പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ, മുഖ്യമന്ത്രി മമതാ ബാനർജി നന്ദിഗ്രാമിൽ പരാജയപ്പെട്ടത്, മുഖ്യമന്ത്രിയാകാനുള്ള അവരുടെ സാധ്യതക്ക് മങ്ങലേൽപ്പിക്കില്ല. തെരഞ്ഞെടുപ്പിൽ തോറ്റാലും, ഭൂരിപക്ഷം ലഭിച്ച പാർട്ടിയുടെ നേതാവ് എന്ന നിലയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിൽ മമതാ ബാനർജിക്ക് ഭരണഘടനാപരമായ തടസമില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 164 (4) പ്രകാരമാണ് ഇത് സാധൂകരിക്കപ്പെടുന്നത്.
‘ആറുമാസം തുടർച്ചയായി നിയമസഭാംഗമല്ലാത്ത മന്ത്രി ആറുമാസം കഴിയുന്നപക്ഷം മന്ത്രിയായി തുടരാൻ പാടില്ല' എന്നാണ് ആർട്ടിക്കിൾ 164(4) പറയുന്നത്. അതായത് സഭയിൽ അംഗമല്ലാതെ ആറുമാസം മുഖ്യമന്ത്രിയായി തുടരുന്നതിൽ മമതാ ബാനർജിക്കു തടസമില്ല. എന്നാൽ ആറുമാസത്തിനുള്ളിൽ ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് ജയിച്ച് സഭയിലെത്തണം.
ആദ്യമായല്ല ചരിത്രത്തിൽ ഇത്തരമൊരു സംഭവമുണ്ടാകുന്നത്. 1970ൽ ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായി അധികാരമേറ്റ ത്രുഭുവൻ നരൈൻ സിങ്ങ് നിയമസഭയിൽ അംഗമല്ലായിരുന്നു. ടി.എൻ. സിങ്ങിന്റെ നിയമനം വലിയ നിയമപോരാട്ടത്തിനു വഴിവെക്കുകയും ചെയ്തിരുന്നു. യു.പി നിയമസഭയിൽ അംഗമല്ലാതിരിക്കെ ടി.എൻ സിങ്ങിനെ മുഖ്യമന്ത്രിയായി നിയമിച്ചത് ചോദ്യം ചെയ്തായിരുന്നു ഹർഷരൺ വർമ എന്നയാൾ കോടതിയെ സമീപിക്കുകയായിരുന്നു. ആർട്ടിക്കിൾ 164 (4)ൽ പരാമർശിക്കുന്നത് മന്ത്രിയെന്നാണെന്നും മുഖ്യമന്ത്രിയ്ക്ക് ഇത് ബാധകമാവില്ലെന്നുമായിരുന്നു ഹരജിയിലെ വാദം. 1971ലാണ് ഹർഷരൺ വർമ Vs ത്രിഭുവൻ നരൈൻ സിങ് കേസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. നിയമസഭയിൽ അംഗമല്ലാതിരിക്കെ ഒരു വ്യക്തിയെ മുഖ്യമന്ത്രിയായി നിയമിക്കാൻ ആർട്ടിക്കിൾ 164(4) അനുവദിക്കുന്നുണ്ടെന്ന് ആസ്ത്രേലിയയിലെയും ദക്ഷിണാഫ്രിക്കയിലെയും ഭരണഘടനയിലെ സമാനമായ ചട്ടങ്ങളും ഭരണഘടനാ നിർമ്മാണ സഭയിൽ ഇതുസംബന്ധിച്ച ചർച്ചകളും പരിശോധിച്ച് കോടതി വിധിക്കുകയാണുണ്ടായത്. അങ്ങനെ സംസ്ഥാനത്തിലെ ഒരു സഭയിലും അംഗമല്ലാതെ തന്നെ ത്രിഭുവൻ നരൈൻ സിങ് മുഖ്യമന്ത്രിയായി.
