പെരിയാർ ഇ.വി. രാമസ്വാമി

ദ്രാവിഡ ദേശീയത ഒരു യുദ്ധമുഖത്താണ്;
​പെരിയാർ അതിന്റെ കുന്തമുനയും

പ്രാദേശികതകളെ മെരുക്കാനും സ്വാംശീകരിച്ചെടുക്കാനും ഹൈന്ദവ വർഗീയവാദം കഠിനശ്രമം നടത്തിക്കൊണ്ടിരിക്കേ, ഇന്ത്യയിലെ ഉപദേശീയതകളുടെ ചെറുത്തുനിൽപ് എങ്ങനെയായിരിക്കണം എന്നൊരു അന്വേഷണം നടത്തുകയാണിവിടെ. ദളിത് പ്രശ്‌നങ്ങളെയും അശാസ്ത്രീയ ഭൂവിതരണത്തെയും പരിഹരിക്കാതെ ദ്രാവിഡ ദേശീയതയ്ക്ക് ഒരടി മുന്നോട്ടുപോകാനാകില്ലെന്ന് ലേഖകൻ വ്യക്തമാക്കുന്നു

These four great castes exist, as the four great schools of the evolving soul, and that the Brahmin caste, pure in its blood, developing the most delicate organism, the subtlest brain, the most perfect mental mechanism, should be inhabited by the most advanced souls. And so in gradation with the other castes in the land.

ദ്രാസ് പ്രസിഡൻസിയിലെ കോൺഗ്രസ് പാർട്ടിയെ ദീർഘകാലം നയിക്കുകയും, അതിന്റെ ആദ്യകാല സമീപനങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത ആനി ബെസൻറ്​ 1917ൽ പുറത്തിറങ്ങിയ "The Birth of New India' എന്ന പുസ്തകത്തിലെഴുതിയ ഈ വാചകത്തിൽ ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിന്റെയും, അത് പ്രതിനിധീകരിച്ചിരുന്ന മുഖ്യധാരാ ദേശീയതയുടെയും ഒരു കാലഘട്ടം തന്നെ കല്ലിച്ചു കിടക്കുന്നുണ്ട്.

കോളനിവൽക്കരണത്തോടും അതിന്റെ അനുബന്ധ പരിഷ്‌ക്കരണങ്ങളോടുമുള്ള പ്രതികരണമായാണ് ഇന്ത്യയുടെ മുഖ്യധാരാ ദേശീയത രൂപപ്പെടുന്നത്. ബ്രിട്ടീഷ് ഭരണപരിഷ്‌ക്കാരങ്ങളുടെയും കൊളോണിയൽ ആധുനികതയുടെയും ഫലമായി ബംഗാളിൽ രൂപപ്പെട്ട അഭ്യസ്തവിദ്യരുടെ നീണ്ട നിരയിലാണ് ഈ ദേശീയതയുടെ ആദ്യ സ്ഫുരണങ്ങൾ വെളിവാകുന്നത്. പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ വിശാലതയിൽ നിന്നുകൊണ്ട് പ്രാദേശികതയെ പുനർനിർവചിക്കാൻ ഇവർ നടത്തിയ ശ്രമങ്ങളാണ് ദേശീയതാ ബോധത്തെ തട്ടിയുണർത്തിയത്. ഇതിനുള്ള സാംസ്‌ക്കാരിക മൂലധനം കണ്ടെത്തിയത് ബ്രിട്ടീഷ് ചരിത്രകാരന്മാർ സൃഷ്ട്ടിച്ചെടുത്ത സിൻഡിക്കേറ്റഡ് ഹിന്ദു മതത്തിന്റെ അഭിമാന സ്തംഭങ്ങളായ രാമായണ- മഹാഭാരത സംസ്‌കൃതിയിൽ നിന്നായിരുന്നു. ഗാന്ധിജിക്ക് മുന്നേയുള്ള ദേശീയ പ്രസ്ഥാനത്തിലും ഈ ഹൈന്ദവ ദേശീയതക്കാണ് മേൽക്കൈയുണ്ടായിരുന്നത്. മാക്‌സ് മുള്ളറിന്റെ വളച്ചൊടിച്ച ചരിത്ര പുസ്തകങ്ങളിലൂടെ മാത്രം ഇന്ത്യയെ മനസ്സിലാക്കിയ ആനി ബെസന്റിന്റെ ബ്രാഹ്മണ സ്‌നേഹത്തിൽ മറയില്ലാതെ വെളിവാകുന്നതും ഈ ഹൈന്ദവ ദേശീയതയിലുള്ള കലവറയില്ലാത്ത വിശ്വാസമാണ്. ദീർഘകാലത്തെ ക്രിയാത്മകമായ ജനസമ്പർക്ക പരിപാടികളിലൂടെയും വിമർശനങ്ങളിലൂടെയും ഒരു പരിധിവരെ ഈ ഹൈന്ദവ ദേശീയതയെ നേർപ്പിച്ചെടുക്കാൻ ഗാന്ധിജിയെയും നെഹ്രുവിനെയും പോലുള്ളവർക്ക് കഴിഞ്ഞെങ്കിലും, നമ്മുടെ മുഖ്യധാരാ ദേശീയതയുടെ അകത്തു തന്നെ ഈ ഹൈന്ദവതയ്ക്ക് മോശമല്ലാത്തൊരു സ്ഥാനം ലഭിക്കുകയാണുണ്ടായത്. ഈ നേർപ്പിക്കൽ ഘട്ടത്തിനു മുന്നേയുള്ള ദേശീയ പ്രസ്ഥാനത്തോടും, അത് പ്രതിനിധീകരിച്ചിരുന്ന മുഖ്യധാരാ ദേശീയതയോടും എതിരിട്ടുകൊണ്ടാണ് ദ്രാവിഡ സ്വത്വത്തിന്റെ ആദ്യ സംഘടിത രൂപമായ ജസ്റ്റിസ് പാർട്ടി (Justice Party) 1916ൽ രൂപീകൃതമാകുന്നത്. മദ്രാസ് പ്രസിഡൻസിയിലെ എല്ലാ മേഖലകളിലും നിലനിന്നിരുന്ന ബ്രാഹ്മണ മേധാവിത്വത്തിൽ അസ്വാഭാവികമായൊന്നും കാണാൻ കഴിയാതിരുന്ന ദേശീയ പ്രസ്ഥാനത്തോടുള്ള പ്രതികരണം കൂടിയായിരുന്നു ഈ അബ്രാഹ്മണ മുന്നേറ്റം.

ജവഹർലാൽ നെഹ്റു, മഹാത്മാ ഗാന്ധി

ഈ മേഖലയിൽ ബ്രാഹ്മണേതര വിഭാഗങ്ങളുടെ ഐക്യം രൂപപ്പെടുന്നതിനും എത്രയോ മുന്നേ തന്നെ ദലിത് പ്രസ്ഥാനങ്ങളുടെ ജാതി വിരുദ്ധ സമരം സജീവമായിരുന്നു. കൊളോണിയൽ വിദ്യാഭ്യാസ പദ്ധതികളിലൂടെ നേടിയെടുത്ത ലോകവീക്ഷണം തന്നെയാണ് ജാതി വിരുദ്ധ സമരങ്ങൾക്ക് ദളിത് വിഭാഗങ്ങൾക്കും ഊർജ്ജമേകിയത്. ദലിത് വിഭാഗങ്ങളിൽ നിന്നുള്ള അഭ്യസ്തവിദ്യരുടെ ചെറുന്യൂനപക്ഷം ബ്രാഹ്മണാധിപത്യത്തിനെതിരെ സായുധസജ്ജരാവാൻ തങ്ങളുടെ ജനങ്ങളോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. മദ്രാസ് പ്രസിഡൻസിയിലെ ഭരണനിർവ്വഹണ പ്രക്രിയയിൽ അച്ചടിമാധ്യമത്തിനുള്ള പങ്ക് ആദ്യം തിരിച്ചറിഞ്ഞതും ഇവർ തന്നെയായിരുന്നു. 1869ൽ പ്രസിദ്ധീകരണമാരംഭിച്ച ‘സൂര്യോദയം' മുതൽ 1907ൽ തുടങ്ങിയ ‘തമിഴൻ' വരെയുള്ള പത്രങ്ങൾ അതാത് കാലങ്ങളിലെ വിമോചന മന്ത്രങ്ങൾ പരിമിതമായ വരിക്കാരിലേക്കെത്തിച്ച് തങ്ങളുടെ രാഷ്ട്രീയ ദൗത്യം നിർവ്വഹിച്ചു.

അംബേദ്കർ ഔദ്യോഗികമായി ബുദ്ധമതത്തെ പുൽകുന്നതിനും അമ്പത്തെട്ട് വർഷം മുന്നേ ആ വഴിയിൽ ഒറ്റയ്ക്ക് നടന്നു പോയ ആളാണ് അയോത്തി താസ് പണ്ഡിതർ.

ബ്രാഹ്മണ മേധാവിത്വത്തെ ന്യായീകരിക്കുകയും പുനരുൽപ്പാദിപ്പിക്കുകയും ചെയ്യുന്ന സാമൂഹിക സ്ഥാപനമായി ഹിന്ദു മതത്തെ തിരിച്ചറിയുകയും, കടന്നാക്രമിക്കുകയും ചെയ്ത ദലിത് പണ്ഡിതനായ അയോത്തി താസ് പണ്ഡിതർ ഈ കാലഘട്ടത്തിന്റെ ഉല്പന്നമാണ്. സിൻഡിക്കേറ്റഡ് ഹിന്ദു മതത്തിന്റെ ആക്രമണോൽസുകതയെ ചെറുക്കാനുള്ള പ്രതിരോധ മൂല്യം ബുദ്ധമതത്തിൽ കണ്ടെത്തിയ അദ്ദേഹമാണ് മദ്രാസ് ​പ്രസിഡന്റസിയിൽ ബുദ്ധമത പ്രചാരണത്തിന് സംഘടിതരൂപം നൽകിയത്. അംബേദ്കർ ഔദ്യോഗികമായി ബുദ്ധമതത്തെ പുൽകുന്നതിനും അമ്പത്തെട്ട് വർഷം മുന്നേ ആ വഴിയിൽ ഒറ്റയ്ക്ക് നടന്നു പോയ ആളാണ് അയോത്തി താസ് പണ്ഡിതർ. അയോത്തി താസിനേയും രത്തമല ശ്രീനിവാസനെയും പോലുള്ള ദലിത് പ്രസ്ഥാന നേതാക്കൾ കൂടി രൂപപ്പെടുത്തിയെടുത്ത വിവേചന വിരുദ്ധ മണ്ഡലത്തിൽ നിന്നാണ് ജസ്റ്റിസ് പാർട്ടി പടർന്നു പന്തലിച്ചതും 1920-ൽ അധികാരത്തിൽ വന്നതും. പിൽക്കാല തമിഴ്‌നാട് മേഖലയിലെ ബ്രാഹ്മണേതര വിഭാഗങ്ങളെ ഏകീകരിച്ചു നിർത്താനും, ജാതിവിവേചന വിരുദ്ധ പോരാട്ടത്തിന് ഈ വിഭാഗങ്ങളുടെ സംഘടിത ശക്തി പ്രയോജനപ്പെടുത്താനും ജസ്റ്റിസ് പാർട്ടിക്ക് കഴിഞ്ഞു. ഭരണത്തിൽ ഇരുന്ന കാലത്ത് നടപ്പിലാക്കിയ പല പദ്ധതികളും പൊതുമണ്ഡലത്തെ കൂടുതൽ ജനാധിപത്യവൽക്കരിക്കാൻ ഉതകുന്നതുമായിരുന്നു. പക്ഷെ, ജാതിശ്രേണിയിൽ ബ്രാഹ്മണർക്ക് തൊട്ടു താഴെ നിന്നിരുന്ന ഇടജാതിയിൽപ്പെട്ട ഭൂവുടമകൾക്കും ഉദ്യോഗസ്ഥർക്കും മൃഗീയ പങ്കാളിത്തമുണ്ടായിരുന്ന ജസ്റ്റിസ് പാർട്ടിക്ക് ദലിത് പ്രശ്‌നത്തെ ക്രിയാത്മകമായി അഭിസംബോധന ചെയ്യാൻ കഴിഞ്ഞില്ല. അഥവാ അങ്ങനെയൊരു ലക്ഷ്യത്തെ പ്രാവർത്തികമാക്കാൻ പര്യാപ്തമായ ഒന്നായിരുന്നില്ല ജസ്റ്റിസ് പാർട്ടിയുടെ ആന്തരികഘടന. ഇടജാതിക്കാർക്കും ദലിതുകൾക്കുമിടയിൽ നിലനില്ല ഈ വിടവിലേക്കാണ് കോൺഗ്രസ് വിട്ടുവന്ന പെരിയാറിന്റെ "സ്വാഭിമാന പ്രസ്ഥാനം' 1925 മുതൽ കയറി നിന്നത്. 1920 -കൾ മുതൽ ഭരണതലത്തിൽ വർധിച്ചു വന്ന ഇടജാതിക്കാരുടെ സ്വാധീന ശക്തിക്കും ദലിത് പ്രതിസന്ധിക്കും നടുവിലെ പാലമായാണ് സ്വാഭിമാന പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് പെരിയാർ പ്രവർത്തിച്ചത്. സ്വാഭിമാന പ്രസ്ഥാനത്തിന്റെ നയപരമായ സമീപനങ്ങൾ രൂപപ്പെടുത്തുന്നതിൽ വൈക്കം സത്യാഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം സ്വാംശീകരിച്ചെടുത്ത കാഴ്ചപ്പാടുകൾക്ക് വലിയ സ്വാധീനമുണ്ട്.

അയോത്തി താസ് പണ്ഡിതർ

ബ്രാഹ്മണാധിപത്യത്തിന്റെ വിവേചന യുക്തി അതിന്റെ ഇരകളിൽ രൂപപ്പെടുത്തിയെടുത്ത വിധേയത്വ മനോഭാവത്തെ തകർത്തു കളയാതെ വിമോചനം സാധ്യമല്ലെന്ന തിരിച്ചറിവാണ് സ്വാഭിമാന പ്രസ്ഥാനത്തിന്റെ കാതൽ. പ്രസ്ഥാനത്തിലെ ഓരോ അംഗത്തിന്റെയും സാമൂഹിക വീക്ഷണത്തെയും ബൗദ്ധിക നിലവാരത്തെയും നവീകരിക്കാൻ സഹായിക്കുന്ന ജീവിതമൂല്യമായാണ് അദ്ദേഹം സ്വാഭിമാന പ്രസ്ഥാനത്തെ വികസിപ്പിച്ചത്. ജാതി-മത വിരുദ്ധ മനോഭാവം സ്വാഭിമാന പ്രസ്ഥാനത്തിന്റെ കേന്ദ്ര പ്രമേയമായിരുന്നു. ജനങ്ങൾക്കിടയിലെ അധികാര ബന്ധങ്ങളെ രൂപപ്പെടുത്തുകയും, എല്ലാ പൊതു ജീർണതകളെയും ഉള്ളിൽ കൊണ്ടു നടക്കുകയും പുനരുൽപ്പാദിപ്പിക്കുകയും ചെയ്യുന്ന സാമൂഹിക സ്ഥാപനങ്ങളായ ജാതിയെയും മതത്തെയും ബ്രാഹ്മണാധിപത്യത്തിന്റെ ന്യായീകരണങ്ങളായാണ് പെരിയാർ കണ്ടത്. ദലിത് പ്രശ്‌നത്തെ സ്വാഭിമാന പ്രസ്ഥാനത്തിന്റെ കേന്ദ്രത്തിൽ തന്നെ നിലനിർത്തിയത് അയോത്തി താസ്സിനെ പോലുള്ളവർ നയിച്ച ആദ്യകാല ദലിത് മുന്നേറ്റങ്ങൾ പെരിയാറിൽ ഉണ്ടാക്കിയ സ്വാധീനമാണ്.

മദ്രാസ് പ്രസിഡൻസിയിലേക്ക് ഹിന്ദി ഭാഷ കെട്ടിയിറക്കാനുള്ള 1937ലെ കോൺഗ്രസ് ഗവണ്മെന്റിന്റെ നീക്കമാണ് ഭാഷാടിസ്ഥിത സ്വത്വത്തിന്റെ രൂപം മാത്രമുണ്ടായിരുന്ന ദ്രാവിഡ ദേശീയതയെ സാംസ്‌ക്കാരിക പ്രതിഭാസമാക്കി മാറ്റിയത്

സ്വാഭിമാന പ്രസ്ഥാനം പുറത്തിറക്കിയിരുന്ന പത്രമായ ‘കുടി അരശി'ൽ അയോത്തി താസിന്റെ പല രചനകളും പുനപ്രസിദ്ധീകരിച്ചിരുന്നു. അംബേദ്കറിന്റെ "ജാതി ഉൻമൂലന'വും മാർക്‌സിന്റെ പല രചനകളും കുടി അരശിലൂടെ തമിഴിൽ അവതരിപ്പിച്ചത് പെരിയാറായിരുന്നു. ജീവിതത്തിന്റെ പല കാലങ്ങളിലായി നടത്തിയ വിദേശ യാത്രകളും, ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളായ ശിങ്കാരവേലു ചെട്ടിയാരുമായും മറ്റുമുണ്ടായിരുന്ന ആത്മബന്ധവും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾക്ക് പുതിയ മാനങ്ങൾ തുറന്നു കൊടുത്തു. പ്രസ്ഥാനത്തിനകത്തെ ഇടജാതിക്കാർ ദലിത് വിഭാഗങ്ങളോട് പുലർത്തിയിരുന്ന ആധിപത്യ മനോഭാവത്തെ പല പൊതുവേദികളിലും വച്ച് പെരിയാർ നിശിതമായി വിമർശിക്കുന്നുണ്ട്. ആദ്യകാല ദളിത് മുന്നേറ്റങ്ങളുടെ തുടർച്ച മുപ്പതുകളിലെ സ്വാഭിമാന പ്രസ്ഥാനത്തിന് അവകാശപ്പെടാവുന്നതാണ്. അതുവരെ ദ്രാവിഡ ദേശീയതയുടെ ഭാഗമാകാൻ തയ്യാറാകാതിരുന്ന പല ദലിത് വിഭാഗങ്ങളും ഇക്കാലത്ത് പുതിയതായി സ്വാഭിമാന പ്രസ്ഥാനത്തിൽ ചേർന്നു. ഇതേ കാലത്ത് തന്നെ ജസ്റ്റിസ് പാർട്ടി ദലിത് പ്രശ്‌നങ്ങളിൽ നിന്ന് ഏറെ പിന്നോട്ട് പോകുകയും, അധികം വൈകാതെ പെരിയാർ അതിനെ ഏറ്റെടുക്കുകയും ചെയ്തു.

സ്വാഭിമാന പ്രസ്ഥാനം പുറത്തിറക്കിയിരുന്ന പത്രമായ 'കുടി അരശി'ൽ അയോത്തി താസിന്റെ പല രചനകളും പുനപ്രസിദ്ധീകരിച്ചിരുന്നു

