ഇന്ത്യയ്ക്ക് 18%,
യു.എസിന് 0%;
സ്വതന്ത്ര വ്യാപാരത്തി​ലെ
ചതിക്കണക്ക്

‘‘ഇന്ത്യ പൂജ്യം ശതമാനവും അമേരിക്ക 18 ശതമാനവും തീരുവ ഏർപ്പെടുത്തുന്നതിനെ സ്വതന്ത്ര വ്യാപാര കരാർ എന്ന് വിശേഷിപ്പിക്കാനാകില്ല. ഫെബ്രുവരി ആറിന് പുറത്തിറക്കിയ സംയുക്തപ്രസ്താവനയിൽ ഇല്ലാത്ത പല കാര്യങ്ങളും തൊട്ടുപുറകേ പുറത്തിറക്കിയ ഫാക്റ്റ് ഷീറ്റിലുണ്ടായിരുന്നു. ഇതാണ് കരാറിനെക്കുറിച്ച് ദുരൂഹതയുണ്ടാക്കുന്നത്’’- ഡോ. സന്തോഷ് മാത്യു എഴുതുന്നു.

യു.എസ്- ഇന്ത്യ സംയുക്ത വ്യാപാരക്കരാറിന് മുന്നോടിയായി ഇടക്കാലക്കരാറിന്റെ ചട്ടക്കൂട് പ്രഖ്യാപിച്ചതോടെ, ഇന്ത്യൻ കാർഷിക മേഖലയുടെ സമഗ്ര പൊളിച്ചെഴുത്ത് സാധ്യമാകുമെന്നാണ് അവകാശവാദം. എന്നാൽ യാഥാർത്ഥ്യം എന്താണ്?

ഭക്ഷ്യധാന്യങ്ങൾ, പഴങ്ങൾ, ഭക്ഷ്യഎണ്ണ തുടങ്ങിയവയ്‌ക്ക് തീരുവ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചതോടെ കാർഷിക മേഖലയെ കരാറിൽ നിന്ന് ഒഴിവാക്കുമെന്ന വാദം അപ്രസക്തമായിക്കഴിഞ്ഞു. യു.കെ, ന്യൂസിലാൻഡ്, യൂറോപ്യൻ യൂണിയൻ എന്നിവയുമായി ഒപ്പുവച്ച കരാറുകളിലും അമേരിക്കയുമായുള്ള കരാറിലും പാലുൽപ്പന്നങ്ങൾ ഉറപ്പുകൾക്ക് വിരുദ്ധമായി ഉൾപ്പെടുത്തി. മാംസം ഉൾപ്പെട്ട കാലിത്തീറ്റ കഴിക്കുന്ന മൃഗങ്ങളുടെ പാൽ ഇറക്കുമതി ചെയ്യില്ലെന്ന് പറയുന്നുണ്ടെങ്കിലും പ്രയോഗത്തിൽ വരുന്നില്ല.

അമേരിക്കൻ സോയാബീൻ, മാംസം, പാലുത്പന്നങ്ങൾ എന്നിവയ്‌ക്കായി ഇന്ത്യ വിപണികൾ തുറക്കില്ലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറയുന്നുണ്ടെങ്കിലും ഇത്തരം ഉറപ്പുകൾ ശാശ്വതമല്ല.

ഇന്ത്യൻ കാലിത്തീറ്റ വിപണി ഒന്നടങ്കം യു.എസ് കമ്പനികൾ കൈയടക്കുന്നതിലേക്കാണ് കരാർ നയിക്കുക.

യു.എസിൽനിന്ന് നിലവിൽ ചോളം, സോയാബീൻ, പരുത്തി തുടങ്ങിയവ വൻതോതിൽ ഇറക്കുമതി ചെയ്യുന്നുണ്ട്‌. ഇതിനുപുറമെയാണ് ഇപ്പോൾ നട്സ്, ഡ്രൈ ഫ്രൂട്ട്‌സ്, പഴങ്ങൾ, കാലിത്തീറ്റയ്‌ക്കാവശ്യമായ ഉൽപ്പന്നങ്ങൾ എന്നിവ ഇന്ത്യയിലേക്ക് ഒഴുകാൻ വഴിയൊരുങ്ങുന്നത്‌. ഇന്ത്യയിലെ ഫലവർഗ- ധാന്യ- പരുത്തി കർഷകർക്ക് കരാർ തിരിച്ചടിയാകുമെന്ന് തീർച്ച.

