ആഗോളവല്‍കൃതലോകത്ത് ജനാധിപത്യത്തിന് എന്താണ് സംഭവിക്കുന്നത്? ലോകബാങ്കും അന്താരാഷ്ട്ര പണ വിനിമയ സ്ഥാപനങ്ങളും ജനാധിപത്യത്തെ എങ്ങനെയാണ് ആഗോളവല്‍ക്കരിക്കുക എന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടായിരിക്കാം, അത്തരം സ്ഥാപനങ്ങള്‍ മൂന്നാം ലോക രാജ്യങ്ങള്‍ക്കും മറ്റു വികസിത രാജ്യങ്ങള്‍ക്കും ദേശങ്ങള്‍ക്കും പണം വിതരണം ചെയ്തും പുതിയ സംരംഭങ്ങള്‍ നടത്തിയും ജനങ്ങളുടെ ദാരിദ്ര്യത്തിനും അവര്‍ തമ്മിലുള്ള അസമത്വത്തിനും ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാന്‍ ശ്രമിക്കുന്നത്. ഉദാരവല്‍ക്കരണം സമ്പത്ത് ഉണ്ടാക്കുകയും അവയുടെ വിതരണം ഒരു ധര്‍മം എന്ന രീതിയില്‍ വിവിധ പ്രദേശങ്ങളിലും ജനസാമാന്യത്തിനിടയിലും ചെലവഴിക്കുന്നതും ഉദാരവല്‍ക്കരണത്തിന്റെ തന്നെ ആശയത്തിന് വിരുദ്ധമാണ്.
രാജഭരണത്തില്‍നിന്നും മറ്റു പ്രാകൃത ഭൂപ്രഭുത്വത്തില്‍നിന്ന് വിടുതല്‍ വാങ്ങേണ്ടത് മൂലധനത്തിന്റെയും കൂടി ആവശ്യമായതുകൊണ്ടാകാം, ആഗോള സമ്പദ്ശക്തികള്‍ ജനാധിപത്യത്തെ പരിലാളിക്കുന്നത്.
ലാഭമുണ്ടാക്കുകയും അതുവഴി പുതിയ സംരംഭങ്ങളില്‍ നിക്ഷേപിക്കുകയും വഴി സമ്പത്ത് പെരുപ്പിക്കുകയും അത് മൂലധനശക്തികള്‍ക്ക് വളരാനും സാമ്പത്തിക പ്രവര്‍ത്തനത്തിലൂടെ സമ്പന്നരാകാനും ഉത്തേജനം നല്‍കുന്ന ഉദാരവല്‍ക്കരണ ആശയം, അതിന്റെ കാതലായ, സമ്പത്തിന്റെ കേന്ദ്രീകരണം എന്ന ആശയത്തിന് യോജിക്കാത്ത, സമ്പത്തിന്റെ വിതരണം എന്നതിലേക്ക്, ഒരുതരം നിരാശയോടെ എത്തിച്ചേരുന്നുണ്ട്. അതുകൊണ്ട്, സമ്പത്തിന്റെ വിതരണവും പുനര്‍വിതണവും ജനാധിപത്യത്തിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടല്ല എന്ന വാദം ശക്തമായി നിലനില്‍ക്കുന്നതാണ്. എന്നാല്‍, ആഗോളവല്‍കൃത ലോകത്ത് ഉപയുക്തതയുടെ യുക്തിക്കപ്പുറം സമ്പത്തിന്റെ തന്നെ വിനിമയത്തിനും ഇരട്ടിക്കലിനും ജനാധിപത്യം അനിവാര്യമായി വരും. അതുകൊണ്ടാണ് ജനാധിപത്യത്തെ ആഗോളീകരിക്കാന്‍ മൂലധന ശക്തികള്‍ സഹായിക്കുന്നത്. രാജഭരണത്തില്‍നിന്നും മറ്റു പ്രാകൃത ഭൂപ്രഭുത്വത്തില്‍നിന്ന് വിടുതല്‍ വാങ്ങേണ്ടത് മൂലധനത്തിന്റെയും കൂടി ആവശ്യമായതുകൊണ്ടാകാം, ആഗോള സമ്പദ്ശക്തികള്‍ ജനാധിപത്യത്തെ പരിലാളിക്കുന്നത്.
ജനാധിപത്യം നിലനിന്നിട്ടില്ലാത്ത ഇന്ത്യ
ജനാധിപത്യമെന്നാല്‍ സംവാദമാണ്. അതില്‍ ചര്‍ച്ചയുണ്ട്. വിയോജിപ്പും അനിവാര്യമായതാണ്. യഥാര്‍ഥ സ്വാതന്ത്ര്യം എന്നാല്‍ വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ്. ഇന്ത്യന്‍ സമൂഹത്തില്‍ ജനാധിപത്യം പുലരണമെങ്കില്‍ അത് തരംതിരിച്ചിരിക്കുന്ന അസമത്വം ഇല്ലാതാക്കണം. അത് തരംതിരിച്ചിരിക്കുന്ന നീതിഘടനയെ പിഴുതെറിയണം. അങ്ങനെയുള്ള സാമൂഹ്യഘടനയില്‍ മാത്രമേ നിരക്ഷരത, ദാരിദ്ര്യം, ജാതിവ്യവസ്ഥ, അസമത്വം, അനീതി എന്നിവ കുറച്ചുകൊണ്ടുവരാനും സാവധാനം ഇല്ലാതാക്കാനും കഴിയൂ. നീതി വരുന്ന വഴി സമ്പത്തിലൂടെയാണ്. അതിന്റെ തത്വശാസ്ത്രമാണ് ഹെഗല്‍ പറയുന്നത്.
ഒരുപക്ഷെ, ഇന്ത്യന്‍ രാഷ്ട്രീയമണ്ഡലത്തില്‍ ജനാധിപത്യം അതിന്റെ നേരിട്ടുള്ള അര്‍ഥത്തില്‍ ഒരു കാലത്തും നിലനിന്നിരുന്നില്ല.
ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ഒരു സമൂഹത്തില്‍ യുക്തിബോധം വേണം. ഇല്ലെങ്കില്‍, അതുണ്ടാക്കണം. ആ പ്രക്രിയ തന്നെ ജനാധിപത്യവല്‍ക്കരണമാണ്. രവിന്ദ്രനാഥ ടാഗോര്‍ യുക്തിബോധത്തിലൂടെ ജനാധിപത്യം പുലരുകയുള്ളൂ എന്നു വിചാരിച്ച പണ്ഡിതനായിരുന്നു. അംബേദ്കറും യുക്തിബോധമുണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചു. അതുകൊണ്ടാണ് അമര്‍ത്യാസെന്‍ തന്റെ ഗുരുവായി ടാഗോറിനെയും തന്റെ സമ്പദ്ശാസ്ത്ര ഗുരുവായി അംബേദ്കറെയും കാണുന്നത്. അമര്‍ത്യാ സെന്നിന്റെ Home in the world എന്ന ആത്മകഥാംശമുള്ള പുസ്തകത്തില്‍ ഈ കാര്യം പറയുന്നുണ്ട്. യുക്തിയും സ്വാതന്ത്ര്യബോധവുമാണ് ശാന്തിനികേതന്‍ പരിപോഷിപ്പിച്ചത്. അതായത്, ചിന്തിക്കുന്നവര്‍ക്കേ, ചിന്തിപ്പിക്കാനാകൂ. അതുകൊണ്ടാണ്, മതത്തിന് മുകളിലാണ് ശാസ്ത്രം എന്ന വാദം അക്കാലത്തുള്ള ചിന്തകര്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇങ്ങനെയൊരു ചിന്തയിലൂടെ മാത്രമേ ജനാധിപത്യം നിലനില്‍ക്കൂ. പ്രതിപക്ഷമില്ലാത്ത ഭരണകൂടത്തില്‍ ജനാധിപത്യമില്ലാതാവുന്നത് ശാസ്ത്രം മതത്തിന് കീഴടങ്ങുമ്പോഴാണ്.
ഒരുപക്ഷെ, ഇന്ത്യന്‍ രാഷ്ട്രീയമണ്ഡലത്തില്‍ ജനാധിപത്യം അതിന്റെ നേരിട്ടുള്ള അര്‍ഥത്തില്‍ ഒരു കാലത്തും നിലനിന്നിരുന്നില്ല. മതം, ജാതി, ദേശം എന്നിവ പാരമ്പര്യ മൂല്യമായാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ, ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളെയും മതങ്ങളെയും ഒരേ മൂല്യങ്ങളാണ് നയിക്കുന്നത്. അവര്‍ ജനങ്ങളില്‍നിന്ന് ആഗ്രഹിക്കുന്നത് അനുസരണയുള്ളവരെയും കഠിനാധ്വാനികളെയുമാണ്. മറ്റുള്ളവരെ ബഹുമാനിക്കാനാണ് ഈ മൂല്യങ്ങള്‍ പഠിപ്പിക്കുന്നത്. മതത്തിന്റെ വിപരീതമാണ് ശാസ്ത്രം എന്ന തിരിച്ചറിവുണ്ടാകേണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന് അനിവാര്യമായ ഒരു മുന്നുപാധിയാണ്. അത് ഏറിയും കുറഞ്ഞും ഇല്ലാതാവുന്നതിലൂടെ ഇന്ത്യയുടെ ജനാധിപത്യം എങ്ങോട്ടാണ് പോകുന്നത് എന്ന് മനസ്സിലാക്കാം. അത്തരം സമൂഹത്തില്‍ അധികാരികളാണ് കൂടുതലും ഉണ്ടാകുക. മതം ഒരധികാരമാണ്. രാഷ്ട്രീയ പാര്‍ട്ടികളും അതുതന്നെ.
നരേന്ദ്രമോദി, മമത, സ്റ്റാലിന്‍, പിണറായി എന്നിവരൊക്കെ ശക്തരായ നേതാക്കളാണ്. അവര്‍ ശക്തരാകുന്നത് ജനാധിപത്യത്തിലൂടെയാണ്. എന്നാല്‍, അടിസ്ഥാനപരമായ മാറ്റത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍അവര്‍ക്ക് കഴിയുന്നില്ല.
ജനങ്ങളുടെ അഭിപ്രായപ്രകടനങ്ങളേക്കാളും സംവാദങ്ങളെ കേള്‍ക്കുന്നതിനേക്കാളും ഇന്ന് ഇന്ത്യയില്‍ നടക്കുന്നത് ഭരണാധികാരികളുടെ ദൈവീകരണമാണ്. നരേന്ദ്രമോദിയുടെ പ്രഭാവം. മമതയുടെ ശക്തി. പിണറായിയുടെ ‘കാരണഭൂതന്‍’. താഴെക്കിടയില്‍നിന്ന് ഉയര്‍ന്നുവന്നവരും ജനാധിപത്യത്തില്‍ വരേണ്യവര്‍ഗങ്ങളുടെ ആശയവാഹകരാകും. നരേന്ദ്രമോദി, മമത, സ്റ്റാലിന്‍, പിണറായി എന്നിവരൊക്കെ ശക്തരായ നേതാക്കളാണ്. അവര്‍ ശക്തരാകുന്നത് ജനാധിപത്യത്തിലൂടെയാണ്. എന്നാല്‍, അടിസ്ഥാനപരമായ മാറ്റത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ബ്രിട്ടനില്‍ രാജാവിനെതിരെ പ്രതിഷേധം നടക്കുകയാണ്. അവരെ അറസ്റ്റു ചെയ്യുകയാണ്. ഇവിടെ അത് നടക്കുന്നില്ല. ഇവിടെ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ യാത്ര ചെയ്യുമ്പോഴാണ് കുറെ പേരെ കരുതല്‍ തടങ്കലില്‍ വെക്കുന്നത്.
ഭരണാധികാരികളുടെ ദൈവീകരണം ഏറിയും കുറഞ്ഞും ഒന്നുതന്നെയാണ്. അങ്ങനെ വരുമ്പോള്‍ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങള്‍ പാര്‍ട്ടികള്‍ക്ക് വിരുദ്ധമായി തോന്നും. ജനാധിപത്യക്രമം സാധ്യമാകണമെങ്കില്‍ നേതാക്കള്‍ക്ക് ജ്ഞാനാധികാരവും ധാര്‍മികമായ ഔന്നത്യവും വേണം. ഗാന്ധിയിലുണ്ടായിരുന്നത് ധാര്‍മിക അടിത്തറയായിരുന്നു. അംബേദ്കര്‍ക്കുള്ളത് ജ്ഞാനാധികാരവും. അതുകൊണ്ടാണ് തൊട്ടുകൂടായ്മ ഒരു ധാര്‍മിക പ്രശ്‌നമായി ഗാന്ധി കണ്ടത്. രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചാല്‍ സവര്‍ണരുടെ മനംമാറ്റത്തിലൂടെ അത് ഇല്ലാതാക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതുന്നത് ജ്ഞാനാധികാരത്തിന്റെ അടിസ്ഥാനത്തിലല്ല. തൊട്ടുകൂടായ്മയും ജാതിവ്യവസ്ഥയും ഇല്ലാതാകണമെങ്കില്‍ സാമ്പത്തിക ജനാധിപത്യം ഇന്ത്യയിലുണ്ടാകണമെന്ന് അംബേദ്കര്‍ വാദിക്കുന്നത് ആധുനിക അറിവുരൂപങ്ങള്‍ നല്‍കുന്ന ഉള്‍ക്കാഴ്ചയില്‍നിന്നാണ്.
ആരാണോ ജനാധിപത്യത്തിലൂടെ ഭരണാധികാരികളായി തീര്‍ന്നത്, അവര്‍ ഭൂപ്രഭുത്വത്തിലും ജാതിവ്യവസ്ഥയിലും അധികാരികളായിരുന്നു. പലപ്പോഴും ജനാധിപത്യം ഒരു മുഖം കൂടിയാണ്, അഥവാ, പൊയ്മുഖമാണ്.
ഭൂപരിഷ്‌കരണം, ഹരിത വിപ്ലവം, ബാങ്ക് ദേശസാല്‍ക്കരണം
ജനാധിപത്യത്തിന്റെ ജനകീയവല്‍ക്കരണത്തിനായിട്ടാണ് സര്‍ക്കാറുകള്‍ നവീകരണനയങ്ങള്‍ നടപ്പാക്കുന്നത്. ഭൂമിയില്ലാത്ത ഭൂരിപക്ഷം ജനങ്ങള്‍ക്കും ഭൂമി വേണമെന്ന് ആവശ്യപ്പെടാന്‍ ജനാധിപത്യത്തില്‍ സാധിക്കുന്നില്ല. ഹരിത വിപ്ലവത്തിന് മുന്നോടിയായി ഭൂപരിഷ്‌കരണം കൊണ്ടുവന്നു. ഭൂമിയുള്ളവര്‍ക്കുമാത്രമേ കൃഷി ചെയ്യാനാവൂ. കൃഷി ചെയ്യണമെങ്കില്‍ ബാങ്കില്‍നിന്ന് കടമെടുക്കാന്‍ കഴിയണം. അങ്ങനെ മാത്രമേ ഗ്രാമീണമേഖല സാമ്പത്തികമായി മുന്നോട്ടുപോകുകയുള്ളൂ. ഈ നവീകരണനയങ്ങള്‍ ഒറ്റനോട്ടത്തില്‍ ജനകീയ മുന്നേറ്റമായും ജനാധിപത്യത്തിന്റെ നടപ്പിലാക്കലായും തോന്നുമെങ്കിലും മുതലാളിത്തത്തിന്റെയും വ്യക്തിഗത മൂലധന നിക്ഷേപങ്ങളുടെയും ഫലമായിട്ടാണ് ഇതൊക്കെ ഇന്ത്യയില്‍ നടന്നത്. നടപ്പിലാക്കുന്ന അധികാരിവര്‍ഗം / ജാതി ഒന്നുതന്നെ. ആരാണോ ജനാധിപത്യത്തിലൂടെ ഭരണാധികാരികളായി തീര്‍ന്നത്, അവര്‍ ഭൂപ്രഭുത്വത്തിലും ജാതിവ്യവസ്ഥയിലും അധികാരികളായിരുന്നു. പലപ്പോഴും ജനാധിപത്യം ഒരു മുഖം കൂടിയാണ്, അഥവാ, പൊയ്മുഖമാണ്. ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടല്ല പുതിയ നയങ്ങള്‍ രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്. ജനങ്ങളുടേതാണെന്ന മട്ടില്‍ ഭരണവര്‍ഗം അത് നടപ്പിലാക്കുന്നു എന്നുവേണം കരുതാന്‍.
സമ്പത്തിന്റെ തുല്യമായ പുനര്‍വിതരണം, ഭൂരാഹിത്യം പരിഹരിക്കല്‍, ആദിവാസി ഭൂമിയുടെ അന്യവല്‍ക്കരണം പരിഹരിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളെടുത്താല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ബി.ജെ.പിയും കോണ്‍ഗ്രസും ലീഗുമെല്ലാം ഒന്നിക്കും. ഈ അവസ്ഥ നിലനിര്‍ത്തുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മതനേതാക്കള്‍ക്കുമെല്ലാം പൊതുതാല്‍പര്യമുണ്ട്.
ആര്‍ക്കാണോ മാറ്റം കൊണ്ടുവരാന്‍ കഴിയുക അവര്‍ അധികാരികളാണ്. എന്നാല്‍, അവര്‍ക്ക് മാറ്റം ആവശ്യമില്ല. ആര്‍ക്കാണോ മാറ്റം വേണ്ടത്, അവര്‍ക്ക് അത് കൊണ്ടുവരാനും കഴിയുന്നില്ല. ഈ സാമൂഹിക പ്രക്രിയുടെ പേരു കൂടിയാണ് ജനാധിപത്യം. അതുകൊണ്ട് ജനാധിപത്യത്തിന് മൗലികമായ മാറ്റം കൊണ്ടുവരാന്‍ കഴിയില്ല എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. ജനാധിപത്യം ജനങ്ങള്‍ക്ക് പങ്കുകൊള്ളാന്‍ കഴിയുന്ന വ്യവസ്ഥയാണ്. എല്ലാവര്‍ക്കും പങ്കാളിയാകാം. പക്ഷെ, സര്‍ക്കാറിന്റെ സ്വഭാവത്തെ തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുന്നില്ല.
ഹിന്ദുത്വ രാഷ്ട്രീയം ഹിന്ദുക്കളെ നിര്‍വചിക്കുന്നതില്‍വിജയിക്കുന്നുണ്ട്. ഹിന്ദുത്വയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അവര്‍ക്കുണ്ട്.
വികസനാവശ്യങ്ങള്‍ക്കായി മുന്നോട്ടുപോകാനാണ് നെഹ്‌റു ഇന്ത്യന്‍ ജനാധിപത്യത്തെ ഉപയോഗിച്ചത്. വ്യവസായിക വളര്‍ച്ച, ശാസ്ത്രീയ കാഴ്ചപ്പാട്, പുതിയ തരം കണ്ടുപിടുത്തങ്ങള്‍ എന്നിവ ആധുനിക മനുഷ്യനാവശ്യമായ രീതിയില്‍ മാറ്റുക എന്നതിലൂടെ ആ കാലത്തെ വികസന കാഴ്ചപ്പാടിനെ നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഗാന്ധിയുടെ ജനാധിപത്യത്തില്‍ വികസനക്കുതിപ്പില്ല. ഗ്രാമങ്ങളെ അതായി നിലനിര്‍ത്തി, ഗ്രാമം തരുന്നതുമാത്രം വിഭവമായി കണ്ട് ജീവിക്കുന്ന ക്രമം ജനാധിപത്യവിരുദ്ധമാണെന്ന നിലപാടെടുക്കാന്‍ ഗാന്ധിക്ക് കഴിഞ്ഞില്ല. എന്നാല്‍, അംബേദ്കര്‍ ഗ്രാമത്തെ അജ്ഞതയുടെ ഈറ്റില്ലമായാണ് വിദേശിപ്പിച്ചത്. കേന്ദ്രീകൃത ഭരണകൂടം ഗ്രാമങ്ങളില്‍ ചടുലമായ മാറ്റം കൊണ്ടുവരികയും ഗ്രാമങ്ങളില്‍നിന്ന് മനുഷ്യര്‍ നഗരങ്ങളില്‍ ചേക്കേറി പുതിയ സാമ്പത്തിക- സാമൂഹിക ഇടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമ്പോഴാണ് സ്വാതന്ത്ര്യം പുലരുന്നതെന്നും അത് ഭരണകൂട സോഷ്യലിസത്തെ മുന്നോട്ട് നയിക്കുമെന്നും കരുതി.
നെഹ്‌റുവിനെ ആ കാലത്തെ അധികാരവ്യവസ്ഥ അംഗീകരിച്ചെങ്കിലും ജനാധിപത്യത്തിന്റെ വികേന്ദ്രീകരണത്തെ കുറിച്ച് സ്വപ്‌നം കണ്ട അംബേദ്കറെ വേണ്ടത്ര സ്വീകരിച്ചില്ല. സാമ്പത്തിക ജനാധിപത്യത്തിനായി ആവശ്യമുന്നയിച്ച ഡോ. അംബേദ്കറെ 1952-ലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഒന്നിച്ചുചേര്‍ന്നാണ് തോല്‍പ്പിച്ചത്. അന്ന് കമ്യൂണിസ്റ്റ് നേതാക്കള്‍ പറഞ്ഞത്, every vote cast for Ambedkar is a vote wasted എന്നാണ്. അംബേദ്കറെ ബ്രിട്ടീഷ് ചാരനെന്നും മുതലാളിത്ത ഏജന്റെന്നും കമ്യൂണിസ്റ്റുകാര്‍ ആരോപിച്ചു. അവര്‍ക്ക് അംബേദ്കറുടെ സാമ്പത്തിക നയത്തോട് എതിര്‍പ്പായിരുന്നു. ഭൂപരിഷ്‌കരണമായിരുന്നില്ല, ഭൂമിയുടെ തുല്യ വിതരണമാണ് അംബേദ്കര്‍ മുന്നോട്ടുവച്ചത്.
കമ്യൂണിസ്റ്റുകള്‍ അധികാരമാണ് ആധികാരികത എന്ന നിലയിലാണ് പ്രവര്‍ത്തിച്ചത്. ജനങ്ങള്‍ക്കുവേണ്ടത് പാര്‍ട്ടിക്ക് അറിയാമെന്നും ജനാഭിപ്രായം പാര്‍ട്ടിയുടെ അഭിപ്രായമായി രൂപാന്തരപ്പെടുത്താവുന്നതാണെന്നും അവര്‍ കരുതി.
‘ഹിന്ദുത്വ പ്ലസി’ലൂടെ മോദിക്ക് സ്ത്രീകള്‍ക്കിടയില്‍ വലിയ പിന്തുണയുണ്ടാക്കാനായി. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുമായി കൂട്ടിയിണക്കി ഹിന്ദുത്വയെ തന്ത്രപൂര്‍വം ഉപയോഗിക്കുകയാണ് മോദി. ഇത് ഒരു ഇംപാക്റ്റ് ഉണ്ടാക്കിയിട്ടുണ്ട്.
എന്നാല്‍, ജനാധിപത്യം നമ്മെ പഠിപ്പിക്കുന്ന നിയതമായ തത്വമാണ് ഭരണാധികാരിക്ക് നിയമങ്ങളെ മാത്രമേ അറിയുകയുള്ളൂ എന്നത്. ഭരിക്കപ്പെടുന്നവരെക്കുറിച്ച് അറിയാന്‍ പറ്റാത്തവിധം അവര്‍ അന്ധമായി പോകുന്നു. ഈ സവിശേഷമായ മനംമാറ്റമാണ് ജനാധിപത്യത്തിന്റെ ആന്തരിക പ്രശ്‌നം. അധികാരമാണ് ജ്ഞാനം. ആശയങ്ങള്‍ ശക്തികേന്ദ്രീകൃതമായി ചലിക്കുന്നു. നെഹ്‌റുവിയന്‍ കാലത്തും ഈ സവിശേഷത നാം കണ്ടതാണ്. യു.എ.പി.എ പോലുള്ള നിയമങ്ങള്‍ വര്‍ധിതവീര്യത്തോടെ നടപ്പാക്കുന്നതിൽ ഇടതുപക്ഷം പോലും വെമ്പല്‍ കാണിക്കുന്നത് അധികാരം ശക്തിയുള്ളവരുടേതാണ് എന്ന ധാരണ കൊണ്ടാണ്. ഇതിനോട് ഇടതു- വലതു തീവ്രവാദങ്ങള്‍ പോലും യോജിപ്പാകുന്നത് ജനാധിപത്യം ശക്തിയുടെ പ്രയോഗമായിത്തീരുമ്പോഴാണ്. ഇടതിനും വലതിനും നയങ്ങളില്‍ ഒരേ ശബ്ദമുണ്ടാകുന്നത് ജനാധിപത്യത്തിന്റെ തത്വം കൊണ്ടല്ല, മറിച്ച്, ജനാധിപത്യം ശക്തിയുടെ ഉറവിടമാകുന്നതുകൊണ്ടാണ്.
ഭരണകര്‍ത്താക്കളെ ഉണ്ടാക്കുന്ന രീതി മാത്രമായി ജനാധിപത്യം ചുരുങ്ങുന്നത് കാലത്തിന്റെ ഒരു അപകടമായി വിലയിരുത്താം. ഭരണാധികാരികള്‍ സമൂഹത്തില്‍ സ്വാതന്ത്ര്യത്തിന്റെ വാഹകരല്ല ആകുന്നത്, മറിച്ച് അവര്‍ ഭയം ജനിപ്പിക്കുന്നവരായിത്തീരുന്നു. ശക്തിയുള്ളവരെ ഭയപ്പെട്ട് ജീവിക്കേണ്ട അവസ്ഥയുണ്ടാകുന്നു. ജനാധിപത്യത്തിന് ഒരു വീണ്ടെടുപ്പു സാധ്യതയുണ്ടാകുന്നത്, അത് ഭരണകൂടശക്തിയെ ശക്തിക്കെതിരെ ഉപയോഗിക്കുമ്പോഴാണ്. എന്നാൽ, ശക്തി അശക്തര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത്.
ഭരണഘടനയിലെ 21-ാം ആര്‍ട്ടിക്കിള്‍ ജീവിക്കാനുള്ള അവകാശമാണ് ഉറപ്പുവരുത്തുന്നത്. അതിന്റെ കാതല്‍, സമ്പത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരായിരിക്കണമെന്നതാണ്. അല്ലാതെ, നിയമത്തിന്റെ മുന്നിലല്ല. അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹികജീവിതം വെളിവാക്കി, അവരില്‍ ഒരവബോധമുണ്ടാക്കാന്‍ അംബേദ്കര്‍ക്കു കഴിഞ്ഞു. അതിലൂടെയാണ് അടിച്ചമര്‍ത്തലിനെതിരെ ഒരു പരിധിവരെയെങ്കിലും ചെറുത്തുനില്‍ക്കാന്‍ തൊട്ടുകൂടാത്ത സമുദായങ്ങള്‍ക്കായത്. എന്നാല്‍, രാഷ്ട്രീയമായി വിജയിക്കാന്‍ ദലിത് സമൂഹങ്ങള്‍ക്കായില്ല. കുറച്ചെങ്കിലും വിജയിച്ച പ്രസ്ഥാനങ്ങള്‍ സ്ത്രീപ്രസ്ഥാനങ്ങളും പരിസ്ഥിതി പ്രസ്ഥാനങ്ങളുമാണ്. ഒരു പ്രത്യേക രാഷ്ട്രീയ ആവശ്യത്തിനായി നിലനില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞു. സ്വത്വപ്രശ്‌നങ്ങള്‍ക്കപ്പുറം ഒന്നിക്കാന്‍ ഈ പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നുണ്ട്. സ്വത്തില്ലായ്മയും സാമ്പത്തിക ശക്തിയായി തീരാന്‍ കഴിയാത്തതുമാണ് ദലിത് പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായത്. സ്വത്താണ് സ്വാതന്ത്ര്യമുണ്ടാക്കുക. വികസനം എന്നത് സ്വാതന്ത്ര്യം ആണെന്ന് അംബേദ്കറും പിന്നീട് അമര്‍ത്യാസെന്നും പറയുന്നതിന്റെ അടിസ്ഥാനവും അതാണ്. അക്കാദമിയ, മീഡിയ, സര്‍വകലാശാലകള്‍ എന്നിവ ഒട്ടും ജനാധിപത്യവല്‍ക്കരിക്കപ്പെട്ടില്ല. അതൊക്കെ ഇന്നും ഫ്യൂഡലിസത്തിന്റെ സിരാകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നു. ഉന്നത ശക്തികേന്ദ്രത്തിലിരിക്കുന്നവര്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ സവര്‍ണ കസേരകളിലിരിക്കുന്നു. ഒരു കാലത്ത് മുതലാളിത്തത്തെ വിമര്‍ശിച്ചവര്‍ ഇന്ന് തൊഴിലാളി- പിന്നാക്ക ജനവിഭാഗങ്ങളെ തള്ളിപ്പറയുന്നു. അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്ക് വിമര്‍ശനങ്ങളെയും അതുയര്‍ത്തുന്ന വ്യക്തികളെയും ഭയമാണ്. ഭയം അധികാരത്തെ ജനവിരുദ്ധവും ദലിത് വിരുദ്ധവുമാക്കുന്നു. കോണ്‍ഗ്രസ് ദലിതരെ അവരുടെ രാഷ്ട്രീയസ്വത്വമായി ഒരിക്കലും കണ്ടില്ല. അവര്‍ തളര്‍ന്നപ്പോഴൊന്നും ദലിത്- പിന്നാക്കക്കാരെ പരിഗണിച്ചില്ല. എന്നാല്‍, തകര്‍ച്ച നേരിടുമ്പോള്‍ അവരിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നു.
പാര്‍ട്ടിയെ പ്രത്യയശാസ്ത്രത്തിലൂടെയല്ല അവര്‍ വളര്‍ത്തുന്നത്. ബി.ജെ.പിയെപ്പോലൊരു പാര്‍ട്ടി, അവരുടെ പ്രത്യയശാസ്ത്രം പറഞ്ഞാല്‍ അത് ആരും അംഗീകരിക്കില്ല. അവിടെയാണ് ക്ഷേമ- വികസന പ്രവര്‍ത്തനങ്ങള്‍ ഉപയോഗിക്കുന്നത്.
തളര്‍ച്ചയും തകര്‍ച്ചയും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. 34 വര്‍ഷം തുടരെ ഭരിച്ചിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാളില്‍ തളരുകയല്ല, തകരുകയാണ് ചെയ്തത്. 23 വര്‍ഷം ഒരാള്‍ മുഖ്യമന്ത്രിയാകുന്നത് 23 വര്‍ഷവും മദ്യപിക്കുന്നതിന് തുല്യമാണ്. അധികാരം ഒരു ലഹരിയായി മാറുന്നു. തളരുന്നത് ആരാധനയിലൂടെയാണ്. മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തെയും ആരാധിക്കരുത്. അതിനെ കാലികമായി പുതുക്കണമെന്ന് മാര്‍ക്‌സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ന് മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ ‘കാരണഭൂതന്മാരാ’യാണ് വാഴ്ത്തപ്പെടുന്നത്.
ഹിന്ദുത്വ രാഷ്ട്രീയവും മോദിയും
ഹിന്ദുത്വ രാഷ്ട്രീയം ഹിന്ദുക്കളെ നിര്‍വചിക്കുന്നതില്‍വിജയിക്കുന്നുണ്ട്. ഹിന്ദുത്വയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അവര്‍ക്കുണ്ട്. ഹിന്ദുത്വ എന്നത് ഹിന്ദുയിസം അല്ല എന്ന് സുപ്രീംകോടതിയും പറഞ്ഞിട്ടുണ്ട്. ഈ നിര്‍വചനത്തിലൂടെയാണ് ഹിന്ദുത്വ രാഷ്ട്രീയം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. അവര്‍ ഇതിനെ മതം ആയിട്ടില്ല കാണുന്നത്, മറിച്ച്, ക്ഷേമപ്രവര്‍ത്തനങ്ങളുമായി അതിനെ ബന്ധിപ്പിക്കുന്നു. ഹിന്ദുത്വയും ക്ഷേമവും കൂടിച്ചേരുന്ന ‘ഹിന്ദുത്വ പ്ലസ്’.
പണം കൈകാര്യം ചെയ്യാതിരുന്ന ജനവിഭാഗങ്ങളില്‍ ബാങ്കിന്റെ വികേന്ദ്രീകരണം വഴി പണം കൈകളിലെത്തുന്നുണ്ട്. ഗ്രാമങ്ങളില്‍ ചാണകവും വിറകും ഉപയോഗിച്ചിരുന്നവരില്‍ ഗ്യാസ് സിലിണ്ടറുകള്‍ എത്തിയത് അവരില്‍ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ 500-ഓളം സാമൂഹികസുരക്ഷാ പദ്ധതികളുടെ പണം ബാങ്കിലേക്ക് നേരിട്ടാണ് എത്തുന്നത്. സ്ത്രീകള്‍ക്ക് സ്വന്തം അക്കൗണ്ടായി. അവര്‍ക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിച്ചേ പറ്റൂ. ‘ഹിന്ദുത്വ പ്ലസി’ലൂടെ മോദിക്ക് സ്ത്രീകള്‍ക്കിടയില്‍ വലിയ പിന്തുണയുണ്ടാക്കാനായി. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുമായി കൂട്ടിയിണക്കി ഹിന്ദുത്വയെ തന്ത്രപൂര്‍വം ഉപയോഗിക്കുകയാണ് മോദി. ഇത് ഒരു ഇംപാക്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. 2002- ല്‍ ഗുജറാത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്നുണ്ടോ? ബില്‍ക്കീസ് ബാനു കേസിനെക്കുറിച്ച് ഗൗരവകരമായ ചര്‍ച്ചയുണ്ടായോ? മോദി ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചാണ് ആളുകള്‍ പറയുന്നത്. മോദിയുടെ പോസിറ്റീവ് എന്ന് പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങളാണ്- ഗുജറാത്ത് മോഡല്‍ വികസനം അടക്കം- മുന്നോട്ടുവക്കപ്പെടുന്നത്. രണ്ടാമത്തെ ടേമില്‍, ‘മോദിയുടെ പരിപാടി പൂര്‍ത്തിയാക്കാന്‍ അവസരം തരൂ’ എന്നായിരുന്നു കാമ്പയിന്‍. അതിലൂടെ മോദിയെ ദൈവീകരിക്കുകയാണ് ചെയ്തത്. അധികാരവും ക്ഷേമവും വികസനവും പാര്‍ട്ടി വളര്‍ത്താനാണ് ഇവർ ഉപയോഗപ്പെടുത്തുന്നത്. അതിലൂടെ അവരുടെ അധികാരം ശാശ്വതീകരിക്കാനാണ് ശ്രമം. പാര്‍ട്ടിയെ പ്രത്യയശാസ്ത്രത്തിലൂടെയല്ല അവര്‍ വളര്‍ത്തുന്നത്. ബി.ജെ.പിയെപ്പോലൊരു പാര്‍ട്ടി, അവരുടെ പ്രത്യയശാസ്ത്രം പറഞ്ഞാല്‍ അത് ആരും അംഗീകരിക്കില്ല. അവിടെയാണ് ക്ഷേമ- വികസന പ്രവര്‍ത്തനങ്ങള്‍ ഉപയോഗിക്കുന്നത്. ഇതിലും ഒരു ‘എക്‌സ്‌ക്ലൂഷന്‍’ നടപ്പാക്കുന്നുണ്ട്.
മോദി താഴെക്കിടയിലുള്ളവരിലേക്ക് ഇറങ്ങിച്ചെന്നു എന്നല്ല ഇതിനെ വായിച്ചെടുക്കേണ്ടത്. ഹിന്ദുത്വത്തിന്റെ വളര്‍ച്ച മോദി ഉപയോഗപ്പെടുത്തുന്നു എന്നുമാത്രം.
ഹിന്ദുത്വ ഹിന്ദുക്കളെ നിര്‍വചിക്കുന്നില്‍ വിജയിച്ചപോലെ, കമ്യൂണിസ്റ്റു രാഷ്ട്രീയം കമ്യൂണിസ്റ്റുകളെ നിര്‍വചിക്കുന്നതില്‍ വിജയിച്ചിട്ടില്ല. ആരായിരിക്കണം ഒരു കമ്യൂണിസ്റ്റ് എന്നതില്‍. കോണ്‍ഗ്രസിന് ഇങ്ങനെയൊരു നിര്‍വചനത്തിന്റെ ആവശ്യമില്ല, കാരണം അതൊരു ലിബറല്‍ പാര്‍ട്ടിയാണ്.
1920- കളിലോ മുപ്പതുകളിലോ മോദിയെപ്പോലൊരാള്‍ക്ക് ഹിന്ദുത്വയിലൂടെ ഉയര്‍ന്നുവരാന്‍ പറ്റില്ലായിരുന്നു. ബറാക് ഒബാമക്ക് അമേരിക്കയില്‍ സംഭവിച്ചതിന് തുല്യമായ ഒരു മാറ്റമാണിത്. 1950- കള്‍ വരെ ഒരു കറുത്തവര്‍ഗക്കാരന് അമേരിക്കയില്‍ പ്രസിഡന്റാകാന്‍ പറ്റില്ലായിരുന്നു. ഇതുപോലെയാണ്, ഒരു വ്യവസ്ഥിതിയുടെ തലപ്പത്ത് മോദിയെപ്പോലൊരാള്‍ വരുന്നത്. നമ്മള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെയോ നയത്തെയോ സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്‌നം. ഒരു പിന്നാക്ക വിഭാഗക്കാരന്‍ ഉയര്‍ന്നുവന്നു, അയാള്‍ക്ക് കിട്ടുന്നത് ആഗോള അംഗീകാരമാണ്. ജോ ബൈഡനുപോലും കിട്ടാത്ത അംഗീകാരമാണ് ആഗോളതലത്തില്‍ മോദിക്ക് കിട്ടുന്നത്. ഇത് ആളുകളുടെ കാഴ്ചപ്പാടില്‍ ഒരു മാറ്റമുണ്ടാക്കി. മോദി താഴെക്കിടയിലുള്ളവരിലേക്ക് ഇറങ്ങിച്ചെന്നു എന്നല്ല ഇതിനെ വായിച്ചെടുക്കേണ്ടത്. ഹിന്ദുത്വത്തിന്റെ വളര്‍ച്ച മോദി ഉപയോഗപ്പെടുത്തുന്നു എന്നുമാത്രം. ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്റായാലും കോണ്‍ഗ്രസ് നയങ്ങളാണ് നടപ്പാക്കുക, അല്ലാതെ, പിന്നാക്കക്കാര്‍ക്ക് അനുകൂലമായ നയങ്ങളല്ല.
ഹിന്ദുത്വ എന്ന പൊളിറ്റിക്കല്‍ അജണ്ട മോദിയിലൂടെ സവര്‍ണര്‍ക്ക് നടപ്പാക്കാന്‍ കഴിയുന്നു. അങ്ങനെയാണ് അവര്‍ സിലബസും ചരിത്രവും തിരുത്തുന്നതും ആചാരങ്ങളും അനുഷ്ഠാനങ്ങളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെടുന്നതും.
മോദിയിലൂടെ മുതലെടുപ്പു നടത്തുന്നത് സവര്‍ണരാണ്. കാരണം, ഹിന്ദുത്വ എന്ന പൊളിറ്റിക്കല്‍ അജണ്ട മോദിയിലൂടെ സവര്‍ണര്‍ക്ക് നടപ്പാക്കാന്‍ കഴിയുന്നു. അങ്ങനെയാണ് അവര്‍ സിലബസും ചരിത്രവും തിരുത്തുന്നതും ആചാരങ്ങളും അനുഷ്ഠാനങ്ങളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെടുന്നതും. ഹിന്ദുത്വ എന്ന ബി.ജെ.പി അജണ്ട മറ്റു പാര്‍ട്ടികളും ഉള്‍ക്കൊണ്ടിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റികളില്‍ മാര്ക്സിസ്റ്റുകാരുള്ളത് അതുകൊണ്ടാണ്. തെരഞ്ഞെടുപ്പുരാഷ്ട്രീയമാണത്, ട്രൂ പൊളിറ്റിക്‌സല്ല. മോദി പ്രവര്‍ത്തികമാക്കുന്നതും ട്രൂ പൊളിറ്റിക്‌സല്ല, ഇലക്ടറല്‍ പൊളിറ്റിക്‌സാണ്. ഇലക്ടറല്‍ പ്രോസസില്‍ വോട്ടുബാങ്കായി ഉപയോഗപ്പെടുത്താന്‍കഴിയുന്ന ആരുമായും മോദി ചര്‍ച്ച നടത്തും. അതുകൊണ്ടാണ്, ഈയിലെ കേരളത്തില്‍ വന്നപ്പോള്‍ മോദി, ക്രിസ്ത്യന്‍ സഭാ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ബിഷപ്പുകാരെ കണ്ട മോദി സാധാരണക്കാരുടെയോ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയോ പ്രതിനിധികളെ കണ്ടില്ല.
ദലിത്- ആദിവാസി വിഭാഗങ്ങള്‍ വോട്ടുബാങ്ക് അല്ലാത്തതുകൊണ്ടാണ്, ക്രിസ്ത്യാനികളെ സമീപിക്കുന്നതുപോലെ മോദി ആ വിഭാഗങ്ങളെ സമീപിക്കാത്തത്. ക്രിസ്ത്യാനികള്‍ക്കുള്ളതുപോലെ ഒരു കേന്ദ്രീകൃതശക്തി ദലിതര്‍ക്കും ആദിവാസികള്‍ക്കുമില്ലല്ലോ. മോദിയുടേത് തെരഞ്ഞെടുപ്പ് അഡ്ജസ്റ്റുമെൻറ് അജണ്ടയാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും മതനേതാക്കള്‍ക്കും കോര്‍പറേറ്റ് കാപ്പിറ്റലിസ്റ്റുകള്‍ക്കും ഒരേ അജണ്ടയാണ്- സമ്പത്തിന്റെ പുനര്‍വിതരണം നടക്കരുത്. അതില്‍ സി.പി.എമ്മുകാരും കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരും തമ്മില്‍ വ്യത്യാസമില്ല.
ബ്രാഹ്മണിക് ഹിന്ദുത്വയിൽനിന്ന്
കീഴാള ഹിന്ദുത്വയിലേക്ക്
ആഗോളീകരിക്കപ്പെടുന്ന മൂലധനത്തിന്റെ ഉപയോഗം അസമത്വമുണ്ടാക്കുന്നുണ്ടെങ്കിലും നേരത്തെ ഇല്ലാതിരുന്ന പണവ്യവസ്ഥ ഗ്രാമങ്ങളില്‍ ഇതുവഴി എത്തുന്നുണ്ട്. അതുകൊണ്ട്, കീഴാള ഹിന്ദുത്വത്തെ ബ്രാഹ്മണിക് ഹിന്ദുത്വത്തില്‍നിന്ന് വിഭിന്നമായി കാണണം. നരേന്ദ്രമോദി ചെയ്യുന്നത് ഹിന്ദുത്വ എന്ന രാഷ്ട്രീയ പദ്ധതിയെ കീഴാളരിലേക്കും ആദിവാസികളിലേക്കും കൊണ്ടുവരികയാണ്. ഇത് ഹിന്ദുത്വയാല്‍ അപരവല്‍ക്കരിക്കപ്പെടുന്ന സമൂഹങ്ങളില്‍ വിരുദ്ധനിലയില്‍ പ്രവര്‍ത്തിക്കും, അത് കീഴാള അടിത്തട്ടിന് ചില സാധ്യതകളും നല്‍കും. ഉദാഹരണത്തിന്, വ്യവസായ സംരംഭങ്ങള്‍ നടത്താന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. അദ്വാനിക്ക് കഴിയാത്തത് മോദിക്ക് കഴിയുന്നത്, കീഴാള ഹിന്ദുത്വത്തിന്റെ വളര്‍ച്ചയിലാണ്. ആ നിലയിൽ വിലയിരുത്തിയാൽ കോണ്‍ഗ്രസ് ഇന്നലത്തെ പാര്‍ട്ടിയാണ്, ബി.ജെ.പി ഇന്നിന്റെയും. നാളെയുടെ പാര്‍ട്ടി ഇനി ജനിക്കാനിരിക്കുന്നതേയുള്ളൂ. നാളത്തെ പാര്‍ട്ടി സമ്പത്തിന്റെ സമത്വപൂര്‍ണമായ വിതരണം ഉറപ്പുവരുത്തണം. അവരെ മാത്രമേ ജനം സ്വീകരിക്കുകയുള്ളൂ. ഇന്ത്യയില്‍ മാത്രമല്ല, ലാറ്റിനമേരിക്കയിലും അതായിരിക്കും സ്ഥിതി.
സമ്പത്തിന്റെ വലുപ്പം കൂടുന്നതിനനുസരിച്ച് അതിന്റെ ജനാധിപത്യ ഉപയോഗം, പൊതുവില്‍ ജാതിരൂപങ്ങളാല്‍ കേന്ദ്രിതമായ സമൂഹത്തെ മാറ്റിയെടുക്കും.
സമ്പത്തും ജനാധിപത്യ ഉപയോഗവും
മൂലധനത്തിന്റെ ജനാധിപത്യവല്‍ക്കരണവൂം ജനാധിപത്യത്തിനുവേണ്ടി മൂലധനത്തെ ഉപയോഗിക്കുന്നതും സ്വാതന്ത്ര്യത്തെ ഉണ്ടാക്കുമെന്നോ അതിനെ ഹനിക്കുമെന്നോ ഞാന്‍ പറയുന്നില്ല. അസമത്വം കൂടും, എന്നാല്‍, സമ്പത്തിന്റെ വലുപ്പം കൂടുന്നതിനനുസരിച്ച് അതിന്റെ ജനാധിപത്യ ഉപയോഗം, പൊതുവില്‍ ജാതിരൂപങ്ങളാല്‍ കേന്ദ്രിതമായ സമൂഹത്തെ മാറ്റിയെടുക്കും. 3.7 ട്രില്യന്‍ ഡോളറുള്ള സമ്പദ്‌വ്യവസ്ഥയില്‍നിന്ന് 5 ട്രില്യന്‍ ഡോളര്‍ വ്യവസ്ഥയിലേക്ക് ഇന്ത്യയെ മാറ്റണമെന്ന് ഭരണാധികാരികള്‍ ആഗ്രഹിക്കുന്നതും ഇതുകൊണ്ടാണ്.
ഇന്ത്യയിലെ 22 ശതമാനം വരുന്ന സമ്പത്ത് ഒരു ശതമാനം ജനതയാണ് കൈയാളുന്നത്. 56 ശതമാനം വരുന്നത് 10 ശതമാനം ജനതയും. അതുകൊണ്ട്, സ്വാതന്ത്ര്യവും ജനാധിപത്യവും ലഭ്യമാകുന്നത് സമ്പത്ത് ആര്‍ജിക്കുന്നതിലൂടെയാണ്. സമ്പത്താണ് സ്വാതന്ത്ര്യം. സാമ്പത്തികനീതി ലഭിക്കാത്ത ഒരു സമൂഹത്തിന് നീതി ലഭ്യമാവില്ല. അതുകൊണ്ടാണ് ഇന്ത്യന്‍ ജനാധിപത്യം എങ്ങോട്ടാണ് എന്ന് മനസ്സിലാവണമെങ്കില്‍ ഇന്ത്യയിലെ ഏറ്റവും ദുര്‍ബലരായവര്‍ക്ക് എന്തു സംഭവിച്ചു എന്ന് നോക്കണം എന്നു പറയുന്നത്. രാഷ്ട്രീയമായ പ്രാതിനിധ്യത്തേക്കാളും അനിവാര്യമായ മുന്നുപാധിയാണ് ജനാധിപത്യത്തിന് സമ്പത്ത് ആര്‍ജിക്കല്‍. അതുകൊണ്ട്, സമ്പത്തിന്റെ ജനാധിപത്യത്തിലൂടെ മാത്രമേ ഇന്ത്യയില്‍ ജനാധിപത്യം എന്ന വ്യവസ്ഥ മുന്നോട്ടുപോകൂ.
(2023 മാര്‍ച്ച് 15ന് മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സാമൂഹിക ശാസ്ത്ര പഠനകേന്ദ്രത്തില്‍ എം. കുഞ്ഞാമന്‍ നടത്തിയ എം. ഗോവിന്ദന്‍ ഓര്‍മ പ്രഭാഷണത്തിന്റെ സംഗ്രഹം. വിവര്‍ത്തനം: ഡോ. രാജേഷ് കോമത്ത്.)