മല്ലികാർജുർ ഖാർഗേ, സോണിയാ ഗാന്ധി, അധീർ രഞ്ചൻ ചൗധരി

മതം വ്യക്തിപരമായ കാര്യം, അയോധ്യയിലെ ചടങ്ങ് വോട്ടിനുവേണ്ടി- കോൺഗ്രസ്

''നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിന് പേർ ശ്രീരാമനെ ആരാധിക്കുന്നുണ്ട്. മതം എന്നത് വ്യക്തിപരമായ കാര്യമാണ്. എന്നാൽ, ആർ.എസ്.എസും ബി.ജെ.പിയും ഈ പരിപാടിയെ ഒരു രാഷ്ട്രീയ പദ്ധതിയാക്കി മാറ്റി’’- കോൺഗ്രസ് പ്രസ്താവനയിൽ പറയുന്നു.

Think

യോധ്യയിൽ ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും രാഷ്ട്രീയ പദ്ധതിയാണ് എന്ന കൃത്യമായ വിമർശനത്തോടെയാണ് കോൺഗ്രസ്, പരിപാടി ബഹിഷ്‌കരിക്കാനുള്ള നിലപാടെടുത്തത്. നിർമാണം പൂർത്തിയാകാത്ത ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത്, തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള തന്ത്രമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.

''നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിനുപേർ ശ്രീരാമനെ ആരാധിക്കുന്നു. മതം എന്നത് വ്യക്തിപരമായ ഒരു കാര്യമാണ്. എന്നാൽ, ബി.ജെ.പിയും ആർ.എസ്.എസും അയോധ്യയിലെ രാമക്ഷേത്രത്തെ മുൻനിർത്തി ഒരു രാഷ്ട്രീയ പദ്ധതി ഉണ്ടാക്കിയെടുത്തിരിക്കുകയാണ്. നിർമാണം പൂർത്തിയാകാത്ത ക്ഷേത്രം ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും നേതാക്കൾ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നത് വ്യക്തമായും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ്. 2019-ലെ സുപ്രീംകോടതി വിധി അംഗീകരിച്ചും ശ്രീരാമനെ ആരാധിക്കുന്ന ലക്ഷക്കണക്കിനുപേരുടെ വിശ്വാസം മാനിച്ചുമാണ്, ക്ഷണം നിരസിക്കുന്ന തീരുമാനമെടുത്തത്''- ജയറാം രമേഷിന്റെ പ്രസ്താവനയിൽ പറയുന്നു.

ജയറാം രമേഷ്

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗേ, സോണിയാ ഗാന്ധി, അധീർ രഞ്ചൻ ചൗധരി എന്നിവർക്കാണ് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നത്.

ദിവസങ്ങളായുള്ള കൂടിയാലോചനകൾക്കുശേഷമാണ് കോൺഗ്രസ് തീരുമാനത്തിലെത്തിയത്. ക്ഷണം ലഭിച്ചതുമുതൽ കോൺഗ്രസ് തീരുമാനമെടുക്കാനാകാതെ ആശയക്കുഴപ്പത്തിലായിരുന്നു. ക്ഷണം ലഭിച്ച വിവരം ആദ്യമായി പുറത്തുവിട്ട ദ്വിഗ് വിജയ് സിങ്, ക്ഷണം സോണിയാഗാന്ധി സന്തോഷത്തോടെ സ്വീകരിച്ചെന്നും അവരോ അവർ നിർദേശിക്കുന്ന സംഘമോ ചടങ്ങിൽ പങ്കെടുക്കുമെന്നും പറഞ്ഞു. എന്നാൽ, ഇതിനെതിരെ ഇന്ത്യ മുന്നണിയിലെ ചില പാർട്ടികൾ സമ്മർദം ചെലുത്തി. ഇതേതുടർന്നാണ് കോൺഗ്രസ് തീരുമാനം വൈകിപ്പിച്ചത്.

പല കോൺഗ്രസ് നേതാക്കളും ചില സംസ്ഥാന ഘടകങ്ങളും രാമക്ഷേത്ര ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കണമെന്ന അഭിപ്രായമുള്ളവരായിരുന്നു. മകരസംക്രാന്തിയോടനുബന്ധിച്ച് ജനുവരി 15 നുതന്നെ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് പോയി പ്രാർഥന നടത്തുമെന്ന് യു.പി കോൺഗ്രസ് ഘടകം അറിയിച്ചിരുന്നു. യു.പിയുടെ ചുമതലയുള്ള ദേശീയ സെക്രട്ടറി അവിനാശ് പാണ്ഡേയുടെ നേതൃത്വത്തിൽ യു.പിയിൽനിന്നുള്ള 100 കോൺഗ്രസ് നേതാക്കളാണ് രാമക്ഷേത്രത്തിൽ പ്രാർഥന നടത്തുക. ഉത്തരേന്ത്യയിലെ ചില കോൺഗ്രസ് നേതാക്കളും വ്യക്തിപരമായി ചടങ്ങിൽ പ​ങ്കെടുക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.

ദ്വിഗ് വിജയ് സിങ്

രാമക്ഷേത്ര പ്രതിഷ്ഠാ സമയത്ത് കർണാടക ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്താൻ കർണാടക ദേവസ്വം മന്ത്രി രാമലിംഗ റെഡ്ഢി ഉത്തരവിറക്കിയിരുന്നു. ഹൈക്കമാന്റിലെ ചില നേതാക്കളും ക്ഷണം സ്വീകരിക്കണമെന്ന അഭിപ്രായമുള്ളവരായിരുന്നു.

എന്നാൽ, അടുത്ത തെരഞ്ഞെടുപ്പിൽ, മുഖ്യ ശത്രു ബി.ജെ.പിയാണെന്നിരിക്കേ, അവർ വിരിച്ച വലയിൽകുടുങ്ങുന്നതിന് തുല്യമാകും അയോധ്യ യാത്ര എന്ന, ഇന്ത്യ മുന്നണിയിലെ തൃണമൂൽ കോൺഗ്രസ് അടക്കമുള്ള ഘടകകക്ഷികളുടെ വാദം കോൺഗ്രസ് അംഗീകരിക്കുകയായിരുന്നു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പാണ് ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കുന്നത്. ഏതെങ്കിലും ഹൈന്ദവ മത നേതാവിനുപകരം, പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ തീരുമാനിച്ചത്, വ്യക്തമായ രാഷ്ട്രീയാസൂത്രണത്തോടെയായിരുന്നു. രാമജന്മഭൂമി തീര്‍ഥ് ക്ഷേത്രയുടെ നേതൃത്വത്തിലുള്ള ക്ഷേത്രനിര്‍മാണ കമ്മിറ്റിയുടെ മേധാവിയായി പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മോദിയുടെ വിശ്വസ്തനുമായ നൃപേന്ദ്ര മിശ്രയെ തന്നെ നിയമിച്ചത്, ബി.ജെ.പിക്കും ആര്‍.എസ്.എസിനും പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു. ഈ നീക്കം മുന്നിൽ കണ്ടാണ്, ഇന്ത്യ മുന്നണിയിലെ പല ഘടകകക്ഷികളും ക്ഷണം നിരസിച്ചത്. സി.പി.എം അടക്കമുള്ള ഇടതുപാര്‍ട്ടികളാണ് ആദ്യം നിലപാട് വ്യക്തമാക്കിയത്.
'ഗിമ്മിക്ക് ഷോ' എന്നാണ് ചടങ്ങിനെ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി വിശേഷിപ്പിച്ചത്.
ക്ഷണിച്ചാല്‍ പോകുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് ഡിംപിള്‍ യാദവ് പറഞ്ഞിരുന്നു. ജാര്‍ക്കണ്ഡ് മുക്തിമോര്‍ച്ച അധ്യക്ഷന്‍ ഹേമന്ത് സോറനും ചടങ്ങില്‍ പങ്കെടുക്കണമെന്ന അഭിപ്രായക്കാരനാണ്.
സമാജ്‍വാദി പാർട്ടി ഇതുവരെ തീരുമാനം പറഞ്ഞിട്ടില്ല. അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുപോകാൻ തനിക്ക് ഒരു ക്ഷണം ആവശ്യമില്ലെന്നാണ് ഇന്ത്യ മുന്നണിയുടെ മറ്റൊരു നേതാവ് ശരത് പവാർ പറഞ്ഞത്. ഉദ്ദവ് താക്കറേ നയിക്കുന്ന ശിവസേനക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല.

കോണ്‍ഗ്രസ് തീരുമാനത്തെ വര്‍ഗീയമായ മുതലെടുപ്പിന് ഉപയോഗിക്കാനാണ് ബി.ജെ.പി നീക്കം. കോണ്‍ഗ്രസ് രാമക്ഷേത്രത്തിനും ശ്രീരാമനും എതിരാണ് എന്ന കാമ്പയിന്‍ ബി.ജെ.പി തുടങ്ങിക്കഴിഞ്ഞു. രാജ്യത്തെ ഏറ്റവും പഴയ പാര്‍ട്ടി 'രാമ വിരുദ്ധ' പാര്‍ട്ടിയാണെന്ന് ബി.ജെ.പി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള അസൂയയാണ് കോണ്‍ഗ്രസിനെന്നും ബി.ജെ.പി പറയുന്നു.

''കോണ്‍ഗ്രസ് തീരുമാനത്തില്‍ അല്‍ഭുതമില്ല. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അവര്‍ ഒരു നടപടിയും എടുത്തിട്ടില്ല. മാത്രമല്ല, ശ്രീരാമന്റെ അസ്തിത്വം പോലും നിഷേധിക്കുന്ന തരത്തിലുള്ള സത്യവാങ്മൂലമാണ് യു.പി.എ സര്‍ക്കാറിന്റെ കാലത്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്''- ബി.ജെ.പി വക്താവ് നളിന്‍ കോഹ്‌ലി പറഞ്ഞു. അയോധ്യയിലേക്കുള്ള ക്ഷണം നിരസിച്ചതിന് കോണ്‍ഗ്രസ് നിരാശപ്പെടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്. രാജ്യത്തെങ്ങും വൻ ആഘോഷമാണ് സംഘ്പരിവാർ പ്ലാൻ ചെയ്തിരിക്കുന്നത്. യു.പിയിൽ 22ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടും. രാജ്യമാകെ പരിപാടി ലൈവായി സംപ്രേഷണം ചെയ്യാനും പദ്ധതിയുണ്ട്.

Comments