ഇന്ത്യൻ കാലിത്തീറ്റ വിപണി ഒന്നടങ്കം യു.എസ് കമ്പനികൾ കൈയടക്കുന്നതിലേക്കാണ് കരാർ നയിക്കുക. അമേരിക്കൻ ഗോതമ്പ്, ആപ്പിൾ, പൈനാപ്പിൾ, കൊക്കോ, ഉണങ്ങിയ പഴങ്ങൾ എന്നിവയുടെ ഇറക്കുമതി ഇന്ത്യൻ കർഷകരെ തകർക്കും. ജി.എം ധാന്യങ്ങളും വിത്തുകളും മണ്ണിന്റെ ഫലഭൂയിഷ്ഠതയെ തകർക്കും. അമേരിക്കയിൽനിന്ന് ഉയർന്ന സബ്സിഡിയോടെ ഇറക്കുമതി ചെയ്യുന്ന വിലകുറഞ്ഞ സോയാബീൻ എണ്ണ കേരളത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായ നാളികേരകൃഷിയെ ഗുരുതരമായി ബാധിക്കും. വിലകുറഞ്ഞ സിന്തറ്റിക് റബ്ബർ ഇറക്കുമതി വർധിക്കുന്നത് സംസ്ഥാനത്തെ റബ്ബർ കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കും.

കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. അമേരിക്കൻ സോയാബീൻ, മാംസം, പാലുത്പന്നങ്ങൾ എന്നിവയ്‌ക്കായി ഇന്ത്യ വിപണികൾ തുറക്കില്ലെന്ന് പിയൂഷ് ഗോയൽ പറയുന്നുണ്ടെങ്കിലും ഇത്തരം ഉറപ്പുകൾ ശാശ്വതമല്ല.
കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. അമേരിക്കൻ സോയാബീൻ, മാംസം, പാലുത്പന്നങ്ങൾ എന്നിവയ്‌ക്കായി ഇന്ത്യ വിപണികൾ തുറക്കില്ലെന്ന് പിയൂഷ് ഗോയൽ പറയുന്നുണ്ടെങ്കിലും ഇത്തരം ഉറപ്പുകൾ ശാശ്വതമല്ല.

ഇന്ത്യ പൂജ്യം ശതമാനവും അമേരിക്ക 18 ശതമാനവും തീരുവ ഏർപ്പെടുത്തുന്നതിനെ സ്വതന്ത്ര വ്യാപാര കരാർ എന്ന് വിശേഷിപ്പിക്കാനാകില്ല. ഏറ്റവുമൊടുവിൽ, കരാറുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ഫാക്റ്റ് ഷീറ്റിൽ യു.എസ് ചില തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. അമേരിക്കയിൽനിന്ന് 500 ശതകോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചു എന്നത് വാങ്ങാൻ ഉദ്ദേശിക്കുന്നു എന്നാക്കി മാറ്റി. ചില പയർ ഇനങ്ങൾ അടക്കമുള്ള ഭക്ഷ്യ- കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന പരാമർശത്തിലെ ‘ചില പയർ ഇനങ്ങൾ’ എന്ന ഭാഗം നീക്കി. ഫെബ്രുവരി ആറിന് പുറത്തിറക്കിയ സംയുക്തപ്രസ്താവനയിൽ ഇല്ലാത്ത പല കാര്യങ്ങളും തൊട്ടുപുറകേ പുറത്തിറക്കിയ ഫാക്റ്റ് ഷീറ്റിലുണ്ടായിരുന്നു. ഇതാണ് കരാറിനെക്കുറിച്ച് ദുരൂഹതയുണ്ടാക്കുന്നത്.

‘ഓപ്പറേഷൻ ഫ്ലഡ്’ ആരംഭിച്ച് 28 വർഷത്തിനകം ഇന്ത്യ പാൽക്ഷാമരാജ്യത്തുനിന്ന് ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപ്പാദക രാജ്യമായി മാറി. സ്വാതന്ത്ര്യത്തിനുശേഷം എട്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും, ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള കൃഷിയും ക്ഷീരമേഖലയും വിദേശ മത്സരത്തെ നേരിടാൻ അശക്തമാണെന്നും അതുകൊണ്ടാണ് അവയ്ക്ക് തീരുവ സംരക്ഷണം അനിവാര്യമാണ് എന്നുമുള്ള വാദമുയരുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യ ഒപ്പുവെച്ച വ്യാപാര കരാറുകൾ ഇതിന് തെളിവാണ്. യു.കെയുമായുള്ള CETA ആയാലും, ന്യൂസിലൻഡുമായുള്ള FTA ആയാലും, യൂറോപ്യൻ യൂണിയനുമായും യു. എസുമായും ഒപ്പിട്ട കരാറുകളായാലും, കൃഷിയും ക്ഷീരമേഖലയുമാണ് ഇന്ത്യക്ക് വൻ പ്രതിസന്ധിയുണ്ടാക്കാൻ പോകു​ന്നത്.

