കോൺഗ്രസിന്റെ നയതന്ത്ര വീഴ്ചകൾക്ക്
വില കൊടുക്കേണ്ടിവരുന്ന ‘ഇന്ത്യ’ മുന്നണി

പാർലമെന്റിൽ യോജിച്ച പ്രതിപക്ഷ സാന്നിധ്യം അനിവാര്യമായ ഘട്ടത്തിൽ പ്രതിപക്ഷനിര, ഒറ്റയ്‌ക്കൊറ്റയ്ക്ക് ശബ്ദമുണ്ടാക്കുന്ന ഏതാനും പാർട്ടികളുടെ ഇരിപ്പിടങ്ങളായി ചുരുങ്ങുന്നതാണ് ഇപ്പോൾ സംഭവിക്കുന്നത്. പാർലമെന്റിലെ ‘യോജിപ്പില്ലായ്മ’യുടെയും പാർലമെന്റിനുപുറത്തെ ഒറ്റതിരിഞ്ഞുള്ള പ്രതിഷേധങ്ങൾക്കും ഇടയാക്കുന്നത് കോൺഗ്രസിന്റെ നയതന്ത്ര പാളിച്ചകളാണ്.

National Desk

16 മാസം മാത്രം പ്രായമായ ഒരു രാഷ്ട്രീയ സഖ്യത്തിന്റെ ഭാവിയെ, കഴിഞ്ഞ ഏതാനും ചില തെരഞ്ഞെടുപ്പുകളിലെ പ്രകടനം കൊണ്ടുമാത്രം വിലയിരുത്തുന്നത് യുക്തിസഹമായിരിക്കില്ല എങ്കിലും, 28 പാർട്ടികൾ ചേർന്ന 'ഇന്ത്യ' ബ്ലോക്ക് നിർണായക സന്ദർഭത്തിലൂടെയാണ് കടന്നുപോകുന്നത് എന്നു പറയാം.

ബി.ജെ.പി എന്ന ഏക ശത്രു മുന്നിലുണ്ടായിരുന്നതുകൊണ്ട്, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബ്ലോക്ക് എന്ന തലത്തിൽനിന്ന് സഖ്യമായി ഐക്യപ്പെടാനായി. എന്നാൽ, സംസ്ഥാനങ്ങളിലെ വൈവിധ്യമാർന്ന പൊളിറ്റിക്കൽ ടാർഗറ്റുകൾ മുന്നണി എന്നതിലുപരി, പ്രതിപക്ഷത്തെ പ്രാദേശിക പാർട്ടികൾക്ക് ഊന്നൽ നൽകുന്നതായിരുന്നു. അതുകൊണ്ടുതന്നെ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 'ഇന്ത്യ' പല പാർട്ടികളുടെ ബ്ലോക്കായി മാറി. മഹാരാഷ്ട്രയിൽ ഈ ബ്ലോക്കിന് യോജിച്ചുനിന്ന് ജയത്തിലെത്താനുമായില്ല. ചില നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രതിപക്ഷ ജയം യഥാർഥത്തിൽ അതാതു പ്രാദേശിക പാർട്ടികളുടെ ചെലവിലേക്ക് എഴുതിയെടുക്കേണ്ടിവരും; പ്രത്യേകിച്ച് ജമ്മു കാശ്മീരിലെയും ഝാർഖണ്ഡിലെയും വിജയങ്ങളിൽ 'ഇന്ത്യ' മുന്നണി ഉണ്ടായിരുന്നില്ല.

