Photo: Wikimedia Commons

ഗാന്ധി എന്ന ​അന്വേഷണവും
​പ്രയോഗവും

‘ഉമ്മാ, ഞാൻ ഗാന്ധിയെ തൊട്ട്!' - വൈക്കം മുഹമ്മദ്​ ബഷീർ (‘അമ്മ’).

ക്ഷോപലക്ഷം ജനങ്ങളുടെ നടുക്ക്, ബഷീറിന്, ലോകവന്ദ്യനായ ആ മഹാത്മാവിനെ ഒന്ന് തൊടണം. ജനക്കൂട്ടത്തിനിടയിൽനിന്ന് എങ്ങനെയോ ഗാന്ധി കയറിയ കാറിന്റെ സൈഡിൽ മറ്റനേകം വിദ്യാർത്ഥികളുടെ കൂടെ തൂങ്ങി നിൽക്കുകയാണ് ബഷീർ.
വലതുതോളിൽ പതുക്കെ ഒന്ന് തൊട്ടു...
ഗാന്ധി ബഷീറിനെ നോക്കി മന്ദഹസിച്ചു.

‘ബോൾഷെവിക് ഗാന്ധി'

‘സത്യസന്ധനായ വ്യക്തിയാണെങ്കിലും സൂക്ഷിക്കണം. അയാൾ ഒരു ബോൾഷെവിക്കാണ്. അക്കാരണം കൊണ്ടുതന്നെ വലിയ അപകടകാരിയും’, 1918 -ൽ ബോംബെ ഗവർണറായിരുന്ന വില്ലിങ്ടൺ ഗാന്ധിയെക്കുറിച്ചു നടത്തിയ പരാമർശമാണിത്. സുമിത് സർക്കാർ ആധുനിക ഇന്ത്യാചരിത്രത്തെക്കുറിച്ചുള്ള പുസ്തകത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒക്ടോബർ വിപ്ലവത്തിന്റെ വർധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചുള്ള കൊളോണിയൽ ഭരണാധികാരികളുടെ ഭയപ്പാടിനെപ്പറ്റി എഴുതവേ ഉദാഹരിക്കുന്നതാണ് ഈ പരാമർശം.

‘ബോൾഷെവിക് ഗാന്ധി' എന്ന നീരീക്ഷണം സവിശേഷമായ ആലോചനകൾക്ക് ഇടം നൽകുന്നു, പ്രത്യേകിച്ചും നമ്മൾ ജീവിക്കുന്ന ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ.

വില്ലിങ്ടൺ / Photo: Wikipedia

‘ബോൾഷെവിക് ഗാന്ധി' എന്ന വാക്യാംശത്തെ രാഷ്ട്രീയാർത്ഥത്തിലേക്ക് മൊഴിമാറ്റുമ്പോൾ ‘Mass Politics without Violence' എന്നിങ്ങനെ പറയാമെന്നു തോന്നുന്നു. ഈ രാഷ്ട്രീയം അതിന്റെ സാരാംശത്തിൽ ഹിംസാരഹിതമായ അല്ലെങ്കിൽ അഹിംസാത്മകമായ ബഹുജന രാഷ്ട്രീയം എന്നതാണ്. ബോൾഷെവിക് രാഷ്ട്രീയം അധികാരം പിടിച്ചെടുക്കാൻ ഹിംസയുടെ പ്രയോഗത്തെ സാധൂകരിക്കുന്നു. വിന്റർ കൊട്ടാരത്തെ സൈനികശക്തി ഉപയോഗപ്പെടുത്തി തന്നെയാണ് ബോൾഷെവിക്കുകൾ ആക്രമിക്കുന്നതും തുടർന്ന് സോവിയറ്റ് അധികാരം റഷ്യയിൽ സ്ഥാപിക്കുന്നതും. അതേസമയം, ബഹുജന രാഷ്ട്രീയത്തിന്റെ ജൈവശേഷിയെയും ബോൾഷെവിക് മുന്നേറ്റം പ്രതിനിധീകരിക്കുന്നു.

ചമ്പാരനിൽ ആദ്യം ദരിദ്ര കർഷകരെയും പിന്നീട് അഹമ്മദാബാദിൽ തൊഴിലാളികളെയും സംഘടിപ്പിച്ച്​ അതുവരെ കോൺഗ്രസിന്റെ മുഖ്യധാരയിലുൾപ്പെടാതെ പോയ ജനവിഭാഗങ്ങളെ ഉൾച്ചേർത്താണ്​ ദേശീയ പ്രസ്ഥാനത്തെ ഗാന്ധി ബഹുജനപ്രസ്ഥാനമാക്കി പരിവർത്തിപ്പിച്ചത്.

19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ രാഷ്ട്രീയപ്രവർത്തനത്തിന് നവോന്മേഷം നൽകി ബഹുജനങ്ങളെ ഉൾക്കൊള്ളുന്ന ആശയഗതികളും പ്രയോഗങ്ങളും ഉരുത്തിരിയുകയും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തോടെ അതിശക്തമായ സാന്നിധ്യമായി ബഹുജനരാഷ്ട്രീയം രൂപപ്പെടുകയും ചെയ്തുകഴിഞ്ഞു. എന്നാൽ ഇന്ത്യയിൽ ഗാന്ധിയുടെ രാഷ്ട്രീയ രംഗപ്രവേശത്തിനുമുമ്പായി ഈയൊരു അളവിൽ ബഹുജന രാഷ്ട്രീയം വികസിതമായിരുന്നില്ല എന്നതാണ് ചരിത്രവസ്തുത. ബംഗാളിലെ സ്വദേശി പ്രസ്ഥാനത്തിലെ ജനപങ്കാളിത്തമുണ്ടായിരുന്നെങ്കിലും വിഭാഗീയ സ്വഭാവം പ്രകടമായിരുന്നു, ഈ മുന്നേറ്റത്തിലും. തീവ്രവാദികളും മിതവാദികളുമായി വേർതിരിഞ്ഞുനിന്നിരുന്ന കോൺഗ്രസ്​ പ്രസ്ഥാനം ബഹുജന രാഷ്ട്രീയത്തിന്റെ അലകളായി ഉയർന്നിരുന്നില്ല. കൊളോണിയൽ ഭരണാധികാരികളെ ഞെട്ടിച്ച്​ മേഘവിസ്‌ഫോടനം പോലെ ബഹുജനരാഷ്ട്രീയമായി ദേശീയ പ്രസ്ഥാനം മാറുന്നത് 1919- ടെയാണ്.