തെരഞ്ഞെടുപ്പിൽ തോറ്റിട്ടോ അല്ലെങ്കിൽ നിയമസഭാംഗമാകാതെയോ മുഖ്യമന്ത്രി പദത്തിലെത്തിയതിന് ഇനിയും ഉദാഹരണങ്ങളുണ്ട്. മമതാ ബാനർജിയുടെ കാര്യം തന്നെ പറയുകയാണെങ്കിൽ ബംഗാളിൽ ആദ്യം മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന സമയത്ത് മമതാ ബാനർജി നിയമസഭാ അംഗമായിരുന്നില്ല. ലോക്‌സഭാ മെമ്പറായിരുന്ന മമത മുഖ്യമന്ത്രിയാവുകയും 2011 സെപ്റ്റംബറിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. ഏറ്റവുമൊടുവിലത്തെ ഉദാഹരണം, 2021 മാർച്ച് പത്തിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയ തീരഥ് സിങ് റാവത്ത് നിയമസഭയിൽ അംഗമല്ലാതിരിക്കെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നത്.
2017ൽ യു.പി മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്ന സമയത്ത് യോഗി ആദിത്യനാഥും യു.പി നിയമസഭയിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം യു.പി ലജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായി കൊണ്ടാണ് യോഗി അധികാരത്തിൽ തുടർന്ന്. ആ വർഷം അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. യു.പിയ്ക്കു പുറമേ മഹാരാഷ്ട്ര, ബീഹാർ, യു.പി, തെലങ്കാന, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലുകൾ ഉള്ളത്. രാജ്യസഭയിലേതിനു സമാനമായ തെരഞ്ഞെടുപ്പ് സംവിധാനങ്ങളാണ് ലെജിസ്ലേറ്റീവ് കൗൺസിലിന്റേത്.
1969 നവംബറിൽ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി. അച്യുതമേനോനും അന്ന് നിയമസഭയിൽ അംഗമായിരുന്നില്ല. 1970 ഏപ്രിലിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണുണ്ടായത്.
1952ൽ അന്ന് സ്റ്റേറ്റ് ഓഫ് ബോംബെ എന്ന് അറിയപ്പെട്ടിരുന്ന മഹാരാഷ്ട്രയും ഗുജറാത്തും ചേർന്ന സംസ്ഥാനത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയുണ്ടായി. 1977ൽ പ്രധാനമന്ത്രിയായ കോൺഗ്രസ് നേതാവ് മൊറാർജി ദേശായി അന്നത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. എന്നാൽ ഏറെ സ്വാധീനശക്തിയുള്ള നേതാവിനെ സർക്കാറിനു പുറത്തുനിർത്താൻ താൽപര്യമില്ലാതിരുന്ന കോൺഗ്രസ് അദ്ദേഹത്തെ ബോംബെ കോൺഗ്രസ് ലജിസ്ലേച്ചർ പാർട്ടിയുടെ നേതാവായി തെരഞ്ഞെടുക്കുകയും മുഖ്യമന്ത്രിയായി നിയമിക്കുകയും ചെയ്തിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ തോറ്റാലോ?
1970ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ത്രിഭുവൻ നാരായൺ സിങ് ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും തുടർന്ന് സ്ഥാനം രാജിവെക്കുകയും ചെയ്തു. 2009ൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്റെ കാര്യത്തിലും ഇങ്ങനെ സംഭവിച്ചു. താമർ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു. തുടർന്ന് രണ്ടാമതൊരു ആറുമാസം കൂടി മുഖ്യമന്ത്രിയായി തുടരാനും അതിനിടയിൽ തെരഞ്ഞെടുക്കപ്പെടാനുമുള്ള അദ്ദേഹത്തിന്റെ ശ്രമം സഖ്യകക്ഷിയായ കോൺഗ്രസ് ശക്തമായി എതിർക്കുകയും തുടർന്ന് അദ്ദേഹം രാജിവെക്കുകയും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയുമാണുണ്ടായത്.