മൂന്നു പതിറ്റാണ്ടുകഴിഞ്ഞിട്ടും മാറിയില്ല, ‘രാം കെ നാം’ പേടി

ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയോടുള്ള പൗരസമൂഹത്തിന്റെ പ്രതിഷേധങ്ങളിൽ, വ്യാപകമായി പ്രദർശിപ്പിക്കപ്പെട്ട സിനിമയായിരുന്നു ‘രാം കെ നാം’. ഈ സിനിമയുടെ പ്രദർശനവും അതിന് മുൻകൈയെടുത്തവരും സംഘ്പരിവാറുകാരാൽ ആക്രമിക്കപ്പെട്ടു, പ്രദർശനം വിലക്കപ്പെട്ടു. മൂന്നു പതിറ്റാണ്ടിനിപ്പുറവും ഒരു സിനിമ എന്തുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ പ്രതിഷേധത്തിന്റെ കേന്ദ്ര ബിന്ദുവാകുന്നുവെന്ന് പരിശോധിക്കുന്നു.

1997-ൽ ദൂരദർശനിലൂടെയാണ് രാം കെ നാം എന്ന സിനിമ ആദ്യമായി കണ്ടത്. കാണുമ്പോൾ തന്നെ കയ്യിലുണ്ടായിരുന്ന വി.സി.ആർ. ഉപയോഗിച്ച് ഒരു വീഡിയോ കാസെറ്റിൽ ഈ സിനിമ റെക്കോഡ് ചെയ്തെടുത്തു. തുടർന്ന് നാട്ടിലും പരസരപ്രദേശങ്ങളിലും ആ കാസെറ്റുപയോഗിച്ച് പ്രദർശിപ്പിക്കുകയുണ്ടായി. അന്ന് അത് കണ്ടവർക്കെല്ലം ഉണ്ടായിരുന്ന ഒരഭിപ്രായം, ഈ സിനിമ 1992 ഡിസംബർ 6നുമുമ്പായി ഇന്ത്യ മുഴുവൻ കാണിക്കണമായിരുന്നു എന്നതായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്നായിപ്പോയേനെ എന്ന കാര്യത്തിൽ അവരിൽ ഒട്ടുമിക്കയാളുകൾക്കും ഏതാണ്ട് സമാനാഭിപ്രായം തന്നെയായിരുന്നു. ഇന്നത്തെപ്പോലെ സാമൂഹ്യമാധ്യമങ്ങളോ, നിരന്തരസ്വാധീനം ചെലുത്തുന്നതിനുള്ള സംവിധാനങ്ങളോ വ്യാപകമല്ലാതിരുന്ന കാലത്ത് രാമായണവും മഹാഭാരതവും പോലുള്ള നെടുനീളൻ ഹിന്ദുത്വ പരമ്പരകൾ മണ്ണൊരുക്കിക്കഴിഞ്ഞിരുന്ന ഒരു ദേശത്താണ് ഈ സിനിമ, അത് സ്വാഭാവികമായും വരേണ്ടിയിരുന്ന കാലത്തിനും എത്രയോ വർഷങ്ങൾക്കുശേഷം പ്രക്ഷേപണം ചെയ്യപ്പെട്ടത്. എന്നാലും ആ സിനിമ സമൂഹത്തിലെ ഒരു വിഭാഗത്തെ വ്യാപകമായി സ്വാധീനിച്ചിരുന്നു.

രാം കെ നാം എന്ന സിനിമ ഇന്ത്യൻ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്; ഒരുപക്ഷെ ചരിത്രത്തിന്റെ ദിശ തന്നെ മാറ്റാനുള്ള ശേഷിയുണ്ടായിരുന്ന ഒന്ന്. ഇന്ത്യയിലെ തീവ്രഹിന്ദുത്വത്തിന്റെ വളർച്ചയെയും അത് എത്തിനിൽക്കുന്ന ആക്രാമകമായ അവസ്ഥയെയും വളരെ വ്യക്തമായി പഠിക്കുന്ന, വരാൻ പോകുന്ന കാര്യങ്ങളെ അങ്ങേയറ്റത്തെ ദീർഘദർശിത്വത്തോടെ വ്യക്തമാക്കുന്ന സിനിമയായിരുന്നു അത്. ആ ചിത്രം കാണുന്ന ഒരാൾക്ക് ബാബറി മസ്ജിദ് തകർക്കപ്പെടും എന്ന് ആശങ്കക്കയ്ക്കിടയില്ലാത്ത വിധം മുന്നറിയിപ്പ് തരുന്ന ചിത്രമാണത്. കാലാവസ്ഥാ മുന്നറിയിപ്പുകൾക്ക് കൊടുക്കുന്ന പരിഗണനയെങ്കിലും ഈ കലാകാരമുന്നറിയിപ്പിന് രാഷ്ട്രീയസമൂഹം നൽകിയിരുന്നുവെങ്കിൽ ഇന്ന് ഇന്ത്യയുടെ ചരിത്രം വേറൊന്നായി മാറിയേനെ.

