SIR-നെതിരെ CJP-യുടെ
‘പീപ്പിൾസ് ട്രൈബ്യൂണൽ’

ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടക്കുന്ന ‘പീപ്പിൾസ് ട്രൈബ്യൂണൽ’ എസ്‌ഐആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് പേരുകൾ തെറ്റായി നീക്കം ചെയ്തുവെന്ന പരാതികൾക്ക് പൊതുവേദിയൊരുക്കുകയാണ്. സിജെപി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ ധ്രുവ് റാഠി, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖരും പരിപാടിയുടെ ഭാഗമാകും.

News Desk

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതിനെതിരെ ബെംഗളൂരുവിൽ CJP സംഘടിപ്പിക്കുന്ന ‘പീപ്പിൾസ് ട്രൈബ്യൂണൽ’ പ്രതിഷേധത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠിയും നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജും പ​ങ്കെടുക്കും. CJP സ്ഥാപകൻ അഭിജീത് ദിപ്കെ, വക്താവ് ആശുതോഷ് റങ്ക എന്നിവരും പ്രതിഷേധത്തിലുണ്ട്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സിജെപി നേതാവ് അഭിജീത് ദീപ്കെയും ധ്രുവ് റാഠിയും ഇക്കാര്യം അറിയിച്ചത്. ഗ്യാനേഷ്, ഇറ്റ്സ് ഡൺ ബ്രോ എന്ന തലക്കെട്ടോടെയാണ് ധ്രുവ് റാഠി വീഡിയോ പങ്കുവെച്ചത്.

ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ വൈകിട്ട് നാലിനാണ് പരിപാടി നടക്കുക.പ്രതിഷേധത്തിൽ പൗരന്മാർ പങ്കുചേരണമെന്ന് പ്രകാശ് രാജ് ആഹ്വാനം ചെയ്തു. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാണ് പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.എസ്‌ഐആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് തങ്ങളുടെ പേരുകൾ തെറ്റായി നീക്കം ചെയ്തതായി അവകാശപ്പെടുന്ന കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ‘പീപ്പിൾസ് ട്രൈബ്യൂണലി’ൽ പങ്കെടുക്കും.

വോട്ടർപട്ടികയിൽ നിന്ന് തെറ്റായി പേരുകൾ നീക്കം ചെയ്തതായി പരാതിപ്പെടുന്ന ആളുകളുമായി ട്രൈബ്യൂണലിൽ സംവദിക്കുമെന്ന് സിജെപി വക്താവ് ആശുതോഷ് റങ്ക പറഞ്ഞു.ഇതിനുപിന്നാലെ ഒക്ടോബർ പത്തിന് ഡൽഹി ജന്തർമന്തറിൽ വിദ്യാർഥിസംഘടനകളുമായും പ്രതിപക്ഷ പാർട്ടികളുമായും ചേർന്നും സിജെപി പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബർ പത്തിന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിലും ധ്രുവ് റാഠിയും പ്രകാശ് രാജും അണിനിരക്കും. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇതെന്ന് ‘എക്‌സി’ൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം (SIR), ഫോം 6-ലെ മാറ്റങ്ങൾ, തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ, സുപ്രീം കോടതിയുടെ ഇടപെടൽ, പ്രതിപക്ഷ നേതാക്കൾക്കെതിരായ പോലീസ് നടപടി എന്നിവയെല്ലാം രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ഗൗരവമേറിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.വോട്ടർപട്ടിക പരിഷ്‌കരണം സ്വാഭാവികമായും അനിവാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയാണ്. എന്നാൽ പൗരരുടെ വോട്ടവകാശത്തെ ബാധിക്കുന്ന നടപടികൾക്ക് ഏറ്റവും ഉയർന്ന സുതാര്യതയും നിയമപരമായ വ്യക്തതയും ആവശ്യമാണ്. ഗ്യാനേഷ് കുമാർ നേതൃത്വം നൽകുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയർന്ന പ്രധാന ആരോപണം ഇവിടെയാണ് പ്രസക്തമാകുന്നത്.

പുതിയ വോട്ടർമാർക്കുള്ള ഫോം 6-ൽ എസ്‌ഐആറുമായി ബന്ധപ്പെട്ട അധിക വിവരങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ കമ്മീഷനിലെ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ തന്നെ എതിർപ്പ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. മാറ്റം നിയമപരവും അനുമതിയുള്ളതുമല്ലെന്നായിരുന്നു അവരുടെ നിലപാട്.

വിഷയം സുപ്രീം കോടതിയിലെത്തിയപ്പോൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, പരിഷ്‌കരിച്ച ഫോം 6-ന് സുപ്രീം കോടതി അംഗീകാരം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി.എസ്‌ഐആറിന്റെ നിയമസാധുത സംബന്ധിച്ച വിഷയങ്ങൾ കോടതിയുടെ പരിഗണനയിലാണ്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ പ്രതിപക്ഷ നേതാക്കൾക്കെതിരായി പോലീസ് ബലപ്രയോഗം നടത്തുന്നത് രാജ്യതലസ്ഥാനത്ത് സംഘർഷാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഡൽഹിയിൽ ഇന്ത്യാ ബ്ലോക്ക് എംപിമാർ നടത്തിയ പ്രതിഷേധം പോലീസ് തടയുകയും നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒക്ടോബർ 7ന് രാഹുൽ ഗാന്ധി ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. പ്രതിഷേധം തുടരുകയാണ്.

ബെംഗളൂരുവിൽ നടക്കുന്ന ‘പീപ്പിൾസ് ട്രൈബ്യൂണൽ’ ഈ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്. എസ്‌ഐആർ നടപടിയുടെ പ്രത്യാഘാതം നേരിട്ടവരുടെ അനുഭവങ്ങൾ പൊതുസമൂഹത്തിന് മുന്നിലെത്തുന്ന വേദിയാണത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓരോ തീരുമാനവും നിയമപരമായി പരിശോധിക്കപ്പെടണം. കമ്മീഷനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ പുറത്തുവരുന്നുവെങ്കിൽ അവയുടെ കാരണം പൊതുജനങ്ങൾക്ക് ബോധ്യപ്പെടുന്ന തരത്തിൽ വിശദീകരിക്കണം. വോട്ടർപട്ടികയിൽ ഒരു പേര് ചേർക്കുന്നതും നീക്കം ചെയ്യുന്നതും ഒരു ഭരണനടപടി മാത്രമല്ല, പൗരന്റെ ജനാധിപത്യ സാന്നിധ്യത്തെ നിർണയിക്കുന്ന നടപടിയാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയും വിശ്വാസ്യതയും എങ്ങനെ പുനഃസ്ഥാപിക്കുമെന്ന ചോദ്യത്തിന് സ്ഥാപനങ്ങൾ മറുപടി പറയേണ്ട സമയമാണിത്. പൗരന്റെ മൗലികാവകാശമായ 'വോട്ട്' സംരക്ഷിക്കേണ്ടത് കോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും പ്രാഥമിക ഉത്തരവാദിത്തമായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Comments