ബി. രാജീവൻ

കോവിഡ് മഹാമാരിയും 'മരണ രാഷ്ട്രീയ'വും

കോവിഡ് നിയന്ത്രണത്തിലായിക്കഴിഞ്ഞാലും കോർപറേറ്റ് അധിനിവേശത്തിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കും. യഥാർത്ഥത്തിൽ ഇപ്പോൾ തന്നെ നാം കണ്ടുകൊണ്ടിരിക്കുന്നത് പുതിയ തരം ഭരണകൂട ഭീകരതയുടെ നടുക്കുന്ന ദൃശ്യങ്ങളാണ്.

കെ. കണ്ണൻ: കോവിഡ് രണ്ടാം തരംഗത്തിന്റെ പാശ്ചാത്തലത്തിൽ, അത് ഏറ്റവും മോശമായ രീതിയിൽ കൈകാര്യം ചെയ്​തിന്റെ പേരിൽ ആഗോളതലത്തിൽ തന്നെ ഏറ്റവുമധികം വിമർശിക്കപ്പെടുന്ന ഒരു ഭരണകൂടമാണ് നരേന്ദ്രമോദിയുടേത്. കോവിഡ് എന്ന മഹാമാരിയെ ഫെഡറലിസത്തിനും ജനാധിപത്യത്തിനും എതിരായും കോർപറേറ്റിസത്തിന് അനുകൂലവുമായുള്ള ഒരു സാഹചര്യമായി മാറ്റിയെടുക്കുകയാണ് മോദി സർക്കാർ. മറുവശത്ത്, 150 ദിവസം പിന്നിട്ട കർഷക സമരം, ഡൽഹിയിലെ അതിരൂക്ഷമായ കോവിഡ് വ്യാപനത്തിന്റെയും ഓക്സിജൻ ക്ഷാമത്തിന്റെയും പ്രതികൂല സാഹചര്യങ്ങളിലും വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ്. കോവിഡിനെ മറയാക്കി സമരം നിർവീര്യമാക്കാൻ മോദി സർക്കാർ ശ്രമിക്കുന്നുമുണ്ട്. മെയ് പത്തിന്, 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം തുടങ്ങിയ ദിവസം, പാറ്റ്‌നയിൽ നിന്ന് തുടങ്ങാനിരുന്ന രണ്ടാം സ്വാതന്ത്ര്യസമര പ്രഖ്യാപനയാത്ര നിരോധിച്ചിരിക്കുകയാണ്. ഡൽഹിയിലേക്കുള്ള ഓക്സിജൻ സിലിണ്ടറുകൾ അതിർത്തിയിൽ കർഷകർ തടഞ്ഞുവെക്കുന്നു തുടങ്ങിയ വ്യാജ ആരോപണങ്ങൾ ഔദ്യോഗിക കേന്ദ്രങ്ങൾ പടച്ചുവിടുന്നു. എന്നാൽ, രണ്ടാം തരംഗത്തിൽ, ദുരിതത്തിലായ അന്തർ സംസ്ഥാന തൊഴിലാളികളെ ചേർത്തുപിടിച്ചാണ് കർഷകർ തങ്ങളുടെ സമരരാഷ്ട്രീയം തുറന്നുപറയുന്നത്. ഒരു വലിയ ദുരന്തകാലത്ത്, ഇത്തരമൊരു സമരത്തിന് എങ്ങനെയാണ് മുന്നോട്ടുപോകാൻ കഴിയുക? ഇത്തരം സമരങ്ങളിലൂടെ, ഇന്നത്തെ സാഹചര്യത്തിൽ ഒരു ജനാധികാര രാഷ്ട്രീയത്തിന്റെ വീണ്ടെടുപ്പ് എങ്ങനെയാണ് സാധ്യമാകുക?

ബി. രാജീവൻ: ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദയനീയവും ഭീതിദവുമായ ഒരു സന്ദർഭത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രാണവായുവും ആശുപത്രിക്കിടക്കയും കിട്ടാതെ മനുഷ്യർ വീടുകളിലും ആംബുലൻസുകളും വഴിവക്കിലും നിസ്സഹായരായി മരിച്ചുവീഴുകയാണ്. ഇത് യഥാർത്ഥത്തിൽ കൂട്ടക്കൊലയാണ്. ഇതിനുത്തരവാദി മനുഷ്യരുടെ ജീവിതത്തേയും ജീവനേയും പൂർണമായി അവഗണിച്ച് മഹാമാരിയെ പോലും കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ മടിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. നരേന്ദ്രമോദിയുടെ രാഷ്ട്രീയത്തിൽ പതിയിരിക്കുന്നത്, മനുഷ്യരെ കൂട്ടമരണത്തിലേക്ക് നയിക്കുന്ന നിഷ്ഠുരതയാണ്. ഒരുപക്ഷേ ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മനുഷ്യദ്രോഹിയായ ഭരണാധികാരി എന്ന പേരിലാകും നരേന്ദ്രമോദി അറിയപ്പെടാൻ പോകുന്നത്.

