ജയിലിൽനിന്ന് മുഖ്യമന്ത്രി നേതൃത്വം നൽകുന്ന ഇലക്ഷൻ കാമ്പയിൻ, ഡൽഹി എന്ന പ്രതിപക്ഷ തന്ത്രം

ജയിലിൽ കിടക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹിയുടെ പ്രധാന ഇലക്ഷൻ വിഷയമായി മാറിയിരിക്കുകയാണ്, ഒരുപക്ഷെ, ബി.ജെ.പി പ്രതീക്ഷിക്കാത്തവണ്ണം. വൈകാരികവും രാഷ്ട്രീയവുമായ കാമ്പയിൻ സാന്നിധ്യമാക്കി ജയിലിൽ കഴിയുന്ന കെജ്രിവാളിനെ മാറ്റിയെടുക്കുകയെന്ന ഇലക്ഷൻ സ്ട്രാറ്റജിയാണ് ആം ആദ്മി പാർട്ടിയും ‘ഇന്ത്യ’ സഖ്യവും സ്വീകരിക്കുന്നത്.

Election Desk

തീഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഒരു സന്ദേശം ജീവിതപങ്കാളിയായ സുനിത ഇന്ന് മാധ്യമങ്ങൾക്കുമുന്നിൽ വായിച്ചു. ആം ആദ്മി പാർട്ടി എം.എൽ.എമാർക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശമായിരുന്നു അത്: ‘‘ഞാൻ ജയിലിലാണെങ്കിലും അതുമൂലം ഡൽഹിയിലെ ജനങ്ങളും ഡൽഹിയും ബുദ്ധിമുട്ടാൻ പാടില്ല. അതുകൊണ്ട് ഓരോ എം.എൽ.എയും സ്വന്തം മണ്ഡലങ്ങൾ സന്ദർശിച്ച് ജനങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് അന്വേഷിക്കണം’’.

തിഹാർ ജയിലിൽ കിടന്ന് ഡൽഹി ഭരിക്കാൻ കെജ്രിവാളിനെ അനുവദിക്കില്ല എന്ന ബി.ജെ.പിയുടെ വാശി മറികടക്കാൻ മുഖ്യമന്ത്രി തന്നെ കണ്ടെത്തുന്ന അനവധി വഴികളിൽ ഒന്നു മാത്രമാണിത്. തെരഞ്ഞെടുപ്പുകാലത്തും ജനങ്ങളുടെ പ്രശ്നങ്ങളിൽ ഏറെ കരുതലുള്ള ഒരു മുഖ്യമന്ത്രിയാണ് താനെന്ന് പ്രഖ്യാപിക്കുകയാണ് കെജ്രിവാൾ. സുനിതയിലൂടെയാണ് കെജ്രിവാൾ സംസ്ഥാനത്തെ ജനങ്ങളോട് സംസാരിക്കുന്നത് എന്നതും പ്രധാനമാണ്. ഡൽഹിയിലെ ആപ്പിന്റെ മധ്യവർത്തി വോട്ടുബാങ്കിനെ വികാരപരമായി കൂടി ഏറ്റെടുക്കാൻ തക്ക ശേഷിയുള്ള ഒരു തെരഞ്ഞെടുപ്പുകൂടിയാണ് സുനിതയിലൂടെ കെജ്രിവാൾ നടത്തുന്നത്.

ജയിലിൽ കിടക്കുന്ന കെജ്രിവാൾ അങ്ങനെ, ഡൽഹിയുടെ പ്രധാന ഇലക്ഷൻ വിഷയമായി മാറിയിരിക്കുകയാണ്, ഒരുപക്ഷെ, ബി.ജെ.പി പ്രതീക്ഷിക്കാത്തവണ്ണം. വൈകാരികവും രാഷ്ട്രീയവുമായ കാമ്പയിൻ സാന്നിധ്യമാക്കി ജയിലിൽ കഴിയുന്ന കെജ്രിവാളിനെ മാറ്റിയെടുക്കുക എന്നതാണ് ഡൽഹിയിൽ ആം ആദ്മി പാർട്ടിയും ‘ഇന്ത്യ’ സഖ്യവും സ്വീകരിക്കുന്ന ഇലക്ഷൻ സ്ട്രാറ്റജി.

സുനിത

കെജ്രിവാൾ സിംഹമാണെന്നും അദ്ദേഹത്തെ അധികനാൾ ജയിലിൽ അടച്ചിടാനാകില്ല എന്നുമാണ് രാംലീല മൈതാനത്തിലെ റാലിയിൽ സുനിത പ്രഖ്യാപിച്ചത്. മാത്രമല്ല, ഇ.ഡിയുടെ അറസ്റ്റിലായ ജാർക്കണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പങ്കാളി കൽപ്പനയുമായി സുനിത നടത്തിയ കൂടിക്കാഴ്ചയും ഡൽഹിയിലെ കാമ്പയിൻ അന്തരീക്ഷത്തെ വേറിട്ടതാക്കി. ഇതിനോടൊപ്പം ധനമന്ത്രി അതിഷി ഉള്പ്പടെയുള്ളവർ, ഇ.ഡി അറസ്റ്റിനുപുറകിലെ കേന്ദ്ര സർക്കാറിന്റെ ദുരൂഹതകളെയും ഇലക്ടൽ ബോണ്ട് വിഷയത്തിലുള്ള അഴിമതിയെയും പുറത്തുകൊണ്ടുവന്ന്, കെജ്രിവാളിനെ മുൻനിർത്തി രാഷ്ട്രീയ പോരാട്ടത്തിനുകൂടി നേതൃത്വം നൽകുകയും ചെയ്യുന്നു.

അങ്ങനെ, ഈ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ പ്രതിപക്ഷ പോരാട്ടവേദിയായി ഡൽഹി മാറിയിരിക്കുന്നു. മറ്റേതൊരു സംസ്ഥാനത്തിനുമില്ലാത്ത രാഷ്ട്രീയ പ്രാധാന്യം ഏതാനും ദിവസങ്ങൾ കൊണ്ട് ഡൽഹിക്കു കൈവന്നിരിക്കുന്നു.

‘ഇന്ത്യ’ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ ആം ആദ്മി പാർട്ടിയുടെ നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ ജയിൽവാസമാണ് ഡൽഹിയെ പ്രതിപക്ഷത്തിന്റെ പോരാട്ടവേദിയാക്കുന്നത്. കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് രാം ലീലാ മൈതാനത്ത് 'ജനാധിപത്യം സംരക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയർത്തി ‘ഇന്ത്യ സഖ്യം’ സംഘടിപ്പിച്ച മണിക്കൂറുകൾ നീണ്ട പ്രതിഷേധ റാലി, പ്രതിപക്ഷത്തിന്റെ ഒരു പ്രധാന രാഷ്ട്രീയ നീക്കമായിരുന്നു. എൻ.ഡി.എക്കെതിരായ യോജിച്ച പ്രതിപക്ഷശബ്ദം കൂടിയായി അത് മാറി.

അരവിന്ദ് കെജ്രിവാൾ

ഡൽഹി കടന്നുപോകുന്നത് അഭൂതപൂർവമായ രാഷ്ട്രീയ നാടകങ്ങളിലൂടെയാണ്. രാജ്യ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി സ്ഥാനത്തുള്ള ഒരു നേതാവ് അറസ്റ്റിലും ജയിലിലും ആയിരിക്കുന്നു. തീഹാർ ജയിലിലിരുന്ന് കെജ്രിവാൾ തന്നെ ഡൽഹി ഭരിക്കും എന്ന ആപ്പിന്റെ ആത്മവിശ്വാസം തകർക്കാൻ, ഒരുവിധ ഇളവുകളും നൽകാതെയുള്ള തടവാണ് ജയിലിൽ കെജ്രിവാളിന് സജ്ജമാക്കിയിരിക്കുന്നത്. കുടുംബാംഗങ്ങളോ പാർട്ടി പ്രവർത്തകരോ കാണാനെത്തുമ്പോൾ ഔദ്യോഗിക ഫയലുകൾ ഇല്ലെന്ന് ഉറപ്പാക്കുന്നു. സി.സി.ടി.വിയുടെ മുഴുവൻ സമയ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രി.

ഡൽഹി മദ്യനയക്കേസിൽ ആപ്പിന്റെ നിരവധി നേതാക്കൾ ജയിലിലാണ്. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പാർട്ടി മാധ്യമവിഭാഗം മുൻ മേധാവി വിജയ് നായർ, ബി.ആർ.എസ് നേതാവ് കെ. കവിത തുടങ്ങിയവരാണ് തീഹാർ ജയിലിലുള്ളത്.

