തിങ്കളാഴ്ച വൈകീട്ട് ഡൽഹിയിൽ ഉണ്ടായ സ്ഫോടനം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചെങ്കോട്ട മെട്രോ റെയിൽവേ സ്റ്റേഷന് സമീപം നടന്ന കാർ ബോംബ് സ്ഫോടനത്തിൽ 9 പേർ മരിക്കുകയും 20-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തിൻെറ പശ്ചാത്തലത്തിൽ ഡൽഹിയിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീർ, ഉത്തർ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് സ്ഫോടകവസ്തുക്കളുമായി കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് ഡോക്ടർമാരടക്കം എട്ട് പേർ അറസ്റ്റിലായിരുന്നു. ഇവരുടെ അറസ്റ്റുമായി ഇപ്പോഴത്തെ സ്ഫോടനത്തിന് ബന്ധമുണ്ടെന്നാണ് പോലീസ് അനുമാനം.
കാറിലുണ്ടായിരുന്നത് ഡോക്ടർ ഉമർ മുഹമ്മദ് ആണെന്നും, ഇത് ചാവേർ ആക്രമണമായേക്കാം എന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സ്ഫോടനത്തിൽ ഉമർ കൊല്ലപ്പെട്ടുവെന്ന് കരുതുന്നു. അറസ്റ്റിലായവരുടെ കൂട്ടാളിയാണ് ഉമർ. ഇയാളുടെ ബന്ധുക്കളെ അന്വേഷണത്തിൻെറ ഭാഗമായി ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടനത്തിന് ഉപയോഗിച്ച കാറിൻെറ ഉടമ മുഹമ്മദ് സൽമാനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇക്കഴിഞ്ഞ ഏപ്രിലിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം രാജ്യത്തെ വീണ്ടും നടുക്കിയിരിക്കുകയാണ് ഇപ്പോഴുണ്ടായ സ്ഫോടനം. ചെങ്കോട്ട ട്രാഫിക് സിഗ്നലിന് സമീപം വെച്ചാണ് കാർ പൊട്ടിത്തെറിച്ചത്. കാറിൽ മൂന്ന് പേർ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇവരെല്ലാവരും മരിച്ചുവെന്നാണ് കരുതുന്നത്. കാറിൽ നിന്ന് കിട്ടിയ മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടക്കുകയാണ്.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ദില്ലി സ്വദേശി അമർ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. അതിനാൽ മരണസംഖ്യ ഉയർന്നേക്കാനാണ് സാധ്യത. സംഭവത്തിൻെറ അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കും. സ്ഫോടനം ഭീകരാക്രമണമാണെന്നോ ചാവേർ ആക്രമണമാണെന്നോ കേന്ദ്രസർക്കാർ ഇതുവരെയും സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാൽ, ഭീകരാക്രമണമെന്ന അനുമാനത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. വിശദമായ യോഗങ്ങൾക്ക് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇത് സംബന്ധിച്ച് കൂടുതൽ വിശദീകരണം നൽകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യതലസ്ഥാനത്ത് ഇത്രയും തിരക്കേറിയ ഒരിടത്ത് നടന്ന സ്ഫോടനം സുരക്ഷയുടെ കാര്യത്തിൽ ആശങ്കകൾ ഉയർത്തുന്നുണ്ട്. അന്വേഷണ ഏജൻസികൾ കണ്ടെത്തുന്ന പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വരും.