ആനന്ദ് പട് വർധൻ

ആനന്ദ് പട് വർധൻ എന്ന സംവിധായകൻ ഒരു ആക്റ്റിവിസ്റ്റ് കൂടിയാണ്. സിനിമ എന്ന മാധ്യമത്തിലൂടെ ഈ സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളെ അദ്ദേഹം ഗൗരവത്തോടെ പഠിക്കുകയും മറ്റുള്ളവർക്ക് കാണിച്ചുതരികയും ചെയ്തു. വർഗിയതയുടെ പശ്ചാത്തലത്തിൽ - പ്രത്യേകിച്ച് ഹിന്ദു ഭൂരിപക്ഷ വർഗിയതയുടെ പ്രത്യേക പശ്ചാത്തലത്തിൽ - അദ്ദേഹം മൂന്നു സിനിമകൾ എടുത്തിട്ടുണ്ട്. വർഗീയതക്കെതിരായ ഈ ചിത്രത്രയത്തിലെ രണ്ടാമത്തെ സിനിമയാണ് രാം കെ നാം. 1990-ൽ ഇറങ്ങിയ ഇൻ മെമ്മറി ഒഫ് ഫ്രന്റ്സ് ആണ് ഇതിലെ ആദ്യചിത്രം. 1995-ൽ പുറത്തുവന്ന പിതാവും പുത്രനും വിശുദ്ധയുദ്ധവും (Father, Son, and Holy War) എന്ന ചിത്രം ഈ പരമ്പരയിലെ മൂന്നാമത്തെ ചിത്രവുമാണ്. എന്നാൽ ഈ ചിത്രത്തിലെ മറ്റ് രണ്ട് ചിത്രങ്ങളിലുപരി, പുറത്തുവന്ന കാലവുമായി ബന്ധപ്പെടുത്തി നോക്കുകയാണെങ്കിൽ, ഏറ്റവും പ്രാധാന്യമർഹിക്കുന്ന ചിത്രം 1992-ൽ പുറത്തുവന്ന രാം കെ നാം ആണ്.

1949-ൽ ബാബറി മസ്ജിദിനകത്ത് രാമവിഗ്രഹം കൊണ്ടിടുന്നതുമുതൽ ഈ മസ്ജിദ് തകർക്കപ്പെടുന്നതിന് അല്പദിവസങ്ങൾ മുമ്പുവരെ, ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ അരങ്ങിലും അണിയറയിലും നടന്ന കാര്യങ്ങൾ കൃത്യതയോടെ വരച്ചിടുന്ന ഈ ചിത്രത്തിന് അന്ന് ദൂരദർശൻ പ്രദർശനാനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട് വർഷങ്ങൾ നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കുന്നതും ദൂരദർശനിൽ പ്രൈം ടൈമിൽ പ്രദർശിപ്പിക്കുന്നതും. പക്ഷേ, അപ്പോഴേക്കും സമയം ഒരുപാട് വൈകിപ്പോയിരുന്നു. ഈ ചിത്രം പലരുടെയും കണ്ണ് തുറപ്പിക്കുന്ന ഒന്നായിരുന്നുവെങ്കലും ആ ചിത്രത്തിന് രാഷ്ട്രീയ- സാംസ്കാരിക മേഖലയിൽ വലിയ സ്വാധീനമാകാൻ കഴിഞ്ഞില്ലെന്ന് ഇന്ന്, 2024, നമ്മളോട് പറയുന്നു.