അറസ്റ്റിലായിരുന്ന സഞ്ജയ് സിങിന് ജാമ്യം നൽകി കോടതി നടത്തിയ നിരീക്ഷണത്തിലാണ് പാർട്ടിയുടെ പ്രതീക്ഷ. സഞ്ജയ് സിങ്ങിന്റെ ജാമ്യത്തെ എതിർക്കുകയാണെങ്കിൽ തങ്ങൾക്ക് കേസിന്റെ ​മെരിറ്റിലേക്ക് കടക്കേണ്ടിവരുമെന്ന കോടതിയുടെ താക്കീത് ഇ.ഡിക്കുളള മുന്നറിയിപ്പായിരുന്നു. അതായത്, അറസ്റ്റിലൂടെ ഇ.ഡി രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നു എന്ന പ്രതിപക്ഷ ആരോപണം ശരിവക്കുന്നതാണ് കോടതി നിരീക്ഷണം.

മനീഷ് സിസോദിയ

കെജ്രിവാളിന്റെ കേസിലും ഇതേ സമീപനമുണ്ടായാൽ, അത് രാഷ്ട്രീയമായി ബി.ജെ.പിക്ക് വൻ തിരിച്ചടിയാകുമെന്ന പ്രതീക്ഷയിലാണ് ‘ഇന്ത്യ’ സഖ്യം. കഴിഞ്ഞ ദിവസം ജയിലിൽനിന്ന് പുറത്തുവന്ന സഞ്ജയ് സിങ് എന്ന പാർട്ടിയുടെ ‘സിംഹ’ത്തെ വലിയ ആവേ​ശത്തോടെയാണ് പ്രവർത്തകർ വരവേറ്റത്.

ജയിലിൽ നിന്ന് ഭരിക്കാനാകില്ലെങ്കിലും പുറത്തുളള കെജ്രിവാളിനെക്കാൾ ശക്തനാണ് അകത്തുള്ള കെജ്രിവാൾ എന്ന് പ്രതിപക്ഷം മനസ്സിലാക്കുന്നുണ്ട്. കെജ്രിവാളിന്റെ അറസ്റ്റും തീഹാർ ജയിലിലെ തടവും ‘ഇന്ത്യ’ സഖ്യത്തിന്റെ കാമ്പയിന് മൈലേജ് നൽകാൻ പ്രാപ്തിയുള്ളൊരു ഘടകമാണ്.

മദ്യനയക്കേസിൽ അറസ്റ്റിലായ ഒരാൾക്കെതിരേ പോലും കേസ് തെളിയിക്കാൻ ഇ.ഡിക്കോ സി.ബി.ഐക്കോ കഴിഞ്ഞിട്ടില്ല എന്നത് ആപ്പിന് പിടിവള്ളിയാണ്. ആപ് വക്താവും മന്ത്രിയുമായ അതിഷി സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞത്, മദ്യനയക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടു വർഷമായി അന്വേഷണം നടത്തിയിട്ടും 500-ലധികം റെയഡുകൾ നടത്തിയിട്ടും 1000-ലേറെ സാക്ഷികളെ ചോദ്യം ചെയ്തിട്ടും തെളിവു കണ്ടെത്താൻ ഇ.ഡിക്കോ സി.ബി.ഐക്കോ കഴിഞ്ഞിട്ടില്ല എന്നാണ്.

തെളിവുകളൊന്നുമില്ലെങ്കിലും ഇ.ഡി കേസുകളിൽ ജാമ്യം ലഭിക്കാതിരിക്കാൻ വേണ്ട ഭേദഗതികൾ ഈ കാലയളവിൽ കേന്ദ്രസർക്കാർ നടപ്പാക്കിയിട്ടുമുണ്ട്. 2018-ലെ പ്രിവെൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ടിൽ വരുത്തിയ ഭേദഗതിയിൽ ഇത് കൃത്യമായി പറയുന്നു. ജാമ്യത്തിനുള്ള വ്യവസ്ഥകളിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. മറ്റ് നിയമങ്ങളിൽ, കുറ്റക്കാരെന്ന് തെളിയിക്കപ്പെടും വരെ കുറ്റാരോപിതരെ നിരപരാധിയായിട്ടാണ് കണക്കാക്കുന്നതെങ്കിൽ പി.എം.എൽ.എ കേസുകളിൽ നിരപരാധിയെന്ന് തെളിയിക്കപ്പടും വരെ കുറ്റാരോപിതരെ കുറ്റക്കാരായാണ് കണക്കാക്കുക. ഇതാണ് 2018-നുശേഷം ഇഡിയെ ശക്തമാക്കിയതെന്ന് കെജ്രിവാൾ തന്നെ മുമ്പ് ആരോപണമുന്നയിച്ചിട്ടുണ്ട്.

അതിഷി മർലേന

ഇത്തരം രാഷ്ട്രീയ വിഷയങ്ങൾക്കൊപ്പം ആപ്പ്, സംസ്ഥാനത്തെ ഭരണവും ജനങ്ങൾക്കുമുന്നിൽ വക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ആപ് ആവർത്തിക്കുന്ന അതേ വിജയഫോർമുലകൾ. സൗജന്യ വൈദ്യുതി- കുടിവെള്ള പദ്ധതികൾ, ഈ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് ആപ് കണക്കാക്കുന്നത്. ഇടത്തരം - താഴ്ന്ന വരുമാനക്കാരായ വോട്ടർമാരെയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

മാർച്ച് നാലിന് ഡൽഹി ധനമന്ത്രി അതിഷി, വൈദ്യുത മന്ത്രാലയത്തിന് അനുവദിച്ചത് 3333 കോടി രൂപയാണ്. 58.86 ലക്ഷം വരുന്ന ഡൽഹിയുടെ ജനസംഖ്യയുടെ 68.33 ശതമാനം പേരും വൈദ്യുത സബ്‌സിഡ്ക്ക് അർഹരുമാണ്. ഇതിനുസമാനമായ വാഗ്ദാനങ്ങളാണ്, ലോക്സഭാ തെരഞ്ഞെടുപ്പിലും മുന്നോട്ടുവച്ചിരിക്കുന്നത്:
ഡൽഹിക്ക് പൂർണ സംസ്ഥാന പദവി, രാജ്യത്തെങ്ങുമുള്ള എല്ലാ പൗരർക്കും സൗജന്യ ആരോഗ്യ സുരക്ഷ, രാജ്യമാകെ 24 മണിക്കൂറും വൈദ്യുതി, പാവപ്പെട്ടവർക്ക് സൗജന്യ വൈദ്യുതി, എല്ലാ ഗ്രാമങ്ങളിലും മികച്ച സർക്കാർ സ്‌കൂളുകൾ, എല്ലാ ഗ്രാമങ്ങളിലും മൊഹല്ല ക്ലിനിക്കുകൾ, വിളകൾക്ക് കർഷകർക്ക് സ്വാമിനാഥൻ കമീഷൻ ശുപാർശ അനുസരിച്ചുള്ള ന്യായ വില എന്നിവയാണ് ആപ്പിന്റെ ഉറപ്പുകൾ. ഇത് വോട്ടാകുമെന്നാണ് ആപിന്റെ പ്രതീക്ഷ.

എന്നാൽ, ഇത്തരം ക്ഷേമ പദ്ധതികളേക്കാൾ, ഡൽഹിയെ മുൻനിർത്തി ഫെഡറലിസത്തിനെതിരായ കേന്ദ്ര സർക്കാറിന്റെ ആക്രമണങ്ങളെ പ്രധാന വിഷയമാക്കുക എന്നതാണ് ഇത്തവണ ആപ്പിന്റെ അജണ്ടകളിൽ പ്രധാനം. അതിന് കെജ്രിവാളിന്റെ അറസ്റ്റ് ഒരായുധവുമാണ്. ഒപ്പം, ഇ.ഡി, സിബി,ഐ പോലുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന കേന്ദ്രനയവും ഇലക്ടറൽ ബോണ്ട് വിഷയവും പ്രചാരണ വിഷയമാണ്.

ഏഴ് ലോകസഭാ മണ്ഡലങ്ങളാണ് ഡൽഹിയിലുള്ളത്. നാലിടത്ത് ആപ്പും മൂന്നിടത്ത് കോൺഗ്രസുമാണ് മത്സരിക്കുന്നത്. ഏഴിടത്തും ബി.ജെ.പിയാണ് മുഖ്യ എതിരാളി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ ഏഴു സീറ്റും നേടിയത് ബി.ജെ.പിയാണ്, ഏഴിടത്തും 56.9 ശതമാനത്തിലേറെ വോട്ടുവിഹിതത്തോടെ. 22.5 ശതമാനം കോൺഗ്രസിനും, 18.1 ശതമാനം വോട്ടുകൾ ആം ആദ്മി പാർട്ടിക്കുമായിരുന്നു.

നോർത്ത് ഈസ്റ്റ് ഡൽഹി, ന്യൂ ഡൽഹി, സൗത്ത് ഡൽഹി എന്നിവിടങ്ങളിലാണ് പ്രധാന മത്സരം. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ബി.ജെ.പി സ്ഥാനാർത്ഥി സിറ്റിംഗ് എം.പി മനോജ് തിവാരിയാണ്. 2014ലെയും 2019ലെയും വിജയമാണ് മനോജ് തിവാരിക്ക് ആത്മവിശ്വാസം നൽകുന്നത്. കഴിഞ്ഞ തവണ 3,66,102 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തിവാരി തോൽപ്പിച്ചത് മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെയായിരുന്നു. മൂന്നാം മത്സരത്തിന് മനോജ് തിവാരി ഇറങ്ങുമ്പോൾ കോൺഗ്രസിന് സ്ഥാനാർത്ഥിയായിട്ടുമില്ല.

മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജ് മത്സരിക്കുന്ന ന്യൂഡൽഹി മണ്ഡലമാണ് പ്രധാനപ്പെട്ട മറ്റൊന്ന്. കഴിഞ്ഞ തവണ 2,56,504 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി വിജയിച്ച മണ്ഡലമാണിത്. ഇത്തവണ എതിർ സ്ഥാനാർത്ഥി ആപിന്റെ സിറ്റിംഗ് എം.എൽ.എ സോമനാഥ് ഭാരതിയാണ്.

മനിഷ് തിവാരി

തെക്കൻ ഡൽഹിയിൽ ബി.ജെ.പി സ്ഥാനാർഥി നിയമസഭയിലെ ബി.ജെ.പിയുടെ പ്രതിപക്ഷ നേതാവ് രാംവീർ സിംഗ് ബിധുരി ആണ്. എതിർ സ്ഥാനാർത്ഥി ആപിന്റെ തുഗ്ലക്കാബാദ് എം.എൽ.എ സഹി രാം പെഹൽവാനും.
ഈ മൂന്ന് മണ്ഡലങ്ങൾ ആപിനും കോൺഗ്രസിനും ബി.ജെ.പിക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ സ്ഥാനാർത്ഥി നിർണയത്തിൽ പുതുമയും പരിചയസമ്പത്തുമാണ് ആപും ബി.ജെ.പിയും മാനദണ്ഡമാക്കിയിട്ടുള്ളത്.

മെയ് 25ന് ഒറ്റഘട്ടമായാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ തന്നെ ആം ആദ്മി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചാന്ദ്‌നി ചൗക്, നോർത്ത് ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി എന്നിവിടങ്ങളിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തിരുമാനമായിട്ടില്ല. സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചതിനാൽ ബി.ജെ.പിക്ക് പ്രചാരണം നേരത്തെ തുടങ്ങാനായിട്ടുണ്ട്. എന്നാൽ കോൺഗ്രസിന് പ്രചാരണം തുടങ്ങാൻ ഇനിയും കാത്തിരിക്കണം.

കഴിഞ്ഞ തവണ വിഭജിച്ചുപോയ വോട്ടുകൾ സഖ്യത്തിന്റെ ഭാഗമായി തിരിച്ചുപിടിക്കാനാണ് ആപും കോൺഗ്രസും ശ്രമിക്കുന്നത്. 2015 മുതൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടുന്ന വിജയം ലോകസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ കഴിയുന്നില്ലെന്നതാണ് ആപിന്റെ പ്രതിസന്ധി.

എന്നാൽ, കെജ്രിവാളിന്റെ അറസ്റ്റും ജയിൽവാസവും വോട്ടിംഗിനെ എങ്ങനെ സ്വാധീനിക്കും എന്നത് ഇപ്പോഴും പ്രവചനാതീതമാണ്. അതേസമയം, അത് ​കാമ്പയിനിൽ പ്രതിപക്ഷത്തിന് തീർച്ചയായും മുൻതൂക്കം നൽകിയിട്ടുണ്ട്, അതിനെ നേരിടാൻ ബി.ജെ.പി പണിപ്പെടുന്നുമുണ്ട്.

Comments