ഇടതുപക്ഷത്തിന്റെ 'തിരിച്ചുവരവ്' ഇത്ര ആഘോഷമാക്കാമോ?

ബിഹാറിലെ ഇടതുപക്ഷ വിജയം എങ്ങനെ വർഗീയതയയും ജാതിയെയും തകർക്കുന്നു എന്നത്, അവരുടെ ഇനിയുള്ള സാമൂഹിക- രാഷ്ട്രീയ ഇടപെടലുകളെ ബന്ധപ്പെടുത്തിയാണ് വായിക്കേണ്ടത്. ഇന്ത്യൻ ഇടതുപക്ഷ ഫോർമുലകളുടെയും കണക്കുകൂട്ടലുകളുടെയും തുടർച്ചയാകുമോ ബിഹാർ എന്ന് കാത്തിരുന്നുകാണേണ്ടിവരും

നാധിപത്യം ഏകാധിപത്യ പ്രവണതകളിലൂടെ കടന്നുപോകുന്ന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ സാധ്യതകളും പരിമിതികളും പുതിയ രീതിയിൽ വായിക്കപ്പെടേണ്ടതുണ്ട്, പ്രത്യേകിച്ച് ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.ഐ(എം.എൽ) ലിബറേഷൻ, സി.പി.എം, സി.പി.ഐ തുടങ്ങിയ പാർട്ടികൾ കൈവരിച്ച വിജയത്തിന്റെ പാശ്ചാത്തലത്തിൽ.

സൈദ്ധാന്തിക- പ്രയോഗ വ്യത്യാസങ്ങൾ ഇന്നും വിടാതെ പിന്തുടരുന്ന ഇന്ത്യൻ ഇടതുപക്ഷത്തിന്റെ വർത്തമാനത്തെയും ഭാവിയെയും നിർണയിക്കുന്ന ഘടകങ്ങൾ ഈ വിജയവുമായി ബന്ധപ്പെടുത്തി അന്വേഷിക്കേണ്ടിയിരിക്കുന്നു.
ഇടതുപക്ഷ അപചയത്തിന്റെ പാർശ്വഫലങ്ങൾ നന്ദിഗ്രാമാനന്തര ബംഗാളിലും ത്രിപുരയിലെ തെരഞ്ഞെടുപ്പ് പരാജയത്തിലും കേരളത്തിലെ അഴിമതി രാഷ്ട്രീയ പരമ്പരകളിലും അവസാനിക്കുന്നില്ല.

മുതലാളിത്തത്തെ വെല്ലുവിളിച്ച് സോഷ്യലിസത്തിലേക്ക് എന്ന ആദ്യകാല ഇടതുപക്ഷത്തിന്റെ യാത്ര വഴിമാറുകയും സമകാലിക ഇടതുപക്ഷം മുതലാളിത്തത്തിന്റെ നവലിബറൽ ആശയങ്ങളിലും പ്രയോഗങ്ങളിലും ചെന്ന് അഭയം പ്രാപിക്കുന്നുണ്ടോ എന്നും ഇതോടൊപ്പം വിശകലനം ചെയ്യപ്പെടണം. എങ്കിൽ മാത്രമേ, ആഘോഷിക്കപ്പെടുന്ന ഈ വിജയത്തിന്റെ യഥാർഥ്യം തിരിച്ചറിയാൻ കഴിയൂ.

ഇന്ത്യൻ സാഹചര്യത്തിലേക്കുവരാം. തീവ്ര ഇടതുപക്ഷം തികച്ചും യാന്ത്രികമായ, രക്തരൂക്ഷിതമായ ഇടപെടലുകളിലൂടെ അടിസ്ഥാന- സവിശേഷ സാഹചര്യം തിരിച്ചറിയാതെ ഭരണകൂട അടിച്ചമർത്തലിന് വിധേയമാകുകയും തമ്മിൽത്തമ്മിൽ അകലം പാലിക്കുകയും ചെയ്യുന്നു. ഇടതുപക്ഷത്തെ ഇത്തരം വൈരുധ്യധാരകളുടെ ഉപരിപ്ലവമായ ഐക്യം ‘വിശാല ഇടതുപക്ഷം' എന്ന രീതിയിൽ ചർച്ച ചെയ്യപ്പെടുന്നത് സമകാലിക ഹിന്ദുത്വ വ്യവഹാരങ്ങളുടെ ഉച്ചസ്ഥായിയിൽ മാത്രമാണ് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതേസമയം, പ്രീണന സ്വഭാവം തിരിച്ചറിഞ്ഞ് ദളിത്- ബഹുജൻ- ന്യൂനപക്ഷ- ആദിവാസി വിഭാഗങ്ങളുടെ വ്യത്യസ്തമായ രാഷ്ട്രീയ കൂട്ടായ്മകൾ ഇടതുപക്ഷത്തിൽനിന്ന് വേറിട്ടുനിൽനിൽക്കുകയും ചെയ്യുന്നു.