മദ്രാസ് പ്രെസിഡന്റസിയിലേക്ക് ഹിന്ദി ഭാഷ കെട്ടിയിറക്കാനുള്ള 1937ലെ കോൺഗ്രസ് ഗവണ്മെന്റിന്റെ നീക്കമാണ് അതുവരെ ഭാഷാടിസ്ഥിത സ്വത്വത്തിന്റെ രൂപം മാത്രമുണ്ടായിരുന്ന ദ്രാവിഡ ദേശീയതയെ ഒരു സാംസ്‌ക്കാരിക പ്രതിഭാസമാക്കി മാറ്റിയത്. ദ്രാവിഡ ദേശീയത ജനകീയമാകുന്നതിന് തമിഴകത്തിന്റേതായ പല കാരണങ്ങളുമുണ്ടായിരുന്നു. യൂറോപ്യൻ ഭാഷാപണ്ഡിതർ പത്തൊൻപതാം നൂറ്റാണ്ടിൽ വാർത്തെടുത്ത ആര്യൻ അധിനിവേശമെന്ന തെറ്റായ സിദ്ധാന്തത്തിന് വലിയ വേരോട്ടമുണ്ടായിരുന്ന പ്രദേശമായിരുന്നു പിൽക്കാല തമിഴ്‌നാട്. നൂറ്റാണ്ടുകൾക്ക് മുന്നേ ഇന്ത്യക്ക് മേൽ അധിനിവേശം നടത്തി അധികാരം പിടിച്ചെടുത്ത ആര്യൻ വംശജരാണ് ഇന്നത്തെ ബ്രാഹ്മണ വംശത്തിന്റെ പൂർവ്വപിതാക്കന്മാരെന്നും, ഈ ആര്യന്മാർ അടിമകളാക്കിയ തദ്ദേശവാസികളാണ് ജാതി ശ്രേണിയിലെ മറ്റു മൂന്ന് തട്ടുകളായി മാറിയതെന്നും വ്യാഖ്യാനിക്കുന്ന ആര്യൻ അധിനിവേശ സിദ്ധാന്തത്തിൽ അയോത്തി താസ് മുതലിങ്ങോട്ടുള്ള സകല തമിഴ് പണ്ഡിതരും ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു. ബ്രാഹ്മണാധിപത്യത്തെ പ്രത്യക്ഷത്തിൽ തന്നെയൊരു അധിനിവേശമായി കാണുന്നു എന്നതിനാൽ ബ്രാഹ്മണേതര പ്രസ്ഥാനങ്ങളും ഈ സിദ്ധാന്തത്തെ സ്വീകരിക്കുകയാണുണ്ടായത്. ബ്രാഹ്മണരെന്ന ആര്യൻ അധിനിവേശകരെ ചെറുക്കാൻ അധിനിവേശിത ജനവിഭാഗങ്ങളുടെ, അഥവാ ദ്രാവിടരുടെ ഐക്യം - ഇതാണ് ദ്രാവിഡ ദേശീയതയുടെ കാതൽ.

ഭൂമിശാസ്ത്രപരമായി ആര്യന്മാരെ ഉത്തരേന്ത്യയിൽ സ്ഥാനപ്പെടുത്തുന്ന ഈ സിദ്ധാന്തം തന്നെയാണ് ഹിന്ദി മുതൽ ഗാന്ധി വരെയുള്ള എല്ലാ ഉത്തരേന്ത്യൻ ഉല്പന്നങ്ങളെയും സംശയത്തോടെ മാത്രം സമീപിക്കുന്ന ദ്രാവിഡ ബോധത്തിന്റെ പ്രത്യയശാസ്ത്ര ന്യായീകരണം. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ബ്രാഹ്മണാധിപത്യത്തിന്റെ മറ്റൊരു രൂപമായും അത് മുന്നോട്ട് വയ്ക്കുന്ന സ്വതന്ത്ര ഭാരത വാദത്തെ ബ്രാഹ്മണാധിപത്യത്തിലേക്കു തന്നെ നയിക്കുന്ന ഒന്നായും കണ്ടതിനാലാണ് പെരിയാറിനെ പോലുള്ളവർ ഒരു സ്വതന്ത്ര ദ്രാവിഡ രാജ്യത്തിനായി വാദിച്ചത്. 1940 -കൾ മുതലാണ് തമിഴ് ഭാഷാ പ്രദേശങ്ങൾ മുന്നോട്ട് വയ്ക്കുന്ന പ്രാദേശികതയും ഇന്ത്യൻ മുഖ്യധാരാ ദേശീയതയും തമ്മിൽ നിലനിൽക്കുന്ന പ്രാദേശികത- ദേശീയത ദ്വന്ദ്വം പൂർണ വളർച്ച പ്രാപിക്കുന്നത്. ഇന്ത്യയുടെ മറ്റ് പല പ്രദേശങ്ങളിലും ഈ ദ്വന്ദ്വ സങ്കർഷം വിഘടനവാദ പ്രവണതകളായി മാറിയെങ്കിലും തമിഴ് ഭാഷാ പ്രദേശങ്ങളിൽ അത് ഔദ്യോഗികമായി 1939 -ൽ തുടങ്ങുകയും തമിഴ് നാടിന്റെ രൂപീകരണത്തിന് ശേഷം ഒരു പതിറ്റാണ്ട് കാലം നിലനിൽക്കുകയും, 1962 -ൽ ഔദ്യോഗികമായി തന്നെ ഇന്ത്യൻ ദേശഭാവനയുമായി രമ്യതയിൽ നീങ്ങാൻ തുടങ്ങുകയും ചെയ്തു. പെരിയാറിന്റെ ദ്രാവിഡർ കഴകത്തിൽ നിന്ന് തെറ്റി പിരിഞ്ഞ് 1949ൽ അണ്ണാ ദുരൈ തുടങ്ങിയ ദ്രാവിഡ മുന്നേറ്റ കഴകം 1969ൽ സംസ്ഥാന ഭരണം പിടിച്ച് സർക്കാർ രൂപീകരിച്ചതോടെ ദ്രാവിഡ ദേശീയത പൂർണമായും ഇന്ത്യൻ ദേശ- രാഷ്ട്ര ശരീരത്തിന്റെ ചട്ടക്കൂടിനകത്ത് വിലയം പ്രാപിച്ചു.

പെരിയാർ മുന്നോട്ടു വച്ച ദ്രാവിഡ ദേശീയതയ്ക്കകത്ത് ദലിതുകൾക്കുമൊരു സ്ഥാനമുണ്ടായിരുന്നു. ദലിത് സ്വത്വത്തെ തങ്ങൾക്ക് കീഴ്‌പ്പെട്ട് മാത്രം നിലനിൽക്കേണ്ടുന്ന ഒന്നായി കണ്ടിരുന്ന ഇടജാതിക്കാരുടെ സമീപനത്തെ ഉള്ളിൽ നിന്നു തന്നെ എതിർക്കാനുള്ള സജീവ സാധ്യത പെരിയാർ നിലനിർത്തിയിരുന്നു

1969ലെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ അധികാര ലബ്ധിയോടെ പൂവണിഞ്ഞത് 1920കളിൽ ജസ്റ്റിസ് പാർട്ടിയിലൂടെ അധികാരത്തിന്റെ ഇടനാഴികളിലേക്ക് പ്രവേശിച്ച ഇടജാതിയിൽപ്പെട്ട ഭൂവുടമകളുടെ രാഷ്ട്രീയാധികാരമെന്ന ചിരകാല മോഹമായിരുന്നു. ബ്രാഹ്മണേതര വിഭാഗങ്ങളുടെ പൊതു കൂട്ടായ്മയായ ജസ്റ്റിസ് പാർട്ടിയും സ്വാഭിമാന പ്രസ്ഥാനവും ദ്രാവിഡർ കഴകവുമെല്ലാം ബ്രാഹ്മണർ-അബ്രാഹ്മണർ എന്ന ദ്വന്ദ്വത്തിന് ചുറ്റുമാണ് കറങ്ങിക്കൊണ്ടിരുന്നത്. ബ്രാഹ്മണാധിപത്യത്തിനെതിരെയുള്ള അബ്രാഹ്മണരുടെ കൂട്ടായ്മയെന്ന നിലയിൽ ഈ പ്രസ്ഥാനങ്ങളുടെയെല്ലാം പ്രാഥമിക പരിഗണന ബ്രാഹ്മണാധിപത്യത്തെ കടന്നാക്രമിക്കുന്നതിലായിരുന്നു. അബ്രാഹ്മണ വിഭാഗങ്ങൾക്കിടയിൽ സജീവമായിരുന്ന വിവേചനങ്ങളുടെ തീവ്രത വേണ്ട വിധം കാണാൻ കഴിഞ്ഞില്ല എന്നതാണ് ഈ പ്രസ്ഥാനങ്ങളുടെയെല്ലാം പൊതു വീഴ്​ച. ജാതി ഹിന്ദുക്കളും ദലിത് വിഭാഗങ്ങളും തമ്മിൽ എല്ലാ മേഖലകളിലും തുടർന്ന് പോന്ന വിടവിനെ പെരിയാറൊഴികെ മറ്റാരും പ്രാധാന്യത്തോടെ പരിഗണിച്ചില്ല. ശക്തമായ ജനവികാരത്തിന്റെ ഭാഗമായി 1920 -കളുടെ തുടക്കത്തോടെ അധികാര മണ്ഡലങ്ങളിൽ നിന്ന് പിൻവലിഞ്ഞു തുടങ്ങിയ ബ്രാഹ്മണ വിഭാഗങ്ങളുടെ സ്ഥാനത്തേക്ക് ഇടജാതിക്കാർ കയറി നിൽക്കുകയും രാഷ്ട്രീയാധികാരം കൈയ്യാളാൻ തുടങ്ങുകയും ചെയ്തു. ഇടജാതിക്കാർക്ക് ജസ്റ്റിസ് പാർട്ടിയിലൂടെ കൈവന്ന രാഷ്ട്രീയാധികാരം ദലിത് വിഭാഗങ്ങളെ കൂടുതൽ കൂടുതൽ അടിച്ചമർത്താനുള്ള സാഹചര്യമൊരുക്കുകയാണ് ചെയ്തത്. ഈ കാലഘട്ടത്തിൽ ഇടജാതിക്കാർ ഭൂമിക്ക് മേലുള്ള അധികാരം അരക്കിട്ടുറപ്പിക്കുകയും ദലിത് അടിച്ചമർത്തൽ കൂടുതൽ രൂക്ഷമായി നടപ്പിലാക്കുകയും ചെയ്തു. 1930 -കളിൽ പെരിയാർ ഈ പ്രശ്‌നത്തെ സജീവമായി അഭിസംബോധന ചെയ്യുകയും ജാതി ഹിന്ദുക്കളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തെങ്കിലും ഏറിയും കുറഞ്ഞും പ്രശ്‌നം അതേപടി തുടർന്നു. സ്വാഭിമാന പ്രസ്ഥാനത്തിന്റെയും ദ്രാവിഡർ കഴകത്തിന്റെയും നഗരകേന്ദ്രിത പ്രവർത്തന ശൈലി ഗ്രാമങ്ങളിലെ ദളിത് അടിച്ചമർത്തലുകൾ അതേപടി നിലനിൽക്കാൻ അനുകൂലമായ സാഹചര്യം സൃഷ്ട്ടിക്കുകയാണ് ചെയ്തത്. പെരിയാർ ഈ പ്രശ്‌നം രൂക്ഷമായി ഉന്നയിക്കാൻ തുടങ്ങിയപ്പോൾ കോൺഗ്രസ് പോലുള്ള മറ്റ് പ്രസ്ഥാനങ്ങളിലേക്ക് ചുവട് മാറിക്കൊണ്ടാണ് ജാതി ഹിന്ദുക്കൾ പെരിയാറിനോട് പ്രതികരിച്ചത്. പെരിയാറിൽ നിന്ന് നിശ്ചിത അകലം പാലിച്ച് നിലനിന്ന ഈ അബ്രാഹ്മണ ജാതി ഹിന്ദുക്കളാണ് പെരിയാറിനോട് തെറ്റിപ്പിരിഞ്ഞ് 1949ൽ അണ്ണാ ദുരൈ തുടങ്ങിയ ദ്രാവിഡ മുന്നേറ്റ കഴകത്തെ പിന്തുണച്ചതും 1969ൽ അധികാരത്തിലെത്താൻ സഹായിച്ച പ്രധാന വോട്ട് ബാങ്കായി മാറിയതും.

