അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസവും പീഡനവും അനുഭവിച്ച പലരെയും മെൻസ് കോളജിൽ ചേർന്നപ്പോൾ കാണാനിടയായി. അപ്പോഴാണ് മാധ്യമങ്ങളിൽ വന്നിരുന്നതെല്ലാം അപ്പാടെ വിശ്വസിച്ചിരുന്ന എന്നെ പോലെയുള്ളവർ എങ്ങനെ കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്നത്
1977 മാർച്ചിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം റേഡിയോയിൽ നിന്ന് ഇന്ദിരാഗാന്ധി പരാജയപ്പെട്ട വാർത്ത കേട്ടാണ് ഉണർന്നത്.
എന്റെ ഡിഗ്രി കോഴ്‌സ് അവസാനിക്കാറായ സമയമായിരുന്നു അത്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, കേരളീയർ അടിയന്തരാവസ്ഥ കൊണ്ടുവന്ന ഇന്ദിരാഗാന്ധിയുടെ പാർട്ടിക്കാരെ കൂടുതൽ ലോക്സഭാ മണ്ഡലങ്ങളിലും അത്തവണ വിജയിപ്പിച്ചു. ദിവസവും റേഡിയോയിൽ ഇന്ദിരാഗാന്ധിക്കുള്ള സ്തുതിഗീതങ്ങൾ കേട്ട് പുളകം പൂണ്ടിരുന്ന ഞാനുൾപ്പെടെയുള്ള ശരാശരി മലയാളികളെ ഈ വാർത്ത ഞെട്ടിച്ചു.
അപ്പോൾ എന്റെ ക്ലാസ്‌മേറ്റ് ലളിതയെ ഞാൻ ഓർത്തു.
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ലളിതമായി വസ്ത്രധാരണം ചെയ്തു വന്ന ലളിത ഡിഗ്രിക്ക് ചേർന്ന ദിവസം തന്നെ ഞാനുമായി അടുത്തിരുന്നു. ഒഴിവു സമയങ്ങളിൽ അടിയന്തരാവസ്ഥക്കും ഇന്ദിരാഗാന്ധിക്കും എതിരായി അവൾ സംസാരിച്ചു. ഗാന്ധിയൻ സോഷ്യലിസ്റ്റ് ആയ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ അടിയന്തരാവസ്ഥക്കെതിരായി നടന്നിരുന്ന ചലനങ്ങളെക്കുറിച്ചൊക്കെ അവൾ പറയുമായിരുന്നു. എല്ലാ കാര്യങ്ങളിലും ഉറച്ച അഭിപ്രായം ഉണ്ടായിരിക്കുകയും മറ്റു പെൺകുട്ടികളുടെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞു മാറിയിരിക്കുകയും ചെയ്ത ലളിതയെ ഞാൻ ഇഷ്ടപ്പെട്ടു. എന്നാൽ, കൂട്ടം കൂടി പ്രസരിപ്പോടെ ഉല്ലസിക്കുന്നവരെയും, എനിക്കിഷ്ടമായിരുന്നു. വിദഗ്ധമായി അധ്യാപകരുടെ കണ്ണ് വെട്ടിച്ച് ക്ലാസിലിരുന്ന് മിൽസ് ആന്റ് ബൂൺസ് നോവലുകൾ വായിക്കുകയും, എന്നാൽ പരീക്ഷക്ക് നല്ല മാർക്ക് വാങ്ങുകയും ചെയ്തിരുന്ന മിടുക്കികളോട് അല്പം ആദരവും തോന്നി. ക്ലാസ്സിൽ പഠിക്കുന്നവരോട് മാത്രമാണ് പെൺകുട്ടികൾക്ക് അന്നൊക്കെ സൗഹാർദ്ദത്തിന് അവസരമുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും പരസ്പരം ഏതെങ്കിലുമൊക്കെ തരത്തിൽ അങ്ങോട്ടുമിങ്ങോട്ടും സ്വാധീനിക്കുകയും താന്താങ്ങളെ രൂപീകരിക്കുകയും ചെയ്തിട്ടുണ്ടാവണം. ഓരോരുത്തരും അവരവരോടൊപ്പം ഓരോ സംസ്‌കാരങ്ങൾ കൂടി കൊണ്ട് വരുന്നു. അത് മറ്റുള്ളവരിലേക്കും കുറേശ്ശെ പകരുന്നു.
വളരുന്ന സമയത്ത്, റോൾ മോഡലുകൾ വ്യക്തിയുടെ വളർച്ചയെ കുറെയൊക്കെ സഹായിക്കുന്നതാണ്. കൂടുതൽ പേരും ഇതിന് അമിത പ്രാധാന്യം കൊടുക്കാതെ ബാലൻസ് ചെയ്തു കൊണ്ട് പോകും. എന്നാൽ, ചിലരിൽ ഇത് അഡിക്ഷൻ പോലെയുള്ള പ്രശ്‌നമുണ്ടാക്കും
പൂർണമായും തനിമയോട് കൂടിയ ഒരു തന്മയോ സ്വഭാവമോ ആർക്കും ഉണ്ടാകാനിടയില്ല. ജൻമനാ കിട്ടിയതും കുടുംബത്തിൽ നിന്ന് കിട്ടിയതുമായ കുറെ സ്വഭാവങ്ങളുമാകുമെങ്കിലും മറ്റുള്ളവരുമായി ഇടപഴകുന്നതിലൂടെ നമ്മൾ മാറിക്കൊണ്ടുമിരിക്കും. സിനിമയും സാഹിത്യവും അതുപോലെ തന്നെ സ്വാധീനിച്ചേക്കാം. എന്നാൽ, അങ്ങനെ സ്വാധീനിച്ച സിനിമകളൊന്നും അന്നത്തെ ഓർമകളിലില്ല. മറിച്ച് ചില കൗതുകങ്ങളും അതോടനുബന്ധിച്ച ചുറ്റുപാടുകളും മാത്രമാണ് ഓർക്കാൻ കഴിയുന്നത്. കുട്ടിക്കാലത്ത്, ആഴ്ച തോറും തിയേറ്ററിൽ ഓരോ സിനിമയും മാറി വരുമ്പോൾ കാളവണ്ടിയുടെ പുറത്ത് പോസ്റ്റർ പതിപ്പിച്ച്, ചെണ്ട കൊട്ടി, വേലായുധാ ടാക്കീസിൽ ഇന്ന് മുതൽ പ്രദർശനമാരംഭിക്കുന്നു എന്ന് അനൗൺസ് ചെയ്തു പോകുന്ന കാഴ്ച കൗതുകകരമായിരുന്നു. അതിൽ നിന്ന് പറത്തി വിടുന്ന കളറുള്ള നോട്ടീസ് പെറുക്കി എടുക്കാൻ പിറകേ കുട്ടികളുമുണ്ടാവും. നോട്ടീസിൽ കഥയുടെ അവസാന ഭാഗം മുറിച്ച്, ശേഷം സ്‌ക്രീനിൽ എന്നെഴുതിയിരിക്കും.
അക്കാലത്ത് അച്ഛൻ എല്ലാ സിനിമയും കാണാൻ പോയിരുന്നു.
കൂട്ടത്തിൽ എന്നെയും കൂട്ടി. കാണുന്ന എല്ലാ സിനിമയുടെയും പേരും വിവരങ്ങളും ഞാൻ ഒരു നോട്ട് ബുക്കിൽ കുറിച്ച് വച്ചു. ആദ്യം കണ്ട സ്‌നേഹദീപം തുടങ്ങി നൂറോളം സിനിമയുടെ പേരുകൾ ആ ബുക്കിൽ നിരന്നു കിടന്നു. എന്നാൽ, ഞാൻ കുറച്ച് വളർന്നപ്പോഴേക്കും അച്ഛൻ സിനിമ കാണൽ നിർത്തി. വല്ലപ്പോഴും ഒരു സിനിമക്ക് പോവുക മാത്രമായി. അതുകൊണ്ട് സിനിമയിലെ പുതിയ സംഭവങ്ങളൊന്നും അറിയാൻ കഴിഞ്ഞില്ല.
