ആൾക്കൂട്ടക്കൊല: വിറങ്ങലിച്ചുനിൽക്കുകയാണ്​ ജുനൈദിന്റെയും നസീറിന്റെയും ഗ്രാമം

പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലകൾ തുടർക്കഥയാവുകയാണ്. ഫെബ്രുവരി 16ന് ഹരിയാനയിൽ വെച്ച് രാജസ്ഥാൻ സ്വദേശികളായ ജുനൈദ്, നസീർ എന്നിവരെ തട്ടിക്കൊണ്ടുപോയി തീവെച്ച് കൊന്ന സംഭവത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് പങ്കുണ്ട് എന്ന തരത്തിലുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്. ജുനൈദിന്റെയും നസീറിന്റെയും വീടുകളിൽ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം സന്ദർശനം നടത്തിയിരുന്നു. സംഭവം നടന്ന മേവാത്തിലെ സാമൂഹിക- രാഷ്​ട്രീയ അവസ്ഥകളും ആൾക്കൂട്ട കൊലക്കിടയാക്കിയ സംഭവങ്ങളും വിശദമാക്കുകയാണ് വിജൂ കൃഷ്ണൻ.

രാജ്യതലസ്ഥാനത്തു നിന്ന്​ ഒരു കല്ലെടുത്തിട്ടാൽ ചെന്നു വീഴും വിധം തൊട്ടടുത്തായിരുന്നിട്ടും വികസനത്തിന്റേയോ സാമൂഹ്യപുരോഗതിയുടേയോ വെളിച്ചം വീഴാതെ ഇരുളിൽ കഴിയേണ്ട അവസ്ഥയാണ് ഹരിയാനയിലെ മേവാത്ത് പ്രദേശത്തെ മനുഷ്യർക്ക്. ടാർ പുരളാത്ത, പൊടി പാറുന്ന റോഡുകളും ജീർണിച്ച കെട്ടിടങ്ങളും കാലങ്ങളായി മേവ്​ മുസ്​ലിംകൾ നേരിടുന്ന അവഗണനയെന്തെന്ന് വിളിച്ചോതുന്നു. വെള്ളവും വൈദ്യുതിയും ദുർലഭമായ ഈ പ്രദേശത്തിന്റെ ഇന്നത്തെ സാഹചര്യം മനസ്സിലാകണമെങ്കിൽ, ഹരിയാനയിലെ നൂഹ്, പൽവാൽ, ഫരീദാബാദ് ജില്ലകളിലും രാജസ്ഥാനിലെ ആൾവാർ, ഭരത്പുർ, ധോൽപൂർ ജില്ലകളിലുമായി വ്യാപിച്ചു കിടക്കുന്ന മേവാത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രം പരിശോധിച്ചേ മതിയാകൂ.

സമന്വയത്തിന്റെ മേവ്​ മുസ്​ലിം ജീവിതം

ഹിന്ദു- മുസ്​ലിം വിശ്വാസരീതികളേയും പാരമ്പര്യങ്ങളേയും അവയുടെ തീവ്ര മതസത്തകളെയും തള്ളിക്കളഞ്ഞുകൊണ്ട്, സമന്വയത്തിന്റേതായ പാരമ്പര്യം പേറുന്ന സൂഫി വിഭാഗമാണ് മേവ് മുസ്​ലിം സമുദായം. ഗിയാസുദ്ദീൻ ബൽബനെതിരെ പോരാടിയ, റാണ സംഗയോടൊപ്പം ചേർന്ന് ബാബറെ തടുക്കാൻ പൊരുതിയ, ശിവജിയെ തടവിൽ നിന്ന്​ രക്ഷപ്പെടാൻ സഹായിച്ച, അക്ബർക്കെതിരെ റാണാപ്രതാപിന്റെ പടയിൽ പങ്കുചേർന്ന, ബഹദൂർഷാ സഫറിനൊപ്പം ചേർന്ന് ബ്രിട്ടീഷുകാരോടു യുദ്ധം ചെയ്ത തങ്ങളുടെ പൂർവ്വികരുടെ വീരഗാഥകൾ ഇന്നും അവർക്കിടയിലെ മുതിർന്നവർ അഭിമാനപൂർവ്വം വിവരിക്കുന്നതു കേൾക്കാം. 1857-ലെ മഹത്തായ വിപ്‌ളവത്തിൽ പങ്കെടുത്ത് ആറായിരത്തോളം മേവ് മുസ്​ലിംകൾ ജീവത്യാഗം ചെയ്തതതായി കണക്കാക്കപ്പെടുന്നു.

ടാർ പുരളാത്ത, പൊടി പാറുന്ന റോഡുകളും ജീർണിച്ച കെട്ടിടങ്ങളും കാലങ്ങളായി മേവ്​ മുസ്​ലിംകൾ നേരിടുന്ന അവഗണനയെന്തെന്ന് വിളിച്ചോതുന്നു | Photos: K.M. Vasudevan

സാമൂഹ്യപരിഷ്‌കരണം ഉന്നംവച്ച കർഷക മുന്നേറ്റത്തിന്റെ ഭൂമികയായിരുന്നു സ്വാതന്ത്ര്യലബ്ധിക്കു മുൻപുള്ള മേവാത്ത്. 1932-33 കാലഘട്ടത്തിൽ ആൽവാർ, ഭരത്പുർ നാട്ടുരാജ്യങ്ങളിലെ ഭരണകൂടങ്ങൾക്കെതിരെ അവിടെ ജനകീയമായ കർഷകസമരം സംഘടിപ്പിക്കപ്പെട്ടു. അന്യായമായ പാട്ടത്തിനെതിരെ നടന്ന വിജയകരമായ ഈ സമരത്തിന്​ നേതൃത്വം നൽകിയത് മേവ് നേതാവായ ചൗധരി യാസിൻ ഖാൻ ആയിരുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ.എം. അഷ്‌റഫ്, അബ്ദുൾ ഹയീ എന്നിവർ അക്കാലത്ത് രാഷ്ട്രീയമായ വലിയ ഇടപെടലുകൾ മേവാത്തിൽ നടത്തുകയുണ്ടായി.

മഹാത്മാഗാന്ധിയുടെ ആഹ്വാനമേറ്റെടുത്ത്​ ഇന്ത്യയിൽ തന്നെ തുടരുവാനാണ് 1947-ൽ മേവ് മുസ്​ലിം സമുദായം തീരുമാനിച്ചത്. ആ ഘട്ടത്തിൽ, 1947 ഡിസംബർ 19-ന് ചൗധരി യാസിൻ ഖാന്റെ ക്ഷണം സ്വീകരിച്ച് മഹാത്മാഗാന്ധി സന്ദർശിച്ച ഘസേര, കുറച്ചു ദിവസങ്ങൾക്കു മുൻപ് ബജ്​റംഗ്​ ദളുകാർ ഗോസംരക്ഷണത്തിന്റെ മറവിൽ കത്തിച്ചുകൊന്ന ജുനൈദിന്റേയും നസീറിന്റേയും ഗ്രാമമായ ഘാട്ട്മീകയിൽ നിന്ന്​ 70 കിലോ മീറ്റർ മാത്രം അകലെയായിരുന്നു. അന്ന്​ ഗാന്ധിയുടെ നിർദ്ദേശം ഏറ്റെടുത്ത ഘാട്ട്മീക ഗ്രാമം ആ പാരമ്പര്യം കൈവെടിയാതെ ഇന്നും മതമൈത്രിയുടെ പ്രതീകമായി നിലകൊള്ളുകയാണ്. മുസ്​ലിംകൾ ഭൂരിപക്ഷമായിരുന്നിട്ടും ഗ്രാമ തലവൻ റാം അവ്താർ എന്ന ഹിന്ദു സമുദായക്കാരനാണ്. ഗ്രാമത്തിലെ സാഹോദര്യം കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് രാം അവ്താർ.

ഹിന്ദു- മുസ്​ലിം വിശ്വാസരീതികളേയും പാരമ്പര്യങ്ങളേയും അവയുടെ തീവ്ര മതസത്തകളെയും തള്ളിക്കളഞ്ഞുകൊണ്ട്, സമന്വയത്തിന്റേതായ പാരമ്പര്യം പേറുന്ന സൂഫി വിഭാഗമാണ് മേവ് മുസ്​ലിം സമുദായം.

മേവാത്തിലെ ജനസംഖ്യയിൽ ഭൂരിഭാഗവും ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. ഭൂരിപക്ഷം ആളുകളും നാമമാത്ര ഭൂവുടമകളും ഗോതമ്പ്, കടുക്, ജോവർ എന്നിവയുടെ, മഴയെ ആശ്രയിച്ചുള്ള കൃഷിയിൽ ഏർപ്പെട്ടവരുമാണ്. പ്രധാനമായും മഴയെ ആശ്രയിച്ചുള്ള കൃഷിയായതിനാൽ ഉത്പാദനക്ഷമത അത്ര ഉയർന്നതല്ല. അതുകൊണ്ടുതന്നെ ജീവിതനിവൃത്തിക്ക്​ പാലുത്പാദനവും ഒപ്പം കൊണ്ടുപോകുന്നു.

മേവുകളും ജാട്ട്, അഹിറുകൾ, ഗുജ്ജറുകൾ തുടങ്ങിയ കർഷക- ഇടയ ജാതികളും തമ്മിൽ വളരെ അടുത്ത സാമുദായിക ബന്ധമാണുള്ളത്. കന്നുകാലികർഷകർ എന്ന നിലയ്ക്ക് ഹിന്ദു രജപുത്രരിലേയ്ക്കുകൂടി അവരുടെ വംശപരമ്പര നീളുന്നു എന്നത് കൗതുകകരമായ കാര്യമാണ്. ക്ഷീരോല്പാദനത്തിന്​ തങ്ങളുടെ ജീവിതത്തിലുള്ള പ്രാധാന്യം, ഹിന്ദു ദൈവമായ കൃഷ്ണനിലേയ്ക്ക് തങ്ങളുടെ വംശപരമ്പര നീങ്ങുന്നതിന്റെ ഭാഗമായി മേവ് സമുദായം കാണുന്നു.

ഗോ സംരക്ഷകരെ ഗോ ഘാതകരാക്കുന്ന ഹിന്ദുത്വ

മിക്കവാറും, എല്ലാ മേവ് മുസ്​ലിം കുടുംബങ്ങളുടെയും വളപ്പിൽ പശുക്കളേയും എരുമകളേയും വളർത്തുന്നത് കാണാം. പശുക്കളെ ആരാധിക്കുന്നതിനു തുല്യമായ ചില പരമ്പരാഗത ആചാരങ്ങൾ വരെ അവർക്കിടയിൽ നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും ഇവരെ ഗോഘാതകരായി ചിത്രീകരിക്കാനാണ് ഹിന്ദുത്വശക്തികൾ എപ്പോഴും ശ്രമിക്കുന്നത്. മതപരമായ വൈജാത്യങ്ങൾക്കതീതമായി മേവ് മുസ്​ലിംകൾ ചേർത്തുപിടിക്കുന്ന സഹവർത്തിത്വത്തിന്റെയും മാനവികതയുടേയും മാതൃക ഇല്ലാതാക്കാനാണ് അവരുടെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ഗോ സംരക്ഷണത്തിന്റെ പേരിൽ ആ പ്രദേശത്ത് അവർ നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും അക്രമം അഴിച്ചു വിടുകയും ചെയ്യുന്നത്. അതിലൂടെ ആസന്നമായ തെരഞ്ഞെടുപ്പിൽ നേട്ടം കൈവരിക്കുക എന്നതാണ് ഹിന്ദുത്വ ശക്തികളുടെ പ്രധാന ഉദ്ദേശ്യം.

അഖിലേന്ത്യാ കിസാൻ സഭ ഭാരവാഹികളായ വിജൂ കൃഷ്ണൻ, പി. കൃഷ്ണപ്രസാദ് എന്നിവർ മേവ് മുസ്ലിങ്ങൾക്കൊപ്പം

പശു സംരക്ഷണത്തിന്റെ പേരിലുള്ള സമീപകാല ആക്രമണങ്ങളെ, വിദ്വേഷം വളർത്താനും രാജ്യത്തെ വർഗീയമായി വിഭജിക്കാനുമുള്ള ചില രാഷ്ട്രീയ ഗ്രൂപ്പുകളുടെ നീക്കമായി കൂടി മനസ്സിലാക്കണം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗം കൂടിയാണീ ആക്രമണങ്ങൾ. 2023-ൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ തന്ത്രം പരീക്ഷിച്ച് 2024-ലെ ദേശീയ തിരഞ്ഞെടുപ്പിന് അവർ തയ്യാറെടുക്കുകയാണ്.

