സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) മാനദണ്ഡങ്ങളുടെ പേരിൽ വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിമാറ്റുക, പിന്നീട് അതുപയോഗിച്ച് പാസ്പോർട്ട് പുതുക്കിനൽകാതിരിക്കുക. 'ദ ടെലിഗ്രാഫ്' പത്രത്തിന്റെ മുൻ എഡിറ്റർ ആർ. രാജഗോപാൽ വിവരിച്ച അനുഭവം, പ്രതിഷേധങ്ങളെ തുടർന്ന് ഇപ്പോൾ പരിഹരിക്കപ്പെടുന്നുണ്ടെങ്കിലും, അങ്ങേയറ്റം ആശങ്കാജനകമായ അവസ്ഥയിലാണ് കാര്യങ്ങൾ എന്ന് വ്യക്തമാക്കുന്നതാണ്.
അദ്ദേഹംതന്നെ ചൂണ്ടിക്കാണിച്ചതുപോലെ, ഇതിനെ കേവലം ഒരു വ്യക്തിയുടെ മാത്രം പ്രശ്നമായല്ല, മറിച്ച്, സമകാലിക ഇന്ത്യയിൽ രൂപപ്പെട്ടുവരുന്ന പുതിയ പൗരത്വവ്യവസ്ഥയിലേക്കുള്ള ചൂണ്ടുപലകയായി വേണം മനസ്സിലാക്കാൻ. ദീർഘകാലമായി അദ്ദേഹം വോട്ടറാണ്, മുതിർന്ന മാധ്യമപ്രവർത്തകനാണ്. കൊൽക്കത്ത നിവാസിയാണ്. എന്നാൽ പശ്ചിമബംഗാളിലെ SIR സമയത്ത് വോട്ടർപട്ടികയിൽനിന്ന് അദ്ദേഹത്തിന്റെ പേര് വെട്ടിമാറ്റപ്പെട്ടു. 2002-ലെ വോട്ടർപട്ടികയിൽ അദ്ദേഹത്തിന്റെയോ പരേതനായ പിതാവിന്റെയോ പേര് കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല എന്നതായിരുന്നു ഇതിന് കാരണമായി പറഞ്ഞത്.
ഈ പേര് വെട്ടൽ പിന്നീട് അദ്ദേഹത്തിന്റെ പാസ്പോർട്ട് പുതുക്കുന്നതിനെ തടസ്സപ്പെടുത്തുന്നതിനുള്ള (ഒരു പ്രതികൂല പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ടിനെ തുടർന്ന്) കാരണമായി മാറി. നിരവധി തിരിച്ചറിയൽ രേഖകളും സാധുവായ യു.എസ് വിസയും കൈവശമുണ്ടായിരുന്നിട്ടും, വിദേശത്തുവെച്ചു നടന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. ദശലക്ഷക്കണക്കിന് സാധാരണ പൗരർ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തന്റെ അനുഭവം നിസ്സാരമാണെന്ന് രാജഗോപാൽതന്നെ ഊന്നിപ്പറഞ്ഞിട്ടുണ്ട്.
ഇത് കേവലം ഒരു വ്യക്തിയുടെയോ വ്യക്തികളുടെ തന്നെയോ പാസ്പോർട്ട് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തടയപ്പെടുന്നു എന്ന വിഷയമല്ല. ഭരണഘടനാപരമായ പൗരത്വമെന്നത്, കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ലാത്ത ചില രേഖകളുടെ പരിശോധന, ഭരണകൂടത്തിന്റെ വിവേചനാധികാരം, പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഡിജിറ്റൽ ഡാറ്റാബേസുകൾ എന്നിവയിലൂടെ മാത്രം സാധ്യമാകുന്ന ഒന്നായി മാറുന്ന, പൗരത്വത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ഘടനയെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ അനുഭവം. പൗരത്വവും ഡിജിറ്റൽ ഭരണയുക്തിയും (digital governmentality) തമ്മിലുള്ള മാബന്ധത്തെ ഈ വിപുലമായ പശ്ചാത്തലത്തിൽവേണം മനസ്സിലാക്കാൻ.

