സി.പി. ജോൺ

പത്തു വർഷം മുമ്പുള്ള രാഹുലല്ല,
കോൺഗ്രസല്ല, പ്രതിപക്ഷവുമല്ല…

വർദ്ധിതവീര്യത്തോടെ രാഹുൽ ഗാന്ധി ലോക്സഭയിൽ മുൻ ബഞ്ചിലേക്കു വന്നിരിക്കുന്നു. ഇരു സഭകളുടെയും സംയുക്തയോഗത്തിൽ രാഹുലും ഖാർഗേയും ഒരുമിച്ച് മുൻ ബഞ്ചിലിരിക്കുകയാണ്. രാഹുൽ- ഖാർഗേ കോമ്പിനേഷനിൽ പൊളിറ്റിക്‌സ് മാത്രമല്ല, ഒരു ദീർഘകാല വീക്ഷണം കൂടിയുണ്ട്. കോൺഗ്രസ് വളരെ കൃത്യമായി ബാക്ക്‌വേഡ് പൊളിറ്റിക്‌സിലേക്ക് ചുവടുമാറ്റം നടത്തിയിരിക്കുന്നു എന്നതാണത്- പാർലമെന്റിലെ പ്രതിപക്ഷത്തിന്റെ തിരിച്ചുവരവ് എങ്ങനെയാണ് വലിയൊരു രാഷ്ട്രീയമാറ്റമായി മാറാൻ പോകുന്നത് എന്ന് വിശകലനം ചെയ്യുകയാണ് സി.പി. ജോൺ.

2019-ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രണ്ടാം എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള പാർലമെന്റിലെ ആദ്യ നാളുകളും 2024-ലെ ആദ്യ നാളുകളും തമ്മിലൊന്ന് താരതമ്യം ചെയ്തുനോക്കാം. മോദിയുടെ രണ്ടാം സർക്കാർ അധികാരമേറ്റയുടൻ, ആന കരിമ്പിൻകാട്ടിൽ കയറിയതുപോലെയാണ് അമിത് ഷായുടെ നേതൃത്വത്തിൽ പെരുമാറിയത്. സ്വേച്ഛാധിപത്യപരമായി, അപ്പം ചുട്ടെടുക്കുന്ന പോലെയാണ് പ്രധാന വിഷയങ്ങളിലെല്ലാം തീരുമാനമെടുത്തത്.

മുന്നാക്കക്കാരിൽ പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്ന 103-ാം ഭരണഘടനാഭേദഗതി നേരത്തെ കൊണ്ടുവന്നിരുന്നു (അന്ന് മുസ്‍ലിം ലീഗ് ഒഴികെ ആരും അതിനെ എതിർത്തിരുന്നില്ല). ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം വകുപ്പ്, സംസ്ഥാന നിയമസഭയുമായി ആലോചിക്കാതെ എടുത്തുകളഞ്ഞു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന മുസ്‍ലിം വനിത (വിവാഹവകാശസംരക്ഷണം) നിയമം ​കൊണ്ടുവന്നത് അതിവേഗത്തിലാണ്. പൗരത്വ നിയമഭേദഗതി ബില്ലായിരുന്നു മറ്റൊന്ന്. അതുപോലെ, അയോധ്യയിലെ രാമജന്മഭൂമി വിഷയവുമായി ബന്ധപ്പെട്ട തിടുക്കത്തിലുള്ള നീക്കങ്ങൾ. 2025-ൽ ആർ.എസ്.എസിന്റെ നൂറാം വാർഷികാഘോഷത്തിന് ഹിന്ദു രാഷ്ട്ര പ്രഖ്യാപനം നടത്തണമെന്ന സമയബന്ധിതപരിപാടിയുമായാണ് രണ്ടാം മോദി സർക്കാർ വന്നത്. ആ സർക്കാറിന്റെ ആദ്യ നാളുകൾ അതിന്റെ സംഹാരാത്മകത വെളിപ്പെടുത്തി. പിന്നീട്, കോർപറേറ്റുകൾക്കുവേണ്ടി കർഷകരെ ഞെരുക്കുന്ന നിയമങ്ങളും കൊണ്ടുവന്നു.