ഘാട്ട്മീക ഗ്രാമത്തിൽ ഞങ്ങൾ കണ്ടത്​

കർണാടക, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള കടുത്ത പരിശ്രമം നമ്മൾ കണ്ടതാണ്. ജുനൈദും നസീറും ഈ പദ്ധതിയുടെ ഇരകളായിരുന്നു. അവരുടെ ദാരുണാന്ത്യത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ഘാട്ട്മീക ഗ്രാമത്തെയാണ് അവിടം സന്ദർശിച്ച അഖിലേന്ത്യാ കിസാൻ സഭയുടേയും അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയന്റേയും പ്രതിനിധികൾ കണ്ടത്. ആശ്വാസ വചനങ്ങളെല്ലാം അപ്രസക്തമാക്കുന്ന ദുഃഖത്തിലാഴ്ന്ന ആ വലിയ കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നു കൊല്ലപ്പെട്ട ജുനൈദും നാസിറും. ജോലി ചെയ്യാൻ കഴിയാത്ത മാനസിക വിഭ്രാന്തിയുള്ള സഹോദരൻ സഫറും അവരുടെ ഭാര്യമാരും കുട്ടികളും ഉൾപ്പെടെ 16 അംഗ കുടുംബത്തിൽ തൊഴിലെടുക്കാൻ സാധിക്കുന്ന ഒരേയൊരാളായിരുന്നു ജുനൈദ്. ചെറിയ കട നടത്തുന്ന ജുനൈദിന്റെ കുടുംബത്തിന് ചെറിയൊരു തുണ്ട് ഭൂമിയാണുള്ളത്. നസീർ ഡ്രൈവറായിരുന്നു.

ജുനൈദും നസീറും ഈ പദ്ധതിയുടെ ഇരകളായിരുന്നു. അവരുടെ ദാരുണാന്ത്യത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ഘാട്ട്മീക ഗ്രാമത്തെയാണ് അവിടം സന്ദർശിച്ച അഖിലേന്ത്യാ കിസാൻ സഭയുടേയും അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയന്റേയും പ്രതിനിധികൾ കണ്ടത്.

അഖിലേന്ത്യ കിസാൻ സഭ രണ്ടു പേരുടേയും ഭാര്യമാർക്ക് പ്രാഥമിക സഹായമായി ഒരു ലക്ഷം രൂപ വീതം നൽകി. എന്നാൽ അനാഥമായ ആ കുടുംബങ്ങൾക്ക് കോൺഗ്രസ് നയിക്കുന്ന രാജസ്ഥാൻ സർക്കാരിൽ നിന്നോ ബി.ജെ.പി നയിക്കുന്ന ഹരിയാന സർക്കാരിൽ നിന്നോ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഗോരക്ഷകരുടെ ആക്രമണത്തിനിരകളായി പെഹ്​ലുഖാൻ, റഹബർ ഖാൻ, ഉമ്മർ ഖാൻ തുടങ്ങിയവർ കൊല്ലപ്പെട്ടപ്പോഴും കിസാൻ സഭ അവരുടെ കുടുംബങ്ങളെ സന്ദർശിച്ചിരുന്നു. ഉമ്മർഖാൻ ജുനൈദിന്റേയും നാസിറിന്റേയും ഗ്രാമത്തിൽ നിന്നുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ മകൻ വിക്രം ഖാൻ ഞങ്ങളെ തിരിച്ചറിയുകയും തങ്ങളുടെ നിസ്സഹായവസ്ഥയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

പെഹ്​ലുഖാൻ സംഭവത്തിനുശേഷം മറ്റ് കർഷക സംഘടനകളെ ഏകോപിച്ച് ഈ പ്രദേശങ്ങളിൽ വസ്​തുതാന്വേഷണ സംഘത്തിന്റെ യാത്രയും, പാർലമെൻറിനു മുന്നിൽ ധർണയും രാഷ്ട്രീയ കൺവെൻഷനും നടത്തിയിരുന്നു. ഈ അക്രമങ്ങൾക്കെതിരെ അഭിപ്രായം രൂപപ്പെടുത്തുന്നതിൽ അത് സഹായകരമായി.

ജുനൈദിന്റേയും നാസിറിന്റേയും കൊലപാതകങ്ങൾക്കുപിന്നിൽ ഹിന്ദുത്വ ശക്തികളാണെന്നത് സുവ്യക്തമാണ്. അവർക്ക് ഹരിയാന പോലീസിന്റെ പിന്തുണയും ലഭിച്ചു. വിശ്വഹിന്ദു പരിഷത്തിന്റേയും ബജ്‌റംഗ് ദളിന്റേയും നേതൃത്വത്തിൽ മഹാപഞ്ചായത്ത് വിളിച്ചുകൂട്ടുകയും കുറ്റവാളികളെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്താൽ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മോഹിത് മോനു മാനേസർ എന്ന, കൊലപാതക കേസിൽ പ്രതിയായ ബജ്‌റംഗ് ദൾ നേതാവാണ് ഈ ആക്രമണത്തിനുപിന്നിൽ. വാഹനങ്ങൾക്ക് നേരെ അയാൾ നിറയൊഴിക്കുന്നതിന്റെ വീഡിയോകളും നൂഹ് ജില്ലയിലെ പോലീസ് സൂപ്രണ്ടായ രാജേഷ് ദുഗ്ഗൽ, അഡീഷണൽ എസ്.പി ബിപിൻ ശർമ, ഐ.പി.എസ് ഓഫീസർമാരായ ഭാർതി അറോറ, നസ്‌നീൻ ഭാസിൻ തുടങ്ങിയവർക്കൊപ്പം അയാളെടുത്ത ചിത്രങ്ങളും മറ്റും മാനേസറിന്റെ സോഷ്യൽമീഡിയ പ്രൊഫൈലുകളിൽ കാണാം. പശുക്കടത്ത് തടയാനെന്ന പേരിലുണ്ടാക്കിയ ഹരിയാന പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക്​ ഫോഴ്‌സിന്റെ ഭാഗമായ സിവിൽ ഡിഫൻസ് ടീമിലും അയാൾ അംഗമാണ്.

മുൻപ് പെഹ്​ലുഖാൻ കൊല ചെയ്യപ്പെട്ട അവസരത്തിൽ അയാളുടെ ഗ്രാമം സന്ദർശിച്ചിരുന്നു. അന്ന്​ പോലീസ് ഔട്ട് പോസ്റ്റുകളുടെ പേരു പോലും ഗൗ രക്ഷക് പോലീസ് ഔട്ട്​പോസ്റ്റ് എന്നായിരുന്നു. കുറ്റകൃത്യം നടത്തുന്നവരും നിയമപാലക ഏജൻസികളും തമ്മിലുള്ള ഒത്താശ ഇതിൽ നിന്ന്​ വ്യക്തമാണ്. അതിനുപുറമേ, മോനു മനേസറിന്റെ രാഷ്ട്രീയസ്വാധീനവും ശ്രദ്ധേയമാണ്. അമിത് ഷാ, അനുരാഗ് താക്കൂർ, പരേതനായ അരുൺ ജെയ്​റ്റ്​ലി, ബാബ രാംദേവ് തുടങ്ങി നിരവധി പേർക്കൊപ്പമുള്ള അയാളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നതുകാണാം. കടുത്ത വർഗീയവാദ നിലപാടുള്ള സുദർശൻ ന്യൂസും അതിന്റെ എഡിറ്റർ ഇൻ ചീഫ് സുരേഷ് ചഹ്വാങ്കെയും അവരുടെ ഷോകളിൽ മാനേസറിനെ പ്രമോട്ട് ചെയ്തിരുന്നു.

എട്ടു വർഷത്തിനിടെ നാലു ലക്ഷം ആത്മഹത്യ

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സർവ മേഖലകളിലും വലിയ പരാജയമായി മാറിയിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി അത്യധികം രൂക്ഷമാണ്, കർഷകരും കർഷകത്തൊഴിലാളികളും ദിവസവേതന തൊഴിലാളികളും ദുരിതത്തിലായ തൊഴിൽരഹിതരായ യുവാക്കളും ആത്മഹത്യ ചെയ്യുന്ന സ്ഥിതിയിലാണ്. നാലു ലക്ഷത്തിലധികം കർഷകരും കർഷകത്തൊഴിലാളികളും ദിവസ വേതന തൊഴിലാളികളും തൊഴിൽരഹിത യുവാക്കളും കഴിഞ്ഞ എട്ടു വർഷത്തിനിടെ ആത്മഹത്യ ചെയ്തു. അനിയന്ത്രിതമായ വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി എന്നിവയെല്ലാം ജനങ്ങളെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. അസമത്വം വർദ്ധിക്കുകയും കോർപ്പറേറ്റ് ദല്ലാളുകളായ വർഗീയവാദികളുടെ ഗവൺമെൻറ്​ ചങ്ങാത്ത മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈയടുത്ത് വൻവിവാദമായി മാറിയ ഹിൻഡൻബർഗ് റിപ്പോർട്ട് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്.

ഫെഡറലിസത്തിന്റെ അന്തഃസത്ത തന്നെ ഇല്ലാതാവുകയാണ്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയും ബി.ജെ.പിയുടെ എതിരാളികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താൻ ഗവർണർമാരെയും കേന്ദ്ര ഏജൻസികളെയും ദുരുപയോഗിക്കുകയും ചെയ്യുന്നു. ഹിന്ദുത്വ ശക്തികളുടെ ഫാഷിസ്റ്റ് അജണ്ടയാണ് കോർപ്പറേറ്റ് മാധ്യമങ്ങൾ ഏറ്റുപാടുന്നത്. തൊഴിലാളിവർഗം, കർഷകർ, ന്യൂനപക്ഷങ്ങൾ, ദലിതർ, ആദിവാസികൾ, സ്ത്രീകൾ, വിദ്യാർഥികൾ, യുവാക്കൾ എന്നിവർ ആക്രമിക്കപ്പെടുമ്പോൾ ഹിന്ദുത്വയുടെ വാലാട്ടികളായ മാധ്യമങ്ങൾ പകൽ ഇരുട്ടാക്കി യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു.

രാഷ്​ട്രീയ പിന്തുണ ലഭിക്കാത്ത മനുഷ്യർ

വർഗീയവാദത്തെ ശക്തമായി പ്രതിരോധിക്കുന്ന രാഷ്ട്രീയ സംസ്‌കാരമാണ് കേരളത്തിന്റേത്. മുതലാളിത്ത മാധ്യമങ്ങളുടെ അജണ്ടകളും അവിടെ മറ്റിടങ്ങളിലെപ്പോലെ ഫലപ്രദമാകുന്നില്ല. സി.പി.ഐ- എം നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ലഭിച്ച വൻ പ്രചാരണവും വമ്പിച്ച സ്വീകാര്യതയും അതിന്​ ഉദാഹരണമാണ്. ഇടതുപക്ഷ ജനാധിപത്യ ശക്തികൾ സൃഷ്ടിച്ച രാഷ്ട്രീയ സാക്ഷരതയുടെ സജീവ സാന്നിധ്യമാണ് കേരളത്തിൽ ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിച്ചത്. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദുത്വ ശക്തികൾക്ക് ഇരയാകുന്ന ജനതയ്ക്ക് ആവശ്യമായ രാഷ്ട്രീയവും സാമൂഹികവുമായ പിന്തുണ ലഭിക്കുന്നില്ല. എ.ഐ.കെ.എസ്, എ.ഐ.എ.ഡബ്ല്യു, എസ്.എഫ്‌.ഐ- ഡി.വൈ.എഫ്‌.ഐ തുടങ്ങിയ ഇടതുപക്ഷ- വർഗബഹുജന സംഘടനകൾ മാത്രമാണ് ശബ്ദമുയർത്തുന്നതും ചെറുത്തുനിൽപ്പ് നടത്തുന്നതും. വർത്തമാനകാലത്തെ വിഷലിപ്തമാക്കുന്ന സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനെതിരെ കൂടുതൽ ശക്തമായ ജനകീയ പ്രതിരോധവും ജനപക്ഷ ബദലും അനിവാര്യമാണ്. അവ വിജയകരമായി കെട്ടിപ്പടുക്കുന്നതിലൂടെ സംഘപരിവാർ ഫാഷിസത്തെ നമ്മൾ പരാജയപ്പെടുത്തും.

Comments