സംബൽപുരിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്‍

സിറ്റിങ്ങ് എം.പി നിതേഷ് ഗംഗാ ദേബിന് പകരം ധർമേന്ദ്രയെ മത്സരിപ്പിക്കാനുള്ള ബി.ജെ.പി തീരുമാനം ശരിവെക്കുന്നതാണ് ജയം. കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള ധർമേന്ദ്രയുടെ സ്ഥാനം വിജയഘടകമായി.

Election Desk

ക്തമായ ത്രികോണമത്സരം നടന്ന ഒഡീഷയിലെ സംബൽപുരിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്‍ വിജയത്തിലേക്ക്. ബി.ജെ.ഡി സംഘടനാ സെക്രട്ടറിയും നവീന്‍ പട്നായിക്കിന്റെ വിശ്വസ്തനുമായ പ്രണബ് പ്രകാശ് ദാസിനെയാണ് തോൽപ്പിച്ചത്. 2019-ൽ ബി ജെ പി 9000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 2014-ൽ ബി..ജെ.ഡിയും 2009-ൽ കോൺഗ്രസും വിജയിച്ച മണ്ഡലമാണിത്.

മൂന്നു സ്ഥാനാർഥികളും അതീവ ശക്തരായതിനാൽ, അത്യന്തം കടുപ്പമേറിയ മത്സരമാണ് നടന്നത്. ധർമേന്ദ്ര പ്രധാൻ സംസ്ഥാനത്തെ ബി.ജെ.പിയുടെ മുഖമാണ്. ബോബി ദാസ് എന്നറിയപ്പെടുന്ന പ്രണബ് പ്രകാശ് ദാസ് ബി.ജെ.ഡി സംഘടനാ ജനറൽ സെക്രട്ടറിയും മൂന്നു തവണ എം.എൽ.എയും പാർട്ടിയിൽ നവീൻ പട്‌നായിക്ക് കഴിഞ്ഞാൽ രണ്ടാമനുമാണ്. കോൺഗ്രസിന്റെ നാഗേന്ദ്ര പ്രധാനാകട്ടെ, മുൻ എം.പിയും മണ്ഡലത്തിലെ ജനകീയ മുഖവുമാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ധർമേന്ദ്ര പ്രധാൻ
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ധർമേന്ദ്ര പ്രധാൻ

സിറ്റിങ്ങ് എം.പി നിതേഷ് ഗംഗാ ദേബിന് പകരം ധർമേന്ദ്രയെ മത്സരിപ്പിക്കാനുള്ള ബി.ജെ.പി തീരുമാനം ശരിവെക്കുന്നതാണ് ജയം. കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള ധർമേന്ദ്രയുടെ സ്ഥാനം വിജയഘടകമായി.

2009- ൽ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ധർമേന്ദ്രയുടെ തിരിച്ചുവരവ് കൂടി അടയാളപ്പെടുകയാണ് ഈ ജയത്തിലൂടെ. സംബൽപുരിൽ ജയിക്കുന്നതൊടൊപ്പം ഒഡീഷയിൽ ആദ്യമായി ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്നും പ്രധാൻ കാമ്പയിനിൽ പറഞ്ഞിരുന്നു. മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിലൂന്നിയുള്ള പ്രചാരണങ്ങളാണ് ധർമേന്ദ്ര നടത്തിയിരുന്നത്.

2019-ലും സംബൽപുരിൽ കടുത്ത പോരാട്ടമാണ് ഉണ്ടായിരുന്നത്. ബി ജെ പി സ്ഥാനാർത്ഥി നിതേഷ് ഗംഗാ ദേബ് 9,162 വോട്ടിനാണ് ജയിച്ചത്. ഒരു ശതമാനത്തിന് താഴെയുള്ള അന്തരത്തിലായിരുന്നു ജയം.

2014-ൽ ബി ജെ ഡി-ബി ജെ പി സഖ്യവും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ബിജു ജനതാദൾ 30,000 വോട്ടിന്റെ നേരിയ വ്യത്യാസത്തിൽ വിജയിച്ചു. 2014-ൽബി ജെ ഡി സീറ്റ് നേടിയപ്പോൾ 3 ശതമാനവും 2009-ൽ കോൺഗ്രസ് വിജയിച്ചപ്പോൾ 2 ശതമാനവുമായിരുന്നു അന്തരം. കഴിഞ്ഞ 15 വർഷത്തിനിടെ മൂന്ന് പാർട്ടികളും ഒരു തവണ വീതം വിജയിച്ചിട്ടുണ്ട്. ബി.ജെ.പി, കോൺഗ്രസ്, ബി.ജെ.ഡി പാർട്ടികളിലെ മികച്ച സ്ഥാനാർഥികൾ മത്സരരംഗത്തിറങ്ങിയതിനാൽ ഇത്തവണയും കടുത്ത മത്സരമാണുണ്ടായത്.

സംബൽപുരിനു കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ബി ജെ ഡിക്ക് നാലും ബി ജെ പിക്ക് മൂന്നും സീറ്റു വീതമാണുള്ളത്.

Comments