ആഗോള- ദേശീയ തലങ്ങളിൽ വർഗേതരമായി നടക്കുന്ന സാമൂഹ്യ- രാഷട്രീയ ഇടപെടലുകളുടെ രാഷ്ട്രീയചരിത്രം ഇടതുപക്ഷം തിരസ്‌കരിക്കുന്നത് ‘സ്വത്വരാഷ്ട്രീയം' എന്ന ആരോപണത്തിലൂടെയാണ്. അതേസമയം, ഇവിടെ, ബ്രാഹ്മണിക് ഇടതുപക്ഷമാകട്ടെ, ജാതിയെ ചോദ്യം ചെയ്യാതിരിക്കുകയും ജാതിയുടെ പ്രത്യയശാസ്ത്രത്തെയും പ്രയോഗങ്ങളെയും ചോദ്യം ചെയ്യുന്ന ദളിത് രാഷ്ട്രീയ കൂട്ടായ്മകളെ വിമർശിക്കുകയും ചെയ്യുന്ന, വൈരുധ്യം നിറഞ്ഞ ഒരു രാഷ്ട്രീയ കാലാവസ്ഥ നിലനിൽക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സങ്കീർണമായ ആഗോള- ദേശീയ രാഷ്ട്രീയ പാശ്ചാത്തലത്തിൽ ഇടതുപക്ഷത്തിന്റെ ‘തിരിച്ചുവരവ്' ഇത്ര ആഘോഷമാക്കേണ്ടതുണ്ടോ?

ഇപ്പോൾ, ഇടതുപക്ഷ വിജയം ആഘോഷിക്കുന്ന ബിഹാറിനെക്കുറിച്ചുള്ള സാമാന്യ രാഷ്ട്രീയബോധത്തിന് ഏറെ പരിമിതികളുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാധ്യതകൾക്കുള്ള ഇടം ബിഹാറിൽ നേരത്തെ തയാറാക്കപ്പെട്ടിരുന്നു. സമകാലിക ഹിന്ദുത്വധാരകൾ അത് തിരിച്ചറിയുകയും ചെയ്തു. അത്തരമൊരു മാറ്റം ‘മോദി ഫാക്ടർ' മാത്രമല്ലെന്നും അത് ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ സവിശേഷമായ തുടർച്ചയുടെ ഭാഗമാണ് എന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു.

ബിഹാറിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോൾ സങ്കീർണമായ വലതു- ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ധാരകൾ കാണാൻ കഴിയും. എന്നാൽ, വലതുപക്ഷ/അധീശ മാധ്യമങ്ങളും ചില സാമൂഹ്യശാസ്ത്ര അന്വേഷണങ്ങളും ബിഹാർ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കിനെ വ്യത്യസ്തമായ രീതിയിലാണ് അടയാളപ്പെടുത്തുന്നത്.

അടിയന്തരാവസ്ഥക്കെതിരെ ഉയർന്നുവന്ന ബിഹാറില വിദ്യാർഥി സമരങ്ങൾ വ്യവസ്ഥാപിത താൽപര്യങ്ങളെ വെല്ലുവിളിച്ചിരുന്നുവെങ്കിലും അത് സമഗ്രമായ രീതിയിൽ ഇടതുപക്ഷ ദിശയിലേക്ക് വികസിച്ചില്ല. മൃദു ഹിന്ദുത്വ ധാരകളുള്ള ഗാന്ധിയൻ- ജെ.പി പ്രസ്ഥാനങ്ങളുടെ സ്വാധീനവും വിദ്യാർഥികളുടെ രാഷ്ട്രീയ ഉണർവുകളുടെ അടിവേരുകളെ നിർണയിച്ചു. അതുകൊണ്ടുതന്നെ, അംബേദ്കറുടെ ആശയങ്ങൾക്ക് ഇടം കിട്ടിയില്ല.