ഇന്ത്യയിൽ വാക്‌സിൻ- ഓക്‌സിജൻ നിർമാണം സ്വകാര്യ കുത്തകകൾക്ക് വിട്ടുകൊടുക്കുന്നതിന്റെ കൊടിയ ദുരന്തം മുഴുവൻ ഏറ്റെടുത്ത് സാധാരണ മനുഷ്യർ കൊടിയ യാതനകൾ സഹിച്ച് ചത്തൊടുങ്ങുമ്പോൾ, കൊള്ളലാഭം ഉണ്ടാക്കുന്നത് നരേന്ദ്രമോദിയുടെ ഓമനകളായ സ്വകാര്യ കമ്പനികളാണ്.

കോവിഡ് മഹാമാരിയെ ഈ വിധം വിനാശകരമായി കൈകാര്യം ചെയ്തത് കേവലം കെടുകാര്യസ്ഥതയോ അനാസ്ഥയോ ആയി മാത്രം കണ്ടാൽ പോരാ. കോവിഡിന്റെ രാഷ്ട്രീയമായ ഉപയോഗത്തെ കുറിച്ച് അതിന്റെ തുടക്കത്തിൽ തന്നെ വലിയ ചില തത്വചിന്തകരും രാഷ്ട്രീയചിന്തകരും വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, ലോക്ക്ഡൗണിന്റെയും മറ്റു പകർച്ചവ്യാധി നിയന്ത്രങ്ങളുടേയും പേരിൽ ഭരണകൂടങ്ങൾ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാൻ സാധ്യതയുള്ള അസാധാരണ അടിയന്തരാവസ്ഥ (State of Exception) യുടെ ആഴത്തിലുള്ള രാഷ്ട്രീയ പ്രത്യാഘാതങ്ങളെ കുറിച്ച് ജോർജിയോ അഗംബൻ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾ പ്രസക്തമാണ്. അവകാശങ്ങളാൽ കവചിതമായ പൗരന്റെ രാഷ്ട്രീയമായ നിലനിൽപ്പിന്, ഇത്തരം അസാധാരണ അടിയന്തരാവസ്ഥകളിലേക്ക് അവർ തള്ളിവീഴ്ത്തപ്പെടുമ്പോൾ എന്ത് സംഭവിക്കുന്നു എന്നാണ് അഗംബൻ വെളിപ്പെടുത്തുന്നത്. അപ്പോൾ രാഷ്ട്രീയാവകാശങ്ങളുടെ കവചങ്ങൾ കവർന്നെടുക്കപ്പെട്ട കേവലം ജൈവജീവിതത്തിന്റെ നഗ്‌നതയിലേക്ക് (Bare life) അവർ നിരാലംബരായി പതിക്കുകയാണ് ചെയ്യുന്നത്.

2020 മാർച്ചിൽ അപ്രതീക്ഷിത ലോക്ക്​ഡൗൺ പ്രഖ്യാപിച്ചതിനെതുടർന്ന്​ കാൽനടയായി നാട്ടിലേക്ക് തിരിച്ചു പോകുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ/ photo: Satyaprakash Pandey