അലി സഹോദരന്മാർ

ദേശീയ രാഷ്ട്രീയത്തിന് ​വഴിത്തിരിവുണ്ടാക്കുന്നവിധം രാഷ്ട്രീയത്തെ ബഹുജനപങ്കാളിത്തത്താൽ വിസ്തൃതമാക്കുന്നതിൽ (broad based) ഗാന്ധി നിർണായക സ്വാധീനമായി. ചമ്പാരനിൽ ആദ്യം ദരിദ്ര കർഷകരെയും പിന്നീട് അഹമ്മദാബാദിൽ തൊഴിലാളികളെയും സംഘടിപ്പിച്ച്​ അതുവരെ കോൺഗ്രസിന്റെ മുഖ്യധാരയിലുൾപ്പെടാതെ പോയ ജനവിഭാഗങ്ങളെ ഉൾച്ചേർത്താണ്​ (inclusive) ദേശീയ പ്രസ്ഥാനത്തെ ബഹുജനപ്രസ്ഥാനമാക്കി പരിവർത്തിപ്പിച്ചത്. കോൺഗ്രസിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും ജനകീയവൽക്കരണത്തിന്​ മഹാത്മാഗാന്ധി മുഖ്യ പങ്കുവഹിച്ചു എന്നുപറയുമ്പോഴും ഗാന്ധിക്കെതിരെ ഉയർന്ന വിമർശനങ്ങൾ ഓർക്കാതെയല്ല.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോൺഗ്രസ്​ പ്രസ്ഥാനത്തെ ഗാന്ധിയൻ രീതിയിൽ പുനരുജീവിപ്പിക്കാനുള്ള വലിയൊരു ശ്രമമായി മനസ്സിലാക്കാവുന്നതാണ്.

ബ്രീട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അലി സഹോദരന്മാരോടു ചേർന്ന്​ ഖിലാഫത്ത്​പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഗാന്ധിക്കെതിരെ മുഹമ്മദലി ജിന്ന ഉയർത്തിയ എതിർപ്പും സവർക്കറൈറ്റ് ഹിന്ദു ദേശീയവാദത്തിന്റെ ഗാന്ധിയോടുള്ള വിദ്വേഷവും കോൺഗ്രസും ഗാന്ധിയും അധഃസ്ഥിതരെ കൂടുതൽ അശരണപ്പെടുത്തുന്നു എന്ന അംബേദ്കറുടെ വിമർശനവും ചരിത്രത്തിലുള്ളതാണ്.

മുഹമ്മദലി ജിന്നയും ഗാന്ധിയും (ബോബെ, 1944) / Photo: Wikimedia Commons

ഗാന്ധിയുടെ അഹിംസാത്മക ബഹുജനപ്രസ്ഥാനം (Non- violent mass movement) നമ്മുടെ വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ പ്രാധാന്യം നേടുന്നുവെന്നതാണ് ഇവിടെ പ്രസക്തമായ സംഗതി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോൺഗ്രസ്​ പ്രസ്ഥാനത്തെ ഗാന്ധിയൻ രീതിയിൽ പുനരുജീവിപ്പിക്കാനുള്ള വലിയൊരു ശ്രമമായി മനസ്സിലാക്കാം. A Gandhian attempt at reviving Congress എന്നിതിനെ വിളിക്കാമെന്നു തോന്നുന്നു. ഒരു attempt ആണിത്. പരിശ്രമങ്ങൾ അന്തിമമായി വിജയിക്കണമെന്നില്ല; പരാജയപ്പെടാൻ ഒട്ടേറെ കാരണങ്ങളുമുണ്ടാകാം.

ബ്രിട്ടീഷ് ഭരണത്തിനെതിരെ യുവാക്കളിൽ കനത്തുവരുന്ന വിധ്വംസക വികാരത്തെക്കുറിച്ച് പൂർണമായും ബോധ്യമുണ്ടായിരുന്ന ഗാന്ധി, യുവാക്കൾ ഉൾപ്പെടെയുള്ള ബഹുജനങ്ങളെ അഹിംസാത്മക പ്രക്ഷോഭ രംഗത്തേക്ക് കൊണ്ടുവരാൻ നിയമലംഘനം പോലുള്ള പ്രക്ഷോഭ പരിപാടികൾ അനിവാര്യമാണെന്ന്​ തിരിച്ചറിയുന്നുണ്ട്.

നെഹ്റുവിനോടൊപ്പം ഗാന്ധി

ഗാന്ധിയൻ പ്രക്ഷോഭങ്ങളൊക്കെ പരിശ്രമങ്ങളായിരുന്നു. ഫലം ഇച്ഛിക്കാതെയോ പൂർണവിജയം കാംക്ഷിക്കാതെയോ നടത്തിയ പരിശ്രമങ്ങൾ. ആത്യന്തിക ലാഭനഷ്ടം ഗാന്ധി തേടുകയുണ്ടായിട്ടുണ്ടാവില്ല, അതുകൊണ്ടാണ് ബഹുജനപ്രസ്ഥാനം അതിന്റെ ഏറ്റവും പ്രകമ്പനം കൊണ്ടുന്നിരുന്ന നിമിഷത്തിൽ പ്രക്ഷോഭം പിൻവലിച്ച്​ ഗാന്ധി പിൻവാങ്ങുന്നത്. ബഹുജനമുന്നേറ്റത്തിന്റെ അധികാര വിരുദ്ധ വിധ്വംസക ശേഷിയെക്കുറിച്ചുള്ള തിരിച്ചറിവും പ്രക്ഷോഭങ്ങളെ അതിന്റെ തീവ്രഘട്ടത്തിൽ പിൻവലിക്കുന്നതും ബൂർഷ്വാ രാഷ്ട്രതന്ത്രജ്ഞതയാണെന്ന്​ വിമർശിക്കപ്പെട്ടിട്ടുണ്ട്.