2024-ലെ തെരഞ്ഞെടുപ്പ്, ഈ നീക്കങ്ങളുടെ പ്രകടനം കൂടിയായിരുന്നു. മറ്റൊരാൾ പറഞ്ഞാൽ കേസെടുക്കുമായിരുന്ന പ്രസ്താവനകൾ ഡസൺ കണക്കിന് തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. മുസ്‌ലിം സമുദായത്തെ പ്രത്യേകമായി ടാർഗറ്റ് ചെയ്തു.

മറ്റൊരാൾ പറഞ്ഞാൽ കേസെടുക്കുമായിരുന്ന പ്രസ്താവനകൾ ഡസൺ കണക്കിന് തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്.
മറ്റൊരാൾ പറഞ്ഞാൽ കേസെടുക്കുമായിരുന്ന പ്രസ്താവനകൾ ഡസൺ കണക്കിന് തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്.

അടിയന്തരാവസ്ഥയോട് ഏറെ സാമ്യമുള്ളതായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്. അദ്ദേഹത്തിന്റെ മോചനത്തിനായി പ്രതിപക്ഷം ഇപ്പോഴും വേണ്ടരീതിയിൽ അണിനിരന്നിട്ടില്ല എന്ന അഭിപ്രായക്കാരനാണ് ഞാൻ. തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ജയിലിൽ കിടക്കുക എന്നത് ബനാന റിപ്പബ്ലിക്കിൽ മാത്രം നടക്കുന്ന കാര്യമാണ്. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെയും റിപ്പബ്ലിക്കിന്റെയും അടിസ്ഥാനങ്ങളെയാണ് അസ്ഥിരപ്പെടുത്തിയത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇപ്പോഴും വേവാത്ത കഷണമായി കിടക്കുകയാണ് കെജ്‌രിവാളിന്റെ അറസ്റ്റ്.

അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടത്തിയ 2024 ജനുവരി 22 മുതൽ ഇന്ത്യ ഒരു ​മതേതര റിപ്പബ്ലിക്കല്ലാതായി, de facto ഒരു ഹിന്ദു രാഷ്ട്രത്തെപ്പോലെ പ്രവർത്തിച്ചു. 2024-ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതിനെ നിയമവിധേയമാക്കേണ്ട (de jure) കാര്യമേയുണ്ടായിരുന്നുള്ളൂ. അതിലേക്കുള്ള ചാട്ടത്തിനാണ് ഇന്ത്യൻ ജനത വലിയൊരു അടി കൊടുത്തത്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇപ്പോഴും വേവാത്ത കഷണമായി കിടക്കുകയാണ് കെജ്‌രിവാളിന്റെ അറസ്റ്റ്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇപ്പോഴും വേവാത്ത കഷണമായി കിടക്കുകയാണ് കെജ്‌രിവാളിന്റെ അറസ്റ്റ്.

മാറുന്നു, രാഷ്ട്രീയ രസതന്ത്രം

POLITICAL ARITHMETIC എടുത്താൽ, ഭൂരിപക്ഷമില്ലാത്ത സർക്കാറാണ് ഇപ്പോഴുള്ളത്. എന്നാൽ, ഈ രാഷ്ട്രീയ ഗണിതത്തേക്കാൾ ഞാൻ പ്രാധാന്യം നൽകുന്നത്, രാഷ്ട്രീയ രസതന്ത്രത്തിനാണ്. അതായത്, രാഷ്ട്രീയ ഗണിതത്തിൽ വന്ന മാറ്റം ബലാബലത്തിൽ മാറ്റം വരുത്തിയതിനൊപ്പം, രാഷ്ട്രീയ രസതന്ത്രത്തിലും മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്.
പ്രാദേശിക പാർട്ടികൾ കോൺഗ്രസിന്റെ കൂടെ അണിനിരന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം.

