ദല്‍ഹിയില്‍ ബി.ജെ.പിയുടെ വിജയമാഘോഷിക്കുന്ന സ്റ്റേറ്റ് പ്രസിഡന്റ് വീരേന്ദ്ര സച്ദേവ

തിരിച്ചുപിടിച്ച ബി.ജെ.പി, തോൽവിയുടെ ആപ്പ്,
സംപൂജ്യ കോൺഗ്രസ്;
എന്തുകൊണ്ട് ഇങ്ങനെയൊരു
DELHI RESULT?

എടുത്തുപറയാനില്ലാത്ത ഒരു സംസ്ഥാന നേതാവും നേതൃത്വവുമില്ലാതിരുന്നിട്ടും ദൽഹി ബി.ജെ.പിയെ ജയിപ്പിച്ചുവിട്ടത്, അത്രമേൽ സമീകരിക്കപ്പെട്ട രണ്ട് പാർട്ടികൾ തമ്മിലുള്ള 'സൗഹൃദ മത്സര'മായിരുന്നു ഇത്തവണ നടന്നത് എന്നതുകൊണ്ടാണ്.

National Desk

ക്‌സിറ്റ് പോൾ പ്രവചനം ഫലിച്ചു, 27 വർഷത്തെ കാത്തിരിപ്പിനുശേഷം ബി.ജെ.പി ദൽഹിയിൽ അധികാരത്തിലേക്ക്.

കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ രാജ്യത്ത് ഏറ്റവും വേഗത്തിൽ വളർച്ച കൈവരിച്ച പൊളിറ്റിക്കൽ സ്റ്റാർട്ടപ്പായ ആം ആദ്മി പാർട്ടിയ്ക്ക് ഹാട്രിക് നഷ്ടമായി, സ്വന്തം തട്ടകത്തിൽ, അതിന്റെ ഹ്രസ്വമായ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയോടെ. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും വൻ തോൽവി. മുഖ്യമന്ത്രി അതിഷി കഷ്ടിച്ച് കടന്നുകൂടി.

പ്രതീക്ഷ വട്ടപ്പൂജ്യമായിരുന്ന കോൺഗ്രസ്, ആ പ്രതീക്ഷയില്ലായ്മ അതേപടി നിലനിർത്തി, വട്ടപ്പൂജ്യം തന്നെ. ചില എക്സിറ്റ് പോളുകൾ നൽകിയ ഒരു സീറ്റ് എന്ന ‘ഔദാര്യ’ത്തിലേക്കുപോലുമെത്താൻ, 15 വർഷം തുടർച്ചയായി ദൽഹി അടക്കിവാണ പാർട്ടിക്കായില്ല.

അവസാന ഫലസൂചനകളിലെ ലീഡ് നില:

70 സീറ്റിൽ ബി.ജെ.പി: 48
ആം ആദ്മി പാർട്ടി: 22
കോൺഗ്രസ്: 0
കേവല ഭൂരിപക്ഷം: 36

ബി.ജെ.പി- 46.35,
ആപ്പ്- 43.48,
കോൺഗ്രസ്- 6.39
ശതമാനം വീതം വോട്ടു നേടിയെന്നാണ്
പ്രാഥമിക കണക്ക്.

കെജ്രിവാൾ, സിസോദിയ:
തോൽപ്പിച്ചത് കോൺഗ്രസോ?

ശക്തമായ ഭരണവിരുദ്ധവികാരമാണ് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും തോൽവിക്കിടയാക്കിയത്. മദ്യനയക്കേസിൽ ജയിലിലടയ്ക്കപ്പെട്ട നേതാക്കൾ കൂടിയാണിവർ. ഇവരുടെ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക്, ബി.ജെ.പി നേടിയ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടുണ്ട്. അതായത്, ആപ്പും കോൺഗ്രസും ഒന്നിച്ചായിരുന്നു മത്സരമെങ്കിൽ, ആപ്പിന് ഈ രണ്ട് നേതാക്കളെയെങ്കിലും ജയിപ്പിക്കാമായിരുന്നു.

അരവിന്ദ് കെജ്രിവാള്‍
അരവിന്ദ് കെജ്രിവാള്‍

ന്യൂദൽഹി മണ്ഡലത്തിൽ, മുഖ്യമന്ത്രിയാകാൻ സാധ്യത കൽപ്പിക്കുന്ന ബി.ജെ.പിയുടെ പർവേശ് വർമ അരവിന്ദ് കെജ്രിവാളിനെ 4089 വോട്ടിനാണ് തോൽപ്പിച്ചത്. മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനും കോൺഗ്രസ് സ്ഥാനാർഥിയുമായ സന്ദീപ് ദീക്ഷിതിന് 4568 വോട്ടാണുള്ളത്.

