ഗാന്ധിയെക്കുറിച്ചുള്ള പഠനങ്ങൾ സാധാരണയായി കേന്ദ്രീകരിക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടുകളിലാണ്. എന്നാൽ ഗാന്ധിയുടെ രാഷ്ട്രീയചരിത്രത്തിനൊപ്പം രൂപപ്പെട്ട അദ്ദേഹത്തിന്റെ പ്രതീകചരിത്രവും സാംസ്കാരികപ്രസക്തമായ പഠനവിഷയമാണ്.
ഹിന്ദുത്വരാഷ്ട്രീയത്തിന്റെയും മറ്റു പരോക്ഷമായ ഗാ ന്ധിനിർമ്മാർജ്ജനശ്രമങ്ങളുടെയും പരിസരങ്ങളിലാണ്, ഒരു രാഷ്ട്രീയനേതാവിൽ നിന്ന് “ഗാന്ധി” എന്ന സാംസ്കാരികപ്രതീകം രൂപപ്പെടുന്നതും അതിന്റെ തുടർജീവിതവും സാംസ്കാരിക- രാഷ്ട്രീയപശ്ചാത്തലത്തിൽ വിശകലനവിധേയമാക്കേണ്ടതിന്റെ ആവശ്യകത പ്രസക്തമാകുന്നത്.
ഇന്ത്യൻ സാംസ്കാരികചരിത്രത്തിലെ ശക്തമായ ദൃശ്യപ്രതീകങ്ങളിലൊന്നാണ് ഗാന്ധി. ദേശീയസ്വാതന്ത്ര്യസമരചരിത്രത്തിന്റെ സാംസ്കാരികനിർമ്മിതിയായ ഗാന്ധിയുടെ ദൃശ്യബിംബവത്കരണം, ചരിത്രത്തിന്റെ തുടർന്നുള്ള ഓരോ സന്ദർഭങ്ങളിലും പുനരുത്പാദനത്തിന് വിധേയമായിട്ടുണ്ട്.
ഡിജിറ്റൽ ഗാന്ധി ചരിത്രത്തിലെ ഗാന്ധിയുടെ പകർപ്പല്ല. ഉപയോക്താക്കൾ, പ്ലാറ്റ്ഫോമുകൾ, അൽഗോരിതങ്ങൾ, രാഷ്ട്രീയ സന്ദർഭങ്ങൾ, വിപണി, ശ്രദ്ധ എന്നിവ ചേർന്ന് നിർമ്മിക്കുന്ന പുതിയ സാംസ്കാരികരൂപമാണ്.
ഗാന്ധിയുടെ കണ്ണട, വടി, ഖാദിവസ്ത്രം, നഗ്നപാദം, ക്ഷീണിച്ച ശരീരം, ചർക്ക തുടങ്ങിയവ ഒരു പ്രത്യേക ചരിത്രസന്ദർഭത്തെ മാത്രം സൂചിപ്പിക്കുന്നവയല്ല. ഈ ദൃശ്യചിഹ്നങ്ങൾ “ഗാന്ധി” എന്ന ആശയത്തെ സാംസ്കാരിക കോഡുകളായി മാറ്റിയിരിക്കുന്നു. ഗാന്ധിയുടെ മുഖം, വടി, കണ്ണട എന്നിവ തനിയെ അർത്ഥലോകം സൃഷ്ടിക്കുന്നു. കൊളോണിയൽ വിരുദ്ധപ്രതിരോധങ്ങളിൽ ഈ ഗാന്ധിയൻ പ്രതീകങ്ങൾ ഇന്ത്യൻ ദേശീയതയുടെ പ്രതിനിധാനമായിരുന്നു. സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയ-സാംസ്കാരിക ഇടങ്ങളിലേക്കും തുടർന്ന് ജനപ്രിയ മാധ്യമസംസ്കാരത്തിലേക്കും പുനർനിർമ്മിക്കപ്പെട്ടു.

നിരന്തരം വസ്തുവത്കരണത്തിന് വിധേയപ്പെടുന്ന ഈ പുനർനിർമ്മിതി ഡിജിറ്റൽ സമകാലത്തേക്ക് പ്രവേശിച്ചിരിക്കുന്നു. ഡിജിറ്റൽ മൂലധനമായത് പരി വർത്തനപ്പെടുന്നു. ഇപ്രകാരം സ്വാതന്ത്ര്യസമരചരിത്രസന്ദർഭങ്ങളിൽ നിർമ്മിക്ക പ്പെട്ട് നിരന്തരം പുനർനിർമ്മാണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഗാന്ധിയൻ ദൃശ്യപ്രതീകങ്ങൾ സമകാല ഡിജിറ്റൽ മുതലാളിത്തത്തിന്റെ പ്ലാറ്റ്ഫോമുകളിൽ പുനരുത്പാദിപ്പിക്കപ്പെടുന്നതിന്റെ രാഷ്ട്രീയമാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്.
ഗാന്ധിയും
വർഗ്ഗരാഷ്ട്രീയത്തിന്റെ
സങ്കീർണ്ണതയും
ഗാന്ധിയുടെ ദേശീയരാഷ്ട്രീയം വിവിധ സാമൂഹികവർഗ്ഗങ്ങളെ ഉൾക്കൊണ്ട സങ്കീർണ്ണ രാഷ്ട്രീയപ്രക്രിയയായിരുന്നു. കോൺഗ്രസിന്റെ വർഗ്ഗസ്വഭാവത്തെക്കുറിച്ചുള്ള മാർക്സിസ്റ്റ് വ്യാഖ്യാനങ്ങൾക്ക് ഏകാഭിപ്രായമില്ലെന്ന് ഭിഖു പരേഖ് അഭിപ്രായപ്പെടുന്നു. കോൺഗ്രസ് ബൂർഷ്വാസിയുടെ പാർട്ടി മാത്രമായിരുന്നില്ലെന്നും എന്നാൽ സ്വകാര്യസ്വത്തിനെ നിരസിക്കാത്ത രാഷ്ട്രീയഘടനയായിരുന്നുവെന്നും അദ്ദേഹം വാദിക്കുന്നു. അതിനാൽ ഗാന്ധിയെ ഏകവർഗ്ഗപ്രതിനിധിയായി വിലയിരുത്തുന്നതിനുപകരം വർഗ്ഗവൈരുധ്യങ്ങളെ ഉൾക്കൊള്ളുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ദേശീയ അധീശത്വരാഷ്ട്രീയപ്രതീകമായി പരിഗണിക്കുന്നതാണ് സ്വീകാര്യമായ മാർക്സിസ്റ്റ് സമീപനം.