1977 വരെയുള്ള ദേശീയ രാഷ്ട്രീയത്തിൽ ഏകീകൃത ഭരണപക്ഷവും വികേന്ദ്രീകൃത പ്രതിപക്ഷവുമായിരുന്നു. പ്രതിപക്ഷം ഒന്നിച്ചപ്പോഴാണ് കോൺഗ്രസ് തോൽക്കാൻ തുടങ്ങിയത്, ഒപ്പം പ്രതിപക്ഷ കക്ഷികൾ ഐക്യപ്പെടാനും തുടങ്ങി. ആ ഐക്യത്തോട് സാമ്യമുള്ള ഒന്നാണ് 2024-ൽ സംഭവിച്ചത്.

രാഷ്ട്രീയ ഗണിതത്തിൽ വന്ന മാറ്റം ബലാബലത്തിൽ മാറ്റം വരുത്തിയതിനൊപ്പം, രാഷ്ട്രീയ രസതന്ത്രത്തിലും മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്.
പ്രാദേശിക പാർട്ടികൾ കോൺഗ്രസിന്റെ കൂടെ അണിനിരന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം.

ഇന്ദിരാഗാന്ധിയോട് പലതരം വിയോജിപ്പുകൾ എനിക്കുണ്ട് എങ്കിലും, പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്തുന്ന കാര്യത്തിൽ വ്യക്തതയുള്ള ആളായിരുന്നു അവർ. എന്നാൽ, അവരുടെ ദലിത് പ്രതിനിധികളായിരുന്ന എച്ച്.എൻ. ബഹുഗുണയും ജഗ്ജീവൻ റാമും കോൺഗ്രസ് വിട്ടതോടെ അവരുടെ ശക്തി ഇളകി. ഇവർ കോൺഗ്രസ് വിട്ടുപോയപ്പോൾ കേരളത്തിൽ അന്ന് കേട്ടിരുന്ന രസകരമായ മുദ്രാവാക്യം ഓർക്കുന്നു;
ജഗ്ജീവൻ പോയി, ജീവൻ പോയി,
ബഹുഗുണ പോയി, ഗുണവും പോയി.
സത്യത്തിൽ അതാണ് അന്ന് കോൺഗ്രസിന് സംഭവിച്ചത്. 1977-ലുണ്ടായ തകർച്ചയിൽനിന്ന് 1980-ലും പിന്നീട് ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും മരണശേഷവും കോൺഗ്രസ് തിരിച്ചുവന്നെങ്കിലും രാഷ്ട്രീയമായി 1977-ൽ പാർട്ടിക്കുണ്ടായ മുറിവുണങ്ങിയില്ല.

ഇന്ദിരാഗാന്ധിയോട് പലതരം വിയോജിപ്പുകൾ എനിക്കുണ്ട് എങ്കിലും, പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്തുന്ന കാര്യത്തിൽ വ്യക്തതയുള്ള ആളായിരുന്നു അവർ
ഇന്ദിരാഗാന്ധിയോട് പലതരം വിയോജിപ്പുകൾ എനിക്കുണ്ട് എങ്കിലും, പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്തുന്ന കാര്യത്തിൽ വ്യക്തതയുള്ള ആളായിരുന്നു അവർ

ഇന്ത്യയിലെ പ്രദേശിക പാർട്ടികൾ ശരിക്കും ഒ.ബി.സി പാർട്ടികളാണ്. ഈ ഒ.ബി.സി വിഭാഗങ്ങൾ തന്നെയാണ് ഇന്ത്യയിലെ കർഷകർ. ഇവർക്കൊപ്പം കർഷക തൊഴിലാളികളും ദലിതരും ചേർന്നാണ് സമാജ്‌വാദി പാർട്ടിയും ആർ.ജെ.ഡിയും ജനതാദളുമെല്ലാം ഉണ്ടായത്. ഇത്തരം പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്തുന്നതിലൂടെ, 1977-ലുണ്ടായ തകർച്ചയിൽനിന്ന് വലിയൊരു കുതിപ്പ് നടത്താൻ കോൺഗ്രസിനു കഴിഞ്ഞിരിക്കുന്നു.

ഇതോടൊപ്പം ഊന്നിപ്പറയേണ്ട ഒരു കാര്യമാണ്, പാർലമെന്റിലെ ഇടതുപക്ഷത്തിന്റെ ദയനീയ പ്രകടനം. മറ്റ് പ്രതിപക്ഷ പാർട്ടികളുടേതുമായി താരതമ്യം ചെയ്താൽ, ഇടതുപക്ഷത്തിന്റെ പ്രകടനം വട്ടപ്പൂജ്യമാണ് എന്നു കാണാൻ കഴിയും. എ.കെ.ജി മുതൽ സോമനാഥ് ചാറ്റർജി വരെയുള്ള പ്രഗൽഭർ ജവഹർലാൽ നെഹ്‌റുവിനെ വരെ ‘take on’ ചെയ്തിരുന്ന പാർലമെന്റാണിത്. ഇടതുപക്ഷത്തിന്റെ 25 പേർ വന്നാൽ, സഭയെയാകെ ഇളക്കിമറിക്കാൻ കഴിയുമായിരുന്നു. ഇപ്പോഴാകട്ടെ, ഇടതുപക്ഷത്തിന്റെ സ്വന്തം ശക്തിയിൽ ജയിച്ച ഒരൊറ്റയാൾ, കെ. രാധാകൃഷ്ണൻ മാത്രമല്ലേയുള്ളൂ, പാർലമെന്റിൽ. ബാക്കിയുള്ളവരെല്ലാം കോൺഗ്രസിന്റെയും ഡി.എം.കെയുടെയുമൊക്കെ സഹായത്താൽ വന്നവരല്ലേ? നല്ലൊരു പ്രസംഗം നടത്താൻ പോലുമാകാത്ത അവസ്ഥയിലാണിപ്പോൾ ഇടതുപക്ഷം. എവിടെയാണ് നമ്മുടെ ഇടതുപക്ഷം എന്ന ചോദ്യം, ഇത്തവണത്തെ പാർലമെന്റിലേക്കുനോക്കുമ്പോൾ എന്നെ അലട്ടുന്ന ചോദ്യമാണ്.

1977-ൽ കോൺഗ്രസിനുണ്ടായ തകർച്ചയെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ. 2024-ൽ ഇടതുപക്ഷത്തിന് അവരുടെ സ്വാധീനമേഖലയിലുണ്ടായ തകർച്ചയും ഒ.ബി.സി വിഭാഗത്തെ കൈവിട്ടതിലൂടെ സംഭവിച്ചതാണ്. ഇടതുപക്ഷത്തുനിന്ന് ചോർന്നുപോയത്, യഥാർഥത്തിൽ ഇടതുപക്ഷ വോട്ടുകളല്ല, ഒ.ബി.സി വോട്ടാണ്. കേരളത്തിൽ, മട്ടന്നൂരിലും തളിപ്പറമ്പിലും അഴീക്കോട്ടും പയ്യന്നൂരിലും സി.പി.എമ്മിന് നഷ്ടമായ വോട്ടുകൾ ഒ.ബി.സി വോട്ടാണ്. ഇടതുപക്ഷം വിരലിലെണ്ണാവുന്നതായി മാറിയതിനൊപ്പം ഏറെ പ്രതീക്ഷയോടെ വന്ന ബി.എസ്.പി പാർലമെന്റിൽ അപ്രത്യക്ഷമായിരിക്കുന്നു. ഒപ്പം, കോൺഗ്രസും പ്രാദേശിക പാർട്ടികളും ശക്തരാകുകയും ചെയ്തു.