പിന്നെ കോളജിലെ കൂട്ടുകാരാണ് അതിൽ താല്പര്യമുണ്ടാക്കിയത്. പഠിത്തത്തിലും മറ്റെല്ലാ കാര്യങ്ങളിലും മുന്നിട്ട് നിന്ന മാലിനി നന്നായി സിനിമാ കഥകൾ അവതരിപ്പിക്കും. അത് കേൾക്കാൻ ഞങ്ങളെല്ലാം ചുറ്റും കൂടും. സിനിമയുടെ കഥയേക്കാൾ മാലിനിയുടെ അവതരണമാണ് ഞാൻ ഇഷ്ടപ്പെട്ടത്. കമൽഹാസൻ
എന്നൊരു നടനുണ്ടെന്ന് ഞാനറിയുന്നത് ഇങ്ങനെ കഥ കേൾക്കുമ്പോഴാണ്. പിന്നീട് മദനോത്സവം എന്ന സൂപ്പർ ഹിറ്റ് സിനിമ വന്നപ്പോഴാണ് സ്‌ക്രീനിൽ കമൽഹാസനെ കാണുന്നത്. കോളജിന് നേരെ എതിർ വശത്തുള്ള നീലാ ഹോട്ടലിൽ ചിലപ്പോൾ ഷൂട്ടിംഗുണ്ടാവുകയും നടീ നടന്മാർ അവിടെ താമസിക്കുകയും ചെയ്യും. ആ ദിവസങ്ങളിൽ കുട്ടികൾ ക്ലാസിൽ കയറാതെ അവരെ ഒരു നോക്ക് കാണാൻ വേണ്ടി പുറത്ത് കാവൽ നിൽക്കും. അന്ന് പ്രിൻസിപ്പൽ ആയിരുന്ന പ്രൊഫ. ശിവപ്രസാദ് ആർട്ടിസ്റ്റുകളെയും മറ്റും കോളജിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു. ഒരിക്കൽ മോഹൻ എന്ന സിനിമ നടൻ വന്നപ്പോൾ കുട്ടികൾ അദ്ദേഹത്തെ നുള്ളുകയും ഷർട്ടിൽ പിടിച്ച് അത് വൃത്തികേടാക്കുകയും ചെയ്തു. ഇത്തരം ഭ്രമങ്ങൾ ഇപ്പോൾ കുറഞ്ഞിട്ടുണ്ടെങ്കിലും, ഏറെക്കുറെ നില നിൽക്കുന്നുണ്ട്.
വളരുന്ന സമയത്ത്, റോൾ മോഡലുകൾ വ്യക്തിയുടെ വളർച്ചയെ കുറെയൊക്കെ സഹായിക്കുന്നതാണ്. കൂടുതൽ പേരും ഇതിന് അമിത പ്രാധാന്യം കൊടുക്കാതെ ബാലൻസ് ചെയ്തു കൊണ്ട് പോകും. എന്നാൽ, ചിലരിൽ ഇത് അഡിക്ഷൻ പോലെയുള്ള പ്രശ്‌നമുണ്ടാക്കും. സ്വന്തം കാര്യം മാറ്റിവച്ചിട്ട് മറ്റുള്ളവരുടെ പിന്നാലെ പോകുമ്പോൾ ഏതോ പ്രശ്‌നമുള്ളതായി കൂടെയുള്ളവർ തിരിച്ചറിയണം. ചിലരെ കൂടുതൽ ഇഷ്ടപ്പെടുമ്പോൾ മറ്റുള്ളവരെ വെറുക്കുന്ന പ്രവണതയും ഇതോട് ചേർന്നു കാണാം. സംഘം ചേർന്നാകുമ്പോൾ ഇതൊരു സാമൂഹ്യരോഗമായി മാറുന്നു. ഇതിന്റെ മറുവശം സെലിബ്രിറ്റികളിലും കണ്ടുവരുന്നുണ്ട്. ആരാധകരില്ലാതെ ജീവിക്കാൻ കഴിയാത്തവരായി ചിലർ വിഷമിക്കുന്നു. പാടുപെട്ടിട്ടാണെങ്കിലും ചിലർ ഇത് ബാലൻസ് ചെയ്തു കൊണ്ടുപോകും. എന്നാൽ, കുറേപേർ അതിന് അടിപ്പെട്ട് പോകുന്നതും ആ സ്റ്റാറ്റസ് ഉണ്ടാക്കിയെടുക്കാനായി കഷ്ടപ്പെടുന്നതും കാണാം. ഉണ്ടായാൽ അത് നില നിർത്താൻ വീണ്ടും വളരെ ക്ലേശിക്കണം.