ഭാരത് ജോഡോ യാത്രയുടെ അനുരണനമാകാം, ആകാതിരിക്കാം, അമിത് ഷാ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെടുത്തി ഹിന്ദു ദേശീയ രാഷ്ട്രീയത്തിന് ശരിയാംവണ്ണം ചേരുന്നതായ ഒരു കാര്യം പറഞ്ഞു. സഞ്ജയ് സന്യാലിന്റെ ‘Revolutionaries: The other story of how India won its freedom' എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലായിരുന്നു ഇതുപറഞ്ഞത്. പ്രസ്തുത പുസ്തകം സമീപ ദിവസങ്ങളിലാണ് പുറത്തിറങ്ങിയത്. ഇതിന്റെ ഉള്ളടക്കം എന്താണെന്ന്​, വായിക്കാത്തതിനാൽ അറിയില്ല, എങ്കിലും, പുസ്തകം പ്രകാശനം ചെയ്​ത്​ ഷാ വിമർശിച്ചത്; കോൺഗ്രസ്​ പ്രസ്ഥാനമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് എന്ന പ്രബലമായ ആഖ്യാനത്തെയാണ്. സായുധസമരത്തിന്റെ ചരിത്രത്തിന്​ വേണ്ട പോലെ പ്രാധാന്യം ഉദാരവാദ ഇടതുപക്ഷ ചരിത്രകാരന്മാർ നൽകിയില്ല എന്നാണ് അമിത് ഷാ സൂചിപ്പിച്ചത്. സായുധസമരത്തിന്റെ ധാരയിൽ ഹിന്ദു ദേശീയ രാഷ്ട്രീയ വാദം മുൻനിർത്തി പ്രവർത്തിച്ച സംഘങ്ങളുണ്ടായിരുന്നുവെന്നതും പ്രധാനമാണ്.

ബ്രിട്ടിഷ് സർക്കാർ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് ഗാന്ധിയുടെ നേതൃത്വത്തിൽ ദാണ്ഡിയിലേക്ക് നടത്തിയ ഉപ്പു സത്യാഗ്രഹം (1930) / Photo: Wikimedia Commons

സായുധ സമരത്തിന്റെ ധാര പക്ഷെ, ഏകശിലാത്മകമല്ല എന്നതാണ് വസ്തുത. കമ്യൂണിസ്​റ്റ്​ പാർട്ടി സ്വാതന്ത്ര്യസമരത്തിൽ പങ്കുകൊണ്ടത് അഹിംസാത്മക പാത മുൻനിർത്തിയല്ല. എന്നാൽ സായുധസമരം ഏകമാർഗമായി കമ്യൂണിസ്റ്റുകൾ കണ്ടിരുന്നുമില്ല. എന്നാൽ സായുധ സമരം മുൻനിർത്തി പ്രക്ഷോഭരംഗത്തേക്ക് വന്ന വിപ്ലവസംഘങ്ങൾ സംഘടിത രാഷ്ട്രീയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുവിരുന്നെങ്കിലും വലിയ തോതിലുള്ള ബഹുജനപങ്കാളിത്തമുള്ള പ്രസ്ഥാനമായി സംഘടനകളെ വിപുലപ്പെടുന്നത്തേക്കാൾ വിധ്വംസക പ്രവർത്തനത്തിലൂടെ ബ്രിട്ടീഷുകാരെ തുരത്താമെന്നാണ് വിഭാവനം ചെയ്തിരുന്നത്. രഹസ്യ സംഘടനാ പ്രവർത്തനത്തിലൂടെ ആക്രമണം നടത്തിയും ഭീകരത സൃഷ്ടിച്ചും സ്വാതന്ത്ര്യം നേടാമെന്ന് മോഹിച്ചിരുന്ന ഒരു പാർശ്വധാരയും സായുധ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. സവർക്കർ രാഷ്ട്രീയം ഇതിനോട് ചേർന്നുപോകുന്നതാണ്. ഗാന്ധിയുടെ ബഹുജന പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം ഈ ധാരയെയാണ് ഏറ്റവും ശക്തമായി എതിർത്തിരുന്നതും. ഈ എതിർപ്പ് പരസ്യമായി പ്രകടവുമാക്കിയിരുന്നു.

