സകരിയ എം.കെ. പാലത്തുങ്കര: രണ്ടു പതിറ്റാണ്ടിലേറെക്കാലത്തെ നിരന്തര സമരങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ ജാമിയ മില്ലിയ സർവകലാശാലയിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടത്താൻ അനുമതി ലഭിച്ചിരിക്കുകയാണ്. താങ്കളടക്കമുള്ള വിദ്യാർത്ഥി നേതാക്കളുടെ 18 ദിവസത്തെ നീണ്ട നിരാഹാര സമരമാണ് ഈ ചരിത്രനേട്ടത്തിന് വഴിയൊരുക്കിയത്. ഈ ഐതിഹാസിക വിജയത്തെ എങ്ങനെ നോക്കിക്കാണുന്നു?
എബിൻ ബേസിൽ: കഴിഞ്ഞ 20 വർഷമായി ജാമിയയിൽ ഒരു തരത്തിലുള്ള ഇലക്ഷനും നടക്കുന്നില്ല. അതുകൊണ്ടുതന്നെ 18 ദിവസത്തെ നിരാഹാര സമരത്തിനൊടുവിൽ വിദ്യാർത്ഥി യൂണിയൻ തിരിച്ചുകൊണ്ടുവരാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. കൂടാതെ, ഈ സമരം ജാമിയയിലെ മുഴുവൻ വിദ്യാർത്ഥികളുടെ മാത്രമല്ല, ഈ രാജ്യത്തെ വിദ്യാർത്ഥികളുടെ വിജയമാണ്. ഈ രാജ്യത്തെ ജനാധിപത്യത്തിന്റെ വിജയവുമാണ്.
സമരത്തിൽ മലയാളി വിദ്യാർത്ഥികളുടെ ശക്തമായ പങ്കാളിത്തം ചൂണ്ടിക്കാട്ടി ഇതിനെ 'മല്ലു സമരം' എന്ന് വിളിച്ചാക്ഷേപിക്കാൻ ശ്രമങ്ങളുണ്ടായിരുന്നല്ലോ. കൂടാതെ, ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തി സമരം അടിച്ചമർത്താനും അധികൃതരുടെ നീക്കങ്ങളുണ്ടായി. ഇത്തരം വെല്ലുവിളികളെ എങ്ങനെയാണ് നേരിട്ടത്?
ജാമിയയുടെ ഭാഗത്തുനിന്ന് സർക്കാറിന്റെ ഉത്തരവ് പ്രകാരം പലരൂപത്തിൽ സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചിരുന്നു. തുടക്കം മുതൽ അഡ്മിനിസ്ട്രേഷൻ ക്യാമ്പസുകളും ലൈബ്രറികളും പൂട്ടാൻ ശ്രമിച്ചു. അതിനുശേഷം ‘മല്ലു സമര’മെന്ന് ആക്ഷേപിച്ചു. കൂടാതെ, സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ദേശം തിരിച്ച് വിദ്യാർത്ഥികൾക്കിടയിൽ വിഭാഗീയത സൃഷ്ടിച്ച് സമരം അവസാനിപ്പിക്കാനുള്ള ശ്രമവുമുണ്ടായിരുന്നു.
‘‘സമരം അട്ടിമറിക്കാനായി രാത്രിയുടെ മറവിൽ ആന്റി- നാഷണൽ ഗ്രാഫിറ്റികൾ എഴുതിവെച്ചു. തുടർന്ന് 'ഗോദി മീഡിയ'യെ ഉപയോഗിച്ച് ഞാനടക്കമുള്ള സമരമുഖത്തെ വിദ്യാർത്ഥികളെ ദേശവിരുദ്ധരായി ചിത്രീകരിക്കാൻ ബോധപൂർവ്വ ശ്രമങ്ങളും നടന്നു’’.
തുടർന്ന്, സമരം അട്ടിമറിക്കാനായി രാത്രിയുടെ മറവിൽ ആന്റി- നാഷണൽ ഗ്രാഫിറ്റികൾ എഴുതിവെച്ചു. തുടർന്ന് 'ഗോദി മീഡിയ'യെ ഉപയോഗിച്ച് ഞാനടക്കമുള്ള സമരമുഖത്തെ വിദ്യാർത്ഥികളെ ദേശവിരുദ്ധരായി ചിത്രീകരിക്കാൻ ബോധപൂർവ്വ ശ്രമങ്ങളും നടന്നു. മാത്രമല്ല, ദൽഹി പൊലീസ്, ആർ.എ.എഫ് (RAF), ചൈന ബോർഡറിൽ കാവൽ നിൽക്കുന്ന ഇൻഡോ- ടിബറ്റൻ ബോർഡർ സേന തുടങ്ങിയ സൈനിക- അർദ്ധസൈനിക വിഭാഗങ്ങളെയും ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ നോക്കി. BNSS 163 നിരോധനാജ്ഞ വരെ ജാമിയയുടെ പുറത്ത് പ്രഖ്യാപിക്കുന്ന അവസരമുണ്ടായി.
