ഡിസംബർ ആറിന്റെ 'അപ്രസക്തി'

ഇന്ത്യൻ അധികാരഘടനയിൽ സവർണത എന്നത് ഹിന്ദുത്വത്തിൽ മാത്രമല്ല, മറ്റു രാഷ്ട്രീയ വിഭാഗങ്ങളിലും ശക്തമാണ്. അതുകൊണ്ടാണ് ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമായ കോൺഗ്രസിന്റെ ഭരണകാലത്തുതന്നെ ബാബ്‌റി മസ്ജിദ് തകർക്കാൻ കഴിഞ്ഞത്. അതുകൊണ്ടുതന്നെ അംബേദ്കറെ തിരിച്ചറിയുക എന്നത് അദ്ദേഹം ഉയർത്തിപ്പിടിച്ച ജാതിരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ആഴങ്ങളിലേക്കിറങ്ങി ചെല്ലുക എന്നതാണ്. ഇന്ത്യയിലെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് അത് എളുപ്പം സാധ്യമാകാത്തതാണ്. അവരെ സംബന്ധിച്ച് ഡിസംബർ ആറ് വലിയൊരു രാഷ്ട്രീയത്തെ പ്രശ്‌നവൽക്കരിക്കുന്ന ദിവസമായി കാണാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.

ഡിസംബർ ആറ് ഇന്ത്യയിലെ ജാതിമനുഷ്യർക്കും ന്യൂനപക്ഷങ്ങൾക്കും മാത്രമായി ഓർക്കാനുള്ളതായി മാറിക്കൊണ്ടിരിക്കുകയാണ്. ജാതിമനുഷ്യർ അംബേദർക്കറിന്റെ ഓർമദിനമായും ന്യൂനപക്ഷങ്ങൾ ബാബ്‌റി മസ്ജിദിന്റെ പതനത്തിന്റെ മുറിപ്പാടായിട്ടുമാണ് ഈ ദിനത്തെ കാണുന്നത്. എന്തുകൊണ്ട് മതേതര മനുഷ്യരെ മാറ്റിനിർത്തിയാൽ ഡിസംബർ ആറ് മറ്റുള്ളവർക്ക് അപ്രസക്തമാകുന്നു. അതിന്റെ കാരണങ്ങൾ പലതാണ്.

എത്ര ബോധവൽക്കരണം നടത്തിയാലും ശക്തി പ്രാപിക്കുകയാണ് ജാതിചിന്ത. അതാണ് എക്കാലത്തെയും ഇന്ത്യൻ സാമൂഹികാവസ്ഥയുടെ സവിശേഷത. ഇന്നു നാം കാണുന്ന സാംസ്‌കാരിക നവോത്ഥാന രംഗങ്ങളിലെല്ലാം ജാതി അദൃശ്യ അടയാളങ്ങളാണ്. എല്ലാ അർഥത്തിലും അത് ഭരണകൂട അധികാരവുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. ജാതിയുടെ
മേൽക്കോയ്മ ഘടനാപരമായി ഇന്ത്യൻ ജനാധിപത്യത്തിന്റെ ബഹുസ്വരതയെ തകർത്തുകൊണ്ടിരിക്കുകയാണ്. ജനാധിപത്യമെന്നാൽ അതൊരിനം സംവിധാനം മാത്രമല്ല, അത് ഒന്നാമതായി സാമൂഹിക ജീവിതരീതിയാണ് എന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ട്. ഈ സാമൂഹ്യ സംവിധാനത്തെയാണ് ഭരണകൂടം ഇന്ന് ജാതീയധിഷ്ഠിതമായ ബ്രാഹ്മണിക്കൽ അതീശത്വത്തിലേക്ക് വളർത്തിക്കൊണ്ടിരിക്കുന്നത്.