നരേന്ദ്രമോദി കഴിഞ്ഞ വർഷം അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാരണം ലക്ഷക്കണക്കിന് പണിയെടുക്കുന്ന പാവങ്ങൾ ഇന്ത്യയിലെ തണലറ്റ നെടുമ്പാതകളിലിൽ ആയിരക്കണക്കിന് മൈലുകൾ കാൽനടയായി വീടുകളിലേക്ക് മടങ്ങിയ കാഴ്ച നാം കണ്ടതാണ്. ഇവർ രാഷ്ട്രീയമായ അവകാശങ്ങളും ആശ്രയങ്ങളും എല്ലാം കവർന്നെടുക്കപ്പെട്ട കേവല ജീവിതങ്ങളാണ്. ഇതുപോലെ കോവിഡ് മഹാമാരികളുടെ മറവിലാണ് ഇന്ത്യയിൽ ജനാധിപത്യാവകാശങ്ങൾക്കുവേണ്ടി ഉയർന്നുവന്ന പല പ്രധാന സമരങ്ങളേയും ഭരണകൂടം അമർച്ച ചെയ്യാൻ ശ്രമിച്ചത്. സമൂഹത്തിൽ ഒരു മതവിഭാഗത്തിന് പൗരത്വം നിഷേധിക്കുന്ന, ഏറ്റവും ജനാധിപത്യ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിലെമ്പാടും ഉയർന്നുവന്ന സമരങ്ങളെ നിശ്ശബ്ദമാക്കാൻ ഭരണകൂടത്തെ സഹായിച്ചതും മഹാമാരിയുടെ പശ്ചാത്തലമാണ്. ഇന്ത്യയുടെ സമരചരിത്രത്തിൽ തന്നെ പുതിയൊരധ്യായം എഴുതിച്ചേർത്ത, സ്ത്രീകളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ തമ്പടിച്ചു പാർക്കുന്ന ഷഹീൻ ബാഗ് മാതൃകയിലുള്ള ഭരണകൂടം ഭയക്കുന്ന കുടിപാർപ്പു സമരങ്ങളേയും (Occupy Struggles) മഹാമാരിയെ ചൂണ്ടിക്കൊണ്ടാണ് മോദി സർക്കാർ പിരിച്ചുവിട്ടത്. ഇപ്പോൾ കർഷക സമരത്തെ തോൽപ്പിക്കാനും മോദി നിർലജ്ജം പ്രയോഗിക്കുന്നത്

ഈയിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും, ഉത്തർപ്രദേശിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കേറ്റ തിരിച്ചടി മധുരം വിതരണം ചെയ്ത് ആഘോഷിക്കുന്ന സമരം ചെയ്യുന്ന കർഷകർ / Photo: Kisan Ekta Morcha, Fb

മഹാമാരിയെയാണ്. ജനാധിപത്യത്തിനെതിരെ എന്ന പോലെ കോവിഡിനെ കോർപറേറ്റ് കൊള്ളകൾക്കും അനുകൂലമായി മോദി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കുറേ വർഷങ്ങൾക്കു മുമ്പ് കോർപറേറ്റിസത്തിന്റെ വലിയ വിമർശകയായ നവോമി ക്ലയ്ൻ സാമൂഹ്യ ദുരന്തങ്ങളിൽ വേരാഴ്ത്തി വളരുന്ന ‘ദുരന്ത മുതലാളിത്ത'ത്തെ കുറിച്ച് ‘ഷോക് ഡോക്ട്രിൻ' (Shock Doctrine) എന്നൊരു സിദ്ധാന്തം തന്നെ അവതരിപ്പിച്ചല്ലോ . മഹാമാരിയുടെ പശ്ചാത്തലത്തിൽ അവരിപ്പോൾ ആ സിദ്ധാന്തത്തിന്റെ പേര് കോവിഡ് ഷോക്ക് ഡോക്ട്രിൻ എന്ന് പരിഷ്‌കരിച്ചിരിക്കയാണ്. ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന കോവിഡ് ദുരന്തത്തിന്റെ സാമ്പത്തിക സാധ്യതകൾ പുതിയ ആഗോള മൂലധന കേന്ദ്രങ്ങൾ നിർദ്ദയം ആവോളം ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ വാക്‌സിൻ നിർമാണവും ഓക്‌സിജൻ നിർമാണവും സ്വകാര്യ കുത്തകകൾക്ക് വിട്ടുകൊടുക്കുന്നതിന്റെ കൊടിയ ദുരന്തം മുഴുവൻ ഏറ്റെടുത്ത് സാധാരണ മനുഷ്യർ കൊടിയ യാതനകൾ സഹിച്ച് ചത്തൊടുങ്ങുമ്പോൾ, ഈ അവസരം മുതലെടുത്ത് കൊള്ളലാഭം ഉണ്ടാക്കുന്നത് നരേന്ദ്രമോദിയുടെ ഓമനകളായ സ്വകാര്യ കമ്പനികളാണ്.

കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തിന്റെ ഇന്നത്തെ ലിബറൽ ഔപചാരിക ചട്ടക്കൂടിനെ മറികടന്നുകൊണ്ടാവും കേന്ദ്രത്തെ അപ്രസക്തമാക്കുന്ന കീഴാള ജനാധിപത്യത്തിന്റെ ഫെഡറലിസം ഉയർന്നു വരാൻ പോകുന്നത്.