എങ്ങനെയാണ് മധ്യജാതി- ദളിത് വിഭാഗങ്ങൾ വിവിധ രാഷ്ട്രീയ ചിന്താഗതികളാൽ സ്വാധീനിക്കപ്പെട്ടത് എന്നതിനെക്കുറിച്ച് നിരവധി പഠനങ്ങളുണ്ടായിട്ടുണ്ട്. സഹജാനന്ദ് സരസ്വതിയുടെ 'ബിഹാർ കിസാൻ സഭ' മധ്യജാതികളിൽ പെട്ട കൃഷിക്കാരെ സംഘടിപ്പിച്ചു, ജഗ്ജീവൻ റാം Khetihar Mazdoor Sabhaയിലൂടെ ദളിത് കർഷകരെ സംഘടിപ്പിച്ചു- ഈ രണ്ട് സംഘാടനങ്ങളോടെയാണ് ജാതി ഇന്ത്യൻ സോഷ്യലിസത്തിന്റെ വളർച്ചയെ ബാധിക്കാൻ തുടങ്ങിയതെന്ന് ഇടതുപക്ഷ ചിന്തകനായ വിജയ് പ്രഷാദ് നിരീക്ഷിക്കുന്നുണ്ട്. ജാതിയുടെ ധ്രുവീകരണം വർഗപരമായ രാഷ്ട്രീയ തിരിച്ചുവരവുകളെ അദൃശ്യവൽക്കരിക്കുന്നതിൽ കലാശിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് ഒളിവിൽ പ്രവർത്തിച്ചിരുന്ന സി.പി.എമ്മും തീവ്ര ഇടതുപക്ഷവും, ബിന്ദേശ്വരി പ്രസാദ് മണ്ഡലിന്റെ Shoshit Dal ന്റെ തുടർച്ച, ഗ്രാമീണ ഒ.ബി.സികളുടെ മണ്ഡലാനന്തര കാലഘട്ടത്തിലെ അധികാര ഘടനകൾ, മായാവതിയുടെ ഒ.ബി.സി ജന്മികളും ദളിത് ഭൂരഹിത തൊഴിലാളികളും തമ്മിലുള്ള സംഘർഷം തുടങ്ങിയ ഘടകങ്ങളെ ഉത്തരേന്ത്യൻ സാഹചര്യത്തിലെ സോഷ്യലിസ്റ്റ് തകർച്ചയുടെ ഭാഗമായി വിജയ് പ്രഷാദ് വായിച്ചെടുക്കുന്നുണ്ട്.

1980ൽ ബിഹാറിലെ പിപ്രയിൽ കുറുമി ജന്മികൾ ദളിതരെ കൂട്ടക്കൊല ചെയ്തതിനെയും സോഷ്യലിസത്തിന്റെ പതനവുമായി ചേർത്ത് വായിക്കുന്നുണ്ട്, വിജയ് പ്രഷാദ്. അറുപതുകളിലെ മാവോയിസ്റ്റ്- സി.പി.ഐ (എം.എൽ) പിളർപ്പും തുടർന്ന് സി.പി.ഐ (എം.എൽ) യിൽ നടന്ന ആന്തരിക ധ്രുവികരണങ്ങളും ഇതോടൊപ്പം ചേർത്തുവായിക്കാം.

2015ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള സി.പി.ഐ, സി.പി.എം, സി.പി.ഐ (എം.എൽ) സഖ്യത്തെ ബിഹാറിന്റെ രാഷ്ട്രീയ സമ്മർദ്ദമെന്ന നിലക്കാണ് അന്നത്തെ സി.പി.എം സ്‌റ്റേറ്റ് സെക്രട്ടറി വിജയകാന്ത് ഠാക്കൂർ വിശേഷിപ്പിച്ചത്. സമകാലിക ഇടതുപക്ഷത്തിന്റെ പ്രതിസന്ധികളെ മറികടക്കാൻ ഇത്തരം സഖ്യങ്ങൾക്ക് കഴിയുമെന്ന ശുഭാപ്തി വിശ്വാസം വിജയ് പ്രഷാദ് പ്രകടിപ്പിക്കുന്നു.

1990കളിൽ ബിഹാർ ഉൾപ്പെടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എങ്ങനെയാണ് ദളിതർക്കെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഇന്ത്യൻ കമ്യൂണിസത്തിന്റെ ഭാവിയെക്കുറിച്ചുള്ള അന്വേഷണത്തിൽ ജാതിയെ മേൽപറഞ്ഞ ഘടകങ്ങളിലൂടെയാണ് വിജയ് പ്രഷാദ് വായിച്ചെടുക്കുന്നത്.

ബിഹാറിലെ നക്‌സൽബാരി മുന്നേറ്റങ്ങൾ, പ്രത്യേകിച്ചും 1968-69 കാലത്ത് നടന്ന മുഷാഹരി ബ്ലോക്കിൽ നടന്ന മുന്നേറ്റങ്ങൾക്ക്, സംസ്ഥാനത്തെ ഫ്യൂഡൽ- അർധ ഫ്യൂഡൽ അവസ്ഥകളെ മറികടക്കാനായിട്ടുണ്ടോ, അല്ലെങ്കിൽ നേരത്തെ സൂചിപ്പിച്ചതുപോലെ ഉയർന്ന ജാതി- ഭൂവുടമകളുടെ മേൽക്കോയ്മയെ മറികടന്ന് എത്രമാത്രം മുന്നോട്ട് പോയിട്ടുണ്ട്, അല്ലെങ്കിൽ രാഷ്ട്രീയ- സാമൂഹിക നീതിക്ക് എത്ര വികാസമുണ്ടായിട്ടുണ്ട് എന്നെല്ലാം ചിന്തിക്കുമ്പോൾ, സ്വാതന്ത്ര്യാനന്തര ബിഹാറിന്റെ ദാരുണമായ അവസ്ഥ തെളിഞ്ഞുവരും.

ഉയർന്ന ജാതി ഭൂവുടമകളുടെ അടിച്ചമർത്തൽ സ്വഭാവികമായും ദളിതുകളെ സി.പി.ഐ (എം.എൽ) യുടെ തീവ്ര ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിലേക്കും പ്രയോഗങ്ങളിലേക്കും ആകർഷിച്ചു. ജാതി മേൽക്കോയ്മ എത്രത്തോളം അത്തരം ഇടതുപക്ഷ രാഷ്ട്രീയ പ്രയോഗങ്ങളിലൂടെ ഇല്ലാതായെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഭൂരഹിത ദളിതരെ സംഘടിപ്പിക്കുവാൻ നടത്തിയെന്ന് പറയപ്പെടുന്ന അത്തരം രാഷ്ട്രീയ ഇടപെടലുകൾ ദളിതരെ എത്രമാത്രം ആത്മാഭിമാനം കൈവരിക്കാൻ സഹായിച്ചുവെന്നും അവരുടെ സാമൂഹിക മുന്നേറ്റത്തിന് അത് ഇടയാക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കുമ്പോഴാണ്, ഇപ്പോഴത്തെ ഇടതുപക്ഷ വിജയമെന്ന അവകാശവാദം സന്ദേഹങ്ങളുയർത്തുന്നത്.

അതുകൊണ്ടുതന്നെ, ദളിത് തൊഴിലാളികൾ ബിഹാർ വിട്ട് മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ജോലിയന്വേഷിച്ചുപോകുന്നു. അവർ ഡൽഹിയിലും ഹരിയാനയിലും എത്തുന്നു. ഇടതുപക്ഷ രാഷ്ട്രീയം ഇന്ത്യയിലുടനീളം ദളിത് രക്തസാക്ഷികളെ സൃഷ്ടിക്കുകയും അതേസമയം ആത്മാഭിമാന പോരാട്ടത്തിന് അവരെ സജ്ജമാക്കുന്നു എന്ന വാചോടോപം നടത്തുകയും ചെയ്യുന്നു. ഈ യാഥാർഥ്യം അഖിലേന്ത്യ തലത്തിലുള്ള ദളിത് സംഘടനകൾ തിരിച്ചറിയുന്നുണ്ട്.

ജഗ്ജീവൻ റാമും രാം വിലാസ് പാസ്വാനും അടക്കമുള്ള ബിഹാറിലെ ദളിത് രാഷ്ട്രീയ നേതാക്കൾ അവസരവാദപരമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ദല്ലാളുകളായി പരിണമിച്ചത് ഇന്നത്തെ ദളിത് തലമുറയുടെ ഓർമയിലുണ്ട്. അതുകൊണ്ടുതന്നെ, ദളിത് വിദ്യാർഥികളുടെ അനൗപചാരിക ചർച്ചകളിൽ ഇത്തരം ദളിത് നേതാക്കളും ജാതിയുടെ ആനുകൂല്യം പേറുന്ന ‘വിപ്ലവകാരി'കളും പരിഹസിക്കപ്പെടുന്നു. ബിഹാറിലെ ബതാനി തോലയിൽ 1996ൽ രൺവീർ സേന നടത്തിയ ദളിത്- മുസ്‌ലിം കൂട്ടക്കൊലയെയും സമാന കൂട്ടക്കൊലകളെയും വളരെ യാന്ത്രികമായാണ് ഇടതുപക്ഷ സംഘടനകൾ ഉപയോഗിച്ചതെന്ന തിരിച്ചറിവ് ദളിതുകൾക്കുണ്ട്, മാത്രമല്ല, ദളിതുകളുടെ പേരിലുള്ള ദളിത്/ അദളിത് ഗവൺമെന്റിതര സംഘടനകൾ തങ്ങളെ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്നും അവർക്ക് അറിയാം. ബാലവേലയിലേക്ക് തള്ളപ്പെടുന്ന ദളിത് കുട്ടികളുടെ അവസ്ഥ, ജാതീയതയുടെയും അധ്വാനത്തിന്റെയും ദുരവസ്ഥ വെളിപ്പെടുത്തുന്നു. കുട്ടികളുടെ പോഷകാഹാരക്കുറവിനെക്കുറിച്ചുള്ള ചർച്ച ബിഹാറിന്റെ വികസനത്തിന്റെ യഥാർഥ മുഖം വെളിവാക്കുന്നു. ഇതെല്ലാം ബിഹാറിലെ ദളിത് രാഷ്ട്രീയ സാധ്യതകളുടെ പ്രസക്തി ചൂണ്ടിക്കാണിക്കുന്നു.

സി.പി.ഐ (എം.എൽ) എം.എൽ.എമാരുടെയും സ്ഥാനാർഥികളുടെയും ദാരിദ്ര്യവും ദളിതത്വവും വർഗാടിത്തറയുമെല്ലാം ഉയർത്തിക്കാണിക്കുന്നുണ്ട്, ചില മാധ്യമങ്ങൾ. ഉദാഹരണത്തിന്, മനോജ് മൻസിലിന്റെ സാമൂഹിക പാശ്ചാത്തലം. ഇത്തരം രാഷ്ട്രീയ പ്രൊജക്ഷൻസ് ഒരുതരം tokenism ഊട്ടിയുറപ്പിക്കുന്നു.

അരവിന്ദ് എൻ. ദാസ് റിപ്പബ്ലിക് ഓഫ് ബിഹാർ എന്ന പുസ്തകത്തിൽ ബിഹാറിന്റെ അതിസങ്കീർണമായ രാഷ്ട്രീയ- സാമ്പത്തിക- സാമൂഹിക തലങ്ങളെ വായിച്ചെടുക്കുന്നുണ്ട്. ബിഹാറിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് ജനസംഖ്യ ശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരും നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്. അനീതിയെ ഊട്ടിയുറപ്പിക്കുന്ന ഒരു സാഹചര്യം അവിടെ നിലനിൽക്കുന്നതായി ഈ പഠനങ്ങൾ പറയുന്നു. ഇത്തരമൊരു സാഹചര്യം കൂടി പരിഗണിച്ച് ഇടതുപക്ഷത്തിന്റെ വിജയത്തെ പുനർവായനക്ക് വിധേയമാക്കേണ്ടതുണ്ട്.