അതായത് ഭരണകൂടം തന്നെ ജാതിയുടെ സാമൂഹ്യാസ്ഥിത്വത്തെ അരക്കിട്ടുറപ്പിക്കുന്ന ഉപകരണമായി മാറ്റുന്നു. ഏറ്റവും ഒടുവിൽ കർണാടകയിൽ ഒരു സ്ത്രീ ഉപയോഗിച്ച കിണറിലെ വെള്ളം വറ്റിച്ച് പശുമൂത്രം കൊണ്ട് കിണർ ശുദ്ധീകരിച്ച വാർത്ത നാം വായിച്ചു. പക്ഷേ ഇതൊന്നും ഇന്ത്യൻ പൊതുബോധത്തെ ഒരുതരത്തിലും അരിശം കൊള്ളിച്ചില്ല. ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു എന്നതിനെ കുറിച്ച് ഇനിയെങ്കിലും നാം ചിന്തിക്കേണ്ടതുണ്ട്.

പ്രധാനമായും ജാതിയുടെ ഇര താഴേക്കിടയിൽപ്പെടുന്നതും ഏറെക്കുറെ ജാതി ഇന്ത്യൻ സാമൂഹികവ്യവസ്ഥിതിയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്നും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ ശരിവെക്കുന്ന മധ്യ ഉപരി വർഗബോധം ജാതിക്കെതിരെയുള്ള രാഷ്ട്രീയ ഇടപെടലിന് വിഘാതമായി നിൽക്കുന്നു. യാതൊരു അധികാരത്തിനും അംഗീകാരത്തിനും അർഹതയില്ലാത്ത വിഭാഗമാണ് ജാതിമനുഷ്യർ എന്ന ചിന്താഗതി പുരോഗമന കേരളത്തിൽ പോലും ശക്തിപ്രാപിക്കുകയാണ്. പാർശ്വവൽകൃത വിഭാഗമായി മാറി എന്നതുകൊണ്ട് അവർക്കൊപ്പം നിൽക്കേണ്ട ഒരു ആവശ്യവും രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങൾക്കോ സാമൂഹ്യാംഗീകാരം നേടിയ വിവിധ സവർണ പ്രസ്ഥാനങ്ങളുടെയോ ആവശ്യമല്ലാതായി. ഇതുകൊണ്ടാണ് ജാതിയുടെ ഭീകരതയെ പ്രശ്‌നവൽക്കരിക്കുന്ന ഒരു വിഷയത്തോടും ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നേരിട്ട് നിലപാട് സ്വീകരിക്കാൻ തയ്യാറാവാത്തത്. ജാതി നിലനിൽക്കുന്നിടത്തോളം കാലം ഐക്യം സാധ്യമല്ല എന്ന് അംബേദ്ക്കർ പറഞ്ഞിട്ടുണ്ട്. ജാതി അത്രമാത്രം അസമത്വങ്ങളുടെ സൃഷ്ടിയാണ്. അതിനു മുകളിൽ ഒരു ജനാധിപത്യത്തിനും വികസിക്കാൻ കഴിയില്ല. ഇന്ത്യയിൽ ഇന്ന് കാണുന്ന അസമത്വങ്ങളുടെ ഏക രാഷ്ട്രീയ കാരണം, ജാതിയാണെന്ന് സമ്മതിക്കേണ്ടി വരുന്നത് ഈ പശ്ചാത്തലത്തിലാണ്.