വിവേകത്തിന് തരിമ്പും ഇടം നൽകാത്ത വ്യാജവാർത്തകളിലൂടെയും തെറ്റായ വിവരങ്ങളിലൂടെയും നുണപ്രചാരണങ്ങളിലൂടെയും എന്തു കളികൾക്കും ഉതകുന്ന വിധത്തിലുള്ള ‘അതിഗംഭീരമായ’ ഒരു സ്റ്റേജ്, പള്ളി തകർത്ത ശേഷമുള്ള ഒരു മുപ്പത് വർഷക്കാലയളവുകൊണ്ട് തീവ്രഹിന്ദുക്കൾ ഇവിടെ ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. അങ്ങനെയൊരിടത്ത് യുക്തിക്കോ, സാമാന്യബുദ്ധിക്കോ, തിരിച്ചറിവുകൾക്കോ, പരസ്പരധാരണകൾക്കോ, സത്യത്തിനുതന്നെയോ യാതൊരു സ്ഥാനവുമില്ലാതായിരിക്കുന്നു. മുകളിൽ നിന്ന് കെട്ടിയിറക്കുന്ന, യാതൊരടിസ്ഥാനവുമില്ലാതെ പരത്തിവിടുന്ന ഊഹാപോഹങ്ങൾക്കും തെറ്റായ വിവരങ്ങൾക്കും നുണകൾക്കും മാത്രമാണിവിടെ പ്രാധാന്യം. രാമൻ ജനിച്ചത് എപ്പോഴാണെന്ന് ചോദിക്കുമ്പോൾ എത്രയോ നൂറ്റാണ്ടുകൾക്കുമുമ്പ് എന്നോ എത്രയോ യുഗങ്ങൾക്കുമുമ്പ് എന്നോ കാലങ്ങൾക്കുമുമ്പ് എന്നുമൊക്കെ മറുപടി പറയുന്ന മനുഷ്യർക്കെല്ലാം രാമൻ ജനിച്ചത് എവിടെയാണെന്ന ചോദ്യത്തിന് ഒറ്റ മറുപടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാബറി മസ്ജിദ് നിൽക്കുന്നിടത്ത് എന്നതാണ് ആ ഒറ്റക്കെട്ടായ മറുപടി. രാം കെ നാം എന്ന സിനിമയിൽ ഇന്നും ഞെട്ടൽ അവശേഷിപ്പിക്കുന്ന ഒരു പ്രധാനഭാഗം ഇങ്ങനെയാണ്.

രാം കെ നാം’ ഡോക്യുമെന്‍ററിയില്‍ നിന്ന്

ആർ.എസ്.എസ് നിലവിൽ വരുന്നത് നൂറ് വർഷങ്ങൾക്കു മുമ്പാണ്. അന്നുതന്നെ അവരുടെ അജണ്ട വ്യക്തമായിരുന്നു; ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പുനർനിർമിക്കുക എന്നതായിരുന്നു അത്. അത് അത്ര പെട്ടെന്നൊന്നും നേടിയെടുക്കുക എന്നത് അവലരുടെ ലക്ഷ്യവുമായിരുന്നില്ല. ഒരു നൂറ് വർഷമൊക്കെ മുന്നോട്ട് കണക്കുകൂട്ടിക്കൊണ്ടുള്ള ഒരു അസാധാരണമായ നീക്കമായിരുന്നു അവരുടേത്. അതിനിടയിൽ ഗാന്ധി വധത്തെത്തുടർന്ന് നിരോധിക്കപ്പെട്ടുവെങ്കിലും പല രൂപത്തിലും ഇന്ത്യയുടെ സാംസ്കാരികമേഖലയിൽ ഒരു സ്വാധീനശക്തിയായി സംഘപരിവാർ എന്ന രീതിയിൽ വിളിക്കപ്പെടുന്ന ഒരുവലിയ സംഘത്തെ വാർത്തെടുത്തുകൊണ്ട് ഇവർ ശക്തിയാർജിച്ചുകൊണ്ടിരുന്നു. വീണുകിട്ടുന്ന രാഷ്ട്രീയസാഹചര്യങ്ങളെയെല്ലാം വളമാക്കിക്കൊണ്ടാണ് അവർ ഓരോ ചുവടും മുന്നോട്ടുവെച്ചത്. ശാരീരകവ്യായാമത്തിനുള്ള കേന്ദ്രങ്ങൾ എന്ന ഓമനപ്പേരിൽ അറിയപ്പെട്ട ശാഖകൾ തീർത്തും നിരുപദ്രവകരമായ ഒരു സംവിധാനം എന്ന മട്ടിൽ ക്ഷേത്രങ്ങൾ തോറും കെട്ടിപ്പടുക്കുവാനും അവിടെ നിന്ന് ഹിന്ദുത്വ ഇന്ത്യയ്ക്ക് വേണ്ടിയുള്ള പുതിയതലമുറകളെ വാർത്തെടുക്കുവാനും അവർക്ക് സാധിച്ചിരുന്നു.

