കർഷകരുടെ ‘ഡൽഹി ചലോ’
നേരിടാൻ യുദ്ധസന്നാഹം

ബലപ്രയോഗവും ചർച്ചയും എന്ന ദ്വിമുഖ തന്ത്രമാണ് കർഷക സംഘടനകളുടെ ഡൽഹി ചലോ പ്രക്ഷോഭത്തെ നേരിടാൻ ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര, ഹരിയാന സർക്കാറുകൾ സ്വീകരിച്ചിരിക്കുന്നത്. നിരവധി കർഷകരെ ഇതിനകം അറസ്റ്റു ചെയ്തുകഴിഞ്ഞു. അതിർത്തിയിൽ യുദ്ധസന്നാഹമാണ്. മറുവശത്ത്, പ്രക്ഷോഭകരുമായി ചർച്ചക്ക് മൂന്ന് കേന്ദ്രമന്ത്രിമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

നാളെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന 'ഡൽഹി ചലോ’ മാർച്ച് നേരിടാൻ യുദ്ധസന്നാഹവുമായി കേന്ദ്ര- സംസ്ഥാന സർക്കാറുകൾ. ഡൽഹിയുടെ സിംഘു, ഗാസിപുർ, തിക്രി അതിർത്തികളിൽ സുരക്ഷാസംവിധാനം ശക്തമാക്കി. പ്രക്ഷോഭകർ ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ കോൺക്രീറ്റ് മതിലുകളും ഇരുമ്പുവേലികളും സ്ഥാപിച്ചിരിക്കുകയാണ്. ഇതേതുടർന്ന് അതിർത്തി മേഖലയിലെ ഗതാഗത സംവിധാനം താറമാറായിട്ടുണ്ട്. കൂറ്റൻ കണ്ടെയ്‌നറുകളും ക്രെയിനുകളുമായി 5000 സുരക്ഷാഭടന്മാരെയാണ് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. ട്രാക്റ്ററുകളുടെ ടയറുകൾ പഞ്ചറാകാൻ റോഡുകളിൽ ഇരുമ്പാണി വിതറിയിരിക്കുകയാണ്. ഡൽഹിയിലെ വടക്കുകിഴക്കൻ ജില്ലയിൽ 144 പ്രഖ്യാപിച്ചു. ഡൽഹിയിൽ മാർച്ച് 12 വരെ എല്ലാതരം വലിയ പ്രകടനങ്ങളും നിരോധിച്ചു.

പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും ആയിരക്കണക്കിന് ട്രാക്ടർ ട്രോളികളാണ് ഡൽഹിയിലേക്കു കടക്കാൻ അതിർത്തികളിൽ തമ്പടിച്ചിരിക്കുന്നത്. സമരക്കാരെ നേരിടാൻ ഹരിയാനയിലെ ശംഭു അതിർത്തി ഹരിയാന പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. ഹരിയാനയിലെ ഏഴ് ജില്ലകളിൽ മൊബൈൽ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. കൂട്ടമായി എസ്.എം.എസ് അയക്കുന്നതിനും ഡോങ്ക്ൾ പ്രവർത്തിപ്പിക്കുന്നതിനും വിലക്കുണ്ട്.
കർഷകരെ 'രാജ്യദ്രോഹി'കൾ എന്ന നിലയ്ക്കും കർഷക സമരത്തെ രാജ്യവിരുദ്ധ സമരമെന്ന നിലയ്ക്കുമാണ് കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷക് കമ്മിറ്റി ജനറൽ സെക്രട്ടറി സർവൻ സിങ് പൻഥർ പറയുന്നു.

സർവൻ സിങ് പൻഥർ
സർവൻ സിങ് പൻഥർ

20,000 ഓളം കർഷകരും 2500 ട്രാക്റ്ററുകളും മാർച്ചിന്റെ ഭാഗമായി തലസ്ഥാനഗരിയിലെത്തുമെന്നാണ് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. ഇതുകൂടാതെ, കാറിലും ബൈക്കിലും ബസിലുമൊക്കെയായി കർഷകർ നഗരത്തിലേക്ക് പ്രവേശിക്കും. യു.പിയിൽനിന്ന് കർഷകരെയും കൊണ്ട് 500 ട്രാക്റ്റർ ട്രോളികളാണ് മാർച്ചിനെത്തുക.