ചരിത്രപരമായി സ്ഥിരീകരിക്കപ്പെട്ട ഈ വസ്തുതയെ
മനസ്സിലാക്കാത്തവരെല്ല ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികളും മറ്റു പുരോഗമന പ്രസ്ഥാനങ്ങളും. എന്നിട്ടും ഇത്തരക്കാർക്ക് സമകാല ജാതിവേട്ടയോട് രാഷ്ട്രീയമായി വിയോജിച്ച് ബദൽ ചിന്താധാരയെ രൂപപ്പെടുത്താൻ എന്തു കൊണ്ട് കഴിയുന്നില്ല? പ്രധാന കാരണം, ജനസംഖ്യയിൽ 60 ശതമാനത്തോളം വരുന്ന ദലിത്- ന്യൂനപക്ഷ വിഭാഗങ്ങൾ അധികാരഘടനയിൽ പേരിനുപോലുമില്ല. ഈ സത്യം അസംഘടിതരായ ജാതിമനുഷ്യരുടെ സാമൂഹിക അംഗീകാരത്തിന്റെ വില നിശ്ചയിക്കുകയാണ്. ഇത് തിരിച്ചറിഞ്ഞ സവർണ പുരോഗമനവാദികൾക്ക് മേൽജാതി വിഭാഗത്തോട് ചേർന്നുനിന്നാൽ മാത്രമേ ഭരണകൂടാധികാരങ്ങളുമായി ഒത്തുപോകാൻ കഴിയൂ. എന്നു മാത്രമല്ല, ഈ പുറമ്പോക്കുമനുഷ്യരുടെ സാന്നിധ്യമില്ലാതെ ഇന്ത്യൻ ജനാധിപത്യത്തിന് നിലനിൽക്കാൻ കഴിയുമെന്ന് കഴിഞ്ഞ 75- വർഷത്തെ രാഷ്ട്രീയാനുഭവം തെളിയിച്ചു കഴിഞ്ഞു. അധികാരം തങ്ങളിലേക്കെത്തണമെങ്കിൽ രാജ്യത്തെ സവർണ മനുഷ്യരെ പ്രീതിപ്പെടുത്തിയേ മതിയാവൂ എന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഇത് രാജ്യത്തൊട്ടാകെ നിലനിൽക്കുന്ന ഗുരുതരമായ മാനസികാവസ്ഥയാണ്.

ബാബരി മസ്ജിദ് തകർക്കുന്നതിന്റെ തലേന്ന് കർസേവകർ നടത്തിയ റിഹേഴ്സൽ / Photo: പ്രവീൺ ജയിൻ, ദി പ്രിൻറ്, ദി പയനീർ.

ഇന്ത്യൻ സാമ്പത്തിക രംഗവും സാമൂഹ്യ സാഹചര്യവും കോർപറേറ്റ് സവർണ്ണ മനോഘടനയിലേക്ക് വികാസം പ്രാപിച്ചുകഴിഞ്ഞു. അതിനോട് ഒന്നിച്ചു നിന്നുകൊണ്ടുമാത്രമേ ഏതൊരു രാഷ്ട്രീയാധികാരത്തിനും ഏതെങ്കിലും തലങ്ങളെ സ്വാധീനിക്കാൻ കഴിയൂ. അതിന്റെ ഏറ്റവും വലിയ തെളിവാണ് കമ്യൂണിസ്റ്റ് പാർട്ടി സവർണ സംവരണത്തിന് അനുകൂലമായ രാഷ്ട്രീയ നിലപാട് കൈക്കൊണ്ടത്. ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന, ആർ.എസ്.എസ് നേതൃത്വം നൽകുന്ന, ഭരണകൂട തത്വങ്ങളോടാണ് കമ്യൂണിസ്റ്റ് പാർട്ടി ആശയപരമായി ഒന്നിക്കുന്നത്. സംവരണത്തെ നിലനിർത്തിക്കൊണ്ടു തന്നെ സമൂഹത്തിലെ പാവപ്പെട്ട മനുഷ്യരെ ദാരിദ്ര്യനിർമ്മാർജന പദ്ധതികളിൽ ഉൾപ്പെടുത്താം. എന്നിട്ടും അതിനെ മുന്നാക്കക്കാരിലെ പിന്നാക്കർ എന്ന് ആർ. എസ്.എസ് പറയുന്നുണ്ടെങ്കിൽ അതിന്റെ രാഷ്ട്രീയം സവർണ്ണതയുടെതാണ്. ഇവിടെ ബഹിഷ്‌കൃതരാകുന്നത് ദലിത്- പിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ആണെന്ന യാഥാർത്ഥ്യം കമ്യൂണിസ്റ്റ് പാർട്ടി ബോധപൂർവം മറക്കുന്നതല്ല. മറിച്ച്, ജാതി എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഇന്നും ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കോ മറ്റു പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കോ കഴിയുന്നില്ല എന്നുള്ളതാണ്.

