നോട്ട് നിരോധനം മൂലം തീവ്രവാദം കുറഞ്ഞില്ല;
മണിപ്പുരിൽനിന്ന്​ ഇതാ ചില വസ്​തുതകൾ

നോട്ട് നിരോധനം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടും എന്നായിരുന്നു നരേന്ദ്ര മോദിയുടെ അവകാശവാദം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ നോട്ട് നിരോധനത്തിലൂടെ സാധിച്ചിട്ടില്ലെന്നാണ്​ മണിപ്പൂര്‍ ഭരണകൂടം ഇ​പ്പോൾ പറയാതെ പറയുന്നത്.

2016 നവമ്പര്‍ 8ന് രാജ്യത്തെ ജനങ്ങളെയും സാമ്പത്തിക വിദഗ്ദ്ധരെയും അമ്പരപ്പിച്ച്​ നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോള്‍, അതിന്റെ സുപ്രധാന നേട്ടങ്ങളിലൊന്നായി പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതിന് നോട്ട് നിരോധനം കാരണമാകുമെന്നാണ്.

കാശ്മീരിലെ പാകിസ്താന്‍ ഇടപെടലിനെയും കിഴക്കന്‍ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെയും, വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളിലെ 'വിഘടനവാദ' സംഘടനകളെയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. കാശ്മീരില്‍ സൈന്യത്തിന് നേരെ കല്ലെറിയുന്നവര്‍ക്ക് ഓരോ കല്ലെറിയലിനും 500 രൂപ വെച്ച് നല്‍കുന്നുണ്ടെന്നും പാകിസ്ഥാനില്‍ നിന്നെത്തുന്ന കള്ളനോട്ടുകളാണ് ഈ രിതിയില്‍ വിതരണം ചെയ്യപ്പെടുന്നതെന്നും വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മ്യാന്‍മറില്‍ നിന്നുള്ള ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കള്ളപ്പണം സഹായകമാകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനത്തിന്റെ വേരറുക്കാന്‍ നോട്ട് നിരോധനം ഒരു വഴിയാണെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിന്റെ പ്രസംഗത്തില്‍ നിന്ന്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിന്റെ പ്രസംഗത്തില്‍ നിന്ന്.

എന്നാലിന്ന് മണിപ്പുരിലെ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യം, മ്യാന്‍മറിലെ ടെററിസ്റ്റ് സംഘടനകളാണ് മണിപ്പുര്‍ കലാപത്തിന് പിന്നില്‍ എന്നാണ്. മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ഡൽഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.

അനധികൃത കുടിയേറ്റം, പോപ്പി കൃഷി, മ്യാന്‍മറിലെ ഭീകരവാദ സംഘടനകളുടെ ഇടപെടല്‍എന്നിവയാണ് കലാപങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളായി ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്. മണിപ്പുരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മിലിറ്റന്റ് സംഘടനകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ‘സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍’ കരാര്‍ 2023 മാര്‍ച്ചിൽ മണിപ്പൂര്‍ സര്‍ക്കാര്‍ പിന്‍വലിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. (സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍എന്നത് ഭീകരപ്രവര്‍ത്തനങ്ങളും അത്തരം സംഘടനകള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കാരും മിലിറ്റന്റ് സംഘടനകളും തമ്മിലുണ്ടാക്കുന്ന കരാര്‍ ആണ്.)

മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍സിംഗ്
മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍സിംഗ്

മണിപ്പുര്‍ കലാപത്തിന് പിന്നിലെ ശക്തികള്‍ മ്യാന്‍മറില്‍ നിന്നുള്ള ഭീകരവാദ ഗ്രൂപ്പുകളും മണിപ്പുരിലെ തീവ്രവാദ സംഘടനകളും ആണെന്ന ഭരണകൂട വാദം മുഖവിലയ്‌ക്കെടുത്താല്‍ത്തന്നെയും ചില ചോദ്യങ്ങള്‍ സ്വാഭാവികമായി ഉയരുന്നതാണ്. അത് നോട്ട് നിരോധനം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടും എന്ന നരേന്ദ്ര മോദിയുടെ അവകാശവാദവുമായി ബന്ധപ്പെട്ടാണ്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ നോട്ട് നിരോധനത്തിലൂടെ സാധിച്ചിട്ടില്ലെന്നാണ് മണിപ്പൂര്‍ ഭരണകൂടം പറയാതെ പറയുന്നത്. മണിപ്പൂരിലെ യാഥാര്‍ത്ഥ്യം എന്തുതന്നെയായാലും നോട്ട് നിരോധനം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയിടുന്നതിന് സഹായകമായില്ലെന്നതിന് നിരവധി തെളിവുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.