ഗാന്ധിയോടൊപ്പം ആനി ബസന്റ്‌ (1921 ലെ ചിത്രം) / Photo: Wikimedia Commons

ബ്രിട്ടീഷ് ഭരണത്തിനെതിരെ യുവാക്കളിൽ കനത്തുവരുന്ന വിധ്വംസക വികാരത്തെക്കുറിച്ച് പൂർണമായും ബോധ്യമുണ്ടായിരുന്ന ഗാന്ധി, സത്യഗ്രഹം കൊണ്ടു മാത്രം നീറുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകില്ലെന്നും യുവാക്കൾ ഉൾപ്പെടെയുള്ള ബഹുജനങ്ങളെ അഹിംസാത്മക പ്രക്ഷോഭ രംഗത്തേക്ക് കൊണ്ടുവരാൻ നിയമലംഘനം പോലുള്ള പ്രക്ഷോഭ പരിപാടികൾ അനിവാര്യമാണെന്നും തിരിച്ചറിയുന്നുണ്ട്. ഇത് സംബന്ധിച്ച്​ തന്റെ ആലോചനകൾ പത്രപ്രവർത്തകനായ കാമാക്ഷി നടരാജന്​ എഴുത്തിയ കത്തിൽ പങ്കുവെക്കുന്നുണ്ട് ഗാന്ധിജി. പ്രസ്തുത കത്തിൽ, ബ്രിട്ടീഷ് സാമ്രാജ്യത്വധികാരാധിക്യത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന യുവാക്കൾക്കുമുമ്പിൽ ഫലപ്രദമായ പ്രതിവിധികൾ മുന്നോട്ടുവെച്ചില്ലെങ്കിൽ പ്രതികാരത്തിന്റെ രാഷ്ട്രീയം അണപൊട്ടിയൊഴുകുമെന്നും ഇത് അക്രമ രാഷ്ട്രീയത്തിന്റെ ബംഗാൾ ആരാധകത്വത്തിന്​ (little Bengal cult of violence) വഴിവെയ്ക്കുമെന്നും ഗാന്ധി സന്ദേഹപ്പെടുന്നുണ്ട്. ഇതിനു ബദലായി അഹിംസയിലധിഷ്ഠിതമായ ബഹുജന രാഷ്ട്രീയമാണ് ഗാന്ധി പകരം വെയ്ക്കുന്നത്.

സർ ദിൻഷോ വാച്ച

സ്വയംഭരണ പ്രസ്ഥാനം മദ്രാസ് പ്രവിശ്യയിൽ അല്പം സ്വാധീനം നിലനിർത്തിയിരുന്നെങ്കിലും ഇന്ത്യയിലാകമാനം അതിന്റെ പ്രവർത്തനം ദുർബലമാണെന്ന്​ തിരിച്ചറിയുന്ന ഗാന്ധിയാണ് നിയമലംഘനത്തിന്റെയും നിസ്സഹകരണത്തിന്റെയും സാദ്ധ്യതകൾ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കുന്നത്. ഖേദയിലെ കർഷകരുടെ നികുതിവിരുദ്ധ പ്രസ്ഥാനത്തിന്റെ പാഠങ്ങൾ ഗാന്ധി ഉൾക്കൊണ്ടിരുന്നു. ആനി ബസൻറ്​ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ദേശീയ നേതാക്കൾ ഗാന്ധിയുടെ പുതിയ രാഷ്ട്രീയ പരിപാടിയോടുള്ള വിപ്രതിപത്തി കൃത്യമായും പ്രകടിപ്പിച്ചിരുന്നു. പക്ഷെ, സത്യഗ്രഹകേന്ദ്രിതമായ നിയമലംഘന ബഹുജന പ്രസ്ഥാനം കൊളോണിയൽ വിരുദ്ധ പ്രക്ഷോഭത്തിന്​ ഒരു പുത്തൻ ജൈവികശക്തി നല്കുമെന്നതിൽ ഗാന്ധിക്ക്​ സംശയമുണ്ടായിരുന്നില്ല. യുവാക്കളുടെ ഇടയിൽ വലിയ സ്വാധീനമായിക്കൊണ്ടിരിക്കുന്ന ഭീകരവാദത്തെ പ്രതിരോധിക്കാനുള്ള ശേഷി നിസ്സഹകരണ പ്രസ്ഥാനത്തിനുണ്ടെന്നു ഗാന്ധി തിരിച്ചറിഞ്ഞിരുന്നു. ബോംബേയിലെ പ്രസിദ്ധ ദേശീയനേതാവായിരുന്ന സർ ദിൻഷോ വാച്ചയ്ക്ക് എഴുതിയ കത്തിൽ ഗാന്ധി ഇത് സൂചിപ്പിക്കുന്നുണ്ട്: ‘വളർന്നു വരുന്ന തലമുറ ബ്രിട്ടീഷ് രാജിന് നിവേദനം നൽകുന്ന സമരപരിപാടികൊണ്ട്​തൃപ്തരാവുകയില്ല. സത്യഗ്രഹം മാത്രമാണ് മുന്നോട്ടേക്കുള്ള വഴി, ഭീകരതയെ തടയാനും.'

​​​​​​​ഗാന്ധിയുടെ അരാജക രാഷ്ട്രീയം അടിസ്ഥാനപരമായി പാശ്ചാത്യ രാജ്യങ്ങളിലുണ്ടായിരുന്ന ബകുനിനും മറ്റും പ്രതിനിധാനം ചെയ്ത വീരശൂര പരാക്രമികളുടെ രഹസ്യ സംഘടനാ പ്രവർത്തനമായിരുന്നില്ല.

അഹിംസാത്മക ബഹുജന രാഷ്ട്രീയം

ഗാന്ധി വിഭാവനം ചെയ്ത സത്യഗ്രഹ ബഹുജന നിയമലംഘന പ്രസ്ഥാനത്തോടുള്ള ബ്രിട്ടീഷ് സമീപനം ഗാന്ധിയെയും ‘ബോൾഷെവിക്' എന്ന കള്ളിയിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു. ഒക്ടോബർ വിപ്ലവത്തിനുശേഷം പടിഞ്ഞാറോട്ടല്ല, കിഴക്കോട്ടേക്കാണ് വിപ്ലവത്തിന്റെ സഞ്ചാരമാർഗമെന്ന ധാരണ ലെനിനുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിക്കും മാർക്‌സിസ്റ്റ് ആശയഗതിക്കും ദീർഘകാലത്തെ സ്വാധീനമുണ്ടായിരുന്ന യൂറോപ്പിലെ ഏതെങ്കിലും രാജ്യത്തല്ല, ചൈനയിലാണ് അടുത്ത കമ്യൂണിസ്റ്റ് വിപ്ലവം സാക്ഷാത്കരിക്കപ്പെടുന്നത്. സ്റ്റാലിൻ ഒരൊറ്റ രാജ്യത്തിലേക്ക് സോഷ്യലിസത്തെ പരിമിതപ്പെടുത്തുന്ന നയസമീപനം സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ കിഴക്കിന്റെ പല പ്രദേശങ്ങളും ചുവക്കുമായിരുന്നു. ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനത്തിന്റെയും വിധ്വംസക പ്രസ്ഥാനങ്ങളുടെയും സ്വാധീനം വർദ്ധിതമാകുന്നതോടെ ഗാന്ധിക്കെതിരെയും വിധ്വംസക രാഷ്ട്രീയത്തിന്റെ ആരോപണങ്ങൾ ഉയർന്നു. ഈ ഘട്ടത്തിൽ ബോംബയിലെ ഒരു ജഡ്ജി വെറുതെ നടത്തിയ ആരോപണമല്ല ‘ബോൾഷെവിക്' എന്ന് മനസ്സിലാക്കുന്ന ഗാന്ധി ഈ ആരോപണത്തെ മറികടക്കാൻ ‘ബോൾഷെവിസ’ത്തെ നിരാകരിക്കുന്നുണ്ട്.