ഈയൊരവസ്ഥയിലും പുരോഗമന പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും അംബേദ്കർ ചിന്തയെ ഉയർത്തിപ്പിടിക്കുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. അവരെ സംബന്ധിച്ച് അംബേദ്കർ ജാതി വ്യവഹാരങ്ങളെ കൃത്യമായി വ്യാഖ്യാനിച്ച സാമൂഹ്യനേതാവ് മാത്രമാണ്. അതിനപ്പുറത്തേക്ക് അദ്ദേഹം പ്രതിനിധാനം ചെയ്ത ജാതിമനുഷ്യരുടെ ജീവിതാവസ്ഥകളെ ഉൾക്കൊള്ളാനോ അതിന്റെ ശ്രേണീബന്ധിതമായ സാമൂഹിക ക്രമത്തെ തകർക്കാനോ തയ്യാറാവുന്നില്ല. ജാതിജീവിതം എക്കാലത്തും വിഭജിത സാമൂഹത്തിന്റെ ഇരയാണെന്നും, അധികാരത്തിന്റെ ഘടന ചരിത്രത്തിലുടനീളം അത്തരം മനുഷ്യരെ ഇരുട്ടിലേക്ക് തള്ളിയിട്ടതിന്റെ ശേഷിപ്പാണ് ഇന്നു കാണുന്ന അസമത്വമെന്നും അവർ അംഗീകരിക്കുന്നില്ല.

Photo : Ajmal Mk Manikoth

അംബേദക്കറെ പ്രത്യയശാസ്ത്രപരമായി സമീപിക്കുമ്പോൾ കാണിക്കുന്ന സ്‌നേഹം പാർലമെന്ററി അധികാരമോഹത്തിനുവേണ്ടിയാണെന്ന് ഇപ്പോഴും തിരിച്ചറിയാൻ കഴിയാത്തവർ ഏറെയാണ്. ജാതിപീഡനം അനുഭവിച്ചും അധികാരത്തിന്റെ ചുവപ്പുകൊടിക്കുതാഴെ നിൽക്കുന്നത് അത്തരം മനുഷ്യരാണ്. അവർ ഒരേസമയം ജാതിയുടെ കൊടിയ അസ്പർശ്വതയെ കുറിച്ച് പറയുകയും സവർണ സംവരണത്തെ അനുകൂലിക്കുന്നവർക്കൊപ്പം നിൽക്കുകയും ചെയ്യും.

സംവരണത്തിന്റെ വിഷയത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് സവർണപക്ഷത്ത് നിൽക്കാൻ കഴിയുന്നത് അംബേദ്ക്കറിന്റെ ജാതിചിന്തയെ അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ്. ഇടക്കാലത്ത് സാമൂഹ്യ വിമർശനങ്ങളെ ഭയന്ന് ഉൾവലിഞ്ഞ ജാതിബോധങ്ങൾ സമകാലത്ത് പൂർവാധികം പ്രകടനപരതയോടെ പുറത്ത് നിറഞ്ഞാടുകയാണ്. ഇതിനുകാരണം, പൊതുബോധത്തിൽ സവർണ ജാതിക്ക് കിട്ടുന്ന സാമൂഹികാംഗീകരമാണ്. പുരോഗമനപരമായി ജീവിക്കുന്ന മനുഷ്യർക്കിടയിൽ ജാതി എന്നത് അങ്ങേയറ്റം സാംസ്‌കാരിക വിരുദ്ധതയുടെയും സാമൂഹ്യാധഃപതനത്തിന്റെയും അടയാളമാണെന്ന് 5000 വർഷങ്ങളുടെ പാരമ്പര്യത്തിന്റെ പഴക്കത്തിലൂടെ ബോധ്യപ്പെട്ടതാണ്. അതിനെ തിരസ്‌കരിക്കാനുള്ള മനസ്സ് ഇപ്പോഴും സമൂഹത്തിൽ രൂപപ്പെട്ടു വന്നിട്ടില്ലെങ്കിൽ അതിന്റെ തകരാറ് പുറത്തല്ല അകത്താണ്. സവർണ മനോഭാവത്തോടൊപ്പം നിൽക്കുന്ന ഭൂരിപക്ഷ മനുഷ്യരുടെയും മനസിൽ പൂനൂലിൽ സവർണ ജാതി അധികാരം ഇപ്പോഴും ശക്തമാണ്. അവരുടെ മനസ്സിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇന്ത്യയിൽ അംബേദ്ക്കർക്കുശേഷം ഡോ. ലോഹ്യയല്ലാതെ മറ്റൊരു രാഷ്ട്രീയനേതാവ് ഉണ്ടായില്ല.

രാം മനോഹർ ലോഹ്യ / Photo : wikipedia media commons

1991- നുമുമ്പ് ഡിസംബർ 6 അംബേദ്കറുടെ ഓർമദിനം മാത്രമായിരുന്നു. എന്നാൽ 1992 നുശേഷം അംബേദ്കറുടെ ഓർമയെ എങ്ങനെ ഇന്ത്യൻ സമൂഹത്തിൽനിന്ന് അപ്രസക്തമാക്കാം എന്നും അത് ആശയം കൊണ്ടുമാത്രമല്ല രൂപഘടന കൊണ്ടുകൂടിയാണെന്ന തിരിച്ചറിവിന്റെ ഉത്തരം കൂടിയാണ്​, ബാബറി മസ്ജിദിന്റെ തകർക്കലിന് ഡിസംബർ 6 തിരഞ്ഞെടുത്തതുവഴി സംഭവിച്ചത്​. ദലിത് സമൂഹങ്ങൾക്കൊപ്പം മുസ്​ലിം ന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിന് കൂടെ നിന്ന അംബേദ്കറുടെ ഓർമദിനത്തിൽ തന്നെ ബാബറി മസ്ജിദ് തകർത്തതിനെ കൂട്ടി വായിക്കുമ്പോൾ മറ്റൊന്നുകൂടി ബോധ്യമാകുന്നുണ്ട്. ഇന്ത്യൻ അധികാരഘടനയിൽ സവർണത എന്നത് ഹിന്ദുത്വത്തിൽ മാത്രമല്ല, മറ്റു രാഷ്ട്രീയ വിഭാഗങ്ങളിലും ശക്തമാണ്. അതുകൊണ്ടാണ് ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമായ കോൺഗ്രസിന്റെ ഭരണകാലത്തുതന്നെ സവർണ ഹിന്ദുത്വ രാഷ്ട്രീയത്തിന് ബാബ്‌റി മസ്ജിദ് തകർക്കാൻ കഴിഞ്ഞത്. അതുകൊണ്ടുതന്നെ അംബേദ്കറെ തിരിച്ചറിയുക എന്നത് അദ്ദേഹം ഉയർത്തിപ്പിടിച്ച ജാതിരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ആഴങ്ങളിലേക്കിറങ്ങി ചെല്ലുക എന്നതാണ്. ഇന്ത്യയിലെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് അത് എളുപ്പം സാധ്യമാകാത്തതാണ്. അവരെ സംബന്ധിച്ച് ഡിസംബർ ആറ് വലിയൊരു രാഷ്ട്രീയത്തെ പ്രശ്‌നവൽക്കരിക്കുന്ന ദിവസമായി കാണാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.

Comments