ഞാനടക്കമുള്ള പല നേതാക്കന്മാർക്കെതിരെയും UAPA, NSA പോലുള്ള ഭീകരവാദ കുറ്റങ്ങൾ ചുമത്തുമെന്ന് പറഞ്ഞ് ഭയപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നു. ഇത്തരത്തിൽ എല്ലാ ചീപ്പ് ട്രിക്സും ഗിമ്മിക്കുകളും ഉപയോഗിച്ച് സമരം അടിച്ചമർത്താനുള്ള എല്ലാവിധ ശ്രമങ്ങളുമുണ്ടായി. അതിലൊന്നു മാത്രമായിരുന്നു 'മല്ലു സമരം' എന്ന് വിളിച്ചുകൊണ്ട് ഈ സമരത്തിന്റെ തീവ്രതയെ ചെറുതാക്കിക്കാണിക്കാനുള്ള ശ്രമം. നാനാഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ജാമിയ. സമരത്തെ ഡിസ്ക്രെഡിറ്റ് ചെയ്യുന്നതിലൂടെ യൂണിവേഴ്സിറ്റിയിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് കുറക്കാം എന്നാണ് ജാമിയ അഡ്മിനിസ്ട്രേഷനും സംഘ് അഡ്മിനിസ്ട്രേഷനും കരുതിയിരുന്നത്. അവരുടെ കണക്കു കൂട്ടലുകൾക്ക് വിഘാതമായ കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്.

എടുത്തുപറയേണ്ട പ്രധാനപ്പെട്ട കാര്യം, മലയാളികളായ വിദ്യാർത്ഥികൾ ഒരു ഘട്ടത്തിലും സമരത്തിൽനിന്ന് പിറകോട്ട് പോയിട്ടില്ല എന്നതാണ്. വളരെ ശക്തമായി തന്നെ എന്റെ കൂടെ വ്യത്യസ്ത പാർട്ടിയിലുള്ള മലയാളികൾ സമരത്തിൽ സജീവമായിരുന്നു. പരിപാടി ഓർഗനൈസ് ചെയ്യാനും അവർ സഹായിച്ചിട്ടുണ്ട്. ഞാൻ നിരാഹാരസമരം കിടക്കുമ്പോഴും, ഈ സമരത്തെ ഓർഗനൈസ് ചെയ്തത് അവിടെ നിന്ന് പഠിച്ചിറങ്ങിയ മുഹമ്മദ് അദ്നാൻ എന്ന BA, LLB വിദ്യാർത്ഥിയാണ്. അപ്പോൾ മലയാളികളുടെ സാന്നിധ്യം, വെറുമൊരു ആൾ എന്നുള്ള സാന്നിധ്യമല്ല, അതിനുമപ്പുറം സമരം ഓർഗനൈസ് ചെയ്യുന്നതിൽ വളരെയധികം മുന്നിൽ നിന്നിട്ടുള്ള മലയാളികളുമുണ്ട് അതിൽ. അതുകൊണ്ടുതന്നെ ഞാൻ ഒരു മലയാളി ആണെന്നുള്ളതിലും മലയാളികൾക്ക് ഇതിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നുള്ളതിലും ഈ സന്ദർഭത്തിൽ വളരെ അഭിമാനമുണ്ട്.
വ്യത്യസ്ത ആശയധാരകളിലുള്ള വിദ്യാർത്ഥി സംഘടനകളുടെ സമരൈക്യമാണ് ജാമിയയിൽ കണ്ടത്. NSU-I, SFI, AISA, AIRSO, DISSC, MSF, SIO, ഫ്രറ്റേണിറ്റി മൂവ്മെന്റ് തുടങ്ങിയ സംഘടനകളെല്ലാം സമരത്തിന്റെ ഭാഗമായിരുന്നു. ഈയൊരു സമരൈക്യത്തിലേക്ക് എത്തിച്ചേർന്നത് എങ്ങനെയാണ്?
ഒക്ടോബർ 12-ന് ഞാൻ ഈ സമരം ആരംഭിക്കുമ്പോൾ, NSUI-യുടെ ഭാഗത്തുനിന്ന് ഞാനും കുറച്ച് സ്വതന്ത്ര വിദ്യാർത്ഥികളും മാത്രമാണ് ഉണ്ടായിരുന്നത്. അതായത്, ഏതെങ്കിലും ഒരു പ്രത്യേക പാർട്ടിബാനറിൽ തുടങ്ങിയ സമരമായിരുന്നില്ല ഇത്. ജാമിയയിലെ എല്ലാ വിദ്യാർത്ഥികളുടെയും ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടിയുള്ള ഒരു പോരാട്ടമായിരുന്നു. അതുകൊണ്ടുതന്നെ തുടക്കം മുതൽ ആരെയും മാറ്റിനിർത്താൻ ഞങ്ങൾ തയ്യാറായിരുന്നില്ല. എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടാണ് ഈ സമരം മുന്നോട്ട് കൊണ്ടുപോയത്.
‘‘SFI, AISA, MSF, ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകൾ തങ്ങളുടെ രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് സമരത്തിന് ഐക്യദാർഢ്യവുമായി എത്തി. എങ്കിലും, ഈ സമരം പൂർണ്ണമായും ജാമിയയിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള, ജാമിയയുടെ മാത്രം സമരമായിട്ടാണ് നിലനിർത്തിയത്’’.
പിന്നീട് SFI, AISA, MSF, ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകൾ തങ്ങളുടെ രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് സമരത്തിന് ഐക്യദാർഢ്യവുമായി എത്തി. എങ്കിലും, ഈ സമരം പൂർണ്ണമായും ജാമിയയിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള, ജാമിയയുടെ മാത്രം സമരമായിട്ടാണ് നിലനിർത്തിയത്. ഐക്യദാർഢ്യവുമായെത്തിയ പാർട്ടികളാരും ആ സമയത്ത് സ്വന്തം ബാനറുകൾ ഉയർത്താനോ ആശയങ്ങൾ അടിച്ചേൽപ്പിക്കാനോ ശ്രമിച്ചില്ല. ജാമിയയുടെ യൂണിയൻ ഇലക്ഷൻ തിരിച്ചുകൊണ്ടുവരിക എന്ന ഏക ലക്ഷ്യത്തിൽ എല്ലാവരും ഒത്തൊരുമയോടെ നിന്നതുകൊണ്ട് ആശയപരമായ ഭിന്നതകൾക്കൊന്നും അവിടെ ഇടം ലഭിച്ചില്ല.