അതിനിടെ, കിഴക്കൻ ചമ്പാരനിലെ ജാമുവ ഗ്രാമത്തിൽ, വിജയാഘോഷത്തിനിടെ ബി.ജെ.പി പ്രവർത്തകർ മോസ്‌ക് ആക്രമിച്ച് അഞ്ചുപേരെ പരിക്കേൽപ്പിച്ചു. തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങളുടെ പാശ്ചാത്തലത്തിൽ വർഗീയ ധ്രുവീകരണം നടക്കുകയാണ്. യാദവർക്കും മുസ്‌ലിംകൾക്കും ഇടയിലുള്ള അകലം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നുണ്ടെന്ന കാര്യം പ്രത്യേകം ഓർക്കാം.

അസദുദ്ദീൻ ഉവൈസിയുടെ ഇടപെടൽ ദളിത്- മുസ്‌ലിം കൂട്ടായ്മ ഊട്ടിയുറപ്പിക്കുമെന്നും അത് ഹിന്ദുത്വത്തെ ചോദ്യം ചെയ്യുമെന്നുമുള്ള ഇടതുപക്ഷ കാൽപനിക വായന ജാതി എങ്ങനെ മുസ്‌ലിംകൾക്കിടയിൽ പ്രവർത്തിക്കുന്നുവെന്ന അജ്ഞതയിൽ നിന്നുണ്ടാകുന്നതാണ്. അതേസമയം, കോൺഗ്രസ്- ഇടതുപക്ഷ ധാരകളിൽ നിന്നുള്ള ഉവൈസി വിമർശനം ഹിന്ദുത്വ രാഷ്ട്രീയത്തെ സഹായിക്കുകയും ചെയ്യും. ആർ.ജെ.ഡി- ഇടതുപക്ഷ- കോൺഗ്രസ് സഖ്യം വ്യതിരിക്തമായ ഇടപെടലാണെന്നും യുവാക്കളുടെ രാഷ്ട്രീയ മുന്നേറ്റമാണെന്നുമാണ് സി.പി.ഐ (എം.എൽ) വിശേഷിപ്പിക്കുന്നത്.

നിതീഷ് കുമാറിന്റെയും ചിരാഗ് പാസ്വാന്റെയും ഭിന്നതക്ക് സമാന്തരമായി മേൽജാതിക്കാരും പിന്നാക്ക ജാതിക്കാരും ഒരേപോലെ വോട്ടുബാങ്കായി പരിണമിക്കപ്പെട്ടതാണ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ടത്. തേജസ്വി യാദവിന്റെ വളർച്ചയും ജാതീയ സമവാക്യങ്ങളുടെ തുടർച്ചയാണ്. കോൺഗ്രസിന്റെ പതനം അഖിലേന്ത്യ തലത്തിലുള്ള പ്രതിരോധമെന്ന നിലയിൽ രാഷ്ട്രീയത്തിൽ വലിയ വിള്ളൽ സൃഷ്ടിക്കുകയും ഹിന്ദുത്വ രാഷ്ട്രീയത്തിന് ബിഹാറിലും മറ്റ് സംസ്ഥാനങ്ങളിലും വേഗം നൽകുകയും ചെയ്യും. AIMIM ഇടപെടൽ വലതുപക്ഷ വർഗീയതയെന്നും ന്യൂനപക്ഷ വർഗീയതയെന്നുമുള്ള പതിവു ചട്ടക്കൂടിൽനിന്ന് വ്യത്യസ്തമായി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാധൂകരണത്തിനിടയാക്കും.

ബിഹാറിലെ ഇടതുപക്ഷ വിജയം എങ്ങനെ വർഗീയതയയും ജാതിയെയും തകർക്കുന്നു എന്നത്, അവരുടെ ഇനിയുള്ള സാമൂഹിക- രാഷ്ട്രീയ ഇടപെടലുകളെ ബന്ധപ്പെടുത്തിയാണ് വായിക്കേണ്ടത്. ഇന്ത്യൻ ഇടതുപക്ഷ ഫോർമുലകളുടെയും കണക്കുകൂട്ടലുകളുടെയും തുടർച്ചയാകുമോ ബിഹാർ എന്ന് കാത്തിരുന്നുകാണേണ്ടിവരും.

Comments