2025- ലെ സ്വാതന്ത്ര്യദിനം ഏതെങ്കിലുമൊരു വ്യക്തിയുടെ പേരിൽ കുറിക്കുകയാണെങ്കിൽ ഞാനത് യോഗേന്ദ്ര യാദവിന്റെ പേരിലാണ് കുറിക്കുക. ബീഹാറിലെ വോട്ടർമാർക്കുവേണ്ടിയും അതിനപ്പുറം ഇന്ത്യൻ വോട്ടർമാർക്കുവേണ്ടിയും കഴിഞ്ഞ കുറച്ചു മാസങ്ങളിൽ അദ്ദേഹം നടത്തിയത് സമാനതകളില്ലാത്ത യുദ്ധമായിരുന്നു. ആഴത്തിലും പരപ്പിലുമുള്ള ഡാറ്റ കളക്ഷനും പഠനവും, ആ ഡാറ്റയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷസ്വരങ്ങൾക്ക് ലഭ്യമായ വളരെക്കുറച്ച് മീഡിയ സ്‌പെയ്‌സിലൂടെയാണെങ്കിലും തിരഞ്ഞെടുപ്പു കമ്മീഷന്റെ ജനാധിപത്യവിരുദ്ധ നിലപാടിനെപ്പറ്റിയുള്ള അവബോധമുണ്ടാക്കൽ, ഒടുവിൽ ഓഗസ്റ്റ് 14-ന് ഇന്ത്യൻ ജനാധിപത്യത്തിനുവേണ്ടി സുപ്രീംകോടതിയിൽനിന്ന് നേടിയടുത്ത ആ വലിയ വിജയം. അത് തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ല എന്ന് വ്യക്തമായി അറിഞ്ഞിട്ടും ആദ്യം ബീഹാറിലെയും പിന്നീടങ്ങോട്ട് ഇന്ത്യയിലെയും ജനങ്ങളുടെ പൗരത്വം നിർണ്ണയിക്കാനായി കേന്ദ്രസർക്കാരിന്റെ ആശിസ്സുകളോടെ ഇറങ്ങിത്തിരിച്ച തിരഞ്ഞെടുപ്പു കമ്മീഷനോട് കൃത്യമായി സുപ്രീംകോടതി, ‘സ്വന്തം പണി ചെയ്യാൻ’ നിർദ്ദേശിച്ചു. ആധാർ പൗരത്വത്തിന്റെ തെളിവല്ല എന്ന് ചൂണ്ടിക്കാട്ടി അത് SIR റോളിൽ (ഇപ്പോൾ ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കുന്ന വിവാദമായ വൻതോതിലുള്ള പുതുക്കപ്പട്ടിക- സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ) പേരുചേർക്കാനുള്ള തെളിവായി സ്വീകരിക്കാതിരുന്ന തിരഞ്ഞെടുപ്പു കമ്മീഷനോട്, ആധാർ തെളിവായി സ്വീകരിക്കാൻ കോടതി നിർദ്ദേശിച്ചു. വാദത്തിന്റെ ആദ്യഘട്ടങ്ങളിൽ ഇതിനെ സംബന്ധിച്ച് കോടതിയിൽ കുറേയേറെ ആശയക്കുഴപ്പങ്ങളുണ്ടായെങ്കിൽപ്പോലും. (തിരഞ്ഞെടുപ്പു കമ്മീഷൻ തെളിവായി സ്വീകരിക്കുന്ന 11 രേഖകളിൽ പാസ്‌പോർട്ട് മാത്രമാണ് പൗരത്വം രേഖപ്പെടുത്തുന്നത്. ലിസ്റ്റിലുള്ള മറ്റ് പല രേഖകൾക്കും അപേക്ഷിക്കാനുള്ള രേഖയായി ആധാർ കൊടുക്കാം എന്നതാണ് ഏറെ വിചിത്രം.)
ഇപ്പോൾ രാഹുൽ ഗാന്ധി ചെയ്തതാണ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം. മാദ്ധ്യമങ്ങൾക്ക് കണ്ടുപഠിക്കാവുന്നതാണ്.