ജംഗ്പുരയിൽ ബി.ജെ.പിയുടെ തർവീന്ദർ സിങ് മർവാ മനീഷ് സിസോദിയയെ 675 വോട്ടിനാണ് തോൽപ്പിച്ചത്. കോൺഗ്രസിന്റെ ഫർഹാദ് സൂരി 7350 വോട്ടാണ് നേടിയത്.

കൽക്കാജി മണ്ഡലത്തിൽ മുഖ്യമന്ത്രി അതിഷിയ്ക്ക് കഷ്ടി ജയം, ബി.ജെ.പിയുടെ രമേഷ് ബിധുരിക്കെതിരെ 3580 വോട്ടിന്. ഇവിടെ കോൺഗ്രസിലെ അൽക ലാംബയ്ക്ക് 4367 വോട്ടുണ്ട്.

വോട്ടെണ്ണലിന്റെ അവസാന ലീഡു നിലയില്‍ ബി.ജെ.പി മുന്‍തൂക്കം നേടിയ 48-ല്‍ 30 സീറ്റിലും 10,000- ലേറെ വോട്ടിനാണ് മുന്നിട്ടുനില്‍ക്കുന്നത്.

ആം ആദ്മി പാര്‍ട്ടിയ്ക്ക് മുന്‍തൂക്കമുള്ള 22 സീറ്റില്‍ 12 ഇടത്ത് 10,000-ലേറെ വോട്ടിനാണ് മുന്നില്‍. എട്ടിടത്ത് 4000-ല്‍ താഴെ വോട്ടാണ് കൂടുതലുള്ളത്.

ചില പ്രവണതകൾ

വോട്ടെണ്ണലിന്റെ എല്ലാ റൗണ്ടിലും ഏതാണ്ട് ഏകപക്ഷീയമായിരുന്നു ബി.ജെ.പിയുടെ മുന്നേറ്റം. ബാലറ്റ് വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ തന്നെ ബി.ജെ.പി ആപ്പിനേക്കാൾ ഇരട്ടി സീറ്റുകളിൽ മുന്നിലായിരുന്നു. എട്ടരയായപ്പോൾ കേവല ഭൂരിപക്ഷത്തിന് അടുത്ത സീറ്റുകളിലേക്ക്, 33 സീറ്റിലേക്ക്, ബി.ജെ.പി ലീഡ് ഉയർത്തി. ഈ സമയം ആപ്പിന് 16 സീറ്റിലായിരുന്നു ലീഡ്. ഒരു മണിക്കൂറാകുന്നതിനുമുമ്പുതന്നെ ബി.ജെ.പി കേവല ഭൂരിപക്ഷമായ 36 സീറ്റിൽ ലീഡ് നേടിയെടുത്തു. 11 മണിയോടെ 40-ലേറെ സീറ്റുകളിൽ മുന്നേറി ജയം ഉറപ്പിച്ചു, പാർട്ടി ആസ്ഥാനത്ത് വിജയാഘോഷവും തുടങ്ങി. അങ്ങനെ മോദിയുടെ ‘ഡബ്ൾ എഞ്ചിൻ’ ദൽഹിയിൽ ഉരുളാൻ തുടങ്ങുന്നു.

എക്സിറ്റ് പോളുകൾക്കുമുമ്പേ ഏതാണ്ട് പ്രവചിക്കപ്പെട്ട വിജയമായിരുന്നു ബി.ജെ.പിയുടേത്. അടിസ്ഥാനവർഗ രാഷ്ട്രീയത്തിലൂന്നിയ പൊളിറ്റിക്കൽ വോട്ടുകൾ ഭിന്നിച്ചതും മധ്യവർഗ ​വോട്ടുകളുടെ അമിത ധ്രുവീകരണവുമാണ് ബി.ജെ.പിയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്.

മനീഷ് സിസോദിയ
മനീഷ് സിസോദിയ

പത്തു വർഷമായി ആം ആദ്മി പാർട്ടിയുടെ കുത്തകയായിരുന്ന നഗരകേന്ദ്രീകൃത സീറ്റുകൾ ബി.ജെ.പിക്ക് തിരിച്ചുപിടിക്കാനായി. വോട്ടിങ് ശതമാനത്തിൽ നഗരമേഖലകളിൽ ഇത്തവണ കഴിഞ്ഞ തവണത്തേതിനേക്കാൾ നേരിയ വർധനവുണ്ടായിരുന്നു. ഇത്, ബി.ജെ.പിക്ക് അനുകൂലമായ മധ്യവർഗ വോട്ടുകളായി മാറി.

ന്യൂനപക്ഷ മണ്ഡലങ്ങളായ ഓഖ്‍ല, മാതിയ മഹൽ, ബദർപുർ, ചാന്ദ്നി ചൗക്ക്, ബെല്ലിമാരൻ, സീലാംപുർ എന്നിവിടങ്ങളിൽ ആപ്പിനാണ് ജയം. മുസ്തഫാബാദിൽ ബി.ജെ.പിയുടെ മോഹൻസിങ് ബിഷ്ത് ആപ്പിന്റെ അദീൽ അഹമ്മദ് ഖാനെ തോൽപ്പിച്ചു.
പിന്നാക്ക- ദരിദ്ര വിഭാഗങ്ങളിലുള്ളവർക്ക് ഭൂരിപക്ഷമുള്ള മേഖലകളിൽ ലീഡ് നിലയിൽ ആപ്പിന് മുൻതൂക്കമുണ്ടെങ്കിലും ബി.ജെ.പിയ്ക്കും വോട്ട് പിടിക്കാനായിട്ടുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള വടക്കു- കിഴക്കൻ ദൽഹിയിൽ 66.25 ശതമാനം ഉയർന്ന പോളിങ്ങുണ്ടായിരുന്നു. ഇവിടെ, പൊലീസും ബി.ജെ.പി പ്രവർത്തകരും വോട്ടർമാർ ബൂത്തുകളിൽ എത്തുന്നതിനെ ഭീഷണിയിലൂടെ തടഞ്ഞുവെന്ന ആം ആദ്മി ആരോപണത്തിൽ വസ്തുതയില്ലായിരുന്നുവെന്ന് ഈ വോട്ടിങ് ശതമാനം തെളിയിച്ചു. മാത്രമല്ല, ഇവിടെ ബി.ജെ.പിയ്ക്ക് നേട്ടമുണ്ടാക്കാനുമായി.

സാധാരണ മനുഷ്യരുടെ ദുരിതങ്ങൾ ഇത്തവണ കാമ്പയിനിൽ ചർച്ചയായെങ്കിലും അവ കാമ്പയിനായി തന്നെ ഒടുങ്ങി. അടിസ്ഥാന സൗകര്യവികസനത്തിൽ ദൽഹി ഏറെ പരിതാപകരമായ അവസ്ഥയിലായിരുന്നു. ഗതാഗതയോഗ്യമല്ലാത്ത റോഡുകൾ, മാലിന്യനിർമാർജനം, മലിനീകരണം തുടങ്ങിയ പ്രശ്‌നങ്ങൾ ഭരണവിരുദ്ധവികാരത്തിനിടയാക്കി. ഇവ പരിഹരിക്കാനുള്ള മൂർത്തമായ ഉറപ്പുകൾ എവിടെനിന്നുമുണ്ടായില്ല. പകരം ആനുകൂല്യങ്ങൾ വാരിവിതറിയ വാഗ്ദാനങ്ങളാണ് ആധിപത്യം പുലർത്തിയത്. കേന്ദ്ര ബജറ്റിലൂടെയും ​പ്രകടനപത്രികയിലെ ആനുകൂല്യ രാഷ്ട്രീയത്തിലൂടെയും മോദി സർക്കാർ നടത്തിയ മിഡിൽ ക്ലാസ് പ്രീണനമാണ് ബി.ജെ.പിയുടെ തിരിച്ചുവരവിൽ പ്രധാന ഘടകമായതെന്ന് പ്രാഥമികമായി വിലയിരുത്താം. ബി.ജെ.പി അധികാരത്തിൽ വന്നാൽ ആപ്പ് സർക്കാർ തുടങ്ങിവച്ച ക്ഷേമ പരിപാടികളൊന്നും നിർത്തില്ലെന്ന പ്രധാനമന്ത്രി മോദിയുടെ ഉറപ്പിൽ ഒരു വിഭാഗം വോട്ടർമാർ പ്രതീക്ഷയർപ്പിച്ചതായി ഫലം തെളിയിക്കുന്നു.

മാലിന്യനിർമാർജനം, മലിനീകരണം തുടങ്ങിയ പ്രശ്‌നങ്ങൾ ഭരണവിരുദ്ധവികാരത്തിനിടയാക്കി. ഇവ പരിഹരിക്കാനുള്ള മൂർത്തമായ ഉറപ്പുകൾ എവിടെനിന്നുമുണ്ടായില്ല.
മാലിന്യനിർമാർജനം, മലിനീകരണം തുടങ്ങിയ പ്രശ്‌നങ്ങൾ ഭരണവിരുദ്ധവികാരത്തിനിടയാക്കി. ഇവ പരിഹരിക്കാനുള്ള മൂർത്തമായ ഉറപ്പുകൾ എവിടെനിന്നുമുണ്ടായില്ല.