എല്ലാവരും വളരെ സഹകരണത്തോടെയാണ് ഈ സമരത്തെ നേരിട്ടത്. ഒപ്പം ഞങ്ങൾ കൂടുതൽ ജാഗ്രതയും പുലർത്തി. കാരണം, മറുഭാഗത്ത് സർക്കാരും സംഘഅഡ്മിനിസ്ട്രേഷനും ഏത് വിധേനയും ഈ സമരത്തെ നികൃഷ്ടമായി ചിത്രീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സാഹചര്യത്തിൽ വിദ്യാർത്ഥികളെല്ലാം ഒറ്റക്കെട്ടായി നിന്നുകൊണ്ടാണ് ഈ സമരം വിജയിപ്പിച്ചത്.

നീണ്ട കാലത്തെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ അഭാവം ജാമിയ മിലിയയിലെ വിദ്യാർത്ഥികളെ എങ്ങനെയെല്ലാമാണ് ബാധിച്ചിരിക്കുന്നത്?
ജാമിയയിൽ 20 വർഷമായി ഇലക്ഷൻ നടക്കാത്തത് വിദ്യാർത്ഥികളെ എല്ലാ തരത്തിലും ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയമാണ്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അധികാരികളുടെ മുന്നിൽ അവതരിപ്പിക്കാൻ ഇന്ന് ക്യാമ്പസിൽ ഒരു പ്ലാറ്റ്ഫോമില്ല. ജാമിയയിലെ ഓരോ തൂണിലും തുരുമ്പിലും ഇന്ന് പ്രശ്നങ്ങൾ കാണാൻ സാധിക്കും. ഹോസ്റ്റൽ പ്രശ്നങ്ങൾ, അഡ്മിഷൻ ക്രമക്കേടുകൾ, ഭക്ഷണത്തിലെ ഗുണനിലവാരമില്ലായ്മ, കാന്റീൻ പ്രശ്നങ്ങൾ, വർഷംതോറും ഉണ്ടാകുന്ന നിരന്തരമായ ഫീ വർദ്ധനവ് തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളാണ് വിദ്യാർത്ഥികൾ നേരിടുന്നത്.
ഇതിനുപുറമെ 2019- നു ശേഷം, പ്രത്യേകിച്ച് CAA- NRC പ്രക്ഷോഭങ്ങൾക്കുശേഷം, വളരെ ഗൗരവതരമായ മറ്റൊരു അവസ്ഥകൂടിയുണ്ടായിട്ടുണ്ട്. പ്രശ്നങ്ങൾ ഉന്നയിക്കുന്ന, ചോദ്യം ചെയ്യുന്ന, സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ടാർഗെറ്റ് ചെയ്ത് വേട്ടയാടുന്ന രീതിയാണ് അധികാരികൾ സ്വീകരിക്കുന്നത്. കള്ളക്കേസുകളിൽ കുടുക്കുക, അച്ചടക്ക നടപടിയെടുക്കുക, റസ്റ്റിഗേഷൻ നൽകുക, സസ്പെൻഷൻ കൊടുക്കുക, ക്യാമ്പസ് ബാൻ ഏർപ്പെടുത്തുക തുടങ്ങിയ വിവിധ മാർഗ്ഗങ്ങളിലൂടെ വിദ്യാർത്ഥികളെ അടിച്ചമർത്താൻ നോക്കുന്നു.
വ്യക്തിപരമായി പറയുകയാണെങ്കിൽ, ഒരു നിരാഹാരസമരം കിടന്നതിന്റെ പേരിൽ എനിക്ക് ഒരു വർഷത്തെ ക്യാമ്പസ് ബാനും റസ്റ്റിഗേഷനും ലഭിച്ചു. ഏതാനും മാസം മുമ്പ് അഡ്മിഷൻ സംബന്ധമായ ഒരു വിഷയം ഉന്നയിച്ച് സമരം ചെയ്തപ്പോൾ 10 ദിവസത്തെ ക്യാമ്പസ് ബാനും സസ്പെൻഷനും തരികയുണ്ടായി. ഇത് എന്റെ മാത്രം അനുഭവമല്ല. മോശം ഭക്ഷണം ചോദ്യം ചെയ്തതിന് ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെട്ട വിദ്യാർത്ഥികളുണ്ട്. മറ്റ് കോഴ്സുകളെ അപേക്ഷിച്ച് ഡയറക്ടർമാരെ ഉപയോഗിച്ച് എളുപ്പത്തിൽ ശിക്ഷാ നടപടികൾ നടപ്പിലാക്കാൻ സാധിക്കുമെന്നതിനാൽ പിഎച്ച്.ഡി വിദ്യാർത്ഥികളെയും പ്രത്യേകമായി ലക്ഷ്യമിടുന്നുണ്ട്.
‘‘നമ്മുടെ സമരം വിജയിച്ചതിന്റെ ആവേശത്തിൽ ഇപ്പോൾ ഹരിയാനയിലെ ഒരു യൂണിവേഴ്സിറ്റിയിൽ നിരാഹാര സമരം നടന്നു കൊണ്ടിരിക്കുന്നുണ്ട്. രാജ്യത്തെ പല കാമ്പസുകളിലും ഒരു 'ജെൻ-സി അപ്രൈസിംഗ്' (Gen-Z Uprising) കാണാം’’.