ഇതിനകം ഒഴിവാക്കപ്പെട്ട 62 ലക്ഷം പേരിൽ ഓരോരുത്തരും എന്തുകൊണ്ട് ഒഴിവാക്കപ്പെട്ടു എന്ന് കൃത്യമായി അറിയിക്കാനും കോടതി തിരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പു കമ്മീഷനോട് ഇത്തരത്തിൽ സുതാര്യത കൊണ്ടുവരാൻ ആവശ്യപ്പെടുമ്പോൾ, കുറച്ചധികം കാലമായി കമ്മീഷൻ നടത്തിക്കൊണ്ടിരിക്കുന്ന മറച്ചുപിടിക്കലുകൾക്കും സുതാര്യതയില്ലായ്മക്കുമുള്ള വലിയ തിരിച്ചടിയാകുന്നു അത്. 1987- നുശേഷം ജനിച്ചവർ അച്ഛൻ, അമ്മ എന്നിവരിൽ ആരുടെയെങ്കിലും ജനനസർട്ടിഫിക്കറ്റും 2004- നുശേഷം ജനിച്ചവർ അച്ഛന്റെയും അമ്മയുടേയും ജനനസർട്ടിഫിക്കറ്റും ഹാജരാക്കണമെന്നു പറയുമ്പോൾ, ഇപ്പോൾ ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ഇവരുടെ അച്ഛനമ്മമാർ അൻപതിനുമുകളിലുള്ളവരായിരിക്കും. ബീഹാറിൽ പോയിട്ട് ഇന്ത്യയിൽത്തന്നെ ആ പ്രായമുള്ള എത്രപേർക്ക് ജനനസർട്ടിഫിക്കറ്റ് ഉണ്ടായിരിക്കും? ഇതിലെ വൻ അബദ്ധം മനസ്സിലാക്കി ഇലക്ഷൻ കമ്മീഷൻ ഒരു ചെറിയ പ്രസ്സ് റിലീസിലൂടെ ഇത് ഇങ്ങനെ തിരുത്തി: ‘‘അച്ഛനമ്മമാരുടെ പേര് 2003- ലെ ലിസ്റ്റിൽ ഉണ്ടെങ്കിൽ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല’’.
കൂടുതൽ കൂടുതൽ അകത്തേക്കു ചെല്ലുന്തോറും എങ്ങനെ ഇപ്രകാരമൊരുകൂട്ടം നിയമാവലി ഉണ്ടാക്കാൻ ഇവർക്ക് സാധിച്ചു എന്ന് നാം അത്ഭുതപ്പെടും.

കൃത്യമായി പൊട്ടിച്ച
ഒരു ബോംബ്
കുറച്ചു വർഷങ്ങളായി രാഹുൽ ഗാന്ധി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെക്കുറിച്ചു പറഞ്ഞ പരാതികളിൽ വലിയ കഴമ്പില്ലെന്നു കരുതുന്ന ആളാണ് ഞാൻ. അതേസമയം മഹാരാഷ്ട്ര, ഹരിയാന ഇലക്ഷനുകളെപ്പറ്റി വലിയ സംശയങ്ങളുണ്ടായിരുന്നു താനും. പക്ഷേ എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ഒരു ഐഡിയയൊട്ട് കിട്ടുന്നുമുണ്ടായിരുന്നില്ല. എന്തായാലും ആറ്റംബോംബ് വരുന്നുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ 'ഇനിയും EV മെഷീന്റെ കാര്യം തന്നെയായിരിക്കും പറയാൻ പോകുന്നത്'എന്നാണ് ആദ്യം കരുതിയത്. പക്ഷേ ആ വാർത്താസമ്മേളനം ആറ്റംബോംബ് എന്നതിനേക്കാൾ ഒട്ടേറെ തുടർചലനങ്ങൾക്ക് സാദ്ധ്യതയുള്ള സുനാമിയായിരുന്നു. ഒരു മണിക്കൂറിലേറെ സമയമെടുത്ത് വളരെ വ്യക്തമായും കൃത്യമായും, ഇലക്ഷൻ കമ്മീഷന്റെ ഡാറ്റ മാത്രം അടിസ്ഥാനമാക്കി രാഹുൽ ആ ബോംബ് വളരെ സമാധാനത്തിൽ മനോഹരമായി പൊട്ടിച്ചു. ആ നിമിഷം തന്നെ ഇതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കേണ്ട ഇലക്ഷൻ കമ്മീഷൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന ആരോപണമുന്നയിക്കുകയും സത്യപ്രതിജ്ഞയ്ക്കു കീഴിൽ വന്ന് ആരോപണമുന്നയിക്കാൻ രാഹുൽ ഗാന്ധിയെ ബാലിശമായി വെല്ലുവിളിക്കുകയും ചെയ്തു.
തെറ്റിദ്ധരിപ്പിക്കുന്നുണ്ടെങ്കിൽക്കൂടി അത് നിങ്ങളുടെ ഡാറ്റായാണ് സർ. അത് രാഹുൽ പറഞ്ഞതുപോലെ വോട്ടുമോഷണമല്ല, വെറും എറർ ആണെങ്കിൽ ഇത്രയധികം തെറ്റ് എങ്ങനെ വന്നു എന്ന് വിശദമാക്കിയാൽ മാത്രം മതി (അല്ലെങ്കിലും ഇലക്ഷൻ കമ്മീഷനും ബി ജെ പിക്കും രാഹുൽഗാന്ധിയെന്നുപറഞ്ഞാൽ ഒരുപോലെയാണ്, വിളറി പിടിക്കും.)
ആറ് ലോക്‌സഭാ മണ്ഡലങ്ങളിലെ ഡാറ്റ പരിശോധിച്ചശേഷം, 2024- ലെ ഇലക്ഷനിൽ വ്യാപകമായ കള്ളവോട്ട് നടന്നു എന്ന് ഇപ്പോൾ ആരോപിച്ചിരിക്കുന്നത് ഭരണപക്ഷത്തെ പ്രമുഖനായ അനുരാഗ് താക്കൂറാണ്.
ഫറൂഖാബാദിലും
മീററ്റിലും നടന്നത്…
രാഹുലിന്റെ വെളിപ്പെടുത്തലിനെതുടർന്ന്, തുടർ സുനാമി പോലെ പലരും പലപല നിയോജകമണ്ഡലങ്ങളിലെ ‘വോട്ട് ചോരി’കൾ തെളിവു സഹിതം പുറത്തുവിട്ടു കൊണ്ടിരിക്കുകയാണ്. ആൾട്ട് ന്യൂസ്, ന്യൂസ് ലോൺട്രി, റിപ്പോർട്ടേർസ് കളക്ടീവ്, ചില സ്വതന്ത്ര യുട്യൂബർമാർ തുടങ്ങിയവരൊക്കെ പുറത്തുകൊണ്ടുവരുന്ന ‘വോട്ട് ചോരി’ വിശദാംശങ്ങൾ 2024-ലെ പൊതു തിരഞ്ഞെടുപ്പിനെപ്പറ്റിയും അതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെപ്പറ്റിയും സംശയം ജനിപ്പിക്കുന്നു.
2024- ലെ തിരഞ്ഞടുപ്പിൽ ഫറൂഖാബാദ് മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥിക്ക് ലഭിച്ചത് 2700 വോട്ടിന്റെ ഭൂരിപക്ഷമാണ്. അവിടെ 32000 വോട്ടുകൾ ഇപ്പോൾ ബിഹാറിൽ നടക്കുന്നതുപോലെ ഡിലീറ്റ് ചെയ്യപ്പെട്ടു എന്ന വിവരം ന്യൂസ് ലോൺട്രി പുറത്തുവിട്ടു. അതുപോലെ ചെറിയ മാർജിനിൽ ജയിച്ച മീററ്റിൽ രണ്ടു ബൂത്തുകളിൽ മാത്രം ന്യൂസ് ലോൺട്രി അന്വേഷണം നടത്തിയപ്പോൾ കണ്ടെത്തിയത്, 27ശതമാനവും വ്യാജ വോട്ടർമാരാണെന്നാണ്. രാമായണതാരം അരുൺ ഗോയൽ ജയിച്ച മീററ്റിൽ അറുപതിനായിരത്തിലേറെ വോട്ടർമാർ ഡിലീറ്റ് ചെയ്യപ്പെട്ടപ്പോൾ ഒരു ലക്ഷത്തിലധികം വോട്ടർമാർ ചേർക്കപ്പെട്ടു. കൂട്ടിച്ചേർക്കപ്പെട്ടവരും ഒഴിവാക്കപ്പെട്ടവരും തമ്മിലുള്ള വ്യത്യാസം 40,000. ഭൂരിപക്ഷം 10,000. അഡ്രസിന്റെ സ്ഥാനത്ത് വെറുതെ ഉത്തർപ്രദേശ്, നയാ (പുതിയ) എന്നൊക്കെ എന്തെങ്കിലുമൊക്കെ എഴുതിച്ചേർത്തിരിക്കുന്നു.
വരാൻ പോകുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ ബിഹാറിലെ വാൽമീകി നഗറിൽ കണ്ടെത്തിയ സംശയാസ്പദമായ 5000 വോട്ടർമാരിൽ 1000 പേർ ഉത്തർപ്രദേശിൽനിന്നുള്ളവരാണ് എന്ന് റിപ്പോർട്ടേർസ് കളക്ടീവിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇവർ ഇതേപേരിൽത്തന്നെ ഉത്തർപ്രദേശിലെ ലിസ്റ്റിലുമുണ്ട്. ബീഹാറിലെ SIR റോളുകളിൽ മൂന്നു ലക്ഷത്തോളം പേരുടെ വീട്ടുനമ്പർ പൂജ്യമാണെന്നാണ് ന്യൂസ് ലോൺട്രി കണ്ടെത്തി.

ബി.ജെ.പിയും ആരോപിക്കുന്നു; ‘കള്ളവോട്ട്’
ആറ് ലോക്‌സഭാ മണ്ഡലങ്ങളിലെ ഡാറ്റ പരിശോധിച്ചശേഷം, 2024- ലെ ഇലക്ഷനിൽ വ്യാപകമായ കള്ളവോട്ട് നടന്നു എന്ന് ഇപ്പോൾ ആരോപിച്ചിരിക്കുന്നത് ഭരണപക്ഷത്തെ പ്രമുഖനായ അനുരാഗ് താക്കൂറാണ്. ബി ജെ പിയുടെ മണ്ടത്തരമോർത്ത് നമുക്ക് ചിരിക്കാം, പക്ഷേ കള്ളവോട്ടു നടന്നു എന്ന് അനുരാഗ് താക്കൂറിലൂടെ ഭരണപക്ഷവും ആരോപിച്ചു കഴിഞ്ഞു. താക്കൂർ ലക്ഷ്യം വച്ചത് കോൺഗ്രസിനെയാണെങ്കിലും കൊണ്ടത് ഇലക്ഷൻ കമ്മീഷനും ബി ജെ പിക്കുമാണ്. മാത്രമല്ല, ഒരൊറ്റ നിയമസഭാ മണ്ഡലത്തിലെ വോട്ടേഴ്സ് ലിസ്റ്റ് പഠിക്കാൻ രാഹുൽ ഗാന്ധിയുടെ ടീമിന് ആറു മാസം വേണ്ടിവന്നപ്പോൾ അനുരാഗ് താക്കൂർ ആറു ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടേഴ്സ് ലിസ്റ്റ് ആറു ദിവസം കൊണ്ട് എങ്ങനെ നോക്കി എന്ന കാതലായ ചോദ്യവും കോൺഗ്രസ് ഉന്നയിക്കുന്നു. അത് അസാദ്ധ്യമാണ്. അത് സാദ്ധ്യമാവുന്ന ഒറ്റ അവസ്ഥ ഇതാണ്; കോൺഗ്രസിന് ഇലക്ഷൻ കമ്മീഷൻ ഒരിക്കലും കൊടുക്കാത്ത ഇലക്ട്രോണിക് വോട്ടേഴ്സ് ലിസ്റ്റ് അനുരാഗ് താക്കൂറിന് കിട്ടി. തങ്ങൾക്ക് വാരണാസിയിലെ ഇലക്ട്രോണിക് വോട്ടേഴ്സ് ലിസ്റ്റ് ലഭ്യമാക്കിയാൽ, ഇലക്ഷൻ ദിനത്തിൽ ഏതാണ്ട് ഉച്ചവരെ പിറകിൽനിന്ന ശേഷം പിന്നീട് നാടകീയമായി മുന്നേറി ചെറിയ ഭൂരിപക്ഷത്തിൽ ജയിച്ച മോദി യഥാർത്ഥത്തിൽ പരാജയപ്പെട്ടുവെന്ന് തെളിയിക്കാമെന്ന് കോൺഗ്രസ് വെല്ലുവിളിച്ചിട്ടുണ്ട്.
വാരണാസിയിലെ ഇലക്ട്രോണിക് വോട്ടേഴ്സ് ലിസ്റ്റ് ലഭ്യമാക്കിയാൽ, ഇലക്ഷൻ ദിനത്തിൽ ഏതാണ്ട് ഉച്ചവരെ പിറകിൽനിന്ന ശേഷം പിന്നീട് നാടകീയമായി മുന്നേറി ചെറിയ ഭൂരിപക്ഷത്തിൽ ജയിച്ച മോദി യഥാർത്ഥത്തിൽ പരാജയപ്പെട്ടുവെന്ന് തെളിയിക്കാമെന്ന് കോൺഗ്രസ് വെല്ലുവിളിച്ചിട്ടുണ്ട്.
തേജസ്വി യാദവ് വാർത്താസമ്മേളനത്തിൽ ഉന്നയിച്ച മറ്റൊരു പ്രധാന പ്രശ്‌നമുണ്ട്. ബിഹാറിലെ പുതുക്കിയ SIR റോൾ പ്രകാരം ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ അടക്കം പല ബി ജെ പി നേതാക്കന്മാർക്കും ഒന്നിലധികം EPIC നമ്പറുണ്ട്. രണ്ട് EPIC നമ്പറുണ്ടാവുന്നത് നിയമവിരുദ്ധമാണ് എന്നോർക്കണം. അപ്പോഴാണ് ഇത്രയധികം നേതാക്കൾക്കുതന്നെ രണ്ട് നമ്പർ. തിരിച്ചറിയാൻ എളുപ്പമായ ഇത്രയധികം നേതാക്കൾക്കുതന്നെ രണ്ടിടത്ത് വോട്ടുണ്ടെങ്കിൽ അറിയപ്പെടാത്ത സാധാരണ പ്രവർത്തകർക്ക് എത്ര സ്ഥലത്ത് വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടായിരിക്കും? അതുതന്നെയാണ് ഒരേസമയം ഉത്തർപ്രദേശിലും കർണ്ണാടകയിലും മഹാരാഷ്ട്രയിലുമൊക്കെയുള്ള വോട്ടേഴ്സ് ലിസ്റ്റിലുള്ള പേരുകളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

വോട്ടവകാശത്തിന്റെ മൂല്യം
ഇന്ത്യൻ ജനാധിപത്യത്തിലെ രണ്ട് സുവർണ്ണ മുഹൂർത്തങ്ങളായി ഞാൻ കാണുന്നത് ഇതാണ്:
ഒന്ന്; അടിയന്തരാവസ്ഥക്കുശേഷമുള്ള കോൺഗ്രസിന്റെ തോൽവി.
രണ്ട്; ബോഫോഴ്സ് ആരോപണമുയർന്നപ്പോൾ വി.പി. സിംഗ് രാജീവ് ഗാന്ധി മന്ത്രിസഭയിൽനിന്ന് രാജിവച്ച് രണ്ടുവർഷത്തിനുള്ളിൽ ഇന്ത്യയുടെ ഹൃദയം കീഴടക്കി പ്രധാനമന്ത്രിയായത്.
പിന്നീട് ഈ സർക്കാരുകൾക്ക് സംഭവിച്ചത് ഇന്ത്യൻ ജനാധിപത്യത്തിലെ മോശം മുഹൂർത്തങ്ങളും അവസ്ഥകളുമാണ് എങ്കിൽപ്പോലും. അതവിടെ നിക്കട്ടെ.
വോട്ടവകാശത്തെ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾ വളരെ ഗൗരവത്തോടെ തന്നെ എടുക്കുന്നു എന്നും അവരുടെ അധികാരത്തിന്റെ മൂല്യം അവർക്ക് നന്നായറിയാം എന്നുമാണ് ഇത് കാണിക്കുന്നത്. ആ ജനാധിപത്യഅധികാരത്തിനു മേലാണ് ഇപ്പോൾ നിഴൽ വീണിരിക്കുന്നത്. ആ അവകാശം തിരിച്ചുകിട്ടാനാണ്, മരിച്ചുവെന്ന് ഇലക്ഷൻ കമ്മീഷൻപറയുന്ന ആളുകൾ സുപ്രീംകോടതി വരാന്ത വരെ എത്തിയിരിക്കുന്നത്. അവരെ കൊണ്ടുവന്നത് രാഹുൽ ഗാന്ധിയാവാം, യോഗേന്ദ്ര യാദവാവാം, പക്ഷേ ഇലക്ഷൻ കമ്മീഷന്റെ SIR റോൾ പ്രകാരം അവർ മരിച്ചവരാണ്. ഉടൻ സ്വമേധയാ അന്വേഷണം നടത്തി രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റാണെന്ന് നിങ്ങൾ തെളിയിക്കൂ, ഞങ്ങൾ വിശ്വസിക്കാം. കാരണം ഇലക്ഷൻ കമ്മീഷനിൽ വിശ്വാസമുണ്ടാവുക എന്നത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഞങ്ങൾ സാധാരണ പൗരരുടെ ആവശ്യവും ആഗ്രഹവുമാണ്.
(ഇപ്പോൾ രാഹുൽ ഗാന്ധി ചെയ്തതാണ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം. മാദ്ധ്യമങ്ങൾക്ക് കണ്ടുപഠിക്കാവുന്നതാണ്).