ആപ്പായി മാറിയ ബി.ജെ.പി

ആം ആദ്മി പാർട്ടിയും ബി.ജെ.പിയും കോൺഗ്രസും ഇത്തവണ പയറ്റിയത് ഒരേ തന്ത്രമാണ്; മിഡിൽ ക്ലാസ് മാനേജുമെന്റ്.
ആപ്പ്, ഇടത്തരക്കാർക്കുവേണ്ടി പ്രത്യേക പ്രകടനപത്രിക തന്നെയിറക്കി. ടാക്‌സ് ടെററിസത്തിലൂടെ സർക്കാറിന്റെ എ.ടി.എം ആയി മധ്യവർഗം ചൂഷണം ചെയ്യപ്പെടുകയാണ് എന്ന കുറ്റപ്പെടുത്തലുമായാണ് കെജ്‌രിവാൾ ഈ പ്രത്യേക പ്രകടനപത്രിക പുറത്തിറക്കിയത്.
വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, ആദായനികുതി ഇളവ് പരിധി ഏഴിൽനിന്ന് പത്തു ലക്ഷമാക്കൽ, അവശ്യസാധനങ്ങൾക്ക് ജി.എസ്.ടി ഒഴിവാക്കൽ, മുതിർന്ന പൗരർക്ക് റെയിൽവേയിൽ 50 ശതമാനം കൺസഷൻ, ഉന്നത വിദ്യാഭ്യാസത്തിന് സബ്‌സിഡി എന്നീ വാഗ്ദാനങ്ങളും പ്രഖ്യാപിച്ചു.

ബി.ജെ.പിയാകട്ടെ, ഒരു കേന്ദ്ര ബജറ്റുതന്നെ മിഡിൽ ക്ലാസിനായി നീക്കിവെച്ച് ആപ്പിനെ കടത്തിവെട്ടി. 12 ലക്ഷം രൂപ വരെയുള്ളവർക്ക് ആദായ നികുതി ഇക്‍വ് നൽകിയത് ദൽഹിയ്ക്കുള്ള സമ്മാനമാണ് എന്നാണ് ബി.ജെ.പി കാമ്പയിൻ ​ചെയ്തത്. ഇതുവഴി നഗരങ്ങളിലെ മധ്യവർഗത്തിന് ഒരു ലക്ഷം കോടി രൂപയാണ് ലാഭിക്കാനാകുന്നത് എന്നാണ് വലതുപക്ഷ സാമ്പത്തിക വിദഗ്ധർ കണക്കുകൂട്ടുന്നത്. ഇടത്തരക്കാരുടെ കൈയിൽ കൂടുതൽ പണം വരുമ്പോൾ അത് കൂടുതലായി ചെലവഴിക്കപ്പെടും. ചെറുകിട- ഇടത്തരം വ്യാപാര- സാമ്പത്തിക മേഖലകൾക്ക് അത് ഉത്തേജനമാകും- അങ്ങനെ പോയി അവരുടെ പതിവ് അവകാശവാദങ്ങൾ. ഒരു നിയമസഭാ ഇലക്ഷനുവേണ്ടിയുള്ള കാമ്പയിനെന്നോണം ഒരു കേന്ദ്ര ബജറ്റിനെ അവതരിപ്പിച്ചത് ഇതാദ്യമായിരിക്കാം. അത് തെരഞ്ഞെടുപ്പുചട്ടങ്ങളുടെ ലംഘനം കൂടിയാണ് എന്ന ഘടകം ഇതുവരെ ചർച്ച ചെയ്യപ്പെട്ടിട്ടുമില്ല.

കേന്ദ്ര ബജറ്റിനുമുമ്പ് എട്ടാം ശമ്പള കമീഷൻ പ്രഖ്യാപിച്ചിരുന്നു. നാലു ലക്ഷം സർക്കാർ ജീവനക്കാരുള്ള ദൽഹിയിൽ ഈ തീരുമാനം ബി.ജെ.പിയ്ക്ക് അനുകൂലമായിട്ടുണ്ട്.

രാഷ്ട്രീയ വോട്ടിംഗ് ഏറക്കുറെ അസാധ്യമാക്കുംവിധം ദൽഹിയിൽ ആം ആദ്മി പാർട്ടി തന്നെ തുടങ്ങിവെച്ച വെൽഫെയർ പൊളിറ്റിക്‌സിനെ കുറെക്കൂടി വിപുലമായി പ്രാവർത്തികമാക്കുകയായിരുന്നു ബി.ജെ.പി. സൗജന്യ വൈദ്യുതി, സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണം, ആരോഗ്യസുരക്ഷാ പദ്ധതികൾ തുടങ്ങിയവ എല്ലാ പാർട്ടികളും പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതികൾ നടപ്പിലാക്കാൻ ആരുടെ കൈയിലാണ് കൂടുതൽ അധികാരം എന്ന പരിഗണനയായിരിക്കാം, മധ്യവർഗത്തെ ബി.ജെ.പിയോട് അടുപ്പിച്ചത്.

എടുത്തുപറയാനില്ലാത്ത ഒരു സംസ്ഥാന നേതാവും നേതൃത്വവുമില്ലാതിരുന്നിട്ടും ദൽഹി ബി.ജെ.പിയെ ജയിപ്പിച്ചുവിട്ടത്, അത്രമേൽ സമീകരിക്കപ്പെട്ട രണ്ട് പാർട്ടികൾ തമ്മിലുള്ള 'സൗഹൃദ മത്സര'മായിരുന്നു ഇത്തവണ നടന്നത് എന്നതുകൊണ്ടാണ്.

സ്ത്രീവോട്ടർമാരാണ്, ആപ്പും ബി.ജെ.പിയും ലക്ഷ്യം വെച്ച മറ്റൊരു വിഭാഗം. 71 ലക്ഷം സ്ത്രീവോട്ടർമാരാണ് ദൽഹിയിലുള്ളത്. സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നിക്ഷേപിക്കുന്ന പദ്ധതി എല്ലാ പാർട്ടികളും ഇത്തവണയും പ്രഖ്യാപിച്ചിരുന്നു.

ഭിന്നിച്ച രാഷ്ട്രീയ വോട്ട്

യഥാർഥത്തിൽ, ഇരു പാർട്ടികളും ലക്ഷ്യം വച്ച മിഡിൽ ക്ലാസ് വോട്ട് ബേസിനപ്പും, കൃത്യമായ പൊളിറ്റിക്കൽ വോട്ടിംഗിലൂടെ റിസൾട്ടിനെ സ്വാധീനിക്കാൻ കഴിയുന്ന മുസ്‌ലിം വോട്ടും ദലിതുകളും ചേരിനിവാസികളും ദിവസക്കൂലിക്കാരുമടങ്ങുന്ന അതിശക്തമായ വോട്ടർ സമൂഹവും ദൽഹിയിലുണ്ട്. ആകെയുള്ള 1.55 കോടി വോട്ടർമാരിൽ 13 ശതമാനവും ദരിദ്രജനവിഭാഗക്കാരാണ്. ഒരു കാലത്ത് കോൺഗ്രസിന്റെ കുത്തകയായിരുന്നു ഈ വോട്ടുകൾ ആം ആദ്മി പാർട്ടിയുടെ വരവോടെ ഭിന്നിച്ചു. 2015, 2020 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആപ്പിന് വൻ ഭൂരിപക്ഷം നേടിക്കൊടുത്തതിൽ ഈ വിഭാഗത്തിന്റെ വോട്ടിന് നിർണായക പങ്കുണ്ടായിരുന്നു.
2020-ൽ ആകെയുള്ള 12 പട്ടികജാതി സംവരണ സീറ്റുകളിലും ആപ്പിന് വൻ ഭൂരിപക്ഷമുണ്ടായിരുന്നു. ബി.ജെ.പിയേക്കാൾ ശരാശരി 25,000- 30,000 വോട്ടിന്റെ ഭൂരിപക്ഷം.
ആം ആദ്മി പാർട്ടിയ്ക്ക് ലഭിച്ചിരുന്ന പട്ടികജാതി വോട്ടിൽ ഒരു ഭാഗം ഇത്തവണ ബി.ജെ.പിയിയ്ക്കും നേടാനായിട്ടുണ്ടെന്ന് റിസൾട്ടിന്റെ ആദ്യ സൂചനകൾ ​കാണിക്കുന്നു.

ആകെ വോട്ടർമാരിൽ 12.9 ശതമാനം വരുന്ന മുസ്‌ലിം ന്യൂനപക്ഷവും കഴിഞ്ഞ തവണ ആപ്പിനൊപ്പമാണ് നിന്നത്. 2020-ൽ, 50 ശതമാനത്തിലേറെ മുസ്‌ലിം ഭൂരിപക്ഷമുള്ള മാതിയ മഹൽ, ബെല്ലിമാരൻ, ഒഖ്‌ല, സിലാംപുർ, മുസ്തഫാബാദ് എന്നീ അഞ്ച് സീറ്റുകളിൽ ആപ്പ് മുസ്‌ലിം സ്ഥാനാർഥികളെയാണ് നിർത്തിയത്. അഞ്ചുപേരും വൻ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 1998- 2013 കാലത്ത്, ഷീല ദീക്ഷിതിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേടിയ തുടർച്ചയായ മൂന്നു ജയങ്ങളിലും മുസ്‌ലിം വോട്ടാണ് നിർണായകമായത്.

2020-ൽ ബി.എസ്.പി, അസദ്ദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം, എൻ.സി.പി, ആർ.ജെ.ഡി, ശിവസേന എന്നീ പാർട്ടികളും മുസ്‌ലിം സ്ഥാനാർഥികളെ നിർത്തി പരീക്ഷണം നടത്തി. അങ്ങനെ മുസ്‌ലിം വോട്ടുകൾ പലതായി വിഭജിക്കപ്പെട്ടു.

ബി.ജെ.പിയുടെ ഹിന്ദുത്വയ്‌ക്കൊപ്പം മത്സരിക്കാൻ, മൃദു ഹിന്ദുത്വ വിട്ട് ആപ്പ് ബി.ജെ.പിയോളം തീവ്രമായ ഹിന്ദുത്വ പാർട്ടിയായാണ് ഇലക്ഷൻ കാലത്ത് അവതരിച്ചിരുന്നത്. മാത്രമല്ല, 2020 ഫെബ്രുവരിയിൽ വടക്കു- കിഴക്കൻ ദൽഹിയിലുണ്ടായ കലാപം, പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഎന്നിവയിൽ ആപ്പ് തങ്ങൾക്കൊപ്പമുണ്ടായിരുന്നില്ല എന്ന യാഥാർഥ്യം മുസ്‌ലിം ന്യൂനപക്ഷം മനസ്സിലാക്കി. അതുകൊണ്ടുതന്നെ, ന്യൂനപക്ഷത്തിന് ആം ആദ്മി പാർട്ടിയിലുണ്ടായിരുന്ന വിശ്വാസം നഷ്ടമായിക്കഴിഞ്ഞിരുന്നു. എങ്കിലും ആപ്പിനുതന്നെ വോട്ടു ചെയ്യുകയല്ലാതെ ന്യൂനപക്ഷങ്ങൾക്ക് മറ്റൊരു വഴിയുണ്ടായിരുന്നില്ല. ആ ‘ഗതികേടി’ലാണ് ഇത്തവണയും മുസ്തഫാബാദ് ഒഴിച്ചുള്ള മുസ്‍ലിം ഭൂരിപക്ഷ സീറ്റുകളിൽ ആപ്പിന് ജയിക്കാനായത്.

മുസ്തഫാബാദിലെ ജയം ബി.ജെ.പിയെ സംബന്ധിച്ച് നിർണായകമാണ്. ന്യൂനപക്ഷ വോട്ടുകളിൽ ഒരു ഭാഗം നേടിയെടുക്കാൻ ബി.ജെ.പിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ആർ.എസ്.എസിന്റെ
‘SC സ്വാഭിമാൻ’

ദലിത് വിഭാഗ വോട്ടുകളിലും ഇത്തവണ സമാന ഭിന്നിപ്പുണ്ടായി. ഇത് മുൻകൂട്ടി കണ്ട് ആർ.എസ്.എസും ബി.ജെ.പിയും അതിശക്തമായ കാമ്പയിനാണ് ഈ മേഖലകളിൽ നടത്തിയത്. മാസങ്ങൾക്കുമുമ്പേ പ്രവർത്തകരെ വിന്യസിച്ച് അടിത്തട്ടുപ്രവർത്തനം ശക്തമാക്കി നടത്തിയ ‘ഹരിയാന മോഡലാ’ണ് ആർ.എസ്.എസ് ദൽഹിയിലും പ്രയോഗിച്ചത്.
ചേരികൾ തുടച്ചുമാറ്റില്ല എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തോടെയായിരുന്നു തുടക്കം. 12 സംവരണ സീറ്റുകളടക്കം പട്ടികജാതിക്കാർ നിർണായകമായ 30 സീറ്റുകൾ പ്രത്യേകമായി തെരഞ്ഞെടുത്ത് ആർ.എസ്.എസ് കാമ്പയിൻ ശക്തമാക്കി. രാജേന്ദർ നഗർ, ചാന്ദനി ചൗക്ക്, ആദർശ് നഗർ, ഷഹാദ്ര, തുഗ്ലക്കാബാദ്, ബജ്‌വാസൻ എന്നീ മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് സംഘ്പരിവാർ സംഘടനകൾ ശക്തമായ കാമ്പയിനാണ് മാസങ്ങളായി നടത്തിയിരുന്നത്. ഈ മേഖലകളിലെ 3500 ദലിത് നേതാക്കളെ മുന്നിൽനിർത്തി 30 മണ്ഡലങ്ങളിലും എസ്.സി സ്വാഭിമാൻ സമ്മേളനങ്ങൾ നടത്തി. ഇതിൽ രാഷ്ട്രീയ നേതാക്കൾ കൂടാതെ പ്രൊഷഫനലകളും വിവിധ മേഖലകളിൽ നേട്ടങ്ങളുണ്ടാക്കിയവരും സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസർമാരുമെല്ലാം പങ്കെടുത്തു. ഈ സമ്മേളനങ്ങളിൽ 1500- 2500 പേർ വീതമാണ് പങ്കെടുത്തത്. അതോടെ, ഓരോ മണ്ഡലത്തിലും സാധാരണക്കാരെ കൂടുതലായി പാർട്ടി പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരികയും ചെയ്തു. രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്രിവാളും പരസ്പരം അഴിമതിക്കഥകൾ പറഞ്ഞ് ​പോരടിച്ചുകൊണ്ടിരുന്നപ്പോൾ, ഫലം കൊയ്യാൻ ആർ.എസ്.എസ് കാണാമറയത്ത് ഉറക്കമുളയ്ക്കുകയായിരുന്നു.