ചുരുക്കത്തിൽ, വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യത്തെയോ സമരം ചെയ്യാനുള്ള അവകാശത്തെയോ മാനിക്കാത്ത ഒരു അന്തരീക്ഷമാണ് ജാമിയയിൽ നിലനിൽക്കുന്നത്. അടിസ്ഥാനപരമായ ജനാധിപത്യ ഭരണഘടനാ അവകാശങ്ങൾ പോലും അവിടെ ലംഘിക്കപ്പെടുന്നു. CAA- NRC സമരത്തിനുശേഷം ജാമിയയിൽ നിന്നുള്ള ഒട്ടനവധി വിദ്യാർത്ഥി നേതാക്കൾ UAPA ചുമത്തപ്പെട്ട് വർഷങ്ങളോളം വിചാരണത്തടവുകാരായി ജയിലിൽ കഴിയേണ്ടിവന്നിട്ടുണ്ട്. ഈ ഭീകരമായ സാഹചര്യത്തിനെതിരെ കൂടിയാണ് ഞങ്ങൾ സമരം ചെയ്തത്.
വിദ്യാർത്ഥി യൂണിയന്റെ അഭാവം കാരണം ജാമിയയിലെ വിദ്യാർത്ഥികൾ അനുഭവിച്ചുതീർക്കുന്ന ഇത്തരം നിരവധി പ്രശ്നങ്ങൾക്കുള്ള പോരാട്ടമായിരുന്നു ഇത്. ഒരു ജനാധിപത്യ രാജ്യത്ത് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നാണ് രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾ വിദ്യാർത്ഥികൾ പഠിക്കേണ്ടതും പകർന്നു കിട്ടേണ്ടതും. എന്നാൽ ആ അന്തരീക്ഷമാണ് അവിടെ നശിപ്പിക്കപ്പെടുന്നത്. 'ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ ഇന്ത്യ' എന്ന ജവഹർലാൽ നെഹ്റുവിന്റെ വരികളാണ് ഈ സന്ദർഭത്തിൽ ഓർമ്മ വരുന്നത്.

യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കപ്പെടുന്നതോടെ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടു വരാൻ സാധിക്കുമെന്നാണ് കരുതുന്നത്?
നേരത്തെ സൂചിപ്പിച്ചതുപോലെ, ജാമിയയിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അതുകൊണ്ടുതന്നെ ഒരു വിദ്യാർത്ഥി യൂണിയൻ വരുന്നതിലൂടെ ഈ പ്രശ്നങ്ങളെല്ലാം വലിയൊരുപരിധിവരെ പരിഹരിക്കാൻ നമുക്ക് കഴിയുമെന്ന് ഉറപ്പാണ്. ഇപ്പോൾ നിലനിൽക്കുന്നത് പോലെ അഡ്മിനിസ്ട്രേഷന്റെ ഏകപക്ഷീയമായ അധികാരം അതോടെ നഷ്ടപ്പെടും. പകരം, വിദ്യാർത്ഥികൾക്ക് കാര്യങ്ങളിൽ ഇടപെടാനും ശക്തമായി പ്രതികരിക്കാനും കഴിയും. അതുവഴി വിദ്യാർത്ഥികളുടെ ക്ഷേമപ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാനും പുതിയ പദ്ധതികൾ കൊണ്ടുവരാനും സാധിക്കും.
അടുത്ത ഇലക്ഷന് ആറ് മാസം കൂടിയുണ്ട്. ആ കാലഘട്ടത്തിനുള്ളിൽ വിദ്യാർത്ഥികളുടെ ഏതെല്ലാം വിഷയങ്ങളിലാണ് ഞങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഒരു മികച്ച മാനിഫെസ്റ്റോ ഞങ്ങൾ തീർച്ചയായും പുറത്തിറക്കും.
ഈ വിജയം രാജ്യത്തെ മറ്റു സർവകലാശാലകളിലെ അവകാശ സംരക്ഷണ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുമോ?
ജാമിയയിലെ വിജയം മറ്റ് കോളേജുകളിലെ അവകാശ പോരാട്ടങ്ങൾക്ക് വലിയ ഊർജ്ജമാകുന്നുണ്ട് എന്നാണ് എന്റെ നിരീക്ഷണത്തിൽ നിന്ന് വ്യക്തമായത്. നമ്മുടെ സമരം വിജയിച്ചതിന്റെ ആവേശത്തിൽ ഇപ്പോൾ ഹരിയാനയിലെ ഒരു യൂണിവേഴ്സിറ്റിയിൽ നിരാഹാര സമരം നടന്നു കൊണ്ടിരിക്കുന്നുണ്ട്. രാജ്യത്തെ പല കാമ്പസുകളിലും ഒരു 'ജെൻ-സി അപ്രൈസിംഗ്' (Gen-Z Uprising) കാണാം.
വോട്ട് ചോരിക്കെതിരെയും കേന്ദ്രവിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിലും ഈ രാജ്യത്തെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളാണ് ദൽഹിയുടെ തെരുവുകളിൽ സജീവ സാന്നിധ്യമായി നിറഞ്ഞുനിന്ന് ശക്തമായി പോരാടുന്നത്. ആ ഊർജ്ജം എല്ലാ വിദ്യാലയങ്ങളിലും എല്ലാ സ്ഥലങ്ങളിലുമുണ്ട്.
അതോടൊപ്പം ഞാൻ സൂചിപ്പിക്കുന്ന മറ്റൊരു പ്രധാന കാര്യം, ഈ രാജ്യത്തെ സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ ശ്രമിക്കുമ്പോൾ, വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ ജനാധിപത്യം തിരിച്ചുപിടിക്കുകയാണ്. ജാമിയയിൽ ഞങ്ങൾ ജനാധിപത്യം തിരിച്ചുകൊണ്ടുവന്നു. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ രണ്ട് മാസം മുമ്പ് അവർ അത് സാധ്യമാക്കി. ഇപ്പോൾ BHU-വിലും യൂണിയന് വേണ്ടിയുള്ള സമരങ്ങളും മുന്നേറ്റങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.
രാജ്യത്തെ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള ഈ പോരാട്ടങ്ങളുടെയെല്ലാം തുടക്കം കാമ്പസുകളിൽ നിന്നാണ്. ഫാഷിസ്റ്റ് ബി.ജെ.പിയുടെ അന്ത്യവും ഈ ഇന്ത്യയിലെ വിദ്യാലയങ്ങളിൽ നിന്നായിരിക്കും എന്ന് ഈ സന്ദർഭത്തിൽ ഞാൻ ഓർമ്മിപ്പിക്കുന്നു.
രാജ്യത്തെ ഭരണസിരാകേന്ദ്രങ്ങളെല്ലാം ജനാധിപത്യത്തിന് എതിരാണ്. അതുകൊണ്ടുതന്നെ എല്ലാ ക്യാമ്പസുകളിലും ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കാനും ജനാധിപത്യ അവകാശങ്ങൾ അപഹരിക്കാനുമാണ് അവർ ശ്രമിക്കുന്നത്.
രാജ്യത്തെ പല ക്യാമ്പസുകളിലും വിദ്യാർത്ഥി രാഷ്ട്രീയത്തിന് നിയന്ത്രണങ്ങളും വിലക്കുകളും നേരിടേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തിൽ NSUI എന്ന വിദ്യാർത്ഥി സംഘടനയുടെ ദേശീയതലത്തിലുള്ള ഇടപെടലുകൾ എങ്ങനെയാണ് മുന്നോട്ടുപോകുന്നത്?
രാജ്യത്തെ ഭരണസിരാകേന്ദ്രങ്ങളെല്ലാം ജനാധിപത്യത്തിന് എതിരാണ്. അതുകൊണ്ടുതന്നെ എല്ലാ ക്യാമ്പസുകളിലും ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കാനും ജനാധിപത്യ അവകാശങ്ങൾ അപഹരിക്കാനുമാണ് അവർ ശ്രമിക്കുന്നത്. ഇതിനെതിരെ NSUI ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായി നിലകൊള്ളുന്നുണ്ട്. ജാമിയയിലെ ഞങ്ങളുടെ സമരത്തിന് NSUI യുടെയും കെ.എസ്.യുവിന്റെയും ഭാഗത്തുനിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ജാമിയ കാമ്പസ് ഒരു ജയിൽ പോലെയായിരുന്നിട്ടും, ഗേറ്റുകൾ തകർത്തുപോലും NSUI നേതാക്കൾ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ ബി.എച്ച്.യുവിലെ സമരങ്ങൾക്കും NSUI യുടെ പൂർണ്ണ പിന്തുണയുണ്ട്. രാജ്യത്താകമാനം നടക്കുന്ന ഇത്തരം ജനാധിപത്യ അവകാശ പോരാട്ടങ്ങൾക്കെല്ലാം ഒപ്പം NSUI ശക്തമായി പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സമരത്തിന് കോൺഗ്രസ് നേതൃത്വവും ഏറെ സഹായിച്ചിട്ടുണ്ട്.

രാജ്യത്തെ സർവകലാശാലകളുടെ ഫണ്ടുകൾ വെട്ടിക്കുറച്ചും അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് അനുമതി നൽകാതെയും ക്യാമ്പസുകളെ നിശ്ശബ്ദമാക്കാൻ അധികാരികൾ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുമ്പോൾ വിദ്യാർത്ഥി സമൂഹം അതിനെ എങ്ങനെയാണ് ചെറുത്തുതോൽപ്പിക്കേണ്ടത്?
ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സെൻട്രൽ യൂണിവേഴ്സിറ്റികൾക്ക് നൽകുന്ന ഫണ്ടുകളിൽ വലിയതോതിലുള്ള വെട്ടിക്കുറക്കലുകളാണുണ്ടായത്. അതിന്റെയെല്ലാം നേരിട്ടുള്ള പ്രതിഫലനമാണ് കാമ്പസുകളിൽ നമ്മൾ കാണുന്ന ഫീ വർദ്ധനവും ഹോസ്റ്റൽ- മെസ് ചാർജ് വർദ്ധനവും കാന്റീൻ ഫീ വർദ്ധനവുമെല്ലാം. ജാമിയ ഉൾപ്പെടെയുള്ള എല്ലാ സർവ്വകലാശാലകളിലും ഇതിന്റെ പ്രത്യാഘാതങ്ങൾ കാണാൻ സാധിക്കും.
പ്രത്യേകിച്ച് ജാമിയ ഒരു ന്യൂനപക്ഷ സ്ഥാപനമാണ് എന്നതും, സംഘപരിവാർ അജണ്ടകൾക്ക് വഴങ്ങാത്ത ഒരു സ്ഥാപനം എന്ന നിലയിലും അതിനെ ഇൻസ്റ്റിറ്റ്യൂഷണൽ ആയി തകർക്കാനുള്ള ബോധപൂർവ ശ്രമങ്ങൾ ഈ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. അതിനെ എന്ത് വിലകൊടുത്തും ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങൾ ചെറുത്തുനിൽക്കും. സമരത്തിലൂടെയാണെങ്കിൽ സമരത്തിലൂടെയും, പാർലമെന്ററി തലത്തിലായാലും, ഞങ്ങളുടെ ശബ്ദം ഉയർത്താൻ കഴിയുന്ന എല്ലാ വേദികളിലൂടെയും ഈ നീക്കങ്ങളെ ഞങ്ങൾ ചെറുത്തുതോൽപ്പിക്കും.
കാലടി സംസ്കൃത സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങൾക്കായി ജനാധിപത്യപരമായി സമരം ചെയ്ത വിദ്യാർത്ഥികളെ സർവകലാശാല സസ്പെന്റ് ചെയ്തിരിക്കുകയാണ്. സമാനമായി, വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനോട് ചോദ്യം ചോദിച്ച വിദ്യാർത്ഥികളെയും സസ്പെന്റ് ചെയ്തിരിക്കുന്നു. വിദ്യാർത്ഥികളുടെ അവകാശ പോരാട്ടങ്ങൾക്ക് നിരന്തരം പോരാടുന്ന വിദ്യാർത്ഥി നേതാവെന്ന നിലയിൽ ഈ സംഭവത്തെ എങ്ങനെ വിലയിരുത്തുന്നു?
സമരം ചെയ്ത വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണം എന്നതാണ് എന്റെ നിലപാട്. അതേസമയം, സമരങ്ങൾ എപ്പോഴും സമാധാനപരമായിരിക്കണം. അതിനാണ് മുൻഗണന നൽകേണ്ടത്. അഹിംസാപരമായ സമരങ്ങളെയാണ് നാം പ്രോത്സാഹിപ്പിക്കുന്നത്. അതിനാൽ, അക്രമസ്വഭാവമുള്ള സമരങ്ങൾ ഉണ്ടാകുമ്പോൾ അതിനെതിരെ നടപടികൾ സ്വാഭാവികമായും ഉണ്ടാകും. എങ്കിലും അത്തരം നടപടികൾ എപ്പോഴും ആനുപാതികമായിരിക്കണം (Proportionate).
‘‘വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്താൻ ഒരു സർക്കാരിനെയും നമ്മൾ അനുവദിക്കുകയില്ല. ഏതൊരു സർക്കാരായാലും ഇത്തരം പ്രവണതകളിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് എൻ്റെ അഭിപ്രായം’’.
ശവമഞ്ചം വഹിച്ചുകൊണ്ടുള്ള പ്രതീകാത്മക സമരങ്ങളെ ആരും എതിർക്കുന്നില്ല, ഞാനും എതിർക്കുന്നില്ല. എന്നാൽ വി.സിയെയും മറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരെയും ഓഫീസിൽ അതിക്രമിച്ചുകയറി കയ്യേറ്റം ചെയ്യുന്നത് തീർച്ചയായും അപലപനീയമാണ്. അതിനെ ഒരു കാരണവശാലും പിന്തുണയ്ക്കാൻ കഴിയില്ല. അതിനാൽ, വിദ്യാർത്ഥികൾക്ക് ആനുപാതികമായ ശിക്ഷാനടപടികൾ നൽകി അവരെ പരീക്ഷ എഴുതിക്കണം എന്നതാണ് എന്റെ നിലപാട്.
മഹാരാജാസ് കോളേജിൽ നടന്ന സംഭവം ഞാൻ ഒരു വീഡിയോയിലൂടെ കണ്ടിരുന്നു. അവിടെ ഒരു വിദ്യാർത്ഥിനി മന്ത്രി റോജി എം ജോണിനോട് ചോദ്യങ്ങൾ ഉന്നയിക്കുന്നു. മന്ത്രി മറുപടി പറയാമെന്ന് സമ്മതിച്ചിട്ടും അതിനുള്ള അവസരം നൽകാതെ ആ പരിപാടി തടസ്സപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. മാതാപിതാക്കളും വിദ്യാർത്ഥികളും ഒത്തുകൂടുന്ന ഒരു കോൺവൊക്കേഷൻ ചടങ്ങ് അലങ്കോലപ്പെടുത്താനുള്ള ശ്രമമാണിത്. കരിങ്കൊടി പ്രതിഷേധങ്ങളും നിസഹകരണ പ്രക്ഷോഭങ്ങളും നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ, എല്ലാറ്റിനും ഒരു മാന്യതയുടെയും രാഷ്ട്രീയ പക്വതയുടെയും ഘടകം ഉണ്ടാകേണ്ടതുണ്ട്.

ഇത്തരം കാര്യങ്ങളെല്ലാം പരിഗണിച്ചു മാത്രമേ ഏത് സമരവും മുന്നോട്ട് കൊണ്ടുപോകാവൂ. അതിനാൽ ആ വിദ്യാർത്ഥിനിക്കെതിരെ എടുത്ത നടപടിയും ആനുപാതികമായിരിക്കണം. ഏതൊരു നടപടിയെടുക്കുമ്പോഴും അത് സസ്പെൻഷനോ ഷോക്കോസ് നോട്ടീസോ ആകട്ടെ അതിന് അതിന്റേതായ നിയമപരമായ നടപടിക്രമങ്ങളുണ്ട്. ഒരിക്കലും അതൊരു എക്സ്- പാർട്ടി (ഏകപക്ഷീയമായ) നടപടിയാകാൻ പാടില്ല. സാഹചര്യം വിലയിരുത്തി, അതിനനുയോജ്യമായ നടപടികൾ സ്വീകരിക്കാവുന്നതാണ്.