‘ഇന്ത്യ’ മുന്നണി എന്ന രാഷ്ട്രീയ സഖ്യത്തിന്റെ ഒരു സാധ്യത കൂടിയായി, വൈവിധ്യമാർന്ന ഇലക്ടറൽ അജണ്ടകളെ പരിഗണിക്കാം. കാരണം, ഫെഡറലിസത്തെ പ്രധാന അടിസ്ഥാനമായി പരിഗണിക്കുന്ന പ്ലാറ്റ്ഫോമാണിത്. അതുകൊണ്ടുതന്നെ കോൺഗ്രസിനെപ്പോലൊരു ദേശീയ പാർട്ടിക്ക് ഒരുതരത്തിലും ആധിപത്യം പുലർത്താൻ കഴിയാത്തതും അതോടൊപ്പം, പ്രാദേശിക പാർട്ടികളുടെ ക്രിയാത്മക പങ്കാളിത്തം സാധ്യമാക്കുന്നതുമായ ഒന്നായേ ‘ഇന്ത്യ’ മുന്നണിക്ക് മുന്നോട്ടുപോകാനാകൂ. അത്, പല സംസ്ഥാനങ്ങളിലും പല തരത്തിലാകും പ്രതിഫലിക്കുക.

മമത ബാനർജിയെ 'ഇന്ത്യ' മുന്നണിയുടെ നേതാവാക്കണമെന്ന്  ടി.എം.സി എം.പി കീർത്തി ആസാദ് പറഞ്ഞപ്പോൾ 
'നല്ല തമാശ' എന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ മണിക്കം ടാഗോറിന്റെ പ്രതികരണം.
മമത ബാനർജിയെ 'ഇന്ത്യ' മുന്നണിയുടെ നേതാവാക്കണമെന്ന് ടി.എം.സി എം.പി കീർത്തി ആസാദ് പറഞ്ഞപ്പോൾ
'നല്ല തമാശ' എന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ മണിക്കം ടാഗോറിന്റെ പ്രതികരണം.

'ഇന്ത്യ' മുന്നണി കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മുന്നോട്ടുവച്ച മുദ്രാവാക്യങ്ങൾ അത്യന്തം പ്രസക്തമായിരുന്നു, പ്രത്യേകിച്ച് ജാതി സെൻസസ്, ഒ.ബി.സി സംവരണം, സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണം, അടിസ്ഥാന വിഭാഗങ്ങളുടെ സാമൂഹിക നീതി, വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക വിലത്തകർച്ച തുടങ്ങിയ വിഷയങ്ങൾ പ്രധാന കാമ്പയിനാക്കാൻ 'ഇന്ത്യ' മുന്നണിക്ക് കഴിഞ്ഞു.

എന്നാൽ, പാർലമെന്റിൽ യോജിച്ച പ്രതിപക്ഷ സാന്നിധ്യം അനിവാര്യമായ ഘട്ടത്തിൽ പ്രതിപക്ഷനിര, ഒറ്റയ്‌ക്കൊറ്റയ്ക്ക് ശബ്ദമുണ്ടാക്കുന്ന ഏതാനും പാർട്ടികളുടെ ഇരിപ്പിടങ്ങളായി ചുരുങ്ങുന്നതാണ് ഇപ്പോൾ സംഭവിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനോടനുബന്ധിച്ചുമാത്രമാണ് പ്രതിപക്ഷ പാർട്ടികൾക്ക് ഒന്നിച്ചിരിക്കാനായത്. ഈ യോഗത്തിൽനിന്നുപോലും, മൂന്നാമത്തെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയായ തൃണമൂൽ കോൺഗ്രസ് വിട്ടുനിന്നു.

കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചത്:

സി.പി.ഐയുടെ മുറുമുറുപ്പ്: ‘ഇന്ത്യ’ മുന്നണിയിൽ ഒത്തൊരുമയും പരസ്പര ബഹുമാനവുമില്ല. ചെറിയ പാർട്ടികളെ വേണ്ടവിധം ഉൾക്കൊള്ളുന്നില്ല, അവ വലിയ പാർട്ടികളുടെ കാൽക്കീഴിലൊതുക്കപ്പെടുന്നു. ഹരിയാനയിലും ഝാർഖണ്ടിലും സി.പി.ഐയും സി.പി.എമ്മും മുന്നണിയുടെ ഭാഗമാകാത്തത്, പര്‌സപര വിശാസമില്ലാതിരുന്നതുമൂലം. കോൺഗ്രസ് ആത്മപരിശോധന നടത്തണം.