നിയമപരവും ഭരണപരവും സാങ്കേതികവുമായ ഒരു കൂട്ടം നടപടികൾ ഇന്ത്യയിലെ പൗരത്വത്തെക്കുറിച്ചുള്ള ചർച്ചകളെയും രീതികളെയും കാര്യമായി മാറ്റിമറിച്ചിട്ടുണ്ട്. ഭരണനിർവ്വഹണം, ദേശീയ സുരക്ഷ, കാര്യക്ഷമത, ക്ഷേമപദ്ധതികളുടെ വിതരണം എന്നിവ മെച്ചപ്പെടുത്തുന്നതിന് ഈ നടപടികൾ ആവശ്യമാണെന്ന് വാദിക്കാമെങ്കിലും, ഭരണഘടന ഉറപ്പുനൽകുന്ന ഒരു പദവി എന്നനിലയിൽനിന്ന് പൗരത്വത്തെ നിരന്തരം രേഖപ്പെടുത്തുകയും പരിശോധിക്കുകയും ഡിജിറ്റലായി സാക്ഷ്യപ്പെടുത്തുകയും ചെയ്യേണ്ട ഒരു നിബന്ധനയായി മാറ്റുന്ന സമീപനം ജനാധിപത്യപരമല്ല.
ശശി തരൂർ ‘ദ ഹിന്ദു’വിൽ (29 ജൂൺ 2026) എഴുതിയതുപോലെ, ജനാധിപത്യരാജ്യങ്ങൾ ഭാഗികമായ നിയമനിർമ്മാണങ്ങൾക്കപ്പുറം ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ ഒരു ഭരണഘടനാചട്ടക്കൂട് രൂപീകരിക്കേണ്ടതുണ്ട്. ഇത് ഡിജിറ്റൽ സ്വയംഭരണാധികാരം, സ്വകാര്യത, അറിവോടെയുള്ള സമ്മതം, അൽഗോരിതങ്ങളുടെ സുതാര്യത, കോർപ്പറേറ്റ് ഉത്തരവാദിത്തം, കൃത്യമായ പൊതുമേൽനോട്ടം എന്നിവ ഉറപ്പാക്കി, പൗരരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതായിരിക്കണം. ഈ സാഹചര്യത്തിൽ, പൗരത്വവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ സമീപകാല നിയമനിർമ്മാണങ്ങളും നയങ്ങളും ഈ വാദത്തിൽ ഉയർന്നുവന്ന ആശങ്കകളെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് പ്രസക്തമാണ്.
വോട്ടർപട്ടികകളുടെ നിരന്തര പരിശോധനകളും വിവിധ സർക്കാർ വിവരശേഖരങ്ങളുടെ സംയോജനവും പൗരരുടെ വിവരങ്ങൾ പരിശോധിക്കാനുള്ള ഭരണകൂടത്തിന്റെ ശേഷി വർദ്ധിപ്പിച്ചു.
ഏറ്റവും പ്രധാനപ്പെട്ട നിയമനിർമ്മാണം 2019-ലെ പൗരത്വ ഭേദഗതി നിയമം (CAA) ആയിരുന്നു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് പീഡനം നേരിട്ട് ഇന്ത്യയിലെത്തിയ ന്യൂനപക്ഷങ്ങൾക്ക് വേഗത്തിൽ പൗരത്വം നൽകുന്നതിനായി മതം ഒരു മാനദണ്ഡമായി ഈ നിയമം കൊണ്ടുവന്നു. എന്നാൽ മുസ്ലീങ്ങളെ ഇതിൽനിന്ന് ഒഴിവാക്കി. പൗരത്വത്തെ മതരഹിതമായി കണ്ടിരുന്ന ഇന്ത്യയുടെ ചരിത്രപരമായ കാഴ്ചപ്പാടിൽനിന്നുള്ള വലിയൊരു വ്യതിയാനമായിരുന്നു എന്നതിനാൽത്തന്നെ ഇത് രാജ്യത്തുടനീളം വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായി.
