ജനാധിപത്യത്തിനും ഫാസിസത്തിനും ഇടയിൽ കരുതലോടെ പങ്കെടുക്കേണ്ട വോട്ടെടുപ്പ്‌

‘‘ഫാസിസം കലാകാരന്മാരെ ഭയാലുക്കളും, അവസരവാദികളും അങ്ങനെ ഉപയോഗശൂന്യരുമാക്കിത്തീർക്കും. കലാപ്രവർത്തകർ ഭരണകേന്ദ്രങ്ങളുടെ വാഴ്ത്തുകരാകും, മാധ്യമപ്രവർത്തകർ അവരുടെ തൊഴിൽമറന്നുപോകുന്നതുപോലെ കലാകാരൻമാർ കലയുടെ ധർമ്മത്തിൽ നിന്ന് വ്യതിചലിക്കും. പൗരനർമാർ നേര് ഏത്, നുണയേത് എന്ന് തിരിച്ചറിയനാകാതെ അന്ധരായി അലയും.’’

ഇന്ത്യ എന്ന മഹത്തായ രാജ്യത്തെ സ്‌നേഹിക്കുകയും ഇന്ത്യക്കാരനായതിൽ അത്യധികം അഭിമാനിക്കുകയും ചെയ്യുന്ന ജനാധിപത്യവിശ്വാസിയായ ഒരു കലാകാരൻ എന്ന നിലക്ക്, നാം നമ്മുടെ രാഷ്ട്രീയപരിസരങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കിയിരിക്കണമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിനാൽ തന്നെ അരാഷ്ട്രീയവും, തത്വചിന്താവിരുദ്ധവുമായ കലാപ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ‘Worst illiterate is political illiterate’ എന്നു ബ്രെഹ്ത് പറഞ്ഞത് കലാകാരരേയും കാഴ്ചക്കാരെയും ഒരേപോലെ ഉദ്ദേശിച്ചുകൊണ്ടായിരുന്നു.

ഏതൊരു ജനാധിപത്യവാദിയെയും പോലെ, എന്നെയും ഭീതിയിലാഴ്ത്തിയ നശിച്ച കാലഘട്ടമായിരുന്നു കഴിഞ്ഞ പത്തുവർഷം. സമൂഹത്തിൽ സാമ്പത്തിക അരക്ഷിതാവസ്ഥയും ജീവനിലുള്ള ഭീതിയും വെറുപ്പും പരസ്പരവിശ്വാസമില്ലായ്മയും നുണയും പൊങ്ങച്ചവും താൻപോരിമയും മുഴങ്ങിനിന്ന ജുഗുപ്സ ഉണ്ടാക്കിയ കാലം.

ബെർത്തോൾട്ട് ബ്രെഹ്ത്‌

ഇന്ത്യയിൽ മുൻകാലങ്ങളിലും പത്ത് വർഷം ഭരിച്ചിട്ടുളള സർക്കാരുകൾ ഉണ്ടായിട്ടുണ്ട്. ബിജെപിയുടെ സർക്കാരുകൾ ഇന്ത്യ ഭരിക്കുന്നതും ഇതാദ്യമല്ല. പക്ഷേ ആ ഗവൺമെന്റുകളുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതുപോലെ വിലയിരുത്താൻ പറ്റുന്നതല്ല മോദിയുടെ പത്ത് വർഷം. വാജ്‌പേയ് എന്ന ജനാധിപത്യവാദിയുടെ ബിജെപി സർക്കാരിന്റെ തുടർച്ചയല്ല മോദി സർക്കാർ. ചരിത്രപരമായ ഒരു സവിശേഷ സാഹചര്യം മോദി സർക്കാർ അധികാരത്തിൽ വന്നതുവഴി ഇന്ത്യയിൽ സംജാതമായിട്ടുണ്ട് എന്നുപറയണം.