ഒരിടത്ത് ബലപ്രയോഗം,
മറുവശത്ത് ചർച്ച

മാർച്ചിന്റെ സന്നാഹം കേന്ദ്ര സർക്കാറിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ബലപ്രയോഗവും ചർച്ചയും എന്ന ദ്വിമുഖ തന്ത്രമാണ് ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര, ഹരിയാന സർക്കാറുകൾ സ്വീകരിച്ചിരിക്കുന്നത്. നിരവധി കർഷകരെ അറസ്റ്റു ചെയ്തുകഴിഞ്ഞു. സമരത്തിൽ പങ്കെടുക്കുന്ന രാഷ്ട്രീയ കിസാൻ മസ്ദൂർ മഹാസംഘിന്റെ നേതാവും മുൻ ആർ.എസ്.എസ് ഭാരവാഹിയുമായ ശിവ് കുമാർ കക്കയെ ഭോപ്പാലിൽ പൊലീസ് അറസ്റ്റുചെയ്‌തെങ്കിലും പ്രതിഷേധമുയർന്നതിനെതുടർന്ന് മൂന്നു മണിക്കൂറിനുശേഷം വിട്ടയക്കുകയായിരുന്നു.

മറുവശത്ത്, പ്രക്ഷോഭകരുമായി ചർച്ചക്ക് മൂന്ന് കേന്ദ്രമന്ത്രിമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്രകൃഷിമന്ത്രി അർജുൻ മുണ്ട, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് എന്നിവരുടെ നേതൃത്വത്തിൽ കർഷക നേതാക്കളുമായി ഇന്ന് വൈകീട്ട് ചർച്ച നടത്തും. ചർച്ച പരാജയപ്പെടുകയാണെങ്കിൽ ഡൽഹിയിലേക്കുള്ള എല്ലാ റോഡുകളിലൂടെയും കർഷകർ മാർച്ച് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച- നോൺ പൊളിറ്റിക്കൽ കോ ഓർഡിനേറ്റർ ജഗ്ജിത് സിങ് ദല്ലേവാൽ പറഞ്ഞു.

ആവശ്യങ്ങൾ

സംയുക്ത കിസാൻ മോർച്ച- നോൺ പൊളിറ്റിക്കൽ (എസ്.കെ.എം- എൻ.പി), കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളുടെ ബാനറിലാണ് ഡൽഹി ചലോ സമരം. ബി.കെ.യു ടിക്കായത്ത് വിഭാഗം, തോമാർ വിഭാഗം എന്നിവയും മാർച്ചിലുണ്ട്. നേരത്തെ നടന്ന കർഷക സമരത്തിനൊടുവിൽ നൽകിയ ഉറപ്പുകൾ പാലിക്കാതെയും കോർപറേറ്റ് അനുകൂലനയം ശക്തമാക്കിയും കേന്ദ്ര സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്ന് സംയുക്ത കിസാൻ മോർച്ച- നോൺ പൊളിറ്റിക്കൽ ചൂണ്ടിക്കാട്ടുന്നു.

ഡൽഹി ചലോ മാർച്ചിന്റെ പ്രധാന ആവശ്യങ്ങൾ:

-എം.എസ് സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടുപ്രകാരമുള്ള മിനിമം താങ്ങുവില ഉറപ്പുവരുത്തുക.
- കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവില ഉറപ്പാക്കാൻ നിയമനിർമാണം നടത്തുക.
- കർഷക പെൻഷൻ 5000 രൂപയാക്കുക.
- വൈദ്യുതി ബോർഡുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക.
- കാർഷിക കടങ്ങൾ എഴുതിത്തള്ളുക.
- സ്വതന്ത്ര വ്യാപാര കരാറിൽനിന്ന് ഇന്ത്യ പുറത്തുവരിക.
- എല്ലാ കാർഷിക ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ വർധിപ്പിക്കുക.
- കൃഷിയും ചില്ലറ വ്യാപാരവും ചെറുകിട സംരംഭകർക്കായി സംവരണം ചെയ്യുക.
- കാർഷിക- ചില്ലറ വിൽപ്പനമേഖലയിലെ കോർപറേറ്റ്‌വൽക്കരണം തടയാൻ നിയമനിർമാണം നടത്തുക.

മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകാമെന്നും ആദ്യഘട്ട കർഷക സമരത്തിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാമെന്നും കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ല എന്ന് സംഘടനകൾ കുറ്റപ്പെടുത്തുന്നു.