സഖ്യത്തിലില്ലാത്ത തൃണമൂൽ: പാർലമെന്റിന്റെ ശീതകാല സമ്മേളനം മുതൽ 'ഇന്ത്യ' മുന്നണിയോടും കോൺഗ്രസിനോടും കടുത്ത ഭിന്നത. 'ഇന്ത്യ' മുന്നണി യോഗം തുടർച്ചയായി ബഹിഷ്‌കരിക്കുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഫണ്ട് അനുവദിക്കാത്തതും മണിപ്പുർ കലാപവും പാർലമെന്റിൽ ചർച്ചയാക്കാൻ ശ്രമിച്ചെങ്കിലും കോൺഗ്രസിന് അദാനി മാത്രമാണ് വിഷയം എന്ന് പരാതി. 'ഇന്ത്യ' ബ്ലോക്കിലെ ഒരു പാർട്ടി മാത്രമാണ് തൃണമൂൽ, അല്ലാതെ ഇലക്ഷൻ പങ്കാളിയല്ല എന്നും ഓർമപ്പെടുത്തൽ. അതുകൊണ്ട്, തങ്ങളുടെ മർമപ്രധാനമായ വിഷയങ്ങൾ ചർച്ച ചെയ്യാത്ത സഖ്യത്തോടൊപ്പം നിൽക്കേണ്ടതില്ല.

മമത 'ഇന്ത്യ' നേതാവോ? നല്ല തമാശ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോരാട്ടത്തിൽ പെർഫെക്റ്റ് റെക്കോർഡുള്ള മമത ബാനർജിയെ 'ഇന്ത്യ' മുന്നണിയുടെ നേതാവാക്കണമെന്ന് ടി.എം.സി എം.പി കീർത്തി ആസാദ്.
'നല്ല തമാശ' എന്ന് മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ മണിക്കം ടാഗോർ.

‘‘മോദി എവിടെയാണോ തോൽവി അറിഞ്ഞിട്ടുള്ളത്, അത് പശ്ചിമ ബംഗാളിലാണ്. കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ പോലും ബി.ജെ.പിയെ നിലംപരിശാക്കിയത് തൃണമൂൽ കോൺഗ്രസാണ്’’- മമതക്കുവേണ്ടിയുള്ള കീർത്തി ആസാദിന്റെ വാദങ്ങൾ.

സമാജ്‌വാദി പാർട്ടിയുടെ വിഷയം: തങ്ങളുടെ പാർട്ടിയെ സംബന്ധിച്ച് അദാനി വിഷയത്തേക്കാൾ പ്രധാനമാണ്, അഞ്ച് മുസ്‌ലിം യുവാക്കൾ കൊല്ലപ്പെട്ട സംഭൽ വിഷയമെന്ന് സമാജ്‌വാദി പാർട്ടി: ‘‘ജനങ്ങൾ അടിച്ചമർത്തപ്പെടുകയും കൊല്ലപ്പെടുകയും അവരുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയും ചെയ്യുന്നതുകൊണ്ടാണ് സംഭൽ വലിയ വിഷയമാകുന്നത്''- പാർട്ടി എം.പി സിയ ഉർ റഹ്മാൻ ബർഖ്.

ജനങ്ങൾ അടിച്ചമർത്തപ്പെടുകയും കൊല്ലപ്പെടുകയും അവരുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയും ചെയ്യുന്നതുകൊണ്ടാണ് സംഭൽ വലിയ വിഷയമാകുന്നതെന്ന് സമാജ്‍വാദി പാർട്ടി എം.പി സിയ ഉർ റഹ്മാൻ ബർഖ്.
ജനങ്ങൾ അടിച്ചമർത്തപ്പെടുകയും കൊല്ലപ്പെടുകയും അവരുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയും ചെയ്യുന്നതുകൊണ്ടാണ് സംഭൽ വലിയ വിഷയമാകുന്നതെന്ന് സമാജ്‍വാദി പാർട്ടി എം.പി സിയ ഉർ റഹ്മാൻ ബർഖ്.

കീഴടങ്ങി കോൺഗ്രസ്: അദാനി വിഷയം തുടർച്ചയായി പാർലമെന്റിൽ ഉന്നയിക്കുന്നതിനോടുള്ള ഘടകകക്ഷികളുടെ എതിർപ്പിന് കോൺഗ്രസിന് വഴങ്ങേണ്ടിവന്നു. ഇതേതുടർന്ന് ചൊവ്വാഴ്ച രാവിലെ സമ്മേളനം തുടങ്ങുന്നതിനുമുമ്പ് സഭയ്ക്കുപുറത്ത് 'ഇന്ത്യ' സഖ്യത്തിന്റെ പേരിൽ അദാനി വിഷയത്തിൽ പ്രതിഷേധം നടത്തി. എന്നാൽ, തൃണമൂൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും പ്രതിഷേധത്തിനെത്തിയില്ല.

നടുത്തളത്തിൽ, തനിയെ: ചൊവ്വാഴ്ച സമാജ്‌വാദി പാർട്ടി സംഭൽ വിഷയത്തിൽ അപ്രതീക്ഷിത പ്രതിഷേധം സംഘടിപ്പിച്ച് കോൺഗ്രസിനെ ഞെട്ടിച്ചു. മുസ്‌ലിം ലീഗ് എം.പി. ഇ.ടി. മുഹമ്മദ് ബഷീർ എസ്.പി എം.പിമാർക്കൊപ്പം നടുത്തളത്തിലിറങ്ങിയെങ്കിലും കോൺഗ്രസ് അംഗങ്ങൾ എഴുന്നേറ്റുനിൽക്കുകമാത്രമാണ് ചെയ്തത്.

മിനിമം താങ്ങുവില പ്രശ്‌നത്തിൽ ഇറങ്ങിപ്പോയ കോൺഗ്രസിനൊപ്പം തൃണമൂലും എസ്.പിയുമുണ്ടായില്ല.

രാജ്യസഭയിൽ സംഭൽ വിഷയത്തിൽ എസ്.പിയുടെ നേതൃത്വത്തിൽ നടന്ന ഇറങ്ങിപ്പോക്കിൽ കോൺഗ്രസും സി.പി.എമ്മും സി.പി.ഐയും ഉണ്ടായില്ല.

ലോക്‌സഭയിലെ ഇരിപ്പിടത്തർക്കം: എം.പിമാരുടെ ഇരിപ്പിടം ക്രമീകരിച്ചപ്പോൾ 'ഇന്ത്യ' മുന്നണിയിൽ മുറുമുറുപ്പ്. പ്രതിപക്ഷ മുൻനിര കോൺഗ്രസ് കൈയടക്കിയെന്നാണ് സമാജ്‌വാദി പാർട്ടിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും പരാതി. മുൻനിരയിൽ പ്രതിപക്ഷനേതാവായ രാഹുൽ കഴിഞ്ഞാൽ കെ.സി. വേണുഗോപാൽ, ഡി.എം.കെയിലെ ടി.ആർ. ബാലു, കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ്, ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ്. അതു കഴിഞ്ഞാണ് അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസിലെ കല്യാൺ ബാനർജി, സുദീപ് ബന്ദോപാധ്യായ എന്നിവരുടെ ഇരിപ്പിടം.

ഒറ്റയ്‌ക്കൊരു ആപ്പ്: 2025-ലെ ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഇന്ത്യ' മുന്നണിയും സഖ്യവുമില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ, ഒരു മുഴം നീട്ടിയെറിഞ്ഞു. ഹരിയാനയിലും ആപ്പ് തനിച്ചാണ് മത്സരിച്ചത്.

കെജ്രിവാളിനെ മമതയാക്കാൻ അനുവദിക്കരുതെന്ന് ഉദ്ധവ്: ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന ആം ആദ്മി പാർട്ടിയുടെ പ്രഖ്യാപനം കോൺഗ്രസ് ആത്മപരിശോധനയോടെ വിലയിരുത്തണമെന്ന് ശിവസേന ഉദ്ധവ് പക്ഷം. മമതാബാനർജിയുടെ പാതയിൽ പോകാൻ അരവിന്ദ് കെജ്‌രിവാളിനെ അനുവദിക്കരുതെന്ന് മുഖപത്രമായ 'സാമ്‌ന' എഡിറ്റോറിയൽ.

മമതാ ബാനർജിയുടെ പാതയിലൂടെ പോകാൻ അരവിന്ദ് കെജ്‌രിവാളിനെ അനുവദിക്കരുതെന്ന് ശിവസേന ഉദ്ദവ് താക്കറെ പക്ഷം.
മമതാ ബാനർജിയുടെ പാതയിലൂടെ പോകാൻ അരവിന്ദ് കെജ്‌രിവാളിനെ അനുവദിക്കരുതെന്ന് ശിവസേന ഉദ്ദവ് താക്കറെ പക്ഷം.

ഒരു ഐഡിയോളജിക്കൽ സഖ്യമെന്ന നിലയിലേക്ക് കോൺഗ്രസിനും മറ്റു ദേശീയ പാർട്ടികൾക്കും പ്രാദേശിക പാർട്ടികൾക്കും ഒരുമിക്കാൻ കഴിയുന്നില്ല എന്ന വിമർശനം ‘ഇന്ത്യ’ ബ്ലോക്കിനെതിരെയുണ്ട്. ദേശീയ രാഷ്ട്രീയത്തിലെ പരമ്പരാഗത മുന്നണി സങ്കൽപങ്ങളുടെ ഭാഗമായ വിശകലനം കൂടിയാണിത്. ദേശീയ പാർട്ടികൾക്ക് മേധാവിത്തപരമായ സ്വാധീനം ചെലുത്താൻ കഴിയുന്ന അവസ്ഥയിൽനിന്നുളള ഒരു പൊളിറ്റിക്കൽ വ്യവസ്ഥാമാറ്റമാണ് ‘ഇന്ത്യ’ മുന്നണിയെന്നു പറയാം. ഇന്ത്യയിലെ ഏറ്റവും പ്രധാന ദേശീയ പാർട്ടിയായ, ഏറ്റവും കൂടുതൽ കാലം ഏകകക്ഷിഭരണത്തിന് നേതൃത്വം നൽകിയ കോൺഗ്രസിനുപോലും ഈയൊരു യാഥാർഥ്യത്തിലേക്ക് വരേണ്ടിവന്നത്, പുരോഗമനപരമായ രാഷ്ട്രീയ പരിണാമം കൂടിയാണ്.

എന്നാൽ, ‘ഇന്ത്യ’ മുന്നണിയുടെ സംഘടനാനേതൃത്വത്തെ സമർഥമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ കോൺഗ്രസിന് പിഴവുകൾ സംഭവിക്കുന്നുണ്ട്. പാർലമെന്റിലെ ‘യോജിപ്പില്ലായ്മ’യുടെയും പാർലമെന്റിനുപുറത്തെ ഒറ്റതിരിഞ്ഞുള്ള പ്രതിഷേധങ്ങൾക്കും ഇടയാക്കുന്നത് കോൺഗ്രസിന്റെ നയതന്ത്ര പാളിച്ചകളാണ്.

കോൺഗ്രസും തൃണമൂൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഇടതുപക്ഷ പാർട്ടികളും ഉന്നയിക്കുന്ന വിഷയങ്ങൾ, ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കുന്നതാണ്. ഒപ്പം, അതാതു സംസ്ഥാനങ്ങളെ സംബന്ധിച്ച് അവ ഏറെ പ്രസക്തവുമാണ്. എന്നാൽ, പാർലമെന്റിലെ ചർച്ചകളിൽ ഏതിന് മുൻതൂക്കം നൽകണമെന്നതിലെ സാങ്കേതിക സങ്കീർണതകൾ പരിഹരിക്കുംവിധമുള്ള ഇടപെടൽ നടത്താൻ കോൺഗ്രസിനു കഴിയുന്നില്ല. മാത്രമല്ല, വിഷയങ്ങൾ അവതരിപ്പിക്കുന്നതിന് അനുമതി നൽകുന്നതിൽ, പ്രതിപക്ഷത്തെ ആശയക്കുഴപ്പം ഭരണപക്ഷം മുതലെടുക്കുന്നുമുണ്ട്. തങ്ങൾക്ക് അപകടമുണ്ടാക്കുന്ന വിഷയങ്ങളെ പരമാവധി ചർച്ചകളിൽനിന്ന് ഭരണപക്ഷം ഒഴിവാക്കിനിർത്തുന്നു, അവയ്ക്ക് അനുമതി നിഷേധിക്കുന്നു. ഈയൊരു കെണിയിൽ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പാർലമെന്റി പാർട്ടി പെട്ടുപോകുന്നുമുണ്ട്.

കേന്ദ്ര സർക്കാറിന്റെ ചങ്ങാത്ത മുതലാളിത്ത നയങ്ങൾക്കെതിരായ വിമർശനമെന്ന നിലയ്ക്കാണ്, അദാനി- മോദി കൂട്ടുകെട്ടിനെ ഏറ്റവും പ്രധാന ദേശീയ വിഷയമായി രാഹുൽ ഗാന്ധി അവതരിപ്പിക്കുന്നത്. അദാനിയുമായി ബന്ധപ്പെട്ട അഴിമതിപ്രശ്‌നത്തിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ അന്വേഷണം രാഹുൽ ആവശ്യപ്പെടുമ്പോൾ അതിനെ തൃണമൂൽ കോൺഗ്രസും എൻ.സി.പിയും പിന്തുണയ്ക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതുപോലെ, മണിപ്പുരിൽ തുടരുന്ന കൂട്ടക്കൊല ഇടതു പാർട്ടികളൊഴികെ മറ്റു പ്രതിപക്ഷ പാർട്ടികളുടെ പ്രധാന വിഷയമായി മാറിയിട്ടില്ല.

അദാനിയുമായി ബന്ധപ്പെട്ട അഴിമതിപ്രശ്‌നത്തിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ അന്വേഷണം രാഹുൽ ഗാന്ധി ആവശ്യപ്പെടുമ്പോൾ അതിനെ തൃണമൂൽ കോൺഗ്രസും എൻ.സി.പിയും പിന്തുണയ്ക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
അദാനിയുമായി ബന്ധപ്പെട്ട അഴിമതിപ്രശ്‌നത്തിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ അന്വേഷണം രാഹുൽ ഗാന്ധി ആവശ്യപ്പെടുമ്പോൾ അതിനെ തൃണമൂൽ കോൺഗ്രസും എൻ.സി.പിയും പിന്തുണയ്ക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഇനി പ്രാദേശിക പാർട്ടികളുടെ കാര്യമെടുക്കാം. സംഭലിൽ നടന്ന വെടിവെപ്പും അഞ്ച് യുവാക്കളുടെ കൊലപാതകവും സമാജ്‌വാദി പാർട്ടിയെ സംബന്ധിച്ച് സ്വാഭാവികമായും, അദാനി വിഷയത്തേക്കാൾ പ്രധാനമാണ്. അതുകൊണ്ടുതന്നെ സംഭലിന് കൂടുതൽ പ്രാധാന്യം ലഭിക്കണമെന്ന് എസ്.പി ആവശ്യപ്പെടുന്നു.

