ആഗസ്റ്റ് 29- ന് നെറ്റ്ഫ്ലിക്സിൽ റിലീസായ 'IC 814: The Kandahar Hijack' എന്ന വെബ് സീരീസ് വിവാദത്തിലായതോടെ ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് കണ്ടന്റ് ചീഫ് മോണിക്ക ഷേർഗില്ലിനോട് (Monika Shergill) പ്രതിനിധിയോട് ഇന്ന് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന്റെ നോട്ടീസ്.
1999 ഡിസംബർ 24 ന് 191 യാത്രക്കാരുമായി നേപ്പാളിലെ കാണ്ഡ്മണ്ഠുവിൽനിന്ന് ഡൽഹിയിലേക്ക് പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയത് (1999 hijack of an Indian Airlines) പ്രമേയമായ വെബ് സീരീസ് വിവാദമായതോടെയാണ് കേന്ദ്ര നടപടി. വെബ്സീരീസിൽ വിമാനം റാഞ്ചിയവരിൽ രണ്ടു പേരുടെ യഥാർത്ഥ പേരിനുപകരം 'ബോല', 'ശങ്കർ' എന്നീ പേരുകൾ ഉപയോഗിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. നെറ്റ്ഫ്ലിക്സിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക ക്യാമ്പയിനുമുണ്ടായി. ഇതോടെയാണ് സീരിസിലെ ഉള്ളടക്കത്തെ കുറിച്ച് വിശദീകരിക്കാൻ ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് പ്രതിനിധിയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
കാണ്ഡഹാർ വിമാനറാഞ്ചലിന്റെ പശ്ചാത്തലത്തിൽ 2000-ൽ പ്രസിദ്ധീകരിച്ച ക്യാപ്റ്റൻ ദേവി ശരണിന്റെ ‘ഫ്ലൈറ്റ് ഇൻ ടു ഫിയർ: എ ക്യാപ്റ്റൻസ് സ്റ്റോറി' (Flight Into Fear: The Captain's Story) എന്ന പുസ്തകത്തിൽ നിന്നാണ് അനുഭവ് സിൻഹ വെബ്‌സീരീസ് ഒരുക്കിയത്. 1999- ൽ പാകിസ്ഥാൻ ആസ്ഥാനമായ ഭീകരസംഘടനയായ ഹർകത്ത്-ഉൽ-മുജാഹിദീൻ (Harkat-ul-Mujahideen- HuM) ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയതുമായി ബന്ധപ്പെട്ട യഥാർത്ഥ സംഭവമാണ് സീരീസിന്റെ ഉള്ളടക്കം.
കാഠ്മണ്ഡുവിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട് 40 മിനിറ്റിനകം, യാത്രക്കാരുടെ വേഷത്തിൽ വിമാനത്തിൽ കയറിക്കൂടിയ അഞ്ച് ഭീകരർ വിമാനം റാഞ്ചി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോയി. 154 യാത്രക്കാരും ക്യാബിൻ ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നത്. തുടർന്ന് വിമാനം താലിബാന്റെ നിയന്ത്രണത്തിലായി.
ഇന്ത്യയിൽ തടവിൽ കഴിഞ്ഞിരുന്ന ഭീകരരായ മൗലാന മസൂദ് അസ്ഹർ, അഹമ്മദ് ഒമർ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സർഗർ (Masood Azhar, Ahmed Omar Saeed Sheikh, Mushtaq Ahmed Zargar) എന്നിവരെ മോചിപ്പിക്കണം എന്നായിരുന്നു ആവശ്യം. മൂന്നുപേരെയും മോചിപ്പിക്കാൻ ഇന്ത്യ നിർബന്ധിതമായി. അന്നത്തെ വിദേശ
കാര്യമന്ത്രി ജസ്വന്ത് സിങിന് ഇവരെയും കൊണ്ട് കാണ്ഡഹാറിലേക്ക് പോകേണ്ടിയും വന്നു.
2000 ജനുവരി 6 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഇബ്രാഹിം അക്തർ സൈദ്, സുന്നി അഹമ്മദ് ഖാസി, മിസ്ട്രി സഹൂർ ഇബ്രാഹിം, ഷാകിർ (Athar, Shahid Akhtar Sayed, Sunny Ahmed Qazi, Mistri Zahoor Ibrahim, Shakir) എന്നവരാണ് വിമാനം റാഞ്ചിയതെന്ന് പറയുന്നുണ്ട്. ഭീകരരുടെ യഥാർഥ പേരും അവരുടെ ഐഡന്റിറ്റിയും മറച്ചുവക്കാനും ഇവർക്ക് ഇസ്‌ലാമിക ഭീകരവാദികളുമായുള്ള ബന്ധം മറച്ചുവക്കാനും സീരീസിൽ അപരനാമങ്ങൾ നൽകിയെന്നാണ് പരാതി.
സിനിമാ നിർമാതാവ് അനുഭവ് സിൻഹ മുസ്‍ലിം ഇതര പേരുകൾ ഉപയോഗിച്ച് അവരുടെ ക്രിമിനൽ ഉദ്ദേശ്യം വെളിവാക്കിയിരിക്കുകയാണെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചു. വിമാനം റാഞ്ചലിന് പിന്നിൽ ഹിന്ദുക്കളാണെന്ന് ഭാവിയിൽ ആളുകൾ സംശയിച്ചേക്കാമെന്ന് അമിത് മാളവ്യ എക്‌സിൽ കുറിച്ചു.
യാതൊരു സെൻസർഷിപ്പുമില്ലാതെ അക്രമങ്ങളും നഗ്നതയും ഒ.ടി.ടി യിൽ പ്രദർശിപ്പിക്കാനാകും എന്ന നിലയിലാണ് രാജ്യത്തെ നിയമമെന്ന് കങ്കണ റണാവത്ത് പറഞ്ഞു.
അതിനിടെ, സീരീസിന്റെ ഒ.ടി.ടി റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹിന്ദു സേന എന്ന സംഘടനയുടെ പ്രസിഡന്റ് സുർജിത് സിങ് യാദവ് ദൽഹി ഹൈകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. വിമാനം തട്ടിക്കൊണ്ടുപോയവരുടെ ഐഡന്റിറ്റി മറച്ചുവക്കുന്നത് ചരിത്രവസ്തുതകളുടെ വളച്ചൊടിക്കലാണെന്ന് ഹർജിയിൽ പറയുന്നു.