മധ്യപ്രദേശിലെ ഏക സീറ്റും നഷ്ടപ്പെട്ട് കോൺഗ്രസ്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങി സകല പ്രതാപവും കൊഴിഞ്ഞുപോയ കമൽനാഥിന്, മകനുവേണ്ടി ഒരു ഒറ്റയാൾ പോരാട്ടമാണ് ഇത്തവണ നടത്തേണ്ടിവന്നത്.

Election Desk

കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥി്‌ന്റെ മകൻ നകുൽ നാധിനെ തൊണ്ണൂറായിരത്തിൽ കൂടുതൽ വോട്ടുകൾക്ക് പിന്നിലാക്കി ബി ജെ പിയുടെ വിവേക് കുമാർ സാഹു. 2019-ൽ സംസ്ഥാനത്ത് കോൺഗ്രസിനെ തുണച്ച ഏക മണ്ഡലമായിരുന്നു ചിന്ദ്വാര. 37,536 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം സ്വന്തമാക്കിയ നകുലിന് ഇത്തവണ വിജയം ഉറപ്പിക്കാൻ കഴിഞ്ഞില്ല. നകുൽനാഥിനെ ഉയർത്തികാട്ടിയായിരുന്ന കോൺഗ്രസ് പ്രചാരണം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങി സകല പ്രതാപവും കൊഴിഞ്ഞുപോയ കമൽനാഥിന്, മകനുവേണ്ടി ഒരു ഒറ്റയാൾ പോരാട്ടമാണ് ഇത്തവണ നടത്തേണ്ടിവന്നത്. മുമ്പ് ഒപ്പമുണ്ടായിരുന്ന നേതാക്കളെല്ലാം അദ്ദേഹത്തെ കൈയൊഴിഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം പ്രാദേശിക നേതാക്കളടങ്ങുന്ന 5000-ഓളം പ്രവർത്തകരാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. സ്വന്തം കുടുംബത്തെ മണ്ഡലത്തിലിറക്കിയാണ് മകനുവേണ്ടി കമൽനാഥ് വോട്ട് ചോദിച്ചത്. എന്നാൽ, ആ വികാരപ്രകടനത്തെ ബി.ജെ.പി ശക്തമായി നേരിട്ടു.

ചിന്ദ്വാര ജില്ലയിലെ അമർവാഡ എം.എൽ.എ കമലേഷ് ഷായും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. തെരഞ്ഞെടുപ്പിനുതൊട്ടുമുമ്പ് കോൺഗ്രസ് നേതാവും ചിന്ദ്വാര മേയറുമായ വിക്രം അഹാകെയും ബി.ജെ.പിയിൽ ചേർന്നു. എന്നാൽ, ദിവസങ്ങൾക്കകം, ബി.ജെ.പിയിൽ തനിക്ക് ശ്വാസം മുട്ടുന്നുവെന്നും നകുൽ നാഥിന് വോട്ടുചെയ്യണമെന്നും അഭ്യർഥിച്ച് വിക്രം രംഗത്തുവന്നു.
ഇതോടൊപ്പം, കമൽനാഥും നകുലും ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹവും കാമ്പയിന്റെ അവസാന ലാപ്പിൽ മണ്ഡലത്തിൽ ശക്തമായിരുന്നു. രാജ്യസഭാംഗമാക്കണമെന്ന ആവശ്യത്തിന്മേൽ ഇടഞ്ഞുനിന്ന കമൽനാഥ് തന്നെ സ്വയം ഇത്തരമൊരു അഭ്യൂഹം ഇറക്കിവിട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ശക്തമായ തിരിച്ചടിയെ തുടർന്ന് പാർട്ടി ഹൈക്കമാൻഡ് കമൽനാഥിനെ കോൺഗ്രസിന്റെ നേതൃ പദവികളിൽ നിന്ന് നീക്കിയിരുന്നു. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളും കമൽനാഥിന്റെ സ്വാധീനം തീർത്തും ഇല്ലാതാക്കി. ചുരുക്കത്തിൽ, കമൽനാഥിനോടുള്ള സ്വന്തം പാർട്ടിയിലെ അതൃപ്തിയാണ് ചിന്ദ്വാര മണ്ഡലത്തി​ൽ മകന്റെ തോൽവിയിലൂടെ പ്രകടമായത്.

2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കമൽനാഥിനെതിരായ മത്സരിച്ചയാളാണ് വിവേക് സാഹു. അന്ന്, 36,000 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് കമൽനാഥിനെ കൊണ്ടുവരാൻ വിവേകിന് കഴിഞ്ഞു.

2019-ൽ സംസ്ഥാനത്തെ 29- ൽ 28 സീറ്റിലും ദയനീയമായ പരാജയപ്പെട്ട കോൺഗ്രസിന് ഏക ആശ്വാസമായിരുന്നു സിറ്റിങ് മണ്ഡലമായ ചിന്ദ്വാര. കോൺഗ്രസ് കാലങ്ങളായി പുലർത്തുന്ന സമഗ്രാധിപത്യം ദുർബലമായി വരികയുമായിരുന്നു. ക​ഴിഞ്ഞ തവണ എതിർ സ്ഥാനാർഥിയായിരുന്ന നാഥൻസാഹ കവ്രേതിയെ 37,536 വോട്ടിനാണ് നകുൽ തോൽപ്പിച്ചത്. 1980 മുതൽ തുടർച്ചയായ പത്ത് വർഷങ്ങളിൽ കമൽനാഥ് പ്രതിനിധീകരിച്ചിരുന്ന കോൺഗ്രസിന്റെ സ്വന്തം മണ്ഡലമാണ് ഇത്തവണ ബി.ജെ.പി സ്വന്തമാക്കിയത്. ചിന്ദ്വാര എം.പിയായിരുന്ന കമൽനാഥ് 2018-ൽ സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തിയതിനെതുടർന്നാണ് എം.പി സ്ഥാനം രാജിവച്ച് മുഖ്യമന്ത്രിയായത്.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി പരിഗണിച്ചിരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയവും ഇതിനോടൊപ്പം കൂട്ടിവായിക്കാം. 1989 വരെ കോൺഗ്രസിന് മാത്രം സ്ഥാനമുണ്ടായിരുന്ന സംസ്ഥാനമായിരുന്നു മധ്യപ്രദേശ്. എന്നാൽ, അതിനുശേഷം ബി ജെ പി കടന്നുവരാൻ തുടങ്ങി. 1990-ൽ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശ് പൂർണമായി പിടിച്ചെടുത്ത ബി ജെ പി 2024-ൽ ചരിത്രം ആവർത്തിക്കുകയാണ്.

Comments