ദേശീയപ്രസ്ഥാനവും വർഗ്ഗരാഷ്ട്രീയവും തമ്മിലുള്ള ബന്ധം സങ്കീർണ്ണമായിരുന്നു. ഇന്ത്യൻ ദേശീയപ്രസ്ഥാനം ഏകതാനമായ സാമൂഹികപ്രസ്ഥാനമായിരുന്നില്ല. കർഷകർ, തൊഴിലാളികൾ, നഗരമധ്യവർഗ്ഗം, വ്യാപാരികൾ, വ്യവസായികൾ, ബൂർഷ്വാസി, ഭൂവുടമകൾ, പ്രാദേശിക രാഷ്ട്രീയശക്തികൾ, ജാതി-മതവിഭാഗങ്ങൾ തുടങ്ങി നിരവധി സാമൂഹികഘടകങ്ങൾ അതിൽ പങ്കാളികളായിരുന്നു. ഗാന്ധിയൻ രാഷ്ട്രീയം വ്യത്യസ്തവിഭാഗങ്ങളെ ഇന്ത്യ എന്ന വിശാലമായ രാഷ്ട്രീയ സങ്കൽപ്പത്തിനകത്ത് ഏകോപിപ്പിച്ചു.
ഗ്രാംഷിയൻ ചിന്തയനുസരിച്ച് ആധിപത്യം ബലപ്രയോഗത്തിലൂടെ മാത്രം നിലനിൽക്കുന്നതല്ല. പൗരസമൂഹത്തിനകത്ത് സമ്മതം നിർമ്മിക്കുന്നതിലൂടെയും ആശയപരമായ നേതൃത്വത്തിലൂടെയുമാണത് പ്രവർത്തിക്കുന്നത്. ഇതനുസരിച്ച്, ഗാന്ധിയുടെ രാഷ്ട്രീയത്തെ ഒരു “ദേശീയ അധീശത്വപദ്ധതി” എന്നനിലയിൽ അപഗ്രഥിക്കാം. ഇത് കൊളോണിയൽ അധീശ വ്യവഹാരത്തോടുള്ള പ്രത്യാധീശവ്യവഹാരമാണെന്ന് ടി.ടി. ശ്രീകുമാർ അഭിപ്രായപ്പെട്ടുന്നു (പരികല്പനകളുടെ സാംസ്കാരികരാഷ്ട്രീയം. 2025:45). കർഷകർ, തൊഴിലാളികൾ, വ്യാപാരികൾ എന്നിവരുടെ പ്രശ്നങ്ങൾ, മധ്യവർഗ്ഗത്തിന്റെ രാഷ്ട്രീയാഗ്രഹങ്ങൾ എന്നിവ വ്യത്യസ്തയിരുന്നെങ്കിലും അവയെയെല്ലാം കൊളോണിയൽ വിരുദ്ധദേശീയതയുടെ പൊതുഭാഷയിൽ ബന്ധിപ്പിക്കുന്നതിൽ ഗാന്ധിക്ക് സുപ്രധാന പങ്കുണ്ടായിരുന്നു, എന്നാൽ അതെല്ലാം ഉപരിപ്ലവമായിരുന്നു.

ദേശീയതയിൽ വർഗ്ഗവൈരുധ്യങ്ങൾ അപ്രത്യക്ഷമായിരുന്നില്ല. അവ രാഷ്ട്രം എന്ന വിശാലമായ ആശയത്തിനകത്ത് പുനക്രമീകരിക്കപ്പെട്ടു. ദേശീയ ഐക്യമെന്ന ആശയം വർഗ്ഗവൈരുധ്യങ്ങളെ അഭിമുഖീകരിക്കാതെ രാഷ്ട്രീയമായി നിയന്ത്രിച്ചു. ഗാന്ധിയെക്കുറിച്ചുള്ള മാർക്സിസ്റ്റ് വിമർശനത്തിന്റെ കാതൽ ഇതുതന്നെയാണ്. ഗാന്ധിയുടെ ചരിത്രപരമായ രാഷ്ട്രീയത്തെ വിശകലനവിധേയമാക്കാൻ മാത്രമല്ല, പിന്നീട് രൂപ പ്പെട്ട “ഗാന്ധി” എന്ന സാംസ്കാരിക പ്രതീകത്തെയും മനസ്സിലാക്കാൻ ഈ വിമർശനം സഹായിക്കുന്നു.
ഗാന്ധിപ്രതീകത്തിന്റെ
അധീശത്വ പുനർനിർമ്മിതി
ഗാന്ധിയുടെ രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം, അദ്ദേഹത്തിന്റെ പ്രതിച്ഛായകളും നിർമ്മിക്കപ്പെട്ടു. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവർത്തനങ്ങളെക്കാൾ വിപുലമായ സാംസ്കാരികജീവിതം ഗാന്ധിപ്രതീകത്തിനു ലഭിച്ചു. ഗ്രാംഷിയൻ ചിന്ത യനുസരിച്ച്, അധീശത്വം സമൂഹത്തിൽ ശക്തമാകുന്നത്, സ്വാഭാവികമായും പൊ തുസത്യമായും പൊതുനന്മയായും സ്വീകരിക്കപ്പെടുന്നതിലൂടെയാണ്. ഗാന്ധിയുടെ ചിത്രം അത്തരമൊരു സാംസ്കാരികസമ്മതനിർമ്മാണത്തിന്റെ ഭാഗമായി. ഗാന്ധി എന്ന പേരു കേൾക്കുമ്പോൾ തന്നെ അഹിംസ, സത്യം, ത്യാഗം, ദേശസ്നേഹം, ലാളിത്യം തുടങ്ങിയ ആശയങ്ങൾ സ്വാഭാവികമായി ഓർമ്മയിൽ വരുന്നു. ചരിത്രത്തിന്റെ സങ്കീർണ്ണതകളെ ലളിതമാക്കി മറ്റൊരു സാംസ്കാരിക പൊതുബോധം നിർമ്മിക്കപ്പെടുന്നു. ഇതിനെ ഗാന്ധിയുടെ ചരിത്രപരമായ രാഷ്ട്രീ യത്തിന്റെ പൂർണ്ണവിവരണമായി കാണാനാവില്ല. ഗാന്ധിയുടെ പ്രതീകത്തിന്റെ അധീശത്വപുനർനിർമ്മാണമാണിത്. ഗാന്ധി ഒരു സാമൂഹിക സങ്കൽപ്പമായി രൂപപ്പെടുന്നു.
ഗാന്ധിയുടെ ദൃശ്യപ്രതിനിധാനം അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ജനങ്ങളിലെത്തിക്കുന്ന ആശയവിനിമയരീതിയായിരുന്നു. പത്രഫോട്ടോഗ്രാഫുകൾ, കാർട്ടൂണുകൾ, പോസ്റ്ററുകൾ തുടങ്ങിയവ ഗാന്ധിയുടെ രാഷ്ട്രീയശരീരത്തെ പൊതുസമൂഹത്തിന്റെ മുന്നിൽ നിരന്തരം പുനരുത്പാദിപ്പിച്ചു. ഗാന്ധിയുടെ കാലത്തെ പത്ര കാർട്ടൂണുകളെക്കുറിച്ചുള്ള റിതു ഗൈറോള ഖണ്ഡൂരിയുടെ പഠനത്തിൽ കാർട്ടൂ ണുകളെ ചരിത്ര- രാഷ്ട്രീയപാഠങ്ങളായി വിലയിരുത്തുന്നു.
രാഷ്ട്രീയ- സാമൂഹികസാഹചര്യത്തിൽ അർത്ഥം നിർമ്മിക്കുന്ന സാംസ്കാരിക ഉൽപ്പന്നമായ ഗാന്ധിയുടെ ചിത്രം സ്വാതന്ത്ര്യാനന്തരകാലത്തും വിവിധ രൂപങ്ങളിൽ പുനരുത്പാദിപ്പിക്കപ്പെട്ടു. കല, ജനപ്രിയസംസ്കാരം, നാണയം, സ്മാരകം തുടങ്ങിയ മേഖലകളിൽ ഗാന്ധിയുടെ ചിത്രം പുതിയ അർത്ഥങ്ങൾ സ്വീകരിച്ചു. ഗാന്ധിയുടെ ചിത്രത്തിന്റെ ഇത്തരം തുടർജീവിതങ്ങളെ ഗായത്രി സിന്ഹ Afterlives എന്ന ആശയത്തിലൂടെ പരിശോധിക്കുന്നു.

ചരിത്രത്തിൽനിന്ന് വേർതിരിക്കപ്പെട്ട പ്രതീകം വിപണിയിൽ പ്രവേശിക്കുമ്പോൾ വസ്തുവൽക്കരിക്കപ്പെടുന്നു. ഒരു വസ്തുവിന്റെ സാമൂഹികചരിത്രപരമായ ഉൽപ്പാദനബന്ധങ്ങൾ മറഞ്ഞുപോകുകയും സ്വതന്ത്രമൂല്യമുള്ള വസ്തുവായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന പ്രക്രിയയാണ് വസ്തുവൽക്കരണം. ഗാന്ധിയുടെ ചിത്രത്തിനും സമാനമായതു സംഭവിക്കുന്നു. ചരിത്രസമരത്തിന്റെയും രാഷ്ട്രീയസംഘർഷത്തിന്റെയും ഭാഗമായി നിർമ്മിക്കപ്പെട്ട ചിത്രം പിന്നീട് നാണയത്തിൽ പ്രത്യക്ഷപ്പെടുന്നു. പരസ്യത്തിലും വ്യാപാരസ്ഥാപനങ്ങളുടെ പ്രചാരണത്തിലും സിനിമയിലും പിന്നീട് സമൂഹമാധ്യമമീമുകളിലും പ്രത്യക്ഷപ്പെടുന്നു. ചിത്രത്തിന്റെ ചരിത്രപരമായ ഉൽപ്പാദനസന്ദർഭം പിന്നിലേക്ക് പോകുന്നു. അ തിന്റെ പ്രതീകാത്മകമൂല്യമാണ് പ്രസക്തം. ഗാന്ധിയുടെ ചിത്രം ചരിത്രരേഖയിൽനിന്ന് സാംസ്കാരികവസ്തുവായി മാറുന്നു.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ കാലത്ത് ശ്രദ്ധ തന്നെ പ്രധാന സാമ്പത്തിക വിഭവമായി മാറുന്നു. ഗാന്ധിയുടെ പ്രതീകം ഇന്ത്യൻ പൊതുസ്മരണയിൽ വളരെ പരിചിതമായതിനാൽ പുതിയ സന്ദേശത്തോട് ഗാന്ധിയുടെ ചിത്രം ചേർക്കുന്നത് സന്ദേശത്തിന് ഉടനടി സാംസ്കാരിക തിരിച്ചറിയൽ നൽകാൻ സഹായിക്കുന്നു. ഇതാണ് ഡിജിറ്റൽ ഗാന്ധിയുടെ “മൂല്യം”.
ഗാന്ധിയുടെ പ്രതീകം കല, സിനിമ, പരസ്യം, കാർട്ടൂൺ, ജനപ്രിയ ദൃശ്യസംസ്കാരം തുടങ്ങിയ മേഖലകളിൽ പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിയുടെ മാധ്യമചരിത്രത്തെക്കുറിച്ചുള്ള സമകാലികപഠനങ്ങൾ അദ്ദേഹത്തിന്റെ പ്രസ്സ്, ടെലിഗ്രാഫ്, പ്രക്ഷേപണം, ജനപ്രിയസംസ്കാരം എന്നിവയുമായുള്ള ബന്ധത്തെ പ്രത്യേകം പരിശോധിക്കുന്നുണ്ട്. ഇതോടെ ഗാന്ധി ചരിത്രത്തിലെ മനുഷ്യൻ എന്ന പരിധിയിൽനിന്ന് പുറത്തേക്കുവരുന്നു. അദ്ദേഹം ഒരു സാംസ്കാരികമായി പുനരുത്പാദിപ്പിക്കാവുന്ന രൂപമായി മാറുന്നു. ഒരു പ്രതീകം ആവർത്തിച്ച് പുനരുത്പാദിപ്പിക്കപ്പെടുമ്പോൾ സമൂഹത്തിലെ നിലവിലുള്ള ആശയങ്ങളെയും മൂല്യങ്ങളെയും സ്വാഭാവികമാക്കുന്നതിനുള്ള ഉപാധിയായും പ്രവർത്തിക്കാം. എന്നാൽ അതേ പ്രതീകം പ്രതിരോധത്തിനും പരിഹാസത്തിനും ഉപയോഗിക്കാം.
ഗാന്ധിപ്രതീകം;
ഡിജിറ്റൽ പുനരുത്പ്പദനം
ഡിജിറ്റൽ കാലത്ത് ഗാന്ധിചിത്രം പുതിയൊരു മാധ്യമഘടനയിലേക്ക് പ്രവേശിക്കുന്നു. ഇവിടെ പുനരുത്പ്പദനവും പുനർസംയോജനവും സംഭവിക്കുന്നു. ഗാന്ധിയുടെ ചിത്രമെടുത്ത് അതിൽ പുതിയ വാചകം ചേർത്ത് പഴയ ചിത്രത്തെ പുതിയ രാഷ്ട്രീയസാഹചര്യത്തിൽ ഉപയോഗിക്കുന്നു. ഗാന്ധിയുടെ മുഖം മറ്റൊരു പശ്ചാത്തലത്തിൽ സ്ഥാപിക്കുന്നു. അദ്ദേഹത്തിന്റെ പേരിൽ പുതിയ വാക്കുകൾ സൃഷ്ടിക്കുന്നു. ഒരു ഉപയോക്താവ് സൃഷ്ടിച്ച മീം മറ്റൊരാൾ മാറ്റം വരുത്തി വീണ്ടും പ്രചരിപ്പിക്കുന്നു. ഇതോടെ ഗാന്ധിയുടെ ചിത്രം സ്ഥിരമായ ചിത്രം എന്നനിലയിൽ നിന്നും തുടർച്ചയായി മാറുന്ന ഡിജിറ്റൽ പാഠം എന്നനിലയിലേക്ക് പരിവർത്തനപ്പെടുന്നു.

ഡിജിറ്റൽ ഗാന്ധി ചരിത്രത്തിലെ ഗാന്ധിയുടെ പകർപ്പല്ല. ഉപയോക്താക്കൾ, പ്ലാറ്റ്ഫോമുകൾ, അൽഗോരിതങ്ങൾ, രാഷ്ട്രീയ സന്ദർഭങ്ങൾ, വിപണി, ശ്രദ്ധ എന്നിവ ചേർന്ന് നിർമ്മിക്കുന്ന പുതിയ സാംസ്കാരികരൂപമാണ്. ഇത് ആരുടെ കാര്യത്തിലും സംഭവിക്കാമെന്നിരികിലും, ജവഹർലാൽ നെഹ്റുവോ ഡോ. ബി.ആർ. അംബേദ്കറോ സർദാർ വല്ലഭഭായ് പട്ടേലോ നേ രിടാത്ത ഒരു ഡിജിറ്റൽ യുക്തിയുടെ തിരക്കുള്ള ആവാസവ്യവസ്ഥയിലേക്കാണ് ഗാന്ധി സ്വാംശീകരിക്കപ്പെടുന്നത്.
അനിർബൻ കെ. ബൈശ്യ ഇന്ത്യൻ ഡിജിറ്റൽ രാഷ്ട്രീയസംസ്കാരത്തെക്കുറിച്ചുള്ള പഠനത്തിൽ സമൂഹമാധ്യമങ്ങളിലെ മീമുകൾ രാഷ്ട്രീയസംവാദത്തിന്റെയും ദൃശ്യപരിഹാസത്തിന്റെയും പ്രധാന രൂപങ്ങളായി പ്രവർത്തിക്കുന്നുവെന്ന് അഭിപ്രായപ്പെടുന്നു. ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവിടങ്ങളിൽ പ്രചരി ക്കുന്ന മീമുകളെ അടിസ്ഥാനമാക്കി അദ്ദേഹം Memetic Visuality എന്ന ആശയം അവതരിപ്പിക്കുന്നു. ഗാന്ധിയുടെ ചിത്രം മീമിന്റെ ടെംപ്ലേറ്റായി പ്രവർത്തിക്കുന്നു. ഗാന്ധിയുടെ ചരിത്രപ്രശസ്തി മീമിന് ഉടൻ തിരിച്ചറിയാവുന്ന ദൃശ്യകോഡ് നൽകുന്നു. ഒരു ഉപയോക്താവ് അതിലേക്ക് പുതിയൊരു വാചകം ചേർക്കുമ്പോൾ ഉപയോക്താവ് സാംസ്കാരിക ഉൽപ്പാദകനായി മാറുന്നു. എന്നാൽ ഈ ഉൽപ്പാദനം പൂർണ്ണമായും സ്വതന്ത്രമല്ല. അത് പ്ലാറ്റ്ഫോമിന്റെ സാങ്കേതികഘടനയ്ക്ക കത്താണ് നടക്കുന്നത്.
ചരിത്രത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ ഇപ്പോൾ ആർക്കൈവുകളിലും പാഠപുസ്തകങ്ങളിലും രാഷ്ട്രീയപ്രസംഗങ്ങളിലും മാത്രമല്ല, മീമുകളിലും റീലുകളിലും ഫോർവേഡ് സന്ദേശങ്ങളിലുമാണ് നടക്കുന്നതെന്ന് ഡിജിറ്റൽ ഗാന്ധി നമ്മെ ഓർമ്മിപ്പിക്കുന്നു.
ഡിജിറ്റൽ മൂലധനത്തെക്കുറിച്ചുള്ള ചർച്ചയിൽ ഉപയോക്താവിന്റെ പ്രവർത്തനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഒരു വ്യക്തി ഒരു മീം നിർമ്മിക്കുന്നു. മറ്റൊരാൾ അത് പങ്കുവയ്ക്കുന്നു. ഇനിയുമൊരാൾ അതിനോട് പ്രതികരിക്കുന്നു. നാലാമതൊരാൾ അതിന്റെ പുതിയ പതിപ്പ് നിർമ്മിക്കുന്നു. ഈ പ്രവർത്തനങ്ങൾ ഉപയോക്താവിന് നേരിട്ട് സാമ്പത്തിക പ്രതിഫലം നൽകണമെന്നില്ല. എന്നാൽ പ്ലാറ്റ്ഫോമിന് അവ ശ്രദ്ധ, ഇടപെടൽ, ഡാറ്റ, ഉപയോക്തൃസമയം തുടങ്ങിയ മൂല്യങ്ങൾ സൃഷ്ടിക്കുന്നു. ഇതിലൂടെ ഒരു ചരിത്രപ്രതീകം ഡിജിറ്റൽ മൂലധനത്തിന്റെ പ്രചരണശൃംഖലയിൽ പ്രവേശിക്കുന്നു. ഗാന്ധിയുടെ മുഖം മീമിന്റെ ദൃശ്യശക്തി വർധിപ്പിക്കുന്നു. മീം ശ്രദ്ധ നേടുകയും പ്ലാറ്റ്ഫോമിൽ ഇടപെടലുണ്ടാക്കുകയും ഡാറ്റ സൃഷ്ടിക്കുകയും ചെയ്യുന്നു. ഡാറ്റ ഡിജിറ്റൽ മൂലധനത്തിന്റെ ഭാഗമാകുന്നു.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ കാലത്ത് ശ്രദ്ധ തന്നെ പ്രധാന സാമ്പത്തിക വിഭവമായി മാറുന്നു. ഗാന്ധിയുടെ പ്രതീകം ഇന്ത്യൻ പൊതുസ്മരണയിൽ വളരെ പരിചിതമായതിനാൽ പുതിയ സന്ദേശത്തോട് ഗാന്ധിയുടെ ചിത്രം ചേർക്കുന്നത് സന്ദേശത്തിന് ഉടനടി സാംസ്കാരിക തിരിച്ചറിയൽ നൽകാൻ സഹായിക്കുന്നു. ഇതാണ് ഡിജിറ്റൽ ഗാന്ധിയുടെ “മൂല്യം”. അത് ചരിത്രപരമായ മൂല്യം മാത്രമല്ല; ശ്രദ്ധ പിടിച്ചുപറ്റാനുള്ള മൂല്യമാണ്. ഗാന്ധിയുടെ പ്രതീകം ഡിജിറ്റൽ വിനിമയത്തിലെ ഒരു സാംസ്കാരിക മൂലധനമായി പ്രവർത്തിക്കുന്നു.

ഗാന്ധിയുടെ പേരിൽ പ്രചരിക്കുന്ന ഉദ്ധരണികൾ ഈ പ്രക്രിയയുടെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. “ഗാന്ധി പറഞ്ഞു” എന്ന വാചകം ഉദ്ധരണിക്ക് അധികാരപരമായ രൂപം നൽകുന്നു. എന്നാൽ ചില പ്രശസ്ത ഗാന്ധി ഉദ്ധരണികൾക്ക് ചരിത്രസ്രോതസ്സ് കണ്ടെത്താൻ കഴിയാത്ത സാഹചര്യങ്ങൾ ഗവേഷണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിയുടെ പേരിനെ പ്രതീകാത്മക മൂലധനമായി പരിവർത്തനപ്പെടുത്തുന്നതുകൊണ്ടുള്ള ഫലമാണിത്.
ഗാന്ധിയുടെ ദേശീയപ്രതീകം ഇന്ത്യൻ ദേശീയതയുടെ പൊതുബോധത്തിൽ രൂപപ്പെട്ട ഹെജിമോണിക് പ്രതീകമായിരുന്നെങ്കിൽ ഡിജിറ്റൽ കാലത്ത് അതേ പ്രതീകം വിവിധ ഡിജിറ്റൽ രാഷ്ട്രീയ സമൂഹങ്ങൾ വീണ്ടും കൈവശപ്പെടുത്തുന്നു.
വാക്യത്തിന്റെ ഉള്ളടക്കത്തിനുപുറമേ “ഗാന്ധി” എന്ന പേരിനുതന്നെ സാമൂഹികമൂല്യമുണ്ട്. ജാൻ ബ ട്സിന്റെ പഠനം ഗാന്ധിയുടെ പേരിൽ പ്രചരിച്ച ഉദ്ധരണികളും അദ്ദേഹത്തിന്റെ ചിത്രവും ചേർന്ന മീമുകൾ വാക്സിൻ വിരുദ്ധ ഡിജിറ്റൽ പ്രചരണങ്ങളിൽ ഉപയോഗിക്കപ്പെട്ടതായി രേഖപ്പെടുത്തുന്നു. ചിത്രം, അലങ്കരിച്ച അക്ഷരരൂപം, ഗാന്ധിയുടേതായി അവതരിപ്പിക്കപ്പെട്ട വാക്കുകൾ എന്നിവ ചേർന്ന് അധികാരപ്രഭാവം സൃഷ്ടിക്കുന്നതായി പഠനം കണ്ടെത്തുന്നു. ഒരു തെറ്റായ ഉദ്ധരണി ഗാന്ധിയുടെ പേരിൽ പ്രചരിക്കുമ്പോൾ ആശയപരമായ പുനർനിർമ്മാണം കൂടിയാണ് സംഭവിക്കുന്നത്. ഗാന്ധിയുടെ യഥാർത്ഥ രാഷ്ട്രീയചിന്തയിലെ സങ്കീർണ്ണതകൾ ഇല്ലാതാക്കി അദ്ദേഹത്തെ ഏതൊരു സമകാലിക സന്ദേശത്തിനും അനുയോജ്യമായ വാക്കുകളുടെ ഉറവിമാക്കുന്നു. ഡിജിറ്റൽ ഗാന്ധിചരിത്രത്തിലെ ഗാന്ധിയേക്കാൾ കൂടുതൽ ലഭ്യമായ പ്രതീകമാകുന്നു. ആർക്കും അദ്ദേഹത്തിന്റെ ചിത്രത്തിന് പുതിയൊരു വാക്ക് നൽകുകയും പുതിയൊരു ആശയം അവതരിപ്പി ക്കുകയും ചെയ്യാം. ഇത് ചരിത്രത്തിന്റെ ഡിജിറ്റൽ പുനർലേഖനമാണ്. ഇത് മറ്റൊരു വിധത്തിൽ നോക്കിയാൽ പഴയ ഗാന്ധിയൻ മൂല്യങ്ങളെ അപ്രസക്തമാക്കുകയും കൂടുതൽ അയവുള്ള ആശയങ്ങൾക്കായി അവയെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്നു.

ഗാന്ധിയുടെ ദേശീയപ്രതീകം ഇന്ത്യൻ ദേശീയതയുടെ പൊതുബോധത്തിൽ രൂപപ്പെട്ട ഹെജിമോണിക് പ്രതീകമായിരുന്നെങ്കിൽ ഡിജിറ്റൽ കാലത്ത് അതേ പ്രതീകം വിവിധ ഡിജിറ്റൽ രാഷ്ട്രീയ സമൂഹങ്ങൾ വീണ്ടും കൈവശപ്പെടുത്തുന്നു. ഗാന്ധിയെ അഹിംസയുടെയും ദേശീയതയുടെയും പ്രതീകമെന്നതിൽനിന്ന് രാഷ്ട്രീ യപരിഹാസത്തിന്റെയും നവലിബറൽ യുക്തിയുടെയും പ്രതീകമാക്കുന്നു. ഗാന്ധിയുടെ പ്രതീകം ഒരൊറ്റ ഹെജിമോണിക് അർത്ഥത്തിൽ നിൽക്കാതെ ഹെജിമണിക്കായുള്ള മത്സരത്തിന്റെ വേദിയായി മാറുന്നു. യഥാർത്ഥ ഗാന്ധിവിമർശനം (ഉദാഹരണത്തിന് മാർക്സിയൻ- അംബേദ്കറൈറ്റ് വിമർശനങ്ങൾ) ഗാന്ധിയൻ ആശയങ്ങളുമായുള്ള സംവാദവും സമന്വയസാധ്യതകളും അന്വേഷിക്കുന്നതാണ്. ഇവിടെ സംഭവിക്കുന്നത് ഗാന്ധിയുടെ നിസ്സാരവല്ക്കരണമാണ്; വിമർശനമല്ല.
ഡിജിറ്റൽ പ്ലാറ്റ്ഫോം:
പുതിയ സാംസ്കാരിക ഉൽപ്പാദനസ്ഥലം
പരമ്പരാഗത മാർക്സിസ്റ്റ് വിശകലനത്തിൽ ഉൽപ്പാദനോപാധികളുടെ ഉടമസ്ഥത നിർണായകമാണ്. ഡിജിറ്റൽ കാലത്ത് സാംസ്കാരിക ഉൽപ്പാദനത്തിന്റെ ഉപാധികൾ മാറിയിരിക്കുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ച് ഉപയോക്താവ് ഉള്ളടക്കം നിർമ്മിക്കുന്നു. ആ ഉള്ളടക്കം സഞ്ചരിക്കുന്നത് സ്വകാര്യ ഉടമസ്ഥ തയിലുള്ള പ്ലാറ്റ്ഫോമുകളിലൂടെയാണ്. ഡിജിറ്റൽ ഉപയോക്താവ് ഒരേസമയം ഉപഭോക്താവും ഉൽപ്പാദകനുമാണ്. ഗാന്ധി മീം നിർമ്മിക്കുന്ന ഉപയോക്താവ് ഒരു സാംസ്കാരിക ഉൽപ്പന്നം നിർമ്മിക്കുന്നു. പക്ഷേ അതിന്റെ പ്രചരണത്തിനുള്ള അടിസ്ഥാനസൗകര്യം പ്ലാറ്റ്ഫോം നൽകുന്നു. ഉപയോക്താവിന്റെ സൃഷ്ടിപരമായ പ്രവർത്തനം പ്ലാറ്റ്ഫോമിന്റെ ശ്രദ്ധാ- സമ്പദ്‌വ്യവസ്ഥയ്ക്കകത്ത് മൂല്യം സൃഷ്ടിക്കുന്നു. ഇവിടെ ഡിജിറ്റൽ സംസ്കാരത്തിലെ വർഗ്ഗബന്ധങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു. ചരിത്രപരമായി ദേശീയസ്മരണയുടെ ഭാഗമായിരുന്ന ഗാന്ധിയുടെ ചിത്രം ഡിജിറ്റൽ കാലത്ത്, പങ്കുവയ്ക്കാവുന്ന ഫയലായി മാറുകയും ഡിജിറ്റൽ വസ്തുവായി സഞ്ചരിക്കുകയും ചെയ്യുന്നു. ഇവിടെ “ഗാന്ധി” എന്ന വ്യക്തിയുടെ ചരിത്രപരമായ ജീവിതം മറയുകയും “ഗാന്ധിയുടെ ചിത്രം” തെളിയുകയും ചെയ്യുന്നു. ഇതാണ് സാംസ്കാരിക വസ്തുവൽക്കരണത്തിന്റെ ഡിജിറ്റൽ പ്രക്രിയ.

ഡിജിറ്റൽ ഗാന്ധി മൂലധനത്തിന്റെ സാംസ്കാരികവസ്തുവായി മാറുമ്പോഴും ചിലപ്പോഴെങ്കിലും അധികാരവിമർശനത്തിന്റെയും പ്രതിരോധത്തിന്റെയും മാധ്യമമാകുന്നു എന്നത് കാണാതിരിക്കുന്നില്ല. പൊതുവായ പ്രവണതയാണ് ഇവിടെ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഡിജിറ്റൽ ഗാന്ധിയെ സ്ഥിരമായ രാഷ്ട്രീയ അർത്ഥത്തിൽ ചുരുക്കാനാവില്ല. ഗാന്ധിയുടെ ചിത്രം ഡിജിറ്റൽ കാലത്ത് പുനരുത്പാദിപ്പിക്കപ്പെടുകയല്ല; മൂലധനത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഉപയോക്തൃപങ്കാളിത്തത്തിന്റെയും പുതിയ ബന്ധങ്ങളിൽ വീണ്ടും ഉൽപ്പാദിപ്പിക്കപ്പെടുകയാണ്. ഡിജിറ്റൽ മൂലധനത്തിന്റെ കാലത്ത് ഗാന്ധിയെ ആരാണ് പുനർനിർമ്മിക്കുന്നത്, ഏത് സാംസ്കാരിക താൽപര്യങ്ങൾക്കുവേണ്ടിയാണ് ആ പുനർനിർമ്മാണം നടക്കുന്നത്, അതിന്റെ അർത്ഥത്തിനുമേൽ നിയന്ത്രണം ആർക്കാണ് എന്നീ ചോദ്യങ്ങളാണ് ഗാന്ധിയെ ചരിത്രത്തിൽനിന്ന് ഡിജിറ്റൽ വർത്തമാനത്തിലേക്ക് കൊണ്ടുവരുന്നത്. അതോടൊപ്പം, ചരിത്രപ്രതീകങ്ങളുടെ ഡിജിറ്റൽ ജീവിതം പഠിക്കുന്നത് ഇന്നത്തെ മൂലധനവ്യവസ്ഥയുടെ സാംസ്കാരികയന്ത്രത്തെ മനസ്സിലാക്കുന്നതിനുള്ള ഒരു പ്രധാന വഴിയുമാകുന്നു.
ചുരുങ്ങിയതും പ്രകോപനപരവും വേഗത്തിൽ പങ്കുവെക്കാൻ സാധിക്കുന്നതുമായ ഉള്ളടക്കങ്ങളെയാണ് ഡിജിറ്റൽ ലോകത്തെ അൽഗോരിതങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. അതിനനുരൂപമായ ഡിജിറ്റൽ ബിംബവൽക്കരണം ഗാന്ധിക്ക് സംഭവിക്കുന്നു.
ഡിജിറ്റൽയുഗത്തിൽ ഗാന്ധി ചരിത്രപുരുഷൻ എന്നതിലുപരി നിസ്സാരമായി പുനർനിർമ്മിക്കപ്പെടാവുന്ന സാംസ്കാരികഉൽപ്പന്നമായി മാറിക്കൊണ്ടിരിക്കുന്നു. മൗലികത അവകാശപ്പെട്ടുപോന്നിരുന്ന ഏതെങ്കിലും സ്രോതസ്സിൽനിന്ന് കൃത്യ മായി വേർപെടുത്തപ്പെട്ടതും ഏതൊരു പ്രത്യയശാസ്ത്രപരമായ പുനരുപയോഗത്തിനും എപ്പോഴും ലഭ്യവുമായ ഒരു മുഖം, ഒരു ഉദ്ധരണി, ഒരു മീം അല്ലെങ്കിൽ ഒരു ആശയശകലം എന്ന നിലയിലേക്ക് ഗാന്ധി മാറുന്നു. ആവർത്തനം ചരിത്രസത്യങ്ങൾക്ക് വ്യാജമായ പരിചിതത്വം നൽകുന്നു. ചുരുങ്ങിയതും പ്രകോപനപരവും വേഗത്തിൽ പങ്കുവെക്കാൻ സാധിക്കുന്നതുമായ ഉള്ളടക്കങ്ങളെയാണ് ഡിജിറ്റൽ ലോകത്തെ അൽഗോരിതങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. അതിനനുരൂപമായ ഡിജിറ്റൽ ബിംബവൽക്കരണം ഗാന്ധിക്ക് സംഭവിക്കുന്നു. ഗാന്ധിജിയെ ചേർത്തു നിർത്താനോ, പരിഹാസപാത്രമാക്കാനോ, സ്വാർത്ഥതാൽപ്പര്യങ്ങൾക്ക് ഉപയോഗിക്കാനോ, വ്യാജ ഉദ്ധരണികളാൽ വർത്തമാനകാല തർക്കങ്ങളിലേക്ക് വലിച്ചിഴയ്ക്കാനോ ഇത് കാരണമാകുന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും വൈറാലിറ്റിയും ആവർത്തനങ്ങളും നിയന്ത്രിക്കുന്ന ഇന്നത്തെ സംസ്കാരത്തിൽ, പൊതുജനങ്ങളുടെ ഓർമ്മകളെ നിർമ്മിച്ചെടുക്കാനുള്ള അധികാരം ആർക്കാണ് ലഭിക്കുന്നത് എന്നതാണ് ഇവിടുത്തെ കാതലായ പ്രശനം.

ചരിത്രത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ ഇപ്പോൾ ആർക്കൈവുകളിലും പാഠപുസ്തകങ്ങളിലും രാഷ്ട്രീയപ്രസംഗങ്ങളിലും മാത്രമല്ല, മീമുകളിലും റീലുകളിലും ഫോർവേഡ് സന്ദേശങ്ങളിലുമാണ് നടക്കുന്നതെന്ന് ഡിജിറ്റൽ ഗാന്ധി നമ്മെ ഓർമ്മിപ്പിക്കുന്നു. തമാശയും തെറ്റായ വിവരങ്ങളും ചേർന്ന് ഭൂതകാലത്തിന്റെ യഥാർത്ഥ അർത്ഥത്തെക്കുറിച്ചുള്ള തർക്കങ്ങളിൽ നിശ്ശബ്ദമായ ആയുധങ്ങളാകുന്ന ഇടങ്ങളാണവ. ഈ പൊതുമണ്ഡലത്തിലേക്കുള്ള ഗാന്ധിയുടെ പ്രവേശം ഗാന്ധിയെ ദേശീയതയുടെ പഴയ ഗാന്ധിയൻ മൂല്യവ്യവസ്ഥയിൽനിന്ന് പുറത്താക്കുന്നു. ഗാന്ധിയൻചിഹ്നവ്യവസ്ഥയെ ഡിജിറ്റൽ മൂലധനയുക്തിയുടെ മൂല്യാപഹരണത്തിന് ഉപകരണമാക്കുന്നു.
ഡിജിറ്റൽ യുഗത്തിൽ ഗാന്ധിജിയെ വീണ്ടെടുക്കുക എന്നത് മീമുകളിൽ നിന്നും തെറ്റായ ഉദ്ധരണികളിൽനിന്നും ആചാരപരമായ ആഘോഷങ്ങളിൽനിന്നും അദ്ദേഹത്തെ രക്ഷിച്ചെടുക്കുക എന്നതല്ല. അദ്ദേഹത്തിന്റെ അഹിംസ, മതസൗഹാർദ്ദം, അനീതിക്കെതിരായ പോരാട്ടം, അധികാരത്തിന്റെ ധാർമ്മിക ഉത്തര വാദിത്തം തുടങ്ങിയ ആശയങ്ങളിലെ വിപ്ലവകരമായ കരുത്തിനെ വീണ്ടെടുക്കുന്നതും, സമകാലിക ഇന്ത്യയുടെ വൈരുധ്യങ്ങളുമായി അവയെ വിമർശനാത്മകമായി കൂട്ടിയോജിപ്പിക്കുന്നതുമാണ് പ്രധാനം. ഗാന്ധിജിയെ വീണ്ടെടുക്കുക എന്നാൽ അദ്ദേഹത്തെ ഓർമ്മിക്കുക എന്നതുമാത്രമല്ല. നമ്മുടെ രാഷ്ട്രീയ-ധാർമ്മികജീവിതത്തോട് അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങളുടെ പ്രസക്തിയെ തിരികെ കൊണ്ടുവരിക എന്നതാണ്. വിശേഷിച്ചും അമിതാധികാരത്തെ നിഷ്കാസനം ചെയ്യാൻ രാഷ്ട്രീയ മുന്നേറ്റങ്ങൾക്കായി കാതോർക്കുന്ന - ജെൻസി വിപ്ലവം സംഭവിക്കുന്ന സമകാലിക ഇന്ത്യയിൽ ഈ തിരിച്ചറിവ് കൂടുതൽ പ്രസക്തമാവുകയാണ്.
റഫറൻസ്
Baishya, Anirban K. “The Conquest of the World as Meme: Memetic Visuality and Political Humor in Critiques of the Hindu Right Wing in India.” Media, Culture & Society, vol. 43, no. 6, 2021.
Buts, Jan. “Memes of Gandhi and Mercury in Anti-Vaccination Discourse.” Media and Comunication, vol. 8, no. 2, 2020.
Kaul, Chandrika, ed. M.K. Gandhi, Media, Politics and Society: New Perspectives. Palgrave Macmillan, 2020.
ടി.ടി. ശ്രീകുമാർ, “പരികല്പനകളുടെ സാംസ്കാരിക രാഷ്ട്രീയം” ഡി.സി. ബുക്സ്, കോട്ടയം, 2025.
ടി.ടി. ശ്രീകുമാർ, “അൽഗോരിതം അധ്വാനം അധികാരം” ചിന്ത പബ്ലിക്കേഷൻസ്, തിരുവനന്തപുരം, 2025.