മറുവശത്ത് എന്താണ് സംഭവിക്കുന്നത്? സ്വന്തം ഘടകകക്ഷികളുടെ കാര്യത്തിൽ ബി.ജെ.പിക്ക് ​നല്ല ​പേടിയുണ്ട്. സഖ്യകക്ഷികൾ സന്തുഷ്ടരല്ല. അവർ പരസ്യമായി തന്നെ പല കാര്യങ്ങളിലും വിമർശനമുന്നയിച്ചുതുടങ്ങിയിരിക്കുന്നു. ഇനി ചിലപ്പോൾ, എതിരാളികൾ പറയുന്നതുതന്നെ ബി.ജെ.പിക്ക് ആവർത്തിക്കേണ്ടിവരും, എതിരാളികളുടെ വായടപ്പിക്കാനുള്ള തന്ത്രമെന്ന നിലയ്ക്ക്. സാമൂഹിക നീതി, സംവരണം, ജാതി സെൻസസ് തുടങ്ങിയ വിഷയങ്ങളോടുള്ള ബി.ജെ.പിയുടെ സമീപനത്തിൽ ഇതിന്റെ സൂചന കാണാം.

രാഹുലും കോൺഗ്രസും പ്രതിപക്ഷവും ഉന്നയിക്കുന്ന ജാതി സെൻസസ്, ഇപ്പോൾ ഒരു ദേശീയ വിഷയമായി മാറുകയും അത് നടപ്പാക്കണമെന്ന സമവായത്തിന്റേതായ ഒരന്തരീക്ഷത്തിന്റെ സൂചനകൾ പ്രകടമാകുകയും ചെയ്തിരിക്കുന്നു.

രാഹുൽ- ഖാർഗേ കോമ്പിനേഷൻ

വർധിതവീര്യത്തോടെ രാഹുൽ ഗാന്ധി മുൻ ബഞ്ചിലേക്കു വന്നതാണ് ഒരു പ്രധാന കാര്യം. അതുപോലെ, ഇരു സഭകളുടെയും സംയുക്തയോഗത്തിൽ രാഹുലും ഖാർഗേയും ഒരുമിച്ച് മുൻബഞ്ചിലിരിക്കുകയാണ്. രാഹുൽ- ഖാർഗേ കോമ്പിനേഷനിൽ പൊളിറ്റിക്‌സ് മാത്രമല്ല, ഒരു ദീർഘകാല വീക്ഷണം കൂടിയുണ്ട്. കോൺഗ്രസ് വളരെ കൃത്യമായി ബാക്ക്‌വേഡ് പൊളിറ്റിക്‌സിലേക്ക് ചുവടുമാറ്റം നടത്തിയിരിക്കുന്നു എന്നതാണത്. ആ ചുവടുമാറ്റത്തിന്റെ തുടക്കങ്ങളിലൊന്നായിരുന്നു, 103-ാം ഭരണഘടനാഭേദഗതിയിലെ പ്രധാന ഭാഗം പ്രകടനപത്രികയിൽ dilute ചെയ്ത്, സാമ്പത്തിക സംവരണം എല്ലാ വിഭാഗങ്ങൾക്കും വേണം എന്നാക്കി ​പാർട്ടി മാറ്റിയത്. 2019-ൽ 103-ാം ഭരണഘടനാഭേദഗതി വന്നപ്പോൾ സീതാറാം യെച്ചൂരി മുതൽ ജയറാം രമേശ് വരെയുള്ളവർ അതിനെ പിന്താങ്ങുകയായിരുന്നുവെന്ന് ഓർക്കണം. 10 ശതമാനം മുന്നാക്ക സംവരണം അടിസ്ഥാനപരമായ സംവരണ തത്വങ്ങൾക്ക് എതിരാണെങ്കിലും ഇന്ന് അതൊരു യാഥാർഥ്യമാണ്. അതുകൊണ്ടുതന്നെ, അത് എല്ലാ വിഭാഗങ്ങൾക്കും എന്നാക്കി മാറ്റുന്നതുതന്നെ പ്രധാനമാണ്.
അതുപോലെയാണ് ജാതി സെൻസസ് എന്ന വിഷയവും. രാഹുലും കോൺഗ്രസും പ്രതിപക്ഷവും ഉന്നയിക്കുന്ന ജാതി സെൻസസ്, ഇപ്പോൾ ഒരു ദേശീയ വിഷയമായി മാറുകയും അത് നടപ്പാക്കണമെന്ന സമവായത്തിന്റേതായ ഒരന്തരീക്ഷത്തിന്റെ സൂചനകൾ പ്രകടമാകുകയും ചെയ്തിരിക്കുന്നു.

രാഹുൽ- ഖാർഗേ കോമ്പിനേഷനിൽ പൊളിറ്റിക്‌സ് മാത്രമല്ല, ഒരു ദീർഘകാല വീക്ഷണം കൂടിയുണ്ട്.
രാഹുൽ- ഖാർഗേ കോമ്പിനേഷനിൽ പൊളിറ്റിക്‌സ് മാത്രമല്ല, ഒരു ദീർഘകാല വീക്ഷണം കൂടിയുണ്ട്.

കേന്ദ്ര ബജറ്റിന്റെ ഭാഗമായി നടത്തുന്ന ഹൽവ സെറിമണിയിൽ (Halwa ceremony) ദലിതുകൾ എവിടെ എന്ന് ചോദിച്ചത് രാഹുൽ ഗാന്ധിയാണ്. ആ ചോദ്യത്തിനുമുന്നിൽ ധനകാര്യമന്ത്രി നിർമല സീതാരാമൻ മുഖം പൊത്തി. സമൂഹത്തിന്റെ എല്ലാ പോയിന്റുകളിലും പിന്നാക്കവിഭാഗങ്ങൾ അവഗണിക്കപ്പെടുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു രാഹുൽ.
നിയമപരമായി സംവരണം ലഭിക്കാത്ത ഒരിടത്തും പിന്നാക്കക്കാർക്ക് അർഹമായ പ്രാധാന്യം ലഭിക്കുന്നില്ല, രാജ്യസഭയിൽ പോലും.

കോൺഗ്രസിൽ ഇന്ദിരാഗാന്ധിക്കുശേഷം ആദ്യമാണ് ഒരു നേതാവ് ഇത് നേരിട്ടു പറയുന്നത്.
ഇതുപോലെ പ്രതീകാത്മകമായി കാണാവുന്ന മറ്റൊരു സംഭവം, മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിന് ​രാഹുൽ പോകാതിരുന്നതാണ്. അതൊരു വലിയ കാര്യമായി ഞാൻ കാണുന്നില്ല എങ്കിലും, ഇതിലൂടെ രാഹുൽ ഒരു വലിയ സന്ദേശം കൊടുക്കുകയായിരുന്നു, I am Different.
പണ്ട് പ്രതിപക്ഷം ആവർത്തിച്ചിരുന്ന രണ്ട് പേരുകളാണ് ടാറ്റ- ബിർള. ഇപ്പോഴത് അംബാനി- അദാനി എന്നായി. ഈ മൊണോപ്പോളിക്ക് എതിരാണ് താനും പാർട്ടിയും എന്നൊരു സന്ദേശം നൽകുകയായിരുന്നു രാഹുൽ.

കോൺഗ്രസ് പുരോഗമനപരമായി മാറിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പിന്നാക്കവിഭാഗങ്ങളുടെയും പാർട്ടിയായി അതിനെ കാണാം എന്ന സന്ദേശമാണ് നൽകാൻ ശ്രമിക്കുന്നത്.