ഇന്ത്യ എന്ന് പറയുന്ന ആശയം, ഇന്ത്യ എന്ന പ്രൊജക്റ്റ്, കൊളോണിയൽ കാലത്തെ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളുടെയൊക്കെ ഫലമായി പതുക്കെ രൂപപ്പെട്ടു വന്ന ഒന്നാണ്. വളരെ സങ്കീർണമായ ഒരു രാഷ്ട്രീയ സാമൂഹിക ആശയമായിരുന്നു, ബ്രിട്ടീഷുകാർ പോയതിനു ശേഷമുള്ള ഇന്ത്യ. മറ്റു പല രാജ്യങ്ങളിലും ഫെഡറൽ സംവിധാനം നിലനിൽക്കുന്നുണ്ട് എങ്കിലും ഇന്ത്യയിലെ അവസ്ഥ അതുപോലല്ല. വളരെ വ്യത്യസ്തമായ ഭാഷകൾ സംസാരിക്കുന്ന, വളരെ വ്യത്യസ്തമായ സംസ്ക്കാര സവിശേഷതകളുളള, ഭക്ഷണ രീതികളുളള, രൂപപ്രകൃതികളുളള, മനുഷ്യരുടെ രാജ്യമാണ് ഇന്ത്യ. ഫെഡറൽ വ്യവസ്ഥ നിലനിൽക്കുന്ന മറ്റു രാജ്യങ്ങളിൽ പൊതുവായ ഭാഷയുണ്ട്. അമേരിക്കയിലാണെങ്കിൽ ഇംഗ്ലീഷ് ഭാഷ അവരെ കൂട്ടി നിർത്തുന്നുണ്ട്. പക്ഷേ ഇന്ത്യയിൽ അങ്ങനെയില്ല. മലയാളിയുടെ സംസ്ക്കാരം മലയാളിയുടെ ഭാഷ, ജീവിതം എന്ന് പറയുന്നത് പഞ്ചാബിയുടെയോ, കാശ്മീരിയുടെയോ, ബീഹാരിയുടെയോ ഭാഷ, സംസ്ക്കാരം, ജീവിതരീതി എന്നിവയിൽ നിന്നും വളരെയധികം വ്യത്യസ്തമാണ്. ആ തരത്തിൽ യൂറോപ്യൻ യൂണിയനുമായിട്ടാണ് ഒരു പക്ഷേ ഇന്ത്യയെ താരതമ്യം ചെയ്യാൻ പറ്റുന്നത്. എന്നാൽ ഒറ്റ മതത്തിൻ്റെ അടിസ്ഥാനത്തിലല്ല ഇന്ത്യ നിലനിൽക്കുന്നത്.

അത്തരത്തിൽ ബഹുസ്വരമായ ഒരു പ്രൊജറ്റ് ആയിട്ടാണ് ഗാന്ധിയും അംബേദ്ക്കറും നെഹ്റുവും പട്ടേലും തുടങ്ങി മറ്റനേകം സ്വാതന്ത്ര്യസമര സേനാനികൾ ഇന്ത്യയെ വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ അതിനെതിരായുള്ള ഒരു ദേശ ഭാവന സംഘപരിവാറിന്റെ പക്ഷത്തുനിന്ന് അതേകാലത്ത് തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ വിശ്വാസസംഹിതകളിലും പ്രാചീന തത്ത്വ സംഹിതകളിലും പുരാണങ്ങളിലും ഒക്കെ ഊന്നിയ ഹിന്ദുരാഷ്ട്രവാദമായിരുന്നു അത്. ഇന്ത്യയുടെ ആത്മാവ് ഹിന്ദുയിസത്തിലാണെന്നും അതിൻ്റെ മേലെയാണ് അധിനിവേശങ്ങൾ സംഭവിച്ചിട്ടുള്ളതെന്നും അതുകൊണ്ട് ഇംഗ്ലീഷുകാരോട് സമരം ചെയ്യുന്നതിനേക്കാളും മുഗൾ അധിനിവേശത്തിന്റെ പിൻതലമുറക്കാരായ മുസ്ലിങ്ങളോടാണ് ഹിന്ദുക്കൾ സമരം ചെയ്ത് നഷ്ടപെട്ട സ്വത്വം നേടേണ്ടത് എന്ന രാഷ്ട്രീയ ആശയം സ്വാതത്ര്യസമരഘട്ടത്തിൽ തന്നെ പ്രചാരമുള്ള ഒന്നായിരുന്നു. സംഘപരിവാറിന് ഇംഗ്ലീഷ്‌കാരിൽ നിന്നും നേടിയ സ്വന്തന്ത്ര്യം, ആധുനിക രാഷ്ട്രനിർമിതിക്കുള്ള അവസരം എന്നതിനേക്കാളുപരി ചരിത്രത്തോടുള്ള കണക്കുകൾ തീർക്കാനുള്ള പദ്ധതികളുടെ തുടക്കമായിരുന്നു. അവർക്ക് ഗാന്ധി വിഭാവനം ചെയ്‌ത ബഹുസ്വരതയുടെ ഇന്ത്യയോ, നെഹ്‌റുവിന്റെ ആധുനിക ഇന്ത്യയോ, അംബേദ്കറുടെ സാമൂഹിക നവോത്ഥാനത്തിന്റെ ഇന്ത്യയോ സ്വീകാര്യമായിരുന്നില്ല.