83%- ത്തോളം വരുന്ന ഹിന്ദു വോട്ടർമാരുടെ വോട്ട് മുഴുവൻ കീശയിലാക്കിയാൽമാത്രമേ രാജ്യത്തിന്റെ പരമാധികാരം എന്ന അന്നുവരെ കിട്ടാക്കനിയായി മറ്റുള്ളവർ കണക്കാക്കിയിരുന്ന ലക്ഷ്യത്തിലേക്ക് അടുക്കുാവൻ അവർക്ക് സാധിക്കുമായിരുന്നുള്ളൂ. 1980-കളിലായിരുന്നു ഇത്തരമൊരു ആശയത്തിലേക്ക് സംഘപരിവാർ എത്തുന്നത്. അതിന് ഏറ്റവും എളുപ്പമുള്ള വഴി ഹിന്ദു- മുസ്‍ലിം വർഗീയത ഉപയോഗിച്ചുള്ള ‘കളി’കളായിരുന്നു. ഈ കളിക്ക് പറ്റിയ ഇടം അല്പസ്വല്പം ഹിന്ദു- മുസ്‍ലിം സംഘർഷങ്ങൾ നടക്കുന്ന ഇടങ്ങളായിരുന്നു. അത്തരത്തിലുള്ള മൂവായിരത്തോളം ഇടങ്ങൾ ഇന്ത്യയിലുടനീളം സംഘപരിവാറുകാർ കണ്ടെത്തിവച്ചിട്ടുണ്ടായിരുന്നു. അവയിൽ പ്രധാനപ്പെട്ട മൂന്നിടങ്ങൾ അയോധ്യ, കാശി, മഥുര എന്നിവയായിരുന്നു. എന്നാൽ നറുക്ക് വീണത് 1949 മുതൽ തിളച്ചുകൊണ്ടിരിക്കുന്ന അയോധ്യക്കായിരുന്നു എന്നുമാത്രം.

രാമജന്മഭൂമി എന്ന ആശയത്തെ കത്തിച്ച് ഹിന്ദു-മുസ്‍ലിം ധ്രുവീകരണം സാധ്യമാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ഇങ്ങനെ ഒരു ആശയം അവർ കൊണ്ടുപിടിച്ച് നടപ്പിലാക്കുവാൻ ഉദ്ദേശിച്ചുകൊണ്ടിരിക്കുന്ന അതേസമയത്താണ് വാർത്താപ്രക്ഷേപമണന്ത്രാലയം ദൂരദർശനിലൂടെ രാമായണം എന്ന സീരിയൽ ഇന്ത്യയിലുടനീളം പ്രൈം ടൈമിൽ സംപ്രേഷണം ചെയ്യാനാരംഭിച്ചതും. എങ്ങിനെ മുന്നോട്ടുപോകണം എന്നാലോചിച്ചുകൊണ്ടിരിക്കുന്ന ആർ.എസ്.എസ്. തിങ്ക് ടാങ്കുകൾക്ക് ഈ സീരിയൽ പ്രക്ഷേപണം എല്ലാ കാര്യങ്ങളും എളുപ്പമാക്കിത്തീർത്തു. ഇതിലൂടെ, പുസ്തകങ്ങളിലൂടെയോ പറഞ്ഞുകേട്ട കഥകളിലൂടെയോ മാത്രം പ്രചരിച്ച രാമകഥകളുടെ വൈവിധ്യത്തിന് ഏകതാനമായ ഒരു രൂപം കൈവരികയും അത് ഇന്ത്യയിലെ എല്ലാ മനുഷ്യരിലേക്കും ഒരുപോലെ എത്തുകയും ചെയ്തു. രാമൻ എന്ന വിശ്വാസരൂപത്തിന് ഒരു പുതിയ വൈകാരികമാനം നൽകുക എന്ന ഉദ്ദേശ്യം ഇവിടെ പൂർണതയിലേക്കെത്തിക്കൊണ്ടേയിരുന്നു.

ഈ വികാരം വളർന്ന് തിടം വെച്ച മണ്ണിലേക്കാണ്. തുടർന്ന് 1990-ൽ എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിൽ ഇന്ത്യയുടനീളം നടന്ന രഥയാത്രയിലെ അപരവിദ്വേഷം കുത്തിനിറച്ച പ്രസംഗങ്ങളും പാട്ടുകളും മനുഷ്യരിലെ ആക്രാമകമായ പ്രാകൃതചോദനകളെ മാത്രം ഉണർത്താൻപോന്ന തരത്തിലുള്ളവയായിരുന്നു. മുസ്‍ലിംകൾക്കെതിരായ നിരവധി അക്രമങ്ങൾ അഴിച്ചുവിട്ട് ഈ രഥം കടന്നുപോയ ഇടങ്ങളിലെ ഹിന്ദുക്കളിൽ കുറേപ്പേർ ചോദ്യമേതുമില്ലാതെ കള്ളങ്ങളെ പാടേ വിഴുങ്ങുവാനും തുടങ്ങി. രാമായണം സീരിയൽ ഒരുക്കിയ നിലത്ത് വിദേഷപ്രസംഗങ്ങളുടെയും പ്രവൃത്തികളുടെയും വിത്തുകൾ വിതച്ച് അദ്വാനി കടന്നുപോയി. 1990 ഒക്ടോബറിൽ ബാബറി പള്ളി പൊളിക്കാനായി രാജ്യമെമ്പാടുനിന്നും കർസേവകർ അയോധ്യയിലേക്ക് കുതിച്ചെങ്കിലും അത് നടക്കാതെ പോയി. പക്ഷെ ഉത്തർപ്രദേശിൽ പുതിയതായി അധികാരത്തിൽ വന്ന ബി.ജെ.പി. സർക്കാറിന് കേന്ദ്രത്തിലുള്ള കോൺഗ്രസ് സർക്കാറിന്റെ മൗനാനുവാദത്തോടെ പള്ളി പൊളിക്കാൻ സാധിച്ചു. അങ്ങനെ 1992 ഡിസംബർ 6 സ്വതന്ത്ര ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ ദുരന്തദിനമായി മാറി.

ഈ സംഭവത്തിന് എത്രയോ മുന്നേ പൂർത്തിയായ രാം കെ നാം എന്ന ഡോക്യുമെന്ററിക്ക് അതിനോടകം എത്രയോ പുരസ്കാരങ്ങൾ സ്വദേശത്തും വിദേശത്തും നടന്ന വിവിധ മേളകളിൽ നിന്ന് ലഭിക്കുകയുണ്ടായി. എന്നാൽ ദേശീയ അവാർഡ് ലഭിച്ച ചിത്രം ദൂദർശനിൽ സംപ്രേഷണം ചെയ്യണമെന്ന നിയമം ഉണ്ടായിട്ടുപോലും ഈ ചിത്രം പ്രക്ഷേപണം ചെയ്യാൻ ദൂരദർശൻ സമ്മതിച്ചില്ല. രാമായണം പോലെ ഇത്രയേറെ ആക്രാമകമായ മാനങ്ങൾ ഉണ്ടായിരുന്ന ഒരു പരമ്പര, കോൺഗ്രസ് സർക്കാറിന്റെ കാലത്ത് പ്രക്ഷേപണം ആരംഭിക്കുന്നതിന് യാതൊരു മടിയുമില്ലാതെ സമ്മതിച്ച ദൂരദർശനാണ് രാം കെ നാം പോലെ, ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് അങ്ങേയറ്റത്തെ ഭീഷണിയാവുന്ന തീവ്രഹിന്ദുത്വവാദ പ്രസ്ഥാനത്തിന്റെ നിലപാടുകളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് പ്രവചനാത്മകമായി അവതരിപ്പിച്ച ഒരു ഡോക്യുമെന്ററിക്ക് പ്രദർശനാനുമതി നിഷേധിച്ചത് എന്നത് വിരോധാഭാസമായി മാത്രമേ ഇന്ന് കാണാനാവൂ.

ഈ സുപ്രസിദ്ധ ഡോക്യുമെന്ററി, ബാബറി മസ്ജിദ് തകരുന്നതിനുമുമ്പ് ആ പ്രശ്നത്തിന്റെ ഉള്ളറകളിലേക്ക് കടന്നുചെന്ന് ചെയ്ത ധീരമായ ഒരു സിനിമയായിരുന്നു. ഹിന്ദുക്കളും മുസ്‍ലിംകളും സ്നേഹത്തോടെയും സഹോദര്യത്തോടെയും കഴിഞ്ഞിരുന്ന അയോദ്ധ്യയെ എങ്ങനെയാണ് വർഗീയത കൊണ്ട് നശിപ്പിച്ചത് എന്നും മനുഷ്യരുടെ സ്വൈരജീവിതം എങ്ങനെയാണ് തകർത്തതെന്നും ഒരു ചരമഗീതത്തിലെന്നപോലെ ആ ചിത്രം അനുഭവിപ്പിക്കുന്നു.

ജസ്റ്റിസ് എ.പി. ഷാ

ആ ചിത്രത്തിന് പ്രദർശനാനുമതി നൽകിക്കൊണ്ട് ജസ്റ്റിസ് എ.പി. ഷാ ഇറക്കിയ വിധിന്യായത്തിലെ ചില പ്രസക്തഭാഗങ്ങൾ ഉദ്ധരിക്കുന്നത് ഇന്നും പ്രസക്തമാണ്: “അധഃസ്ഥിതർക്കും താഴ്ന്ന ജാതിയിൽപെട്ടവർക്കും സാമൂഹ്യനീതി ലഭ്യമാക്കുക എന്ന പ്രത്യയശാസ്ത്രത്തിലാണ് ഈ ചിത്രത്തിന്റെ ഘടന പൂർണമായും ഊന്നിയിരിക്കുന്നത്. രാമജന്മഭൂമി- ബാബരി മസ്ജിദ് പ്രശ്നത്തെ ഒരു ഹിന്ദു-മുസ്‍ലിം പ്രശ്നം എന്ന നിലയിലല്ല ഈ ചിത്രം അവതരിപ്പിക്കുന്നത്; മറിച്ച് മതേതരമായ ഒരു ലോകവീക്ഷണവും മതേതരമല്ലാത്ത ഒരു ലോകവീക്ഷണവും തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന നിലയിലാണ്... സിനിമയിൽ പ്രത്യക്ഷപ്പെടുന്നവരൊന്നും ഹിന്ദുക്കളോ മുസ്‍ലിംകളോ അല്ല, മറിച്ച് ഇന്ത്യക്കാരാണ്; പ്രത്യേകിച്ചും പാവപ്പെട്ടവരും തൊഴിലാളികളും... സാമുദായിക സൗഹാർദത്തിനും സഹവർത്തിത്വത്തിനുമുള്ള ഒരു ശക്തമായ യാചന ഈ ചിത്രത്തിന്റെ ഘടനയിൽതന്നെ സന്നിവേശിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിലുടനീളം, ദൈവത്തിന്റെ പേരിൽ അസഹിഷ്ണുത പിൻപറ്റുന്നവരേയും വെറുപ്പ് പടർത്തുന്നവരെയും അപലപിക്കുകയാണ് ചെയ്യുന്നത്.”

2019-ൽ യൂട്യൂബ് ഈ ചിത്രം 18 തികഞ്ഞവർ മാത്രം കാണുന്ന രീതിയിൽ വിലക്കിയിരുന്നു എന്നതുകൂടി ചേർത്തുവായിക്കുമ്പോഴാണ് 1992-ൽ ഇറങ്ങിയ ഒരു ചിത്രത്തെ ഇരുപത്തഞ്ചുവർഷങ്ങൾക്കിപ്പുറവും ചിലയാളുകൾ എന്തുമാത്രം ഭയപ്പെടുന്നു എന്നത് വെളിവാകുന്നത്. ആനന്ദ് പട് വർദ്ധന്റെ ചിത്രങ്ങളുടെ കാലാതിവർത്തിയായ ശക്തിയെത്തന്നെയാണ് ഇത് സൂചിപ്പിക്കുന്നതും.

സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ -സാമൂഹിക ദുരവസ്ഥയുടെ ഉൽപത്തിയും വികാസപരിണാമങ്ങളും സാംസ്കാരികവിവക്ഷകളും ചരിത്രം, നരവംശശാസ്ത്രം, മനഃശാസ്ത്രം തുടങ്ങിയ വിജ്ഞാന ശാഖകളുടെ സഹായത്തോടെ ചലച്ചിത്രമാധ്യമത്തിലൂടെ വിശകലനം ചെയ്യുകയും വെളിപ്പെടുത്തുകയും ചെയ്തുവരുന്ന വ്യക്തിയാണ് ആനന്ദ് പട് വർദ്ധൻ. സൂക്ഷ്മനിരീക്ഷണത്തോടെ, ആയിരക്കണക്കിന് മണിക്കൂറുകൾ നിരന്തരം ക്യാമറയും മൈക്കുമായി ചെന്ന് നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ചലനങ്ങളുടെ നടുവിൽ ഇറങ്ങിനിൽക്കുകയും സംഭവങ്ങളെ യഥാതഥമായി രേഖപ്പെടുത്തുകയും, അതിൽ നിന്ന് എഡിറ്റു ചെയ്ത് ഏതാനും ഭാഗങ്ങൾ അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹം അനുവർത്തിച്ചുവരുന്ന ലളിതമായ ശൈലി. ഇതിന് 'ഡയറക്റ്റ് സിനിമ' (യാഥാർഥ്യത്തെ നേരിട്ട് അതേപടി സിനിമയാക്കൽ) എന്നാണ് ചലച്ചിത്രപണ്ഡിതന്മാർ വിളിക്കുന്ന പേര്. എന്നാൽ, യാഥാർഥ്യങ്ങൾ ആവിഷ്കരിക്കുമ്പോൾ അത് തികച്ചും വസ്തുനിഷ്ഠമായി വേണം; സ്വന്തം വ്യക്തിപരമായ നിലപാടുകളോ വീക്ഷണങ്ങളോ അതിൽ കലരാൻ പാടില്ല എന്നൊക്കെയുള്ള മൗഢ്യമൊന്നും ആനന്ദിനില്ല. സ്വന്തമായ കാഴ്ചപ്പാടുകളും നിലപാടുകളുമുള്ള വ്യക്തിയാണ് അദ്ദേഹം. പരസ്പരം പോരാടുന്ന വിരുദ്ധ ശക്തികളിൽ ഇരുവിഭാഗത്തിന്റെയും വീക്ഷണങ്ങൾ അവരുടെതന്നെ വാക്ക്, പ്രവൃത്തി, പ്രകടനം തുടങ്ങിയവയിലൂടെ സത്യസന്ധമായി അദ്ദേഹം ആവിഷ്കരിക്കുന്നു. എന്നാലും, കൂടിക്കാഴ്ചകളിലും മറ്റും എതിരാളികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാനുള്ള തന്റേടവും ധീരതയും അദ്ദേഹം കാട്ടുന്നു. ക്യാമറയുടെ മുന്നിലാണ് എന്നതുകൊണ്ട് തന്നെ, ഉത്തരം പറയുന്നവർ ഒട്ടൊന്നു പരുങ്ങുമെങ്കിൽപ്പോലും, അവരുടെ വാക്കുകളും മുഖഭാവങ്ങളും ശരീരഭാഷയും വൈകാരിക വിക്ഷോഭങ്ങളും എല്ലാം കൃത്യമായി രേഖപ്പെടുത്തും. മുഖത്തു മിന്നിമറയുന്ന വിനയം, മര്യാദ, കോപം, അഹന്ത, ധിക്കാരം, കള്ളം പറയുമ്പോഴുള്ള ജാള്യത എന്നിങ്ങനെ എന്തും കാമറയിൽ പതിയും; അതിനാൽ, കേവല യാഥാർഥ്യത്തിനപ്പുറം, കുറേക്കൂടി സാർത്ഥകമായ മറ്റൊരു യാഥാർഥ്യത്തിലേക്ക്, വെളിപ്പെടുത്തുന്നതിൽ കൂടുതൽ ഒളിച്ചുവെക്കാനുള്ള ചിലരുടെ വ്യഗ്രതയിലേക്ക് ഒക്കെ അത് പ്രേക്ഷകരുടെ ശ്രദ്ധയെ എത്തിക്കും. നല്ല ഒരു ഡോക്യുമെന്ററി നിർവഹിക്കുന്നത് സത്യാന്വേഷണമെന്ന ഈ മഹത്തായ ദൗത്യമാണ്. ഡോക്യുമെന്ററിയിലൂടെ സത്യാന്വേഷണം നടത്തുന്ന ആനന്ദ് പട് വർദ്ധൻ ചുട്ടുപൊള്ളിക്കുന്നതും ഞെട്ടിക്കുന്നതുമായ സത്യങ്ങൾ നമുക്ക്‌ മുന്നിൽ വെളിപ്പെടുത്തുന്നത് 'സത്യസന്ധമായ സിനിമ'യിലൂടെയാണ്. ഉള്ളത് ഉള്ളതുപോലെ കാട്ടിത്തരുന്ന 'സത്യസന്ധമായ സിനിമ'യ്ക്ക് ഫ്രഞ്ചിലുള്ള പേരാണ് 'സിനിമാ വെരിറ്റെ'. ആനന്ദിന്റെസിനിമകൾ മിക്കതും ഈ ഗണത്തിൽ പെടുന്നവയാണ് എന്ന് പറയാം.

photo: students_krnnivsa/instgram page

തീവ്രഹിന്ദുത്വം അധികാരത്തിൽ വരുന്നതിന് മുമ്പുള്ള ഭരണകൂടങ്ങൾക്കുപോലും ആനന്ദിന്റെ സിനിമകളുടെ സാമൂഹ്യ- രാഷ്ട്രീയ വിമർശനങ്ങൾ ഉൾക്കൊള്ളുവാനോ അവയിലുൾച്ചേർന്നിരിക്കുന്ന സാമൂഹ്യദർശനങ്ങളിലധിഷ്ഠിതമായ പ്രവചനാത്മകതയെ മനസ്സിലാക്കുവാനോ സാധിച്ചിരുന്നില്ല എന്നിടത്താണ് ആക്രാമകഹിന്ദുത്വത്തിന്റെ തേർവാഴ്ചയ്ക്ക് തടസ്സങ്ങളില്ലെന്ന ഒരു രാഷ്ട്രീയ അനുകൂലാവസ്ഥ സംഘപരിവാറിന് ലഭിക്കുന്നത് എന്നത് കാണാതാരിക്കാനാവില്ല. മുപ്പത് വർഷങ്ങൾക്കിപ്പുറത്തും ഒരു ഡോക്യുമെന്ററി ചിത്രം ഇത്രയേറെ ഓർമിപ്പിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ അത് കാലത്തിന് മുമ്പേ സഞ്ചരിച്ചിട്ടുണ്ട് എന്നത് വീണ്ടും വീണ്ടും വ്യക്തമാകുകയാണ് ചെയ്യുന്നത്. കാവി വിരിച്ച് എല്ലാം ഒരുങ്ങിയിരിക്കുന്ന ഒരു രാജ്യത്ത് ഇനിയും വിവേകത്തിന്റെ ചോദ്യചിഹ്നമൂർച്ചയുമായി ആനന്ദ് പട് വർധനും അദ്ദേഹത്തിന്റെ ചിത്രങ്ങളും ഉണ്ടാകുമെന്നതും അവയിൽ നിന്നുള്ള ഉറവകൾ അവശേഷിപ്പിക്കുന്ന നനവിന്റെ ഊർജം കൊണ്ട് കാവിയെ അപ്പാടെ തൂത്തുകളയാമെന്ന പ്രതീക്ഷയുമാണ് ഇന്ത്യക്ക് മുന്നിൽ ഇനി അവശേഷിക്കുന്ന ചില നല്ല കാര്യങ്ങൾ.

Comments