ഇന്ത്യയിലേതിനേക്കാൾ വളരെ ഉയർന്ന ഉത്പാദനക്ഷമതയാണ് അമേരിക്കയിലെ കാർഷിക മേഖലക്കുള്ളതെന്നിരിക്കെ, ഇന്ത്യയിൽ നിലനിൽക്കുന്നതിനേക്കാളും വളരെ താഴ്ന്ന വിലയിൽ കാർഷികോല്പന്നങ്ങൾ ഇന്ത്യയിലേക്ക് യഥേഷ്ടം കയറ്റിയയക്കാൻ അമേരിക്കക്ക് കഴിയും.

ഇന്ത്യയിൽ 15 കോടിയോളം കർഷക കുടുംബങ്ങളുണ്ട്. ഫ്രാൻസിൽ നാലു ലക്ഷത്തിൽ താഴെ മാത്രം. എങ്കിലും തെക്കേ അമേരിക്കയിലെ മെർക്കോസൂർ ബ്ലോക്കുമായുള്ള യൂറോപ്യൻ യൂണിയന്റെ പുതിയ വ്യാപാര കരാറിനെതിരെ ഫ്രാൻസിൽ ശക്തമായ പ്രതിഷേധമാണുയർന്നത്. അത് സ്വാഭാവികവുമാണ്. കാരണം, അവിടെ ഭക്ഷ്യസുരക്ഷ ദേശീയ സുരക്ഷയുടെ ഭാഗമാണ്. ‘ജവാനും കിസാനും ഒരുമിച്ചാണ് യുദ്ധങ്ങൾ ജയിക്കുന്നത്’ എന്നാണ് ആധുനിക രാജ്യങ്ങളുടെ നയം.

എന്നാൽ, ഇന്ത്യ കാർഷികോൽപ്പന്ന ഇറക്കുമതികളുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നിലപാടുകൾ നമ്മുടെ കർഷകരുടെ അനിശ്ചിതവും ദുർബലവുമായ ജീവിതാവസ്ഥയെ തുറന്നുകാട്ടുന്നു. അമേരിക്കയിൽ തൊഴിൽ മേഖലയുടെ വെറും 1.2 ശതമാനമാണ് കൃഷി. യു.എസിന്റെ GDP-യിൽ ഒരു ശതമാനവും യൂറോപ്യൻ യൂണിയനിൽ 1.6 ശതമാനവും മാത്രവുമാണ് കാർഷിക മേഖലയുടെ സംഭാവന. ഇന്ത്യയിലാകട്ടെ താരതമ്യേന ചെറിയ GDP യാണ്. എന്നാൽ, GDP-യിലെ 16.3 ശതമാനം കൃഷിയിൽ നിന്നാണ്.

ഇന്ത്യയിൽ ദശലക്ഷക്കണക്കിന് പേരാണ് സാമ്പത്തികമായി നിലനിൽക്കാനാവാതെ കൃഷിയിടങ്ങളിൽ ജീവിതം തള്ളിനീക്കുന്നത്. എന്തുകൊണ്ട്? മെച്ചപ്പെട്ടതും സ്ഥിരവുമായ തൊഴിലവസരങ്ങളുടെ അഭാവം. അതിനൊപ്പം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മൊത്ത വളർച്ച 7.4 ശതമാനമായിരിക്കുമ്പോൾ, കൃഷി മേഖലയുടെ വളർച്ച 4.4 ശതമാനത്തിൽ ഒതുങ്ങുന്നു. അങ്ങനെ വരുമ്പോൾ കർഷകരുടെയും കാർഷിക മേഖലയുടെയും ഭാവി പ്രതീക്ഷാജനകമല്ല. അതിനാൽ ഇന്ത്യയുടെ സംരക്ഷണവാദ നിലപാട് ഒരു തരത്തിൽ ന്യായീകരിക്കാവുന്നതാണ്. പക്ഷേ എത്രകാലം എന്നത് പ്രസക്തമാണ്. കൃഷിയെ പൂർണമായും ആശ്രയിക്കുന്ന ജനസംഖ്യ 20 ശതമാനമാക്കാനോ 10 ശതമാനമാക്കാനോ നമുക്ക് എത്ര ദശാബ്ദങ്ങൾ കൂടി വേണ്ടിവരും എന്നത് ഒരു ചോദ്യ ചിഹ്നമാണ്. ഉൽപ്പാദനക്ഷമത കുറഞ്ഞ ഒരു മേഖലയിൽ 45 ശതമാനം ജനങ്ങളെ പിടിച്ചിരുത്തുന്നത്, കുറഞ്ഞ പലിശയുള്ള സേവിംഗ്സ് അക്കൗണ്ടിൽ പണം നിക്ഷേപിച്ച് അടയിരിക്കുന്നതുപോലെയാണ്.

യു.കെയുമായുള്ള വ്യാപാര കരാർ ഒപ്പിട്ടശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.കെ പ്രധാനമന്ത്രി കീർ സ്റ്റാമറും. യു.കെയുമായുള്ള വ്യാപാര കരാർ ആയാലും, ന്യൂസിലൻഡുമായുള്ള കരാറായാലും, യൂറോപ്യൻ യൂണിയനുമായും യു. എസുമായും ഒപ്പിട്ട കരാറുകളായാലും, കൃഷിയും ക്ഷീരമേഖലയുമാണ്  ഇന്ത്യക്ക് വൻ പ്രതിസന്ധിയുണ്ടാക്കാൻ പോകു​ന്നത്.
യു.കെയുമായുള്ള വ്യാപാര കരാർ ഒപ്പിട്ടശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.കെ പ്രധാനമന്ത്രി കീർ സ്റ്റാമറും. യു.കെയുമായുള്ള വ്യാപാര കരാർ ആയാലും, ന്യൂസിലൻഡുമായുള്ള കരാറായാലും, യൂറോപ്യൻ യൂണിയനുമായും യു. എസുമായും ഒപ്പിട്ട കരാറുകളായാലും, കൃഷിയും ക്ഷീരമേഖലയുമാണ് ഇന്ത്യക്ക് വൻ പ്രതിസന്ധിയുണ്ടാക്കാൻ പോകു​ന്നത്.

ഇന്ത്യ- യു.എസ് വ്യാപാര കരാറിലെ ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്, കാർഷികോല്പന്നങ്ങൾക്കുള്ള ഇറക്കുമതിച്ചുങ്കം പൂജ്യം ശതമാനം ആയിരിക്കുമെന്നാണ്. ഇന്ത്യയിലേതിനേക്കാൾ വളരെ ഉയർന്ന ഉത്പാദനക്ഷമതയാണ് അമേരിക്കയിലെ കാർഷിക മേഖലക്കുള്ളതെന്നിരിക്കെ, ഇന്ത്യയിൽ നിലനിൽക്കുന്നതിനേക്കാളും വളരെ താഴ്ന്ന വിലയിൽ കാർഷികോല്പന്നങ്ങൾ ഇന്ത്യയിലേക്ക് യഥേഷ്ടം കയറ്റിയയക്കാൻ അമേരിക്കക്ക് കഴിയും. പ്രത്യക്ഷത്തിൽ ഇത് ബാധിക്കുക ഇന്ത്യൻ കർഷകരെയായിരിക്കും. കാർഷിക മേഖലക്ക് വൻതോതിൽ സബ്സിഡി നൽകി ഇതിനെ ഒരു പരിധിവരെ പരിഹരിക്കാമെങ്കിലും, അതിനുള്ള സാധ്യത വിദൂരമാണെന്നു മാത്രമല്ല, ലോക വ്യാപാര സംഘടനയുമായി (WTO) ബന്ധപ്പെട്ട ചർച്ചകളിൽ വ്യക്തമാക്കപ്പെട്ടിട്ടുള്ളതുപോലെ, അമേരിക്ക അനുവർത്തിച്ചുപോരുന്ന വ്യാപാരനയങ്ങൾക്ക് വിരുദ്ധവുമാണ്.

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി തീരുവ 25-ൽ നിന്ന് 18 ശതമാനത്തിലേക്ക് മാറുന്നത് സമുദ്രോത്പന്നങ്ങൾ, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, ആഭരണം, രത്നക്കല്ലുകൾ, ഔഷധങ്ങൾ, തുണി, വസ്ത്രങ്ങൾ, കരകൗശലോത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് ആക്കം കൂട്ടിയേക്കാം. എന്നാൽ, അമേരിക്കൻ കമ്പോളത്തിൽ പ്രസ്തുത ഉത്പന്നങ്ങളോടുള്ള ചോദന ഇലാസ്തികതയെ (Elasticity of Demand) ആസ്പദമാക്കിയായിരിക്കും ഇത് നിർണ്ണയിക്കപ്പെടുക.

ഇത്രയേറെ ചർച്ചകളും കൂടിയാലോചനകളും നടന്നുവെന്ന് അവകാശപ്പെടുമ്പോഴും കരാറിലെ വ്യവസ്ഥകൾ എന്താണ് എന്നോ അത് ഇന്ത്യയെ എങ്ങനെയാണ് ബാധിക്കാൻ പോകുന്നത് എന്നോ പാർലമെന്റിൽപോലും വ്യക്തമാക്കാൻ പ്രധാനമന്ത്രി നരേ​ന്ദ്രമോദിയ്ക്ക് കഴിഞ്ഞില്ല.

അമേരിക്കൻ കാർഷികോല്പന്നങ്ങൾക്ക് ഇന്ത്യയിലേക്ക് വൻതോതിലുള്ള കയറ്റുമതിക്ക് കരാർ വഴിതെളിക്കുമെന്നാണ് അമേരിക്കൻ കൃഷിവകുപ്പ് സെക്രട്ടറി വ്യക്തമാക്കുന്നത്. അമേരിക്കൻ കർഷക സംഘടനകളുടെ ആവശ്യവും മറ്റൊന്നായിരുന്നില്ല. യൂറോപ്യൻ യൂണിയനുമായുള്ള കരാറിലൂടെ, ആ രാജ്യങ്ങളിൽ നിന്നുള്ള ക്ഷീരോല്പന്നങ്ങളും കോഴിയിറച്ചിയുമെല്ലാം ഇന്ത്യയിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യപ്പെടാൻ കാരണമാകും എന്ന ആശങ്ക നിലനിൽക്കെയാണിതെന്നോർക്കണം.

ഉത്തരേന്ത്യൻ കർഷകർക്ക് തിരിച്ചടിയാകുന്നതാണ്, ഇന്ത്യ ഇറക്കുമതിച്ചുങ്കം ഒഴിവാക്കുന്ന ഇനങ്ങളിൽ പലതും. പഴങ്ങളും സംസ്കരിച്ച പഴങ്ങളും ഇറക്കുമതി ചെയ്യുന്നത് ഓറഞ്ച്, ആപ്പിൾ കർഷകരെ ബാധിക്കും. ഇപ്പോൾ 50 ശതമാനം ഡ്യൂട്ടിയിലാണ് ഇറാൻ, തുർക്കി, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ആപ്പിൾ ഇറക്കുമതി ചെയ്യുന്നത്. പ്രതിവർഷം അഞ്ചുലക്ഷം ടൺ ഇറക്കുമതിയിൽ 60 ശതമാനം ഈ രാജ്യങ്ങളിൽനിന്നായിരുന്നു. വാൾനട്ട്, ആൽമണ്ട് തുടങ്ങി മരങ്ങളിൽനിന്നുള്ള പരിപ്പുകളുടെ ഇറക്കുമതിയും ഉത്തരേന്ത്യൻ കർഷകരെ ബാധിക്കും.

കാലിത്തീറ്റക്കെന്ന പേരിൽ മദ്യനിർമാണ ഡിസ്റ്റിലറികളിലെ ധാന്യചണ്ടി (ഡ്രൈഡ് ഡിസ്‌റ്റിലേഴ്‌സ് ഗ്രെയിൻ - DDG) ചുങ്കമില്ലാതെ ഇറക്കുമതി ചെയ്യാം. ധാരാളം ജീവകങ്ങളും ധാതുക്കളും ഫൈബറും അടങ്ങിയ പ്രോട്ടീൻ സമ്പന്നവിഭവമാണിത്. കാൻസറിനു കാരണമാകാവുന്ന അഫ്ലോ ടോക്‌സിനുകൾ ഇല്ലാത്ത DDG മനുഷ്യർക്കും കഴിക്കാം. ഖരാവസ്ഥയിലുള്ള ഇതു ചേർക്കുമ്പോൾ കാലിത്തീറ്റയിൽ സോയാ പിണ്ണാക്കും ചോളവും കുറയ്ക്കാം. അത് സോയാബീൻസിന്റെയും ചോളത്തിന്റെയും വിലയിടിക്കും.

22 ലക്ഷം ടൺ സോയാ എണ്ണ ഉത്പാദിപ്പിക്കുന്ന ഇന്ത്യക്ക് ലോകത്ത് അഞ്ചാം സ്ഥാനമുണ്ട്. അമേരിക്ക രണ്ടാം സ്ഥാനത്താണ്. സോയാ എണ്ണയുടെ വിലയിടിവ് വെളിച്ചെണ്ണയെവരെ ബാധിക്കും. മധ്യപ്രദേശ്, മഹാരാഷ്‌ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് സോയാബീൻ കൃഷി കൂടുതലുള്ളത്. സോയാബീൻ എണ്ണ ഇറക്കുമതിയും ഡ്യൂട്ടിരഹിതമാക്കും. ഇപ്പോൾ അസംസ്കൃത എണ്ണയ്ക്ക് 27.5 ശതമാനവും സംസ്കരിച്ച എണ്ണയ്ക്ക് 36 ശതമാനവും ഡ്യൂട്ടിയുണ്ട്. ഡ്യൂട്ടിയില്ലാതെ യു.എസ് എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യൻ സസ്യ എണ്ണ നിർമാതാക്കൾക്കും കർഷകർക്കും വലിയ തിരിച്ചടിയാകും.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും. ഇന്ത്യ- യു.എസ് വ്യാപാര കരാറിലെ ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്, കാർഷികോല്പന്നങ്ങൾക്കുള്ള ഇറക്കുമതിച്ചുങ്കം പൂജ്യം ശതമാനം ആയിരിക്കുമെന്നാണ്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും. ഇന്ത്യ- യു.എസ് വ്യാപാര കരാറിലെ ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്, കാർഷികോല്പന്നങ്ങൾക്കുള്ള ഇറക്കുമതിച്ചുങ്കം പൂജ്യം ശതമാനം ആയിരിക്കുമെന്നാണ്.

