25 വർഷത്തേക്ക് മണ്ഡല പുനർനിർണയം വേണ്ട, സ്റ്റാലിൻെറ നേതൃത്വത്തിൽ പ്രമേയം

ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയത്തിനുള്ള കേന്ദ്രസർക്കാർ നീക്കത്തെ ഒന്നിച്ചെതിർക്കുകയാണ് തമിഴ്നാടും കേരളവുമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. ചെന്നൈയിൽ എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത യോഗത്തിൽ കേന്ദ്രത്തിനെതിരായ രൂക്ഷമായ വിമർശനമാണ് ഉയർന്നുകേട്ടത്. നീതിപൂർവമായ മണ്ഡലപുനർനിർണയത്തിനായി നിയമപരമായും രാഷ്ട്രീയപരമായും തുടർനീക്കങ്ങൾ നടത്താനാണ് തീരുമാനം.

News Desk

കേന്ദ്ര സർക്കാരിൻെറ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധമുയർത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയനേതാക്കളുടെയും യോഗം. കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്ന മണ്ഡല പുനർനിർണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി രാഷ്ട്രപതി ദ്രൗപതി മുർമുവിന് സംയുക്ത നിവേദനം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. തങ്ങൾ മണ്ഡല പുനർനിർണയത്തിന് എതിരല്ലെന്നും, എന്നീൽ നീതിപൂർവമല്ലാത്ത തീരുമാനങ്ങൾക്കെതിരെ ഏതറ്റം വരെയും പോകുമെന്നും നിയമപരമായി തന്നെ നേരിടുമെന്നും ഡി.എം.കെ നേതാവ് കൂടിയായ സ്റ്റാലിൻ പറഞ്ഞു. ജോയൻറ് ആക്ഷൻ കമ്മിറ്റിക്ക് കീഴിൽ ഒരു വിദഗ്ദ സമിതി രൂപീകരിച്ച് നിയമപരമായും രാഷ്ട്രീയപരവുമായുള്ള തുടർനീക്കങ്ങൾ ഏകോപിപ്പിക്കാൻ തീരുമാനിച്ചു. വിഷയത്തിൽ നേതാക്കളുടെ നേതൃത്വത്തിലുള്ള അടുത്ത കൂടിക്കാഴ്ച ഹൈദരാബാദിൽ വെച്ചാണ് നടക്കുക. “ഞങ്ങൾ മണ്ഡല പുനർനിർണയത്തിന് എതിരല്ല. എന്നാൽ നീതിപൂർവമായി മാത്രമേ അത് നടക്കാൻ പാടുള്ളൂ,” യോഗത്തിൽ സ്റ്റാലിൻ വ്യക്തമാക്കി.

“കൂടിയാലോചനകളില്ലാതെയാണ് മണ്ഡല പുനർനിർണയനീക്കവുമായി ബി.ജെ.പി മുന്നോട്ട് പോവുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാനാണ് അവരുടെ ലക്ഷ്യം. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനങ്ങളോട് അനീതി കാണിക്കുകയാണ് കേന്ദ്രസർക്കാർ. ഒരുഭാഗത്ത് ജനസംഖ്യ നിയന്ത്രിച്ചതിന് പ്രശംസിക്കുകയും, മറുഭാഗത്ത് ജനസംഖ്യ കുറവാണെന്ന് പറഞ്ഞ് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുകയുമാണ് ചെയ്യുന്നത്,” യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മണ്ഡലപുനർനിർണയം 25 വർഷത്തേക്ക് മാറ്റിവെക്കണമെന്ന പ്രമേയം യോഗത്തിൽ അംഗീകരിച്ചു. 1971-ൽ മണ്ഡലപുനർനിർണയം നിർത്തിവെക്കാനുള്ള തീരുമാനത്തിലെ തൽസ്ഥിതി തുടരാനാണ് ആവശ്യം. രാഷ്ട്രീയ പ്രാതിനിധ്യവും പ്രാദേശിക പ്രാതിനിധ്യവും ഉറപ്പാക്കണം. വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാട് തുറന്നുപറയണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്കും കത്ത് നൽകും.

കേന്ദ്ര സർക്കാരിൻെറ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധമുയർത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയനേതാക്കളുടെയും യോഗം. Photo credit/ X- Udhaystalin
കേന്ദ്ര സർക്കാരിൻെറ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധമുയർത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയനേതാക്കളുടെയും യോഗം. Photo credit/ X- Udhaystalin

സ്റ്റാലിൻെറ നേതൃത്വത്തിലാണ് ചെന്നൈയിൽ വെച്ച് മുഖ്യമന്ത്രിമാരുടെയും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും യോഗം ചേർന്നത്. ജനസംഖ്യാ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തുന്നത് രാജ്യത്തിൻെറ ഫെഡറൽ വ്യവസ്ഥ തകർക്കാനുള്ള നീക്കത്തിൻെറ ഭാഗമാണെന്നും ഇതിനെതിരെയാണ് പ്രതിഷേധമെന്നും നേരത്തെ തന്നെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരെയും നേതാക്കളെയുമാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമെ ഒഡീഷ, പഞ്ചാബ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിമാർക്കും ക്ഷണമുണ്ടായിരുന്നു. പ്രതിപക്ഷ കക്ഷിയായ ഇന്ത്യാ സഖ്യത്തിൻെറ ഭാഗമായ എഎപിയുടെ നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മൻ യോഗത്തിൽ പങ്കെടുത്തപ്പോൾ പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമുൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി വിട്ടുനിൽക്കുകയാണ് ചെയ്തത്. ഒഡീഷ മുൻ മുഖ്യമന്ത്രി നവീന പട്നായിക് ഓൺലൈനിലും യോഗത്തിൻെറ ഭാഗമായി. ദക്ഷിണേന്ത്യൻ നേതാക്കളായ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയവരെല്ലാം യോഗത്തിൽ പങ്കെടുത്തു. കേരളത്തിൽ നിന്ന് പിണറായി വിജയന് പുറമെ മുസ്ലിം ലീഗ് നേതാവ് പി.എം.എ സലാം, കേരള കോൺഗ്രസ് നേതാവ് ജോസ്. കെ. മാണി, ഫ്രാൻസിസ് ജോർജ് എം.പി, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആർ.എസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.

വലിയ ഭൂരിപക്ഷത്തോടെ ഒറ്റയ്ക്ക് അധികാരം പിടിക്കാമെന്ന ബി.ജെ.പിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിധി. ഇന്ത്യാ മുന്നണിയുടെ മുന്നേറ്റം നരേന്ദ്ര മോദിയെയും സംഘത്തെയും കാര്യമായി തന്നെ അസ്വസ്ഥരാക്കിയിട്ടുണ്ട്.

മണ്ഡല നിർണയ കണക്കുകൾ

2026ലാണ് രാജ്യത്ത് ലോക്സഭാ മണ്ഡലങ്ങളും നിയമസഭാമണ്ഡലങ്ങളും ജനസംഖ്യാ അടിസ്ഥാനത്തിൽ പുനർനിർണയം നടത്താൻ ബി.ജെ.പി സർക്കാർ ലക്ഷ്യമിടുന്നത്. സെൻസസിന് ശേഷമാണ് മണ്ഡല പുനർനിർണയം നിലവിൽ വരിക. കോവിഡ് കാരണം മാറ്റിവെച്ച സെൻസർ പ്രവർത്തികൾ ഇതുവരെ പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ല. പാർലമെൻറ് ആക്ട് പ്രകാരം നിയമിക്കുന്ന ഒരു കമ്മിറ്റിയാണ് മണ്ഡല പുനർനിർണയം നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ജനസംഖ്യ കൂടുന്നതിനനുസരിച്ച് മണ്ഡലങ്ങളുടെ എണ്ണവും വർധിപ്പിക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. 1951ലാണ് രാജ്യത്ത് ആദ്യമായി മണ്ഡലനിർണം നടക്കുന്നത്. അന്നത്തെ സെൻസസ് പ്രകാരം 36.1 കോടി ജനങ്ങളാണ് ഉണ്ടായിരുന്നത്. 494 ലോക്സഭാ സീറ്റുകളാണ് നിശ്ചയിച്ചിരുന്നത്. 1961-ൽ ജനസംഖ്യ 43.9 കോടി ആവുകയും സീറ്റുകളുടെ എണ്ണം 522 ആയി ഉയർത്തുകയും ചെയ്തു. കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ മണ്ഡലങ്ങൾ എന്ന ഒരു നിലയാണ് പൊതുവിൽ ഇന്ത്യയിൽ മണ്ഡല പുനർനിർണയത്തിൻെറ കാര്യത്തിൽ പിന്തുടർന്നു പോയിരുന്നത്. എന്നാൽ, 1971 ആയപ്പോഴേക്കും ഈ രീതി നിർത്തുകയും ജനസംഖ്യാ വർധനവ് നിയന്ത്രിക്കാൻ രാജ്യത്ത് നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ, ഏകദേശം അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും രാജ്യത്ത് ജനസംഖ്യാ അടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയത്തിന് ലക്ഷ്യമിടുകയാണ് ബി.ജെ.പി സർക്കാർ.

സ്റ്റാലിൻെറ നേതൃത്വത്തിലാണ് ചെന്നൈയിൽ വെച്ച് മുഖ്യമന്ത്രിമാരുടെയും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും യോഗം ചേർന്നത്. ജനസംഖ്യാ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തുന്നത് രാജ്യത്തിൻെറ ഫെഡറൽ വ്യവസ്ഥ തകർക്കാനുള്ള നീക്കത്തിൻെറ ഭാഗമാണെന്നും ഇതിനെതിരെയാണ് പ്രതിഷേധമെന്നും നേരത്തെ തന്നെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. Photo credit/ X- Udhaystalin
സ്റ്റാലിൻെറ നേതൃത്വത്തിലാണ് ചെന്നൈയിൽ വെച്ച് മുഖ്യമന്ത്രിമാരുടെയും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും യോഗം ചേർന്നത്. ജനസംഖ്യാ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തുന്നത് രാജ്യത്തിൻെറ ഫെഡറൽ വ്യവസ്ഥ തകർക്കാനുള്ള നീക്കത്തിൻെറ ഭാഗമാണെന്നും ഇതിനെതിരെയാണ് പ്രതിഷേധമെന്നും നേരത്തെ തന്നെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. Photo credit/ X- Udhaystalin

ജനസംഖ്യാ അടിസ്ഥാനത്തിൽ മണ്ഡലപുനർനിർണയം നടന്നാൽ വലിയ നഷ്ടങ്ങൾ ഉണ്ടാവാൻ പോവുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുമായിരിക്കും. ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം വർധിക്കുകയും ചെയ്യും. തമിഴ്നാടിന് 8 മുതൽ 9 വരെ ലോക്സഭാ മണ്ഡലങ്ങളും കേരളത്തിന് 8, കർണാടകയ്ക്ക് 2, ആന്ധ്രാപ്രദേശിന് - 8, തെലങ്കാന - 8 എന്നിങ്ങനെയും കുറയുമെന്ന് സാധ്യതാ കണക്കുകൾ പുറത്ത് വരുന്നുണ്ട്. അതായത് ഏകദേശം 30ലധികം സീറ്റുകൾ ദക്ഷിണേന്ത്യയിൽ കുറഞ്ഞേക്കും. അത്രയും എം.പിമാരുടെ പ്രാതിനിധ്യം കുറയുമെന്ന് അർഥം. സ്വാഭാവികമായും അത് തെരഞ്ഞെടുപ്പിൽ വലിയ രീതിയിൽ തന്നെ പ്രതിഫലിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്. മറുഭാഗത്ത് ഉത്തർപ്രദേശ് 11, ബീഹാർ 10, രാജസ്ഥാൻ 6 എന്നിങ്ങനെ സീറ്റുകൾ വർധിക്കുകയും ചെയ്തേക്കും. പൊതുവിൽ ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് കാര്യമായ അടിത്തറയോ സീറ്റുകളോ ഇല്ല. എന്നാൽ ഉത്തരേന്ത്യയിലാണ് ബി.ജെ.പിയും ഘടകകക്ഷികളും നേട്ടമുണ്ടാക്കുന്നത്. മണ്ഡല പുനർനിർണയത്തിലൂടെ ഉത്തരേന്ത്യയിൽ ലോക്സഭാ സീറ്റുകൾ വർധിപ്പിച്ചാൽ അത് തങ്ങൾക്ക് വലിയ നേട്ടമാവുമെന്ന രാഷ്ട്രീയലക്ഷ്യം ബി.ജെ.പി കാണുന്നുണ്ട്. നിലവിൽ തമിഴ്നാട്, കേരളം, കർണാടക, തെലങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയിതര പാർട്ടികളാണ് ഭരിക്കുന്നത്. ആന്ധ്രയിൽ മാത്രമാണ് ബി.ജെ.പി ഘടകക്ഷിയായ ടി.ഡി.പിയുടെ നേതൃത്വത്തിൽ ഭരണം നടക്കുന്നത്. അതായത് കൃത്യമായ ജനസംഖ്യാനിർണയം നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ കുറഞ്ഞ പാർലമെൻറ് സീറ്റുകളെന്ന അനീതി നടപ്പിലാക്കാൻ പോവുന്നു. ഈ അനീതി ഫെഡറൽ വ്യവസ്ഥയെ അപ്പാടെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് എം.കെ. സ്റ്റാലിൻ വ്യക്തമാക്കുന്നുണ്ട്. “നിലവിൽ തമിഴ്നാട്ടിൽ നിന്ന് 39 എം.പിമാരാണുള്ളത്. ജനസംഖ്യാ അടിസ്ഥാനത്തിൽ മണ്ഡലനിർണയം നടത്തിയാൽ 8 സീറ്റുകൾ കുറയാനാണ് സാധ്യത. അതായത് നമ്മുടെ എംപിമാരുടെ എണ്ണം 31 ആയി കുറയുകയും പ്രാതിനിധ്യം കുറയുകയും ചെയ്യും,” സ്റ്റാലിൻ പറയുന്നു. എന്നാൽ, ഇതിന് മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു പൊതുയോഗത്തിൽ പറഞ്ഞത് “സ്റ്റാലിൻ പറയുന്നത് പോലെയല്ല കാര്യങ്ങൾ. മണ്ഡല പുനർനിർണയത്തിന് ശേഷവും ദക്ഷിണേന്ത്യയിലെ ഒരു ലോക്സഭാ സീറ്റ് പോലും കുറയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉറപ്പ് പറഞ്ഞിട്ടുണ്ട്,” എന്നാണ്.

പ്രതിപക്ഷ ഐക്യത്തിൻെറ തുടർച്ച

വലിയ ഭൂരിപക്ഷത്തോടെ ഒറ്റയ്ക്ക് അധികാരം പിടിക്കാമെന്ന ബി.ജെ.പിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിധി. ഇന്ത്യാ മുന്നണിയുടെ മുന്നേറ്റം നരേന്ദ്ര മോദിയെയും സംഘത്തെയും കാര്യമായി തന്നെ അസ്വസ്ഥരാക്കിയിട്ടുണ്ട്. മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം നടപ്പിലാക്കാൻ ശ്രമിച്ച പല പദ്ധതികളിൽ നിന്നും അവർക്ക് പിന്നോട്ടുപോവേണ്ടി വന്നിട്ടുണ്ട്. പ്രതിപക്ഷത്തിൻെറ ചെറുത്തുനിൽപ്പ് തന്നെയാണ് അതിന് പ്രധാന കാരണമായി മാറിയത്. അതിൻെറ തുടർച്ചയാണ് ഇപ്പോൾ മണ്ഡല പുനർനിർണയ പ്രതിഷേധത്തിലും നടക്കുന്നത്. രാജ്യത്തിൻെറ ഫെഡറൽ സിസ്റ്റത്തെയാകെ തകർക്കാനുള്ള ശ്രമത്തെയാണ് പ്രതിപക്ഷ കക്ഷികൾ പാർലമെൻറിനകത്തും പുറത്തും ഒന്നിച്ചെതിർക്കുന്നത്.

Comments