽ പ്രസിദ്ധനായ ആദ്യ തന്ത്രജ്ഞൻ 2014 ലെ ബിജെപിയുടെ വിജയത്തിന് ചുക്കാൻ പിടിച്ച പ്രശാന്ത് കിഷോറാണ്. പിന്നീട് ബിജെപിയുമായി ഇടഞ്ഞ പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ ഐ- പാക് എന്ന സ്ഥാപനവും മറ്റ് പ്രസ്ഥാനങ്ങൾക്ക് വേണ്ടി സമാന തൊഴിൽ ചെയ്യുകയും മികച്ച വിജയശതമാനം നിലനിർത്തുകയും ചെയ്തു.
എന്നാൽ പ്രശാന്ത് കിഷോറിന്റെ കരിയറിലെ ഏറ്റവും വലിയ
പരാജയം എന്ന് വിളിക്കാൻ കഴിയുന്നത് ഒരൊറ്റ സംസ്ഥാനത്തിലേറ്റ
തിരിച്ചടിയാണ്. അത് ആർക്ക് വേണ്ടിയായിരുന്നു എന്ന്
വിലയിരുത്തുമ്പോൾ ഏറെക്കുറെ ഇന്നത്തെ കോൺഗ്രസ്സ്
തോൽവിക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നിനെ തിരിച്ചറിയാൻ
കഴിയും. 2017 ൽ ഉത്തർപ്രദേശിൽ കോൺഗ്രസിന് വേണ്ടിയാണ്
പ്രശാന്ത് കിഷോർ കളത്തിലിറങ്ങി പരാജയപ്പെട്ടത്.

ആ തോൽവിയെകുറിച്ച് പ്രശാന്ത് കിഷോർ പിന്നീട് പ്രതികരിച്ചത് പ്രസക്തമാണ്.കോൺഗ്രസ്സും തങ്ങളും കൂടിയാലോചിച്ച് സംസ്ഥാനത്ത്
നടപ്പിലാക്കാനുള്ള ചില പദ്ധതികളുടെ കാര്യത്തിൽ ഒരു ധാരണയിൽ
എത്തിയിരുന്നു. സാധാരണ രീതിയിൽ ഇത്തരം പദ്ധതികൾ
രൂപീകരിക്കുന്ന വേളയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുക
സ്വാഭാവികമാണ്. എന്നാൽ ഒരിക്കൽ ധാരണയിലെത്തിയത്തിന് ശേഷം
അവസാന നിമിഷം ആ പദ്ധതികളിൽ നിന്ന് വ്യതിചലിക്കുന്ന ശീലം
താൻ കോൺഗ്രസ്സിൽ മാത്രമേ കണ്ടിട്ടുള്ളൂ എന്നാണ് പ്രശാന്ത്
കിഷോർ പറഞ്ഞത്. അന്ന് പദ്ധതിയിലുണ്ടായിരുന്ന 12 ഇന
പരിപാടികളിൽ മൂന്നെണ്ണം മാത്രമാണ് നടപ്പിലാക്കാൻ കഴിഞ്ഞത്.
ഒറ്റയ്ക്ക് മത്സരിക്കാനായി പദ്ധതി തയ്യാറാക്കിയ കോൺഗ്രസ്സ് പിന്നീട്
സമാജ് വാദി പാർട്ടിയുമായി അവസാന നിമിഷത്തിൽ സഖ്യത്തിലായതും
തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിച്ചതായി പ്രശാന്ത് കിഷോർ
പറഞ്ഞു.

രേവന്ത് റെഡ്ഢി, സുനിൽ കനുഗോലു

സമാനമായ ഒരു പരാതി നാം ഈ അടുത്ത കാലത്ത് കേട്ടത്
കോൺഗ്രസ്സിന്റെ കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ
തന്ത്രം മെനഞ്ഞ സുനിൽ കനുഗോലുവിന്റെ ടീം അംഗങ്ങളിൽ
നിന്നാണ്. രാജസ്ഥാനിൽ ഗെഹ്ലോട്ടും മധ്യപ്രദേശിൽ കമൽനാഥും
തങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ല എന്നായിരുന്നു
ആ പരാതി. ഇരുനേതാക്കളും സുനിലിന്റെ ടീമിനെക്കാൾ
തങ്ങൾക്കാണ് സംസ്ഥാനത്തെ കുറിച്ച് കൂടുതൽ അറിയാവുന്നതെന്ന
ഭാവത്തിൽ അടിമുടി നിസ്സഹകരണം ആയിരുന്നു. ജനവിരുദ്ധ
വികാരം നേരിടുന്ന എം.എൽ. എമാരുടെ ലിസ്റ്റ് സഹിതം നല്‍കി
അവർക്ക് വീണ്ടും സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ടിട്ടും അവ
നടപ്പിലാക്കാൻ ഇരു സംസ്ഥാന നേതാക്കളും തയ്യാറായില്ല.
ഗെഹ്ലോട്ടാകട്ടെ സ്വന്തമായി മറ്റൊരു പൊളിറ്റിക്കൽ സ്ട്രാറ്റജി
കമ്പനിയുടെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

അതേസമയം തെലങ്കാനയിൽ ആദ്യഘട്ടത്തിൽ വിജയപ്രതീക്ഷ
ഇല്ലാതിരുന്ന കോൺഗ്രസ്സ് സുനിൽ കനുഗോലുവിന്റെയും ടീമിന്റെയും
സഹായത്തോടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി.
പ്രൊഫഷണലായി തെരഞ്ഞെടുപ്പിനെ നേരിടുക എന്നത് ഇന്നത്തെ
കാലത്തിന്റെ അനിവാര്യതയാണ്. അതിനോട് മുഖം തിരിച്ചിട്ട്
കാര്യമില്ല. കമൽനാഥിനും ഗെഹ്ലോട്ടിനും ഇല്ലാതെ പോയതും ഈ
പ്രൊഫഷണലിസം ആണ്. 2018 ൽ തന്നെ തലമുറമാറ്റത്തിന് ഈ
സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിന് അവസരമുണ്ടായിരുന്നു. അതിന്
തുനിയാതിരുന്നതിന്റെ ദൂഷ്യവശങ്ങൾ കൂടിയാണ് ഇന്ന്
അനുഭവിക്കുന്നത്.

രാഹുൽ ഗാന്ധി ദേശീയ തലത്തിൽ പ്രചരിപ്പിച്ച
ആശയങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പിലെ മുഖ്യ അജണ്ടയാക്കി
നിലനിർത്താൻ ശ്രമിക്കാതെയിരുന്നത് ഹിന്ദി ഹൃദയഭൂമിയിൽ
തിരിച്ചടിയായി.

ഈ പ്രഫഷണലിസത്തോടൊപ്പം തന്നെ പ്രധാനമാണ് അജണ്ട
നിശ്ചയിക്കുന്നതും. രാഹുൽ ഗാന്ധി ദേശീയ തലത്തിൽ പ്രചരിപ്പിച്ച
ആശയങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പിലെ മുഖ്യ അജണ്ടയാക്കി
നിലനിർത്താൻ ശ്രമിക്കാതെയിരുന്നത് ഹിന്ദി ഹൃദയഭൂമിയിൽ
തിരിച്ചടിയായി. ജാതി സെൻസസ് എന്ന ആവശ്യത്തെ പ്രാദേശിക
തലത്തിൽ കോൺഗ്രസ്സ് നേതൃത്വം ഏറ്റുപിടിച്ചില്ല. എന്നാൽ
തെലങ്കാനയിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. ഒരു വർഷം മുൻപ്
മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെടുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസ്സ് 11
ശതമാനം വോട്ട് അധികം നേടിയാണ് അധികാരത്തിൽ എത്തിയത്.
മധ്യപ്രദേശിൽ വൻ വിജയത്തോടെ അധികാരം നിലനിർത്തിയ
ശിവരാജ് സിംഗ് ചൗഹാൻസർക്കാരുമായി താരതമ്യം ചെയ്താൽ
അതിനേക്കാൾ മെച്ചപ്പെട്ട ഭരണം തന്നെ ആയിരുന്നു തെലങ്കാനയിൽ
ബിആർഎസ് കാഴ്ചവച്ചത്. വികസനത്തിന്റെയും സാമൂഹിക
പുരോഗതിയുടെയും മിക്ക സൂചികയിലും തെലങ്കാന മുന്നിലേക്ക്
തന്നെയായിരുന്നു. പക്ഷേ ബിആർഎസിന് നടപ്പിലാക്കാൻ കഴിയാതെ
പോയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും അവർക്ക് നേരെയുള്ള
അഴിമതി ആരോപണങ്ങളും കൃത്യമായി ക്യാംപെയ്ന്‍ നടത്തി
കോൺഗ്രസ്സ് കളം പിടിച്ചു.