ഡൽഹി ചലോ പ്രക്ഷോഭവും
16-ലെ ഗ്രാമീൺ ബന്ദും

അതേസമയം, സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 16ന് അഖിലേന്ത്യാ ഗ്രാമീൺ ബന്ദ് നടക്കുകയാണ്. കർഷക സംഘടനകളുടെയും ദേശീയ തൊഴിലാളി സംഘടനകളുടെയും മറ്റു വർഗ ബഹുജന സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് 16-ന് രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെ ബന്ദ് ആചരിക്കുക. തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള എല്ലാ കാർഷിക ജോലികളും നിർത്തിവച്ചായിരിക്കും സമരം. ഏതാണ്ട്, ഡൽഹി ചലോ മാർച്ചിലെ സംഘടനകൾ ഉയർത്തിയ ആവശ്യങ്ങളുയർത്തിയാണ് ഈ പ്രക്ഷോഭവും. എന്നാൽ, ഡൽഹി ചലോ മാർച്ചിൽ സംയുക്ത കിസാൻ മോർച്ച പങ്കെടുക്കുന്നില്ല. നേരത്തെ സംയുക്ത കിസാൻ മോർച്ചയിലുണ്ടായ ചില സംഘടനകളാണ് ഡൽഹി മാർച്ച് നടത്തുന്നത്.

ശിവ് കുമാർ കക്ക
ശിവ് കുമാർ കക്ക

'നോൺ പൊളിറ്റിക്കൽ' എന്നാണ് ഡൽഹി ചലോ മാർച്ചിലെ സംഘടനകളെ വിശേഷിപ്പിക്കുന്നതെങ്കിലും ഇവർക്കിടയിൽ രാഷ്ട്രീയ സ്വാധീനമുണ്ടെന്നാണ് സൂചന. ഡൽഹി ചലോ സമരത്തിലെ ഒരു സംഘടനയായ രാാഷ്ട്രീയ കിസാൻ മസ്ദൂർ മഹാസംഘിന്റെ നേതാവ് ശിവ് കുമാർ കക്ക മുൻ ആർ.എസ്.എസ് ഭാരവാഹിയാണ്. ആർ.എസ്.എസിനോട് അനുഭാവമുള്ള ഒരു വിഭാഗം സംഘടനകളും നാളത്തെ സമരത്തിലുണ്ട്. അതുകൊണ്ടാണ്, സമരം പ്രഖ്യാപിച്ചയുടൻ, മൂന്ന് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ചർച്ചക്ക് തയാറായത് എന്നുവേണം കരുതാൻ.

എങ്കിലും, ‘ഡൽഹി ചലോ’ പ്രക്ഷോഭത്തിൽ പ​ങ്കെടുക്കുന്ന സംഘടനകൾ കേന്ദ്ര സർക്കാറിനെതിരെ കടുത്ത വിമർശനമുയർത്തിയാണ് പ്രക്ഷോഭരംഗത്തുള്ളത്. ആദ്യഘട്ട കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ കേ​ന്ദ്രം നൽകിയ ഉറപ്പുകൾ ലംഘിച്ചതിനെതിരെ അവർ കേന്ദ്ര സർക്കാറിനെ നിശിതമായി വിമർശിക്കുന്നുമുണ്ട്.

അതേസമയം, സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കഴിഞ്ഞ നവംബർ 26- 28 തീയതികളിൽ കുത്തിയിരിപ്പ് സമരവും ജനുവരി 26ന് ട്രാക്റ്റർ മാർച്ചും നടത്തിയിരുന്നു. എന്നിട്ടും, ചർച്ചക്ക് തയാറാകാത്ത സർക്കാറാണ് ഇപ്പോൾ പൊടുന്നനെ ഉപാധിരഹിത ചർച്ചക്ക് തയാറായതെന്ന് സംയുക്ത കിസാൻ മോർച്ചയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.

 പി. കൃഷ്ണപ്രസാദ്
പി. കൃഷ്ണപ്രസാദ്

വിവിധ വർഗ ബഹുജനസംഘടനകളെ അണിനിരത്തി, വിപുലമായ ജനകീയ ഐക്യമുണ്ടാക്കിക്കൊണ്ടുമാത്രമേ ഇത്തരം സമരങ്ങൾ ഏറ്റെടുക്കാനാകൂ എന്ന നിലപാടിലാണ് സംയുക്ത കിസാൻ മോർച്ചയെന്ന് കർഷക പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന, അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് ട്രൂകോപ്പിയോടു പറഞ്ഞു; ‘‘എന്നാൽ, ഇത്തരമൊരു നീക്കവുമായി യോജിച്ചുപോകാത്ത ചില സംഘടനകളാണ് ഡൽഹി ചലോ മാർച്ചിന് നേതൃത്വം നൽകുന്നത്. ഈ സംഘടനകൾ, മുമ്പ് കർഷക സമരത്തിലുണ്ടായിരുന്നവയുമാണ്. അന്ന് വിഷയാധിഷ്ഠിത സമീപനത്തിന്റെ ഭാഗമായാണ് ഈ സംഘടനകൾ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായത്. ഡൽഹി ചലോ മാർച്ച് ആദ്യം ഫെബ്രുവരി 24നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, 16ന് ഗ്രാമീൺ ബന്ദ് പ്രഖ്യാപിച്ചപ്പോൾ, ഡൽഹി മാർച്ച് തിടുക്കത്തിൽ 13 ആക്കുകയായിരുന്നു.’’