അതുപോലെ രാഹുൽ നിരന്തരം ചായക്കടകളിലേക്കും ബാർബർ ഷാപ്പുകളിലേക്കും പോർട്ടർമാരുടെയും ചെറുകിട വ്യാപാരികളുടെയുമൊക്കെ അരികിലേക്കുപോകുന്നു. പ്രകടനാത്മകമാണ് എങ്കിൽ പോലും, ഇത്തരം മനുഷ്യരുടെ കൈപിടിക്കുന്നതിൽ വലിയൊരു ഗുണവശം കൂടിയുണ്ട്.

കോൺഗ്രസ് പുരോഗമനപരമായി മാറിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പിന്നാക്കവിഭാഗങ്ങളുടെയും പാർട്ടിയായി അതിനെ കാണാം എന്ന സന്ദേശമാണ് ഇതിലൂടെ നൽകാൻ ശ്രമിക്കുന്നത്.

രാഹുൽ പ്രധാനപ്പെട്ട ഒരു ദേശീയ നേതാവായി മാറിയിരിക്കുന്നു, പൊളിറ്റിക്കൽ കെമിസ്ട്രിയിലുള്ള മാറ്റം.
രാഹുൽ പ്രധാനപ്പെട്ട ഒരു ദേശീയ നേതാവായി മാറിയിരിക്കുന്നു, പൊളിറ്റിക്കൽ കെമിസ്ട്രിയിലുള്ള മാറ്റം.

ഇനിയുള്ള ഇന്ത്യൻ രാഷ്ട്രീയം കോൺഗ്രിന്റെ നേതൃത്വത്തിലുള്ള കേവലമായ ഒരു തെരഞ്ഞെടുപ്പു മുന്നണി മാത്രമായിരിക്കുകയില്ല, മറിച്ച് അത് കൃത്യമായ രാഷ്ട്രീയം പറയുകയാണ്. സാമൂഹിക നീതി, സംവരണം, പിന്നാക്ക- ദലിത് വിഷയങ്ങൾ എന്നിവ ഒരു പൊളിറ്റിക്കൽ അജണ്ടയായി മാറി. അതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഒറ്റ വാക്കിൽ പറഞ്ഞാൽ വി.പി. സിങിലൂടെ നഷ്ടപ്പെട്ടത് കോൺഗ്രസ് തിരിച്ചെടുത്തിരിക്കുന്നു. അതായത്, യഥാർഥ രാഷ്ട്രീയം കോൺഗ്രസ് വീണ്ടെടുത്തിരിക്കുന്നു. അതിലൂടെ, രാഹുൽ പ്രധാനപ്പെട്ട ഒരു ദേശീയ നേതാവായി മാറിയിരിക്കുന്നു, പൊളിറ്റിക്കൽ കെമിസ്ട്രിയിലുള്ള മാറ്റമാണിത്.

പത്തു വർഷം മുമ്പുള്ള രാഹുൽ ഗാന്ധിയല്ല,
പത്തു വർഷം മുമ്പുള്ള കോൺഗ്രസല്ല,
അതുകൊണ്ടുതന്നെ പത്തുവർഷം മുമ്പുള്ള പ്രതിപക്ഷവുമല്ല.


Summary: CMP Leader and Kerala Politician CP John analyzes how the change in Congress Party Opposition and Rahul Gandhi reflects in Parliament


സി.പി. ജോൺ

സി.എം.പി. ജനറൽ സെക്രട്ടറി. മാർക്‌സിന്റെ മൂലധനം: ഒരു വിശദവായന, കോവിഡ് 19: മനുഷ്യനും രാഷ്ട്രീയവും, റോസ ലക്‌സംബർഗ്: ജീവിതം, ദർശനം, Spectrum of Polity- View of an Indian Politician എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments