മറയ്ക്കപ്പെട്ട പള്ളികൾ, മായ്ക്കപ്പെടുന്ന മതേതരത്വം

ന്യൂനപക്ഷ മതചിഹ്നങ്ങൾ പ്രശ്‌നകരമാണെന്നും ഭൂരിപക്ഷത്തിന്റെ വികാരങ്ങൾ ഉൾക്കൊള്ളുന്നതിനായി അവ മറച്ചുവെക്കേണ്ടതുണ്ടെന്നുമുള്ള ആശയത്തിന്റെ നിർമ്മിതിയാണ്, ഹോളി ദിനത്തിൽ പള്ളികൾ മൂടിയിടപ്പെട്ടതിലൂടെയും നിസ്‌കാരസമയം മാറ്റിവെക്കപ്പെട്ടതിലൂടെയും നടന്നത്- ഡോ. രതീഷ് പാണമ്പറ്റ എഴുതുന്നു.

ന്ത്യയിൽ മത ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്കും വിശ്വാസങ്ങൾക്കും മത ചിഹ്നങ്ങൾക്കും മതേതരത്വത്തിനും നേരെയുള്ള ഹിന്ദുത്വ അതിക്രമത്തിന്റെയും നിയമവിരുദ്ധമായ കടന്നുകയറ്റത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹോളി ദിനത്തിൽ പള്ളികൾ മൂടിയിടപെട്ടതിലൂടെയും നിസ്‌കാരസമയം മാറ്റിവെക്കപ്പെട്ടതിലൂടെയും 2025 ഫെബ്രുവരി ഒൻപതിന് മദ്‌നി പള്ളി തകർക്കപ്പെട്ടതിലൂടെയും അനാവരണം ചെയ്യപ്പെട്ടത്. ഉത്തർപ്രദേശിൽ ഇരുനൂറോളം പള്ളികളാണ് ഹോളി ആഘോഷത്തെ തുടർന്നുണ്ടായേക്കാവുന്ന സംഘർഷങ്ങളെ ഭയന്ന് ടാർപോളിൻ ഷീറ്റുകൾ കൊണ്ട് മറയ്ക്കപെട്ടത്‌. റംസാൻ മാസത്തിലെ വെള്ളിയാഴ്ചയായിരുന്നിട്ടുകൂടി പതിനെട്ടോളം ജില്ലകളിൽ ജുമാ നമസ്കാരമുൾപ്പെടുന്ന പ്രാർത്ഥനകൾ ഉച്ചക്ക് രണ്ടു മണിക്ക് ശേഷമാക്കി മാറ്റിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു (Namita Bajpai, 2025).

ന്യൂനപക്ഷ മതചിഹ്നങ്ങൾ പ്രശ്‌നകരമാണെന്നും ഭൂരിപക്ഷത്തിന്റെ വികാരങ്ങൾ ഉൾക്കൊള്ളുന്നതിനായി അവ മറച്ചുവെക്കേണ്ടതുണ്ടെന്നുമുള്ള ആശയത്തിന്റെ നിർമ്മിതിയാണ് ഇവിടെ സംഭവിക്കുന്നത് എന്നത്, ഇത്തരം നടപടികളെ വിമർശന വിധേയമാക്കേണ്ടതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

ത്തർപ്രദേശിൽ ഇരുനൂറോളം പള്ളികളാണ് ഹോളി ആഘോഷത്തെ തുടർന്നുണ്ടായേക്കാവുന്ന സംഘർഷങ്ങളെ ഭയന്ന് ടാർപോളിൻ ഷീറ്റുകൾ കൊണ്ട് മറയ്ക്കപെട്ടത്‌.
ത്തർപ്രദേശിൽ ഇരുനൂറോളം പള്ളികളാണ് ഹോളി ആഘോഷത്തെ തുടർന്നുണ്ടായേക്കാവുന്ന സംഘർഷങ്ങളെ ഭയന്ന് ടാർപോളിൻ ഷീറ്റുകൾ കൊണ്ട് മറയ്ക്കപെട്ടത്‌.

പ്രശസ്ത നഗര- ഭൂമിശാസ്ത്രജ്ഞനും വിമർശനാത്മക ചിന്തകനുമായ എഡ്വേർഡ് സോജ (1989) അഭിപ്രായപ്പെട്ടിട്ടുള്ളതുപോലെ, ഇടപരമായ ക്രമീകരണങ്ങൾ (Spatial Organizations) നിഷ്പക്ഷമായി രൂപപ്പെടുകയോ നിലകൊള്ളുകയോ ചെയ്യുന്ന ഒന്നല്ല. മറിച്ച് അധികാരം, പ്രത്യയശാസ്ത്രം, സാമൂഹിക ബന്ധങ്ങൾ എന്നിവയുമായി ആഴത്തിൽ ഇഴചേർന്നിരിക്കുന്നതും അവയെയല്ലാം പല നിലകളിൽ സ്വാധീനിക്കാൻ കെല്പുള്ളവയുമാണ്. കുറെക്കൂടി ലളിതമായി പറഞ്ഞാൽ ഇടപരമായ ഓരോ പുനഃക്രമീകരണങ്ങളും നിലനിൽക്കുന്ന അധികാരബന്ധം, പ്രത്യയശാസ്ത്രം, സാമൂഹികബന്ധങ്ങൾ എന്നിവയുടെ ഉല്പന്നവും അതേസമയം അവയെയെല്ലാം ഒരു പ്രത്യേക ദിശയിൽ പരിവർത്തനപ്പെടുത്താൻ കെല്പുള്ളവയുമാണ്.

അധികാരത്തിന്റെ ചലനാത്മകതയെ രൂപപ്പെടുത്തുന്നതിൽ വളരെ സജീവമായി ഇടപെടുന്ന ഒന്നാണ് ഇടം എന്നത്. ഓരോ ഇടവും (space) ഒരേസമയം സാമൂഹിക നിർമ്മിതിയും ഇടപരമായ പ്രവർത്തനങ്ങളാൽ സമൂഹത്തെ പരിവർത്തനപ്പെടുത്താൻ ശേഷിയുള്ളവയുമാണ്. ഏതൊരു പൊതു ഇടത്തിലും നടത്തുന്ന പുനഃക്രമീകരണം ആ ഇടം ഉൾക്കൊള്ളുന്ന സമൂഹത്തിൽ, പുനഃക്രമീകരണത്തിന് കാരണമായ പ്രത്യശശാസ്ത്രത്തിന് അനുകൂലമായ (മിക്കപ്പോഴും) മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇടം എന്നത് (space) ഒരേസമയം മൂർത്തവും (ഭൗതികമായ പ്രത്യേകതകളോടുകൂടിയത്) അമൂർത്തവുമാണ് (ഭാവനാസൃഷ്ടി). ഏതൊരിടത്തിനും അതിന്റെ ഭൗതികതലവും അവ സാമൂഹികവും വ്യക്തിപരവുമായ ജീവിതത്തിൽ ഇടപെടുന്നതിന്റെ ഫലമായി രൂപപ്പെടുന്ന അനുഭൂതി, ഓർമ്മകൾ, ജീവിതാനുഭവങ്ങൾ, പ്രതിനിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന മാനസിക തലവും ഉണ്ട്. ഏതൊരിടത്തിന്റെയും സാമൂഹിക നിർമ്മിതിയിൽ ഈ രണ്ട് തലങ്ങളും തമ്മിൽ പലനിലകളിൽ ബന്ധപ്പെട്ടുകിടക്കുന്നു. അടിസ്ഥാനപരമായി ഈ ബന്ധം സാമൂഹികമാണ് എന്നുപറയാം.

സതീഷ് ദേശ്പാണ്ടേ, എഡ്വേർഡ് സോജ
സതീഷ് ദേശ്പാണ്ടേ, എഡ്വേർഡ് സോജ

സതീഷ് ദേശ്പാണ്ടേ (2003) അഭിപ്രായപെട്ടതുപോലെ ഹിന്ദുത്വം എല്ലായിപ്പോഴും അപര മതസ്ഥരെ (ഇസ്ലാം) ഒരു കെണിയിൽ അകപ്പെടുത്തിക്കൊണ്ടാണ് ഇടപരമായ ആധിപത്യം നേടിയെടുത്തിട്ടുള്ളത്. ഹോളി സമയത്തും ഇത് കാണാം. ഹോളി ആഘോഷങ്ങൾക്കുവേണ്ടി പള്ളികൾ മറച്ചുവെയ്ക്കുകയും ജുമുഅ നമസ്‌കാര സമയം മാറ്റിവക്കുകയും വേണം എന്ന നിർദ്ദേശങ്ങൾ പ്രത്യക്ഷത്തിൽ സ്വീകരിച്ചാലും നിരസിച്ചാലും അത് ഇസ്‌ലാം സമൂഹത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. നിരസിച്ചാൽ അത് വർഗീയ സംഘട്ടനങ്ങളിലേക്കും, കലാപങ്ങളിലേക്കും വഴിതെളിക്കുന്ന 'തീവ്രവാദപരമായ' തീരുമാനമായി വിലയിരുത്തപ്പെടും. അംഗീകരിക്കുകയാണെങ്കിൽ ഒരു ഹിന്ദു ആഘോഷം നടക്കണമെങ്കിൽ ഇസ്ലാമികമായ ആചാരങ്ങൾ, അടയാളങ്ങൾ, ആരാധനാലയങ്ങൾ എന്നിവ ദൃശ്യപരിധിയിൽ നിന്ന് മറയ്ക്കണം എന്ന തത്വം ന്യായമായും അംഗീകരിക്കപ്പെടേണ്ട ഒന്നായി മാറുകയും ക്രമേണ അത് സ്ഥാപനവത്കരിക്കപ്പെടുകയും അങ്ങനെ ഇസ്ലാമിക ആരാധനാലയങ്ങളും അടയാളങ്ങളും ആചാരങ്ങളുമെല്ലാം എല്ലാ കാലത്തും ഹിന്ദുത്വ അധികാരത്തിനുകീഴിൽ അസ്പർശ്യവും അദൃശ്യവുമായി തുടരേണ്ടിവരികയും ചെയ്യും.

ഹോളിയുമായി ബന്ധപ്പെട്ട ഈ സംഭവം ഉത്തരേന്ത്യയിലെ മുസ്ലീം വിഭാഗങ്ങളുടെ അധിവാസ പ്രദേശങ്ങൾ നേരിടുന്ന വ്യവസ്ഥാപിതമായ ഒഴിവാക്കലുകൾ (systemic exclusion), ഗെട്ടോയിസേഷൻ, അടിസ്ഥാന സൗകര്യങ്ങളിൽ നിന്നുള്ള അവഗണന എന്നിവയുടെ തുടർച്ചയായി മാത്രം കാണാവുന്നതല്ല. ഒരുപക്ഷേ അതിലേറെ ഗൗരവമർഹിക്കുന്ന, രാജ്യത്തിന്റെ മതേതരവും പൊതുവുമായ ഇടങ്ങളെ ഇല്ലായ്മ ചെയ്‌തുകൊണ്ട് മതേതരമായ സമൂഹസങ്കല്പത്തെത്തന്നെ ഇല്ലാതാക്കാൻ കെൽപ്പുള്ള ഇടപരമായ ഇടപെടലുകളായി മനസ്സിലാക്കേണ്ടതുണ്ട്. സാമുദായിക ഐക്യം നിലനിർത്തുന്നതിനും മത സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുമുള്ള ഒരു പ്രതിരോധ നടപടിയായിമാത്രം ഇതിനെ മനസ്സിലാക്കുന്നതിൽ സാരമായ പ്രശ്നങ്ങൾ ഒളിഞ്ഞുകിടക്കുന്നുണ്ട്. വാസ്തവത്തിൽ, മതേതര ഇന്ത്യയുടെ സാമൂഹികവും - ഇടപരവുമായ ക്രമീകരണത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ആഴത്തിലുള്ള ഒരു പരിവർത്തനത്തെ ഈ സംഭവം പ്രതിനിധീകരിക്കുന്നു. ഇവിടെ എല്ലാ മതങ്ങൾക്കും തുല്ല്യ അവകാശങ്ങളുള്ള പൊതു ഇടങ്ങളെ, തെരുവുകളെ, ആരാധനാലയങ്ങളെ, സമയത്തെ എല്ലാം ഹിന്ദുത്വ ആധിപത്യ രാഷ്ട്രീയം പ്രതിഫലിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി പുനഃക്രമീകരിക്കപ്പെടുകയാണ്.

 ഇസ്ലാമിക ആരാധനാലയങ്ങളുടെയും അടയാളങ്ങളുടെയും  ദൃശ്യതയെ നിയന്ത്രിക്കുന്നതിലൂടെ, ഇസ്ലാമിക  ഇടങ്ങൾ വിശാലമായ മതേതര  പൊതു ക്രമത്തിനുപകരം ഹിന്ദുത്വ ആധിപത്യത്തിന് കീഴിലാണ്  നിലനിൽക്കുന്നതെന്നും, അതുകൊണ്ടുതന്നെ അവ അച്ചടക്കം പാലിക്കേണ്ടതുണ്ടെന്നുമുള്ള ധാരണയെ ഇതുവഴി ഹിന്ദുത്വ ഭരണകൂടം ശക്തിപ്പെടുത്തിയെടുക്കുന്നു.
ഇസ്ലാമിക ആരാധനാലയങ്ങളുടെയും അടയാളങ്ങളുടെയും ദൃശ്യതയെ നിയന്ത്രിക്കുന്നതിലൂടെ, ഇസ്ലാമിക ഇടങ്ങൾ വിശാലമായ മതേതര പൊതു ക്രമത്തിനുപകരം ഹിന്ദുത്വ ആധിപത്യത്തിന് കീഴിലാണ് നിലനിൽക്കുന്നതെന്നും, അതുകൊണ്ടുതന്നെ അവ അച്ചടക്കം പാലിക്കേണ്ടതുണ്ടെന്നുമുള്ള ധാരണയെ ഇതുവഴി ഹിന്ദുത്വ ഭരണകൂടം ശക്തിപ്പെടുത്തിയെടുക്കുന്നു.

ഭരണകൂടങ്ങൾ വർഗീയ സംഘർഷങ്ങളെ അഭിസംബോധന ചെയ്യുന്നതിനുപകരം, രാജ്യത്തിന്റെ ബഹുസ്വരമായ മതഘടനകളെ മൂടുപടമണിയിക്കുന്ന പ്രവൃത്തി മതേതരത്വത്തിന്റെ അടിസ്ഥാന തത്വങ്ങളെത്തന്നെ ഇല്ലായ്‌മചെയ്യുന്നതാണ്. മത ന്യുനപക്ഷ (മുസ്‌ലിം) ഇടങ്ങളും അടയാളങ്ങളും ഏകീകൃതമായ ഒരു ഹിന്ദുത്വ പൊതുമണ്ഡലത്തിന് തടസ്സം സൃഷ്ടിക്കുന്ന ഒന്നാണ് എന്ന ധാരണ നിർമ്മിക്കുകയും, ഭരണകൂട സ്ഥാപനങ്ങൾ വഴി ഈ ധാരണയെ സ്ഥാപനവത്കരിക്കുകയുമാണ് ഉത്തർ പ്രദേശിൽ പള്ളികൾക്ക് മൂടുപടം ഇടുക വഴി ഭരണകൂടങ്ങൾ ചെയ്തത്. ഇസ്ലാമിക ആരാധനാലയങ്ങളുടെയും അടയാളങ്ങളുടെയും ദൃശ്യതയെ നിയന്ത്രിക്കുന്നതിലൂടെ, ഇസ്ലാമിക ഇടങ്ങൾ വിശാലമായ മതേതര പൊതു ക്രമത്തിനുപകരം ഹിന്ദുത്വ ആധിപത്യത്തിന് കീഴിലാണ് നിലനിൽക്കുന്നതെന്നും, അതുകൊണ്ടുതന്നെ അവ അച്ചടക്കം പാലിക്കേണ്ടതുണ്ടെന്നുമുള്ള ധാരണയെ ഇതുവഴി ഹിന്ദുത്വ ഭരണകൂടം ശക്തിപ്പെടുത്തിയെടുക്കുന്നു.

ഈ മൂടിവക്കൽ സംഭവത്തിലൂടെ ഹിന്ദുത്വ ഭരണകൂടം നിര്‍മ്മിച്ചെടുക്കുന്ന ആഖ്യാനങ്ങളിലൊന്ന്, അവയുടെ ദൃശ്യപരത ഇന്ത്യയുടെ ബഹുസ്വര നഗര ഭൂപ്രകൃതിയുടെ ന്യായമായ ഒരു വശമല്ല എന്നും, മറിച്ച് പൊതു (ഹിന്ദുത്വ) സമൂഹത്തിൽ പ്രകോപനം സൃഷ്ടിക്കാൻ പ്രാപ്തമായ ഒന്നാണ് എന്നുമാണ്. ബാബറി മുതൽ മദനി വരെയുള്ള പള്ളികളുടെ ചരിത്രം ഇതിനെ ഒരു ഒറ്റപ്പെട്ട സംഭവമായി പരിഗണിക്കാൻ അനുവദിക്കുന്നില്ല. ഹിന്ദു വൈകാരികതക്ക് മുൻഗണന നൽകിക്കൊണ്ട് ഇന്ത്യൻ നഗരഘടനയിൽ മുസ്ലിം ഇടങ്ങളെ, അടയാളങ്ങളെ അദൃശ്യമോ, പ്രശ്നകാരിയോ ആക്കി ചിത്രീകരിക്കുന്ന, ഇടപരമായ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗം കൂടിയാണിത്. ഇത് ഇന്ത്യയിലെ പൊതുജീവിതാനുഭവങ്ങൾ ഹിന്ദുത്വ ആശയങ്ങളാൽ കൂടുതൽ കൂടുതൽ നിയന്ത്രിക്കപ്പെടുന്നത്തിന്റെയും ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര തത്വങ്ങളെ ഇടപരമായ പുനഃക്രമീകരണങ്ങളിലൂടെ ഇല്ലാതാക്കുന്നതിന്റെയും പ്രതീകമായി മനസ്സിലാക്കാവുന്നതാണ്.

ഇടപരമായ പുനഃ ക്രമീകരണം
പുറംതള്ളലിന്റെ ഉപകരണം എന്ന നിലയിൽ

ഇടപരമായ പുനഃക്രമീകരണങ്ങളെ പുറംതള്ളലിൻറെ (exclusion) ഉപകരണങ്ങളായി ഉപയോഗിക്കുന്നതിലൂടെ, മതസമൂഹങ്ങളും പൊതു ഇടങ്ങളും തമ്മിലുള്ള ബന്ധത്തെ ഹിന്ദുത്വ ഭരണകൂടം ഫലപ്രദമായി പുനർനിർവചിക്കുന്നു. സോജ അഭിപ്രായപെടുന്നതുപോലെ, ഈ ഇടപെടലുകൾ പ്രതീകാത്മകമായ അടയാളങ്ങൾ മാത്രമായി നിലനിൽക്കുന്നില്ല, അവ പ്രതീകാത്മകമായ അടയാളങ്ങളിൽ നിന്നും സാമൂഹിക ജീവിതത്തിലേക്ക് വ്യാപിക്കുകന്നു, അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ദൈനംദിന ജീവിതാനുഭവങ്ങളെ സജീവമായി പരിവർത്തനം ചെയ്യുന്നു. അങ്ങനെ സാമൂഹിക സംഘർഷങ്ങളും അധികാര ബന്ധങ്ങളും മനുഷ്യന്റെ ദൈനംദിന ജീവിത ഇടങ്ങളിൽ മൂർത്തമായ യാഥാർത്ഥ്യങ്ങളായി മാറുന്നു. ഹിന്ദുത്വ ആധിപത്യത്തിന് മുൻഗണന നൽകി, മുസ്ലീങ്ങളുടെ ഇടപരമായ ഏജൻസിയെ നിയന്ത്രിക്കുന്ന സാമൂഹികവും ഇടപരവുമായ ബന്ധങ്ങളുടെ പുനഃക്രമീകരണത്തെയാണ് പള്ളികളുടെ മൂടുപടം പ്രതിഫലിപ്പിക്കുന്നത്.

ഉത്തർപ്രദേശിലെ കുശിനഗറിലെ മദ്‌നി മസ്ജിദ് പൊളിക്കുന്നു
ഉത്തർപ്രദേശിലെ കുശിനഗറിലെ മദ്‌നി മസ്ജിദ് പൊളിക്കുന്നു

ഇവിടെ മുസ്‌ലിം സ്വത്വത്തിനെ കുറഞ്ഞ സമയത്തേക്കെങ്കിലും പൊതുമണ്ഡലത്തിൽനിന്ന് അദൃശ്യമാക്കുന്നത് സാമൂഹികവും ഇടപരമവുമായ പുറംതള്ളൽ തന്നെയാണ്. ഇത്തരം പുറംതള്ളലുകൾ തുടർന്നാൽ, ഹിന്ദുത്വത്തിന്റെ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് രാജ്യത്തെ പൊതുഇടങ്ങൾ പുനഃക്രമീകരിക്കുന്ന ഒരു മാതൃകയായി ഇത് രൂപപ്പെടുകയും മുസ്ലിങ്ങൾ അടക്കമുള്ള മത ന്യൂനപക്ഷങ്ങൾ കൂടുതൽ അരികുവത്കരിക്കപ്പെടുകയും ചെയ്തേക്കാം. ആരാധനാലയങ്ങൾ മൂടിവെക്കപ്പെടുന്നത്തിലൂടെയും, മതസ്ഥാപനങ്ങളും മുസ്ലിം അധിവാസ പ്രദേശങ്ങളും തകർക്കപ്പെടുന്നത്തിലൂടെയും പൊതുമണ്ഡലത്തിൽ നിന്ന് തങ്ങളുടെ മതപരവും സാംസ്കാരികവുമായ സാന്നിധ്യം ക്രമേണ ഇല്ലാതാക്കപ്പെടുകയാണെന്ന ധാരണ ശക്തിപ്പെടുത്താൻ ഈ സംഭവങ്ങൾ സഹായകമായേക്കാം, അത് രാജ്യത്തിന്റെ പൊതു മണ്ഡലത്തിൽ നിന്ന് മുസ്ലിം മതവിഭാഗത്തിന്റെ അപരവത്കരണത്തിനു കാരണമായേക്കാം.

ഇടപരമായ രാഷ്ട്രീയവും
മതേതരത്വവും

പള്ളികളുടെ ദൃശ്യത നിയന്ത്രിക്കുന്നതിലൂടെ, ഭരണകൂടം മുസ്ലിം വിഭാഗത്തിന്റെ ഇടപരമായ സാന്നിധ്യത്തെ ഫലപ്രദമായി അരികുവൽക്കരിക്കുകയും, പൊതുഇടത്തെ അന്തർലീനമായി ഹിന്ദു ഇടങ്ങളായി പുനർനിർവചിക്കുവാൻ ശ്രമിക്കുന്ന ഹിന്ദുത്വ ആഖ്യാനങ്ങളുടെ ആധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഹിന്ദുത്വ ഭരണത്തിന്റെ കീഴിൽ പല നിലകളിൽ അട്ടിമറിക്കപ്പെടുന്ന മതേതരത്വം ഇടപരമായി എങ്ങനെ അട്ടിമറിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരമാണ്‌ പള്ളികൾ തകർക്കപ്പെടുന്നതും, മൂടിയിടപ്പെടുന്നതും, മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്കുനേരെ ആക്രമണങ്ങൾ അഴിച്ചുവിടുന്നതുമെല്ലാം. ഭരണകൂട സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി തീവ്ര ഹിന്ദുത്വ ദേശീയവാദത്തിന്റെയും വർഗീയ ആധിപത്യത്തിന്റെയും വേദികളായി പൊതു ഇടങ്ങളെ മാറ്റുന്നത് പൊതുമണ്ഡലത്തിൽ ഒരു മത സ്വത്വത്തിന് മറ്റുള്ളവയെക്കാൾ മുൻഗണന കല്പിച്ചു നൽകുന്നതിന്റെ മൂർത്തമായ ഉദാഹരണമായി മാറുകയും മത ന്യൂനപക്ഷങ്ങളിൽ അരക്ഷിതാവസ്ഥ വളർത്തുന്നതോടൊപ്പം മതേതരത്വ സങ്കൽപ്പങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.

ബാബറി മുതൽ മദനി വരെയുള്ള  പള്ളികളുടെ ചരിത്രം ഇതിനെ ഒരു ഒറ്റപ്പെട്ട  സംഭവമായി പരിഗണിക്കാൻ അനുവദിക്കുന്നില്ല. ഹിന്ദു വൈകാരികതക്ക് മുൻഗണന നൽകിക്കൊണ്ട് ഇന്ത്യൻ നഗരഘടനയിൽ മുസ്ലിം ഇടങ്ങളെ, അടയാളങ്ങളെ  അദൃശ്യമോ, പ്രശ്നകാരിയോ ആക്കി ചിത്രീകരിക്കുന്ന, ഇടപരമായ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗം കൂടിയാണിത്.
ബാബറി മുതൽ മദനി വരെയുള്ള പള്ളികളുടെ ചരിത്രം ഇതിനെ ഒരു ഒറ്റപ്പെട്ട സംഭവമായി പരിഗണിക്കാൻ അനുവദിക്കുന്നില്ല. ഹിന്ദു വൈകാരികതക്ക് മുൻഗണന നൽകിക്കൊണ്ട് ഇന്ത്യൻ നഗരഘടനയിൽ മുസ്ലിം ഇടങ്ങളെ, അടയാളങ്ങളെ അദൃശ്യമോ, പ്രശ്നകാരിയോ ആക്കി ചിത്രീകരിക്കുന്ന, ഇടപരമായ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗം കൂടിയാണിത്.

ഈ സംഭവം രാജ്യത്ത് നിലനിൽക്കുന്ന ഒന്നിലധികം മതസ്വത്വങ്ങളുടെ ചരിത്രപരമായ സഹവർത്തിത്വം ഇല്ലാതാക്കുക മാത്രമല്ല, ക്രമസമാധാനം നിലനിൽക്കുന്നതിന് ഹിന്ദു ഉത്സവങ്ങൾ നടക്കുമ്പോൾ മുസ്ലീം സാന്നിധ്യത്തിനു മുകളിൽ / മുസ്ലിം മത ചിഹ്നങ്ങൾക്കും ആചാരങ്ങൾക്കും മുകളിൽ നിയന്ത്രണം ആവശ്യമാണെന്ന ആശയം സ്ഥാപനവൽക്കരിക്കുകയും ചെയ്യുന്നു. ഒരു മതത്തിന്റെ ആഘോഷം നടക്കുമ്പോൾ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾ മൂടിയിടേണ്ടിവരുന്നത് കേവലം ക്രമസമാധാന പ്രശ്നമായി മാത്രം കാണുക സാധ്യമല്ല. അത് ചരിത്രത്തിന്റെയും മതസത്വത്തിന്റെയും മതേതരത്വത്തിന്റെയും അവരവരുടെയും ഇടത്തിനു മുകളിൽ ഓരോരുത്തർക്കുമുള്ള അവകാശങ്ങളുടെ കൂടി ഇല്ലായ്മ ചെയ്യലാണ്‌.

References:

1. New Indian Express. (2025, March 13). 189 mosques in UP covered with tarpaulin on Holi eve as police tighten security. The New Indian Express. https://www.newindianexpress.com/nation/2025/Mar/13/189-mosques-in-up-covered-with-tarpaulin-on-holi-eve-as-police-tighten-security

2. Deshpande, S. (2003). Contemporary India: A sociological view. Penguin Books India.

3. Soja, E. W. (1989). Postmodern geographies: The reassertion of space in critical social theory. Verso.

Comments