ഡോ. സുനിലം

ഉയർന്നു വരും, കർഷകരിലൂടെ ഒരു ഇന്ത്യൻ പ്രതിപക്ഷം

75 ദിവസമായി, ഇന്ത്യയിലെമ്പാടുമുള്ള 500ഓളം കർഷക സംഘടനകൾ "സംയുക്ത കിസാൻ മോർച്ച' എന്ന ബാനറിന് കീഴിൽ ഭിന്നത കൂടാതെ, ഒറ്റ ലക്ഷ്യത്തിനായി, പ്രക്ഷോഭ രംഗത്ത് അണിനിരക്കുന്നുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണം ഡോ. സുനിലം എന്ന സോഷ്യലിസ്റ്റ് ചിന്തകനാണ്. രാഷ്ട്രീയവും പ്രയോഗപരവും ആയ ഭിന്നതകൾ സംഘടനകൾ തമ്മിൽ നിലനിൽക്കുമ്പോൾ തന്നെയും കേന്ദ്ര ഗവൺമെന്റ് പാസാക്കിയ കർഷക മാരണ നിയമം പിൻവലിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായി, വിട്ടുവീഴ്ച കൂടാതെ പ്രവർത്തിക്കാനും ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും അവയെ ഏകോപിപ്പിച്ചു നിർത്തുന്നതിലും കിസാൻ സംഘർഷ് സമിതിയുടെ അധ്യക്ഷൻ കൂടിയായ ഡോ.സുനിലത്തിന്റെ ഇടപെടൽ സുപ്രധാനമാണ്.

ഡോ. സുനിലം കർഷക പ്രശ്‌നത്തിൽ ഇടപെടുന്നത് ആദ്യമായല്ല. ഇന്ത്യൻ കർഷകരുടെ കൊലനിലമെന്ന് വിശേഷിപ്പിക്കാവുന്ന മധ്യപ്രദേശിൽ രണ്ടര പതിറ്റാണ്ടിലധികമായി കർഷകരുടെ വിഷയങ്ങൾ ഉന്നയിച്ച് വൻ പ്രക്ഷോഭങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. 1998-ൽ 24 കർഷകരുടെ മരണത്തിന് കാരണമായ മുൽത്തായ് വെടിവെപ്പിലേക്ക് നയിച്ച കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് ഡോ.സുനിലം ആയിരുന്നു. 1998 ജനുവരി 12-ന് നടന്ന അതിദാരുണമായ ആ സംഭവത്തിന്റെ പേരിൽ ദ്വിഗ്‌വിജയ് സിംഗ് ഗവൺമെന്റ് ഡോ.സുനിലത്തിന് മേൽ ഡസൻ കണക്കിന് കേസുകൾ ചാർജു ചെയ്യുകയും അഡീഷണൽ ഡിസ്ട്രിക്ട്റ്റ് മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷ വിധിക്കുക പോലുമുണ്ടായി. കർഷകരെ പോലീസുകാർക്കെതിരായി കലാപം നടത്താൻ പ്രേരിപ്പിച്ചു എന്നതായിരുന്നു കുറ്റം. പിന്നീട് ഹൈക്കോടതി ഡോ.സുനിലത്തിന്റെ പേരിലുള്ള എല്ലാ കുറ്റങ്ങളും റദ്ദു ചെയ്ത് അദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു.

കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കർഷകരുടെ മൂന്ന് മണിക്കൂർ റോഡ് ഉപരോധം. സമരത്തിൽ രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകൾ സ്തംഭിച്ചു.
കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കർഷകരുടെ മൂന്ന് മണിക്കൂർ റോഡ് ഉപരോധം. സമരത്തിൽ രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകൾ സ്തംഭിച്ചു.

2017-ൽ മധ്യപ്രദേശിലെ തന്നെ മൻഡ്‌സോറിൽ നടന്ന കർഷക പ്രക്ഷോഭത്തിന്റെ പിന്നിലും ഡോ. സുനിലവും അദ്ദേഹം നയിക്കുന്ന കിസാൻ സംഘർഷ് സമിതിയും ശക്തമായി നിലയുറപ്പിച്ചിരുന്നു. മൻഡ്‌സോറിൽ ബി.ജെ.പി സർക്കാർ അന്ന് ആറ് കർഷകരെയാണ് വെടിവെച്ചു കൊന്നത്. നോട്ട് നിരോധനവും വെള്ളപ്പൊക്കക്കെടുതികളും തകർത്ത കാർഷിക മേഖലയിൽ വിളകൾക്ക് മിനിമം സഹായ വില ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു 2017 ജൂൺ ഒന്നിന് കർഷക സംഘടനകൾ പ്രക്ഷോഭം ആരംഭിച്ചത്. തൊട്ടടുത്ത ദിവസങ്ങളിൽ കർഷകരോഷം ശക്തമാകാൻ തുടങ്ങിയതോടെ ജൂൺ ആറിന് കർഷക റാലിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു പൃഥ്വിരാജ് ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാർ ചെയ്തത്. അവിടെയും ഡോ. സുനിലമടക്കമുള്ള കർഷക നേതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കുകയാണ് സർക്കാർ ചെയ്തത്. കർഷക പ്രശ്‌നത്തിൽ തുടർച്ചയായി ഇടപെട്ടുവരികയും അവരെ ദേശീയമായി സംഘടിപ്പിക്കുകയും ചെയ്യുന്ന ഡോ. സുനിലത്തിന്റെ പേരിൽ
112-ലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്!

ഭൗതിക ശാസ്ത്രത്തിൽ ഗവേഷണ ബിരുദധാരിയായ സുനിൽ എം. മിശ്ര എന്ന ഡോ. സുനിലം മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുള്ള വ്യക്തിയാണ്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോ മെഡിക്കൽ ഇലക്‌ട്രോണിക്‌സിൽ ഡോക്ടറേറ്റ് നേടിയ ഡോ.സുനിലം മെൽബണിലെ ബേൺ ഇൻസ്റ്റിറ്റ്യൂട്ടിൽ പോസ്റ്റ് ഡോക്ടറൽ പഠനത്തിന് ശേഷം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിയുകയായിരുന്നു. ചെറുപ്പത്തിൽ തന്നെ സോഷ്യലിസ്റ്റ് ചിന്താഗതിയുമായി അടുത്ത ഡോ. സുനിലം യുവ ജനതാ ദളിന്റെ പ്രവർത്തകനെന്ന നിലയിൽ ബേതുൾ നിയോജക മണ്ഡലത്തിൽ നിന്നും രണ്ട് തവണ എം.എൽ.എ ആയി. 1996-ൽ മധ്യപ്രദേശിൽ രൂപീകരിക്കപ്പെട്ട കിസാൻ സംഘർഷ് സമിതിയുടെ സ്ഥാപക അധ്യക്ഷനും, 2017-ലെ മൻഡ്‌സോർ വെടിവെപ്പിന് ശേഷം രൂപീകരിച്ച ഓൾ ഇന്ത്യാ കിസാൻ സംഘർഷ് സമിതി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ വർക്കിംഗ് ഗ്രൂപ്പ് അംഗവുമാണ് ഡോ. സുനിലം. ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഹിന്ദ് കിസാൻ മസ്ദൂർ പഞ്ചായത്തിലും സജീവമായിരുന്നു.

കർഷക പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുകയും അവയ്ക്ക് രാഷ്ട്രീയ ദിശാബോധം നൽകുന്നതിൽ മുഖ്യ പങ്കുവഹിക്കുകയും ചെയ്യുന്ന സുനിലം ഇന്ത്യയിലെ കർഷക- തൊഴിലാളി വിഭാഗം ഒരു രാഷ്ട്രീയ ശക്തിയായി മാറുന്നതിനെ സംബന്ധിച്ച പ്രതീക്ഷകൾ പങ്കുവെക്കുകയാണ് ഈ സംഭാഷണത്തിലൂടെ. തീവ്ര വലതുപക്ഷ രാഷ്ട്രീയം രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ, രാഷ്ട്രീയ വിയോജിപ്പുകൾ മാറ്റിവെച്ചുകൊണ്ട് കൂടുതൽ ജനാധിപത്യപരമായ ഇടപെടലുകൾ നടത്താൻ വിവിധ പ്രസ്ഥാനങ്ങൾ സ്വയം തയ്യാറാവുന്നതിനെക്കുറിച്ച്, അത്തരമൊരു പ്രക്രിയയുടെ വികാസത്തിനായുള്ള നിരന്തര ഇടപെടലുകളെക്കുറിച്ച് സംസാരിക്കുകയാണ് ഡോ.സുനിലം. രാജ്യത്തെമ്പാടുമായി വളർന്നുവരുന്ന പുതിയ മുന്നേറ്റങ്ങൾ ജനാധിപത്യത്തെ സംബന്ധിച്ച പ്രതീക്ഷകൾക്ക് ശക്തിപകരുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

കെ.സഹദേവൻ: ദില്ലി ചലോ മാർച്ച് എഴുപത് ദിനങ്ങൾ പിന്നിടുമ്പോഴും സർക്കാർ പിടിവാശി ഉപേക്ഷിക്കുന്നില്ലല്ലോ? സമരം ദീർഘിപ്പിക്കുന്നതിലൂടെ അതിന്റെ തീവ്രത നഷ്ടപ്പെടുമെന്നും സ്വയം ഇല്ലാതാകുമെന്നും ഗവൺമെന്റ് കരുതുന്നുണ്ടെന്ന് തോന്നുന്നു. പ്രക്ഷോഭനേതൃത്വത്തിന്റെ മുൻനിരയിൽ നിൽക്കുന്ന താങ്കളുടെ വിലയിരുത്തൽ എന്താണ്?

ഡോ.സുനിലം: ​സർക്കാർ പല രീതിയിൽ പ്രക്ഷോഭം അടിച്ചമർത്താൻ നിരന്തരം ശ്രമിച്ചിട്ടും ഓരോ നാൾ കഴിയുന്തോറും ശക്തിപ്പെട്ടുവരുന്നത് കാണാൻ കഴിയും. പശ്ചിമ ഉത്തർപ്രദേശിലെ ബി.ജെ.പിയുടെ കേന്ദ്രങ്ങളെപ്പോലും പ്രക്ഷോഭത്തിന്റെ അലകൾ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുകയാണ്. മുസാഫർനഗറിൽ വർഗ്ഗീയ വിഭജനത്തിലൂടെ നേടിയെടുത്ത ബി.ജെ.പിയുടെ സ്വാധീനം
നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജിൻദ്, ഭാഗ്പത്, മഥുര എന്നിവിടങ്ങളിലെല്ലാം
​പതിനായിരക്കണക്കിന് കർഷകരുടെ പങ്കാളിത്തത്തോടെ കർഷക മഹാപഞ്ചായത്തുകൾ ​നടന്നുകൊണ്ടിരിക്കുകയാണ്. 36 ഗ്രാമങ്ങൾ ഒരുമിച്ച് ചേർന്നുള്ള പദയാത്രകൾ കർഷക സമരവുമായി ബന്ധപ്പെട്ട് നടക്കുന്നു. ജനുവരി 26-ന്റെ ട്രാക്ടർ റാലിയിലേക്ക് തങ്ങളുടെ അനുചരന്മാരെ ഇറക്കിവിട്ട്‌ കർഷക പ്രക്ഷോഭത്തെ അവമതിക്കാനുള്ള സർക്കാരിന്റെ നീക്കം കർഷകർ തിരിച്ചറിഞ്ഞത് വലിയ തിരിച്ചടിയാണ് സർക്കാരിന് നൽകിയിരിക്കുന്നതെന്ന് പ്രക്ഷോഭ സ്ഥലങ്ങളിലെ പങ്കാളിത്തം തെളിയിക്കുന്നു. ഫെബ്രുവരി 3-ന് ഗ്വാളിയാേറിൽ നടന്ന കർഷക മഹാപഞ്ചായത്തിൽ ആയിരക്കണക്കിന് കർഷകരാണ് പങ്കെടുത്തത്. ആ കർഷക പഞ്ചായത്തിൽ പങ്കെടുക്കുന്നതിനാണ് ഞാൻ മധ്യപ്രദേശിലെത്തിയത്. രണ്ട് സംസ്ഥാനങ്ങളിലെ കർഷകർ മാത്രമാണ് പ്രക്ഷോഭ രംഗത്തുള്ളതെന്ന സർക്കാർ വാദം നുണയാണെന്ന് രാജ്യത്തെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഹരിയാനയിലെ ജിന്ദിൽ നടന്ന കർഷക മഹാപഞ്ചായത്ത്.
ഹരിയാനയിലെ ജിന്ദിൽ നടന്ന കർഷക മഹാപഞ്ചായത്ത്.

സർക്കാർ വലിയ തോതിൽ കീഴടങ്ങലിന്റെ പാതയിലാണ് എന്ന് കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാക്കാം. 11 തവണ കർഷകരുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറായി. നിയമം കർഷക ക്ഷേമത്തിനായി തയ്യാറാക്കപ്പെട്ടതാണെന്ന് നിരന്തരം അവകാശപ്പെട്ട ഗവൺമെന്റിന് തങ്ങൾ പാസാക്കിയ നിയമങ്ങൾക്കകത്ത്, കർഷക സംഘടനകൾ ചൂണ്ടിക്കാട്ടിയ നിരവധി തകരാറുകളിൽ 18 എണ്ണം അംഗീകരിക്കേണ്ടിവന്നു. അവയിൽ 8 എണ്ണം സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കാൻ തയ്യാറാണെന്നും ഭരണകൂടത്തിന് പറയേണ്ടി വന്നു.

സുപ്രധാനമായ മറ്റൊരു കാര്യം, നാളിതുവരെ ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ തയ്യാറായിട്ടില്ലാത്ത, കർഷക പ്രക്ഷോഭത്തെക്കുറിച്ച് ഒരു സൂചനപോലും നൽകിയിട്ടില്ലാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, "ഒരു ഫോൺ വിളിക്കിപ്പുറത്ത് സർക്കാരുണ്ട്' എന്ന് പറയാൻ നിർബ്ബന്ധിതനാകുന്ന അവസ്ഥ കൂടി ഉടലെടുത്തിട്ടുണ്ടെന്ന് മനസ്സിലാക്കണം. നിയമം പിൻവലിക്കാൻ തയ്യാറല്ല എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന സർക്കാരിന് എങ്ങനെയാണ് പ്രസ്തുത നിയമങ്ങൾ കർഷകർക്ക് ഗുണകരമാകുന്നതെന്ന് ചർച്ചക്കെത്തിയ കർഷക സംഘടനകളിൽ ഒന്നിനെപ്പോലും ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ല. സർക്കാരിന്റെ ഓരോ സമയത്തെയും നിലപാടുകളെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അവർ പല രീതിയിൽ പിറകോട്ടു പോയതായി കാണാൻ കഴിയും. കർഷക പ്രക്ഷോഭത്തിന് നിരോധനമേർപ്പെടുത്താൻ സുപ്രീം കോടതിയെ സമീപിച്ച സർക്കാരാണിത്.

ജനുവരി 26ന് നടന്ന സംഭവങ്ങളെതുടർന്ന് പ്രക്ഷോഭ സ്ഥലങ്ങളിലെ കർഷകപങ്കാളിത്തം കൂടിവരികയാണ്. 26ന് നടന്ന ട്രാക്ടർ റാലിയിലേക്ക് തങ്ങളുടെ അനുചരന്മാരെ ഇറക്കിവിട്ട് പ്രക്ഷോഭത്തെ വഴിതിരിച്ചുവിടാനുള്ള സർക്കാർ നീക്കം കർഷകർ തിരിച്ചറിഞ്ഞതോടെയാണ് അവർ ജാഗ്രതയിലായത്‌
ജനുവരി 26ന് നടന്ന സംഭവങ്ങളെതുടർന്ന് പ്രക്ഷോഭ സ്ഥലങ്ങളിലെ കർഷകപങ്കാളിത്തം കൂടിവരികയാണ്. 26ന് നടന്ന ട്രാക്ടർ റാലിയിലേക്ക് തങ്ങളുടെ അനുചരന്മാരെ ഇറക്കിവിട്ട് പ്രക്ഷോഭത്തെ വഴിതിരിച്ചുവിടാനുള്ള സർക്കാർ നീക്കം കർഷകർ തിരിച്ചറിഞ്ഞതോടെയാണ് അവർ ജാഗ്രതയിലായത്‌

എന്നാൽ കർഷക പ്രക്ഷോഭത്തെ ക്രമസമാധാന പ്രശ്‌നമായി കാണാൻ സുപ്രീം കോടതി തയ്യാറായില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 18 മാസത്തേക്ക് നിയമം റദ്ദു ചെയ്യാൻ സർക്കാർ തയ്യാറായതിനു പിന്നിൽ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾ കൂടിയാണ്. എന്നാൽ ഗവൺമെന്റിന്റെ ഈ ഉപായങ്ങൾ തിരിച്ചറിയാൻ കർഷക സംഘടനകൾക്ക് സാധിക്കുന്നുവെന്നതും, ആവശ്യമെങ്കിൽ ദീർഘകാല പ്രക്ഷോഭത്തിന് തയ്യാറായിട്ട് തന്നെയാണ് അവർ എത്തിയിരിക്കുന്നതെന്നും കാണാൻ കഴിയും.

എൺപതുകളുടെ അവസാനത്തിൽ നടന്ന കർഷക പ്രക്ഷോഭങ്ങളിൽ നിന്ന് പലതുകൊണ്ടും വ്യത്യസ്തമാണ് ഇപ്പോൾ നടക്കുന്ന പ്രക്ഷോഭം. കർഷക സംഘടനകളുടെ പങ്കാളിത്തത്തിലെ വൈപുല്യം തന്നെ ഉദാഹരണം. ദീർഘകാലമായി കർഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന താങ്കൾക്ക് ഈയൊരു മുന്നേറ്റവുമായി ബന്ധപ്പെട്ട പ്രത്യേകതകൾ എന്തൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കാമോ?

ഇപ്പോൾ നടക്കുന്ന കർഷക പ്രക്ഷോഭം പല കാരണങ്ങൾകൊണ്ടും സവിശേഷതകൾ നിറഞ്ഞതാണെന്ന് ഞാൻ പറയും. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇത്രയധികം കർഷക സംഘടനകൾ ഒരൊറ്റ ബാനറിന് കീഴിൽ ഒന്നിച്ച് നിന്ന് പ്രക്ഷോഭം നയിക്കുന്നത് ആദ്യമായിട്ടാണ്. പഞ്ചാബിലേക്ക് നോക്കൂ; ഭരണത്തിലിരിക്കുന്ന കോൺഗ്രസും അവരുടെ ബദ്ധവൈരികളായ ആം ആദ്മി പാർട്ടിയും കർഷക പ്രക്ഷോഭത്തെ ഒരേപോലെ പിന്തുണക്കുന്നത് കാണാം. എന്നുമാത്രമല്ല, എൻ.ഡി.എയിലെ ദീർഘകാല സഖ്യകക്ഷിയായ ശിരോമണി അകാലി ദൾ മുന്നണി വിട്ടുവന്ന് കർഷക പ്രക്ഷോഭത്തെ പിന്തുണക്കുന്നു. ഇത്ര വിശാലമായ ഐക്യമുന്നണിയുടെ നേതൃത്വത്തിൽ, ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന അഹിംസാത്മകമായ ഒരു പ്രക്ഷോഭം ദീർഘകാലം തുടരുക എന്നത് ഇന്ത്യയുടെ സമീപകാല ചരിത്രത്തിൽ കാണാൻ കഴിയാത്ത കാര്യമാണെന്നതും ഈ പ്രക്ഷോഭത്തിന്റെ പ്രത്യേകതയാണെന്ന് പറയേണ്ടതുണ്ട്.

ഡോ. സുനിലം
ഡോ. സുനിലം

കേന്ദ്ര സർക്കാരിന് ഇക്കാലയളവിൽ ബോധ്യപ്പെട്ട ഒരു കാര്യം, തങ്ങളുടെ അധികാരം ദുർവ്വിനിയോഗം ചെയ്ത്, സി.ബി.ഐ, എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് കർഷക സംഘടനാ നേതൃത്വങ്ങളെ ഭയപ്പെടുത്താനോ പിന്തിരിപ്പിക്കാനോ സാധ്യമല്ലെന്നതാണ്

2017-ൽ മധ്യപ്രദേശിലെ മൻഡ്‌സോറിൽ കർഷകർക്കു ‌നേരെ ബി.ജെ.പി സർക്കാർ വെടിയുതിർക്കുകയും ആറ് കർഷകർ മരണപ്പെടുകയും ചെയ്ത സംഭവത്തിനു ശേഷം കിസാൻ സംഘർഷ് സമിതി 250-ഓളം കർഷക സംഘടനകളെ ഒരുമിച്ചു നിർത്തി കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. ഓൾ ഇന്ത്യാ കിസാൻ സംഘർഷ് സമിതി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ രൂപീകരണം നടക്കുന്നത് അതോടെയാണ്. ഈയൊരു മുന്നണിയിലേക്ക് മറ്റു സംഘടനകളെക്കൂടി ചേർത്ത് 500 സംഘടനകൾ ഉൾച്ചേർന്ന സംയുക്ത കിസാൻ മോർച്ചയ്ക്ക് രൂപം കൊടുക്കാൻ കഴിഞ്ഞതും ആദ്യ സംഭവമാണ്. പഞ്ചാബിലെ 32-ഓളം കർഷക സംഘടനകൾ ഒരുമിച്ച് ഒരു പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നതും ആദ്യമായിട്ടാണെന്ന് ഓർക്കണം. ഇന്ത്യയിലെ കർഷക സംഘടനകൾ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് വലിയതോതിൽ അന്തർദേശീയ ശ്രദ്ധ ലഭിച്ചുകൊണ്ടിരിക്കുന്നതും ആദ്യമായിട്ടാണെന്ന് കാണാം. കർഷക പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങളും, കുടിവെള്ളവും ഇന്റർനെറ്റും വിച്ഛേദിക്കുന്നതടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങൾ വിദേശ സമൂഹം ഗൗരവമായി പരിഗണിച്ചിരിക്കുകയാണെന്ന് വിവിധ പ്രതികരണങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കും. സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയമ പരിഷ്‌കരണങ്ങൾ കോർപറേറ്റ് മൂലധന താൽപര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും, അത് തങ്ങളുടെ ദീർഘകാല താൽപര്യങ്ങൾക്ക് തടസ്സമാണെന്നും തിരിച്ചറിയാൻ കർഷകർക്കും തൊഴിലാളി വിഭാഗങ്ങൾക്കും സാധിക്കുന്നുവെന്നതാണ് ഇത്തരമൊരു വിശാല ഐക്യത്തിന് സംഘടനകളെ പ്രേരിപ്പിക്കുന്നത്.

വിവിധങ്ങളായ രാഷ്ട്രീയ പശ്ചാത്തലമുള്ള സംഘടനകളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഉറപ്പിച്ചുനിർത്താൻ അസാമാന്യമായ രാഷ്ട്രീയ മെയ്‌വഴക്കം ആവശ്യമായി വരുന്നുണ്ട്. അത് സാധ്യമാക്കുന്ന പ്രക്രിയകളെക്കുറിച്ച് വിശദീകരിക്കാമോ? പ്രത്യേകിച്ചും ഇത്തരമൊരു വിശാല സംഖ്യത്തിനായി ദീർഘകാലമായി പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ.

ജനാധിപത്യ മൂല്യങ്ങളിലും സംവാദങ്ങളിലും അടിയുറച്ച് നിന്നുകൊണ്ടാണ് ഇത്രയും വിശാലമായ ഐക്യമുന്നണി പ്രവർത്തിക്കുന്നത്. സംയുക്ത കിസാൻ മോർച്ചയും, ഓൾ ഇന്ത്യ കിസാൻ സംഘർഷ് സമിതിയും, പഞ്ചാബിലെ 32 കർഷക സംഘടനകൾ ചേർന്ന സമിതിയും പല തട്ടിൽ ചർച്ച നടത്തുകയും വിഷയങ്ങളിൽ സമവായത്തിലെത്തുകയും ചെയ്യുന്ന രീതിയാണ് നിലനിൽക്കുന്നത്.

ഗാസിപൂർ അതിർത്തിയിൽ സാമൂഹ്യ പ്രവർത്തക മേധ പട്കറും കർഷക നേതാവ് രാകേഷ് ടിക്കായത്തും കർഷകർക്ക് അഭിവാദ്യം അർപ്പിക്കുന്നു
ഗാസിപൂർ അതിർത്തിയിൽ സാമൂഹ്യ പ്രവർത്തക മേധ പട്കറും കർഷക നേതാവ് രാകേഷ് ടിക്കായത്തും കർഷകർക്ക് അഭിവാദ്യം അർപ്പിക്കുന്നു

ദിവസവും രാത്രി ഓൾ ഇന്ത്യ കിസാൻ സംഘർഷ് സമിതി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ വർക്കിംഗ് കമ്മിറ്റി യോഗം ചേർന്ന്‌ നയപരവും പ്രായോഗികവുമായ വിഷയങ്ങൾ ചർച്ച ചെയ്യും. മേധ പട്കർ, കവിത കരുഗന്തി, യോഗേന്ദ്ര യാദവ്, ഹനൻമുള്ള, ദർശൻപാൽ തുടങ്ങിയ നേതാക്കൾ ദിവസേനയുള്ള ഈ മീറ്റിംഗിൽ പങ്കെടുക്കാറുണ്ട്. തൊട്ടടുത്ത ദിവസം രാവിലെ പഞ്ചാബിലെ 32 കർഷക സംഘടനകൾ അടങ്ങിയ സമിതി പ്രത്യേക യോഗം ചേരുകയും കാര്യങ്ങൾ വിലയിരുത്തുകയും ചെയ്യും. അതേദിവസം സംയുക്ത കിസാൻ മോർച്ചയുടെ യോഗം വൈകീട്ട് നാലിന് ചേരുകയും ആറിന് വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുകയാണ് പതിവ്.

വിവിധ തലത്തിലുള്ള കമ്മിറ്റി യോഗങ്ങളിൽ കാര്യങ്ങൾ ജനാധിപത്യ രീതിയിൽ ചർച്ച ചെയ്യുകയും തീരുമാനങ്ങളിൽ സമവായത്തിലെത്താൻ ശ്രമിക്കുകയും ചെയ്യുന്നു എന്നതുകൊണ്ടുതന്നെ കുറേക്കൂടി ജനാധിപത്യപരമായി ഇടപെടാൻ സംഘടനകൾക്ക് സാധിക്കുകയും ചെയ്യുന്നു. കർഷക സംഘടനകൾ, കർണ്ണാടക രാജ്യ റെയ്ത സംഘം, കിസാൻ സംഘർഷ് മോർച്ച തുടങ്ങിയ സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള ഗ്രൂപ്പുകൾ, സി.പി.എം, എസ്.യു.സി.ഐ, സി.പി.ഐ, സി.പി.ഐ.എം.എൽ (ലിബറേഷൻ) സി.പി.ഐ.എം.എൽ തുടങ്ങി ഇടതു പശ്ചാത്തലമുള്ള സംഘടനകൾ ഒക്കെയും ഈ പ്രക്രിയയിൽ പങ്കാളികളാണ്. രാഷ്ട്രം നേരിടുന്ന പൊതുവായ വെല്ലുവിളികൾക്കെതിരെ എല്ലാ വിയോജിപ്പുകളും മാറ്റിവെച്ചുകൊണ്ട് കാലം ആവശ്യപ്പെടുന്ന രീതിയുള്ള ഐക്യത്തിന് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകുന്നുവെന്ന ശുഭസൂചകമായ കാര്യമാണ് കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കാണാൻ കഴിയുന്നത്.

കേന്ദ്ര ഗവൺമെന്റിന്റെ ഭീഷണികളെയും കള്ളപ്രചാരണങ്ങളെയും അതിജീവിക്കാൻ സാധിക്കുന്നതെങ്ങിനെയാണ്?

കേന്ദ്ര സർക്കാരിന് ഇക്കാലയളവിൽ ബോധ്യപ്പെട്ട ഒരു കാര്യം, തങ്ങളുടെ അധികാരം ദുർവ്വിനിയോഗം ചെയ്ത്, സി.ബി.ഐ, എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് കർഷക സംഘടനാ നേതൃത്വങ്ങളെ ഭയപ്പെടുത്താനോ പിന്തിരിപ്പിക്കാനോ സാധ്യമല്ലെന്നതാണ്. ഈ ചെറിയ കാലയളവിൽ പല നേതാക്കളെയും സി.ബി.ഐ, ഇ.ഡി തുടങ്ങിയ ഏജൻസികളിലൂടെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയുണ്ടായി. എന്നാൽ ഈ ഭീഷണികൾക്ക് മുന്നിൽ വിരളുന്നവരല്ല കർഷക പ്രക്ഷോഭത്തെ നയിക്കുന്നത് എന്നത് സംഘപരിവാർ നേതൃത്വത്തെ വലിയ രീതിയിൽ അങ്കലാപ്പിലാക്കുന്നുണ്ട്.

കർഷക സമരത്തെ നേരിടാൻ ഡൽഹി അതിർത്തിയിൽ ഒരുക്കിയ പൊലീസ് സന്നാഹം / Photo Q.Naqvii
കർഷക സമരത്തെ നേരിടാൻ ഡൽഹി അതിർത്തിയിൽ ഒരുക്കിയ പൊലീസ് സന്നാഹം / Photo Q.Naqvii

ചെങ്കോട്ടയിൽ നടന്ന സംഭവത്തെ അപലപിക്കാനും അത് ചെയ്തവരെ തള്ളിക്കളയാനും സംയുക്ത കിസാൻ മോർച്ച തയ്യാറായതും അതിന്റെ ഉത്തരവാദികളായവരെ പൊതുമധ്യത്തിൽ കൊണ്ടുവരാൻ കഴിഞ്ഞതും ബി.ജെ.പി ഗവൺമെന്റിന്റെ വിശ്വാസ്യതയെ കൂടുതൽ കളങ്കപ്പെടുത്തുന്നതാണ്. ഈ വിഷയത്തിൽ ജനുവരി 26-ന് ചെങ്കോട്ടയിൽ നടന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും അത്തരം ഒരു അന്വേഷണം നടത്താൻ സർക്കാർ തയ്യാറല്ല എന്നാണ് മനസ്സിലാകുന്നത്.

കർഷകർ ഉന്നയിക്കുന്ന വിഷയത്തോട് തൊഴിലാളി സംഘടനകൾ സ്വീകരിക്കുന്ന നിലപാടെന്താണ്? കർഷകരും തൊഴിലാളികളും അടങ്ങുന്ന വിശാല ഐക്യം സാധ്യമാകേണ്ടതല്ലേ?

ഈ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിശാലമായ മുന്നേറ്റം കെട്ടിപ്പടുക്കാനാവശ്യമായ ചർച്ചകൾ സജീവമായി നടന്നുവരികയാണ്. കർഷകരോടൊപ്പം രാജ്യത്തെ തൊഴിലാളി വിഭാഗങ്ങളും കലാകാരന്മാരും ബുദ്ധിജീവികളും പത്രപ്രവർത്തകരും അണിനിരക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. 5 കോടിയിലധികം അംഗങ്ങളുള്ള ട്രേഡ് യൂണിയനുകൾ ഒരുമിച്ചു ചേർന്നുകൊണ്ടുള്ള സെൻട്രൽ ട്രേഡ് യൂണിയൻ എന്ന തൊഴിലാളി സംഘടനകളുടെ കോൺഫെഡറേഷൻ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട 10-ഓളം ട്രേഡ് യൂണിയനുകൾ ഈ കോൺഫെഡറേഷനിൽ അംഗങ്ങളാണ്. 44 ദേശീയ തൊഴിൽ നിയമങ്ങൾ റദ്ദു ചെയ്തുകൊണ്ട് 4 ലേബർ കോഡുകളായി മാറ്റിയതിനെതിരെ ട്രേഡ് യൂണിയനുകൾ പ്രതിഷേധിക്കുന്നുണ്ട്. ഇലക്ട്രിസിറ്റി (ഭേദഗതി) ആക്ടിനെതിരെ വൈദ്യുതി മേഖലയിലെ തൊഴിലാളികളുടെയും എഞ്ചിനീയർമാരുടെയും സംഘടനകളുടെ സംയുക്ത സമിതിയായ നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനിയേസ് കഴിഞ്ഞ ഫെബ്രുവരി 3-ന് ദേശീയ പണിമുടക്ക് നടത്തുകയുണ്ടായി. കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്ന ആവശ്യവും ഇതോടൊപ്പം ഈ സമിതി ഉന്നയിക്കുകയുണ്ടായി.

പ്രക്ഷോഭം നടത്തുന്ന കർഷക സംഘടനകളുടെ ഒരു യോഗത്തിൽനിന്ന്. യോഗങ്ങളിൽ കാര്യങ്ങൾ ജനാധിപത്യ രീതിയിൽ ചർച്ച ചെയ്യുകയും തീരുമാനങ്ങളിൽ സമവായത്തിലെത്താൻ ശ്രമിക്കുകയും ചെയ്യുന്നു എന്നതുകൊണ്ട് കുറേക്കൂടി ജനാധിപത്യപരമായി ഇടപെടാൻ സംഘടനകൾക്ക് സാധിക്കുന്നു
പ്രക്ഷോഭം നടത്തുന്ന കർഷക സംഘടനകളുടെ ഒരു യോഗത്തിൽനിന്ന്. യോഗങ്ങളിൽ കാര്യങ്ങൾ ജനാധിപത്യ രീതിയിൽ ചർച്ച ചെയ്യുകയും തീരുമാനങ്ങളിൽ സമവായത്തിലെത്താൻ ശ്രമിക്കുകയും ചെയ്യുന്നു എന്നതുകൊണ്ട് കുറേക്കൂടി ജനാധിപത്യപരമായി ഇടപെടാൻ സംഘടനകൾക്ക് സാധിക്കുന്നു

ചരക്ക് ലോറികളുടെ ഉടമസ്ഥ സംഘടനയായ ഓൾ ഇന്ത്യാ മോട്ടോർ ട്രാൻസ്‌പോർട്ട് ഓണേർസ് അസോസിയേഷൻ കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 15 ലക്ഷം അംഗങ്ങളുള്ള സംഘടനയാണിതെന്ന് ഓർക്കണം. പറഞ്ഞുവരുന്നത്, മോദി സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കോർപ്പറേറ്റ്‌വൽക്കരണത്തിനെതിരെ കർഷക സംഘടനകൾ ആരംഭിച്ച പ്രക്ഷോഭം ഇന്ത്യയിലെ തൊഴിലാളി സംഘടനകളും മറ്റ് സാമൂഹിക വിഭാഗങ്ങളും ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ് എന്നതാണ്. പുതിയൊരു രാഷ്ട്രീയ മുന്നേറ്റം ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

'ഗോദി മീഡിയ'യുടെ തമസ്‌കരണത്തെ അതിജീവിക്കാനും ജനങ്ങളിലേക്ക് കർഷക പ്രക്ഷോഭത്തിന്റെ വാർത്തകൾ നിരന്തരം എത്തിക്കുവാനും സംയുക്ത കിസാൻ മോർച്ചയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത് സാധ്യമാക്കിയതെങ്ങിനെയെന്ന് വ്യക്തമാക്കാമോ?

സർക്കാരിന്റെയും അവർക്ക് കീഴ്‌പ്പെട്ട് പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെയും നുണപ്രചരണങ്ങളെ അതിജീവിക്കാൻ കർഷക പ്രക്ഷോഭത്തിന് സാധിച്ചിട്ടുണ്ട് എന്നത് പ്രധാന സംഗതിയാണ്. വലിയ രീതിയിൽ വാർത്താ തമസ്‌കരണം മുഖ്യധാരാ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായപ്പോൾ ജനങ്ങൾ സ്വമേധയാ സോഷ്യൽ മീഡിയ വഴി പ്രക്ഷോഭ വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ മുന്നിട്ടിറങ്ങി. ഒരുഘട്ടത്തിൽ 'ഗോദി മീഡിയ'യ്ക്ക് പോലും തങ്ങളുടെ
ക്രെഡിബിലിറ്റി നഷ്ടപ്പെടാതിരിക്കാൻ കർഷക പ്രക്ഷോഭ വാർത്തകൾ
നൽകാതിരിക്കാൻ കഴിയാത്ത അവസ്ഥവരെ വന്നെത്തുകയുണ്ടായി. കർഷക പ്രക്ഷോഭത്തിന് സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണവും പിന്തുണയും ഏറിവന്നപ്പോൾ അതിനെ നിയന്ത്രിക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചു. ഫേസ്ബുക്ക്, ട്വിറ്റർ, വാട്‌സ്ആപ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഈ രീതിയിൽ നിയന്ത്രണവിധേയമായപ്പോൾ ജനങ്ങൾ മറ്റ് വഴികൾ ആലോചിക്കാൻ തുടങ്ങി. സിഗ്നൽ, ടെലഗ്രാം പോലുള്ള സാമൂഹ്യമാധ്യമങ്ങളിലേക്ക് ആളുകൾ കൂട്ടത്തോടെ വഴിമാറുന്നത് കാണാൻ കഴിയും. സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് കിസാൻ ഏക്ത മോർച്ചയുടെയും കർഷക സമരത്തെ പിന്തുണക്കുന്ന മറ്റ് ചില ട്വിറ്റർ അക്കൗണ്ടുകളും താൽക്കാലികമായി നിർത്തിവെക്കപ്പെട്ടപ്പോൾ അവയ്‌ക്കെതിരെ ശക്തമായ വികാരം ഉയർന്നുവരികയുണ്ടായി. ഇതേത്തുടർന്ന്, നിർത്തിവെച്ച അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാൻ ട്വിറ്റർ മാനേജ്‌മെന്റിന് തയ്യാറാകേണ്ടിവന്നു. അതിശക്തമായ ജനകീയാടിത്തറ പ്രക്ഷോഭത്തിന് ഉണ്ടാക്കിയെടുക്കുന്നതിലൂടെ മറ്റെല്ലാ തമസ്‌കരണങ്ങളെയും അതിജീവിക്കാൻ സാധ്യമാകും എന്നതിനുള്ള ഉദാഹരണമാണിത്. വൻമൂലധനത്തിന് കീഴ്‌പ്പെട്ടുനിന്നുകൊണ്ടുള്ള മാധ്യമ പ്രവർത്തനങ്ങൾ അവയുടെ വിശ്വാസം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും വസ്തുതകൾ അറിയാൻ ജനങ്ങൾ സ്വതന്ത്ര മാധ്യമങ്ങളെ അന്വേഷിച്ച് പോകുന്ന അവസ്ഥ സംജാതമായിട്ടുണ്ടെന്നും മനസ്സിലാക്കേണ്ടതുണ്ട്.

കർഷക പ്രക്ഷോഭം ശക്തമായി നിലനിൽക്കുന്ന അവസരത്തിലാണ് കേന്ദ്ര ഗവൺമെന്റ് പുതിയ വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നത്. കർഷക സമൂഹത്തെ സമാശ്വസിപ്പിക്കുന്ന നടപടി അതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷ നിലനിന്നിരുന്നു. എന്നിരുന്നാലും അത്തരത്തിലുള്ള ഒന്നും ബജറ്റിൽ കാണാൻ സാധിക്കുന്നില്ല. എന്താണ് താങ്കളുടെ വിലയിരുത്തൽ?

നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് കർഷകരെ പൂർണമായും വഞ്ചിക്കുന്ന ഒന്നാണ്. കർഷകർക്കും തൊഴിലാളികൾക്കും ഏറ്റവും അവസാന പരിഗണ നൽകുന്ന സർക്കാരാണ് ഇതെന്ന് ഈ ബജറ്റ് വെളിപ്പെടുത്തുന്നുണ്ട്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ഗവൺമെന്റ്, കർഷകരെ സംബന്ധിച്ച്‌ ഏറ്റവും നിരാശാജനകമായ ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. 23 വിളകൾക്ക് മിനിമം സഹായ വില പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന സർക്കാർ നുണ പ്രചരിപ്പിക്കുകയാണ്. നെല്ല്, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ പോലും എം.എസ്.പി വിലയ്ക്ക് രാജ്യമൊട്ടാകെ സംഭരിക്കുവാൻ സർക്കാരിന് സാധിക്കുന്നില്ല എന്നതാണ് വസ്തുത. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കർഷകത്തൊഴിലാളികൾക്ക് ആശ്വാസമാകുവാൻ പോന്ന ഒന്നുംതന്നെ ഉൾച്ചേർക്കുവാൻ സർക്കാർ ശ്രമിച്ചിട്ടില്ല. ദേശീയ തൊഴിലുറപ്പ് പദ്ധതി കാർഷികമേഖലയുമായി ബന്ധപ്പെടുത്തി ആസൂത്രണം ചെയ്യുമ്പോൾ മാത്രമേ കർഷക-കർഷകത്തൊഴിലാളി വിഭാഗങ്ങൾക്ക് അതിന്റെ ഗുണഫലം ലഭിക്കുകയുള്ളൂ. കർഷക സംഘടനകളുമായുള്ള ചർച്ചകൾക്കിടയിൽ ഇലക്ട്രിസിറ്റി ഭേദഗതി നിയമം പിൻവലിക്കാമെന്ന വാഗ്ദാനം നൽകുകയുണ്ടായി. എന്നാൽ അത് ചെയ്തില്ലെന്ന് മാത്രമല്ല, വൈദ്യുതി വിതരണം സ്വകാര്യ കമ്പനികളെ ഏൽപ്പിക്കാനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. വൈദ്യുതി ഉപഭോക്താക്കൾക്കുള്ള സബ്‌സിഡികൾ എടുത്തുകളഞ്ഞതിലൂടെ വലിയ ഭാരമാണ് ചെറുകിട കർഷകരുടെ തലയിലേക്ക് കയറ്റിവെച്ചിട്ടുള്ളത്.

 കാർഷിക ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻ സഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ നാസികിൽ നിന്ന് മുംബൈയിലേക്ക് നടന്ന കർഷകരുടെ മാർച്ച്
കാർഷിക ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻ സഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ നാസികിൽ നിന്ന് മുംബൈയിലേക്ക് നടന്ന കർഷകരുടെ മാർച്ച്

ഇന്ത്യയുടെ ജനസംഖ്യയിൽ 65% കർഷകരാണെന്ന യാഥാർഥ്യം നിലനിൽക്കെ ബജറ്റിൽ കേവലം 5.2% വകയിരുത്തൽ മാത്രമാണ് നടത്തിയിരിക്കുന്നത് എന്ന് കാണാം. അതായത്, 30.42 ലക്ഷം കോടി രൂപയുടെ വാർഷിക ബജറ്റിൽ കാർഷിക മേഖലയ്ക്കായി വകയിരുത്തിയ തുക 1.48 ലക്ഷം കോടി രൂപ മാത്രമാണ്. ഭക്ഷ്യ സബ്‌സിഡി 1.84 ലക്ഷം കോടി രൂപയിൽ നിന്നും 1.15 ലക്ഷം കോടിയായി കുറച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമായി 10,000 കോടി രൂപയുടെ വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം നിറവേറ്റണമെങ്കിൽ കർഷകരുടെ വരുമാനത്തിൽ പ്രതിവർഷം 14% വർധനവ് ഉണ്ടാകേണ്ടതുണ്ട്. യഥാർഥത്തിൽ കർഷകരുടെ വരുമാനത്തിൽ 2.8% വർധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. പി.എം കിസാൻ പദ്ധതി, ഗ്രാമീണ ചന്തകളുടെ വികസനത്തിനായുള്ള പദ്ധതി, ഡയറി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്‌മെന്റ് തുടങ്ങി നിരവധി പദ്ധതികളിൽ ബജറ്റ് അലൊക്കേഷൻ മുൻകാലങ്ങളിൽ നിന്ന് വലിയ തോതിൽ വെട്ടിച്ചുരുക്കിയതായി കാണാം. ഇവയൊക്കെ സൂചിപ്പിക്കുന്നത് കർഷകർ- കർഷക തൊഴിലാളികൾ എന്നിവർ ഈ സർക്കാരിന്റെ പരിഗണനയിലെ അന്തിമ ശ്രേണിയിൽ മാത്രം വരുന്നവരാണ് എന്നാണ്.

ഒരു സാമൂഹിക വിഭാഗമെന്ന നിലയിൽ തങ്ങളുടെ പ്രത്യേക ആവശ്യങ്ങളിൽ ഊന്നിനിന്നുകൊണ്ടുള്ള ആവശ്യങ്ങൾ ഉന്നയിക്കുന്നതിനപ്പുറം വിശാലമായ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ കൂടി ഉയർത്താൻ കർഷകർക്ക് സാധിച്ചിട്ടുണ്ട്. ഈയൊരു മാറ്റം സൂചിപ്പിക്കുന്നതെന്താണ്?

വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കെതിരായ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഉയർത്തപ്പെടുന്നത് ഇന്ത്യയിൽ ആദ്യമായല്ല. ടാറ്റ-ബിർള പോലുള്ള വൻകിട ബിസിനസ് ഹൗസുകൾക്ക് അനുകൂലമായ നയപരമായ തീരുമാനങ്ങൾ ഭരണകൂടം കൈക്കൊള്ളുന്ന അവസരത്തിൽ അത്തരം കോർപ്പറേറ്റുകൾക്കെതിരെ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ മുമ്പും ഉയർന്നുവന്നിട്ടുണ്ട്.

കർഷകരെ പിണക്കി തെരഞ്ഞെടുപ്പുകളെ നേരിടാൻ ബി.ജെ.പി തയ്യാറാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ടു തന്നെ നിയമം പിൻവലിക്കാൻ അവർ തയ്യാറാകും. സംഘടനകളുമായി സംസാരിക്കാൻ തങ്ങൾ എപ്പോഴും സജ്ജരാണ് എന്ന അവരുടെ വാക്കുകൾ തന്നെ അവർ എത്രമാത്രം പരിഭ്രാന്തിയിലാണ് എന്നതിനെ സൂചിപ്പിക്കുന്നു.

എന്നാൽ ഇത്തരം കമ്പനികളെ നേരിട്ട് വെല്ലുവിളിച്ചുകൊണ്ടുള്ള രാഷ്ട്രീയ ഇടപെടൽ ഇന്ത്യയിൽ നടക്കുന്നത് ആദ്യമായാണ്. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉയർത്തപ്പെട്ട ഏറ്റവും സുപ്രധാന മുദ്രാവാക്യം, ""ഹിന്ദുസ്ഥാൻ ഞങ്ങളുടേതാണ്, അദാനി-അംബാനിമാരുടെ തറവാട്ട് സ്വത്തല്ല'' എന്നതാണ്. ഇത് കേവലം മുദ്രാവാക്യത്തിൽ ഒതുക്കി നിർത്തുകയായിരുന്നില്ല കർഷകർ ചെയ്തത്. അവരെ നേരിട്ട് ചാലഞ്ച് ചെയ്യുക കൂടിയായിരുന്നു. പഞ്ചാബിൽ മാത്രമായി ജിയോ നെറ്റ് വർക്കുകളുടെ 1500-ലധികം ടവറുകൾ കർഷകർ എടുത്തുമാറ്റി. റിലയൻസിന്റെ പെട്രോൾ പമ്പുകൾ, അദാനിയുടെ ഫോർച്യൂൺ ഭക്ഷ്യ എണ്ണ എന്നിവ വ്യാപകമായി ബഹിഷ്‌കരിക്കപ്പെട്ടു. ഈ വൻകിട കമ്പനികളുടെ ബിസിനസ് മാളുകൾക്ക് മുന്നിൽ ധർണകളും മറ്റും സംഘടിപ്പിക്കപ്പെട്ടു. മുംബൈയിൽ അംബാനിയുടെ കോർപ്പറേറ്റ് ഓഫീസിന് മുന്നിൽ 15,000-ത്തിലധികം വരുന്ന കർഷകർ ധർണ നടത്തി.

കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്ത കിസാൻ മോർച്ച നടത്തുന്ന പതിവ് വാർത്താസമ്മേളനങ്ങളിൽ ഒന്ന്
കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്ത കിസാൻ മോർച്ച നടത്തുന്ന പതിവ് വാർത്താസമ്മേളനങ്ങളിൽ ഒന്ന്

ഇത്തരത്തിൽ സർക്കാർ നയങ്ങളുമായി ബന്ധപ്പെട്ട് കോർപ്പറേറ്റുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രത്യക്ഷ സമരം ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണെന്ന് പറയേണ്ടതുണ്ട്. ഇത് സൂചിപ്പിക്കുന്നത് സാമ്പത്തിക നയരൂപീകരണങ്ങൾക്ക് പിന്നിലെ മൂലധന താൽപര്യങ്ങൾ അതിന്റെ യഥാർഥ ഇരകളായി മാറിക്കഴിഞ്ഞ കർഷകരും കർഷക തൊഴിലാളികളും അടങ്ങുന്ന സാധാരണ മനുഷ്യർ തിരിച്ചറിയുന്നു എന്നതാണ്. ജനകീയ മുന്നേറ്റങ്ങൾ അതിന്റെ കൃത്യമായ രാഷ്ട്രീയ രൂപം കൈക്കൊള്ളുന്നത് കാണാൻ നമുക്ക് സാധിക്കും.

കർഷക പ്രക്ഷോഭം വിജയം നേടുമെന്ന് താങ്കൾ പ്രതീക്ഷിക്കുന്നുവോ? ഈയൊരു പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ പരിണാമം എന്തായിരിക്കും എന്നാണ് താങ്കൾ കരുതുന്നത്?

നിയമം റദ്ദു ചെയ്യാൻ സർക്കാർ നിർബന്ധിതരായിരിക്കുകയാണ് എന്നത് വാസ്തവമാണ്. കോർപറേറ്റുകൾക്ക് സർക്കാർ നൽകിയ കമിറ്റ്മെന്റ് പാലിക്കാൻ സാധ്യമല്ലാത്ത വിധം കർഷക സമൂഹത്തിൽ നിന്നുള്ള സമ്മർദ്ദം ശക്തമാണ്. കർഷകരെ പിണക്കി തെരഞ്ഞെടുപ്പുകളെ നേരിടാൻ ബി.ജെ.പി തയ്യാറാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ടു തന്നെ നിയമം പിൻവലിക്കാൻ അവർ തയ്യാറാകും. സംഘടനകളുമായി സംസാരിക്കാൻ തങ്ങൾ എപ്പോഴും സജ്ജരാണ് എന്ന അവരുടെ വാക്കുകൾ തന്നെ അവർ എത്രമാത്രം പരിഭ്രാന്തിയിലാണ് എന്നതിനെ സൂചിപ്പിക്കുന്നു.

ഇതിന്റെ രാഷ്ട്രീയ പരിണാമം പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ എന്താണ് ചെയ്യാൻ പോകുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. ഗവൺമെന്റിന്റെ നയരൂപീകരണങ്ങൾക്കെതിരെ ബദലുകൾ കണ്ടെത്താൻ അവർക്ക് സാധിക്കുമോ? വ്യക്തമായ പൊതു മിനിമം പരിപാടിയുടെ മേലെ രാഷ്ട്രീയ ഐക്യം സാധ്യമാക്കാൻ പ്രതിപക്ഷത്തിന് കഴിയുമോ? തുടങ്ങിയ നിരവധി ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്. ഈ ഘടകങ്ങളെയൊക്കെ ആശ്രയിച്ചിരിക്കും ഇന്ത്യയിലെ രാഷ്ട്രീയ മാറ്റം എന്ന് ഞാൻ വിശ്വസിക്കുന്നു. ▮


ഡോ. സുനിലം

സുനിലം എന്ന ഡോ. സുനിൽ മിശ്ര സോഷ്യലിസ്റ്റ് ചിന്തകനും എൻ.എ.പി.എം ദേശീയ കമ്മിറ്റി അംഗവും സംയുക്ത കിസാൻ മോർച്ച അധ്യക്ഷനുമാണ്. മധ്യപ്രദേശ് നിയമസഭയിൽ രണ്ട് തവണ എം.എൽ.എയായി. സമാജ്‌വാദി പാർട്ടി ദേശീയ സെക്രട്ടറിയായിരുന്നു.

കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments