അഭിജീത് ദീപ്‌കെ

സമരത്തെ
ഭിന്നിപ്പിക്കാനുള്ള
കേന്ദ്രഗൂഢാലോചന കരുതിയിരിക്കണമെന്ന്
അഭിജീത് ദീപ്‌കെ

‘‘പരസ്പരം സംശയിക്കാനും അവിശ്വസിക്കാനും നമ്മളെ പ്രേരിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഗൂഢാലോചനാ സിദ്ധാന്തങ്ങൾ നമ്മളെ ഭിന്നിപ്പിക്കാൻ അനുവദിക്കരുത്. ഒരുമിച്ചുനിൽക്കേണ്ട സമയത്ത് പരസ്പരം പോരടിക്കുന്നതിന്റെ കെണിയിൽ വീഴരുത്’’- അഭിജീത് ദീപ്‌കെ.

National Desk

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പ്രതിഷേധിക്കുന്നവരെ പരസ്പരം അകറ്റാൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കത്തിനെതിരെ കരുതിയിരിക്കണമെന്ന് CJP സ്ഥാപകൻ അഭിജിത് ദീപ്കേ. ഒരൊറ്റ ലക്ഷ്യത്തിനായി സമരം ചെയ്യുന്നവർക്കിടയിലെ പരസ്പര ആരോപണങ്ങളും ഭിന്നതകളും പോരാട്ടത്തിന്റെ ഐക്യത്തെത്തന്നെ ചോദ്യം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒക്ടോബർ 10-ന് കോക്റോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിനുനേരെ വ്യാപക പൊലീസ് നടപടികളും അറസ്റ്റുകളുമുണ്ടായി. 12-ന് ഇന്ത്യ സഖ്യം നടത്തിയ മാർച്ചിൽ അതേ തരത്തിലുള്ള നടപടികളുണ്ടായില്ലെന്ന നിരീക്ഷണമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. പ്രതിഷേധങ്ങളോടുള്ള ഇത്തരം വ്യത്യസ്ത സമീപനങ്ങൾ സമരസംഘങ്ങൾക്കിടയിൽ പരസ്പര സംശയവും അവിശ്വാസവും സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

''സി.ജെ.പി.ക്ക് പ്രതിഷേധിക്കാൻ അനുമതി ലഭിച്ചപ്പോൾ, ഞങ്ങൾ ബി.ജെ.പി.യുടെ ഒത്താശയോടെ രംഗത്തിറങ്ങിയവരാണെന്ന ഗൂഢാലോചനാ സിദ്ധാന്തം പ്രചരിപ്പിക്കാൻ പലരും തിടുക്കം കാട്ടി. ഈ തന്ത്രങ്ങൾ തിരിച്ചറിയണമെന്നാണ് എനിക്ക് എല്ലാവരോടും അഭ്യർഥിക്കാനുള്ളത്. ഇന്ന് ഒരു പ്രതിഷേധത്തിന് അവർ അനുമതി നൽകിയേക്കാം; മറ്റൊന്നിനെ അടിച്ചമർത്തിയേക്കാം. നാളെ ഇതിന്റെ വിപരീതവും സംഭവിക്കാം. അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യുന്നതിനുപകരം പരസ്പരം സംശയിക്കാനും അവിശ്വസിക്കാനും നമ്മളെ പ്രേരിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഗൂഢാലോചനാ സിദ്ധാന്തങ്ങൾ നമ്മളെ ഭിന്നിപ്പിക്കാൻ അനുവദിക്കരുത്. ഒരുമിച്ചുനിൽക്കേണ്ട സമയത്ത് പരസ്പരം പോരടിക്കുന്നതിന്റെ കെണിയിൽ വീഴരുത്. ഗ്യാനേഷ് കുമാറിനും അദ്ദേഹത്തെ സംരക്ഷിക്കുന്നവർക്കുമെതിരെയാണ് നമ്മുടെ പോരാട്ടം. ആ ലക്ഷ്യം മറന്നുപോകരുത്’’- എക്‌സിലെ പോസ്റ്റിൽ ദീപ്‌കെ വ്യക്തമാക്കി.

ഇന്ത്യാ സഖ്യ നേതാക്കൾ യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുന്നു.
ഇന്ത്യാ സഖ്യ നേതാക്കൾ യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുന്നു.

തിങ്കളാഴ്ച പ്രതിപക്ഷം നടത്തിയ ‘ദൽഹി ചലോ’ മാർച്ചിൽ സി.ജെ.പി പ​ങ്കെടുക്കാത്തതിൽ ബി.ജെ.പി കേന്ദ്രങ്ങളിൽനിന്ന് പരിഹാസങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ദീപ്കേയുടെ പോസ്റ്റ്.

ദൽഹിയിൽ, പ്രതിപക്ഷത്തിന്റെ സുപ്രീംകോടതി മാർച്ചിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ, CJP ആർ.എസ്.എസ്. പദ്ധതിയാണെന്ന സി.പി.എം നേതാവ് പി. സരിന്റെ പരാമർശം വിവാദമായിരുന്നു. എസ്.എഫ്.ഐയും സി.പി.എമ്മും സി.ജെ.പി.യുടെ സമരത്തിനൊപ്പം അണിചേർന്നതിന് പിന്നാലെയായിരുന്നു സരിന്റെ പരാമർശം. ജന്തർ മന്തറിൽ സമരം ചെയ്യാൻ സി.ജെ.പി. അനുമതി തേടുന്നത് നാടകമാണെന്നും സംഘടനയുടെ ലക്ഷ്യങ്ങൾ സംശയാസ്പദമാണെന്നും സരിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിവാദമായപ്പോൾ തന്റെ പരാമർശം പാർട്ടി നിലപാടല്ലെന്ന് തിരുത്തിയ സരിൻ, ഖേദം പ്രകടിപ്പിച്ചിരുന്നു.

ഇന്ന് ഇന്ത്യ മുന്നണിയുടെ​ നേതൃത്വത്തിൽ തുടർസമരത്തെക്കുറിച്ച് ആലോചിക്കാൻ ചേർന്ന യോഗത്തിലും തുടർന്നുള്ള വാർത്താസമ്മേളനത്തിലും സഖ്യത്തിലെ ഘടകകക്ഷികൾക്കുപുറമേ, വിദ്യാർത്ഥി- യുവജന സംഘടനാപ്രതിനിധികളും പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് അടക്കമുള്ള പൗരാവകാശപ്രവർത്തകരും പ​ങ്കെടുത്തത്, ​പ്രതിപക്ഷ സമരത്തിന്റെ കെട്ടുറപ്പിന് ഒന്നുകൂടി അടിവരയിടുന്നതായി. തൊഴിലാളി- കർഷക സംഘടനാ പങ്കാളിത്തത്തോടെ സമരം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനവും ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലുണ്ടായി.

Comments