ഈ സാഹചര്യത്തിൽ, കോർപറേറ്റ് മുതലാളിത്തം, ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതാവസ്ഥയിലേക്ക് തള്ളിവീഴ്ത്തിക്കൊണ്ടിരിക്കുന്ന കോടിക്കണക്കായ കീഴാള ജനവിഭാഗങ്ങൾ ഉയിർത്തെഴുന്നേൽക്കുന്ന സമരങ്ങളിലൂടെയാകും ഇന്ത്യൻ ജീവിതത്തിന്റെ ബഹുലതയും വൈവിദ്ധ്യവും വീണ്ടെടുക്കപ്പെടാൻ പോകുന്നത്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തിന്റെ ഇന്നത്തെ ലിബറൽ ഔപചാരിക ചട്ടക്കൂടിനെ മറികടന്നുകൊണ്ടാവും കേന്ദ്രത്തെ അപ്രസക്തമാക്കുന്ന കീഴാള ജനാധിപത്യത്തിന്റെ ഫെഡറലിസം ഉയർന്നു വരാൻ പോകുന്നത്.
ഇപ്പോൾ നടക്കുന്ന കർഷക സമരമടക്കം ഇതിനകം തുടങ്ങിക്കഴിഞ്ഞ ജനസഞ്ചയ ജനാധിപത്യ സമരങ്ങളിലൂടെയാകും ഒരു ജനാധികാര രാഷ്ട്രീയത്തിന്റെ വീണ്ടെടുപ്പ് സാധ്യമാകുക.

കർഷക സമരം ഉയർത്തുന്ന വെല്ലുവിളിയുടെ ആഴം നന്നായി അറിയുന്ന നരേന്ദ്രമോദി അതിനെ അടിച്ചമർത്താൻ കോവിഡിനെ തന്നെയാണ് പ്രധാനമായും ആയുധമാക്കുന്നത്. കുംഭമേളക്കുണ്ടായ ആൾക്കൂട്ടത്തെക്കാൾ കോവിഡ് വ്യാപനത്തിന് കാരണം കർഷക സമരമാണെന്ന് പ്രചരിപ്പിക്കുകയാണ് നരേന്ദ്രമോദിയും കൂട്ടരും. മെയ് പത്തിന് പാറ്റ്‌നയിൽ നിന്ന് തുടങ്ങാനിരുന്ന രണ്ടാം സ്വാതന്ത്ര്യസമര പ്രഖ്യാപനയാത്ര ഗവണ്മെന്റ് നിരോധിച്ചത്, ഓക്‌സിജൻ വിതരണം തടസപ്പെടുമെന്ന വ്യാജ കാരണം നിരത്തിയാണ്. എന്നാൽ ഈ സ്വാതന്ത്ര്യ സമര പ്രഖ്യാപനവുമായി മുന്നോട്ടു പോകുമെന്നുതന്നെയാണ് സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല, ആശുപത്രികളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിലും രോഗികൾക്ക് അടിയന്തരാവശ്യങ്ങൾ എത്തിക്കുന്നതിലും കൂടി സമരഭടന്മാർ വ്യാപൃതരായിരിക്കുകയാണ്.

2020 മാർച്ചിൽ ലോക്ക്​ഡൗൺ പ്രഖ്യാപനത്തിനു പിന്നാലെ ഷഹീൻ ബാഗിൽ പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ ഡൽഹി പൊലീസ്‌ ഒഴിപ്പിക്കുന്നു

അതുകൊണ്ട് കോവിഡ് ദുരന്തത്തിന്റെ ഭീകരത തുറന്നുകാട്ടി കർഷകരെ വീടുകളിലേക്ക് മടക്കാനുള്ള മോദിയുടെ ശ്രമം വിജയിക്കാൻ പോകുന്നില്ല. അവർ കോവിഡ് മഹാമാരിയിലൂടെ തന്നെ സമരം ചെയ്യും. എന്തെന്നാൽ നരേന്ദ്രമോദി ഇന്ത്യൻ ജനതയ്ക്കും ഇന്ത്യൻ ജനാധിപത്യത്തിനും എതിരെ പ്രയോഗിക്കുന്ന, നവോമി ക്ലയ്ൻന്റെ ഭാഷയിൽ പറഞ്ഞാൽ - pandemic shock doctrine നെതിരെയാണ് ഇപ്പോൾ സമരം മുന്നേറുന്നത്. അങ്ങനെ അവർ കോർപറേറ്റ് അധിനിവേശത്തിൽ നിന്ന് ഇന്ത്യൻ ജനതയെ മോചിപ്പിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ചിരിക്കുന്നു. അത് ഒന്നാം സ്വാതന്ത്ര്യ സമരത്തിലെന്ന പോലെ ഇന്ത്യൻ കീഴാള ജനകോടികളുടെ രാഷ്ട്രീയ മഹാശക്തികളെ ഏറ്റെടുത്ത് വിവിധരൂപങ്ങളിൽ മുന്നോട്ടു പോകും. അത് ഭരണകൂടാധികാരം കൈമാറാനോ പിടിച്ചെടുക്കാനോ ഉള്ള സമരങ്ങളാവില്ല. മറിച്ച്, ജനങ്ങളുടെ ബദൽ അധികാരം സ്ഥാപിക്കുന്നതിനുള്ള സമരങ്ങളാകും. ഗാന്ധിയുടെ ഭാഷയിൽ പറഞ്ഞാൽ, ബ്രിട്ടീഷുകാർ തന്ന പാർലമെന്ററി സ്വരാജിനെ പിന്തള്ളി ജനങ്ങളുടെ അധികാരം സ്ഥാപിക്കപ്പെടുന്ന, പൂർണ സ്വരാജിനുവേണ്ടിയുള്ള സമരങ്ങളാണ് ഇനി ഉയരാൻ പോകുന്നത്. നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ കോർപറേറ്റ് യജമാനന്മാർക്കും അതിനെ ചെറുക്കാനാവില്ല. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ മുട്ടുകുത്തിച്ച ഇന്ത്യൻ കർഷകരടക്കമുള്ള ദരിദ്രകീഴാള ജനതയുടെ രാഷ്ട്രീയ മഹാശക്തിയാണത്.

