‘‘പതിവുനോട്ടങ്ങളിൽ പതിയാറില്ല ഞാൻ”
- ആർ. രാമചന്ദ്രൻ.
ഇംഗ്ലീഷ് ഭാഷയിൽ വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പൂർവ്വസ്ഥിതം (Prefix) ആണ് Non. അത് ചേർത്ത് പറയപ്പെടുന്ന വാക്കിന്റെ ഗുണനിഷേധമാണല്ലോ അതിലൂടെ സംഭവിക്കുക. ഹിംസയുടെ (violence) നിരാസമായി അഹിംസ (Non violence) രൂപപ്പെടുന്നതുപോലെ. ചരിത്രത്തിൽ പല കാലങ്ങളിൽ, പല ഇടങ്ങളിലായി ഹിംസാത്മകമല്ലാത്ത സമരങ്ങൾ, പ്രതിഷേധ പ്രസ്ഥാനങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. വിജയത്തിലെത്തിയിട്ടുമുണ്ടാകാം, 21-ാം നൂറ്റാണ്ടിൽ പോലും. സൂക്ഷ്മവിശകലനത്തിൽ അവയ്ക്കും, ഗാന്ധി വിഭാവനം ചെയ്ത അഹിംസാ പ്രസ്ഥാനത്തിനും തമ്മിൽ മൗലികമായ ചില അന്തരങ്ങളുണ്ട്. ഗാന്ധിയൻ അഹിംസാ പ്രസ്ഥാനത്തിന്റെ ഊന്നലും ഉന്നവും, മൗലികമായും വ്യത്യസ്തങ്ങളാണ്. അത് തുറന്നിടുന്ന ആശയപ്രപഞ്ചത്തിന്റെ ആഴവും പരപ്പും വിസ്മയിപ്പിക്കുന്നതുമാണ്. സമരങ്ങൾക്ക് പ്രയോജനകരമായ ഒരു കേവല ഉപകരണമല്ല ഗാന്ധിയൻ അഹിംസ. ഭരണകൂടം, അപരൻ തുടങ്ങി ബാഹ്യമായ ഏതെങ്കിലുമൊന്നിനെയല്ല പ്രാഥമികമായും ഗാന്ധിയൻ അഹിംസ അഭിസംബോധന ചെയ്യുന്നത്. ഗാന്ധിയൻ അഹിംസയുടെ ലക്ഷ്യം എപ്പോഴും ഞാനാണ്, അയാളല്ല. ഏതെങ്കിലും 'അതു'മല്ല.
സർവ്വചരാചരങ്ങളുമൊത്തുള്ള ഭൂമിയിലെ മനുഷ്യന്റെ സഹവാസം സംബന്ധിച്ച ഒരു ബദൽ നാഗരികതയിലേക്കുള്ള തുറപ്പാണ് (opening) ഗാന്ധിയൻ അഹിംസ. മാറ്റം, (ശീലക്കേടുകൊണ്ടുള്ള നിർബന്ധത്തിന് വഴങ്ങിയാൽ, വിപ്ലവം), എന്നിലാണ് സംഭവിക്കേണ്ടതെന്ന് ഗാന്ധി പറയുന്നു. ബാഹ്യമായി ആരെയൊക്കെയോ എന്തിനെയൊക്കെയോ കീഴടക്കിയും വെട്ടിപ്പിടിച്ചും നേടേണ്ടതല്ല സ്വാതന്ത്ര്യം. പ്രധാനമായും കീഴടക്കപ്പെടേണ്ടവയെല്ലാം അകത്താണ്. എന്റെ ഉണ്മയിൽ (സം)ഭവിക്കുന്ന ആയിത്തീരലായിരിക്കണമത്. അതില്ലാതെ ഭരണകൂടം പോലും കൊഴിഞ്ഞുപോയിട്ട് പ്രയോജനമില്ല. വർഗ്ഗശത്രുക്കളെ ഉന്മൂലനം ചെയ്തതുകൊണ്ടുമായില്ല. വിപ്ലവകാരികൾ വർഗ്ഗശത്രുക്കളായി മാറും. അകം മാറാതെ, പുറം മാത്രം മാറുന്ന വിപര്യയത്തിന് ഉദാഹരണങ്ങൾ വേണ്ടുവോളമുണ്ട്. നിലവിലുള്ള കളിക്കളത്തിൽ, നിലനില്ക്കുന്ന നിയമങ്ങൾക്കനുസരിച്ച് കളിക്കുകയല്ല; പുതിയ കളിയും (game) കളിനിയമങ്ങളുമാണ് വേണ്ടത് എന്നാണ്, അഹിംസയെന്ന ഗാന്ധിയൻ പരികൽപ്പന പറയാൻ ശ്രമിക്കുന്നത്.
ഗാന്ധിയൻ ആശയപ്രപഞ്ചത്തെ വേൾഡ് വൈഡ് വെബ് (www) പോലുള്ള ഒരു സംവിധാനമായി മനസ്സിലാക്കുവാൻ സാധിക്കും. പരസ്‌പരം ബന്ധപ്പെട്ട് നില്ക്കുകയും, പ്രവർത്തനക്ഷമമാകുകയും നിരന്തരം പരിഷ്കരണങ്ങൾക്ക് സന്നദ്ധമാവുകയും ചെയ്യുന്ന, അനവധി പ്രമാണങ്ങളുടെ / ഡോക്യുമെന്റുകളുടെ (texts) മഹാശൃംഖലയാണത്. പരസ്‌പരാശ്രിതമായ അതികൃതികൾ (hyper texts) അവയിൽ സന്നിഹിതമായ അനവധി ചേർപ്പുകളുമായി (links) ചേർന്ന് ഒരു സിസ്റ്റമായി പ്രവർത്തനക്ഷമമാകുകയാണ്. പരമ്പരാഗതമായ രീതിയിൽ നേർരേഖയിലുള്ള (linear) ഒരു എഴുത്തല്ല; നിരന്തരം വഴുതിമാറി, ഇടർച്ചയോടെ, നാനാദിശകളിലേക്ക് ഒരേസമയം ചില്ലിച്ച് (branch out) പോകുന്ന എഴുത്താണത്. ടെക്‌സ്‌റ്റുകളുടെ വലുപ്പം, ബ്രഹദ് ഭാവം അവിടെ പ്രധാന പരിഗണനയല്ല. അതുകൊണ്ടുതന്നെ ബ്രഹദ് ആഖ്യാനങ്ങളിലും അഭിരുചിയില്ല.

പരസ്‌പരം പടർന്നു പോകുകയും ഇടർച്ചയോടു കൂടിയ വായനയുമാണ് (disruptive reading) അതികൃതിയുടെ സവിശേഷതകൾ. ആദ്യ പേജും അവസാന പേജുമില്ലാത്ത കൃതിയാണത്. അതുകൊണ്ടുതന്നെ തുടക്കവും ഒടുക്കവുമില്ല. സ്വതന്ത്രമായി, 'തോന്നിയപോലെ', ഒരു ചേർപ്പിൽ നിന്ന് മറ്റൊന്നിലേക്ക്, തിരിച്ച് മറ്റിടങ്ങളിലേക്കും നാവിഗേറ്റ് ചെയ്യാനാവുന്ന ഒഴുക്കാണ് (flow) ഈ സിസ്റ്റത്തിന്റെ പ്രത്യേകത. അതും വളരെ വേഗത്തിൽ, അനായാസമായി. ഈ വിധം, അതികൃതികളും ചേർപ്പുകളുമടങ്ങിയ wwwന് സമാനമായിട്ടാണ് ഗാന്ധിയൻ ആശയപ്രപഞ്ചവും പ്രവർത്തനക്ഷമമാകുന്നത്.
രാഷ്ട്രീയ, നൈതിക, സൗന്ദര്യാത്മക വിചാരങ്ങളെയെല്ലാം ചേർത്ത് ഉദ്ഗ്രഥിതമായ (integrated) ഒരു ഗാന്ധിയൻ ചിന്താപദ്ധതിയുടെ (theoretical system) അഭാവത്തിനെക്കുറിച്ചുള്ള ഒരു പൊതു നിരീക്ഷണം ഇപ്പോഴും നിലവിലുണ്ട്. അത് ആവർത്തിക്കപ്പെടുന്നതും കാണാം. ലക്ഷണമൊത്ത, എല്ലാം തികഞ്ഞ അത്തരമൊരു മാതൃകാ സൈദ്ധാന്തികപദ്ധതിയായി ഇതിൻ്റെ വക്താക്കൾ കാണുന്നത് മാർക്സിസത്തെയാണ് എന്നതും ശ്രദ്ധേയമാണ്. അകീൽ ബിൽഗ്രാമി, ആഷിസ് നന്ദി മുതലായി അനേകം പേരുടെ സമീപകാല ഗാന്ധിയൻ പഠനങ്ങളുടെ വെളിച്ചത്തിൽ ആ വാദം അത്ര ശക്തമല്ല എങ്കിൽപോലും, ഗാന്ധിയിലെ ഈ ഒരു 'അഭാവ'ത്തെക്കുറിച്ച് പലരും ഇപ്പോഴും പരാമർശിക്കുന്നുണ്ട്. അവരിൽ പലരും വളരെ ഗൗരവമായ ഗാന്ധിയൻ പഠനങ്ങൾ മുന്നോട്ട് വെക്കുന്നവരുമാണ്. സൈദ്ധാന്തികമായും പ്രായോഗികമായും ഗാന്ധിയെ വിരുദ്ധപക്ഷത്ത് പ്രതിഷ്ഠിച്ചിരുന്ന, തള്ളിക്കളഞ്ഞിരുന്ന പലരും ആ ശാഠ്യങ്ങൾ മാറ്റിവെച്ച് അദ്ദേഹത്തെ മനസ്സിലാക്കുന്നതിനുള്ള ഗൗരവമായ പഠനങ്ങളിൽ ഏർപ്പെടാൻ തുടങ്ങിയിട്ടുമുണ്ട്. പടിഞ്ഞാറൻ ആധുനിക നവോത്ഥാനത്തിൻ്റെ ആസ്‌പദങ്ങൾ പിൻപറ്റി രൂപപ്പെട്ടുവന്ന ഒരു ലോകക്രമം /നാഗരികത, മനുഷ്യൻ്റെ മാത്രമല്ല, സർവ്വചരാചരങ്ങളുടെയും, ഭൂമിയുടെ പോലും നിലനിൽപ്പ് അപകടത്തിലാക്കുന്നുണ്ട് എന്ന ഉൽക്കണ്ഠകൾ ഇതിന് പശ്ചാത്തലമൊരുക്കുന്നുണ്ടാവാം. അപ്പോൾ പോലും, താൻ ഒരു ഗാന്ധിയനായി അറിയപ്പെടുമോ, തങ്ങളുടെ പഴയ രാഷ്ട്രീയ സ്വത്വത്തിന് അതൊരു 'കള ങ്കമായി' മാറുമോ എന്ന ഭീതി അവരിൽ പലരിലും നിഴലിക്കുന്നതു കാണാം. അതു കൊണ്ടാകണം, 'ഞാൻ ഗാന്ധിയുടെ ഒരു അഡ്വക്കേറ്റ് അല്ല' എന്ന ഒരു മുന്നറിയിപ്പ് നൽകാൻ അവരിൽ ചിലർ ശ്രദ്ധിക്കാറുണ്ട്, ഈ നവ ഉദ്യമങ്ങളിൽ പലതും പ്രശംസനീയമാം വിധം ഉൾക്കാഴ്‌ചകൾ നിറഞ്ഞതായിരിക്കുമ്പോൾ പോലും.