വ്യത്യസ്ത സംസ്‌കാരങ്ങളിലും നിലകളിലും ഉള്ളവർ പരസ്പരം അറിഞ്ഞും ഉൾകൊണ്ടും വളരുന്നതാണ് ആരോഗ്യമുള്ള സമൂഹത്തിന്റെ ലക്ഷണം. ക്ലാസ് മുറികൾ അതിനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. ഇപ്പോൾ പൂർവ വിദ്യാർത്ഥികളുടെ ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിലും മറ്റും സജീവമാണല്ലോ. ഇന്നത്തെ സമൂഹത്തിൽ തികച്ചും നമുക്ക് ആഗ്രഹിക്കാവുന്നതായ ഒരു സാമൂഹ്യ ഇടമാണ് അതൊരുക്കുന്നത്. ബന്ധുകുടുംബങ്ങളുടെയും ജാതിസമൂഹങ്ങളുടെയും ഗ്രൂപ്പുകൾ ഒരു വശത്തുണ്ടാകുമ്പോൾ ഈ ക്ലാസ് ഗ്രൂപ്പ് കൂട്ടായ്മകളാണ് അതിനെ മറികടന്നുകൊണ്ട് സങ്കുചിതമല്ലാത്ത സാമൂഹ്യ ബന്ധങ്ങളെ വീണ്ടെടുത്ത് നിൽക്കുന്നത്. പഴയ ഓർമകൾ പങ്ക് വക്കുന്നതോടൊപ്പം പുതിയ ഒരു സൗഹൃദ സംസ്‌കാരവും നിർമ്മിക്കപ്പെടുന്നു. ചെറുപ്പത്തിലേ വൈകാരിക ബന്ധമുള്ളവരായതിനാൽ, ഒരു പരിധിക്കപ്പുറം ജാതി മത വേർതിരിവുകൾ ഇവർക്കിടയിൽ ഉണ്ടാവുന്നില്ല. വീട്ടിനകത്തെ ബന്ധങ്ങളിൽ മാത്രം ഒതുങ്ങേണ്ടി വന്നവർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഇതിലൂടെ സാമൂഹികമായ ഒരു സൗഹൃദാന്തരീക്ഷത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ കഴിയുന്നു.
വനിതാ കോളജിൽ ഡിഗ്രിക്ക് പഠിച്ച മൂന്നു വർഷവും, അതിനു ശേഷം മെൻസ് കോളജിൽ എം.എസ്.സിക്ക് പഠിച്ച രണ്ട് വർഷവും ബന്ധപ്പെട്ടിട്ടുള്ള സഹപാഠികളും, അധ്യാപകരും മറ്റു വ്യക്തികളുമായിരിക്കണം പിന്നീടുള്ള കാലത്തെ എന്റെ ജീവിതത്തെ നിർണയിച്ചിട്ടുണ്ടാവുക. അവരിൽ ചിലർ സ്‌കൂൾ മുതൽ ഒപ്പമുള്ളവരാണ്. ചിലർ ഇപ്പോഴും സുഹൃത്തുക്കളായി തുടരുന്നു.
പ്രൈമറി ക്ലാസ് മുതൽ കൂടെയുള്ള സലീന, ഇപ്പോഴും ഏറ്റവുമധികം കരുത്തും ഹ്യൂമറും തരുന്ന വ്യക്തിയാണ്. എഴുകോണിൽ നിന്ന് യാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്നത് സലീനയാണ്. പതുങ്ങി നിൽക്കുന്ന എനിക്ക് വേണ്ടി ആദ്യം ബസിൽ കയറി സീറ്റ് പിടിക്കാനും, പൈപ്പിനടുത്ത് വെള്ളമെടുക്കാനായുള്ള തല്ലിനിടയിൽ പുറത്താകുമ്പോൾ വെള്ളമെടുക്കാൻ സഹായിക്കാനും, കൂടെ ഉണ്ടായിരുന്നു എന്ന് മാത്രമല്ല, ബൗദ്ധികമായി ഏതു വിഷയവും സംസാരിക്കാനും നാട്ടിലുള്ള എല്ലാവരുടെയും വിശേഷം പങ്കുവക്കാനും ഇപ്പോഴും സലീനയുണ്ട്.
ഗുരുകുലത്തിൽ പോയി യതിയെ കണ്ട ശേഷം, അടുത്ത ഒരു ദിവസം തന്നെ അദ്ദേഹം ഞങ്ങളുടെ കോളജിൽ സന്ദർശനത്തിനെത്തി. അദ്ദേഹത്തിന്റെയൊപ്പം ചന്ദ്രേട്ടനും സുനന്ദയും മറ്റു ചിലരും ഉണ്ടായിരുന്നു. ആൺ പെൺ ഭേദമില്ലാതെ, അദ്ദേഹത്തിന്റെ കൂടെയുള്ളവരുമായുള്ള ഇടപെടൽ എപ്പോഴും എന്നെ ആകർഷിച്ചിരുന്നു. കേരളത്തിലെ മറ്റു സ്ഥാപനങ്ങളിൽ നിന്നും ഗുരുകുലത്തെ വേറിട്ട് നിർത്തിയതായി തോന്നിയത് അതാണ്. യതിയുടെ സാന്നിധ്യത്തിൽ, സ്ത്രീകൾക്കും പെൺകുട്ടികൾക്കും താഴ്ന്ന തരം പൗരരായിരിക്കേണ്ടിവന്നതായി കണ്ടിട്ടില്ല. കോളജിൽ വന്നപ്പോൾ കാലിൽ വീണു വണങ്ങുന്നതിന്റെയൊന്നും ആവശ്യമില്ല എന്നതൊക്കെയാണ് അദ്ദേഹം പറഞ്ഞത്. അമേരിക്കയിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ ചെല്ലുമ്പോൾ, പതിനാറു വയസ്സുള്ള അവിടത്തെ മകൾ, കാൽ മേശപ്പുറത്ത് കയറ്റി വച്ച്, ഹായ്, നിത്യ എന്ന് അഭിസംബോധന ചെയ്തു എന്ന് സന്തോഷത്തോടെയാണ് അദ്ദേഹം പറഞ്ഞത്. അമേരിക്കയിൽ വളർന്ന് മലയാളിയുടെ സംസ്‌കാരം നശിച്ചു പോയി എന്ന് പലരും പറയുന്നത് പോലെ അദ്ദേഹം പറഞ്ഞില്ല. പകരം അതുപോലെ തുല്യതയോടെ പെരുമാറുന്നതാണ് തനിക്കിഷ്ടമെന്നും പറഞ്ഞു. കൂടെയുള്ളവരോടും ആ രീതിയിൽ അദ്ദേഹം പെരുമാറുന്നതാണ് കണ്ടത്. ആത്മീയ വിഷയങ്ങളിലുള്ള താത്പര്യം കാരണം, യതിയും കൂടെയുള്ളവരുമൊക്കെ എന്നിൽ സ്വാധീനമുണ്ടാക്കി.
എന്നുകരുതി ഭൗതികമായ ഒരു രസവും ഞാൻ ഉപേക്ഷിച്ചിരുന്നില്ല.
മാലിനിയുടെ സിനിമാ കഥകൾ പോലെ തന്നെ, ഏറ്റവും സമൃദ്ധമായി തോന്നിയ അവളുടെ ജീവിതവും ഞാൻ ആസ്വദിച്ചു. അവളുടെ വീട്ടിൽ ഞങ്ങൾക്കെല്ലാവർക്കും സ്വന്തം വീട് പോലെ സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്റെ വീട്ടിൽ ഇല്ലാതിരുന്ന പല സൗകര്യങ്ങളും അവിടെ സ്വന്തമെന്ന പോലെ ഞാൻ ഉപയോഗിച്ചു. അവിടുത്തെ അച്ഛനും അമ്മയും ഞങ്ങളെയും സ്വന്തമായി കരുതി. എല്ലാവരും കൂടി ഇടക്ക് സിനിമക്ക് പോയി. ഒരുമിച്ച് ടെറസ്സിലിരുന്ന് പാട്ടുകൾ പാടി. കൂടെയുള്ളവരുടെ സമൃദ്ധി നമ്മളിലേക്കും പകരുന്ന നിമിഷങ്ങൾ ജീവിതത്തിലുണ്ടാകാറുണ്ട്. ഒളിമ്പിക്‌സിലൂടെ പ്രസിദ്ധി നേടിയ സുരേഷ്ബാബു ഞങ്ങളുടെ ക്ലാസ്‌മേറ്റായ ലീനയെ കല്യാണം കഴിച്ചപ്പോൾ അതെല്ലാവർക്കും ത്രില്ലുണ്ടാക്കി. സൗഹൃദത്തിന്റെ വൈകാരിക തലം പങ്കുവക്കപ്പെടുന്നത് കൂടുതലും ഹോസ്റ്റലുകളിലാണ്.
എം.എസ്.സി രണ്ടാമത്തെ വർഷമായപ്പോൾ ഞാൻ വീണ്ടും സദനത്തിൽ ചേക്കേറി. കുഞ്ഞമ്മയും വാസുദേവനും ഭാസ്‌കരനും പഴയ പോലെ അവിടെയുണ്ടായിരുന്നു. എന്നാൽ, മറ്റു അന്തേവാസികളുമായുള്ള ബന്ധം തല തിരിച്ചിട്ട പോലെയായി. ഇത്തവണ ഞങ്ങൾ ചേച്ചിമാരും ബാക്കിയുള്ളവർ അനിയത്തിമാരുമാണ്. ആദ്യം മുറികൾ കുറവായിരുന്നതിനാൽ അഞ്ച് അനിയത്തിമാരുണ്ടായിരുന്ന ഒരു മുറിയാണ് കിട്ടിയത്. അഞ്ചുപേരും ഉത്സാഹവതികളും എന്നോട് സ്‌നേഹം പങ്കിട്ടവരുമായിരുന്നു. അന്ന്, റൂമിലുണ്ടായിരുന്ന പവിഴവുമായുള്ള സൗഹൃദം പിന്നീട് മെഡിക്കൽ കോളജിൽ കൂടി വളർന്ന് വന്നു. കനിയെ പ്രസവിക്കുന്ന സമയത്ത്, കൂടെ സഹായത്തിനുണ്ടായിരുന്നത് പവിഴമാണ്. ലേബർ റൂമിലേക്ക് പോകുമ്പോൾ ഞാൻ എല്ലാവരെയും നോക്കി സാധാരണ പോലെ ചിരിച്ചു കൊണ്ടാണ് പോയത്. അത് അസാധാരണമായി തോന്നിയ അവിടെയുണ്ടായിരുന്ന നഴ്സുമാരും മറ്റും കമന്റ് ചെയ്തത് ഈയിടെ പവിഴം ഓർമ്മിച്ചു പറഞ്ഞു ഞങ്ങൾ ചിരിച്ചു . മനസ്സുകൾ തമ്മിൽ ഇഴ ചേരുന്ന തരത്തിൽ അടുപ്പമുണ്ടാകുന്നത് അപൂർവ്വം ചിലരുമായാണ്.
സദനത്തിൽ വച്ച് എന്റെ റൂംമേറ്റായ സുധ ജീവിതത്തിൽ എന്നും ആ അടുപ്പത്തോടെയുണ്ട്. ഏതു കാര്യവും സുധ അവതരിപ്പിക്കുന്നത് ആരും കേട്ടിരുന്നു പോകും. തണുപ്പിച്ച തണ്ണിമത്തന്റെ രുചിയും വേദാന്തത്തിന്റെ രസവും സുധ ഒരു പോലെ വിവരിക്കും. നമ്മൾ ജീവിക്കുന്നതിന് സുഖമുണ്ടാകുന്നത് മറ്റുള്ളവർക്ക് നമ്മളെയും നമുക്ക് മറ്റുള്ളവരെയും വേണ്ടി വരുമ്പോഴാണ്. അങ്ങനെ വേണ്ടപ്പെട്ടവർ വേണ്ടുവോളമുണ്ടാവുമ്പോൾ ജീവിതം മടുക്കില്ല. വീട്ടിൽ നിന്ന് പുറത്ത് കടന്ന് സോഷ്യൽ മീഡിയയിലൂടെ എങ്കിലും ബന്ധങ്ങൾ നില നിർത്തുന്നവർക്ക് അത് മനസ്സിലായിരിക്കും.
രാഷ്ട്രീയത്തിൽ ഞാൻ സജീവമായിരുന്നില്ലെങ്കിലും, കാമ്പസിലെ ചില വ്യക്തിത്വങ്ങൾ ശ്രദ്ധിച്ചിരുന്നു. സി.പി.ഐ നേതാവായിരുന്ന പുതുപ്പള്ളി രാഘവന്റെ മകൾ ഷീല രാഘവൻ അങ്ങനെ ശ്രദ്ധ നേടിയ ആളാണ്. മറ്റു പെൺകുട്ടികളിൽ നിന്ന് വ്യത്യസ്തമായി ആഭരണങ്ങൾ അണിയാതിരിക്കുകയും ഉറക്കെ പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്നത് അവരെ ആകർഷണീയയാക്കി. കൂടാതെ യതിയുമായി ഏറെ അടുപ്പവുമുണ്ടായിരുന്നു ഷീലക്കും കുടുംബത്തിനും. പിന്നീട് പുതുപ്പള്ളി രാഘവന്റെ വീട്ടിൽ മൈത്രേയനോടൊപ്പം ഒരു പാട് തവണ പോയിട്ടുണ്ട്. അദ്ദേഹത്തോടും സഹധർമ്മിണിയോടുമൊപ്പം കുറച്ച് സമയം ചെലവിടുന്നത് ഹൃദ്യമായ അനുഭവമായിരുന്നു.
ഡിഗ്രി അവസാനമായപ്പോൾ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് പരാജയവും പി. ജി കോഴ്സിന്റെ അവസാനം, 1979 ൽ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ഭൂട്ടോയുടെ വധശിക്ഷയും ഉണ്ടായി. ഇവ തമ്മിൽ വലിയ ബന്ധമൊന്നുമില്ലെങ്കിലും ഈ രണ്ട് സംഭവങ്ങളും, എന്നെ പോലെയുള്ള സാധാരണക്കാർക്ക് രാഷ്ട്രീയത്തെ പറ്റി അല്പമൊക്കെ ചിന്തിക്കാനുള്ള അവസരം നൽകി എന്നതാണ്. രണ്ടും രാഷ്ട്രീയമായ സമഗ്രാധിപത്യ പ്രവണതകളെ കുറിച്ച് ചിന്തിക്കാനിടവരുത്തി. കഴിവുള്ള സ്ത്രീ ഭരണാധികാരിയായി വാഴ്ത്തപ്പെട്ടിരുന്ന നേതാവായിരുന്നു ഇന്ദിരാഗാന്ധി. ബാങ്ക് ദേശസാൽക്കരണം, പ്രിവിപേഴ്‌സ് നിർത്തലാക്കൽ, തുടങ്ങിയ നടപടികളും "ഗരീബി ഹഠാവോ' പോലെയുള്ള മുദ്രാവാക്യങ്ങളും അവർക്ക് ജനങ്ങളുടെ ഇടയിൽ വലിയ പ്രതിച്ഛായ ഉണ്ടാക്കിയിരുന്നു. 1975, ഐക്യരാഷ്ട്രസമിതി അന്താരാഷ്ട്ര വനിതാവർഷമായി ആചരിച്ച സമയത്ത് കോളജുകളിലൊക്കെ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും അവർ ലോകത്തിന് നൽകുന്ന സംഭാവനകളെ കുറിച്ചുമൊക്കെയുള്ള പ്രസംഗങ്ങളും മറ്റും നടന്നിരുന്നു. സ്ത്രീശക്തിയുടെ പ്രതീകമായി മിക്ക പേരും ഉയർത്തി കാട്ടിയത് ഇന്ദിരാഗാന്ധിയെ ആണ്. ലോകത്തിൽ തന്നെ രാജ്യത്തിന്റെ ഏറ്റവും ഉയർന്ന പദവിയിലേക്കുയർത്തപ്പെടുന്ന സ്ത്രീകൾ വിരളമാണല്ലോ. അടിയന്തിരാവസ്ഥക്ക് ശേഷം ഒരു സമഗ്രാധിപതിയുടെ സ്വഭാവ വിശേഷങ്ങളാണ് അവരെ കുറിച്ചുള്ള വിവരണങ്ങളിൽ കണ്ടത്. അധികാരേച്ഛ അതിന്റെ തനി സ്വരൂപത്തിൽ, ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും ബഹുസ്വരതയെയും നിഷേധിക്കുകയും, ഏതു പ്രതിരോധത്തെയും അടിച്ചമർത്തുകയും ചെയ്യുന്ന ഭരണത്തിനാണ് 1976-77 ഘട്ടത്തിൽ ഇന്ത്യ സാക്ഷ്യം വഹിച്ചത്. ജനങ്ങളെ എല്ലാം അധികാര കേന്ദ്രത്തോട് വിധേയരും ആശ്രിതരുമാക്കി മാറ്റിയെടുക്കുന്ന പ്രതിഭാസമാണ് സമഗ്രാധിപത്യത്തിലുള്ളത്. ജനങ്ങളുടെ കയ്യിലെത്തുന്ന മാധ്യമങ്ങൾ മുഴുവനും അന്നത്തെ ഭരണത്തെയും ഭരണാധികാരിയെയും സ്തുതിച്ച് കൊണ്ടിരുന്നു. പ്രതിരോധിച്ചവർ ജയിലുകളിലും വീട്ടു തടങ്കലിലും അനുഭവിച്ചതൊക്കെ തെരഞ്ഞെടുപ്പിനു ശേഷമാണ് പുറത്ത് വരുന്നത്. അതിനു ശേഷം മാധ്യമങ്ങളിൽ വന്നതെല്ലാം നേരത്തേയുള്ളതിന് നേരെ വിപരീതമായിരുന്നു. കേരളത്തിൽ രാജൻ സംഭവമൊക്കെ വലിയ വാർത്തയാവുകയും മനുഷ്യരുടെ വിശ്വാസത്തിനു മേൽ വലിയ ആഘാതമേല്പിക്കുകയും ചെയ്തു. മനുഷ്യരുടെ സഹജമായ പ്രവർത്തനങ്ങൾക്ക് തടുക്കാനാവാതെ, ഭീകരത മാനവികതക്ക് മേൽ നടമാടുന്ന അവസ്ഥയായാണ് രാഷ്ട്രീയ ചിന്തകയായ അന്ന ഹാറന്റ് ഇത്തരം സമഗ്രാധിപത്യത്തെ വിശേഷിപ്പിച്ചത്.
കൊല ചെയ്യും എന്ന് മുൻ കൂട്ടി താക്കീത് നൽകി, ഒരു തീയതി നിശ്ചയിച്ച്, അതുവരെ വധശിക്ഷ എന്ന ഭീകരന്റെ ദയാ അവധി കൊടുത്ത് തടവിലിടുക എന്നത് ഭീകരതയെ പതിന്മടങ്ങ് പൈശാചികമാക്കുന്നു.
ലോക മഹായുദ്ധങ്ങൾക്ക് ശേഷവും സോവിയറ്റ് പതനത്തിന് ശേഷവും സമഗ്രാധിപത്യവും ഫാസിസവും രാഷ്ട്രീയത്തിലും സാമൂഹ്യശാസ്ത്രത്തിലും നിരന്തരം ചർച്ചാ വിഷയമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ട്രംപ്, മോദി തുടങ്ങിയവരുടെ ഭരണത്തിൽ പുതിയ രൂപത്തിലുള്ള സമഗ്രാധിപത്യത്തെയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസവും പീഡനവും അനുഭവിച്ച പലരെയും മെൻസ് കോളജിൽ പഠിക്കാൻ ചേർന്നപ്പോൾ കാണാനിടയായി. അപ്പോഴാണ് മാധ്യമങ്ങളിൽ വന്നിരുന്നതെല്ലാം അപ്പാടെ വിശ്വസിച്ചിരുന്ന എന്നെ പോലെയുള്ളവർ എങ്ങനെ കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്നത്.
സുൾഫിക്കർ അലി ഭൂട്ടോ എന്ന പാകിസ്ഥാനിലെ മുൻ പ്രധാനമന്ത്രിയെ തൂക്കിലേറ്റാൻ പോകുന്നു എന്ന വാർത്ത വന്നപ്പോൾ അതെന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ഭൂട്ടോയെ അടുത്ത സഹചാരിയായിരുന്ന പട്ടാള മേധാവി ജനറൽ സിയാ ഉൾ ഹഖ് കീഴ്പ്പെടുത്തി അധികാരം പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് ജയിലിലടക്കുകയും വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. രാഷ്ട്രീയത്തോടോ, പാകിസ്ഥാനോടോ യാതൊരു ആഭിമുഖ്യവുമില്ലാതിരുന്ന എനിക്ക് എന്ത് കൊണ്ടാണത് പ്രശ്‌നമുണ്ടാക്കിയത് എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. സ്വന്തമായി മറ്റു പ്രശ്‌നങ്ങളൊന്നുമില്ലാത്തതു കൊണ്ടാണ് ഇത്തരം കാര്യങ്ങളിൽ അനാവശ്യമായി വിഷമിക്കുന്നതെന്ന് കൂട്ടുകാർ എന്നെ കളിയാക്കി.
വധശിക്ഷ പ്രാകൃതവും ജീവിക്കാനുള്ള അവകാശനിഷേധവുമാണെന്ന് ഇന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. നെതർലാൻഡ്, പോർച്ചുഗൽ, ചിലി, ബ്രസീൽ തുടങ്ങിയ ചില രാജ്യങ്ങളിൽ ഇത് നിർത്തലാക്കി. മരണവും വധശിക്ഷയും തമ്മിലുള്ള വ്യത്യാസം, ജയിലും കോൺസൻട്രേഷൻ ക്യാമ്പും പോലെയാണെന്ന് ആൽബർട്ട് കാമു പറയുന്നു. കൊല ചെയ്യും എന്ന് മുൻ കൂട്ടി താക്കീത് നൽകി, ഒരു തീയതി നിശ്ചയിച്ച്, അതുവരെ വധശിക്ഷ എന്ന ഭീകരന്റെ ദയാ അവധി കൊടുത്ത് തടവിലിടുക എന്നത് ഭീകരതയെ പതിന്മടങ്ങ് പൈശാചികമാക്കുന്നു. ഇത് സ്വകാര്യമായി നടക്കുന്ന കാര്യമല്ല; ലോകത്തെ മുഴുവൻ അറിയിച്ചു കൊണ്ട് പൊതുവായി ചെയ്യുമ്പോൾ അത്, അറിയുന്ന ഓരോ മനുഷ്യ ജീവിക്കുമുള്ള താക്കീതായാണ് എനിക്കനുഭവപ്പെട്ടത്. ഇന്ത്യയിൽ അടുത്ത കാലത്ത് നടന്ന രാഷ്ട്രീയ വധശിക്ഷകളും ഇത് തന്നെയാണ് ഓർമ്മിപ്പിക്കുന്നത്. വധശിക്ഷക്ക് വിധിക്കപ്പെടുന്നവരെ മാത്രമല്ല, അതറിയുന്ന മറ്റു മനുഷ്യരെ കൂടി അവരുടെ വിധേയത്വത്തെ താക്കീതായി ഓർമ്മിപ്പിക്കുകയും, വ്രണിതത്വത്തിൽ കുത്തി നോവിക്കുകയും ചെയ്യുന്നു എന്നതാണ് അതിലെ മനുഷ്യാവകാശ ലംഘനം. ▮
(തുടരും)