ഭൂപ്രഭുക്കന്മാരിൽ നിന്നും അധികാരം ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യം കൂടി വന്നതോടെ പോരാട്ടത്തിന് ആശയ അടിത്തറയും ലഭിച്ചു. അധികാരത്തിൽ വന്നാൽ ജാതി സെൻസസ് നടപ്പിലാക്കുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനം കൂടി ആയതോടെ സംസ്ഥാനത്തെ ഓബിസി- പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണയും നേടാൻ കഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും സംസ്ഥാനത്ത് ചലനങ്ങൾ സൃഷ്ടിച്ചു എന്ന് വേണം വിലയിരുത്താൻ. ഊർജ്ജസ്വലതയോടെ നയിച്ച രേവന്ത് റെഡ്ഡിയും തെലങ്കാനയിൽ ക്യാമ്പ് ചെയ്തു പ്രവർത്തിച്ച ഡികെ ശിവകുമാറും തെലങ്കാനയിൽ പുതുചരിത്രം കുറിച്ചു.

അശോക് ഗെഹ്‌ലോട്ട്, കമൽനാഥ്‌

രാജസ്ഥാനിൽ സർക്കാർ നടത്തിയ ക്ഷേമ പ്രവർത്തനങ്ങൾ വൈകി മാത്രമാണ് പ്രചരണത്തിന്റെ ഭാഗമായി ഉപയോഗിക്കപ്പെട്ടത്. സച്ചിൻ
പൈലറ്റും ഗെഹ്ലോട്ടും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ
കഴിയാതെ പോയതും തോൽവിക്ക് കാരണമായി. ഛത്തീസ്ഗഡിലും
മധ്യപ്രദേശിലും അമിത ആത്മവിശ്വാസവും മൃദു ഹിന്ദുത്വ
രാഷ്ട്രീയവും കോൺഗ്രസ്സിന് വിനയായി. മോദി എന്ന നേതാവിന്
ഒറ്റയ്ക്ക് ഹിന്ദി ഹൃദയ ഭൂമിയിൽ നേടാൻ കഴിയുന്ന വോട്ടുകൾ
കൂടി ആയതോടെ ജനവിധിയിൽ കോൺഗ്രസ്സ് പിന്തള്ളപ്പെട്ടു.
അമിത് ഷായെ കുറിച്ച് രാജ്ദീപ് സർദേശായി മുൻപൊരിക്കൽ
പറഞ്ഞ കഥ ഈ സന്ദർഭത്തിൽ ഓർമ്മിക്കപ്പെടേണ്ടതാണ്.

അമിത് ഷാ പഠിക്കുന്ന കോളേജിൽ തെരഞ്ഞെടുപ്പ് നടക്കുന്ന കാലം. എ.ബി.വി.പി സ്ഥാനാർത്ഥിയായി അമിത് ഷായും എൻ. എസ്. യു സ്ഥാനാർത്ഥിയായി ഒരു പെൺകുട്ടിയും മത്സരിക്കുന്നു.
പെൺകുട്ടികളിൽ ഭൂരിഭാഗവും എൻ. എസ്. യു. ഐ
സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്യാൻ സാധ്യതയെന്നും അതിനാൽ താൻ
പരാജയപ്പെട്ടേക്കുമെന്നും തെരഞ്ഞെടുപ്പിന്റെ തലേദിവസം അമിത്
ഷായ്ക്ക് റിപ്പോർട്ട് ലഭിക്കുന്നു. എന്നാൽ തോൽവി ഭയന്ന് പിന്നോട്ട്
പോവുകയല്ല അമിത് ഷാ ചെയ്തത്. ഫോണുകൾ സുലഭമല്ലാതിരുന്ന
അക്കാലത്ത് കോളേജിലെ ഭൂരിഭാഗം പെൺകുട്ടിളുടെയും വീട്ടിലെ
ലാന്‍റ്ഫോൺ നമ്പർ കണ്ടെത്തി അതിലേക്ക് വിളിച്ചു. ഇലക്ഷൻ
ദിനമായ നാളെ കോളേജിൽ സംഘർഷം ഉണ്ടാകാൻ
സാധ്യതയുണ്ടെന്നും അതിനാൽ കുട്ടികളെ കോളേജിലേക്ക് അയക്കാതെ ഇരിക്കുന്നതാണ് ഉചിതമെന്നും മാതാപിതാക്കളോട് പറഞ്ഞു. ഇതേതുടർന്ന് അമ്പതോളം പെൺകുട്ടികൾ തെരഞ്ഞെടുപ്പ് ദിവസം വരാതിരിക്കുകയും അമിത് ഷാ മുപ്പതോളം വോട്ടുകൾക്ക്
വിജയിക്കുകയും ചെയ്തു. ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നുമാണ് അവർ വരുന്നത്. തെരഞ്ഞെടുപ്പിൽ ധാർമ്മികതയേക്കാൾ വിജയതിനാണ് പ്രാധാന്യം എന്ന് അവർ പലകുറി ഉറക്കെ പ്രഖ്യാപിച്ചു കഴിഞ്ഞു.