'ഏതെങ്കിലും സുദൃഢമായ ഒരു ആശയസംവിധാനം ഉണ്ടാക്കിയെടുക്കുകയോ, സിദ്ധാന്ത പദ്ധതി ആവിഷ്‌കരിക്കുകയോ; അതിന് പറ്റുന്ന രീതിയിൽ ഭദ്ര മായൊരു പ്രയോഗപദ്ധതി ആവിഷ്കരിക്കുകയോ നടപ്പാക്കുകയോ ചെയ്ത ആളല്ല ഗാന്ധി’- യൂറോപ്യൻ സിദ്ധാന്ത രചനാമാതൃകയുടെ (European model of writ-ing theory) പിടി ഇനിയും അയഞ്ഞിട്ടില്ലാത്ത ഇത്തരം നിരീക്ഷണങ്ങൾ അവരിൽ നിന്നുമുണ്ടാകാറുണ്ട്. സിദ്ധാന്ത- പ്രയോഗ പദ്ധതികളുടെ ഏകമാതൃക അതാവരുതല്ലോ. ഇത് കേവലം എഴുത്തുശൈലിയുടെ ഒരു പ്രശ്‌നം മാത്രമല്ല എന്ന് വഴിയേ മനസ്സിലാവും. ഗാന്ധിജിയുടെ ദാർശനിക- നൈതിക ബോദ്ധ്യങ്ങളിൽ നിന്ന് നൈസർഗ്ഗികമായി രൂപപ്പെടുന്നതാണ് അദ്ദേഹത്തിന്റെ രചനാരീതി. 'നാം നമ്മുടെ തിരഞ്ഞെടുപ്പുകളാണ് (we are our choices)' എന്ന് സാർത്ര് പറഞ്ഞതുപോലെ, ഗാന്ധി ജിയുടെ ഒരു തിരഞ്ഞെടുപ്പാണത്. ഇവിടെ നാം ഗാന്ധിയൻ അതികൃതിയിലെ പ്രധാന ചേർപ്പുകളിലൊന്നിൽ തൊട്ടിരിക്കുകയാണ്. അതെന്താണെന്ന് നോക്കി വരാം.
സ്വാതന്ത്ര്യ സമ്പാദനത്തിന് മുൻപും പിൻപും, കോളനിവത്കൃത രാജ്യങ്ങളിലെ ജനങ്ങളിൽ പൊതുവിലും, അതിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വിഭാഗങ്ങളിൽ വിശേഷിച്ചും കാണാറുള്ള ഒരു മനോഭാവം സംബന്ധിച്ച ഉൽകണ്ഠകൾ ‘ഹിന്ദ് സ്വരാജ്’ രചനാകാലം മുതൽ ഗാന്ധിയിൽ ശക്തമായിരുന്നു. വിദേശികൾ അടിച്ചേല്പിച്ച ആശയങ്ങളും സാംസ്‌കാരിക മൂല്യങ്ങളും സ്ഥാപനങ്ങളുമായി വിധേയപ്പെടലിന്റേതായ ഒരു ബന്ധവും; ചരിത്ര ‘പുരോഗതി’യുമായി തട്ടിച്ചുനോക്കുമ്പോൾ തങ്ങൾ പിന്നണിയിലാണെന്ന് ആഴത്തിൽ പതിഞ്ഞ അപകർഷതാബോധവും അവരെ ഭരിച്ചിരുന്നതായി ഗാന്ധി തുടക്കം മുതലേ തിരിച്ചറിഞ്ഞിരുന്നു. ഈ മനോനിലയെ അകീൽ ബിൽഗ്രാമി വൈജ്ഞാനിക അടിമത്തം (cognitive enslavement) എന്നാണ് അടയാളപ്പെടുത്തുന്നത്. രാഷ്ട്രീയ സ്വാതന്ത്ര്യത്തേക്കാൾ ഏറെ അടിയന്തര പ്രാധാന്യമുള്ള ഒന്നായി ഇതിൽ നിന്നുള്ള മോചനത്തെ ഗാന്ധി പരിഗണിക്കാൻ തുടങ്ങിയിരുന്നു. ഈ അധമബോധം കുടഞ്ഞെറിഞ്ഞ് സ്വന്തം സാംസ്‌കാരിക പൈതൃകത്തിൽ ആത്മവിശ്വാസമുള്ളവരായി മാറേണ്ടതിന്റെ അടിയന്തിരതയിലാണ് അദ്ദേഹം ഊന്നിയത്.

ലണ്ടൻ വാസക്കാലത്തുതന്നെ കൈവന്ന ഈ തിരിച്ചറിവിൽ നിന്നാണ്; സവർക്കറടക്കമുള്ള ഇന്ത്യൻ പ്രവാസി സമൂഹങ്ങളുമായുള്ള സമ്പർക്കങ്ങളിൽ നിന്ന് ലഭിച്ച ഉൾക്കാഴ്ചയിൽ നിന്നാണ്, അഹിംസ ഗാന്ധിയുടെ സൈദ്ധാന്തിക-നൈതിക പ്രപഞ്ചത്തിൻ്റെ കേന്ദ്രത്തിലേക്ക് നീങ്ങുന്നത്. ബോധപൂർവ്വം നടത്തിയ ഒരു വൈജ്ഞാനികനീക്കം (epistemological move) തന്നെയായിരുന്നു അത്. ആധുനിക യൂറോപ്യൻ നാഗരികതയുടേയും, 'സൂര്യനസ്‌തമിക്കാത്ത' ബ്രിട്ടീഷ് സാമ്രാജ്യത്തി ന്റെയും വരിഷ്ഠതാ ഭാവത്തിൻ്റെ (superiority complex) അട്ടിമറി അതിൻ്റെ ലക്ഷ്യവും. അങ്ങനെയാണ് അഹിംസ ഒരു അതികൃതിയായി ഗാന്ധിയൻ ആശയമണ്ഡലത്തിൽ സ്ഥാപിതമാകുന്നത്.
മൗലികമായും സ്വന്തം പാരമ്പര്യത്തിൽ നിന്ന് സ്വാംശീകരിക്കപ്പെട്ട ആശയങ്ങളോട് സമാന്തര സാഹോദര്യം പുലർത്തിയിരുന്ന തോറോ, ടോൾസ്റ്റോയ് മുതലായ, യൂറോപ്യൻ തത്വചിന്തയിലെ പ്രാന്തസ്ഥാനീയരോട് ഗാന്ധിക്ക് സ്വാഭാവികമായ ആത്മബന്ധം വളരുന്നതിൻ്റെ സാഹചര്യം ഇതാണ്. 20-ാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളിൽ സജീവമായിരുന്ന സസ്യഭക്ഷണപ്രസ്ഥാനങ്ങളും ഹെന്റ്റി സ്റ്റീഫൻസ് സോൾട്ടിനെപോലെയുള്ള അതിൻ്റെ നേതാക്കളുമായി ചങ്ങാത്തവും സ്നേഹബന്ധവും ഗാന്ധിയിൽ ഉടലെടുക്കുന്നതിൻ്റെ പശ്ചാത്തലവും അതുതന്നെയാണ്. അഹിംസയെന്ന ഉറവിട കൃതിയിൽ (Mother text) നിന്ന് ഉയിരെടുക്കുന്നതാണ് സസ്യഭക്ഷണം എന്ന ചേർപ്പ്; ഗാന്ധിയൻ വെബ് ലോകത്തിലെ എല്ലാ ആശയങ്ങളും മൂല്യങ്ങളും നൈതിക നിലപാടുകളും എന്നതുപോലെ. അതുകൊണ്ടാണ് ഗാന്ധിയൻ ആശയശൃംഖലയുടെ ഉച്ചിയിൽ / കേന്ദ്രത്തിലാണ് അഹിംസ എന്ന് പറയപ്പെടുന്നത് (Non violence is the summit of all virtues, actions and thoughts). അതിൽ നിന്ന് മറ്റൊന്നിലേക്ക്, അവിടുന്ന് മറ്റ് അനേകങ്ങളിലേക്ക് പടർന്നുപോകുന്നതാണ് ഗാന്ധിയൻ വിചാരലോകത്തിൻ്റെ രീതിശാസ്ത്രം. സർവ്വകലാശാലാ ലൈബ്രറികളിലും സ്വകാര്യ പഠനമുറികളിലും ഒതുങ്ങിയിരുന്നുള്ള പഠന ഗവേഷണങ്ങളിലൂടെ രൂപപ്പെടുന്ന പൂർണ്ണസജ്ജമായ സിദ്ധാന്തരചനയുടെ രീതികൾ ശീലിച്ചവർക്ക് ഈ ഗാന്ധിയൻ ശീലക്കേടിനെ മനസ്സിലാക്കുക പ്രയാസമാവും. അതിൽ രീതിശാസ്ത്രപരമായ ഒരു കലാപം ഉൾക്കൊള്ളുന്നുണ്ട്.
ഒരു കൊച്ചുപാരഗ്രാഫിനേക്കാൾ തൻ്റെ എഴുത്ത് നീളാൻ തുടങ്ങുമ്പോൾ തന്നെ സ്വന്തം ചിന്തകൾ മുടന്തുന്നതായി തോന്നും എന്ന് പറഞ്ഞ വിറ്റ് ഗെൻസ്റ്റൈനിലേക്ക് ഇവിടെ ഒരു ചേർപ്പ് കാണാവുന്നതാണ്. താൽപര്യമുള്ളവർക്ക് അതിന് പുറകെ പോകാവുന്നതുമാണ്. എഴുത്തും ചിന്തയും പ്രായോഗിക പ്രവർത്തനങ്ങളും പരസ്‌പരം പൂരിപ്പിച്ച്, തിരുത്തി മുന്നേറുന്ന ചലനാത്മക ജ്ഞാനശാസ്ത്രത്തിൻ്റെ (dynamic epistemology) പുതുവഴിയാണത്. പൂർവ്വസജ്ജമായ ഒരു മാനിഫെസ്റ്റോയെ ആധാരമാക്കി പിന്നീട് വരുന്ന ഒന്നല്ല ഇവിടെ പ്രയോഗം (praxis). പ്രയോഗവുമായുള്ള ഉരസലുകളിലൂടെ, അത് ആവശ്യപ്പെടുന്ന തിരുത്തലുകളിലൂടെ ഒരു വിഷയത്തിന്റെ സ്വത്വത്തിലേക്ക് കൂടുതൽ അടുക്കുന്ന രീതിയാണത്. ഒറ്റവെട്ടും രണ്ട് മുറിയുമില്ല. ഒന്നിനെയും വെട്ടുന്നില്ല, മുറിക്കുന്നുമില്ല. വിപ്ലവത്തിൻ്റെ ആസുരതാളത്തിലല്ല, പരിണാമത്തിൻ്റെ സൗമ്യതാളത്തിലാണ് അത് സംഭവിക്കുക.
നെല്ലിൽനിന്ന് സൗമ്യമായി പതിര് പാറ്റി ഒഴിവാക്കും പോലെ. അതുകൊണ്ടായിരിക്കണം ഒരു കാര്യത്തിൽ ഏറ്റവും അവസാനം താൻ പറഞ്ഞതാണ് എന്റെ നിലപാട് എന്ന് ഗാന്ധി പറയാറുള്ളത്.
ശ്വാശ്വതമായ ഒരു സത്യം (eternal truth) നിങ്ങളെ നയിക്കുകയല്ല; അഹിംസയിലും സ്നേഹത്തിലും കരുണയിലും അടിയുറച്ച ഒരു ജീവിതത്തിലൂടെ നിങ്ങളും സത്യവും നിരന്തരം വളരുകയാണ് ചെയ്യുന്നത്. നീ തന്നെയാണ് നിന്നെ നയിക്കുന്നത്, നയിക്കേണ്ടത്. യാത്രയിൽ കൂടെ കരുതുന്ന ഒരു സമ്പാദ്യമല്ല സത്യം, ഒരിടത്ത് എത്തിച്ചേർന്ന് കണ്ടെത്തുന്ന നിധിയുമല്ല. വടിവൊത്ത, പ്രലോഭനീയമായ ശരീരവുമായി സത്യം ആരെയും കാത്തുകിടക്കുന്നില്ല. നിരന്തര യാതനകളിലൂടെ (sufferings); നിന്റെ അയൽക്കാരനെ മാത്രമല്ല അദൃശ്യരും അറിയപ്പെടാത്തവരും, അകലങ്ങളിൽ കഴിയുന്നതുമായ സകല ജീവജാലങ്ങളെയും സ്നേഹിക്കുകയും വേണം. ക്ഷമിക്കലും പൊറുക്കലും (patience and forgiveness) ദൈവത്തിന്റെ അരുളപ്പാടാണെന്ന തിരിച്ചറിവിൽ; ശത്രുവിനെ മിത്രമാക്കുന്ന രാസവിദ്യയിൽ വിശ്വാസമർപ്പിച്ച് അചഞ്ചലനായി മുന്നോട്ട് നീങ്ങുന്ന ഒരാളുടെ മുഖത്തുനിന്ന് പ്രസരിക്കുന്ന അഭൗമമായ ശാന്തിയും ആനന്ദവുമല്ലാതെ മറ്റൊന്നുമല്ല സത്യം. ബുദ്ധമുഖത്തെ ശാന്തിപോലെ. ഗാന്ധിമുഖത്തെ നിഷ്കളങ്കതയും ശിശുസഹജവുമായ പുഞ്ചിരി പോലെ. ആ സത്യം തന്നെയാണ് വിടർന്നുനില്ക്കുന്ന ഒരു പനിനീർപൂവിലും കാണുന്നത്; തെളിനീർ നിറഞ്ഞ ഒരു തടാകത്തിന്റെ മുഖശാന്തിയിലും അത് നമുക്ക് കാണാനാകണം. ഇവിടെയും ഒരു ചേർപ്പിലേക്കുള്ള സൂചന പ്രകടമാണ്. അത് നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് പരിശോധിക്കാം.

ഗാന്ധിയുടെ ഈ വാക്കുകൾ ശ്രദ്ധിക്കുക: 'ഇന്ത്യൻ ജനതക്കു മുൻപാകെ ആത്മത്യാഗമെന്ന പൗരാണിക നിയമം അവതരിപ്പിക്കുവാനാണ് ഞാൻ പരിശ്രമിക്കുന്നത്. സത്യാഗ്രഹം, അതിൽ നിന്ന് മുളപൊട്ടിയ നിസ്സഹകരണം, ജനകീയ പ്രതിരോധം ഈ സഹനനിയമത്തിന് നല്‌കപ്പെട്ട പുതിയ പേരുകളല്ലാതെ മറ്റൊന്നുമല്ല. ഹിംസയുടെ നടുവിൽ നിന്ന് അഹിംസയുടെ നിയമം കണ്ടെത്തിയ ഋഷിവര്യന്മാർ ഐസക് ന്യൂട്ടനേക്കാൾ മഹത്തായ പ്രതിഭാശാലികളായിരുന്നു. വെല്ലിംഗ്ടണേക്കാൾ മഹത്തായ പടയാളികളും. ആയുധപ്രയോഗത്തിൽ നിപുണരായിരിക്കുമ്പോഴും അവർ അതിന്റെ ഉപയോഗ്യശൂന്യത മനസ്സിലാക്കുകയും, തളർന്ന് അവശമായ ലോകത്തോട്, ഹിംസയിലൂടെയല്ല, അഹിംസയിലൂടെയാണ് അതിന്റെ മോക്ഷം സാധ്യമാകുക എന്ന് അവർ പഠിപ്പിച്ചു.' ഹിംസയുടെ കേവല സാന്നിദ്ധ്യം എന്നു മാത്രമല്ല അവർ അഹിംസകൊണ്ട് അർത്ഥമാക്കിയത്. 'യാതന അനുഭവിക്കുന്നതിനുള്ള ബോധപൂർവ്വമായ സന്നദ്ധത' എന്നും അതിനെ മനസ്സിലാക്കേണ്ടതുണ്ട്. സ്വയം ഒരാൾ ഹിംസ ഉപേക്ഷിക്കുന്നതു കൊണ്ടുമാത്രം തീരുന്നതല്ല അഹിംസയുടെ അർത്ഥസമ്പുഷ്ഠി. പലപ്പോഴും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുള്ളതുപോലെ, യൂറോപ്യൻ ആധുനികതയിലെ പ്രാന്തസ്ഥാനീയരിൽ നിന്ന് കടം കൊണ്ടുതുമായിരുന്നില്ല ഗാന്ധിയൻ അഹിംസാ സങ്കല്പം. ഭാരതത്തിലെ മഹർഷി വര്യന്മാരുടെ പാരമ്പര്യത്തിലേക്കാണ് അദ്ദേഹം അതിനെ ബന്ധിപ്പിക്കുന്നത്. ശാസ്ത്ര-സാങ്കേതികതയുടെ പിൻബലത്തിൽ ലോകമാസകലം അടിച്ചേല്പിക്കപ്പെടുകയും / സ്വീകരിക്കപ്പെടുകയും ചെയ്‌ത ആധുനിക യൂറോപ്യൻ നാഗരികതയോടുള്ള മൗലികമായ വിയോജിപ്പ് അർത്ഥശങ്കക്കിടയില്ലാത്തവിധം ഇവിടെ വെളിപ്പെടുക കൂടിയാണ്. അങ്ങനെയാണ് മറ്റ് ഏത് ബലത്തേക്കാൾ (force) കരുത്തുറ്റതും ശ്രേഷ്ഠവുമായ ബലം എന്ന നിലയിൽ അഹിംസ ഗാന്ധിയൻ വിചാരലോകത്തിന്റെ ഉച്ചിയിൽ കുടികൊള്ളുന്നത്.
ഉള്ളിൽ നിന്ദ്യമായ വിചാരങ്ങളും, ശത്രുതയും വെറുപ്പും നിറഞ്ഞിരിക്കുമ്പോൾ അവക്കുമേലെ എടുത്തണിയുന്ന ഒരു ഉടയാടയല്ല അഹിംസ. നിന്ദയും, പരിഹാസവും, ദുഷിച്ച വിചാരങ്ങളും, ശാപവാക്കുകളും, പ്രതികാര ചിന്തയും, അനിഷ്ട ത്തോടു കൂടിയ ഒരു നോട്ടം പോലും ഹിംസയാണെന്നാണ് ഗാന്ധി പറയുക. അപരനോട് നിറഞ്ഞ സ്നേഹവും ബഹുമാനവും പുലർത്തുന്ന ഒരു മനോനിലയിൽ മാത്രമാണ് യഥാർത്ഥത്തിൽ ഒരാൾക്ക് ഹിംസയെ ഉപേക്ഷിക്കാനാവുക. അഹിംസ അപ്പോൾ ഒരു ഉടുത്തുകെട്ടല്ല. ഒരു പൂവിൽ നിന്നെന്നപോലെ, ഉള്ളിൽ നിന്ന് പ്ര സരിക്കുന്ന പരിമളമാണത്. ഉള്ളിൽ ഹിംസയുള്ളവൻ അഹിംസാവാദിയായി നടിക്കുന്നതിനേക്കാൾ അഭികാമ്യം ഹിംസിക്കുന്നതാണെന്ന് ഗാന്ധി തന്റെ മകനോട് തന്നെ ഒരിക്കൽ സൂചിപ്പിക്കുന്നുണ്ട്. നാട്യങ്ങൾ ജന്മംകൊണ്ട് കള്ളങ്ങളാണ്. അതു കൊണ്ട് അവ ഹിംസയുമാണ്.
ഒരു വൻമരം അതിൻ്റെ തായ്‌വേരിലെന്നപോലെ, അഹിംസയെന്ന തായ്‌വേരിൽ ഉറച്ചുനിന്ന്, അതിൽനിന്ന് പൊട്ടിപ്പരന്ന എണ്ണിയാലൊടുങ്ങാത്ത വേരുകളുടെ പരസ്പരാശ്രിതമായ പടർപ്പിലൂടെ, പുഴപോലെ ചുറ്റുപാടുകളിലേക്ക് ഒഴുകിപ്പരക്കുന്നതാണ് ഗാന്ധിയുടെ ആശയപ്രപഞ്ചം. 'വേരിൽ ഉറച്ചുനില്ക്കുമ്പോഴും ഞാൻ ഒഴുകുന്നു' (I am rooted but I flow) എന്ന വെർജീനിയ വുൾഫിൻ്റെ വാക്യം ഇവിടെ ഓർക്കാവുന്നതാണ്. ഈ സമാനതയുടെ പിൻബലത്തിലാണ് ആരംഭത്തിൽതന്നെ അതിനെ അനവധി ചേർപ്പുകളിലൂടെ (hyper links) തിരശ്ചീനമായി (horizontal) പടർന്ന് കിടക്കുന്ന വേൾഡ് വൈഡ് വെബ്ബുമായി താരതമ്യപ്പെടുത്തിയത്.
അടിസ്ഥാനപ്രമാണത്തിൽനിന്ന്, ഉപോൽബലകമായ ന്യായവാദങ്ങളിലൂടെ, അനുബന്ധ പ്രമാണങ്ങളിലൂടെ ലംബമാനമായി (horizontal) ഉയരങ്ങളിലേക്ക് കെട്ടിപ്പൊക്കുന്ന വാസ്തുവിദ്യയല്ല ഗാന്ധി സ്വീകരിക്കുന്നത്. അരികുകളിലേക്ക് നീണ്ടുചെല്ലുകയും, പരമാവധിയെ ഉൾക്കൊള്ളുകയും അവയിലേക്ക് വ്യാപിക്കുകയും ചെയ്യുകയാണ്. മുകളിലോട്ട് കെട്ടിപ്പൊക്കാതെ, ഒരേ വിതാനത്തിൽതന്നെ എല്ലാവരേയും എല്ലാത്തിനേയും ഉൾക്കൊള്ളുന്ന ലാളിത്യത്തിന്റെ വാസ്തുവിദ്യയാണത്. പ്രയോഗം, സിദ്ധാന്തം, ജ്ഞാനം, കർമ്മം, രാഷ്ട്രീയം, നൈതികം, സൗന്ദര്യം, ഭൗതികം, ആത്മീയം, മതം, യുക്തിചിന്ത എന്നിങ്ങനെ ശത്രുതാപരമായ വിരുദ്ധങ്ങളെന്ന് കരുതിപ്പോരുന്ന എല്ലാം സമ്മേളിക്കുന്ന, സമരസപ്പെടുന്ന, പരസ്‌പരം തിരുത്തുകയും കൂട്ടിച്ചേർക്കുകയും ചെയ്യുന്ന ഒരു ഇടമായിട്ടാണ് ഗാന്ധി തന്റെ ആശയലോകത്തെ പരിചരിച്ചിരുന്നത്. അറ്റങ്ങളെ (extremes) സന്തുലിതമായി അറിയാനും അനുഭവിക്കാനും കഴിയുന്ന ഇടം മധ്യമാണ്. ആ അർഥത്തിൽ ഗാന്ധി മധ്യസ്ഥനാണ്. മധ്യത്തിൽ സ്ഥിതനാണ്. ബുദ്ധനെപ്പോലെ മധ്യമാർഗ്ഗിയാണ്. പിളർപ്പിലല്ല, വേർപിരിയലിലല്ല ദ്വൈതഭാവത്തിലല്ല അദ്ദേഹം അഭിരമിച്ചത്. സംയോഗത്തിലും സമവായത്തിലും സമരസപ്പെടലിലുമാണ്; അ-ഭേദത്തിൽ (indivisibility), അ-ദ്വൈതത്തിലാണ്. ഇവിടുന്ന് അഹിംസയിലേക്ക് നേർരേഖയിൽ ഒരു ചേർപ്പ് കാണുന്നുണ്ട്. ആ ലിങ്കിലൂടെ പോയി തിരിച്ചുവരാം.

ഗാന്ധിയുടെ ഇനി പറയുന്ന ഒരു നിരീക്ഷണത്തിലൂടെ നമുക്ക് അതിലേക്ക് പ്രവേശിക്കാം:
“പുണ്യാത്മാക്കളെയും ഋഷിമാരെയും മാത്രം ഉദ്ദേശിച്ചിട്ടുള്ളതല്ല അഹിംസ എന്ന മതം. സാധാരണക്കാർക്കും കൂടിയുള്ളതാണത്. മനുഷ്യവംശത്തിന്റെ നിയമമാണ് അഹിംസ. ഹിംസ ജന്തുലോകത്തിലെ നിയമമാണ്. മൃഗങ്ങളിൽ ആത്മാവ് അർദ്ധസുഷുപ്തിയിലാണ് (dormant). ശാരീരിക കരുത്തിന്റെ നിയമമല്ലാതെ അവയ്ക്ക് മറ്റൊരു നിയമവും അറിയില്ല. ആത്മീയ കരുത്ത് എന്ന ഉന്നതമായ നിയമത്തോടുള്ള അനുസരണ മനുഷ്യാന്തസ്സിന് അത്യാവശ്യമാണ്.”
ഹിംസ ജീവൻ എന്ന പ്രതിഭാസത്തിന്റെ തന്നെ നിഷേധമാണ്. അത് ഒന്നിനെയും വളർത്തുന്നില്ല തളർത്തുകയാണ് ചെയ്യുക. ഉന്മൂലനം ചെയ്യുകയാണ്. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും അന്തരീക്ഷമാണ്, ഏത് ജീവിവർഗ്ഗത്തിലും പെടുന്ന, നിസ്സഹായയായ ഒരു നവജാതയുടെ വളർച്ച, അഭിവൃദ്ധി ഉറപ്പാക്കുന്നത്. ഹിംസ എല്ലാത്തിനെയും അകറ്റുകയും പിളർത്തുകയും ചെയ്യുമ്പോൾ, അഹിംസ അവയെ ചേർത്തുനിർത്തുന്നു. എന്തിനെയും വളരാൻ വികസിക്കാൻ അനുവദിക്കുന്നു. ഹിംസ ഒന്നായതിനെയെല്ലാം ചിതറിക്കുമ്പോൾ, അതിന്റെ സന്തത സഹചാരിയായ ഭയം എല്ലാത്തിനെയും സങ്കോചിപ്പിക്കുന്നു. ഭയചകിതനായ ഒരു ജീവി ഏറ്റവും കുറുകിയ ഒരു ഇടത്തിലേക്ക് ചുരുണ്ടുകൂടുന്നു. വരാൻ പോകുന്ന ഹിംസയെ പ്രതിരോധിക്കാൻ. അഹിംസ എവിടെയും ആനന്ദത്തിന്റെ പ്രകാശം വിതറുമ്പോൾ, ഹിംസ മരണത്തിന്റെ അന്ധകാരം പരത്തുന്നു. അന്ധകാരം, ചിതറിത്തെറിച്ച രക്തം, വെട്ടിമാറ്റിയ ശരീരഭാഗങ്ങൾ, പൂക്കുലപോലെ ചിതറിയ ശിരസ്സുകൾ, ക്രോധം, പക, പ്രതികാരം, വിദ്വേഷം തുടങ്ങി സങ്കല്പിക്കാവുന്ന എല്ലാ നിഷേധ-ദൂഷ്യചിന്തകളും വികാരങ്ങളുമായിട്ടാണ് ഹിംസയുടെ സഹവാസം. മഹാഭാരതയുദ്ധം മാത്രം ഓർത്താൽ മതിയാകും. ആനന്ദം, തെളിച്ചം, വെളിച്ചം, പുഞ്ചിരി, പൂക്കൾ, സ്നേഹം, ദയ... സങ്കല്പ സാധ്യമായ നന്മകളേതും അഹിംസയുടെ സന്തത സഹചാരികളും.
ഇന്ത്യൻ പാരമ്പര്യത്തിൽ നിന്നുതന്നെ കണ്ടെത്തിയ ഉൾവെളിച്ചങ്ങളുടെ സൈദ്ധാന്തിക സ്ഥൈര്യത്തിലാണ് ഗാന്ധി സമകാലിക ലോക യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിച്ചത്. ആധുനിക യൂറോപ്യൻ നാഗരികതയുടെ ജീർണ്ണതയെ (degeneration) പറ്റി അവരുടെ ഇടയിൽ നിന്നുതന്നെ ചിന്തകരും എഴുത്തുകാരും കലാകാരന്മാരും വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. പക്ഷേ ഗാന്ധിയാണ് ആ നാഗരികതയുടെ രോഗാതുരതയുടെ അടിസ്ഥാനം ഹിംസാത്മകതയിലാണെന്ന് തിരിച്ചറിഞ്ഞത്. അതിനെതിരായി കലാപങ്ങൾക്ക് കോപ്പുകൂട്ടിയിരുന്ന കമ്മ്യൂണിസ്റ്റ്- അരാജകവാദ പ്രസ്ഥാനങ്ങളെ ബാധിച്ചിരിക്കുന്നതും അതേ രോഗാതുരതയാണെന്നും കൂടി അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഏതെങ്കിലും ഒരു രാജ്യത്തെ ഭരണകൂടത്തെ അട്ടിമറിക്കുകയെന്നതോ, സാമൂഹ്യപരിവർത്തനമെന്നതോ മാത്രമായിരുന്നില്ല ഗാന്ധിയൻ അഹിംസയുടെ ലക്ഷ്യം. മുൻ സൂചിപ്പിച്ചതുപോലെ സർവ്വജീവജാലങ്ങളുടേയും ഭൂമിയുടെ തന്നെയും നിലനിൽപ് അപകടത്തിലാക്കുന്നതാണ് ഹിംസ എന്ന തിരിച്ചറിവാണ് അതിൻ്റെ സമഗ്രതക്കടിസ്ഥാനം.
ലണ്ടനിൽ അക്കാലത്ത് സജീവമായിരുന്ന, ബ്രിട്ടനെതിരായ സായുധ കലാപങ്ങൾക്ക് തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്ന ഇന്ത്യക്കാരായ യുവജനസം ഘങ്ങളെയും അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നതായി കാണാം. വാളെടുത്തവൻ വാളാൽ തീരുന്നു എന്നതുകൊണ്ടു മാത്രമല്ല; ഹിംസക്കെതിരെ ഹിംസ ആയുധമാക്കുന്നതിലെ നിഷ്‌ഫലതയും അദ്ദേഹത്തെ പഠിപ്പിച്ചത് മഹാഭാരതം എന്ന മഹത്തായ ഗ്രന്ഥമാണ്. മത്സരവും ലാഭവും സാമൂഹ്യ- രാഷ്ട്രീയ ജീവിതത്തിന്റെ കേന്ദ്രപ്രമാണങ്ങളായി സ്വീകരിച്ചിരിക്കുന്ന മുതലാളിത്ത- സാമ്രാജ്യത്വ നാഗരികതയുടെ നരകയുക്തിയാണ് ഹിംസ.
വർഗ്ഗസമരവും സായുധവിപ്ലവവും ഭരണകൂടം പിടിച്ചടക്കലും തൊഴിലാളിവർഗ്ഗ സർവ്വാധിപത്യവും 'സ്വകാര്യ'സ്വത്ത് ഇല്ലാതാക്കലും അജണ്ടകളാക്കിയ ഒരു പ്രത്യയശാസ്ത്രത്തിൻ്റെ കൂടി മുനയൊടിക്കുന്ന ചോദ്യമാണ് ഗാന്ധി ഉയർത്തിയത്. സ്വകാര്യമോ, പൊതു ഉടമസ്ഥതയോ എന്നല്ല, സമ്പത്ത് തന്നെ എന്തിനാണ്? സമ്പത്ത് കുന്നുകൂട്ടാനുള്ള, നിലനിർത്താനുള്ള ആർത്തിയും ദുരാഗ്രഹവുമാണ് എല്ലാ ചൂഷണങ്ങളുടേയും വെട്ടിപ്പിടുത്തങ്ങളുടേയും കോളനിവൽക്കരണത്തിന്റേയും സാമ്രാജ്യത്വത്തിൻറേയും അടിസ്ഥാനപ്രേരണകൾ. 'എല്ലാവർക്കും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്, ആർത്തിപൂരണത്തിന് അത് തികയാതെ വരും.' ആർഭാടങ്ങൾക്കുള്ള ആർത്തിയാണ് ഹിംസ അനി വാര്യമാക്കുന്നത്. യുദ്ധങ്ങൾ അതിൻ്റെ പിറകെ വരുന്നവയാണ്.
മനുഷ്യർക്കിടയിൽ മാത്രം ഒതുങ്ങുന്നതല്ല മനുഷ്യന്റെ ഹിംസ. ഭൂമിയിലെ സകല ജീവജാലങ്ങളേയും, സമ്പത്തിൻ്റെ സമ്പാദനത്തിനായി ചൂഷണം ചെയ്യുന്നതിനും, ഉന്മൂലനം ചെയ്യുന്നതിനും മനുഷ്യന് പ്രകൃതിദത്തമായ അവകാശമുണ്ട് എന്ന വിശ്വാസമാണ്, മുതലാളിയേയും, തൊഴിലാളിയേയും, ചൂഷകനേയും, ചൂഷിതനേയും നയിക്കുന്നത്. പ്രകൃതിയും ഇതര ജീവിവർഗ്ഗങ്ങളും ഈ ഒരു ജീവിയുടെ ഉപയോഗത്തിനും ആഹ്ലാദങ്ങൾക്കുമുള്ള അസംസ്‌കൃതവസ്‌തുവായി തരംതാഴ്ത്തപ്പെട്ടു. മനുഷ്യൻ അധിവസിക്കുന്ന ഭൂമിയും കടന്ന്, ബഹിരാകാശവും അയൽ ഗ്രഹങ്ങളും ഹിംസാത്മകമായ കൊളോണിയൽ പ്രോജെക്റ്റിലേക്ക് ഉൾ ക്കൊള്ളപ്പെട്ടിരിക്കുകയാണ്. എല്ലാം കേവലം ഒരു വിഭവം മാത്രമായി മാറി. യൂറോ പ്പിന് ശരിയെന്നു തോന്നിയ ഈ മാതൃക, വികസനമെന്നും പുരോഗതിയെന്നും വാഴ്ത്തപ്പെട്ടു. ചോദ്യം ചെയ്യപ്പെടാനാവാത്ത നന്മയായി, ഭൂമിയിലെ മനുഷ്യവാഴ് വിന്റെ ഏക മാതൃകയാണെന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടു. അടിമകളും, ഉടമ കളും, യാഥാസ്ഥിതികരും, വിപ്ലവകാരികളും, വർഗ്ഗീയവാദിയും, സെക്യുലറിസ്റ്റും, വേട്ടക്കാരും, ഇരകളും ഒരുപോലെ സ്വീകരിച്ച ഈ അന്ധവിശ്വാസത്തെ ആഷിസ് നന്ദി വിശേഷിപ്പിക്കുന്നത് സാമ്രാജ്യത്വത്തിൻ്റെ വിജയോന്മാദം (triumphalism of colonialism) എന്നാണ്. 'അവരുടെ ജീവിതരീതികൾ ലോകത്തിലെ മറ്റ് ഭാഗങ്ങളിലേതിനേക്കാൾ ശ്രേഷ്‌ഠമാണെന്ന തോന്നലിൽ നിന്നുണ്ടാകുന്ന വിജയോന്മാദം കൊളോണിയൽ അനുഭവത്തിൻ്റെ ഭാഗമാണ്.' (ആഷിസ് നന്ദി). ഗാന്ധിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് സംഭവിച്ച മൗലികമായ ഒരു പരിവർത്തനത്തിലേക്ക് ചൂണ്ടുന്ന ഒരു ചേർപ്പിനെ (link) പിന്തുടർന്ന് തിരിച്ചെത്താം.