അവ്യക്തത നിറഞ്ഞ വ്യാപാര കരാർ

ഇന്ത്യ – യു.എസ് വ്യാപാര കരാർ നിലവിൽ വരുന്നതോടെ ഏതെല്ലാം കാർഷികോൽപ്പന്നങ്ങളാകും തീരുവരഹിതമായി യു.എസിൽനിന്ന് ഒഴുകുക എന്നതിൽ അവ്യക്തതയുണ്ട്. യുഎസിൽ നിന്നുള്ള വലിയൊരു വിഭാഗം ഭക്ഷ്യവസ്‌തുക്കളുടെയും കാർഷികോൽപ്പന്നങ്ങളുടെയും തീരുവ ഇന്ത്യ ഒഴിവാക്കുകയോ ഗണ്യമായി കുറയ്‌ക്കുകയോ ചെയ്യുമെന്നാണ് സംയുക്ത പ്രസ്‌താവന പറയുന്നത്‌. കാലിത്തീറ്റയ്‌ക്കായുള്ള ഡ്രൈഡ് ഡിസ്‌റ്റിൽഡ് ഗ്രെയിനുകൾ (എഥനോളിന്റെ ഉപോൽപ്പന്നമായ ധാന്യാവശിഷ്ടം), മണിചോളം, വിവിധയിനം നട്‌സ്, ഡ്രൈ-ഫ്രൂട്‌സ്, പഴങ്ങൾ, സംസ്‌കരിച്ച പഴങ്ങൾ, സോയാബീൻ എണ്ണ, മദ്യം, വീഞ്ഞ് തുടങ്ങിയവ തീരുവയില്ലാതെ ഇറക്കുമതി ചെയ്യും. കൂടാതെ നിരവധി കാർഷികോൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുമെന്ന് പ്രസ്‍താവനയിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഇവ ഏതെല്ലാമെന്ന് വിശദമാക്കുന്നില്ല.

അമേരിക്ക തീരുവ ഇല്ലാതാക്കുന്ന ഇന്ത്യൻ കാർഷികോത്പന്നങ്ങൾ:

തേയില, കാപ്പി, കൊക്കോ ഉത്പന്നങ്ങൾ, വെളിച്ചെണ്ണ, കൊപ്ര, സുഗന്ധവ്യഞ്ജനങ്ങൾ, പഴം, പൈനാപ്പിൾ, പപ്പായ, മാമ്പഴം, കൂണുകൾ, അവക്കാഡോ, കിവി, പേരയ്ക്ക, ജ്യൂസ്, എള്ള്, കസ്‌കസ്, ധാന്യങ്ങൾ, ബാർലി, ബേക്കറി ഉത്പന്നങ്ങൾ.

ഇന്ത്യ ഇറക്കുമതി അനുവദിക്കാത്ത ഇനങ്ങൾ:

ഗോതമ്പ്, അരി, ചോളം, മറ്റു ധാന്യങ്ങൾ, ഗോതമ്പുപൊടി, പാൽ, ചീസ്, മറ്റു ക്ഷീരോത്പന്നങ്ങൾ, ശീതീകരിച്ചതോ ഉണങ്ങിയതോ ടിന്നിലാക്കിയതോ ആയ പച്ചക്കറികളും കിഴങ്ങുകളും പയർ ഇനങ്ങളും, സ്ട്രോബെറി, മാംസം, ചിക്കൻ, പുകയില, എഥനോൾ.

വ്യാപാരക്കരാറിന്റെ നാൾവഴി പരിശോധിച്ചാൽ, യു.എസിന്റെ ഏകാധിപത്യപരമായ നടപടികൾ വ്യക്തമായി കാണാം.

2025 ഫെബ്രുവരി 13നാണ് വ്യാപാരബന്ധം ശക്തമാക്കുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സംയുക്ത പ്രസ്താവന നടത്തുന്നത്. 2030- ഓടെ, വ്യാപാരം 50,000 കോടി ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു പ്രഖ്യാപനം. ഇതിനുപുറകേ, മാർച്ച് നാലിന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ യു.എസ് സന്ദർശനം.

ഇന്ത്യ – യു.എസ് വ്യാപാര കരാർ നിലവിൽ വരുന്നതോടെ ഏതെല്ലാം കാർഷികോൽപ്പന്നങ്ങളാകും തീരുവരഹിതമായി യു.എസിൽനിന്ന് ഒഴുകുക എന്നതിൽ അവ്യക്തതയുണ്ട്.

2025 ഏപ്രിൽ രണ്ടിന് ട്രംപ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 26 ശതമാനം ഇറക്കുമതി (പകരച്ചുങ്കം) തീരുവ പ്രഖ്യാപിച്ചു. തൊട്ടുപുറകേ, പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചു. ഇതേതുടർന്ന് ഇന്ത്യ നയതന്ത്ര ചർച്ചകളുമായി മുന്നോട്ടുപോയി.

ജൂൺ നാലിന് വ്യാപാരചർച്ചകൾക്കായി യു.എസ് പ്രതിനിധിസംഘം ഇന്ത്യയിലെത്തി, ജൂൺ 26-ന് ഇന്ത്യൻ പ്രതിനിധിസംഘം യു.എസിലുമെത്തി. ഇന്ത്യയുമായി ‘വൻ വ്യാപാര കരാറി’നൊരുങ്ങുന്നുവെന്ന് ജൂൺ 27ന് ട്രംപ് പ്രഖ്യാപിച്ചു.

എന്നാൽ, ഇതിനിടെ, ആഗസ്റ്റ് ആറിന് ഇന്ത്യക്കെതിരെ യു.എസ് പിഴത്തീരുവ ചുമത്തി. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി 25 ശതമാനമായിരുന്നു അധിക ഇറക്കുമതിത്തീരുവ.

സെപ്റ്റംബർ 22ന് വ്യാപാര ചർച്ചകൾക്കായി ഗോയൽ വീണ്ടും യു.എസിലേക്ക്. ഇതിനകം ആറ് റൗണ്ട് ചർച്ചകളാണ് പൂർത്തിയായത്. കരാർ ഉടൻ പൂർത്തിയാകുമെന്ന് കഴിഞ്ഞ ജനുവരി 12 ന് ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ അറിയിച്ചു. ഫെബ്രുവരി രണ്ടിന് കരാറിന്റെ പ്രാഥമിക വിവരങ്ങൾ ട്രംപ് ‘ട്രൂത്ത്’ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തു. അൽപനേരം കഴിഞ്ഞ്, ട്രംപിന് നന്ദിയറിയിച്ച് മോദിയുടെ ‘എക്സ്’ പോസ്റ്റും വന്നു. ഫെബ്രുവരി ഏഴിന് കരാർ സംബന്ധിച്ച് സംയുക്ത പ്രസ്താവനയും പുറത്തുവന്നു.

ഇത്രയേറെ ചർച്ചകളും കൂടിയാലോചനകളും നടന്നുവെന്ന് അവകാശപ്പെടുമ്പോഴും കരാറിലെ വ്യവസ്ഥകൾ എന്താണ് എന്നോ അത് ഇന്ത്യയെ എങ്ങനെയാണ് ബാധിക്കാൻ പോകുന്നത് എന്നോ പാർലമെന്റിൽപോലും വ്യക്തമാക്കാൻ പ്രധാനമന്ത്രി നരേ​ന്ദ്രമോദിയ്ക്ക് കഴിഞ്ഞില്ല.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപും. വിദേശ വ്യാപാര വ്യവസ്ഥകൾ എങ്ങനെ രാഷ്ട്രതന്ത്രത്തിന്റെ ഭാഗമാക്കാം എന്നും മറ്റു രാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കാൻ ഉപയോഗിക്കാം എന്നുമുള്ള മെർകാന്റിലിസ്റ്റ് സമീപനമാണ് അധികാരത്തിൽ വന്ന നാൾ മുതൽ ട്രംപ് അനുവർത്തിച്ചുപോരുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപും. വിദേശ വ്യാപാര വ്യവസ്ഥകൾ എങ്ങനെ രാഷ്ട്രതന്ത്രത്തിന്റെ ഭാഗമാക്കാം എന്നും മറ്റു രാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കാൻ ഉപയോഗിക്കാം എന്നുമുള്ള മെർകാന്റിലിസ്റ്റ് സമീപനമാണ് അധികാരത്തിൽ വന്ന നാൾ മുതൽ ട്രംപ് അനുവർത്തിച്ചുപോരുന്നത്.

ട്രംപിന്റെ ലക്ഷ്യങ്ങൾ

14 മുതൽ 19-ാം നൂറ്റാണ്ടുവരെ യൂറോപ്യൻ സാമ്പത്തിക ചിന്തയെ പ്രചോദിപ്പിച്ച പ്രായോഗിക സംഹിതയായിരുന്നു ‘മെർകാന്റിലിസം’ (Mercantilism). ഇതിന്റെ പുതിയ പതിപ്പാണ് ട്രംപിന്റെ വിദേശ വ്യാപാരനയം. എങ്ങനെ കൂടുതൽ ശക്തിയാർജിക്കാം എന്ന ഓരോ രാജ്യത്തിന്റെയും ചോദ്യത്തിനുള്ള മെർകാന്റിലിസ്റ്റ് മറുപടി ‘സാമ്പത്തികമായി ശക്തിപ്രാപിക്കുക’ എന്നതായിരുന്നു. അതിനവർ നിർദേശിച്ച മാർഗങ്ങളിലൊന്ന് കയറ്റുമതി വരുമാനം കൂട്ടുകയും ഇറക്കുമതിച്ചെലവ് കുറക്കുകയും ചെയ്തുകൊണ്ടുള്ള വിദേശ വ്യാപാരമായിരുന്നു. ഇതിനനുസൃതമായി ഇറക്കുമതിയിലും കയറ്റുമതിയിലുമുള്ള ചുങ്കങ്ങളിലും നികുതികളിലും മാറ്റം വരുത്തുക എന്നതിലായിരുന്നു ഊന്നൽ.

എന്നാൽ, 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ ആഡം സ്മിത്തിന്റെ വരവോടെ ഉയർന്നുവന്ന സ്വതന്ത്ര വ്യാപാരവാദങ്ങൾ മെർകാന്റിലിസ്റ്റ് ചിന്തകളെ നിരാകരിക്കുന്നവയായിരുന്നു. എങ്ങനെ വിദേശ വ്യാപാര വ്യവസ്ഥകൾ രാഷ്ട്രതന്ത്രത്തിന്റെ ഭാഗമാക്കാം എന്നും മറ്റു രാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കാൻ ഉപയോഗിക്കാം എന്നുമുള്ള മെർകാന്റിലിസ്റ്റ് സമീപനമാണ് അധികാരത്തിൽ വന്ന നാൾ മുതൽ ട്രംപ് അനുവർത്തിച്ചുപോരുന്നത്. ഒരു ഘട്ടത്തിൽ അമേരിക്കയിലേക്കുള്ള ഇറക്കുമതിച്ചുങ്കം പല രാജ്യങ്ങളുടെ മേലും 125 ശതമാനം വരെയായിരുന്നു വർധിപ്പിച്ചത്. റഷ്യയുടെയും ഇറാന്റെയും എണ്ണവ്യാപാരം ഇല്ലാതാക്കുക എന്നതായിരുന്നു ആ രാജ്യങ്ങളിൽനിന്ന് എണ്ണ വാങ്ങുന്നവരുടെ മേൽ ഏർപ്പെടുത്തിയ അമിത ചുങ്കത്തിന്റെ ലക്ഷ്യം. ആ രാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകൾ ഇല്ലാതാക്കുന്നവർക്ക് ചുങ്കത്തിൽ ഇളവെന്നത് ഇതിന്റെ മറുപുറമാണു താനും. ഈ അടിസ്ഥാനത്തിലാണ് ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്നും, വെനിസ്വേലയിൽനിന്ന് കൂടുതൽ എണ്ണ വാങ്ങുമെന്നും അവയുടെ അടിസ്ഥാനത്തിൽ തങ്ങൾ ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിച്ചുങ്കം 25-ൽനിന്ന് 18 ശതമാനമാക്കുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം.

രാഷ്ട്രാന്തരീയ വ്യാപാരങ്ങൾ പരമാവധി സ്വതന്ത്രവും സുതാര്യവുമാക്കുക എന്നതാണ് ലോക വ്യാപാര സംഘടന (WTO) മൗലികലക്ഷ്യമായി ഭരണഘടനയിൽ എഴുതിച്ചേർത്തിരിക്കുന്നത്. ഈ പ്രഖ്യാപിത നിലപാടിനെയും സംഘടനയെത്തന്നെയും തീർത്തും അപ്രസക്തമാക്കി വൻശക്തി രാഷ്ട്രങ്ങൾ പോരിനൊരുങ്ങിയിരിക്കുകയാണ്. അതിനെ ആഗോള മാധ്യമങ്ങൾ ‘വ്യാപാരയുദ്ധം’ എന്നാണ് വിശേഷിപ്പിച്ചത്. 2018 മാർച്ചിൽ അലുമിനിയത്തിനും സ്റ്റീലിനും യഥാക്രമം പത്തും 25-ഉം ശതമാനം വീതം ഇറക്കുമതിത്തീരുവ വർധിപ്പിച്ചാണ് അമേരിക്ക വ്യാപാരയുദ്ധത്തിന് തുടക്കമിട്ടത്. അതിന്റെ തുടർച്ചയാണ്, ഇപ്പോൾ യു.എസ് ഏകപക്ഷീയമായി പ്രഖ്യാപിച്ച ഇന്ത്യയുമായുള്ള വ്യാപാര കരാർ.

Comments