അറസ്റ്റിനെതിരായ ഹർജി തള്ളി, അരവിന്ദ് കെജ്രിവാൾ ജയിലിൽ തുടരും

National Desk

ദ്യനയക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലിൽ നിന്ന് മോചിപ്പിക്കില്ല. ഇ.ഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്രിവാൾസമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കെജ്രിവാളിന് ഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് കോടതി നിരീക്ഷണം. ആം ആദ്മി പാർട്ടി കൺവീനർ എന്ന നിലയിലും ഡൽഹി മുഖ്യമന്ത്രി എന്ന നിലയിലും കെജ്രിവാൾ മദ്യനയരൂപീകരണത്തിലും കോഴ ചോദിക്കുന്നതിലും ഇടപെട്ടു എന്നതിനും ഇ.ഡി തെളിവുകൾ ശേഖരിച്ചെന്നും വിധയിൽ ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. ഇ.ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കുന്നതിനുള്ള ഹർജിയാണ് സമർപ്പിക്കപ്പെട്ടത്. ജാമ്യഹർജിയല്ല എന്നും കോടതി വ്യക്തമാക്കി.

ഹർജി പരിഗണിച്ച് ഈ മാസം മൂന്നിന് നടന്ന വാദത്തിനുശേഷം കേസ് വിധി പറയാൻ മാറ്റിവെച്ചിരിക്കുകയായിരുന്നു. ഇ.ഡി അറസ്റ്റ് നടന്നത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നെന്നും ഇത് ബി.ജെ.പിയുടെയും കേന്ദ്രസർക്കാരിന്റെയും ഗൂഡാലോചനയുടെ ഭാഗമാണെന്നായിരുന്നു കെജ്രിവാളിന്റെയും ആപിന്റെയും, അറസ്റ്റിനെതിരേയുള്ള പ്രധാന ആരോപണം. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രചാരണത്തിൽ നിന്ന് തന്നെ അകറ്റാനാണ് ഇത്തരത്തിൽ ഒരു ഗൂഢാലോചന സർക്കാർ നടത്തിയത് എന്നും ഒരു സിറ്റിംഗ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് ജനാധിപത്യവിരുദ്ധതയാണ് എന്നും കെജ്രിവാൾ ആരോപണമുന്നയിച്ചിരുന്നു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു

എന്നാൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെജ്രവാളിനെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു ഇ.ഡിയുടെ വാദം. ഡിജിറ്റൽ തെളിവുകളായ വാട്ട്‌സാപ്പ് ചാറ്റുകൾ, വീഡിയോ കോൾ വിവരങ്ങൾ, കോൾ റെക്കോഡിംഗുകൾ ഉൾപ്പടെയുള്ള തെളിവുകൾ കെജ്രിവാളിനെതിരേയുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റുചെയ്തതും കസ്റ്റഡിയിൽ എടുത്തതെന്നും ഇ.ഡി പറഞ്ഞു. മുഖ്യമന്ത്രിയായതുകൊണ്ട് മാത്രം ഒരാളെ അറസ്റ്റ് ചെയ്യാതിരിക്കാൻ കഴിയില്ലെന്ന ഇ.ഡിയുടെ വാദം കോടതിയും ശരിവെച്ചു. സിറ്റിംഗ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് വാദിക്കാൻ കഴിയില്ലെന്നായിരുന്നു കോടതി നിരീക്ഷണം. ഏപ്രൽ 15 വരെയാണ് തീഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുക. സി.ബി.ഐ കസ്റ്റഡിയിൽ എടുക്കുമോ തുടങ്ങിയ കാര്യങ്ങൾ അതിനുശേഷം അറിയാം.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഡൽഹിയിലെ നേതാക്കളും പങ്കെടുക്കുന്ന യോഗം ആം ആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ഡൽഹിയുടെ ഭരണത്തിൽ അനിശ്ചിതത്വങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഭരണത്തിന് കോട്ടം തട്ടാതെ മുന്നോട്ട് കൊണ്ടുപോകുന്നതെങ്ങനെ എന്നതാവും യോഗത്തിലെ പ്രധാന ചർച്ച.

Comments