ആപ്പിന് സംഭവിച്ചത്

2015-ൽ വ്യത്യസ്തമായ പരീക്ഷണമെന്ന നിലയ്ക്കും 2020-ൽ, ഭരണാധികാരത്തിലൂടെ ആ പരീക്ഷണത്തിന് നേടിയെടുക്കാൻ കഴിഞ്ഞ ജനപ്രിയതയുടെയും അടിസ്ഥാനത്തിലാണ് രണ്ടു തവണയും ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. എന്നാൽ, ഇത്തവണ പ്രതിച്ഛായാനഷ്ടം സംഭവിച്ച പാർട്ടിയും സർക്കാറുമായാണ് ആപ്പ് ജനങ്ങളുടെ മുന്നിൽ നിന്നത്. പാർട്ടിയുടെ ഏറ്റവും ശക്തമായ അഴിമതിവിരുദ്ധമുഖം, അഴിമതിക്കേസുകളാൽ മറയ്ക്കപ്പെട്ടു. മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും മറ്റു നേതാക്കളും ജയിലിലയ്ക്കപ്പെട്ടിട്ടും അത് കേന്ദ്ര സർക്കാറിന്റെ പകപോക്കൽ നടപടിയാണെന്ന് പാർട്ടി തന്നെ ഏതാണ്ട് വിശ്വസനീയമാംവിധം രേഖകൾ സഹിതം വിശദീകരിച്ചിട്ടും അത് ജനങ്ങളിൽ അത്ര ഏശിയില്ല. ഒടുവിൽ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് കെജ്രിവാൾ രാഷ്ട്രീയ ധാർമികതയുടെ പടച്ചട്ടയണിയാൻ ശ്രമിച്ചു. എന്നാൽ, മുഖ്യമന്ത്രിയും പാർട്ടിയും നേരിട്ട ആക്രമണത്തെ ജനകീയ പ്രതിഷേധമായി വളർത്തിയെടുക്കാനായില്ല എന്നതുതന്നെ വിശ്വാസനഷ്ടത്തിന്റെ സൂചനയായിരുന്നു.

മദ്യനയക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവർ ജയിലിലായ സാഹചര്യം ആപ്പിനെ സംഘടനാപരമായി തകർത്തിരുന്നു.

വിവിധ വിഭാഗങ്ങൾക്ക് നേരിട്ട് ആനുകൂല്യങ്ങൾ എത്തിക്കുന്ന വെൽഫെയർ പൊളിറ്റിക്‌സിന്റെ പ്രായോഗിക തന്ത്രങ്ങൾ ആപ്പിനേക്കാൾ പ്രായോഗികമായി പയറ്റുന്ന പാർട്ടിയായി ഇത്തവണ ബി.ജെ.പി മാറിക്കഴിഞ്ഞിരുന്നു. ഇതോടൊപ്പം, ബി.ജെ.പി നഗ്‌നമായി തന്നെ പയറ്റുന്ന വർഗീയ രാഷ്ട്രീയത്തെ അതേ പരവതാനി വിരിച്ച് സ്വീകരിക്കുകയാണ് ആപ്പും അരവിന്ദ് കെജ്‌രിവാളും ചെയ്തത്. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആക്രമണത്തിനിരയായ ന്യൂനപക്ഷങ്ങളും ബുൾഡോസർ രാജിനിരയാക്കപ്പെട്ട ചേരിനിവാസികളുമെല്ലാം ആപ്പിനെ ഇത്തവണ അവിശ്വാസത്തോടെയാണ് കണ്ടത്.

കോൺഗ്രസ്
‘ജയിപ്പിച്ചെടുത്ത’ യുദ്ധം

സ്വന്തം മുന്നണിയിലെ ഘടകകക്ഷിയായ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ സഖ്യകക്ഷിയായ ആം ആദ്മി പാർട്ടിയെ മുഖ്യശ​ത്രുവാക്കി കോൺഗ്രസ് നടത്തിയ യുദ്ധം രാഷ്ട്രീയനേട്ടമുണ്ടാക്കിയത് ബി.ജെ.പിക്കാണ്. തങ്ങൾക്ക് പ്രതീക്ഷിക്കാൻ ഒരു സീറ്റ് മാത്രമുള്ളിടത്ത്, ആപ്പ് ജയിക്കുന്നതിനേക്കാൾ ബി.ജെ.പി ജയിക്കുന്നതാണ് പാർട്ടിയ്ക്ക് ഗുണം ചെയ്യുക എന്ന ദൽഹി കോൺഗ്രസ് ഘടകത്തിന്റെ തന്ത്രം ജയിച്ചുവെന്ന് പറയാം.

'ഇന്ത്യ' മുന്നണിയിലെ പ്രധാന രണ്ടു കക്ഷികളായ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ കൊടും ശത്രുതയോടെ നടത്തിയ പോരാട്ടം ബി.ജെ.പിയുടെ രാഷ്ട്രീയ കാമ്പയിന് വിശ്വാസ്യത നൽകാൻ പോന്നതായിരുന്നു.

അണ്ണാ ഹസാരയുടെ സത്യാഗ്രഹം
അണ്ണാ ഹസാരയുടെ സത്യാഗ്രഹം

മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ നേതൃത്വത്തിൽ 15 വർഷം ചോദ്യ ചെയ്യാനാകാത്ത ശക്തിയായിരുന്നു ദൽഹിയിൽ കോൺഗ്രസ്. അഴിമതി വിരുദ്ധ മുദ്രാവാക്യവും പുതിയൊരു സംഘടനാഘടനയും ജനകീയമെന്ന് തോന്നിപ്പിച്ച നേതൃനിരയുമായി വന്ന ആം ആദ്മി പാർട്ടിയാണ് 2013-ൽ കോൺഗ്രസിന്റെ ദൽഹി വോട്ടുബേസ് ഇളക്കിയെടുത്തത്. ആദ്യ മത്സരത്തിൽ തന്നെ ആം ആദ്മി പാർട്ടി നേടിയത് 28 സീറ്റും 29.5 ശതമാനം വോട്ടും. അണ്ണാ ഹസാരേ സമരത്തിന്റെ കേന്ദ്രമായിരുന്ന ന്യൂദൽഹി മേഖയിലെ പത്തിൽ ഏഴിടത്തും ആപ്പ് ഗംഭീര ജയമാണ് നേടിയത്. ബി.ജെ.പിയ്ക്ക് 31 സീറ്റും കോൺഗ്രസിന് എട്ടു സീറ്റുമായിരുന്നു. കോൺഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയായി. 49 ദിവസത്തിനുശേഷം കെജ്‌രിവാൾ രാജിവെച്ചു.
2015-ൽ 70-ൽ 67 സീറ്റ് നേടി തൂത്തുവാരി. കോൺഗ്രസിന് വട്ടപ്പൂജ്യം. ബി.ജെ.പിയ്ക്ക് മൂന്നു സീറ്റ്.
2020-ൽ ആപ്പിന് സീറ്റ് കുറഞ്ഞു, 62. ബി.ജെ.പി അൽപം മെച്ചപ്പെടുത്തി, എട്ട്.
ആപ്പ് ശക്തി പ്രാപിച്ച കഴിഞ്ഞ പത്തു വർഷം കൊണ്ട് കോൺഗ്രസിലെ കാലിനടിയിലെ മണ്ണ് പൂർണമായും ഒലിച്ചുപോയി. നിയമസഭയിലേതുപോലെ ലോക്സഭാ തെരഞ്ഞെടുപ്പിലും സമ്പൂർണ പരാജയം. ‘ഇന്ത്യ’ മുന്നണി ദൽഹിയെ സംബന്ധിച്ച് ഒരു തോറ്റ പരീക്ഷണം കൂടിയായിരുന്നു. രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്രിവാളും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തോളിൽ കൈയിട്ട് കാമ്പയിൻ നടത്തിയെങ്കിലും അടിത്തട്ടിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രധാന ശത്രു അതേ ആപ്പ് തന്നെയായിരുന്നു.

ദൽഹിയിലെ ബി.ജെ.പി ജയത്തിന് കോൺഗ്രസ്- ആപ്പ് ഭിന്നതയാണ് വഴിയൊരുക്കിയതെന്ന കുറ്റപ്പെടുത്തലുമായി ‘ഇന്ത്യ’ മുന്നണി ഘടകകക്ഷികൾ രംഗത്തുവരുന്നുണ്ട്. ശിവസേന നേതാവ് ഉദ്ധവ് താക്കറെയും ജമ്മു കാ​ശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും, ‘ഇന്ത്യ’ മുന്നണി യോജിച്ച് മത്സരിച്ചിരുന്നുവെങ്കിൽ ബി.ജെ.പിയെ തോൽപ്പിക്കാനാകുമെന്ന് പറഞ്ഞു.

മുഖ്യമന്ത്രി ആര്?

ഇത്തവണത്തെ ഏറ്റവും തിളങ്ങുന്ന ജയം മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകൻ പർവേശ് വർമയുടേതാണ്. അരവിന്ദ് കെജ്‌രിവാളിനെ തോൽപ്പിച്ച നേതാവ് എന്ന നിലയ്ക്ക് പർവേശിനാണ് മുഖ്യമന്ത്രിയാകാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്നത്.

ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയും ദലിത് നേതാവുമായ ദുഷ്യന്ത് ഗൗതം, പാർട്ടി നേതാവ് വിജേന്ദർ ഗുപ്ത, സിഖ് നേതാവ് മഞ്ചീന്ദർ സിങ് സിർസ, ഹിന്ദുത്വ മുഖം കപിൽ മിശ്ര തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. ദൽഹി പരിപൂർണമായി കൈയിലൊതുക്കാൻ കേന്ദ്രത്തിൽനിന്നുതന്നെയുള്ള പ്രമുഖർക്കും സാധ്യതയുണ്ട്.

Comments