ഡോ. ബി.ആർ. അംബേദ്കർ / Photo: Wikimedia Commons

പെരിയാർ മുന്നോട്ടു വച്ച ദ്രാവിഡ ദേശീയതയ്ക്കകത്ത് ദലിതുകൾക്കുമൊരു സ്ഥാനമുണ്ടായിരുന്നു. ദലിത് സ്വത്വത്തെ രണ്ടാംതരമായും തങ്ങൾക്ക് കീഴ്‌പ്പെട്ട് മാത്രം നിലനിൽക്കേണ്ടുന്ന ഒന്നായും കണ്ടിരുന്ന ഇടജാതിക്കാരുടെ സമീപനത്തെ ഉള്ളിൽ നിന്നു തന്നെ എതിർക്കാനുള്ള സജീവ സാധ്യത പെരിയാർ നിലനിർത്തിയിരുന്നു. ഇങ്ങനെയൊരു സാധ്യതയുടെ അഭാവമാണ് ദ്രാവിഡ മുന്നേറ്റ കഴകത്തെയും അത് മുന്നോട്ടു വച്ച ദ്രാവിഡ ദേശീയതയെയും പെരിയാറിന്റേതിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. 1940 -കളുടെ മധ്യഭാഗം മുതൽ നാടകങ്ങളെയും സിനിമകളെയും ഉപയോഗിച്ചുകൊണ്ട് അണ്ണാ ദുരൈയും കരുണാനിധിയും മറ്റു പലരും ദ്രാവിഡ ദേശീയതയുടെ ഡിഎംകെ വകവേദം പ്രചരിപ്പിച്ചു തുടങ്ങിയപ്പോൾ മുതൽ ദലിത് പ്രശ്‌നത്തെ അതിന് പുറത്ത് നിർത്തുകയാണ് ചെയ്തത്.1950 കളിലും 60കളിലും നെഹ്‌റു ഗവണ്മെന്റിന്റെ വികസന പദ്ധതികളിലൂടെ വൈദ്യുതിവൽക്കരിക്കപ്പെട്ട തമിഴ്‌നാടിന്റെ അവികസിത പ്രദേശങ്ങളിൽ വരെ വൈദ്യുതിയോടൊപ്പം സിനിമാ കൊട്ടകകളും സജീവമാകുകയും എല്ലാ തരം മനുഷ്യരിലേക്കും സിനിമയെത്തുകയും ചെയ്തു. മറ്റേതു മാർഗ്ഗത്തിലൂടെയും എത്തിച്ചേരൽ ദുഷ്‌ക്കരമായിരുന്ന തമിഴ് കുഗ്രാമങ്ങളിലെ മനുഷ്യരുടെ മുന്നിലേക്ക് വരെ ഡിഎംകെ യുടെ ആശയങ്ങളുമായി നിരന്തരം സിനിമകൾ എത്തിക്കൊണ്ടിരുന്നതോടെ ഈ പ്രദേശങ്ങളിൽ നിന്നു പോലും ഡിഎംകെ തങ്ങളുടെ അനുഭാവികളെ കണ്ടെത്തി. ഡി.എം.കെ യുടെ തിരക്കഥാകൃത്തുക്കൾ നിർമിച്ചെടുത്ത അൻപതുകളിലെയും അറുപതുകളിലെയും സിനിമകൾ മുഖ്യധാരാ ദേശീയതയുടെ ചിഹ്നങ്ങളെ നിരാകരിച്ചുകൊണ്ട് തമിഴ് സാംസ്‌ക്കാരിക ചിഹ്നങ്ങളെയും ചരിത്ര കഥാപാത്രങ്ങളെയും ജനങ്ങളിൽ പ്രതിഷ്ഠിച്ചു. സാമൂഹിക പ്രശ്നങ്ങൾ അതിമാനുഷ നായക കഥാപാത്രങ്ങളിലൂടെ പരിഹരിക്കാവുന്ന ഒന്നായി ചിത്രീകരിക്കുകയും, മാതൃസ്‌നേഹം പോലുള്ള കാല്പനികതയ്ക്ക് അമിതപ്രാധാന്യം കൊടുക്കുകയും മറ്റും ചെയ്തതിലൂടെ യഥാർത്ഥ പ്രശ്‌നങ്ങളെ ഇടജാതിക്കാരുടെ അധീശത്വത്തിന് പോറലേൽക്കാത്ത രീതിയിലാണ് ഡി.എം.കെ സിനിമകൾ സമീപിച്ചിരുന്നത്.

അയോത്തി താസ്സിനെയും രത്തമല ശ്രീനിവാസിനെയും പെരിയാറിനെയും പോലുള്ളവർ കൊണ്ടുനടന്നിരുന്ന വിവേചന രഹിതമായ ലോകക്രമത്തെക്കുറിച്ചുള്ള വിശാല സങ്കൽപ്പമാണ് ദ്രാവിഡ ദേശീയതയ്ക്ക് വെള്ളവും വളവുമായി മാറിയത്

അധികാരത്തിലെത്തിയ ശേഷവും ദേശ- രാഷ്ട്രത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കപ്പുറം മറ്റൊന്നും ചെയ്യാൻ ഡി.എം.കെയ്ക്ക് കഴിഞ്ഞില്ല. ദലിത് വിഭാഗങ്ങൾക്ക് മേലുള്ള അടിച്ചമർത്തൽ നിലനിർത്താൻ ഇടജാതിക്കാരെ സഹായിച്ച പ്രധാന കാരണം തമിഴ്‌നാട്ടിലെ അശാസ്ത്രീയമായ ഭൂവിതരണമായിരുന്നു. ഭൂമിക്ക് മേലുള്ള അവകാശം നിലനിർത്തുന്നതിലൂടെയാണ് ഇടജാതിക്കാർ തങ്ങളുടെ അധികാരത്തെ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്നത്. 44 ഭൂരഹിത ദലിതരെ മേൽജാതിക്കാരായ ഭൂഉടമകൾ ചുട്ടുകൊന്ന കീഴ്​വെൺമണി കൂട്ടക്കൊല പോലുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലും ഈ അശാത്രീയത റദ്ദ് ചെയ്യാനുള്ള ശ്രമങ്ങളൊന്നും ദ്രാവിഡ പാർട്ടികളിൽ നിന്നുണ്ടായില്ല. ദീർഘനാളത്തെ ബ്രാഹ്മണേതര മുന്നേറ്റങ്ങൾ പിന്നോട്ടടിപ്പിച്ച ബ്രാഹ്മണാതിപത്യത്തെ ഉദ്യോഗസ്ഥ നിയമനങ്ങളിലൂടെയും മറ്റും പുനഃസ്ഥാപിക്കുകയാണ് കരുണാധിധി സർക്കാർ ചെയ്തത്. രൂക്ഷമായ ദളിത് അടിച്ചമർത്തലുകളായാണ് ഇതിന്റെയൊക്കെ പ്രത്യാഘാതങ്ങൾ തമിഴകത്ത് പ്രത്യക്ഷപ്പെട്ടത്.

"1967-ലാണ് ഡി എം കെ അധികാരത്തിലെത്തുന്നത്. അധഃകൃതർക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുമെന്നായിരുന്നു അവരുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. എന്നാൽ, പട്ടികജാതിക്കാർക്ക് നേരെയുള്ള ഏറ്റവും ക്രൂരമായ ആക്രമങ്ങളുണ്ടായത് 1967-നുശേഷമാണ്.1968-ൽ 44 ഹരിജനങ്ങളെയാണ് ചുട്ടുകൊന്നത്. തങ്ങളുടെ കുടിലുകളിൽ കിടന്നുറങ്ങുകയായിരുന്നു അവർ. തേവർ സമുദായക്കാരായിരുന്നു ഇതിന്റെ പിന്നിൽ. ബ്രാഹ്മണർക്ക് താഴെ, എന്നാൽ ഏറ്റവും താഴെയല്ലാതെ സമൂഹത്തിൽ സ്ഥാനമുണ്ടായിരുന്ന ഇടതട്ടുകാരാണിവർ - "ഇന്ത്യ : കലാപങ്ങളുടെ വർത്തമാനം' എന്ന വി. എസ്. നയ്​പാളിന്റെ വിഖ്യാത യാത്രാ വിവരണ ഗ്രന്ഥത്തിൽ കൊടുത്തിരിക്കുന്ന 1990 -കളുടെ തുടക്കത്തിൽ ഒരു തമിഴ് നഗരവാസിയുമായി നടത്തിയ ഈ സംഭാഷണത്തിൽ ആ കാലഘട്ടം മിന്നിമായുന്നുണ്ട്.

ഇടജാതിക്കാർ തുടർന്ന് പോന്ന വിവേചന മനോഭാവത്തെ ലഘൂകരിക്കാനുള്ള ആത്മാർത്ഥമായ യാതൊരു ശ്രമവും ദ്രാവിഡ പാർട്ടികളിൽ നിന്ന് ഉണ്ടാവാതിരിക്കുകയും അടിച്ചമർത്തൽ രൂക്ഷമായി തുടരുകയും ചെയ്തപ്പോഴാണ് ദ്രാവിഡ പാർട്ടികൾ മുന്നോട്ട് വയ്ക്കുന്ന ദ്രാവിഡ ദേശീയതയെ തന്നെ പ്രശ്‌നവൽക്കരിച്ചു കൊണ്ട് ദലിത് സംഘടനകൾ സജീവമാകുന്നത്. ദലിത് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് പറ്റിയ വീഴ്ചകളെ അപലപിച്ചുകൊണ്ട് എൺപതുകളോടെ രാജ്യമെമ്പാടും സംഘടിത ദലിത് പ്രസ്ഥാനങ്ങൾ ഉയർന്നു വരാൻ തുടങ്ങിയ കാലമായിരുന്നു അത്. ജാതി വിവേചനം അവസാനിപ്പിക്കുന്നതിൽ ദേശ- രാഷ്ട്രത്തിന് പറ്റിയ വീഴ്ചകളെയും, ഇന്ത്യയുടെ മുഖ്യധാരാ ദേശീയതയുടെ സവർണ ഉള്ളടക്കത്തെയും വിമർശിച്ചുകൊണ്ട് രൂപപ്പെട്ട ദലിത് ഉയിർത്തെഴുന്നേൽപ്പിന് തമിഴ് നാട്ടിൽ വിടുതലയ് ചിരുതൈകൾ കച്ചിയും (വി.സി.കെ), പുതിയ തമിഴകവും (പി.ടി) സംഘടിത രൂപം നൽകി. സായുധ സജ്ജരായി പ്രവർത്തനം തുടങ്ങുകയും തൊണ്ണൂറുകളുടെ അവസാനത്തോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരിയുകയും ചെയ്ത ഈ ദലിത് സംഘടനകളുടെ സാന്നിധ്യം ദലിത് പ്രശ്‌നങ്ങളെ വീണ്ടും പൊതുമണ്ഡലത്തിൽ സജീവമാക്കി നിർത്തി. ഈ പ്രസ്ഥാനങ്ങൾ അംബേദ്കറിന്റെ ചിന്തകളോടൊപ്പം ദ്രാവിഡ പാർട്ടികൾ ബിംബവൽക്കരിച്ച് വിപ്ലവ വീര്യം ചോർത്തിക്കളഞ്ഞ പെരിയാറിന്റെ ആശയങ്ങളെ കൂടി സ്വാംശീകരിച്ചെടുത്തവയായിരുന്നു. അയോത്തി താസ് പണ്ഡിതരുടെ ചിന്തകളെ കൂടി വീണ്ടെടുത്തതോടെ ഒരേ സമയം ദ്രാവിഡ പാർട്ടികളിലൂടെ തുടർന്ന ജാതി ഹിന്ദുക്കളുടെ അധീശത്വത്തെയും, മുൻപെന്നത്തെക്കാളും ഹൈന്ദവവൽക്കരിക്കപ്പെട്ടുകൊണ്ടിരുന്ന മുഖ്യധാരാ ദേശീയതയെയും വിമർശന വിധേയമാക്കാൻ ഈ സംഘടനകൾക്ക് കഴിഞ്ഞു.

എന്നാൽ, ദലിത് പ്രശ്‌നങ്ങളെ കൂടി പരിഗണിക്കുന്നൊരു ബദൽ അധികാര മണ്ഡലത്തെക്കുറിച്ചുള്ള സ്വപ്നവുമായി വോട്ട് രാഷ്ട്രീയത്തിലിറങ്ങിയ ദലിത് സംഘടനകൾക്ക് വിരലിലെണ്ണാവുന്ന വിജയങ്ങൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളു. ഇന്ത്യൻ രാഷ്ട്രശരീരത്തിലെ ദലിത് വിരുദ്ധതയ്ക്ക് സ്ഥാപനവൽകൃത സ്വഭാമാണുള്ളത്. അകത്തു നിന്നും പുറത്തു നിന്നും ഒരേ സമയം രാഷ്ട്രീയപരവും സാംസ്‌കാരികപരവുമായ ബലങ്ങൾ പ്രയോഗിച്ചാൽ മാത്രം പരിഹരിക്കാവുന്ന ഈ പ്രശ്‌നത്തെ മനസ്സിലാക്കുന്നതിൽ ദലിത് സംഘടനകൾ പരാജയപ്പെടുകയാണുണ്ടായത്. രണ്ട് ദ്രാവിഡ പാർട്ടികൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾക്കിടയിൽ മൂന്നാമതൊരു പാർട്ടിക്ക് പിടിച്ചു നിൽക്കാൻ തന്നെ പ്രയാസമായ തമിഴക രാഷ്ട്രീയത്തിൽ ദലിത് പാർട്ടികൾ നിലനിൽക്കാൻ തന്നെ പാടുപെടുകയാണുണ്ടായത്. ഏതെങ്കിലുമൊരു ദ്രാവിഡ മുന്നണിയിൽ അംഗമാകുന്നതിലൂടെയാണ് ഈ പ്രതിസന്ധിയെ ദലിത് പാർട്ടികൾ മറികടന്നത്. ദലിത് വിഭാഗങ്ങൾക്കിടയിൽ തന്നെ നിലനിൽക്കുന്ന സംഘർഷങ്ങളും, ഒരു പ്രത്യേക ദലിത് സമുദായത്തിന്റെ മാത്രം പ്രതിനിധികളെന്ന ആക്ഷേപവും ദലിത് പാർട്ടികളുടെ വളർച്ചയെ ദീർഘകാലം തടഞ്ഞു നിർത്തിയിരുന്നു. പറയ സമുദായത്തിന് മേൽക്കൈയ്യുള്ള വി.സി.കെ യും പല്ലർ സമുദായത്തിന് മേൽക്കൈയ്യുള്ള പുതിയ തമിഴകവും ഈ വളർച്ചാ മുരടിപ്പിനെ ഹ്രസ്വ കാലത്തേക്കെങ്കിലും മറികടന്നത് അതാത് സമുദായങ്ങളുടെ വിഷയങ്ങൾ കൂടുതൽ ഏറ്റെടുത്തുകൊണ്ടാണ്. ദലിത് പ്രശ്‌നങ്ങളോട് പൂർണമായും നീതി പുലർത്തിക്കൊണ്ട് മറ്റ് വിഭാഗങ്ങളെ കൂടി ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വി. സി. കെ ശ്രീലങ്കയിലെ തമിഴ് പുലികളുടെ തേരോട്ടകാലത്ത് അവർ മുന്നോട്ട് വച്ച ‘തമിഴ് ദേശീയത' യുടെ വീര്യം കുറഞ്ഞൊരു പതിപ്പ് തമിഴ് നാട്ടിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വി. സി. കെ യുടെ പ്രകടനം ഈ തമിഴ് ദേശീയതയോട് ജനങ്ങൾ ഗുണപരമായി പ്രതികരിച്ചു തുടങ്ങിയെന്ന് തെളിയിക്കുന്നു. ദ്രാവിഡ ദേശീയതയുടെ സ്ഥാപിത സ്വഭാവത്തിന് സമാന്തരമായി തമിഴ് ദേശീയതയും അതിന്റെ സത്താപരമായ വെളിപ്പെടൽ നടത്താൻ തുടങ്ങിയിരിക്കുന്നു. ദ്രാവിഡ ദേശീയതയും തമിഴ് ദേശീയതയും തമ്മിലുള്ള കനപ്പെട്ട സംഘട്ടനങ്ങൾ വരാൻ പോകുന്നതിന്റെ സൂചനകളാണ് തമിഴ് നാട്ടിൽ നിന്ന് വരുന്നത്.

പെരിയാറിന് എല്ലാ തരം അധീശത്വത്തെയും എതിർക്കാനുള്ള ഊർജ്ജമേകിയത്​ വിശാല സ്വപ്നത്തിന്റെ പ്രായോഗികതയിലുള്ള വിശ്വാസമായിരുന്നു. പെരിയാർ എല്ലാ കാലത്തുമൊരു കാൽപ്പനികനായ യുക്തിവാദിയെ ഉള്ളിൽ കൊണ്ടുനടന്നിരുന്നു.

ഇന്ത്യയിൽ നിലനിൽക്കുന്ന വിവിധ തരം ഉപദേശീയതകൾ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധമുഖത്തേക്കാണ് നടന്നടുത്തുകൊണ്ടിരിക്കുന്നത്. ഹൈന്ദവ ദേശീയതയുമായുള്ള സംഘട്ടനത്തിൽ ഇടിച്ചു നിൽക്കുകയോ സ്വാംശീകരിക്കപ്പെടുകയോ ചെയ്യാം - ദ്രാവിഡ ദേശീയത ഇതിനകം തന്നെ സമീപനം വ്യക്തമാക്കി കഴിഞ്ഞു. പ്രാദേശികതകളെ മെരുക്കാനും സ്വാംശീകരിച്ചെടുക്കാനുമുള്ള കഠിനമായ ശ്രമങ്ങൾ കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ ദ്രാവിഡ ദേശീയതയുടെ പ്രതിരോധ മൂല്യം മറ്റെന്തിനെക്കാളും പ്രധാനമാണ്. ഹൈന്ദവ വർഗീയവാദികൾക്ക് സൂചികുത്താനുള്ള പഴുതുപോലും നൽകാതെ തമിഴകത്തെ നിലനിർത്തുന്നതും ദ്രാവിഡ ദേശീയതയുടെ ജനകീയതയാണ്. എന്നാൽ, അതിനകത്ത് പരിഹരിക്കപ്പെടാതെ കിടക്കുന്ന ദളിത് പ്രശ്‌നങ്ങളെയും അശാസ്ത്രീയമായ ഭൂവിതരണത്തെയും പരിഹരിക്കാതെ ദ്രാവിഡ ദേശീയതയ്ക്ക് ഒരടി മുന്നോട്ടുപോകാനാകില്ല. ആഭ്യന്തര പ്രശ്‌നങ്ങളെ ക്രിയാത്മകമായി അഭിസംബോധന ചെയ്യുകയും പരിഹരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ദ്രാവിഡ ദേശീയതയുടെ പ്രതിരോധ മൂല്യത്തെ നിലനിർത്താനാകുകയുള്ളൂ.

ബ്രാഹ്മണാധിപത്യത്തിനും ജാതിവിവേചനത്തിനുമെതിരെ നടന്ന സുദീർഘമായ സമര സംഘട്ടനങ്ങളിലൂടെയാണ് ദ്രാവിഡ ദേശീയത രൂപപ്പെടുന്നത്. അയോത്തി താസ്സിനെയും രത്തമല ശ്രീനിവാസിനെയും പെരിയാറിനെയും പോലുള്ളവർ കൊണ്ടുനടന്നിരുന്ന വിവേചന രഹിതമായ ലോകക്രമത്തെക്കുറിച്ചുള്ള വിശാല സങ്കൽപ്പമാണ് ദ്രാവിഡ ദേശീയതയ്ക്ക് വെള്ളവും വളവുമായി മാറിയത്. പെരിയാറിന് എല്ലാ തരം അധീശത്വത്തെയും എതിർക്കാനുള്ള ഊർജ്ജമേകിയതും ഈ വിശാല സ്വപ്നത്തിന്റെ പ്രായോഗികതയിലുള്ള വിശ്വാസമായിരുന്നു. പെരിയാർ എല്ലാ കാലത്തുമൊരു കാൽപ്പനികനായ യുക്തിവാദിയെ ഉള്ളിൽ കൊണ്ടുനടന്നിരുന്നു. യാഥാസ്ഥിതികത്വവും, ഭയാനകമായ വിവേചനങ്ങളും നിലനിന്നിരുന്ന ഒരു കാലത്ത് സ്ത്രീ സ്വാതന്ത്രൃത്തെക്കുറിച്ചും, ശാസ്ത്രീയ മനോഭാവത്തെക്കുറിച്ചും മറ്റും സംസാരിക്കുകയും, ലോകമെന്നെങ്കിലും പരസ്പ്പരം ബഹുമാനിക്കുക മാത്രം ചെയ്യുന്ന മനുഷ്യരാൽ നിറയുമെന്നുമുള്ള സ്വപ്നം കെടാതെ നിലനിർത്തുകയും ചെയ്യണമെങ്കിൽ ഒരാൾ എത്രമാത്രം കാൽപ്പനികനായിരിക്കണം?. പെരിയാറിനോളമോ അംബേദ്കറിനോളമോ മാർക്‌സിനോളമോ കാൽപ്പനികരായിരിക്കണമെന്നാണ് ഉത്തരം.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അക്ഷയ് പി.പി.

പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ മൂന്നാം വർഷ സോഷ്യോളജി ബിരുദ വിദ്യാർത്ഥി.

Comments