മുൻ പ്രധാനമന്ത്രി എ.ബി. വാചപേയ്

തങ്ങൾ മനസ്സിലാക്കിയെടുത്തിട്ടുള്ള ഹിന്ദു ദർശനങ്ങളിൽ അധിഷ്ഠിതമായ ഇന്ത്യ എന്ന ആശയം നടപ്പാക്കാനുള്ള ചരിത്രപരമായ നീക്കമായായാണ് മോദി സർക്കാരിന്റെ വരവിനെ കാണേണ്ടത്. അപ്പോൾ മോദിയുടെ ഗവണ്മെന്റിന്റെ പത്ത് വർഷം എങ്ങനെ വിലയിരുത്തും എന്ന് ചോദിച്ചാൽ, ''ദി ഐഡിയ ഓഫ് ഇന്ത്യ’’യെ, ബഹുസ്വര മതേതര ഇന്ത്യയെ, പിടിച്ചുലയ്ക്കാൻ അവർക്ക് കഴിഞ്ഞു എന്ന് പറയേണ്ടി വരും. അത്തരമൊരു പദ്ധതി നടപ്പാക്കിയെടുക്കുന്നതിന്റെ ഭാഗമായി നെഹ്‌റു, ഗാന്ധി തുടങ്ങിയവരെ തിരസ്കരിക്കുകയും, അവർ തെറ്റായിരുന്നു എന്ന് സ്ഥാപിക്കുകയും വേണം. അത് ഈ പത്തുവർഷം കൊണ്ട് ഏറെക്കുറെ വിജയകരമായി അവർ ചെയ്തു തീർത്തു എന്നുവേണം പറയാൻ. സ്വാതന്ത്രാനന്തര ഇന്ത്യയിൽ ഗാന്ധി കൊലചെയ്യപെടുകയും, ഗാന്ധിസം വിസ്‌മൃതിയിലാവുകയും നെഹ്‌റു വിഭാവനം ചെയ്ത ആധുനിക ഇന്ത്യ സംഘപരിവാർ ആശയങ്ങൾക്ക് വിലങ്ങുതടിയായി രൂപപ്പെട്ടുവരികയും ചെയ്തു എന്ന ചരിത്രപരയമായ ഒറ്റ കാരണം കൊണ്ട് നെഹ്‌റു ആയി അവരുടെ പ്രധാന ശത്രു.