16-ന് നടക്കുന്ന ഗ്രാമീൺ ബന്ദ്, ഐ.എൻ.ടി.യു.സി മുതൽ സി.ഐ.ടി.യു വരെയുള്ള തൊഴിലാളി സംഘടനകളും മുഖ്യധാരക്കു പുറത്തുള്ളതടക്കമുള്ള സംഘടനകളും പ​ങ്കെടുക്കുന്ന ഒന്നാണെന്നും ആർ.എസ്.എസിനോട് കൂറില്ലാത്ത എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ചു എന്നതാണ് 16-ലെ സമരത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാർഷിക പ്രതിസന്ധി കർഷകരെ മാത്രമല്ല ബാധിക്കുന്നതെന്ന് കൃഷ്ണപ്രസാദ് പറയുന്നു: ‘‘കാർഷിക പ്രതിസന്ധി മൂലമാണ് കോടിക്കണക്കിന് മനുഷ്യർക്ക് കുടിയേറ്റ തൊഴിലാളികളായി നഗരങ്ങളിലേക്ക് ചേക്കേറേണ്ടിവന്നത്. ഇത് കർഷകരുടെയും കർഷക തൊഴിലാളികളുടെയും എണ്ണത്തേക്കാൾ കൂടുതലാണ്. അവർ ദിവസം 250 രൂപക്കൊക്കെ പണിയെടുക്കാൻ തയാറാണ്. ലേബർ കോഡ് വരുന്നതും 12 മണിക്കൂർ ജോലി നിർബന്ധമാക്കുന്നതുമെല്ലാം ഇത്തരം കരാർവൽക്കരണത്തിന്റെ ഭാഗമായാണ്. അര നൂറ്റാണ്ടിനിടെ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായത് യുവാക്കളെ ബാധിച്ചിട്ടുണ്ട്. കാർഷിക തകർച്ചയാണ് തൊഴിലില്ലായ്മയുടെ കാരണം. എല്ലാ വിഭാഗങ്ങളും തകർച്ചയിലാണ്. അഗ്രേറിയൻ ക്രൈസിസ് മറികടന്നുകൊണ്ടല്ലാതെ സാമ്പത്തിക മേഖല നേരെയാക്കാനാകില്ല. ഇതാണ് കർഷക- തൊഴിലാളി ഐക്യത്തിന്റെ പ്രാധാന്യം.’’

‘‘16-ലെ ഗ്രാമീൺ ബന്ദ് കഴിഞ്ഞാലും ഈ സമരം തുടരും. തെരഞ്ഞെടുപ്പേതര പ്രക്ഷോഭങ്ങളെ തെരഞ്ഞെടുപ്പു പ്രക്ഷോഭങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. അങ്ങനെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ മാലിന്യമുക്തമാക്കുക. യഥാർഥ വർഗ പ്രക്ഷോഭങ്ങളിലൂടെ രാഷ്ട്രീയത്തെ ഉയർത്തിക്കാണിക്കുക.’’
‘‘ബഹുജന സംഘടനകളും ബഹുജനപ്രക്ഷോഭങ്ങളുമാണ് ജനങ്ങളുടെ അഭിപ്രായങ്ങൾ രൂപീകരിക്കുന്നത്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയപാർട്ടികളിൽ കോർപറേറ്റുകളുടെ ഇടപെടലുകളുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ മാത്രമല്ല, ജുഡീഷ്യറിയിലും പാർലമെന്റിലും മീഡിയയിലുമെല്ലാം കോർപറേറ്റ് ലോബിയുടെ ഇടപെടൽ ഇത്ര ശക്തമായ സമയമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയ പാർട്ടികൾക്കുമാത്രമായി തെരഞ്ഞെടുപ്പുരാഷ്ട്രീയം വിട്ടുകൊടുക്കാൻ കഴിയില്ല’’, കൃഷ്ണപ്രസാദ് പറഞ്ഞു.

Comments