നരേന്ദ്ര ധാബോൽക്കർ

ഒരു രക്തസാക്ഷി സ്മരണ
മാത്രമല്ല, ധാബോൽക്കർ

നരേന്ദ്ര ധാബോൽക്കറെ ഓർമ്മിക്കുക എന്നത് ഒരു രക്തസാക്ഷിയെ അനുസ്മരിക്കുന്നതിൽ ഒതുങ്ങുന്നില്ല. ചോദ്യം ചെയ്യാനുള്ള അവകാശംസംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണത്: രസ്നി ബായ് എഴുതുന്നു. ധാബോൽക്കർ കൊല്ലപ്പെട്ടിട്ട് ഇന്ന് 13 വർഷം തികയുന്നു.

“If I have to take police protection in my own country from my own people, then there is something wrong with me, I'm fighting within the framework of the Indian constitution and it is not against anyone, but for everyone.”
- Narendra Dabholkar

2013 ആഗസ്റ്റ് 20-ന് പൂനെയിലെ പ്രഭാതസവാരിക്കിടയിൽ നരേന്ദ്ര ധാബോൽക്കർ വെടിയേറ്റു വീണപ്പോൾ, വെടിയുണ്ടകൾ തുളഞ്ഞു കയറിയത് ഒരു മനുഷ്യന്റെ ശരീരത്തിൽ മാത്രമായിരുന്നില്ല. അവ തകർക്കാൻ ശ്രമിച്ചത് അന്ധവിശ്വാസത്തിന്റെയും മതത്തിന്റെയും പേരിലുള്ള ചൂഷണത്തെ ചോദ്യം ചെയ്ത ഒരു ബൗദ്ധിക ചരിത്ര​ത്തെ കൂടിയായിരുന്നു. ധാബോൽക്കർ ഡോക്ടറായിരുന്നു, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം മനുഷ്യരുടെ രോഗങ്ങളെ ചികിത്സിക്കുന്നതിൽനിന്ന് സമൂഹത്തിന്റെ യുക്തിരാഹിത്യത്തെ ചോദ്യം ചെയ്യാനാണ് മാറ്റിവെച്ചത്. ചിന്തിക്കാനുള്ള മനുഷ്യരുടെ അവകാശങ്ങൾക്കുവേണ്ടി കൂടിയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം.

മഹാരാഷ്ട്രയിൽ വ്യാപകമായിരുന്ന അന്ധവിശ്വാസങ്ങൾക്കും അശാസ്ത്രീയതകൾക്കും മതത്തിന്റെ പേരിലുള്ള ചൂഷണത്തിനുമെതിരെ അന്ധശ്രദ്ധാനിർമൂലൻ സമിതി രൂപീകരിച്ച് അദ്ദേഹം പോരാടി. 2003-ൽ ദുർമന്ത്രവാദങ്ങൾ തടയുന്നതിന് ബില്ല് തയ്യാറാക്കുകയും അത് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. തുടർന്ന് പല സ്ഥലങ്ങളിലും മന്ത്രവാദങ്ങളും ആഭിചാരങ്ങളും നടത്തുന്നവരെ ജനം ബഹിഷ്കരിക്കുകയും അവരുടെ കേന്ദ്രങ്ങൾ നശിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ യുക്തിവാദ നിലപാടുകൾ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ശക്തമായ എതിർപ്പിനിടയാക്കി. അദ്ദേഹം കൊല്ലപ്പെടാനുള്ള പ്രധാന കാരണവും വിശ്വാസത്തിന്റെ പേരിൽ ചൂഷണം നടത്തിയിരുന്ന അധികാരത്തെ ചോദ്യം ചെയ്തതാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സനാതന സാംസ്കാരിക അധികാരഘടനയെയാണ് ധാബോൽക്കർ പിടിച്ചുലച്ചത്.

‘വിശ്വസിക്കൂ’ എന്ന് അധികാരം ആജ്ഞാപിക്കുമ്പോൾ ‘എന്തുകൊണ്ട്’ എന്നു ചോദിക്കുന്ന മനുഷ്യരാണ്, ഈ അധികാരഘടനയെ പിടിച്ചുകുലുക്കുന്നത്. ‘ഇത് നമ്മുടെ പാരമ്പര്യമാണ്’ എന്ന് പറയുമ്പോൾ ‘ആ പാരമ്പര്യം ആരെ സംരക്ഷിക്കുന്നു, ആരെയാണ് പുറത്താക്കുന്നത്?” എന്ന് ചോദിക്കുന്ന മനുഷ്യർ മതത്തിന്റെയും വിശ്വാസത്തിന്റെയും അടിത്തറകളെ ചോദ്യം ചെയ്യുന്നു. “ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്” എന്ന് പറയുമ്പോൾ “അത് ആരുടെ സംസ്കാരമാണ്?” എന്ന് ചോദിക്കുന്ന മനുഷ്യർ ഏകീകൃതമായ ഒരു സാംസ്കാരിക സ്വത്വത്തിന്റെ രാഷ്ട്രീയ നിർമ്മിതിയെ തുറന്നുകാട്ടുന്നു.

ഇവിടെയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ വിമർശനം പ്രസക്തമാകുന്നത്. ഹിന്ദുത്വയെ ഒരു വ്യക്തിയുടെ മതവിശ്വാസവുമായി തുല്യമാക്കാതെ, ഇന്ത്യയുടെ ദേശീയവും സാമൂഹികവുമായ സ്വത്വത്തെ ഭൂരിപക്ഷ ഹിന്ദു സാംസ്കാരിക ചട്ടക്കൂടിൽ പുനർനിർവചിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ ആശയധാരയായി വായിക്കേണ്ടതുണ്ട്. അത്തരം രാഷ്ട്രീയത്തിന് പുരാണവും ചരിത്രവും തമ്മിലുള്ള വ്യാജ സമീകരണങ്ങളെ ചോദ്യം ചെയ്യുന്ന ചരിത്രബോധവും, പാരമ്പര്യത്തെ വിമർശനാത്മകമായി പരിശോധിക്കുന്ന യുക്തിയും, മതത്തിന്റെ പേരിലുള്ള അധികാരബന്ധങ്ങളെ ചോദ്യം ചെയ്യുന്ന സാമൂഹിക വിമർശനവും അസൗകര്യം സൃഷ്ടിക്കും. കാരണം ചിന്തിക്കുന്ന മനുഷ്യരെ ഒരു ഏകീകൃത രാഷ്ട്രീയ വിശ്വാസത്തിലേക്ക് പൂർണ്ണമായി അടുക്കിവയ്ക്കാൻ കഴിയില്ല.

ധാബോൽക്കർ ഡോക്ടറായിരുന്നു, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം മനുഷ്യരുടെ രോഗങ്ങളെ ചികിത്സിക്കുന്നതിൽനിന്ന് സമൂഹത്തിന്റെ യുക്തിരാഹിത്യത്തെ ചോദ്യം ചെയ്യാനാണ് മാറ്റിവെച്ചത്. ചിന്തിക്കാനുള്ള മനുഷ്യരുടെ അവകാശങ്ങൾക്കുവേണ്ടി കൂടിയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം.
ധാബോൽക്കർ ഡോക്ടറായിരുന്നു, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം മനുഷ്യരുടെ രോഗങ്ങളെ ചികിത്സിക്കുന്നതിൽനിന്ന് സമൂഹത്തിന്റെ യുക്തിരാഹിത്യത്തെ ചോദ്യം ചെയ്യാനാണ് മാറ്റിവെച്ചത്. ചിന്തിക്കാനുള്ള മനുഷ്യരുടെ അവകാശങ്ങൾക്കുവേണ്ടി കൂടിയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം.

ധാബോൽക്കറെ ഭയപ്പെട്ടവർ ആരായിരിക്കും? അവർ ഒരു സാധാരണ വിശ്വാസിയേ ആയിരിക്കില്ല, പകരം, ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസത്തെ സാമൂഹിക അധികാരമാക്കി മാറ്റുന്ന സംവിധാനമായിരിക്കും അദ്ദേഹത്തെ ഭയപ്പെട്ടത്. മനുഷ്യന്റെ ബുദ്ധിയെ വിശ്വാസത്തിന്റെ അടിമയാക്കാൻ വിസമ്മതിച്ച് ധാബോൽക്കർ ഒരു അടിസ്ഥാന സന്ദേശമാണ് മുന്നോട്ടുവച്ചത്: വിശ്വാസത്തിന് മനുഷ്യമനസ്സിൽ ഇടമുണ്ടാകാം; പക്ഷേ മനുഷ്യന്റെ ബുദ്ധിക്ക് അതിരുകളുണ്ടാകരുത്.

ഈ കൊലപാതകത്തെ ഒറ്റപ്പെട്ട കുറ്റകൃത്യമായി കാണുന്നത് അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രസക്തി ഇല്ലായ്മ ചെയ്യും. അദ്ദേഹത്തിനുശേഷം 2015-ൽ ഗോവിന്ദ് പൻസാരെ കൊല്ലപ്പെട്ടു. അതേ വർഷം എം.എം. കൽബുർഗിയും 2017-ൽ ഗൗരി ലങ്കേഷും വെടിയേറ്റ് മരിച്ചു. ഇവരെല്ലാം ഏതെങ്കിലും തരത്തിൽ അധികാരത്തെയും മതാധിഷ്ഠിത മേൽക്കോയ്മയെയും സാമൂഹിക അസമത്വത്തെയും ചോദ്യം ചെയ്തവരായിരുന്നു. പൻസാരെ സാമൂഹിക അസമത്വത്തെ ചോദ്യം ചെയ്തപ്പോൾ കൽബുർഗി മതത്തെയും അധീശ സംസ്കാരത്തെയും വിമർശനാത്മകമായി വായിച്ചു. ഗൗരി ലങ്കേഷ് അധികാരത്തിന് വർഗീയതയുമായുള്ള ബന്ധം തുറന്നുകാട്ടി. നാലു പേരും ഒരേ വ്യക്തികളായിരുന്നില്ല. അവരുടെ രാഷ്ട്രീയ നിലപാടുകളും ഒരുപോലെയായിരുന്നില്ല. പക്ഷേ അവരെ ബന്ധിപ്പിക്കുന്ന ഒരു പൊതു സ്വഭാവമുണ്ടായിരുന്നു: അവർ ചോദ്യം ചെയ്യാൻ ഭയപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഇവരുടെ കൊലപാതകങ്ങളെ ഒരുമിച്ച് വായിക്കുമ്പോൾ, ഇന്ത്യയിൽ വിമർശനാത്മക ചിന്തയ്ക്കും വിയോജിപ്പിനും നേരിടേണ്ടിവരുന്ന ഭീഷണിയെയും കാണേണ്ടിവരുന്നു.

ഈ കൊലപാതകങ്ങളുടെ അന്വേഷണം തീവ്ര വലതുപക്ഷ ബന്ധങ്ങളിലേക്കും ഒരേ ആശയപരിസരങ്ങളിലേക്കും വിരൽചൂണ്ടിയിട്ടുണ്ട്. ധാബോൽക്കർ കൊലക്കേസിൽ 2024-ൽ രണ്ടുപേരെ കുറ്റക്കാരായി കണ്ടെത്തിയെങ്കിലും, ഗൂഢാലോചന ആരോപിക്കപ്പെട്ട മൂന്നുപേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിടുകയായിരുന്നു.

ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട പ്രധാന പ്രതി സച്ചിന്‍ പ്രകാശ് റാവു അന്ദുരെയുടെ ജീവപര്യന്തം മരവിപ്പിച്ച ബോംബെ ഹൈക്കോടതി ഇയാള്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യവും നല്‍കി. ഇയാള്‍ക്കൊപ്പം ശിക്ഷിക്കപ്പെട്ട ശാരദ് കലാസ്‌കര്‍ക്ക് കഴിഞ്ഞ വര്‍ഷം ജാമ്യം നല്‍കിയിരുന്നു. ശിക്ഷക്കെതിരെ സച്ചിന്‍ റാവു നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ ജാമ്യം തുടരും. തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ഥ അംഗങ്ങളാണ് സച്ചിനും ശാരദ് കലാസ്‌കറും. രണ്ടു വര്‍ഷം പോലും ഇവര്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടിവന്നില്ല.

രാഷ്ട്രീയത്തിലെ ഭക്തിയെക്കുറിച്ചുള്ള അംബേദ്കറുടെ മുന്നറിയിപ്പ് ഇന്നും പ്രസക്തമാണ്. മതത്തിലെ ഭക്തി വ്യക്തിപരമായ ആത്മീയതയായിരിക്കാം; എന്നാൽ രാഷ്ട്രീയത്തിലെ വ്യക്തിപൂജ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും ഒടുവിൽ ഏകാധിപത്യത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ന് ആ മുന്നറിയിപ്പ് വീണ്ടും വായിക്കേണ്ട സമയമാണ്.

ഈ കൊലപാതകത്തെ ഒറ്റപ്പെട്ട കുറ്റകൃത്യമായി കാണുന്നത് അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രസക്തി ഇല്ലായ്മ ചെയ്യും. അദ്ദേഹത്തിനുശേഷം 2015-ൽ ഗോവിന്ദ് പൻസാരെ കൊല്ലപ്പെട്ടു.
ഈ കൊലപാതകത്തെ ഒറ്റപ്പെട്ട കുറ്റകൃത്യമായി കാണുന്നത് അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രസക്തി ഇല്ലായ്മ ചെയ്യും. അദ്ദേഹത്തിനുശേഷം 2015-ൽ ഗോവിന്ദ് പൻസാരെ കൊല്ലപ്പെട്ടു.

ചോദ്യം ചെയ്യാനാവാത്ത നേതാവ് ജനാധിപത്യത്തിനും ചോദ്യം ചെയ്യാനാവാത്ത പാരമ്പര്യം സമൂഹത്തിനും ചോദ്യം ചെയ്യാനാവാത്ത വിശ്വാസം മനുഷ്യ സ്വാതന്ത്ര്യത്തിനും അപകടമാണ്. ധാബോൽക്കറും അംബേദ്കറും വ്യത്യസ്ത കാലങ്ങളിലും വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളിലും നിന്നുകൊണ്ട് നമ്മോട് പറയുന്നത് ഒരേ അടിസ്ഥാന കാര്യമാണ്; സ്വതന്ത്രമായി ചിന്തിക്കുക, ചോദ്യം ചെയ്യുക യുക്തി കൈവിടാതിരിക്കുക.

അതുകൊണ്ട് ധാബോൽക്കറെ ഓർമ്മിക്കുക എന്നത് ഒരു രക്തസാക്ഷിയെ അനുസ്മരിക്കുന്നതിൽ ഒതുങ്ങുന്നില്ല. ചോദ്യം ചെയ്യാനുള്ള അവകാശം സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണത്. ഒരു വെടിയുണ്ടയ്ക്ക് ഒരു മനുഷ്യന്റെ ശബ്ദം നിശ്ശബ്ദമാക്കാം. പക്ഷേ വിവേകത്തോടെ ചിന്തിക്കുന്ന ഒരു സമൂഹത്തെ ഇല്ലായ്മ ചെയ്യാനാവില്ല , യുക്തിചിന്തയെയും ശാസ്ത്രീയ മനോഭാവത്തെയും ചേർത്തുപിടിക്കുന്ന മാനവികതയെ തകർക്കാനുമാവില്ല.

“Most of our social problems are the result of a lack of mature comprehension. If, by engendering the scientific outlook in a democracy, the common man acquires maturity in comprehending problems, it will enable him to take appropriate decisions.”
- Narendra Dabholkar.

Comments