പ്രഗ്യാ സിംഗ് താക്കൂര്‍

അവിടേക്കാണ് കമൽ നാഥിനെ പോലുള്ളവർ അവരുടെ തീവ്ര
ഹിന്ദുത്വയെ നേരിടാൻ മൃദു ഹിന്ദുത്വ കാർഡുമായി ഇറങ്ങുന്നത്.
പതിനായിരകണക്കിന് സന്യാസിമാരെ അണിനിരത്തി തെരഞ്ഞെടുപ്പ്
യാഗം നടത്തിയ ദിഗ്വിജയ് സിംഗ് 2019 ലെ ലോക്‌സഭാ
തെരഞ്ഞെടുപ്പിൽ പ്രഗ്യാ സിംഗ് താക്കൂറിനെ പോലൊരു തീവ്ര
ഹിന്ദുത്വവാദിയോട് പരാജയപ്പെട്ടത് ഇതേ മധ്യപ്രദേശിൽ
ആണെന്നതെങ്കിലും കുറഞ്ഞപക്ഷം ചിന്തിക്കേണ്ടതായിരുന്നു.
ഹിന്ദി ഹൃദയഭൂമിയിൽ സവർണ്ണ വിഭാഗങ്ങളുടെ വോട്ടുകൾ
ബിജെപിക്ക് അനുകൂലമായി കേന്ദ്രീകരിക്കുന്നതിനും ഈ
തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. ഇത്തരം സാഹചര്യങ്ങളിൽ
ചെയ്യാൻ കഴിയുന്നത് രണ്ട് കാര്യങ്ങളാണ്. സവർണ്ണ വിഭാഗങ്ങളുടെ
വോട്ടിനെ അതിജീവിക്കുന്ന തരത്തിൽ മറ്റ് വിഭാഗങ്ങളെ
ഏകോപിപ്പിക്കുക എന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് സവർണ്ണ
വിഭാഗങ്ങളെ കൂടി ഉൾക്കൊള്ളുന്ന തരത്തിൽ മാനിഫെസ്റ്റോ
തയ്യാറാക്കുക എന്നതാണ്. ഹിന്ദി ഹൃദയ ഭൂമിയിൽ ഇതിൽ രണ്ടിലും
കോൺഗ്രസ്സ് പരാജയപ്പെട്ടു. സിപിഐഎമ്മിന് പോലും
നിലവിലുണ്ടായിരുന്ന സീറ്റുകൾ കൈമോശം വന്നു.
മിസോറാമിൽ സോറം പീപ്പിൾസ് മൂവ്‌മെന്റ് ശക്തമായ മുന്നേറ്റം
കാഴ്ചവച്ചിരിക്കുന്നു.

പക്ഷേ ഗുജറാത്ത് കലാപത്തിന് ശേഷം അതേ
സംസ്ഥാനത്ത് ബിജെപി നില മെച്ചപ്പെടുത്തിയ സാഹചര്യം
മണിപ്പൂർ കലാപത്തിന് ശേഷം മിസോറാമിലും ഉണ്ടാകുന്നുണ്ടോ
എന്ന ഭയം നിലനിർത്തിയാണ് തെരഞ്ഞെടുപ്പ് വിധി
അവസാനിക്കുന്നത്. മണിപ്പൂർ കലാപം മുഖ്യ തെരഞ്ഞെടുപ്പ്
അജണ്ടയാക്കിയ കോൺഗ്രസ്സ് പിന്നിലേക്ക് പോയത് ഈ കാരണം
കൊണ്ടാണോയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.
ഈ പരാജയത്തോടെ 2024 ലേക്കുള്ള സകല സാധ്യതകളും
അസ്തമിച്ചു എന്ന മട്ടിൽ നിരാശരായി ഇരിക്കുന്നത് വ്യർത്ഥമാണ്.
തോൽവിയിലും ഹിന്ദി ഹൃദയഭൂമിയിൽ മത്സരിച്ച എല്ലാ
സംസ്ഥാനങ്ങളിലും നാല്പതോ അതിൽ കൂടുതൽ ശതമാനമോ വോട്ട്
കോൺഗ്രസ്സിനുണ്ട്. 2018 ലെ വോട്ട് ശതമാനത്തിന് സമാനമായ പ്രകടനം തന്നെയാണ് കോൺഗ്രസ്സ് ഇത്തവണയും കാഴ്ചവച്ചിരിക്കുന്നത്. ചെറുപാർട്ടികളുടെ വോട്ട് കൂടി പെട്ടിയിലാക്കി ബിജെപി നടത്തിയ കുതിച്ചു ചാട്ടമാണ് കോൺഗ്രസ്സിനെ പരാജയം രുചിപ്പിച്ചത്. ഈ ശതമാനം തന്നെ ലോക്‌സഭ സീറ്റുകളായി പരിവർത്തനപ്പെടുത്തിയാൽ 27 സീറ്റുകളോളം ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി കോൺഗ്രസ്സിന് വിജയിക്കാൻ കഴിയും.

തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ ജനപിന്തുണയും ബംഗാൾ, ബീഹാർ, മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളിൽ ഇന്ത്യ മുന്നണിയിലെ മറ്റ് പാർട്ടികൾക്കുള്ള സ്വാധീനവും കൂടി കണക്കിലെടുക്കുമ്പോൾ ഇപ്പോഴും 2024 ൽ നല്ലൊരു മത്സരം കാഴ്ച വയ്ക്കാനുള്ള സാധ്യത പ്രതിപക്ഷത്തിന് മുന്നിലുണ്ട്.

തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ ജനപിന്തുണയും ബംഗാൾ, ബീഹാർ, മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളിൽ ഇന്ത്യ മുന്നണിയിലെ മറ്റ് പാർട്ടികൾക്കുള്ള സ്വാധീനവും കൂടി കണക്കിലെടുക്കുമ്പോൾ ഇപ്പോഴും 2024 ൽ നല്ലൊരു മത്സരം കാഴ്ച വയ്ക്കാനുള്ള സാധ്യത പ്രതിപക്ഷത്തിന് മുന്നിലുണ്ട്. മത്സരത്തിന് മുൻപേ വിജയിച്ചു എന്ന പ്രതീതി സൃഷ്ടിക്കുന്നത് വർഷങ്ങളായി ബിജെപി തന്ത്രമാണ്. സമാന രീതിയിൽ പരാജയപ്പെട്ടത് അവരായിരുന്നെങ്കിൽ 2018 ലും തങ്ങൾ മൂന്ന്
സംസ്ഥാനങ്ങളിൽ തോറ്റിട്ടും 2019 ൽ വിജയിച്ച ചരിത്രം ഓർമ്മിപ്പിച്ച്
ശുഭാപ്തി വിശ്വാസം നിലനിർത്തിയേനെ. അതുകൊണ്ട്
വിജയിക്കാനായി തന്നെ പോരാടുക. പരാജയപ്പെട്ടാൽ പോലും
വിജയത്തോളം മഹത്വമുള്ള പോരാട്ടമായിരിക്കും അത്. കാരണം ഇത്
വ്യക്തികൾക്കോ പ്രസ്ഥാനങ്ങൾക്കോ വേണ്ടിയുള്ള പോരാട്ടമല്ല. ഈ
രാജ്യത്തെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടമാണ് !

Comments