വാക്സിൻ വംശീയത എന്ന് പൊതുജനാരോഗ്യപ്രവർത്തകർ വിശേഷിപ്പിക്കുന്ന വിധത്തിൽ, കോവിഡ് വാക്സിന്റെ ഉൽപാദനം മുതൽ വിതരണം വരെയുള്ള മേഖലകളിൽ കോർപറേറ്റുകളുടെയും സമ്പന്ന രാഷ്ട്രങ്ങളുടെയും കടുത്ത നിയന്ത്രണമുണ്ട്. അതിന്റെ ഫലമായി ആഗോളതലത്തിൽ, ദരിദ്രർക്കും പാർശ്വവൽകൃത സമൂഹങ്ങൾക്കും വാക്സിൻ തന്നെ നിഷേധിക്കപ്പെടുന്നു. പാറ്റന്റ് നിയമം അടക്കമുള്ള സംവിധാനങ്ങൾ നിലനിൽക്കേയാണ് ഇത്തരം വിവേചനങ്ങൾ. ഇന്ത്യയിലാകട്ടെ, കോവിഡ് കാലം ഇന്ത്യയിൽ ക്രോണി കാപ്പിറ്റലിസത്തിന്റെ വസന്തകാലം കൂടിയായി മാറുകയാണ്. കുത്തകവൽക്കരണത്തിന്റെയും ദാരിദ്ര്യവൽക്കരണത്തിന്റെയും തോത് കോവിഡുകാലത്ത് രൂക്ഷമായി വരികയാണെന്ന സൂചനകളുണ്ട്. കോവിഡിനെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ തന്നെ, ഇത്തരം അധിനിവേശങ്ങളുടെ പ്രത്യാഘാതമെന്തായിരിക്കും?

കോവിഡ് ദുരന്തത്തിന്റെ മധ്യത്തിൽ ജനാധിപത്യത്തിന്റെയും നവമാനവികതയുടേയും മൂല്യങ്ങൾക്ക് പകരം വളരെ ശക്തമായി പഴയ തിന്മകൾ പലതും തിരിച്ചുവരുന്നതാണ് നാം കാണുന്നത്. വാക്‌സിൻ നൽകുന്നതിലും ചികിത്സാസൗകര്യം ഒരുക്കുന്നതിലുമുള്ള വിവേചനം വെളുത്തവർക്കും കറുത്തവർക്കുമിടയിൽ ഇംഗ്ലണ്ടിലും അമേരിക്കയിലും വർദ്ധിച്ചു വരുന്നതായി
കേൾക്കുന്നു. അതുപോലെ തന്നെ കുടിയേറ്റക്കാരെ മുഴുവൻ രോഗം പരത്തുന്ന ശത്രുക്കളായി കാണുന്ന ഒരു മനോഭാവം പടിഞ്ഞാറൻ രാജ്യങ്ങളിൽ ഇപ്പോൾ ശക്തമായിട്ടുണ്ട്. കോവിഡ് വൈറസിനോടൊപ്പം അതിന് സമാന്തരമായി വെറുപ്പിന്റെ വൈറസും (Virus of Hate) വ്യാപിക്കുന്നു എന്നർത്ഥം. അതിന് തുടക്കം കുറിച്ചത് കോവിഡ് വൈറസിനെ "ചൈനീസ് വൈറസ്' എന്ന് പേരിട്ടുവിളിച്ച ഡോണൾഡ് ട്രംപ് ആണ്. അതിനെ തുടർന്ന് ഇസ്‌ലാമോഫോബിയയും സെനോഫോബിയയും ആന്റി സെമിറ്റിസിസവും പലതരം തീവ്ര ദേശീയവാദങ്ങളും കോവിഡിന്റെ തണലിൽ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതൊക്കെ മരണത്തിലേക്കും ജീവിതത്തിലേക്കും ജനങ്ങളെ വിഭജിക്കുന്ന മരണ രാഷ്ട്രീയത്തിന്റെ പുറപ്പാടായിത്തന്നെ കരുതണം.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം 60 ദശലക്ഷത്തിൽ നിന്ന് 134 ദശലക്ഷമായി ഒറ്റയടിക്ക് വർദ്ധിച്ചിരിക്കുന്നു. കഴിഞ്ഞ 45 വർഷക്കാലത്തിനിടയിലെ ഏറ്റവും കൂടിയ പട്ടിണി നിരക്കും ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത് കഴിഞ്ഞ ഏതാനും വർഷങ്ങളിലാണ്.