ചില ഉദാഹരണങ്ങള്‍:
ദക്ഷിണേഷ്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ‘സൗത്ത് ഏഷ്യ ടെററിസം പോര്‍ട്ടല്‍’ (SATP) അവരുടെ വെബ്‌സൈറ്റില്‍ ഇങ്ങനെ കുറിക്കുന്നു: “2019 മുതല്‍ 2022 വരെ കശ്മീരില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 209.”
SATP-ന്റെ കണക്കുകള്‍ അനുസരിച്ച് കശ്മീര്‍ തീവ്രവാദവുമായി ബന്ധപ്പെട്ട് 1460 ദിവസങ്ങള്‍ക്കുള്ളില്‍ 990 പേര്‍ കൊല്ലപ്പെട്ടു.
ഇതേസമയം, 2022 ജൂലൈ 20-ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍, 2018 മുതല്‍ ജമ്മുകശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ കുറവ് സംഭവിച്ചതായി പറയുന്നു. നിത്യാനന്ദ റായ് നല്‍കിയ കണക്കനുസരിച്ച് 2018-ല്‍ 417-ഉം, 2019-ല്‍ 255-ഉം, 2020-ല്‍ 244-ഉം, 2021-ല്‍ 229-ഉം തീവ്രവാദ ആക്രമണങ്ങള്‍ / സംഭവങ്ങള്‍ ജമ്മുകശ്മീരില്‍ നടന്നിട്ടുണ്ട്.

എന്നാല്‍ നോട്ട് നിരോധനം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയിടുന്നതില്‍ എന്തെങ്കിലും സംഭാവനകള്‍ നല്‍കിയിട്ടുണ്ടോ എന്ന് കണക്കുകള്‍നിരത്തി പരിശോധിക്കേണ്ടത് പ്രധാനമാണ്. സൗത്ത് ഏഷ്യന്‍ ടെററിസം പോര്‍ട്ടല്‍ നല്‍കുന്ന കണക്ക്, നോട്ട് നിരോധന കാലയളവില്‍ (2016 നവമ്പര്‍ മുതല്‍ 2017വരെ ഒക്‌ടോബര്‍ വരെ) മുന്‍കാലത്തെ അപേക്ഷിച്ച് 88% വര്‍ദ്ധനവുണ്ടായെന്നാണ്. അതുപോലെത്തന്നെ സുരക്ഷാ ഭടന്മാരുടെ മരണനിരക്കില്‍ 99% വര്‍ദ്ധനവും തീവ്രവാദികളുടെ മരണനിരക്കില്‍ 91% വര്‍ദ്ധനവും ഇതേ കാലയളവില്‍ സംഭവിക്കുകയുണ്ടായെന്നും പോര്‍ട്ടല്‍ വെളിപ്പെടുത്തുന്നു.

ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 2018 മുതല്‍ 2021 വരെയുള്ള കണക്കുകള്‍ രാജ്യസഭയില്‍ആഭ്യന്തര സഹമന്ത്രി അവതരിപ്പിക്കുമ്പോള്‍ മുന്‍കാലങ്ങളിലെ കണക്കുകള്‍ മറച്ചുവെച്ചാണ് സംസാരിച്ചതെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. മണിപ്പുർ കലാപത്തിലെ വിദേശ ഭീകരവാദ സംഘടനകളുടെ പങ്കിനെക്കുറിച്ച് ഡബ്ൾ എഞ്ചിൻ സർക്കാർ വാചാലരാകുമ്പോൾ പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളെ അപ്രസക്തമാക്കുകയാണ് അവർ ചെയ്യുന്നത്. 'മ്യാൻമറിൽ നിന്നുള്ള ഭീകരവാദികളുടെ നുഴഞ്ഞുകയറ്റത്തെ'ക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇതുവരെ ഒന്നും തന്നെ പ്രസ്താവിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.


Summary: Demonetization failed to reduce terrorism. K Sahadevan exposes the rhetoric by PM Narendra Modi


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments