ഭീമ കൊറേഗാവ്: ലാപ്‌ടോപ്പിലൂടെയും നുഴഞ്ഞുകയറുന്ന അറ്റാക്കർ

രേന്ദ്ര മോദി സർക്കാരിനു കീഴിൽ നടക്കുന്ന അന്വേഷണ ഏജൻസികളുടെ ദുരുപയോഗവും, രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ചുള്ള ക്രമസമാധാന പ്രക്രിയയുടെ പ്രയോഗവും തുറന്നു കാട്ടുകയാണ് ഭീമ കൊറേഗാവ് കേസിൽ കുറ്റാരോപിതർക്കെതിരെ ഹാജരാക്കിയ നിർണ്ണായക തെളിവുകൾ വ്യാജമെന്ന് തെളിയിക്കുന്ന ഡിജിറ്റൽ ഫൊറൻസിക് കൺസൾട്ടൻസിയുടെ റിപ്പോർട്ട്. കേസന്വേഷണത്തിൽ നിർണ്ണായകമായ തെളിവുകൾ, അറസ്റ്റിലായ സാമൂഹിക പ്രവർത്തകരിൽ നിന്നും പൊലീസ് കണ്ടുകെട്ടിയ ലാപ്‌ടോപ്പുകളിലൊന്നിൽ ഹാക്ക് ചെയ്ത് നിക്ഷേപിച്ചതാണെന്ന് മസാച്യുസെറ്റ്‌സ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആർസനൽ കൺസൾട്ടിങ്ങ് കണ്ടെത്തിയതായി വാഷിങ്ടൺ പോസ്റ്റാണ് റിപ്പോർട്ടു ചെയ്തത്.

നരേന്ദ്ര മോദി സർക്കാരിനെ അട്ടിമറിക്കാൻ പദ്ധതിയിട്ടെന്നാരോപിച്ച് സുധീർ ധവാലെ, റോണ വിൽസൺ, സുരേന്ദ്ര ഗാഡ്‌ലിങ്, ശോമ സെൻ, മഹേഷ് റൗട്ട് എന്നിവരെ 2018 ജൂണിലാണ് പുനെ പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്തത്. ഇവരിൽ റോണ വിൽസണിന്റെ അറസ്റ്റിനു ശേഷം, ഒരു മാൽവെയറിന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ ലാപ്‌ടോപ്പിൽ നുഴഞ്ഞു കയറിയ അറ്റാക്കർ, പത്തോളം കത്തുകൾ ലാപ്‌ടോപ്പിൽ നിക്ഷേപിക്കുകയായിരുന്നെന്ന് ആർസനൽ കൺസൾട്ടിങ്ങിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ കത്തുകളാണ് ഭീമ കൊറേഗാവ് കേസിൽ മുഖ്യ തെളിവുകളായി പൂനെ പൊലീസ് ചാർജ് ഷീറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് ചെയ്തത് ആരാണെന്ന് കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. വിൽസണിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ആർസനൽ കൺസൾട്ടിങ്ങ് ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ പരിശോധിച്ചത്.

പ്രസ്തുത കത്തുകളിലൊന്നിൽ, മാവോയിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമായി തോക്കുകളും മറ്റ് ആയുധങ്ങളും ആവശ്യമാണെന്നു പറയുകയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ നിരോധിത സംഘടനയെ പ്രേരിപ്പിച്ചെന്നും പൊലീസ് അവകാശപ്പെട്ടിരുന്നു. ഈ കത്തടക്കം, മറ്റു ഒമ്പതു കത്തുകളും വിൽസണിന്റെ കമ്പ്യൂട്ടർ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുന്ന മാൽവെയറിന്റെ സഹായത്തോടെ ഒരു ഹിഡൺ ഫോൾഡറിൽ അറ്റാക്കർ നിക്ഷേപിക്കുകയായിരുന്നു.

റോണ വിൽസണിന്റെ കമ്പ്യൂട്ടറിനും, അറ്റാക്കറുടെ കമാൻഡ്& കണ്ട്രോൾ സെർവറിനും ഇടയിൽ നടന്ന NetWire ആശയവിനിമയത്തിന്റെ തെളിവുകൾ.
റോണ വിൽസണിന്റെ കമ്പ്യൂട്ടറിനും, അറ്റാക്കറുടെ കമാൻഡ്& കണ്ട്രോൾ സെർവറിനും ഇടയിൽ നടന്ന NetWire ആശയവിനിമയത്തിന്റെ തെളിവുകൾ.

റോണ വിൽസന്റെ ഹാർഡ് ഡിസ്‌കിൽ വിദൂര നിയന്ത്രണം സാധ്യമാക്കുന്ന മാൽവെയറിന്റെ സാന്നിധ്യം 2020 മാർച്ചിൽ കാരവൻ മാഗസിൻ നടത്തിയ സൈബർ ഫൊറൻസിക്ക് പരിശോധനയിലും കണ്ടെത്തിയിരുന്നു.

കൃത്രിമ തെളിവുകളുമായി ബന്ധപ്പെട്ട് ആർസനൽ കൺസൾട്ടിങ്ങ് ഇന്നോളം ഇടപെട്ടതിൽ ഏറ്റവും ഗൗരവമായ കേസുകളിലൊന്നാണ് ഭീമ കൊറേഗാവ് കേസ് എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ലഭിച്ച ബൃഹത്തായ ഇലക്ട്രോണിക് ഡാറ്റയുടെ മേൽ അക്ഷീണം പ്രവർത്തിച്ചാണ് തന്റെ ടീം റിപ്പോർട്ട് തയാറാക്കിയതെന്ന് ആർസനൽ കൺസൾട്ടിങ്ങ് പ്രസിഡന്റ് മാർക് സ്‌പെൻസർ നടത്തിയ പ്രസ്താവനയിൽ പറയുന്നു. വളരെ സംഘടിതവും, ദുരൂഹ ഉദ്ദേശ്യമുള്ളതുമായ ഒരു സൈബർ ആക്രമണമാണ് നടന്നതെന്നും സ്‌പെൻസർ പറയുന്നു. മുന്നൂറിലധികം മണിക്കൂറുകളെടുത്ത് ലാപ്ടോപ്പിന്റെ ഉള്ളടക്കം പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടിനെക്കുറിച്ച് മാർക് സ്പെൻസറിന്റെ പ്രസ്താവന
ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടിനെക്കുറിച്ച് മാർക് സ്പെൻസറിന്റെ പ്രസ്താവന

22 മാസങ്ങൾ നീണ്ട ഗൂഢ പദ്ധതി

3.07 pm, ജൂൺ 13, 2016
കവിയും ഭീമ കൊറേഗാവ് കേസിൽ കുറ്റാരോപിതനുമായ വരവര റാവുവിന്റെ ഇമെയിലിൽ നിന്നും വിൽസണിന്റെ മെയിലിലേക്ക് അജ്ഞാതൻ നിരവധി മെയിലുകൾ അയക്കുന്നു. വിൽസണെ കൊണ്ട് പ്രസ്തുത മെയിലുകൾ തുറന്ന് പരിശോധിപ്പിക്കാനായിരുന്നു അജ്ഞാതന്റെ ശ്രമം.

6.18 pm
തനിക്ക് ലഭിച്ച ഡോക്യുമെന്റ് തുറന്നു പരിശോധിച്ചെന്ന് വിൽസൺ മറുപടി നൽകി. ഈ വ്യാജ ഡോക്യുമെന്റ് തുറന്നതോടെ പുറത്തു നിന്നൊരാൾക്ക് വിൽസണിന്റെ ലാപ്‌ടോപ്പിന്റെ അഡ്മിനിസ്‌ട്രേറ്റിവ് നിയന്ത്രണം നൽകുന്ന, NetWire Remote Access Trojan (RAT) എന്ന മാൽവെയർ വിജയകരമായി ലാപ്ടോപ്പിൽ പ്രവേശിച്ചു. താൻ ഇതിനുള്ള അനുമതി നൽകുകയാണെന്ന് തിരിച്ചറിയാതെയാണ് വിൽസൺ പ്രസ്തുത ഡോക്യുമെന്റ് തുറക്കുന്നത്.

ജനുവരി 1, 2018
ദളിതർ ബ്രാഹ്‌മണർക്കെതിരെയും, കൊളോണിയൽ ശക്തികൾക്കെതിരേയും നടത്തിയ ഭീമ കൊറേഗാവ് പോരാട്ടത്തിന്റെ 200-ാംവാർഷികത്തിന്റെ അടുത്ത ദിവസം, ഹിന്ദുത്വ ഗ്രൂപ്പുകളെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘം ഈ പരിപാടിയിൽ നുഴഞ്ഞു കയറി ലഹളയുണ്ടാക്കാൻ ശ്രമിക്കുകയും, തത്ഫലം ഒരാൾ കൊല്ലപ്പെടുകയും ചെയ്യുന്നു.

4.10 pm, മാർച്ച് 14, 2018
പൊലീസ് നിർണ്ണായകമെന്ന് കാണിച്ച 10-ൽ 9 ഡോക്യുമെന്റുകളും അറ്റാക്കർ മാൽവെയറിന്റെ സഹായത്തോടെ വിൽസണിന്റെ തമ്പ് ട്രൈവിൽ നിക്ഷേപിക്കുന്നു.

10 pm
ഡമ്മി ഫോൾഡറുകൾ നിർമ്മിച്ച്, പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത വിധം അറ്റാക്കർ ഈ ഡോക്യുമെന്റുകൾ വിൽസണിന്റെ കമ്പ്യൂട്ടറിലേക്ക് നീക്കി.

വരവര റാവു, വെർനോൻ ഗോൺസാൽവസ് , സുധ ഭരദ്വാജ്, ഗൗതം നവലാഖ, അരുൺ ഫെറേറിയ
വരവര റാവു, വെർനോൻ ഗോൺസാൽവസ് , സുധ ഭരദ്വാജ്, ഗൗതം നവലാഖ, അരുൺ ഫെറേറിയ

ജൂൺ 13, 2016 മുതൽ ഏപ്രിൽ 17, 2018
22 മാസത്തോളം വിൽസണിന്റെ കമ്പ്യൂട്ടർ അക്രമണത്തിന് വിധേയമായി. 2018 ഏപ്രിൽ 17-ന് പൂനെ പൊലീസ് വിൽസണെ കസ്റ്റഡിയിൽ എടുക്കുമ്പോൾ ഈ മാൽവെയർ പ്രവർത്തനക്ഷമമായിരുന്നു.

തെളിവുകളായി പൊലീസ് എടുത്തുകാട്ടിയ രേഖകൾ ഒന്നു പോലും വിൽസൺ തുറന്നു പരിശോധിച്ചതിന് തെളിവുകൾ ഒന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

തെളിവുകളായി കണക്കാക്കപ്പെടുന്ന കത്തുകൾ മൈക്രോസോഫ്റ്റ് വേർഡിന്റെ പുതിയ പതിപ്പിലാണ് തയ്യാറാക്കിയതെന്നും, വിൽസൺ ഉപയോഗിച്ചിരുന്നത് മൈക്രോസോഫ്റ്റ് വേർഡിന്റെ 2007 പതിപ്പായിരുന്നെന്നും റിപ്പോർട്ട് തെളിയിക്കുന്നു. കൂടാതെ, അറ്റാക്കർ വിൽസണിന്റെ ലാപ്‌ടോപ്പിൽ ഹിഡൺ ഫോൾഡർ നിർമ്മിച്ചതിന്റെ തെളിവുകൾ ഫയൽ സിസ്റ്റം ഇൻഫർമേഷൻ തിരിച്ചെടുത്തതിൽ നിന്നും ലഭിച്ചിട്ടുണ്ട്.

ഭീമ കൊറേഗാവ് കേസ്

2017 ഡിസംബർ 30-ന് നിരവധി സാമൂഹ്യ പ്രവർത്തകരും, അക്കാദമിക് മേഖലയിൽ പ്രവർത്തിക്കുന്നവരും പങ്കെടുത്ത പൂനെയിലെ ഷനിവാർ വാഡയിൽ വെച്ചു നടന്ന എൽഗാർ പരിഷദ് കോൺക്ലേവിൽ തീവ്രവികാരമുണർത്തുന്ന പ്രസംഗങ്ങൾ നടത്തിയെന്നും, ഇത് ഒരാളുടെ മരണത്തിനിടയാക്കിയ ഭീമ കൊറേഗാവ് ഓർമ ദിനത്തിലുണ്ടായ പ്രക്ഷോഭത്തിൽ കലാശിച്ചെന്നുമായിരുന്നു ആരോപണം.

ഫാദർ സ്റ്റാൻ സ്വാമി
ഫാദർ സ്റ്റാൻ സ്വാമി

ഈ കേസുമായി ബന്ധപ്പെട്ട്, 2018 നവംബറിലാണ് 5000 പേജുകളുള്ള ആദ്യത്തെ ചാർജ് ഷീറ്റ് പൊലീസ് തയ്യാറാക്കുന്നത്. സുധീർ ധവാലെ, റോണ വിൽസൺ, സുരേന്ദ്ര ഗാഡ്ലിങ്, ശോമ സെൻ, മഹേഷ് റൗട്ട് എന്നിവരെ പ്രതിചേർത്തു കൊണ്ടാണ് പൊലീസ് പ്രസ്തുത ചാർജ് ഷീറ്റ് തയ്യാറാക്കിയത്. ഇവർക്ക് നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നും, നരേന്ദ്ര മോദി സർക്കാരിനെ അട്ടിമറിക്കാൻ ഇവർ പദ്ധതിയിട്ടെന്നുമായിരുന്നു പൊലീസിന്റെ ആരോപണം.

2019 ഫെബ്രുവരിയിൽ പൊലീസ് തയ്യാറാക്കിയ അനുബന്ധ ചാർജ് ഷീറ്റിൽ മനുഷ്യാവകാശ പ്രവർത്തകരായ സുധ ഭരദ്വാജ്, വരവര റാവു, അരുൺ ഫെറൈറ, വെർണൻ ഗോൺസാൽവെസ്, ഗൗതം നാവ്‌ലഖ എന്നിവരെയും, നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ(മാവോയിസ്റ്റ്) നേതാവ് ഗണപതിയേയും പൊലീസ് പ്രതിചേർത്തു.

മൂന്നു വർഷത്തെ അന്വേഷണത്തിൽ ഇതു വരെ 17,000 പേജുകളടങ്ങിയ ചാർജ് ഷീറ്റാണ് അന്വേഷണ ഏജൻസികൾ തയ്യാറാക്കിയത്. 2020 ഒക്ടോബറിലാണ് ഫാ. സ്റ്റാൻ സ്വാമിയെ എൻ.ഐ.എ അറസ്റ്റു ചെയ്തത്.

2020 ൽ മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ കേന്ദ്ര സർക്കാർ കേസ് എൻ.ഐ.എയ്ക്ക് കൈമാറുകയായിരുന്നു.

എന്നാൽ അന്വേഷണ സംഘത്തിലെ ഫൊറെൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ വിൽസണിന്റെ ലാപ്‌ടോപിൽ മാൽവെയറിന്റെ സാന്നിധ്യം തെളിയിക്കുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് വാഷിങ്ടൺ പോസ്റ്റിന് എൻ.ഐ.എ വക്താവ് ജയ റോയ് നൽകിയ പ്രതികരണത്തിൽ പറയുന്നത്.


Comments