ഇന്ത്യയിലാണെങ്കിൽ, കോവിഡ് കാലം ക്രോണി കാപിറ്റലിസത്തിന്റെ വസന്തകാലം തന്നെയാണ്. അതനുസരിച്ച് കുത്തകവത്ക്കരണവും ജനങ്ങളുടെ ദാരിദ്ര്യവും പെരുകുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം 60 ദശലക്ഷത്തിൽ നിന്ന് 134 ദശലക്ഷമായി ഒറ്റയടിക്ക് വർദ്ധിച്ചിരിക്കുന്നു. കഴിഞ്ഞ 45 വർഷക്കാലത്തിനിടയിലെ ഏറ്റവും കൂടിയ പട്ടിണി നിരക്കും ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത് കഴിഞ്ഞ ഏതാനും വർഷങ്ങളിലാണ്. കോവിഡ് നിയന്ത്രണത്തിലായിക്കഴിഞ്ഞാലും ഈ കോർപറേറ്റ് അധിനിവേശത്തിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കും. യഥാർത്ഥത്തിൽ ഇപ്പോൾ തന്നെ നാം കണ്ടുകൊണ്ടിരിക്കുന്നത് പുതിയ തരം ഭരണകൂട ഭീകരതയുടെ നടുക്കുന്ന ദൃശ്യങ്ങളാണ്.

പൗരത്വം എടുത്തു കളയപ്പെട്ട കേവല ജീവിതാവസ്ഥയിലേക്ക് കോവിഡ് കാലം മനുഷ്യരെ തള്ളി വീഴ്ത്തുന്നതിനെ കുറിച്ച് പറഞ്ഞല്ലോ. ഇതിനെ തുടർന്ന് സ്വന്തം രാജ്യത്തു തന്നെ ജനങ്ങളെ അഭയാർത്ഥികളും അശരണരുമാക്കുന്ന ഒരു രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കുന്നതിലാണ് ആഗോള കോർപറേറ്റ് മുതലാളിത്തത്തിന്റെ കാലത്തെ ഭരണകൂടങ്ങൾ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. സ്വന്തം വീടുകളിൽ താമസിക്കുന്നവരാണെങ്കിൽ കൂടിയും മുകളിൽ നിന്ന് ഇട്ടുകൊടുക്കുന്ന ഭക്ഷണപ്പൊതിയും മരുന്നും നോക്കി നിൽക്കുന്ന അഭയാർത്ഥികളാവുകയാണ് സ്വന്തം നാട്ടിൽ ജനങ്ങൾ. ഇന്ത്യയിലും മറ്റ് ദരിദ്രരാജ്യങ്ങളിലും ഇതാണ് നാം കാണുന്നത്. ഇത് മഹാമാരി വരുത്തിവച്ച ഒരു സ്ഥിതിവിശേഷം മാത്രമാണെന്ന് തോന്നാമെങ്കിലും നമ്മുടേതു പോലുള്ള ഒരു ദരിദ്ര രാജ്യത്ത് ഈ അവസ്ഥ കോർപറേറ്റ് മുതലാളിത്ത അധിനിവേശം സാമ്പത്തിക രംഗത്തെന്നപോലെ രാഷ്ട്രീയാധികാര ബന്ധങ്ങളിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ കൂടിയാണ്.

കാമറോണിയൻ ചിന്തകൻ അഷീൽ എംബംബേ / Photo: Wikimedia Commons

കാരണം, മറ്റു പല രാജ്യങ്ങളും കോവിഡ്​ രണ്ടാം തരംഗത്തെ വിജയകരമായി നേരിടുന്നതിനുള്ള ഒരുക്കങ്ങൾ ഏറ്റെടുത്തിരുന്നു, പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിൽ. നേരെ മറിച്ച് നരേന്ദ്രമോദി അതിനെ രാഷ്ട്രീയവും സാമ്പത്തികവുമായ പുതിയൊരു അവസരമാക്കി മാറ്റുന്നതിന് കാത്തിരിക്കുകയാണ് ചെയ്തത്. അതിന്റെ അനിയന്ത്രിതമായ അനന്തര ഫലങ്ങളാണ് നാം ഇപ്പോൾ കാണുന്നത്. ഒരു വശത്ത് കുത്തകകമ്പനികളുടെ ലാഭം നാട്ടിൽ കൂട്ടമരണം വിതച്ചുകൊണ്ട് അനന്തമായി പെരുകി കൊണ്ടിരിക്കുന്നു. അതുപോലെ തന്നെ കർഷക സമരമടക്കമുള്ള എല്ലാ ചെറുത്തുനിൽപ്പുകളേയും കൊറോണ കാട്ടി നിഷ്‌ക്രിയമാക്കാൻ കഴിയുന്നു. മറുവശത്ത് ജനങ്ങൾ ആശുപത്രിയും പ്രാണവായുവുമില്ലാതെ കൂട്ട മരണത്തിന് ഇരയാകുന്നു. അവരുടെ ശവശരീരങ്ങൾ പോലും അനാഥമായി തീരുന്നു.
ഇവിടെ സംഭവിക്കുന്നത് ഒരു ലിബറൽ ജനാധിപത്യ വ്യവസ്ഥയിലെ ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ഉടമ്പടിയുടെ പൂർണ ലംഘനമാണ്. ഇതിനർത്ഥം ദേശീയ മൂലധനത്തെ വിഴുങ്ങുന്നതോടൊപ്പം അതിന്റെ ലിബറൽ ഭരണകൂടത്തേയും ആഗോള കോർപ്പറേറ്റ് മുതലാളിത്തം വിഴുങ്ങുന്നു എന്നാണ്. ഇങ്ങനെ ലിബറൽ ഭരണകൂട വ്യവസ്ഥയെ റദ്ദു ചെയ്തുകൊണ്ട് കോർപ്പറേറ്റ് മൂലധനശക്തി അധികാരം ഏറ്റെടുക്കുമ്പോൾ പഴയ ലിബറൽ ജനാധിപത്യ സ്ഥാപനങ്ങളുടെ ചട്ടക്കൂടുകൾ നിലനിർത്തിക്കൊണ്ട് ആ ശക്തി ആഴത്തിലുള്ള ഒരദൃശ്യ ഭരണകൂട (Deep State) മായി പ്രവർത്തിക്കാൻ തുടങ്ങുന്നു. ഇതോടെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഭരണകൂടവും ജനതയും തമ്മിലുള്ള സാമൂഹ്യ ഉടമ്പടി റദ്ദാക്കപ്പെടുന്നു. ഇങ്ങനെയാണ് കോർപ്പറേറ്റ് മൂലധനാധിനിവേശത്തിൻ കീഴിൽ, ജനങ്ങൾ സ്വന്തം നാട്ടിൽ അനാഥരും അഭയാർത്ഥികളുമായി തീരുന്നത്. ഈ പ്രക്രിയയിൽ ന്യൂനപക്ഷങ്ങളും ദളിതരും മറ്റുമടങ്ങുന്ന കീഴാള ജനതയാണ് ആദ്യം പൗരത്വം റദ്ദാക്കപ്പെടുന്ന അഭയാർത്ഥികളായി മാറുക. പൗരത്വ ഭേദഗതി നിയമത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടിയായി വേണം കാണാൻ.
ഈ വിധം ജനങ്ങളെ അനാഥരും അശരണരും സ്വന്തം നാട്ടിൽ അഭയാർത്ഥികളുമാക്കുന്ന രാഷ്ട്രീയ പ്രക്രിയയുടെ അടുത്തപടി ‘മരണ രാഷ്ട്രീയ' (Necropolitics ) ത്തിലേക്കുള്ളതാണ്.

മരണ രാഷ്ട്രീയം, ആരെയാണ് രക്ഷിക്കേണ്ടത് ആരെയാണ് കൈവിടേണ്ടത് എന്നതിന്റെ അടിസ്ഥാനത്തിൽ ജനതയെ വർഗപരവും വംശപരവും മറ്റുമായി വേർതിരിക്കുകയും വിഭജിക്കുകയും കൈവിടേണ്ട വിഭാഗങ്ങളുടെ മരണ മേഖലകൾ തുറക്കുകയും ചെയ്യുന്നു.

ഇന്ത്യയിലിന്ന് കോർപറേറ്റ് മുതലാളിത്തത്തിന്റെ രാഷ്ട്രീയ -സാമ്പത്തിക താൽപര്യങ്ങൾക്കടിപ്പെട്ട് ജനങ്ങൾ കൂട്ടമായി മരിക്കാൻ ഇടവരുമ്പോൾ അത് ദരിദ്രരും ആദിവാസികളും ന്യൂനപക്ഷങ്ങളും ചേരിനിവാസികളും കുടിയേറ്റ തൊഴിലാളികളും മറ്റുമടങ്ങുന്ന വിഭാഗങ്ങളെ അനാഥമായി നിരുപാധികമായി മരണത്തിന് തുറന്നു കൊടുക്കുന്ന ‘മരണ രാഷ്ട്രീയ’ത്തിന്റെ തുടക്കമായി കരുതേണ്ടിയിരിക്കുന്നു.

പഴയ മുതലാളിത്ത അച്ചടക്ക സമൂഹങ്ങളിലെ (Disciplinary Societies), മനുഷ്യ ശരീരങ്ങളെ കൂട്ടമായി വിഭജിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ജൈവാധികാരം (Bio power) എന്ന ഫൂക്കോൾഡിയൻ ആശയത്തെ ഡിജിറ്റൽ കോർപറേറ്റ് മുതലാളിത്തത്തിന്റെ ഇരുണ്ട വശങ്ങൾ തുറന്നുകാട്ടുന്നതിനു വേണ്ടി, കാമറോണിയൻ ചിന്തകനായ അഷീൽ എംബംബേ കൂട്ടക്കൊലക്കുള്ള അധികാരം (Necro power ) എന്ന പരികല്പന വികസിപ്പിച്ചെടുക്കുകയുണ്ടായി. അതിൽ നിന്നാണ് ഡിജിറ്റൽ മുതലാളിത്തത്തിന്റെ കാലത്തെ ‘മരണ രാഷ്ട്രീയം' എന്ന ആശയം പ്രസക്തമായി തീർന്നത്. മരണ രാഷ്ട്രീയം, ആരെയാണ് രക്ഷിക്കേണ്ടത് ആരെയാണ് കൈവിടേണ്ടത് എന്നതിന്റെ അടിസ്ഥാനത്തിൽ ജനതയെ വർഗപരവും വംശപരവും മറ്റുമായി വേർതിരിക്കുകയും വിഭജിക്കുകയും കൈവിടേണ്ട വിഭാഗങ്ങളുടെ മരണ മേഖലകൾ (Zones of death) തുറക്കുകയും ചെയ്യുന്നു. ലോകം മുഴുവൻ ഇത്തരം മരണ മേഖലകൾ ഇന്ന് തുറക്കപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ മുതലാളിത്തത്തിന്റെ കാലത്തെ വർഗപരമായ അടിച്ചമർത്തലിന്റെ, വർഗസമരത്തിന്റെ മാരകമായ ഒരു രൂപമാണിത്. മഹാമാരിയുടെ കാലത്ത് ലോകം ഇങ്ങനെ മരണത്തിന്റെയും ജീവിതത്തിന്റെയും മേഖലകളായി വിഭജിക്കപ്പെടുകയാണ്. ഇന്ത്യ ഇന്ന് അനന്തമായി ചിതകൾ നിറഞ്ഞു കത്തുന്ന ഒരു ശ്മശാനം പോലെയായിരിക്കുന്നു. നരേന്ദ്രമോദിയാണ് ഈ ശ്മാശാനത്തിന്റെ കാവൽക്കാരൻ. ▮


ബി. രാജീവൻ

അധ്യാപകൻ. സാഹിത്യ വിമർശനം, തത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, രാഷ്ട്രീയചിന്ത, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ മൗലികമായ അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുന്ന ചിന്തകൻ. അടിയന്തരാവസ്ഥക്കെതിരെ നിലപാടെടുത്തതിന് പൊലീസ് മർദ്ദനവും വീട്ടുതടങ്കലും നേരിട്ടു. ജനകീയ സാംസ്‌കാരികവേദിയുടെ കാലത്ത് അറസ്റ്റുചെയ്യപ്പെടുകയും ദീർഘകാലം കോളജ് അധ്യാപകജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. കീഴാള മാർക്‌സിസവും കീഴാള ജനാധിപത്യവും, പ്രളയാനന്തര മാനവികത, ജൈവ രാഷ്ട്രീയവും ജനസഞ്ചയവും, ഇന്ത്യയുടെ വീണ്ടെടുക്കൽ തുടങ്ങിയവ പ്രധാന കൃതികൾ.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments