ബോൾഷെവിക് ഗാന്ധി

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്​ 75 വർഷം പൂർത്തിയാകുമ്പോൾ, ഗാന്ധിയൻ ഇടപെടലുകളുടെ സമകാലിക പ്രസക്തിയെക്കുറിച്ച്​ ആലോചന, ദാമോദർ പ്രസാദ്​ എഴുതുന്നു.

‘‘സത്യസന്ധനായ വ്യക്തിയാണെങ്കിലും സൂക്ഷിക്കണം. അയാൾ ഒരു ബോൾഷെവിക്കാണ്. അക്കാരണം കൊണ്ടുതന്നെ വലിയ അപകടകാരിയും’, 1918 -ൽ ബോംബെ ഗവർണറായിരുന്ന വില്ലിങ്ടൺ ഗാന്ധിയെക്കുറിച്ചു നടത്തിയ പരാമർശമാണിത്. സുമിത് സർക്കാർ ആധുനിക ഇന്ത്യാചരിത്രത്തെക്കുറിച്ചുള്ള പുസ്തകത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒക്ടോബർ വിപ്ലവത്തിന്റെ വർധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചുള്ള കൊളോണിയൽ ഭരണാധികാരികളുടെ ഭയപ്പാടിനെപ്പറ്റി എഴുതവേ ഉദാഹരിക്കുന്നതാണ് ഈ പരാമർശം. ‘ബോൾഷെവിക് ഗാന്ധി' എന്ന നീരീക്ഷണം സവിശേഷമായ ആലോചനകൾക്ക് ഇടം നൽകുന്നു, പ്രത്യേകിച്ചും നമ്മൾ ജീവിക്കുന്ന ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ- ട്രൂ കോപ്പി വെബ്​സീനിൽ ദാമോദർ പ്രസാദ്​ എഴുതുന്നു.

‘‘ഗാന്ധി വിഭാവനം ചെയ്ത സത്യഗ്രഹ ബഹുജന നിയമലംഘന പ്രസ്ഥാനത്തോടുള്ള ബ്രിട്ടീഷ് സമീപനം ഗാന്ധിയെയും ‘ബോൾഷെവിക്' എന്ന കള്ളിയിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു. ഒക്ടോബർ വിപ്ലവത്തിനുശേഷം പടിഞ്ഞാറോട്ടല്ല, കിഴക്കോട്ടേക്കാണ് വിപ്ലവത്തിന്റെ സഞ്ചാരമാർഗമെന്ന ധാരണ ലെനിനുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിക്കും മാർക്‌സിസ്റ്റ് ആശയഗതിക്കും ദീർഘകാലത്തെ സ്വാധീനമുണ്ടായിരുന്ന യൂറോപ്പിലെ ഏതെങ്കിലും രാജ്യത്തല്ല, ചൈനയിലാണ് അടുത്ത കമ്യൂണിസ്റ്റ് വിപ്ലവം സാക്ഷാത്കരിക്കപ്പെടുന്നത്. സ്റ്റാലിൻ ഒരൊറ്റ രാജ്യത്തിലേക്ക് സോഷ്യലിസത്തെ പരിമിതപ്പെടുത്തുന്ന നയസമീപനം സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ കിഴക്കിന്റെ പല പ്രദേശങ്ങളും ചുവക്കുമായിരുന്നു. ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനത്തിന്റെയും വിധ്വംസക പ്രസ്ഥാനങ്ങളുടെയും സ്വാധീനം വർദ്ധിതമാകുന്നതോടെ ഗാന്ധിക്കെതിരെയും വിധ്വംസക രാഷ്ട്രീയത്തിന്റെ ആരോപണങ്ങൾ ഉയർന്നു. ഈ ഘട്ടത്തിൽ ബോംബയിലെ ഒരു ജഡ്ജി വെറുതെ നടത്തിയ ആരോപണമല്ല ‘ബോൾഷെവിക്' എന്ന് മനസ്സിലാക്കുന്ന ഗാന്ധി ഈ ആരോപണത്തെ മറികടക്കാൻ ‘ബോൾഷെവിസ’ത്തെ നിരാകരിക്കുന്നുണ്ട്.’’

‘‘ഗാന്ധിയുടെ അഹിംസാത്മക ബഹുജനപ്രസ്ഥാനം നമ്മുടെ വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ പ്രാധാന്യം നേടുന്നുവെന്നതാണ് ഇവിടെ പ്രസക്തമായ സംഗതി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോൺഗ്രസ്​ പ്രസ്ഥാനത്തെ ഗാന്ധിയൻ രീതിയിൽ പുനരുജീവിപ്പിക്കാനുള്ള വലിയൊരു ശ്രമമായി മനസ്സിലാക്കാം. A Gandhian attempt at reviving Congress എന്നിതിനെ വിളിക്കാമെന്നു തോന്നുന്നു. ഒരു attempt ആണിത്. പരിശ്രമങ്ങൾ അന്തിമമായി വിജയിക്കണമെന്നില്ല; പരാജയപ്പെടാൻ ഒട്ടേറെ കാരണങ്ങളുമുണ്ടാകാം.’’

‘‘ഭാരത് ജോഡോ യാത്രയുടെ അനുരണനമാകാം, ആകാതിരിക്കാം, അമിത് ഷാ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെടുത്തി ഹിന്ദു ദേശീയ രാഷ്ട്രീയത്തിന് ശരിയാംവണ്ണം ചേരുന്നതായ ഒരു കാര്യം പറഞ്ഞു. സഞ്ജയ് സന്യാലിന്റെ ‘Revolutionaries: The other story of how India won its freedom' എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലായിരുന്നു ഇതുപറഞ്ഞത്. പ്രസ്തുത പുസ്തകം സമീപ ദിവസങ്ങളിലാണ് പുറത്തിറങ്ങിയത്. പുസ്തകം പ്രകാശനം ചെയ്​ത്​ ഷാ വിമർശിച്ചത്; കോൺഗ്രസ്​ പ്രസ്ഥാനമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് എന്ന പ്രബലമായ ആഖ്യാനത്തെയാണ്. സായുധസമരത്തിന്റെ ചരിത്രത്തിന്​ വേണ്ട പോലെ പ്രാധാന്യം ഉദാരവാദ ഇടതുപക്ഷ ചരിത്രകാരന്മാർ നൽകിയില്ല എന്നാണ് അമിത് ഷാ സൂചിപ്പിച്ചത്. സായുധസമരത്തിന്റെ ധാരയിൽ ഹിന്ദു ദേശീയ രാഷ്ട്രീയ വാദം മുൻനിർത്തി പ്രവർത്തിച്ച സംഘങ്ങളുണ്ടായിരുന്നുവെന്നതും പ്രധാനമാണ്.’’

‘‘ഭീകരവാദ രഹസ്യ ഗ്രൂപ്പുകളുടെ സായുധപ്രവർത്തനത്തെക്കുറിച്ചുള്ള ഗാന്ധിയുടെ ആശങ്ക ആസ്ഥാനത്തായിരുന്നില്ല. ഒടുവിൽ, ഇത്തരം ഹിന്ദു രഹസ്യ ഗ്രൂപ്പുകളുടെ ഗൂഢാലോചനയിൽ നിന്നാണ് ഗാന്ധിയെ വധിക്കുക എന്ന നിഗൂഢ പദ്ധതി ഉരുത്തിരിയുന്നത്. അവർ അത് നടപ്പാക്കുകയും ചെയ്തു എന്നുമാത്രമല്ല, ഗാന്ധിയുടെ രൂപങ്ങൾ നിർമിച്ച്​ അതിലേക്ക് വെടിവെച്ചു, പകൽവെളിച്ചത്തിൽ തന്നെ. അവർക്ക്​ ഗാന്ധിയോടുള്ള തീരാത്ത വിരോധം അനുഷ്​ഠാനമെന്ന പോലെ സമകാലിക ഇന്ത്യയിലും തീർത്തുകൊണ്ടിരിക്കുന്നു. ഗാന്ധിവധ അനുഷ്​ഠാന ദൃശ്യങ്ങൾ പകർത്തി പടർത്തുകയും ചെയ്യുന്നു.’’

ഗാന്ധി എന്ന ​അന്വേഷണവും പ്രയോഗവും
ബോൾഷെവിസം, അക്രമരാഹിത്യം, ബഹുജന രാഷ്​ട്രീയം, ഹിന്ദു തീവ്രവാദം, അരാജകവാദം എന്നിവയാൽ കൈകാര്യം ചെയ്യപ്പെട്ട ഗാന്ധി എന്ന പ്രമേയത്തെക്കുറിച്ച്​.
ദാമോദർപ്രസാദ്​ എഴുതിയ ലേഖനം ഇന്നിറങ്ങുന്ന ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 111 ൽ വായിക്കാം, കേൾക്കാം

Comments