നിസ്സഹകരണ പ്രസ്ഥാനം / Photo: Wikimedia Commons

ഗാന്ധി എഴുതുന്നു: ‘ആധുനിക ഭൗതികസംസ്‌കാരത്തിന്റെ അനിവാര്യമായ ഫലമാണ് ബോൾഷെവിസം. പദാർത്ഥത്തോടുള്ള അതിന്റെ ആരാധനയും ഭൗതിക പുരോഗതി മാത്രം ലക്ഷ്യം വെച്ചുള്ള അതിന്റെ രീതികളും ജീവിതത്തിന്റെ നിർമലഭാവങ്ങളുമായുള്ള അതിന്റെ ബന്ധത്തിന് ഇടർച്ചകളുണ്ടാക്കി. അവനവനിൽ മുഴുകിയിരിക്കുന്ന (Self- indulgence) ഒരുതരം രോഗാത്മകതയാണ് ബോൾഷെവിസമെങ്കിൽ ആത്മനിയന്ത്രണമാണ് സത്യഗ്രഹത്തിന്റെ അടിസ്ഥാനം. സാമൂഹികമായും രാഷ്ട്രീയമായും ജീവിതത്തിലെ ഒരു സുപ്രധാന ഘടകമെന്ന നിലയിൽ സത്യഗ്രഹത്തെ സ്വീകരിക്കാൻ രാജ്യത്തെ പ്രേരിപ്പിക്കാൻ എനിക്ക് കഴിയുമെങ്കിൽ, നമുക്ക് ബോൾഷെവിക് കുപ്രചാരണങ്ങളെ ഭയപ്പെടേണ്ടതില്ല.'

തനിക്കെതിരെയുള്ള ബോൾഷെവിക് ആരോപണം പ്രതിരോധിക്കണമെന്ന ആവശ്യം നിമിത്തമാണ് ഇത്തരമൊരു വിശദീകരണം തന്നെ ഗാന്ധി നൽകിയത്. പക്ഷെ ഇത് ബ്രിട്ടീഷ് ഭരണാധികാരത്തെ​ബോധ്യപ്പെടുത്തുന്നതായിരുന്നില്ല. ഗാന്ധിയൻ സമരമുറകൾ വിധ്വംസകതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന ധാരണയിൽ തന്നെയായിരുന്നു ബ്രിട്ടീഷ് അധികാരികൾ. ഗാന്ധിയൻ നിസ്സഹകരണ പ്രസ്ഥാനത്തിനെതിരെ കോൺഗ്രസിലെ പഴയ തലമുറ നേതാക്കളിൽ നിന്ന് വിമർശനവും ഉയർന്നിരുന്നു. ചേറ്റൂർ ശങ്കരൻ നായരുടെ ‘ഗാന്ധിയും അരാജകത്വ'വും ഈ നിലപാട് വിശദീകരിക്കുന്ന പുസ്തകമാണ്. വാസ്തവത്തിൽ, ഗാന്ധിയൻ ബഹുജന പ്രസ്ഥാനം അരാജകത്വ രാഷ്ട്രീയത്തിന്റെ ഭാവപ്പകർച്ചകളുള്ളതായിരുന്നു. മാത്രമല്ല, ബോൾഷെവിക് ആരോപണം ഗാന്ധി നിഷേധിച്ചപ്പോൾ തന്നെ ലോകത്തെ ബോൾഷെവിക് ഉൾപ്പെടെയുള്ള ബഹുജന പ്രസ്ഥാനങ്ങളുടെ സവിശേഷതകളെ ദേശീയ പ്രസ്ഥാനത്തിലേക്ക് ഗാന്ധി അബോധപൂർവമായെങ്കിലും സന്നിവേശിപ്പിക്കുകയും ചെയ്തു.

ഗാന്ധിയൻ അരാജകത്വ രാഷ്ട്രീയവും ചെറു തീവ്രവാദ ഗ്രൂപ്പുകളുടെ അരാജകത്വവാദവും ആശയപരമായും പ്രയോഗരൂപത്തിലും വിഭിന്നമാണ്. ഗാന്ധിയുടെ സത്യഗ്രഹ സങ്കൽപ്പവും അദ്ദേഹത്തിന്റെ നിസ്സഹകരണ പ്രസ്ഥാനവും അരാജകത്വത്തിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ വ്യക്തമായ പ്രകടനമാണ്.

ഗാന്ധിയുടെ അരാജക രാഷ്ട്രീയം അടിസ്ഥാനപരമായി പാശ്ചാത്യ രാജ്യങ്ങളിലുണ്ടായിരുന്ന ബകുനിനും മറ്റും പ്രതിനിധാനം ചെയ്ത വീരശൂര പരാക്രമികളുടെ രഹസ്യ സംഘടനാ പ്രവർത്തനമായിരുന്നില്ല. ദേശീയ പ്രസ്ഥാനത്തിന്റെ ഘട്ടത്തിൽ ഇത്തരം തീവ്രവാദ ഗ്രൂപ്പുകൾ സജീവമായിരുന്നു. ഉന്മൂലനത്തിന്റെ രാഷ്ട്രീയമാണ് അവർ പ്രധാനമായും കണ്ടത്. രഹസ്യസ്വഭാവമുള്ള ആ സംഘടനകൾ ഒരിക്കലും പിടികൊടുക്കാൻ ആഗ്രഹിച്ചിരുന്നില്ല. ഗൂഢാലോചനയുടെ രാഷ്ട്രീയം അവർക്ക് സ്വീകാര്യമായിരുന്നു. ഹിംസയെ അവർ രാഷ്ട്രീയ പ്രവർത്തനത്തിന്റെ മുഖ്യ മാർഗമായി സ്വീകരിച്ചു. കോൺഗ്രസും ഗാന്ധിയും പ്രതിനിധാനം ചെയ്ത രാഷ്ട്രസങ്കല്പമായിരുന്നില്ല അവരുടേത്. ഈയൊരു രഹസ്യാത്മക രാഷ്ട്രീയ പ്രവർത്തനം ഏറ്റെടുത്തവരുടെ പ്രധാന ശത്രുവും ഗാന്ധി തന്നെയായിരുന്നു. ഗാന്ധി വധം വരെ ഈ രഹസ്യാത്മക സംഘടനാ പ്രവർത്തനം സജീവമായിരുന്നു.

ഗാന്ധിജിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ

ഗാന്ധിയൻ അരാജകത്വ രാഷ്ട്രീയവും ചെറു തീവ്രവാദ ഗ്രൂപ്പുകളുടെ അരാജകത്വവാദവും ആശയപരമായും പ്രയോഗരൂപത്തിലും വിഭിന്നമാണ്. ഗാന്ധിയുടെ സത്യഗ്രഹ സങ്കൽപ്പവും അദ്ദേഹത്തിന്റെ നിസ്സഹകരണ പ്രസ്ഥാനവും അരാജകത്വത്തിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ വ്യക്തമായ പ്രകടനമാണ്. എന്നാൽ, രഹസ്യാത്മകവും ഗൂഢാലോചനാ സ്വഭാവമുള്ളതുമായ രാഷ്ട്രീയ പ്രവർത്തനം നിരാകരിക്കുകയും ചെയ്തു. ഈശ്വരാധിഷ്ഠിതമായ ധാർമിക നിയമത്തിന്റെ പ്രാമാണ്യത്തിൽ ഗാന്ധി എപ്പോഴും വിശ്വസിച്ചിരുന്നു. ദൈവത്തിന്റെ ഹിതമാണ് ആത്യന്തിക അധികാരം എന്ന സങ്കല്പം അടിസ്ഥാനമാക്കിയാണ് ഗാന്ധിയുടെ അരാജകത്വ രാഷ്ട്രീയം രൂപപ്പെടുന്നത്. ഐഹികമായ അധികാരം അംഗീകരിക്കാതിരിക്കുക എന്നാൽ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം വലുതാണ്. ബ്രിട്ടീഷ് ഭരണാധികാരത്തെ മാത്രമല്ല, ഏതുവിഭാഗം ഭരണാധികാരികളെയും എല്ലാ കാലത്തും ഭയപ്പെടുത്താവുന്ന രാഷ്ട്രീയമാണിത്. ദൈവഹിതമെന്നു വിവക്ഷിക്കുമ്പോഴും ഗാന്ധിയൻ അരാജകത്വ രാഷ്ട്രീയം അഹിംസയെയാണ് അതിന്റെ അടിസ്ഥാന പ്രമാണമായി സ്വീകരിച്ചത്.

അന്താരാഷ്ട്രമാനങ്ങളുള്ള അപകോളനീകരണത്തെക്കുറിച്ചുള്ള വിപ്ലവകരമായ കാഴ്ചപ്പാടിന്റെയും സമഗ്രാധികാരത്തിനെതിരെ അഹിംസയിലധിഷ്ഠിതമായ ബഹുജനരാഷ്ട്രീയത്തിന്റെ ജൈവികമായ പ്രതിരോധ സാധ്യതകളുടെയും ആശയസ്രോതസ്സായി ഗാന്ധിയുടെ സത്യാന്വേഷണങ്ങൾ ഉറവവറ്റാതെ നിലനിൽക്കുന്നു.

'ഹിന്ദ് സ്വരാജ്' ഫസ്റ്റ് എഡിഷൻ (1909) / Photo: Wikipedia

20-ാം നൂറ്റാണ്ടിലെ, ലോകമാകെയുള്ള റാഡിക്കൽ രാഷ്ട്രീയത്തിന്റെ സവിശേഷതകളെ, ‘പാസ്സീവ് റസിസ്റ്റൻസ്' എന്നുപേരിട്ട നിയമലംഘന- നിസ്സഹകരണ പ്രസ്ഥാനത്തിലേക്ക് ഉൾച്ചേർക്കുകയാണ് ഗാന്ധി ചെയ്തത്. അന്താരാഷ്ട്ര മാനങ്ങളുള്ള രാഷ്ട്രീയത്തെയാണ് ഗാന്ധി ഈ നിലയിൽ വിഭാവനം ചെയ്തതും. എന്നാൽ പ്രധാനമായ ഒരു കാര്യത്തിൽ അന്താരാഷ്ട്ര തലത്തിലെ റാഡിക്കൽ പ്രസ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കുകും ചെയ്തു. അഹിംസയാണ് ഈ സുപ്രധാന ഘടകം. അഹിംസ ധീരതയുടെ തന്നെ അടയാളമായി. ഒളിച്ചിരുന്ന്​ആക്രമിക്കുന്ന തീവ്രവാദ രാഷ്ട്രീയം ഭീരുത്വമായി നിദർശിക്കപ്പെടുകയും ചെയ്തു. ‘ബോൾഷെവിക്ക്' രാഷ്ട്രീയവുമായി വേറെയൊരു തലത്തിലും ഗാന്ധിയൻ ആശയലോകത്തിന്​ സദൃശാത്മകത കാണാം. ഭാവി വിഭാവനം ചെയ്യുന്നതിലാണിത്. ബ്രിട്ടീഷ് രാജിന് നിവേദനങ്ങൾ നൽകിയും അധികാരികളെ സ്വാധീനിച്ചും സ്വയംഭരണം സ്ഥാപിക്കാമെന്ന പ്രവർത്തന പരിപാടിക്ക് വിരുദ്ധമായി സമഗ്ര പരിവർത്തനമാണ് ഗാന്ധി വിഭാവനം ചെയ്യുന്നത്. ‘ഹിന്ദ് സ്വരാജ്' വിപ്ലവകരമായ ദർശനമാകുന്നത് അതുകൊണ്ടാണ്. കൊളോണിയൽ ഭരണത്തെയും അവരുടെ സംസ്‌കാരത്തെയും കടപുഴക്കിയെറിയുക എന്നതുതന്നെയാണ് ‘ഹിന്ദ് സ്വരാജ്' വിഭാവനം ചെയ്യുന്നത്. ആ കാരണത്താൽ തന്നെയാണ് ഈ പുസ്തകം നിരോധിക്കപ്പെടുന്നതും. നിലനിൽക്കുന്ന ഭരണവ്യവസ്ഥയെ ആകസമാനം ഇല്ലാതാക്കുക എന്നത് അചിന്ത്യമായ ഘട്ടത്തിലാണ് ‘ഹിന്ദ് സ്വരാജി'ലൂടെ വിപ്ലവകരമായ കാഴ്ചപ്പാട് ഗാന്ധി അവതരിപ്പിക്കുന്നത്. ഇംഗ്ലീഷുകാരെ വെറുക്കാതെ തന്നെ പാശ്ചാത്യ സംസ്‌കാരത്തെ വർജിക്കുക എന്നതായിരുന്നു ഗാന്ധിയുടെ സങ്കൽപം. ഡി- കൊളോണിയൽ (de colonial) രാഷ്ട്രീയത്തെയാണ് ഗാന്ധി ഇതിലൂടെ ആവിഷ്‌ക്കരിച്ചത്. അന്താരാഷ്ട്രമാനങ്ങളുള്ള അപകോളനീകരണത്തെക്കുറിച്ചുള്ള വിപ്ലവകരമായ കാഴ്ചപ്പാടിന്റെയും സമഗ്രാധികാരത്തിനെതിരെ അഹിംസയിലധിഷ്ഠിതമായ ബഹുജനരാഷ്ട്രീയത്തിന്റെ ജൈവികമായ പ്രതിരോധ സാധ്യതകളുടെയും ആശയസ്രോതസ്സായി ഗാന്ധിയുടെ സത്യാന്വേഷണങ്ങൾ ഉറവവറ്റാതെ നിലനിൽക്കുന്നു.

വർഗീയ ചേരിതിരിവും വിരോധവുമാണ് തന്റെ വധത്തിനു ഹേതുവായിരിക്കുക എന്ന്​ ഗാന്ധി മനസ്സിലാക്കിയിരുന്നു. പക്ഷെ വധത്തിനുള്ള പ്രേരണയെക്കുറിച്ചോ ഘാതകർ ഏതു രാഷ്ട്രീയത്തിന്റെ പ്രതിനിധികളായിരിക്കുമെന്നോ ഗാന്ധിജി മനസ്സിലാക്കിയിരുന്നില്ല എന്നുവേണം അനുമാനിക്കാൻ

ഭീകരവാദ രഹസ്യ ഗ്രൂപ്പുകളുടെ സായുധപ്രവർത്തനത്തെക്കുറിച്ചുള്ള ഗാന്ധിയുടെ ആശങ്ക ആസ്ഥാനത്തായിരുന്നില്ല. ഒടുവിൽ, ഇത്തരം ഹിന്ദു രഹസ്യ ഗ്രൂപ്പുകളുടെ ഗൂഢാലോചനയിൽ നിന്നാണ് ഗാന്ധിയെ വധിക്കുക എന്ന നിഗൂഢ പദ്ധതി ഉരുത്തിരിയുന്നത്. അവർ അത് നടപ്പാക്കുകയും ചെയ്തു എന്നുമാത്രമല്ല, ഗാന്ധിയുടെ രൂപങ്ങൾ നിർമിച്ച്​ അതിലേക്ക് വെടിവെച്ചു, പകൽവെളിച്ചത്തിൽ തന്നെ. അവർക്ക്​ ഗാന്ധിയോടുള്ള തീരാത്ത വിരോധം അനുഷ്​ഠാനമെന്ന പോലെ സമകാലിക ഇന്ത്യയിലും തീർത്തുകൊണ്ടിരിക്കുന്നു. ഗാന്ധിവധ അനുഷ്​ഠാന ദൃശ്യങ്ങൾ പകർത്തി പടർത്തുകയും ചെയ്യുന്നു.

നാഥുറാം വിനായക് ഗോഡ്‌സെ, നാരായൺ ദത്താത്രയ ആപ്‌തേ, വിഷ്ണു രാംകൃഷ്ണ കർക്കർ എന്നിവർ മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണക്കിടെ റെഡ് ഫോർട്ട് ഡൽഹിയിലെ പ്രത്യേക കോടതിയിൽ (1948 മെയ് 27) / Photo: Wikipedia

ഗാന്ധിക്ക് താൻ വധിക്കപ്പെടുമെന്ന തോന്നലുണ്ടായിരുന്നു. ഇക്കാര്യം പലരുമായും ഗാന്ധി പങ്കുവെക്കുകയും ചെയ്തിരുന്നു. ജോസഫ് ലെലിവെൽഡ് ‘മഹാത്മാവ്: മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ ഇന്ത്യയുമായുള്ള പിടച്ചിലും' എന്ന പുസ്തകത്തിൽ പറയുന്നത് ഇപ്രകാരമാണ്: ഒരു ഘാതകന്റെ വെടിയുണ്ടയെ താൻ നേരിടേണ്ടി വരുമെന്ന വ്യക്തിഗതമായ അഭ്യൂഹം ഗാന്ധി സ്വകാര്യ സംഭാഷണങ്ങളിൽ പങ്കുവെച്ചിരുന്നു. 1948 ജനുവരി 30-ന്, ഡൽഹിയിലെ ബിർള മന്ദിരത്തിന്റെ പൂന്തോട്ടത്തിൽ തന്റെ യഥാർത്ഥ അന്ത്യത്തിന് അഞ്ച് വർഷത്തിലേറെ മുമ്പുതന്നെ, തന്നെ ഒരു മുസ്​ലിമായിരിക്കും ആക്രമിക്കുക എന്നദ്ദേഹം സങ്കൽപ്പിച്ചിരുന്നു. ഖിലാഫത്തിന്റെ മഹത്തായ നാളുകൾ മുതൽ മുസ്​ലിം സമുദായത്തിനായി താൻ നിലകൊണ്ടിട്ടും ഇങ്ങനെയൊന്നു സംഭവിക്കുമെന്ന ആശങ്ക ഗാന്ധിക്കുണ്ടായിരുന്നു. ഗാന്ധി പറയുകയുണ്ടായി: ‘എന്റെ ജീവിതം അവർക്ക് സമർപ്പിച്ചിരിക്കുന്നു. എന്റെ ജീവിതം എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാനുള്ള സ്വാതന്ത്യ്രം അവർക്കുണ്ട്.'
പക്ഷെ ഗാന്ധിയുടെ ഈ അശുഭധാരണ അസ്ഥാനത്തായി. വർഗീയ ചേരിതിരിവും വിരോധവുമാണ് തന്റെ വധത്തിനു ഹേതുവായിരിക്കുക എന്ന്​ ഗാന്ധി മനസ്സിലാക്കിയിരുന്നു. പക്ഷെ വധത്തിനുള്ള പ്രേരണയെക്കുറിച്ചോ ഘാതകർ ഏതു രാഷ്ട്രീയത്തിന്റെ പ്രതിനിധികളായിരിക്കുമെന്നോ ഗാന്ധിജി മനസ്സിലാക്കിയിരുന്നില്ല എന്നുവേണം അനുമാനിക്കാൻ. ഗാന്ധിയെ വധിക്കാൻ ഹിന്ദു ഭീകരവാദികൾക്കുണ്ടായിരുന്ന ഏക ന്യായം ഗാന്ധി മുസ്​ലിം പക്ഷപാതിയായിരുന്നുവെന്നാണ്. സ്വകാര്യമായൊരു വേളയിലോ ഒരു സ്ഥലത്തോ വെച്ചായിരുന്നില്ല ഗാന്ധി വധിക്കപ്പെട്ടത്​ എന്നതും പ്രത്യേകതയാണ്. ബിർള മന്ദിരത്തിൽ നടക്കുന്ന, ബഹുവിശ്വാസങ്ങളെ ആദരിക്കുന്ന പ്രാർത്ഥനാ യോഗത്തിലേക്ക് നടന്നുപോകവേയാണ് പോയിൻറ്​ ബ്ലാങ്കിൽ മഹാത്മാവിന്​ ഹിന്ദു ഭീകരരുടെ വെടിയേൽക്കുന്നത്. സർവ ധർമ ആത്മീയതയുടെ പ്രകാശം പരത്തുന്ന പ്രാർത്ഥനായോഗത്തിലേക്ക് പോകുന്ന വഴിയാണ് ഗാന്ധി വധിക്കപ്പെട്ടത് എന്നതിന്റെ ചരിത്രപരമായ ആകസ്മികത, ഗാന്ധിയുടെ സത്യാന്വേഷണത്തിന്റെ മാഹാത്മ്യം വർധിപ്പിക്കുന്നതേയുള്ളൂ.

ഗാന്ധിയുടെ മൃതശരീരം വിലാപയാത്രയായി രാജ്​ഘട്ടിലേക്ക്​ കൊണ്ടുപോകുന്നു / Photo: Wikipedia

മൂന്നുലക്ഷം വരുന്ന വലിയൊരു ജനാവലിയാണ് ഗാന്ധിയുടെ ശവസംസ്‌കാര ഘോഷയാത്രയെ അനുധാവനം ചെയ്തത്. അക്രമരഹിത ബഹുജന രാഷ്ട്രീയം ഇന്ത്യക്ക് ആദ്യമായി പരിചയപ്പെടുത്തിയ, ഇന്ത്യ കണ്ട ഏറ്റവും ജനകീയനായ നേതാവിന്റെ വധം ഭീകരവാദികളുടെ രഹസ്യസംഘമാണ് നടത്തിയത് എന്ന ചരിത്രപരമായ തിരിച്ചറിവാകണം രാഷ്ട്രത്തിന്റെയും ജനതയുടെയും ഭാവിഭാഗധേയത്തിന്റെ മാർഗം ഏത്​ എന്ന തിരഞ്ഞെടുപ്പിൽ പ്രധാനമാകേണ്ടത്. ▮

ആശയസ്രോതസ്സുകൾ:1. Sumit Sarkar, Modern India 1885-1947, Pearson, 2014.2. David Hardiman, The Non-Violent Struggle for Indian Freedom, 1905-19 (Vol,1), Penguin, 2018.3. Joseph Lelyveld, Great Soul: Mahatma Gandhi and his struggle with India, Harpercollins, 2011.


ദാമോദർ പ്രസാദ്

എജ്യുക്കേഷണൽ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. മലയാളത്തിലും ചിലപ്പോൾ ഇംഗ്ലീഷിലും എഴുതുന്നു.

Comments