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളും ഹിന്ദുക്കളും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് തൃണമൂൽ കോൺഗ്രസിന്റെ പ്രധാന വിഷയമാണ്. ഒപ്പം, പശ്ചിമബംഗാളിനെപ്പോലെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക വിവേചനം പാർലമെന്റിൽ ഉയർത്തണമെന്നതും പാർട്ടിയുടെ താൽപര്യമാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ആപ്പും കോൺഗ്രസും തോളോടുതോൾ ചേർന്ന് മത്സരിച്ചിട്ടും ഡൽഹിയിലെ ഏഴു സീറ്റും ബി.ജെ.പിക്കായിരുന്നു. സമീപകാല തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായുള്ള സഖ്യം നഷ്ടക്കച്ചവടമായിരുന്നു എന്ന തിരിച്ചറിവിൽനിന്നാണ് കെജ്‌രിവാളിന്റെ ഒറ്റയ്ക്കുള്ള നീക്കം. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തോൽവി ദൽഹിയിൽ ആവർത്തിക്കാതിരിക്കാൻ മുൻകൂട്ടിയൊരു നീക്കമെന്ന നിലയ്ക്കാണ് കെജ്‌രിവാളിന്റെ പ്രഖ്യാപനം.
മാത്രമല്ല, ഡൽഹി കോൺഗ്രസ് ഘടകം ആപ്പ് സർക്കാറിനെതിരെ ശക്തമായി രംഗത്തുണ്ട്. സംസ്ഥാന അധ്യക്ഷൻ ദേവേന്ദർ യാദവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഡൽഹി യൂണിറ്റ്, ആപ്പ് സർക്കാറിന്റെ ഭരണവൈകല്യങ്ങൾക്കെതിരെ പദയാത്ര സംഘടിപ്പിക്കുകയാണ്. ഇതിന് മറുപടിയെന്ന നിലയ്ക്ക്, മുൻ എം.എൽ.എമാരടക്കം നിരവധി കോൺഗ്രസ് നേതാക്കളെ ആപ്പിലേക്ക് കൊണ്ടുവരാൻ കെജ്‌രിവാളിനായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആപ്പുമായി ഉണ്ടാക്കിയ സഖ്യം ഒരു തെറ്റായിരുന്നു എന്നാണ് ദേവേന്ദർ യാദവ് പറയുന്നത്.

പ്രാദേശിക വിഷയങ്ങളുടെ ഈയൊരു രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിഞ്ഞാണ്, നവംബർ 29ന് നടന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ, ദേശീയ നേതാക്കളോടും ദേശീയ വിഷയങ്ങളോടുമുള്ള അമിത ആശ്രിതത്വം കുറയ്ക്കാൻ ആവശ്യപ്പെട്ടത്. തൊഴിലില്ലായ്മ, വിലക്കയറ്റം, ജാതി സെൻസസ് എന്നീ ദേശീയ വിഷയങ്ങൾ പ്രധാനപ്പെട്ടതായിരിക്കുമ്പോൾ തന്നെ, പ്രാദേശിക വിഷയങ്ങൾ അവഗണിക്കപ്പെടരുത് എന്ന് ഖാർഗേ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകൾ ദേശീയ നേതാക്കളെയും ദേശീയ വിഷയങ്ങളെയും ആശ്രയിച്ച് വിജയിപ്പിച്ചെടുക്കാൻ ശ്രമിക്കരുത്. മഹാരാഷ്ട്ര, ഹരിയാന സർക്കാറുകൾക്കെതിരായ ഭരണവിരുദ്ധവികാരം എന്തുകൊണ്ട് കോൺഗ്രസിന് മുതലാക്കാനായില്ല എന്ന ചോദവും ഇതോടൊപ്പം ഖാർഗേ ഉന്നയിക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങൾക്ക് യോജിച്ച സ്ട്രാറ്റജി രൂപപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്ന സമ്മതവും ഖാർഗേ നടത്തുന്നു.

ബി.ജെ.പിയോടും കേന്ദ്ര സർക്കാർ നടപടികളോടുമുള്ള എതിർപ്പിന്റെ കാര്യത്തിൽ ശക്തമായ നിലപാട് തുടരുന്നവരാണ് തൃണമൂൽ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ആം ആദ്മി പാർട്ടിയുമെല്ലാം. ഈയൊരു യോജിപ്പിനെ കൂട്ടിയിണക്കുക എന്നത്, പാർലമെന്റിനുപുറത്ത് പ്രായോഗികമായി ഏറെ മുന്നോട്ടുപോയിട്ടുള്ള കോൺഗ്രസിനെ സംബന്ധിച്ച്, പാർലമെന്റിനുള്ളിലും അസാധ്യമായ ഒരു കാര്യമല്ല.

Comments