പത്തുവർഷം കൊണ്ട് അനേകം വർഷങ്ങളിലൂടെ കെട്ടിപ്പടുത്ത, ബഹുസ്വരതയിൽ ഊന്നിയ, ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ സംവിധാനം എന്ന ആശയത്തെ അട്ടിമറിക്കാനായത് എങ്ങനെ എന്ന വസ്തുത ഭീതിതവും പഠനവിധേയവുമാണ്. ഇന്ത്യയെ ഇങ്ങനെയൊരു അവസ്ഥയിലേക്ക് നയിച്ചതിൽ ഇന്ത്യയിലെ വിദ്യാസമ്പന്നരായ അർബൻ മിഡിൽ ക്ലാസ്സിന്റെ രാഷ്ട്രീയ ചുവടുമാറ്റം വഹിച്ച പങ്കിനെ വരുംകാലങ്ങളിൽ ചരിത്രകാരന്മാർ കുറ്റകരമായ അനാസ്ഥയായി രേഖപ്പെടുത്തി വെക്കും. കൊളോണിയൽ ഇന്ത്യയിൽ ഒരു ചെറിയ ന്യൂനപക്ഷമായിരുന്ന ഇന്ത്യൻ മധ്യവർഗ്ഗം സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കെട്ടിപ്പടുക്കന്നതിൽ വലിയപങ്കാണു വഹിച്ചത്. അധ്യാപകരും വക്കീലന്മാരും ഡോക്ടർമാരും ഗുമസ്തന്മാരും അടങ്ങിയ ഏതാണ്ട് മുപ്പതുശതമാനത്തോളം വരുന്ന ഇന്ത്യൻ മധ്യവർഗ്ഗം, ഇന്ത്യ എന്തായിരിക്കണമെന്നും അത് ആര് ഭരിക്കണമെന്നൊക്കെ തീരുമാനിക്കുന്നതിൽ എല്ലാകാലത്തും വലിയ പങ്കു വഹിച്ചു. കൊളോണിയൽ കാലത്ത് റെയിൽവേയിലും മിനിസ്റ്ററിയിലുമൊക്കെ കണക്കുപിള്ളമാരായി പണിയെടുത്ത ഈ മധ്യവർഗ്ഗത്തിന് കോട്ടും സ്യൂട്ടും ഇട്ട സായിപ്പിന്റെ രൂപമായിരുന്നു ഭരണകർത്താവിന്റെ രൂപം. ഇംഗ്ലീഷ് സംസാരിക്കുന്ന, ഫാഷനബിളായ, കെട്ടിലും മട്ടിലും ലോകം ആദരിക്കുന്ന നേതാവ്. അങ്ങനെയാണ് ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ ഐഡിയൽ നേതാവായിരുന്ന, നൂറ്റിപന്ത്രണ്ടു് പുസ്തകങ്ങൾ എഴുതിയ സാക്ഷാൽ ജവഹർലാൽ നെഹ്‌റുവിന് ബദൽ എന്ന നിലക്ക് സംഘപരിവാർ മോഡിയെ ബ്രാൻ്റ് ചെയ്യുന്നത്. ‘മാസ്റ്റേഴ്സ് ഡിഗ്രി ഉള്ള’, ഇംഗ്ലീഷ് സംസാരിക്കുന്ന, സ്മാർട്ട് ആയി വേഷം ധരിക്കുന്ന മധ്യവർഗ്ഗത്തെ തൃപ്തിപ്പെടുത്തുന്ന മിസ്റ്റർ മോദി. രാമഭൂമി എന്നൊക്കെ പറയുമ്പോൾ വൈകാരികമായി ഊറ്റം കൊള്ളുന്ന ഗ്രാമീണ ഇന്ത്യയെ കൂടെ നിറുത്തുന്ന അത്രയും എളുപ്പമല്ല ഇന്ത്യൻ മധ്യവർഗ്ഗത്തിനെ കൂടെ ചേർക്കുന്നത് എന്ന കിറുകൃത്യമായ തിരിച്ചറിവിൽ നിന്നുമാണ് നാം ഇന്ന് കാണുന്ന ബ്രാൻഡ് മോദി ഉണ്ടായി വരുന്നത്. അങ്ങനെ മധ്യവർഗ്ഗത്തിനെ തങ്ങൾക്കനുകൂലമായി മാറ്റാനും അടിസ്ഥാന വർഗ്ഗത്തിൻ്റെ വൈകാരികതയെ നിലനിർത്താനും മോദിക്ക് സാധിച്ചു. നാം ഇതുവരെ പഠിച്ചുവന്ന ചരിത്രമെല്ലാം തെറ്റായിരുന്നു എന്നും നാം ബഹുമാനിച്ചുപോന്ന നമ്മുടെ ചരിത്രത്തിന്റെ നിർമിതിയിൽ പങ്കെടുത്ത നേതാക്കളെല്ലാം യഥാർത്ഥത്തിൽ പൊയ്മുഖങ്ങളായിരുന്നുവെന്നും വരുത്തിത്തീർക്കാനുള്ള പെടാ പ്പാടായിരുന്നു കഴിഞ്ഞ പത്തുവർഷത്തെ മോദി ഭരണകാലം എന്ന് ചുരുക്കിപറയാവുന്നതാണ്. മോദിയുടെ വിശ്വഗുരു പരിവേഷത്തിലും, തീവ്ര ദേശീയതയിലും വീണുപോയ ഇന്ത്യൻ നഗര മധ്യവർഗ്ഗംവും റൂറൽ സ്പിരിച്വൽ ഹിന്ദുക്കളും തമ്മിലെ ഏകോപനം ബിജെപിക്ക് ശക്തമായ അടിത്തറ ഉണ്ടാക്കികൊടുത്തിട്ടുണ്ട്. അവിടെ സംഭവിച്ചിട്ടുള്ളത് നമ്മൾ നേരത്തെ പറഞ്ഞിട്ടുള്ള ഈ പറയുന്ന wide cultural secular fabric ൻ്റെ തകർച്ചയാണ്. അതാണ് പത്തുവർഷമായി കണ്ടത്. അത് സാധിച്ചെടുക്കുന്നതിനായി അവർക്ക് എന്തെല്ലാം വഴികളാണോ ആവശ്യമുള്ളത്, ആ വഴികളെല്ലാം അവർ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഇംഗ്ലീഷ് സംസാരിക്കുന്ന, ഫാഷനബിളായ, കെട്ടിലും മട്ടിലും ലോകം ആദരിക്കുന്ന നേതാവ്. അങ്ങനെയാണ് ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ ഐഡിയൽ നേതാവായിരുന്ന, നൂറ്റിപന്ത്രണ്ടു് പുസ്തകങ്ങൾ എഴുതിയ സാക്ഷാൽ ജവഹർലാൽ നെഹ്‌റുവിന് ബദൽ എന്ന നിലക്ക് സംഘപരിവാർ മോഡിയെ ബ്രാൻ്റ് ചെയ്യുന്നത്. ‘

അടിയന്തിരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധിയിൽ നിന്ന് മോദിയുടെ വ്യത്യാസം എന്താണ് എന്നു വെച്ചാൽ മോദി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ് എന്നുള്ളതാണ്. ഇവിടെ മോദിക്കെതിരെയുള്ള എല്ലാ വിമർശനങ്ങളെയും ജനാധിപത്യത്തിന് എതിരെയുള്ള വിമർശനമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ അതിസമ്പന്നരായ കച്ചവടക്കാരും, മുഖ്യധാരാ ദൃശ്യ, ശ്രവ്യ, പത്രമാധ്യമങ്ങളും മോഡി സർക്കാരിന്റെ ഫാൻസ് അസ്സോസിയേഷൻസ് ആയി നിലകൊള്ളുന്നതിന്റെ സാംഗത്യം അവരാൽ സാധൂകരിക്കപ്പെടുന്നത്, തങ്ങൾ എല്ലാം ഇന്ത്യയിലെ ജനങ്ങൾ തെരെഞ്ഞെടുത്ത സർക്കാരിന്റെ കൂടെ നിന്ന് കൊണ്ട് രാഷ്ട്രനിർമിതിക്കായി വലിയ സംഭവകൾ ചെയ്യുന്നു എന്ന പേരിലാണ്. അങ്ങനെ അവരെല്ലാം വലിയ ജനാധിപത്യ വാദികളായ ദേശസ്നേഹികളും അവരുടെ പക്ഷം ചേരാത്തവർ ജനാധിപത്യപ്രക്രിയയിലും, കോടതികളിലും, മാധ്യമങ്ങളിലും, ദേശസ്നേഹികളായ കച്ചവടകാരിലും വിശ്വാസമില്ലാത്ത ദേശവിരുദ്ധരുമായി തീരുന്നു. ആയതിനാൽ ജയിലിൽ അടയ്ക്കപെടാൻ യോഗ്യരായി തീരുന്നു.

ഇവിടെ, എന്താണ് ജനാധിപത്യം? എന്താണ് ഫാസിസം? ഇവകൾ വിഭാവനം ചെയ്തിരിക്കുന്നത് എന്തൊക്കെയാണ്? ഒന്ന് ചികഞ്ഞു നോക്കാവുന്നതാണ്.

ജനാധിപത്യത്തിന്റെ ജീവരക്തം പങ്കാളിത്തമാണ്. നമ്മുടെ ജീവിതത്തെ നേരിട്ടും പരോക്ഷമായും ബാധിക്കുന്ന നിയമങ്ങളെയും നയങ്ങളെയും, ഒപ്പം നാം നിലനിൽക്കുന്ന സാമൂഹികവും ദർശന പരവുമായ പരിസ്ഥിതിയെയുമൊക്കെ സ്വാധീനിക്കാൻ പോകുന്ന വ്യത്യസ്തമായ രാഷ്ട്രീയകൂട്ടായ്മകളിൽ നിന്നും നമുക്ക് വേണ്ടതെന്തെന്ന് തെരഞ്ഞെടുക്കാനുള്ള ' തിരെഞ്ഞെടുപ്പ് ' എന്ന പ്രക്രിയയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയുന്ന സംവിധാനത്തെ ആണ് ജനാധിപത്യം എന്ന് നാം വിളിക്കുന്നത്. സ്വാതന്ത്രരും ചിന്താശേഷിയുള്ളവരും ആയ പൗരന്മാർക്ക് ഒരു സാമൂഹിക സംവിധാനത്തിൽ നിന്നുകൊണ്ട് തങ്ങളുടെ ജീവിതാവസ്ഥകളെ സ്വാധീനിക്കാൻ പോകുന്ന ഭരണപ്രക്രിയയിൽ പങ്കുകൊള്ളാനാവുന്നു എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന ആശയമായി നിലകൊള്ളുന്നു. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി നിർണായകമായ നിരവധി മൂല്യങ്ങളും തത്വങ്ങളും ജനാധിപത്യം ഉൾക്കൊള്ളുന്നു, സ്വാതന്ത്ര്യത്തെ ഉൾക്കൊള്ളുന്നു. വ്യക്തികൾക്ക് ആരെയും ഭയക്കാതെ അഭിപ്രായങ്ങളും ആശയങ്ങളും പ്രകടിപ്പിക്കാൻ കഴിയുമെന്ന് ജനാധിപത്യം ഉറപ്പാക്കുന്നു. വൈവിധ്യമാർന്ന ശബ്ദങ്ങൾ കേൾക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം വളർത്തുന്നു. സാമൂഹികവും സാമ്പത്തികവുമായ വിടവുകൾ നികത്തുക എന്നത് ലക്ഷ്യമിട്ട് സമത്വം ഉയർത്തിപ്പിടിക്കുന്നു. അതേസമയം എല്ലാ പൗരന്മാരും നിയമത്തിന് കീഴിൽ തുല്യമായി പരിഗണിക്കപ്പെടുന്നതിനായി നീതി ഉറപ്പാക്കുന്നു.

മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി

ഭരണനിർവഹണത്തിന് വേണ്ടി എഴുതപ്പെട്ട ഭരണഘടനപ്രകാരം സുതാര്യവും കൃത്യവുമായ അധികാര നിർവഹണം അധികാരത്തിൽ ഇരിക്കുന്നവരുടെ ഉത്തരവാദിത്തം മാത്രമല്ല അത് അവരുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാന തത്വവും ആയിരിക്കണമെന്ന് ഭരണഘടന പൗരർക്ക് ഉറപ്പ് നൽകുന്നു.

ബഹുസ്വരതയും സഹിഷ്ണുതയും ആണ് ജനാധിപത്യത്തിന്റെ മറ്റു പ്രധാന സവിശേഷതകൾ. ഇവ സമൂഹത്തിലെ നാനാതരം കാഴ്ചപ്പാടുകളുടെയും സംസ്കാരങ്ങളുടെയും വൈവിധ്യങ്ങളേയും അംഗീകരിക്കുകയും ജനങ്ങളുടെ സമാധാനപരമായ സഹവർത്തിത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ ഭരണവ്യവസ്ഥയിൽ ഭൂരിപക്ഷ ഭരണമാണ് നടക്കുന്നതെങ്കിലും, ന്യൂനപക്ഷങ്ങളുടെ സ്വത്വം അവകാശങ്ങളാൽ സന്തുലിതമാണ്. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിലൂടെ സ്വേച്ഛാധിപത്യ താല്പര്യങ്ങൾ തടയപ്പെടുന്നു. ഈ നയം നിമിത്തം പാർശ്വവത്കൃതരും ഭരണപ്രക്രിയയിൽ തുല്യരാവുന്നു. ഇങ്ങനെ പൗരസ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു.

ജനാധിപത്യ പ്രക്രിയകളിലൂടെ കൈവരിച്ച രാഷ്ട്രീയ സ്ഥിരത പുരോഗതിക്ക് അടിത്തറ നിർമ്മിക്കുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളാൽ അടയാളപ്പെടുത്തിയിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ ജനകീയ പരമാധികാരത്തിലേക്കുള്ള ഒരു വഴിയാണ്. അവിടെ ജനങ്ങളുടെ ശബ്ദം നിലനിൽക്കുന്നു. അധികാരങ്ങളുടെ വിഭജനം അധികാര കേന്ദ്രീകരണത്തെ തടയുന്നു. അതേസമയം ഭരണപക്ഷ നയങ്ങളെ പുന:പരിശോധനക്ക് പ്രേരിപ്പിക്കുന്ന പ്രതിപക്ഷം ഗവൺമെന്റിന്റെ ഒരു ശാഖയും അമിതമായി ആധിപത്യം പുലർത്തുന്നില്ലെന്ന് ഉറപ്പാക്കുന്നു.

ഇത്തരത്തിൽ ജനങ്ങൾ ഭരണത്തിൽ സജീവമായി പങ്കെടുക്കുകയും അവരുടെ നേതാക്കളെ ഉത്തരവാദികളാക്കുകയും ചെയ്യുന്നതിനാൽ പൗരശാക്തീകരണം ജനാധിപത്യത്തിന്റെ ഒരു സുപ്രധാന ഫലമാണ്. ഭരണ കാലയളവിന് ശേഷം നടക്കുന്ന സമാധാനപരമായ അധികാര കൈമാറ്റങ്ങൾ ജനാധിപത്യത്തിന്റെ പക്വതയെ സൂചിപ്പിക്കുന്നു. അധികാരത്തിൽ ഇരിക്കുന്നവർ ഏത് നിമിഷവും ജനങ്ങളോട് ഏത് കാര്യത്തിനും ഉത്തരം പറയാൻബാധ്യസ്ഥരാണ്. ഇങ്ങനെ മൗലികാവകാശങ്ങൾ അംഗീകരിക്കപ്പെടുന്നതിലൂടെ പൗരരുടെ അന്തസ്സ് മാനിക്കപ്പെടുന്നു. നിരന്തരമായുള്ള ജനങ്ങളുടെ ഇടപെടൽ സർക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നു. സാരാംശത്തിൽ, ജനാധിപത്യം ജനങ്ങളുടെ സ്വാതന്ത്ര്യം, നീതി, പങ്കാളിത്തം എന്നീ ആശയങ്ങളെ ഉൾക്കൊള്ളുന്നു. ഈ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംവിധാനത്തിലൂടെ നമ്മുടെ രാജ്യത്തിന്റെ കൂട്ടായ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുന്ന സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടും.

മോദിസർക്കാരിന്റെ കഴിഞ്ഞ പത്തുവർഷക്കാലത്തെ ഭരണം കൊണ്ട് നമ്മുടെ ജനധിപത്യസംവിധാനത്തിന് എന്തൊക്കെ സംഭവിച്ചു എന്നുള്ളത് മേല്പറഞ്ഞ ജനാധിപത്യ വ്യവസ്ഥയുടെ കാര്യകാരണങ്ങളെ മുൻനിർത്തി പരിശോധിച്ചെടുത്തുകൊള്ളുക.