സാമ്രാജ്യത്വത്തിൻ്റെ കേന്ദ്രമായ ലണ്ടനിൽ ചെന്ന് കോട്ടും സൂട്ടുമിട്ട് സായിപ്പിനേക്കാൾ വലിയ സായിപ്പായി 'വേഷം കെട്ടി' ബാരിസ്റ്ററായി മാറിയ എം.കെ. ഗാന്ധി, 'കെട്ടിയ വേഷങ്ങളെല്ലാം അഴിച്ചുവെച്ച്' മഹാത്മാഗാന്ധിയായി മാറുകയായിരുന്നുവല്ലോ. മരണം വരെ തുടർന്ന നിരന്തരമായ ആത്മപരീക്ഷണങ്ങളിലൂടെ സംഭവിച്ച ഒരു പ്രക്രിയയായിരുന്നു അത്. കൂട്ടത്തിൽ, മനസ്സിലും മസ്തിഷ്കത്തിലും ആത്മാവിലുമുണ്ടായിരുന്ന 'ഉടുത്തുകെട്ടുകളും' ഉപേക്ഷിക്കുവാൻ അദ്ദേഹം മറന്നില്ല. ഓരോ ഇന്ത്യക്കാരനും എന്തായിരിക്കണം എന്ന അദ്ദേഹത്തിന്റെ സങ്കൽപ്പത്തിനൊത്ത് അദ്ദേഹം സ്വയം മാറുകയായിരുന്നു. യൂറോപ്യൻ നാഗ രികതയുടെ വരിഷ്‌ഠതയെ (superiority) സംബന്ധിച്ച് ഓരോ ഇന്ത്യാക്കാരിലും, പ്രത്യേകിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വിഭാഗങ്ങളിൽ നിലനിന്നിരുന്ന കപടാവബോധവും, അതിൻ്റെ മറുപറമായിരുന്ന ഭാരതീയ പാരമ്പര്യത്തേയും സംസ് കാരത്തേയും കുറിച്ചുള്ള അപകർഷകതാബോധവും കുടഞ്ഞെറിയുന്നത്, രാഷ്ട്രീയ സ്വാതന്ത്ര്യത്തിൻ്റെ മുൻ ഉപാധിയും പ്രാഥമിക പരിഗണനയുമായിരുന്നു ഗാന്ധിക്ക്. മറ്റുള്ളവർ എന്തു ചെയ്യണം എന്ന് താൻ ആഗ്രഹിക്കുന്നുവോ, ആദ്യം ഞാൻ അങ്ങനെ ആയിത്തീർന്ന് മാതൃകയാവണം എന്ന ധാർമ്മികതയെ സംബന്ധിച്ച പുതിയ കാഴ്‌ചപ്പാട് ഗാന്ധി മുന്നോട്ടുവെക്കുകയായിരുന്നു. ഇവിടുന്ന് അ കീൽ ബിൽഗ്രാമിയുടെ നിരീക്ഷണങ്ങളിലേക്ക് ഒരു ചേർപ്പ് കാണുന്നുണ്ട്.
ബിൽഗ്രാമി യൂറോപ്യൻ തത്വചിന്തകരായ ജെ.എൽ. ഓസ്‌റ്റിനും റിച്ചാർഡ് ഹാരേക്കുമിടയിലുണ്ടായ ഒരു സംഭാഷണം ഉദ്ധരിച്ചുകൊണ്ടാണ് തുടങ്ങുന്നത്. ഒരാൾ എന്തെങ്കിലും കാര്യസാധ്യത്തിനായി കൈക്കൂലി (bribe) നീട്ടിയാൽ നിങ്ങൾ എന്ത് ചെയ്യും എന്ന് രണ്ടുപേരോടുമായി ഒരു വിദ്യാർത്ഥി ചോദിക്കുകയാണ്. ഹാരെ പറഞ്ഞു: 'ഞാൻ അയാളോട് പറയും, കൈക്കൂലി ഞാൻ സ്വീകരിക്കാറില്ല, അത് എന്റെ ഒരു പ്രിൻസിപ്പിളാണ്’. ഓസ്‌റ്റിൻ അതിനോട് ഇങ്ങനെയാണ് പ്രതികരിച്ചത്: "ഞാൻ നോ, താങ്ക്സ് എന്നു മാത്രം പറയും’. മനസ്സാക്ഷിക്കനുസരിച്ച് ചെയ്യുന്ന ഒരു പ്രവൃത്തിക്ക് പിന്നിൽ ഒരു തത്വം (principle / law) ഉണ്ടായിരിക്കണം എന്നാണ് ഹാരെ പറഞ്ഞതിനർത്ഥം. ഓസ്‌റ്റിന് അത് സ്വീകാര്യമല്ല. അദ്ദേഹം അത് നിഷേധിക്കുന്നു. 'ഗാന്ധി ഈ നിഷേധത്തെ പടിഞ്ഞാറൻ നൈതിക ചിന്താപാരമ്പര്യത്തിനെതിരായ ഒരു തീവ്രബദലായി വളർത്തിയെടുക്കുന്നു' എന്നാണ് ബിൽഗ്രാമി സ്ഥാപിക്കാൻ ശ്രമിക്കുന്നത്. 'ഒരാൾ അയാൾക്കുവേണ്ടി ഒരു തിരഞ്ഞെടുപ്പ് നടത്തുമ്പോൾ, അയാൾ മറ്റ് എല്ലാവർക്കുംവേണ്ടി തിരഞ്ഞെടുക്കുകയാണ്’. യൂറോപ്യൻ ചിന്തയുടെ ആപ്‌തവാക്യമാണിത്. സ്വന്തം മനസ്സാക്ഷിക്കനുസരിച്ച് ഒരാൾ ഒരു കാര്യം ചെയ്യുന്നു എന്നാണ് അതിൻ്റെ ആദ്യഭാഗം സൂചിപ്പിക്കുന്നത്. അക്കാര്യത്തിൽ ഗാന്ധിക്ക് യോജിപ്പാണ്. ആ പ്രവൃത്തിയെ ഒരു സാർവ്വലൗകിക (universal), സാമാന്യ നിയമമാക്കി മാറ്റി, മറ്റുള്ളവരും അത് അനുസരിക്കണം, അല്ലെങ്കിൽ അവർ വിമർശിക്കപ്പെടും എന്നാണ് രണ്ടാം പാതി പറയാൻ ശ്രമിക്കുന്നത്. ഈ രണ്ടാം ഭാഗത്തോടും ഗാന്ധിക്ക് വിയോജിപ്പില്ല. ഒരാൾ മറ്റുള്ളവർക്കുവേണ്ടി കൂടിയാണ് ഒരു പ്രവൃത്തി തിരഞ്ഞെടുക്കേണ്ടത്. പക്ഷേ എല്ലാവരും അത് പിന്തുടരണം എന്ന ഒരു നിർബന്ധ ശാസനയായി (imperative) അത് മാറുന്നു എന്ന നിലപാടിനോട് ഗാന്ധിക്ക് വിയോജിപ്പാണ്. ആ വിയോജിപ്പിൽ സന്നിഹിതമായ ധീരമായ ഒരു ബദൽ ധാർമ്മികതയുണ്ട് എന്നാണ് ബിൽഗ്രാമിയുടെ പക്ഷം. ഒരു നിയമം അല്ലെങ്കിൽ തത്വം എന്നതിന് പകരം മനസ്സാക്ഷിക്കനുസരിച്ച് ഒരു പ്രവൃത്തി തിരഞ്ഞെടുക്കുന്നയാൾ സ്വയം, ആ പ്രവൃത്തിയോടൊപ്പം, ജീവിക്കുന്ന ഒരു മാതൃകയായി (exemplar) മാറുന്നു എന്ന ബദൽ നൈതികതയാണ് ഗാന്ധി മുന്നോട്ടുവെച്ചത്.
ഒരു സാമാന്യപ്രമാണത്തിൽ അന്തർസന്നിഹിതമായ ഒരു പ്രത്യേകവസ്തുവിന്റെ ഗുണം നിർണ്ണയിക്കുന്ന നിഗമനയുക്തിയും (deductive logic); ഒരു ഗണത്തിലെ ഒറ്റപ്പെട്ട അനവധി വസ്തുക്കളിൽ / സംഭവങ്ങളിൽ പൊതുവിൽ പ്രവർത്തനക്ഷമമാകുന്ന സാമാന്യപ്രമാണത്തിലേക്ക് എത്തുന്ന ആഗമനയുക്തിയും (inductive logic) ലംബമാന ചിന്തയുടെ രണ്ട് പ്രധാന മാതൃകകളാണ്. നിഗമനയുക്തിക്കാധാരമായ 'എല്ലാ മനുഷ്യരും മരണമുള്ളവരാണ്' എന്ന സാമാന്യ പ്രമാണത്തിൽ നിന്ന് 'സോക്രട്ടീസിനും മരണമുണ്ട്' എന്ന സവിശേഷവാക്യം കിഴിച്ചെടുക്കുകയാണ്(deduce). എല്ലാ വസ്തുക്കളും, ന്യൂട്ടന്റെ ആപ്പിൾപോലെ താഴേക്കുമാത്രം പതിക്കുകയാൽ അവയെ പൊതിഞ്ഞുനില്ക്കുന്ന ഭൂഗുരുത്വനിയമമെന്ന സാമാന്യ പ്രമാണത്തിലേക്ക് കയറിയെത്തുകയാണ് ആഗമനയുക്തി. രണ്ടിലും സവിശേഷങ്ങളെ ഒരു സാമാന്യപ്രമാണവുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. രണ്ട് വിധത്തിലാണെങ്കിലും. ക്ലാസ്സിക്കൽ യൂറോപ്യൻ സൈദ്ധാന്തിക നിർമ്മിതികൾ ഈ ബലതന്ത്രമാണ് അടിസ്ഥാനമാക്കുന്നത്. അത് ശ്രേണീബദ്ധമാണ്. പൂർവ്വനിശ്ചിതവും കൃത്യവുമായ ഒരു തന്ത്രത്തെയാണ് അത് ആശ്രയിക്കുന്നത്. പാർശ്വങ്ങളിലേക്ക്, ആകസ്മികങ്ങളിലേക്ക് തുറപ്പുകളില്ലാതെ, ഒരു ഗോവണിയിലെന്നപോലെ, കയറാനോ ഇറങ്ങാനോ മാത്രമേ അനുവാദമുള്ളൂ. രേഖീയമായിട്ടാണ് അത് പ്രവർത്തനക്ഷമമാകുക.

സമാന്തരം അല്ലെങ്കിൽ തിരശ്ചീനചിന്ത (lateral/ horizontal thinking) എന്നാൽ ‘വഴി’വിട്ട് ചിന്തിക്കുക എന്ന് വാച്യാർത്ഥത്തിലും പ്രതീകാത്മകമായും മനസ്സിലാക്കാം. ഒരു പ്രശ്‌നത്തിൻ്റെ പരിഹാരത്തിന് നിലവിലുള്ള, പരിചിതമായ, സർവ്വസമ്മതിയുള്ള മാർഗ്ഗങ്ങൾ ഉപേക്ഷിച്ച്; ആ പ്രശ്‌നത്തിൽ ചുറ്റിത്തിരിഞ്ഞ് സാധ്യ മായ അനവധി കോണുകളിൽനിന്ന് അതിനെ നോക്കിക്കണ്ട്, നൂതനമായ ഒരു വഴിയിലൂടെ അതിന് പരിഹാരമുണ്ടാക്കുകയാണ്. ഗോവണിപ്പടികൾ ഓരോന്നായി കയറി മുകളിലെത്തുന്നതിനു പകരം, ചില കുസൃതിക്കുട്ടികൾ രണ്ടോ മൂന്നോ പടവുകൾ ഒറ്റക്കുതിപ്പിൽ കയറുന്നതുപോലെ. പടികൾ കയറുന്നതിനുപകരം, പടികൾ മൊത്തത്തിൽ മുകളിലേക്ക് നീങ്ങുന്ന എസ്‌കലേറ്ററിനെപോലെ എന്നും പറയാം. ലാറ്ററൽ ചിന്തയിൽ ആകസ്‌മികമായ ഉത്തേജനങ്ങൾ അല്ലെങ്കിൽ മിന്നൽ പിണർപോലെ അപ്രതീക്ഷിതമായി മനസ്സിൽ തെളിയുന്ന വെളിപാടുകളെയാണ് കൂടുതലും ആശ്രയിക്കുക. വ്യവസ്ഥാപിത മാർഗ്ഗങ്ങളല്ല, വഴിവിട്ട ചിന്തകളാണ് അതിന് പഥ്യം. സ്വന്തം വഴിവെട്ടുന്നതിലാണ് അതിന് കൂടുതൽ താൽപര്യം. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ഗാന്ധി കണ്ടെത്തിയ പുതുവഴികൾ പോലെ. മലകയറുന്നവർ (trekkers) കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന ചവിട്ടടിപ്പാത വിട്ട്, അല്പം സമയവും ക്ലേശവും ഏറിയാലും ഒരു പുതുവഴി ശ്രമിച്ചാൽ കണ്ടെത്താം. അത് മലകയറ്റത്തെ കൂടുതൽ ആവേശകരവും ആനന്ദകരവുമായ അനുഭവമാക്കി മാറ്റുന്നു. അത് അഭിരുചിയുടെ പ്രശ്‌നമാണ്. നടന്നുപതിഞ്ഞതു മതിയോ പുതിയത് വേണോ എന്ന തിരഞ്ഞെടുപ്പിൻ്റെ പ്രശ്‌നം. ‘നേർവഴി’യിൽ നിന്ന് തെന്നി മാറി, വിലങ്ങനെ, പാർശ്വസ്ഥമായി, കുറുകെയൊക്കെ സഞ്ചരിക്കാനുള്ള സന്നദ്ധ തയാണ് തിരശ്ചീന ചിന്ത.
ഈ ചിന്താരീതിയെക്കുറിച്ചുള്ള ഒരു വിശദീകരണം ഇങ്ങനെയാണ്; ‘പെട്ടെന്ന് തെളിയാനിടയില്ലാത്തതോ ക്രമഭംഗത്തോടെയുള്ളതോ ആയ യുക്തിവിചാരത്തിലൂടെ പ്രശ്നത്തെ സമീപിക്കുന്ന ഡിസൈനർമാരുടെ ആശയരൂപീകരണം ലാറ്ററൽ തിങ്കിംഗിൻ്റെ ഒരു മാതൃകയാണ്. അവർ പരോക്ഷവും സർഗ്ഗാത്മകവുമായ രീതികളിലൂടെ കള്ളികൾക്ക് പുറത്ത് (outside the box) ചിന്തിക്കുകയും, പ്രശ്‌നങ്ങളെ മൗലികമായും പുതിയ കോണുകളിൽ നിന്ന് കാണുകയും, നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് സഹായകമായ ഉൾക്കാഴ്‌ചകൾ നേടുകയും ചെയ്യുന്നു.’
മഹാത്മാഗാന്ധി ചെയ്തതും ഇതുതന്നെയാണ്. വേണ്ടതുപോലെ അത് മനസ്സിലാക്കപ്പെടാത്തതു കൊണ്ടാകാം, 'സുദൃഢമായ ഒരു ആശയ സംവിധാനമോ സിദ്ധാന്തപദ്ധതിയോ' ഗാന്ധിയിൽ പലർക്കും കാണാൻ കഴിയാതെ പോകുന്നത്. മറ്റൊരു തരത്തിൽ (മറ്റൊരു തരത്തിൽ മാത്രം) അത് ശരിയുമാണ്. യൂറോപ്യൻ ആധുനികതയിലെ ലംബമാന ചിന്തയുടെ പരിചിത മുഖഛായയുള്ള 'സുദൃഢ' സിദ്ധാന്തം (theory) ഗാന്ധിയിൽ ഇല്ലതന്നെ. ഉണ്ടാവേണ്ടതുമില്ല. പാർശ്വസ്ഥമായ തിലേക്കെല്ലാം പടർന്ന്, ചിതറി വളരുന്ന വള്ളിച്ചെടികൾപോലെ; ചേർപ്പുകളിലു ടെ(hyper links) പരസ്‌പരം കൈകോർത്ത് പരന്നുകിടക്കുന്ന www പോലെയാണ് ഗാന്ധിയൽ ആശയപ്രപഞ്ചവും പ്രവർത്തനക്ഷമമാകുന്നത് എന്ന് സൂചിപ്പിച്ചുകൊ ണ്ട് നമ്മൾ തുടങ്ങിയതും അതുകൊണ്ടാണ്.
പഠിതാക്കളുടെ സംഭാവനകളിലൂടെ, വായനകളിലൂടെ, കൂട്ടിച്ചേർക്കലുകളി ലൂടെ, കിഴിക്കലുകളിലൂടെ, തിരുത്തുകളിലൂടെ വളരാനുള്ള വഴക്കവും (flexibility), തുറസ്സും (openness) ഉള്ള; സർഗ്ഗാത്മകമായ അത്തരം പ്രതിപ്രവർത്തനങ്ങളിലൂടെ നിരന്തരം വളരുകയും ചെയ്യുന്ന ഒരു അതികൃതിയാണ് ഗാന്ധി. അദ്ദേഹം എഴുതിയതും, സംസാരിച്ചതും, പ്രാർത്ഥിച്ചതും, നിരാഹാരമിരുന്നതും, തർക്കിച്ചതും, ഉപ്പ് കുറുക്കിയതും, ചമ്പാരനും, വട്ടമേശ സമ്മേളനങ്ങളും, വസ്ത്രധാരണങ്ങളും, രാമനും, റഹിമും, മതങ്ങളും, മതമില്ലായ്മയും, സസ്യഭക്ഷണവും, 'ആർക്കുവേണം ഈ സ്വാതന്ത്ര്യം' (who wants this freedom) എന്ന മോഹഭംഗവും, മുസ്ലീമും, ഹിന്ദുവും, കൃസ്ത്യാനിയും, ശൂദ്രനും, സവർണ്ണനും, വിഭജനവും, മൃതിമോഹവും, ഗോഡ് സെയും തുടങ്ങി എല്ലാ ചേർപ്പുകളും (links) ചേർന്നുള്ള ഒരു അതികൃതി (hyper text) ആണ് ഗാന്ധി. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം'- ഇങ്ങനെയൊരു 'സൃഷ്ടി' / കൃതി യൂറോപ്യൻ സിദ്ധാന്തത്തിന്റെ മുഖഛായയിൽ തിരഞ്ഞാൽ കണ്ട ത്താനാവില്ല. അതിന്റെ പണിപ്പുരയിൽ നിന്ന്, അസംബ്ലിലൈനിൽ നിന്ന് പുറത്തുവരികയുമില്ല. ആൽബെർട്ട് ഐൻസ്റ്റീൻ പറഞ്ഞതുപോലെ, രക്തത്തിലും മാംസത്തിലും തീർത്ത ഇങ്ങനെയൊരാൾ ഈ ഭൂമിയിൽ രണ്ട് കാലുകളിൽ നടന്നിരുന്നു എന്നു പറഞ്ഞാൽ വരും തലമുറകൾ വിശ്വസിക്കാനിടയില്ല. 'രണ്ട് കാലുകളിൽ നടന്നിരുന്നു' എന്നതിൽ നിന്ന് സുപ്രധാനമായൊരു ചേർപ്പ് കാണുന്നുണ്ട്. പരിശോധിക്കാം.