സി.എ.എ-യുമായി അടുത്ത ബന്ധമുള്ളതായിരുന്നു രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ (NRC) നടപ്പിലാക്കുമെന്ന നിർദ്ദേശം. അസമിൽ മാത്രമാണ് ഇത് നടപ്പിലാക്കിയതെങ്കിലും, പൗരത്വം തെളിയിക്കാൻ രേഖകൾ ഹാജരാക്കണമെന്ന നിബന്ധന പാവപ്പെട്ടവർ, കുടിയേറ്റക്കാർ, ഗോത്രവർഗ്ഗക്കാർ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ എന്നിവർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കി. എൻ.ആർ.സി-യും സി.എ.എ-യും ഒന്നിച്ച് കാണുമ്പോൾ, അവ വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ അസമത്വത്തിന് കാരണമാകുമെന്ന് നിരീക്ഷകർ വാദിച്ചതോടെ വിവാദം കൂടുതൽ ശക്തമായി.

ഭരണപരമായ ആവശ്യങ്ങൾക്കായുള്ള ജനസംഖ്യാ വിവരശേഖരണമാണ് എന്ന് ഔദ്യോഗികമായി വ്യക്തമാക്കുമ്പോഴും, ദേശീയ ജനസംഖ്യാ രജിസ്റ്ററും (NPR) വിവാദത്തിലായി. ഭാവിയിൽ രാജ്യവ്യാപകമായി നടപ്പിലാക്കാവുന്ന എൻ.ആർ.സി-യുടെ ആദ്യപടിയായി ഇത് മാറിയേക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. പിന്നീട്, വോട്ടർപട്ടിക പുതുക്കുന്നതിനുള്ള SIR നടപടികളും പൗരത്വത്തെയും ജനാധിപത്യ പങ്കാളിത്തത്തെയും കുറിച്ചുള്ള ചർച്ചകളെ സജീവമാക്കി. SIR നേരിട്ട് പൗരത്വവുമായി ബന്ധപ്പെട്ടതല്ലെങ്കിലും, വോട്ടർമാരുടെ രേഖകൾ പരിശോധിക്കുന്നതും ഭരണപരമായ സൂക്ഷ്മപരിശോധന വർദ്ധിപ്പിക്കുന്നതും വോട്ട് ചെയ്യാനുള്ള യോഗ്യത തെളിയിക്കേണ്ട ബാധ്യത പൗരരുടെ മേൽ അടിച്ചേൽപ്പിക്കുന്നതുമാണ്. തൽഫലമായി, വോട്ടവകാശത്തിലൂടെയുള്ള പൗരത്വത്തിന്റെ പ്രായോഗിക വിനിയോഗം രേഖകളുടെ സാക്ഷ്യപ്പെടുത്തലിനെ ആശ്രയിച്ചായി മാറുന്നു. ഇതുതന്നെ മറ്റു അടിസ്ഥാനരേഖകൾ നിഷേധിക്കുന്നതിനുള്ള മാനദണ്ഡമാവാമെന്നാണ് രാജഗോപാലിന്റെ അനുഭവവും വ്യക്തമാക്കുന്നത്.
മാത്രമല്ല, പാസ്പോർട്ട് വിതരണ രംഗത്തു തന്നെയുണ്ടായ മാറ്റങ്ങളും ഈ വലിയ പരിവർത്തനത്തെ പ്രതിഫലിപ്പിക്കുന്നതാണ്. പാസ്പോർട്ട് സേവനങ്ങളുടെ ഡിജിറ്റൈസേഷൻ, വിപുലമായ പോലീസ് വെരിഫിക്കേഷൻ, കർശനമായ രേഖാനിബന്ധനകൾ, ആധാറുമായും മറ്റ് ഡിജിറ്റൽ വിവരശേഖരങ്ങളുമായും ഉള്ള സംയോജനം എന്നിവ പാസ്പോർട്ട് സംവിധാനത്തെ പൂർണ്ണമായും രേഖകളെ ആശ്രയിക്കുന്ന ഒന്നാക്കി മാറ്റി. ഇവ പ്രാഥമികമായി ഭരണപരമായ പരിഷ്കാരങ്ങളാണെങ്കിലും, രേഖാമൂലമുള്ള പരിശോധനയിലൂടെയുള്ള ഭരണനിർവ്വഹണത്തിലേക്കുള്ള വലിയൊരു നീക്കത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
പൗരത്വത്തെ സമഗ്രമായ അവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനാപരവും സാർവ്വത്രികവുമായ പദവിയായാണ് മുൻകാല രാഷ്ട്രമാതൃകകൾ കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ, പൗരത്വം എന്നത് നിരന്തരമായ രേഖകളുടെ പരിശോധനയിലൂടെയും ഭരണപരമായ സാക്ഷ്യപ്പെടുത്തലിലൂടെയുമാണ് തെളിയിക്കപ്പെടുന്നത്.
ഒരുപക്ഷേ ഏറ്റവും ദൂരവ്യാപകമായ വികസനം ആധാറിന്റെ വ്യാപനമാണ്. ബി.ജെ.പി അധികാരത്തിൽ വരുന്നതിന് മുൻപുതന്നെ ആധാർ നിലവിലുണ്ടായിരുന്നെങ്കിലും, 2014-നുശേഷം ക്ഷേമപദ്ധതികൾ, ബാങ്കിംഗ്, നികുതി, പാൻ, മൊബൈൽ ഫോൺ സേവനങ്ങൾ എന്നിവയുമായി അതിനെ ബന്ധിപ്പിക്കുന്നത് ഗണ്യമായി വർദ്ധിച്ചു. ആധാർ പൗരത്വത്തിന്റെ തെളിവല്ല എന്ന് ഔദ്യോഗികമായി പറയുമ്പോഴും, പൗരർക്ക് അത്യാവശ്യമായ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാന തിരിച്ചറിയൽ സംവിധാനമായി അത് മാറിയിരിക്കുന്നു.
ഡിജിലോക്കർ (DigiLocker), ഡിജിറ്റൽ ഹെൽത്ത് ഐഡി (ABHA) തുടങ്ങിയ ഓൺലൈൻ സേവന വിതരണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ (digital public infrastructure) വളർച്ച ഈ പ്രവണതയെ കൂടുതൽ ശക്തമാക്കി; ഇതോടെ ഡിജിറ്റൽ സാക്ഷ്യപ്പെടുത്തൽ ദൈനംദിന പൗരത്വത്തിന്റെ കേന്ദ്രബിന്ദുവായി മാറി. ഡിജിയാത്ര തന്നെ ഒരു ചോയ്സാണെങ്കിലും അതിലേക്ക് സ്ഥിരമായി വൈമാനിക യാത്രക്കാരെ നിർബന്ധിക്കുന്ന സംവിധാനങ്ങളാണ് വിമാനത്താവളങ്ങളിൽ ഒരുക്കുന്നത്. അതിനുവേണ്ടി ബലം പ്രയോഗിക്കുന്നില്ലെങ്കിലും അതില്ലെങ്കിലുള്ള അസൗകര്യങ്ങൾ യാത്രക്കാർ ഒഴിവാക്കാൻ ശ്രമിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു. അധികം വൈകാതെ ചിലപ്പോൾ അത് നിർബന്ധിതവുമാക്കിയേക്കാം.

അതുപോലെ, വോട്ടർപട്ടികകളുടെ നിരന്തര പരിശോധനകളും വിവിധ സർക്കാർ വിവരശേഖരങ്ങളുടെ സംയോജനവും പൗരരുടെ വിവരങ്ങൾ പരിശോധിക്കാനുള്ള ഭരണകൂടത്തിന്റെ ശേഷി വർദ്ധിപ്പിച്ചു. അസമിലെ ഫോറിനേഴ്സ് ട്രൈബ്യൂണൽ സംവിധാനം, ഭൂമിശാസ്ത്രപരമായി പരിമിതമാണെങ്കിലും, ഈ പരിവർത്തനത്തിന്റെ മറ്റൊരു പ്രധാന വശം വ്യക്തമാക്കുന്നുണ്ട്. പൗരത്വം എന്നത് നീണ്ടുനിൽക്കുന്ന ഭരണപരമായ നിയമനടപടികൾക്ക് വിധേയമാവുകയും, സ്വന്തം പൗരത്വം തെളിയിക്കാൻ രേഖകൾ ഹാജരാക്കേണ്ട ബാധ്യത വ്യക്തികളിൽ വന്നുചേരുകയും ചെയ്യുന്നു. ഇതിനൊപ്പം, കുടിയേറ്റ- അഭയാർത്ഥി നയങ്ങൾ പൗരത്വത്തെ ദേശീയ സുരക്ഷ, അതിർത്തി മാനേജ്മെന്റ്, അനധികൃത കുടിയേറ്റം എന്നിവയുമായി കൂടുതൽ ബന്ധിപ്പിച്ചു.
ഈ സംഭവങ്ങളെല്ലാം കൂട്ടിവായിക്കുമ്പോൾ, ഇന്ത്യയിലെ പൗരത്വത്തിന്റെ നിർവചനത്തിലുണ്ടായ വലിയൊരു മാറ്റമാണ് കാണുവാൻ കഴിയുക. പൗരത്വത്തെ സമഗ്രമായ അവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനാപരവും സാർവ്വത്രികവുമായ പദവിയായാണ് മുൻകാല രാഷ്ട്രമാതൃകകൾ കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ, പൗരത്വം എന്നത് നിരന്തരമായ രേഖകളുടെ പരിശോധനയിലൂടെയും ഭരണപരമായ സാക്ഷ്യപ്പെടുത്തലിലൂടെയുമാണ് തെളിയിക്കപ്പെടുന്നത്. അവകാശങ്ങൾ രേഖകൾക്കും ഡിജിറ്റൽ ഐഡന്ററ്റികൾക്കും വിധേയമായി മാറുന്നു. ഭരണഘടനാപരമായ പൗരത്വം എന്ന സാർവ്വത്രിക ഭാഷയ്ക്ക് മുകളിൽ രേഖകളുടെ പരിശോധനയും അർഹതയും മുൻഗണന നേടുന്നു. ക്ഷേമ ആനുകൂല്യങ്ങൾ, തെരഞ്ഞെടുപ്പ് പങ്കാളിത്തം, സഞ്ചാരസ്വാതന്ത്ര്യം, പൊതുസേവനങ്ങൾ എന്നിവയെല്ലാം ഡിജിറ്റൽ ഐഡന്റിറ്റി സംവിധാനങ്ങളിലൂടെ ക്രമീകരിക്കപ്പെടുമ്പോൾ, അത് അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള പൗരത്വത്തിൽനിന്നും രേഖകളെ അടിസ്ഥാനമാക്കിയുള്ള പൗരത്വത്തിലേക്കുള്ള (documentation-centred citizenship) മാറ്റത്തിന് കാരണമാവുകയാണ്.
'കണ്ടീഷണൽ സിറ്റിസൺഷിപ്പ്' (conditional citizenship) അഥവാ നിബന്ധനകളോടെയുള്ള പൗരത്വത്തിലേക്ക് ഇന്ത്യയിലെ പൗരത്വ സങ്കൽപ്പത്തെ മാറ്റുന്നുവെന്നത് തികച്ചും ആശങ്കാജനകമായ കാര്യമാണ്.
മാറുന്ന ഈ ഭരണയുക്തിയിൽ (governmentality), പൗരത്വം എന്നത് ഭരണഘടനാപദവി എന്നതിലുപരി ഭരണപരമായ നടപടിക്രമങ്ങൾ, നിരീക്ഷണം, രേഖപ്പെടുത്തൽ എന്നിവയിലൂടെ നിയന്ത്രിക്കപ്പെടേണ്ട ഒന്നായി മാറുന്നു. ഡിജിറ്റൽ ബയോപൊളിറ്റിക്സ് (biopolitics) എന്ന സങ്കല്പനം, ഡാറ്റാബേസുകൾ, ഐഡന്റിറ്റി സംവിധാനങ്ങൾ, ജനസംഖ്യാ വർഗ്ഗീകരണം എന്നിവയിലൂടെ ജനങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. ഈ ആശയങ്ങളുടെ തുടർച്ചയായി, ആധാർ, ഡിജിറ്റൽ ഐഡന്റിറ്റി പ്ലാറ്റ്‌ഫോമുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യകൾ, സംയോജിത ഡാറ്റാബേസുകൾ, അൽഗോരിതങ്ങൾ വഴിയുള്ള തീരുമാനങ്ങൾ എന്നിവയിലൂടെയുള്ള ഭരണകൂട ഇടപെടലുകളെ 'ഡിജിറ്റൽ ഭരണയുക്തി' (digital governmentality) എന്നു കൃത്യമായി അടയാളപ്പെടുത്തുവാൻ കഴിയും.
ഇതിനോട് ചേർത്തുവായിക്കാവുന്നതാണ് 'ഡോക്യുമെന്ററി സിറ്റിസൺഷിപ്പ്' (documentary citizenship) എന്ന ആശയം. ഇതിൽ അവകാശങ്ങൾ അനുഭവിക്കുന്നത് അനുയോജ്യമായ രേഖകൾ കൈവശം വെക്കുന്നതിനെയും അവ നിരന്തരം സാക്ഷ്യപ്പെടുത്തുന്നതിനെയും ആശ്രയിച്ചിരിക്കുന്നു. ഒടുവിൽ, ഇതെല്ലം ചേർന്ന് 'കണ്ടീഷണൽ സിറ്റിസൺഷിപ്പ്' (conditional citizenship) അഥവാ നിബന്ധനകളോടെയുള്ള പൗരത്വത്തിലേക്ക് ഇന്ത്യയിലെ പൗരത്വ സങ്കൽപ്പത്തെ മാറ്റുന്നുവെന്നത് തികച്ചും ആശങ്കാജനകമായ കാര്യമാണ്. ഭൂരിഭാഗം ഇന്ത്യക്കാർക്കും ഭരണഘടനാപരമായി പൗരത്വം സുരക്ഷിതമായിരിക്കാമെങ്കിലും, അതിന്റെ പ്രായോഗിക വിനിയോഗം ഭരണപരമായ വെരിഫിക്കേഷനുകളെയും ഡിജിറ്റൽ ആധികാരികതകളെയും ആശ്രയിച്ചിരിക്കുന്നു.

ആ അർത്ഥത്തിൽ, സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ, ആധാറിന്റെയും ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെയും വ്യാപനം, വോട്ടർപട്ടിക പുതുക്കൽ, പാസ്പോർട്ട് പരിഷ്കാരങ്ങൾ, ഫോറിനേഴ്സ് ട്രൈബ്യൂണലുകൾ, കുടിയേറ്റ നയങ്ങളുടെ സുരക്ഷാവൽക്കരണം എന്നിവയെല്ലാം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പൗരത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലുണ്ടായ ഏറ്റവും വലിയ പരിവർത്തനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇതിനെ ഭരണപരമായ ആധുനികവൽക്കരണമായോ അതല്ലെങ്കിൽ പൗരരും ഭരണകൂടവും തമ്മിലുള്ള ബന്ധത്തിന്റെ പുനഃക്രമീകരണമായോ ഒക്കെ വ്യാഖ്യാനിച്ചാലും, സമകാലിക ഇന്ത്യയിൽ പൗരത്വം വിഭാവനം ചെയ്യപ്പെടുന്നതിലും അനുഭവപ്പെടുന്നതിലും ഇവ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നത് നിഷേധിക്കാൻ കഴിയില്ല.
അതുകൊണ്ടുതന്നെ, പ്രിയപ്പെട്ട രാജഗോപാലിന്റെ അനുഭവം ശ്രദ്ധേയമാകുന്നത്, അത് ഒരു ഒറ്റപ്പെട്ട സംഭവമായതുകൊണ്ടല്ല, മറിച്ച് വരുംകാലങ്ങളിൽ അത് ആർക്കും സംഭവിക്കാവുന്ന ഒന്നായി ഇതിനകംതന്നെ മാറിയിരിക്കുന്നു എന്നതുകൊണ്ടാണ്. ഇന്ത്യയിലെ പൗരത്വത്തിന്റെ ഭാവി നിർണ്ണയിക്കപ്പെടുന്നത് കേവലം ഭരണഘടനാപരമായ ഉറപ്പുകളാൽ മാത്രമല്ല, മറിച്ച് നിയമപരിഷ്കാരങ്ങളും ഡിജിറ്റൽ ഭരണനിർവ്വഹണവും ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന തത്വങ്ങളുമായി എങ്ങനെ സന്തുലിതമാക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കുമെന്ന ശക്തമായ ഓർമ്മപ്പെടുത്തലാണിത്.
സാങ്കേതികവിദ്യയും രേഖകളും പൗരത്വത്തെ എളുപ്പമാക്കാനുള്ള ഉപാധികളാണെന്ന് ഉറപ്പാക്കുക എന്നതാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന യഥാർത്ഥ വെല്ലുവിളി; അല്ലാതെ അവ പൗരത്വത്തെ അനിശ്ചിതത്വത്തിലാക്കാനും നിരന്തരം ചോദ്യംചെയ്യപ്പെടാനുമുള്ള സംവിധാനങ്ങളായി മാറരുത്.