അല്ലാത്തപക്ഷം, വിദ്യാർത്ഥികളുടെ സമരങ്ങളെ അംഗീകരിക്കുക എന്നതാണ് ചെയ്യേണ്ടത്. വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്താൻ ഒരു സർക്കാരിനെയും നമ്മൾ അനുവദിക്കുകയില്ല. ഏതൊരു സർക്കാരായാലും ഇത്തരം പ്രവണതകളിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് എൻ്റെ അഭിപ്രായം.
ഇതിലെനിക്ക് കൂട്ടിച്ചേർക്കാനുള്ളത്, ഞങ്ങളടക്കമുള്ള ക്യാമ്പസുകളിൽ വളരെ മ്ലേച്ഛമായ രീതിയിലുള്ള ഏകപക്ഷീയമായ (arbitrary) അടിച്ചമർത്തലുകൾ നടക്കുന്നുണ്ട് എന്നതാണ്. സമാധാനപരമായ രീതിയിൽ ഒരു സമരം ചെയ്യാൻ പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണിന്നുള്ളത്. സമാധാനപരമായി കുത്തിയിരിപ്പ് സമരം നടത്തിയതിന് കാമ്പസ് ബാനും നിരാഹാര സമരം കിടന്നതിന് ഒരു വർഷത്തെ റസ്റ്റിഗേഷനും ഒക്കെ നൽകുന്ന സാഹചര്യം നമ്മൾ കണ്ടതാണ്. അതിനാൽ, സമാധാനപരമായിട്ടുള്ള വിദ്യാർത്ഥി സമരങ്ങളെ യാതൊരു കാരണവശാലും സർക്കാരുകൾ അടിച്ചമർത്താൻ മുതിരരുത്.
പ്രത്യേകിച്ച്, ബി.ജെ.പി ഭരിക്കുന്ന അല്ലെങ്കിൽ അവരുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥി സമരങ്ങളെ എന്തുവിലകൊടുത്തും അടിച്ചമർത്താനുള്ള ഒരു തീവ്രശ്രമം ഈ കാലങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. പണ്ട് ജാമിയ മില്ലിയയിൽ നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചപ്പോൾ, പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങൾ വിളിക്കാൻ പാടില്ലെന്നും അതിനെതിരെ നടപടിയെടുക്കുമെന്നും കാണിച്ച് വി.സി ഓഫീസിൽ നിന്ന് നോട്ടീസ് ഇറങ്ങുകയുണ്ടായി.
അന്ന് നമ്മളെല്ലാം ഏറെ ചർച്ച ചെയ്ത മറ്റൊരു സംഭവമുണ്ട്. 2011-ലോ 12-ലോ ദൽഹി സർവകലാശാലയിൽ (DU) നടന്ന ഒരു പരിപാടിക്കിടെ, അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരെ വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കുകയുണ്ടായി. അന്നത്തെ ഡിയു വി.സി ഓഫീസിൽ നിന്നും വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കുമെന്ന് കാണിച്ച് ഇതുപോലെ ഒരു നോട്ടീസ് വരികയുണ്ടായി. എന്നാൽ, ആ നോട്ടിഫിക്കേഷൻ ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് പറഞ്ഞ് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നേരിട്ട് യൂണിവേഴ്സിറ്റിയോട് ഇടപെടുകയാണുണ്ടായത്. "പ്രധാനമന്ത്രിയായാലും പ്രസിഡന്റായാലും, വിദ്യാർത്ഥികൾക്ക് അവരുടെ ആവശ്യങ്ങളും സമരങ്ങളും അഭിപ്രായങ്ങളും മാന്യവും അഹിംസാപരവും സമാധാനപരവുമായ രീതിയിൽ അവതരിപ്പിക്കാനുള്ള അവകാശമുണ്ട്" എന്ന് വ്യക്തമാക്കി ആ നോട്ടീസ് പിൻവലിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
മൻമോഹൻ സിംഗ് അന്ന് മുന്നോട്ടുവെച്ച ആ ജനാധിപത്യപരമായ ആശയവും നിലപാടും തന്നെയാണ് എനിക്കും ഈ വിഷയത്തിൽ പറയാനുള്ളത്.
‘‘ഫാഷിസത്തിന്റെ അവസാനം ഇന്ത്യയിലെ ജാമിയ, ദൽഹി സർവകലാശാല, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി തുടങ്ങി രാജ്യത്തെ വിവിധ വിദ്യാലയങ്ങളിൽ നിന്നായിരിക്കുമെന്നും, അവിടെ നിന്നാണ് ജനാധിപത്യത്തിന്റെ വീണ്ടെടുപ്പ് ഉണ്ടാകുകയെന്നും ബി.ജെ.പിയ്ക്ക് നന്നായി അറിയാം’’.
വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നിരന്തരം ഉയർന്നു വരാറുണ്ട്. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?
വിദ്യാർത്ഥി രാഷ്ട്രീയ നിരോധനത്തോടോ കാമ്പസുകളിലെ രാഷ്ട്രീയം നിർത്തലാക്കുന്നതിനോടോ ഞാനോ എന്റെ സംഘടനയോ ഒരിക്കലും യോജിക്കുന്നില്ല. "ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ ഇന്ത്യ" എന്ന് പണ്ട് നെഹ്റു പറഞ്ഞതുപോലെ, രാജ്യത്തെ വിദ്യാലയങ്ങളിലും അക്കാദമിക് ഇടങ്ങളിലുമാണ് വിദ്യാർത്ഥികൾ ഈ രാജ്യത്തിന്റെ ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് ഭരണഘടനാ മൂല്യങ്ങൾ ഉൾക്കൊണ്ട് വളരേണ്ടത്. ക്യാമ്പസുകൾ തന്നെയാണ് അതിനുള്ള ഏറ്റവും മികച്ച പരിശീലനക്കളം. ഈ വിദ്യാലയങ്ങളിൽ രാഷ്ട്രീയം അവസാനിക്കുകയാണെങ്കിൽ, നാളത്തെ ഉത്തരവാദിത്തമുള്ള പൗരന്മാരും വോട്ടർമാരും എവിടെ നിന്നാണ് ഈ ജനാധിപത്യ മൂല്യങ്ങൾ പഠിച്ചെടുക്കുക?
അതുകൊണ്ടുതന്നെ, എല്ലാ ക്യാമ്പസുകളിലും ജനാധിപത്യപരമായ രീതിയിലുള്ള തിരഞ്ഞെടുപ്പുകളും വിദ്യാർത്ഥി രാഷ്ട്രീയവും അവിഭാജ്യ ഘടകമാണെന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ, പല ബി.ജെ.പി അജണ്ടകൾക്കും വിദ്യാർത്ഥി രാഷ്ട്രീയത്തോട് വലിയ ഭയമുണ്ട്. കാരണം വ്യക്തമാണ്. ഫാഷിസത്തിന്റെ അവസാനം ഇന്ത്യയിലെ ജാമിയ, ദൽഹി സർവകലാശാല, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി തുടങ്ങി രാജ്യത്തെ വിവിധ വിദ്യാലയങ്ങളിൽ നിന്നായിരിക്കുമെന്നും, അവിടെ നിന്നാണ് ജനാധിപത്യത്തിന്റെ വീണ്ടെടുപ്പ് ഉണ്ടാകുകയെന്നും അവർക്ക് നന്നായി അറിയാം. ആ ഒരു ബോധ്യത്തിൽ നിന്നാണ് അവർ വിദ്യാർത്ഥി രാഷ്ട്രീയത്തെ ശക്തമായി എതിർക്കുന്നത്.

ഇതിനപ്പുറം, എന്തുകൊണ്ടാണ് വിദ്യാർത്ഥി രാഷ്ട്രീയം അനിവാര്യമാകുന്നത് എന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാവിവൽക്കരണം ശക്തമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ രീതിയിലാണ് വിദ്യാർത്ഥികൾ പോരാടുന്നത്. കേരള സെൻട്രൽ യൂണിവേഴ്സിറ്റിയിലും ജാമിയ മില്ലിയയിലുമെല്ലാം നമ്മൾ ഇതിനെതിരെ നടന്ന സമരങ്ങളും അവ നേരിട്ട രീതികളും കണ്ടതാണ്.
വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാൻ പലരും പറയുന്ന പ്രധാന കാരണം ക്യാമ്പസുകളിലെ അക്രമങ്ങളാണ്. എന്നാൽ അത് യഥാർത്ഥത്തിൽ ക്രമസമാധാനപാലനത്തിലെ വീഴ്ചയാണ്. ക്രമസമാധാന പ്രശ്നങ്ങളെ നിയമപരമായ മാർഗ്ഗങ്ങളിലൂടെയാണ് നേരിടേണ്ടത്, അല്ലാതെ തിരഞ്ഞെടുപ്പുകളും ജനാധിപത്യവും നിർത്തിവെച്ചിട്ടല്ല. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പുകളും നിയമസഭാ തിരഞ്ഞെടുപ്പുകളും നടക്കുമ്പോൾ പല സ്ഥലങ്ങളിലും സംഘർഷങ്ങളും പ്രശ്നങ്ങളും ഉണ്ടാകാറുണ്ടല്ലോ. അതുകൊണ്ട് ആരും തിരഞ്ഞെടുപ്പ് നിർത്തിവെക്കാറില്ലല്ലോ. അതുപോലെ തന്നെയാണ് ക്യാമ്പസുകളിലെ രാഷ്ട്രീയവും. കാമ്പസുകളിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതിനെ അതിന്റേതായ നിയമപരമായ രീതിയിൽ നേരിടുകയാണ് വേണ്ടത്. അല്ലാതെ തിരഞ്ഞെടുപ്പുകൾ ഇല്ലാതാക്കുകയല്ല അതിനുള്ള പരിഹാരമെന്ന് ഈ സന്ദർഭത്തിൽ ഞാൻ പ്രത്യേകം സൂചിപ്പിക്കുന്നു. രാജ്യത്ത് നടക്കുന്ന പ്രധാനപ്പെട്ട സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ വ്യക്തവും കൃത്യവുമായ നിലപാടെടുക്കാനും അവയോട് പ്രതികരിക്കാനും വിദ്യാർത്ഥി രാഷ്ട്രീയത്തിന് കഴിയുന്നുണ്ട്.
ജെ.എൻ.യു ആയാലും ജാമിയ മില്ലിയ ആയാലും രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികൾ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ നിരന്തരം അഭിമുഖീകരിക്കാറുണ്ട്. ഇതെല്ലാം വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ കരുത്തും അതിന്റെ സ്വാഭാവികമായ തുടർച്ചയുമാണ്.
നമ്മുടെ രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അവർക്കുവേണ്ടി ശക്തമായി ശബ്ദമുയർത്തുന്നതിനും വിദ്യാർത്ഥി രാഷ്ട്രീയത്തിന് വലിയൊരു പങ്കുവഹിക്കാനുണ്ട്.

