മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇടക്കാല ജാമ്യത്തിന് നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയില്ല. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബഞ്ച് വ്യക്തമാക്കി.
അതിനിടെ, കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ ഡൽഹി റോസ് അവന്യൂ കോടതി നീട്ടി. സുപ്രീംകോടതി ഹർജി പരിഗണിക്കുന്നതിനിടെയാണ് ഡൽഹി കോടതിയുടെ ഉത്തരവ് വന്നത്.
കെജ്‌രിവാൾ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും ഇലക്ഷൻ നടക്കുന്ന സമയമാണെന്നും അതുകൊണ്ടുതന്നെ കെജ്രിവാളിന്റെ അറസ്റ്റ് അസാധാരണ സാഹചര്യമാണെന്നും ചൂണ്ടിക്കാട്ടിയ കോടതി, കെജ്‌രിവാൾ 'സ്ഥിരം കുറ്റവാളിയല്ലെന്ന്, വാദത്തിനിടെ കൂട്ടിച്ചേർത്തു.
ഇലക്ഷൻ കാമ്പയിൻ നടത്താൻ കെജ്‌രിവാളിന് ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് 25നാണ് ഡൽഹിയിൽ ഏഴ് മണ്ഡലങ്ങളിൽ വോട്ടെടുപ്പ്. എന്നാൽ, ജാമ്യം നൽകുന്നതിനെ ഇ.ഡിയും കേന്ദ്ര സർക്കാറും ശക്തിയായി എതിർത്തു. ജാമ്യം അനുവദിച്ചാൽ, മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകൾ നിർവഹിക്കരുതെന്ന് സുപ്രീകോടതി നിർദേശിച്ചു. എന്നാൽ, താൻ ഒപ്പിടാത്തതിന്റെ പേരിൽ ഫയലുകൾക്ക് ലഫ്. ജനറൽ അംഗീകാരം നൽകാത്ത സാഹചര്യമുണ്ടാകരുതെന്ന് കെജ്‌രിവാൾ പറഞ്ഞു.
കേസിലെ എല്ലാ പ്രതികളെയും ഒരേ പേരെ പരിഗണിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
2022-ലെ ഗോവ ഇലക്ഷൻ കാലത്ത് കെജ്‌രിവാൾ ആഡംബര ഹോട്ടലായ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലാണ് താമസിച്ചിരുന്നതെന്നും ബിൽ കൊടുത്തത്, ആപ്പ് കാമ്പയിന് പണം സ്വീകരിച്ചതായി ആരോപണമുയർന്ന ചൻപ്രീത് സിങ്ങാണെന്നും ഇ.ഡിയുടെ അഭിഭാഷകൻ വാദിച്ചു. ഇത് രാഷ്ട്രീയപ്രേരിതമായ കേസല്ല. ഞങ്ങൾ ഇതിൽ രാഷ്ട്രീയം പരിഗണിക്കുന്നില്ല. ഞങ്ങൾക്ക് തെളിവുകളാണ് പ്രധാനം, അത് ഞങ്ങളുടെ കൈവശമുണ്ട്- അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട പണം ഹവാല ഓപ്പറേഷനുകളിലൂടെയാണ് കൈമാറിയതെന്നും 176 ഫോണുകൾ നശിപ്പിക്കപ്പെട്ടുവെന്നും രാജു വാദിച്ചു.
കെജ്‌രിവാളിനുള്ള പങ്ക് എന്തുകൊണ്ട് നേരത്തെ അന്വേഷിച്ചില്ല എന്ന് കോടതി ചോദിച്ചപ്പോൾ അന്വേഷണം നടക്കുകയായിരരുന്നുവെന്നും കെജ്‌രിവാളിനെ നേരിട്ട് ബന്ധപ്പെടുത്താവുന്ന കാരണങ്ങൾ അപ്പോൾ ഉണ്ടായിരുന്നില്ലെന്നും ഇ.ഡി പറഞ്ഞു.
മാർച്ച് 21നാണ് കെജ്‌രിവാളിനെ അറസ്റ്റു ചെയ്തത്.