2014- ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തിയശേഷമാണ് ‘ഗോരക്ഷാ’ സംഘങ്ങളുടെ ആൾക്കൂട്ട ആക്രമണങ്ങളും കൊലകളും വ്യാപകമായത്. 2015 സപ്തംബർ 28 ന് ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗർ ജില്ലയിലെ ദാദ്രിയിൽ പശുവിനെ മോഷ്ടിച്ച് കൊന്നുവെന്നാരാപേിച്ച് മുഹമ്മദ് അഖ്‌ലക്കിനെ ക്രൂരമായി കൊലപ്പെടുത്തി. ഈ സംഭവം ആൾക്കൂട്ട ആക്രമണത്തിന്റെ തുടക്കമായിരുന്നു. അതിനു ശേഷം രാജ്യത്തിന്റൈ പലഭാഗത്തും ആൾക്കൂട്ട ആക്രമണങ്ങളും കൊലകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
നരേന്ദ്രമോദി സർക്കാർ മൂന്നാമതും അധികാരമേറ്റതിന് തൊട്ടുപുറകേ, പശുവിന്റെ പേരിലുള്ള ആൾക്കൂട്ട ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഛത്തീസ്ഗഢിൽ പശുക്കടത്ത് ആരോപിച്ച് മൂന്ന് മുസ്‍ലിം യുവാക്കളെ തല്ലിക്കൊന്ന സംഭവമാണ് ഏറ്റവും ഒടുവിലത്തേത്ത്. ഛത്തീസ്ഗഢിലെ റായ്പൂരിനടുത്തുള്ള ആരംഗിൽ ജൂൺ ഏഴിന് പുലർച്ചെയായിരുന്നു സംഭവം. ഉത്തർപ്രദേശ് സ്വദേശികളായ ഗുഡ്ഡു ഖാൻ, ചന്ദ് മിയ ഖാൻ, സദ്ദാം ഖുറേഷി എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ ഇവരിൽ ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സദ്ദാം ഖുറേഷി എന്നയാൾ ചികിത്സയിലായിരുന്നു. പത്താം ദിവസമാണ് സദ്ദാം ഖുറേഷി മരിച്ചത്.
മഹാസമുന്ദിലെ ഒരു ഗ്രാമത്തിൽ നിന്ന് എരുമകളുമായി ഒഡിഷയിലെ മാർക്കറ്റിലേക്ക് പോവുന്നതിനിടെയായിരുന്നു അക്രമിസംഘം ഇവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. മഹാനദി പാലത്തിന് സമീപം വാഹനം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ട്രക്ക് പിന്തുടർന്ന് എത്തിയ യുവാക്കളുടെ സംഘമായിരുന്നു ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറഞ്ഞത്. ക്ഷേത്രനഗരിയായ അറംഗിൽ ജൂൺ ഏഴിനായിരുന്നു സംഭവം.
സംഭവത്തിൽ ബിജെപി പ്രവർത്തകനും ബി എം എസ് മഹാസമുന്ദ് ജില്ലാ ഉപാധ്യക്ഷനുമായ രാജാ അഗർവാൾ, ഹരീഷ് മിശ്ര എന്നിവർ പിടിയിലായിട്ടുണ്ട്. കൊലപാതകത്തിൽ പങ്കാളികളായ മറ്റ് നാലു പ്രതികൾ ഒളിവിലാണ്. സംഭവത്തിൽ, ഐ പി സി 304 (കുറ്റകരമായ നരഹത്യ), 308 (കുറ്റകരമായ നരഹത്യാശ്രമം) 34, എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവന്നതോയാണ് പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യാൻ തയ്യാറായത്. എന്നാൽ, മനഃപൂർവമല്ലാത്ത നരഹത്യ അടക്കം ദുർബലവകുപ്പാണ് ചുമത്തിയത്. ആൾക്കൂട്ടക്കൊലകൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന സുപ്രീംകോടതി മാർഗനിർദേശം നിലനിൽക്കെ കൊലപാതകികളെ രക്ഷിക്കാനുള്ള നീക്കമാണിതെന്ന വിമർശനവും ഉയരുന്നുണ്ട്. അറസ്റ്റിനെതിരെ പ്രതിഷേധവുമായി ബജ്‌രംഗ്ദളും രംഗത്തെത്തിയിട്ടുണ്ട്.
ഗുജറാത്തിലും പശുക്കടത്ത് ആരോപിച്ചുള്ള കൊലപാതകം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം മെയ് 23നായിരുന്നു സംഭവം. കാലിക്കച്ചവടക്കാരനായ 40 വയസ് പ്രായമുള്ള മിശ്രിഖാൻ ബലോച്ച് എന്നയാളെയാണ് കന്നുകാലികളെ ചന്തയിലേക്ക് കൊണ്ടുപോവുന്ന വഴിയിൽ തടഞ്ഞുവെച്ച് അഞ്ചംഗ അക്രമിസംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. ഖാന്റെ കൂടെയുണ്ടായിരുന്ന ഹുസൈൻ ഖാൻ ഓടിരക്ഷപ്പെട്ടു. അഖിരാജ് സിങ്, പർബത് സിങ് വഗേല, നികുൽസിങ്, ജഗത്സിങ്, പ്രവിൻസിങ്, ഹമീർഭായ് താക്കൂർ എന്നിവരാണ് കേസിലെ പ്രതികൾ. 2023 ജൂലൈയിൽ പോത്തുകളെ കൊണ്ടുപോവുകയായിരുന്ന വ്യാപാരിയെ ആക്രമിക്കുകയും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തതുൾപ്പെടെ അഖിരാജിനെതിരെ കേസുകളുണ്ട്.
തെലങ്കാനയിലെ മേദക് ജില്ലയിൽ ബലിപെരുന്നാൾ ദിവസം മൃഗബലി നടത്തിയെന്നാരോപിച്ച് ഒരു മദ്രസയിൽ ആൾക്കൂട്ടം നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പൊലീസ് സാന്നിധ്യത്തിലായിരുന്നു അക്രമികൾ കലാപം അഴിച്ചുവിട്ടത്. കന്നുകാലിയെ കൊണ്ടുപോകുന്നത് 'ഗോരക്ഷകർ' തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. ഇരുവിഭാഗമായി തിരിഞ്ഞ് കല്ലേറുണ്ടായി. കടകളും ഒരു ആശുപത്രിയും ആക്രമിക്കപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
മധ്യപ്രദേശിലെ മണ്ട്‌ലയിൽ ഫ്രിഡ്ജിൽ ബീഫ് കണ്ടെത്തിയതിനെ തുടർന്ന് മുസ്‌ലിംങ്ങളുടെ 11 വീടുകൾ പൊലീസിന്റെ നേതൃത്വത്തിൽ ബുൾഡോസർ കൊണ്ട് പൊളിച്ചു മാറ്റിയിരുന്നു. നിയമവിരുദ്ധമായി ബീഫ് കച്ചവടം നടത്തിയ പ്രതികൾ സർക്കാർ ഭൂമിയിൽ നിയമം ലംഘിച്ച് നിർമ്മിച്ച വീടുകളാണ് പൊളിച്ചതെന്നായിരുന്നു പൊലീസ് വാദം.
ബൈൻവാഹി മേഖലയിൽ ഇറച്ചിയാക്കാനായി പശുക്കളെ കെട്ടിയിട്ടിരിക്കുകയാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പ്രദേശത്ത് പരിശോധന നടത്തിയെന്ന് പറഞ്ഞ പൊലീസ് വീടുകളിലെ ഫ്രിഡ്ജിൽ നിന്ന് ബീഫ് കണ്ടെത്തിയെന്നും 150 പശുക്കളെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയെന്നും ആരോപിച്ചു. പിടിച്ചെടുത്ത മാംസത്തിന്റെ ഡിഎൻഎ പരിശോധനയ്ക്കായി ഹൈദരാബാദിലേക്ക് അയച്ചു. ഒരാളെ പിടികൂടി. പത്തുപേർക്കുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.