മഹാത്മ ഗാന്ധിയും മുൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും

ഇനി ഫാസിസം ജനാധിപത്യത്തെ മാറ്റിസ്ഥാപിക്കുകയാണെങ്കിൽ, അല്ലെങ്കിൽ, പൂർണ്ണമായ ജനാധിപത്യ വ്യവസ്ഥ നമുക്ക് കൈവരിക്കാൻ കഴിയുന്നില്ലെങ്കിൽ നമ്മുടെ രാജ്യത്തിന് എന്തൊക്കെ ആപത്തുകൾ സംഭവിക്കാം എന്ന് പരിശോധിക്കാം. ഫാസിസ്റ്റു വ്യവസ്ഥയിൽ സിവിൽ സ്ഥാപനങ്ങളുടെ തകർച്ച ഭയാനകമായിരിക്കും. അധികാരം, തീവ്ര ദേശീയത, വിയോജിപ്പുകളെ അടിച്ചമർത്തൽ എന്നിവയാൽ സവിശേഷതയുള്ള ഒരു സ്വേച്ഛാധിപത്യ പ്രത്യയശാസ്ത്രമാണ് ഫാസിസം. ഫാസിസത്തിന് കീഴിൽ, മാധ്യമങ്ങൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് പൊതു സൗകര്യങ്ങൾ തുടങ്ങിയ സിവിൽ സ്ഥാപനങ്ങൾ കടുത്ത അടിച്ചമർത്തലും ഉപചാപങ്ങളും നേരിടേണ്ടിവരും. പ്രത്യേകിച്ചും മാധ്യമങ്ങളെ ഭരണകൂടം നിയന്ത്രിക്കുകയും പത്രസ്വാതന്ത്ര്യം സാരമായി വെട്ടിക്കുറയ്ക്കുകയും ചെയ്യും. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനും എതിർ ശബ്ദങ്ങളോ വിമർശനങ്ങളോ അടിച്ചമർത്തുന്നതിനുമുള്ള പ്രചാരണ ഉപകരണങ്ങളായി വാർത്താ ഏജൻസികളെ ഉപയോഗിക്കും. സ്വതന്ത്ര പത്രപ്രവർത്തനം പാർശ്വവത്കരിക്കപ്പെടുകയോ പൂർണ്ണമായും ഉന്മൂലനം ചെയ്യപ്പെടുകയോ ചെയ്യും, ഇത് വസ്തുനിഷ്ഠമായ വിവരങ്ങളുടെയും ബദൽ വീക്ഷണങ്ങളുടെയും അഭാവത്തിലേക്ക് നയിക്കും.

അതുപോലെ, തന്നെ ജുഡീഷ്യറി ഭരണവ്യവസ്ഥയുടെ നിയന്ത്രണത്തിനും കൃത്രിമത്വത്തിനും വിധേയമാകും. ശരിയായ പ്രക്രിയയെയോ മനുഷ്യാവകാശങ്ങളെയോ പരിഗണിക്കാതെ കോടതികൾക്ക് അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയും അവ രാഷ്ട്രീയ അടിച്ചമർത്തലിന്റെ ഉപകരണങ്ങളായി മാറുകയും ചെയ്യും. വിയോജിപ്പുകളെ നിശബ്ദമാക്കാനും ഭരണകൂടത്തിന്റെ ശത്രുക്കളായി കണക്കാക്കപ്പെടുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും പീഡിപ്പിക്കാനും നിയമവ്യവസ്ഥ ഉപയോഗിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫാസിസത്തിന് കീഴിൽ കടുത്ത പരിശോധന നേരിടേണ്ടിവരും. യാഥാസ്ഥിതിക മൂല്യങ്ങൾ പുതിയ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ട് മനുഷ്യരെ ഉദ്ബോദിപ്പിക്കാൻ തുടങ്ങും. ഭരണകൂടത്തിന്റെ ആദർശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വിമർശനാത്മക ചിന്തകളെയോ വിയോജിപ്പുള്ള കാഴ്ചപ്പാടുകളെയോ അടിച്ചമർത്തുന്നതിനും പാഠ്യപദ്ധതിയിൽ മാറ്റം വരുത്തും. വിദ്യാഭ്യാസ സമ്പ്രദായം പ്രത്യയശാസ്ത്രപരമായ അനുരൂപീകരണത്തിനും ഭരണകൂടത്തോടുള്ള വിശ്വസ്തതയ്ക്കുമുള്ള ഒരു ഉപകരണമായി മാറുമെന്നതിനാൽ അക്കാദമിക് സ്വാതന്ത്ര്യവും ബൗദ്ധിക വൈവിധ്യവും കർശനമായി പരിമിതപ്പെടുത്തപ്പെടും.

സാംസ്കാരിക കേന്ദ്രങ്ങൾ, ലൈബ്രറികൾ, കമ്മ്യൂണിറ്റി ഓർഗനൈസേഷനുകൾ തുടങ്ങിയ മറ്റ് പൊതു സൗകര്യങ്ങളും സ്ഥാപനങ്ങളും ഫാസിസ്റ്റ് ഭരണകൂടത്തിന്റെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി കർശനമായി നിയന്ത്രിക്കുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യും. സമൂഹത്തിന്റെ എല്ലാ വശങ്ങളിലും കർശനമായ നിയന്ത്രണം നിലനിർത്താൻ ഭരണകൂടം ശ്രമിക്കുന്നതിനാൽ സാംസ്കാരിക ആവിഷ്കാരം, കലാസ്വാതന്ത്ര്യം, ബൗദ്ധിക പര്യവേക്ഷണം എന്നിവ അടിച്ചമർത്തപ്പെടും.

മൊത്തത്തിൽ, ഫാസിസത്തിന് കീഴിൽ, സിവിൽ സ്ഥാപനങ്ങൾ വിവരങ്ങൾ, നീതി, പഠനം, പൊതു വ്യവഹാരം എന്നിവയുടെ സ്വതന്ത്ര സ്രോതസ്സുകൾ ഇല്ലാതാകും. ജനാധിപത്യം, മനുഷ്യാവകാശം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയുടെ അടിത്തറ ഇല്ലാതാക്കിക്കൊണ്ട് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി അവരെ കൂട്ടുപിടിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യും. അതിന്റെ ഫലമായുണ്ടാകുന്ന അന്തരീക്ഷം ഭയം നിറഞ്ഞതും അടിച്ചമർത്തപ്പെട്ടതും ഭരണകൂട ആശയങ്ങളോട് എകീകരിക്കപ്പെട്ടതുമായിരിക്കും. അവിടെ വിയോജിപ്പുകൾ കഠിനമായി ശിക്ഷിക്കപ്പെടുകയും യഥാർത്ഥ പൗരസ്വാതന്ത്ര്യങ്ങൾ ഇല്ലാതാകുകയും ചെയ്യും.

ഫാസിസ്റ്റുകാലം സ്വാതന്ത്രചിന്തകരായ കലാകാരന്മാരെ സംബന്ധിച്ചിടത്തോളം വളരെ ആപൽക്കരമായ ഒരവസ്ഥയാണ് സംജാതമാക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ല. ഈ സംവിധാനം കലാകാരന്മാരെ ഭയാലുക്കളും, അവസരവാദികളും അങ്ങനെ ഉപയോഗശൂന്യരുമാക്കിത്തീർക്കും. കലാപ്രവർത്തകർ ഭരണകേന്ദ്രങ്ങളുടെ വാഴ്ത്തുകരാകും, മാധ്യമപ്രവർത്തകർ അവരുടെ തൊഴിൽമറന്നുപോകുന്നതുപോലെ കലാകാരൻമാർ കലയുടെ ധർമ്മത്തിൽ നിന്ന് വ്യതിചലിക്കും. പൗരനർമാർ നേര് ഏത്, നുണയേത് എന്ന് തിരിച്ചറിയനാകാതെ അന്ധരായി അലയും. ഇമ്മാനുവേൽ കാന്റും, ഹെഡിഗ്ഗറും ഹെഗലും ഐൻസ്റ്റൈനും മാർക്സും ബെഞ്ചമിനും പിറവികൊണ്ട ജർമ്മനിയിലെ ബുദ്ധിജീവിവർഗ്ഗത്തിന്റെ പിൻതലമുറക്കാർ ഹിറ്റ്ലർക്ക് വേണ്ടി ഗ്യാസ്‌ചേമ്പറുകളിൽ ജീവനുള്ള നിസ്സഹായനായ മനുഷ്യനെ എങ്ങനെ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ചാരമാക്കി തീർക്കാമെന്നുള്ള പരീക്ഷണങ്ങളിൽ ഏർപ്പെട്ടു എന്നുള്ളത് ഭയാനകമായ ചരിത്രം.

കാൾ മാക്സും ഫ്രഡറിക് ഹെഗലും

ആയതിനായാൽ നമ്മുടെ രാജ്യത്ത് തുടങ്ങി വെച്ചിരിക്കുന്ന ഈ പൊതു തെരഞ്ഞെടുപ്പ് നമ്മുടെ ഭാവി ജീവിതത്തെ സംബന്ധിച്ച് അത്യന്തം പ്രാധാന്യമുള്ളതും, വളരെ കരുതലോടെ പങ്കെടുക്കേണ്ടതുമായ ഒരു പ്രക്രിയയാണ് എന്ന് പറഞ്ഞു കൊണ്ട് ഈ കുറിപ്പ് നിറുത്തുന്നു.

ഉബു റോയ് നാടകത്തിൽ ചത്ത പ്രസിഡന്റിന്റെ മകൻ ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുന്ന ഒരു ജനാധിപത്യവാദിയുടെ ലഘുലേഖ എഴുതിയ എന്റെ സഹപ്രവർത്തകരായ കണ്ണനുണ്ണിക്കും ടി.എൻ. ആതിരയ്ക്കും കടപ്പാട്.

Comments