കൊളോണിയൽ പ്രോജക്റ്റിനെ 'നടന്ന്' തോൽപിക്കുകയായിരുന്നു ഗാന്ധി എന്നൊരു നിരീക്ഷണം നിലവിലുള്ളതാണ്. ശാസ്ത്ര-സാങ്കേതികതയിലധിഷ്‌ഠിതമായ ആധുനിക യന്ത്രസസ്‌കാരത്തിൻ്റേയും, കോളണി ആധിപത്യത്തിന്റേയും നിലനില്പ് വേഗത്തെ (speed) അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. മനുഷ്യനൊഴികെയുള്ള എല്ലാ ജന്തുക്കളും സസ്യങ്ങളും സ്വന്തം ശരീരങ്ങളുടെ / കാലുകളുടെ ജന്മസിദ്ധമായ വേഗത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവയാണ്. പരിണാമം അനുവദിച്ചിരിക്കുന്ന വേഗം ഓരോന്നിനും വ്യത്യസ്‌തവുമാണ്. മുയലിൻ്റെ ജീവസന്ധാരണവും, ഇരപടിയന്മാരിൽ നിന്നുള്ള സുരക്ഷയും ഉറപ്പാക്കാനുള്ള വേഗമാണ് അതിന് ലഭ്യമായിട്ടുള്ളത്. കട്ടിയുള്ള പുറംതോടിൽ സുരക്ഷ ഉറപ്പാക്കപ്പെട്ട ആമക്ക്.
ആവശ്യമായ വേഗം അതിനും അനുവദിക്കപ്പെട്ടിട്ടുണ്ട്. അവർക്കിടയിൽ മത്സര മെന്നത് മനുഷ്യന്റെ ഭ്രമകല്പനയാണ്. പ്രകൃതിയിലല്ല ഉച്ച / നീച വിചാരങ്ങൾ. മേൽക്കീഴുകൾ മനുഷ്യർക്കിടയിൽ മാത്രമാണ്. പ്രകൃതിയിൽ വ്യത്യസ്‌തകളേ ഉള്ളൂ. വൈവിധ്യങ്ങൾ കീഴടക്കാനും കീഴടക്കപ്പെടാനുമുള്ള ഉപാധികളാവുന്നത് നാഗരികതകൾക്കകത്താണ്. കല്ലുകൊണ്ട്, കത്തികൊണ്ട്, വടി കൊണ്ട് അപരനെ ആക്രമിച്ച് വീഴ്ത്തുന്നതിനേക്കാൾ എളുപ്പത്തിലും സുരക്ഷിതമായും, വേഗത്തിലും അമ്പെയ്ത് വീഴ്ത്താനാവും. നടന്നും ഓടിയും അകലങ്ങൾ താണ്ടി അപരനെ കീഴടക്കുന്നതിനേക്കാൾ വേഗത്തിൽ, കൂടുതൽ പ്രദേശങ്ങൾ കീഴടക്കുവാൻ കുതിരപ്പടയാളികൾക്ക് കഴിയും. വെടിമരുന്നും തോക്കും, യന്ത്രത്തോക്കും, കപ്പലുകളും വിമാനങ്ങളും, സൂപ്പർ സോണിക് മിസ്സൈലുകളും, റോക്കറ്റുകളും, ആണവായുധങ്ങളും കൊല്ലുന്ന കീഴടക്കുന്ന വിദ്യകൾക്ക് സങ്കല്പാതീതമായ വേഗത നൽകി. ശൂന്യാകാശത്തേക്കും അയൽഗ്രഹങ്ങളിലേക്കും വരെ എത്തുംവിധം വെ ട്ടിപ്പിടിക്കലിന്റെ, കീഴടക്കലിന്റെ, കോളനിവൽക്കരണത്തിന്റെ വ്യാപ്തിയും വേഗവും വർദ്ധിച്ചു. മാരകമായ വേഗവും ഹിംസയുമാണ് ചരിത്രത്തിലുണ്ടായിട്ടുള്ള പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ സാമ്രാജ്യത്വ അധിനിവേശങ്ങളുടേയും അടിസ്ഥാനം.
കൈയ്യിലിരുന്നത് പോരെന്ന ആർത്തിയാണ്, കൈ എത്താത്തിടത്തേക്ക് അതിനെ നീട്ടുന്നത്. ഇരിക്കും ഇടം പോരെന്ന ആർത്തി അന്യ ഇടങ്ങളിലേക്ക് നമ്മെ പായിക്കുന്നതുപോലെ. ആർത്തികളേതും ഹിംസയാണ്. അതിനിന്ന് ശബ്ദാതിവേഗതയാണ്. തിന്മയുടെ ഈ വേഗത്തിനാണ് ഗാന്ധി കാൽനടയുടെ പൂട്ടിടുന്നത്. കാൽനടയിലെത്താവുന്ന ഒരു പ്രദേശം, ദൂരം, മാത്രമാണ് മനുഷ്യന് ജീവിക്കാൻ ആവശ്യമുള്ളത്. അതാണ് ഗ്രാമസ്വരാജ്. സ്വയം സമ്പൂർണ്ണ ഗ്രാമം. നടന്ന് തീർക്കാവുന്ന ഇടം. തട്ടിപ്പറിയോ വെട്ടിപ്പിടുത്തമോ ആവശ്യമില്ലാത്ത അതിന്റെ ലളിതമായ സമ്പദ് വ്യവസ്ഥ. അറിഞ്ഞുതരുന്നതെന്തോ അതാണ് ഭിക്ഷ എന്നാണ് അതിന്റെ പ്രമാണം. അദ്ധ്വാനിക്കാൻ ശരീരം. നൂൽനൂറ്റ് വസ്ത്രമുണ്ടാക്കാൻ കൈകൾ. സ്വയം സമ്പൂർണ്ണ ഗ്രാമങ്ങളുടെ അയഞ്ഞ നെറ്റ്‌വർക്കുകൾ. രാഷ്ട്രം, ഭരണകൂടം എന്നിവക്ക് പ്രാധാന്യമില്ല. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനുമെന്ന് സമൂഹം പിളരുന്നില്ല. നൈതിക ജാഗ്രതയോടെ ലളിതജീവിതം നയിക്കുന്ന ഗ്രാമസമൂഹങ്ങൾ. അതുകൊണ്ട് ഗാന്ധിയെ അരാജകവാദിയായി കാണുന്നതിൽ ന്യായമില്ല.

ഗാന്ധിയൻ ഗ്രാമസ്വരാജിൽ ഭരണമില്ലായ്‌മയില്ല. രാജ്യമില്ലാതില്ല, രാജാവില്ലാതെയുമില്ല. രണ്ടും അവിടെയുണ്ട്. ഭരണകൂടത്തിന്റെ അസാന്നിദ്ധ്യമേ ഉള്ളൂ. കൂടുതൽ ഉത്തരവാദിത്വം ആവശ്യമുള്ള സ്വയം ഭരണവും, ആത്മനിയന്ത്രണവും മനസ്സാക്ഷിയുടെ ഭരണവും ഉണ്ട്. ഓരോ വ്യക്തിയും രാജാവാണ്. അയാൾ തന്നെയാണ് അയാളെ ഭരിക്കുന്നത്. മറ്റൊരാളോ, ബാഹ്യമായ ഒരു ശക്തിയോ അല്ല. അവരാരും പൗരന്മാരുമല്ല (citizen). ഭരണകൂടത്തിൻ്റെ പിൻവാങ്ങലോടെ പൗരൻ വ്യക്തിയിലേക്ക് മടങ്ങുന്നു. എല്ലാവരും ഒരേസമയം ഉല്‌പാദകരും ഉപഭോക്താക്കളുമായതിനാൽ, സ്വകാര്യ ലാഭം ലക്ഷ്യമല്ലാത്തതിനാൽ മാർക്കറ്റിന് പ്രസക്തിയില്ലാതാവുന്നു. എല്ലാവരും ഉൽപ്പാദിപ്പിക്കുകയും തമ്മിൽ പങ്കിട്ട് അനുഭവിക്കു കയും ചെയ്യുന്നതായിരിക്കും ഗ്രാമസ്വരാജിന്റെ സമ്പദ് വ്യവസ്ഥ. കായിക, ആയുധ ശക്തിയല്ല വ്യക്തികളുടെ ആത്മബലമാണ് (soul force) സ്വരാജിന്റെ സുരക്ഷയൊരുക്കുന്നത്. പൊറുക്കലും, ക്ഷമിക്കലും, പശ്ചാത്തപിക്കലുമാണ് തിന്മകളെ പ്രതിരോധിക്കുന്നത്. സ്നേഹവും, കരുണയും, ബഹുമാനവും തുല്യതയുമുള്ള പരസ്പരാശ്രിതത്വമാണ് വ്യക്തി / സാമൂഹ്യ ബന്ധങ്ങളുടെ അടിസ്ഥാനമാകേണ്ടത്. അത് അഹിംസയിൽ അധിഷ്ഠിതവുമാണ്. ഗാന്ധിയുടെ തന്നെ വാക്കുകളിൽ നമുക്കിത് ഉപസംഹരിക്കാം:
“പറയപ്പെടുന്നതുപോലെ അഹിംസ പ്രാകൃതമായ ഒരു സംഗതിയല്ല. ഒരു ജീവിയെപോലും വേദനിപ്പിക്കാതിരിക്കുന്നത്, നിസ്സംശയമായും അഹിംസയുടെ ഭാഗം തന്നെയാണ്. പക്ഷേ അത് അതിന്റെ ഏറ്റവും പ്രാഥമികമായ അർത്ഥം മാത്ര മാണ്. തിന്മ നിറഞ്ഞ ഓരോ ചിന്തയും, അനാവശ്യ വേഗവും കളവ് പറയുന്നതും, വെറുക്കുന്നതും, ആർക്കെങ്കിലും ദോഷം വരണം എന്ന് ആഗ്രഹിക്കുന്നതും അഹിംസയെന്ന തത്വത്തെ മുറിവേല്പിക്കുകതന്നെ ചെയ്യും. ലോകത്തിന് ആവശ്യമുള്ളത് നാം കൈയ്യടക്കിവെക്കുന്നതും അതിന്റെ ലംഘനമാണ്’’.
