എഴുത്തും വായനയും ഭയപ്പെടുന്ന ഭരണകൂടങ്ങൾ നമുക്ക് പരിചിതമായത് അടിയന്തരാവസ്ഥയോടെയാണ്. അന്നോളം അനുഭവിച്ച സ്വാതന്ത്ര്യത്തിൻ്റെ മൂല്യം തിരിച്ചറിഞ്ഞതും ആ ഘട്ടത്തിലാണ്. ഏതാണ്ടിതേ ഹൃസ്വചരിത്ര കാലത്താണ് വിവേകികളായ പൗരർ ജീവിതസ്വത്വം തേടുന്നതും. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രയോഗിക്കുന്നതിലുണ്ടായ ഭിന്നത ഭിന്നമനുഷ്യരിൽ സൃഷ്ടിച്ച ആഘാതം ലഘുവായിരുന്നില്ല. ചില ജ്ഞാനികൾ നിശ്ശബ്ദരാവുകയും സാക്ഷികളാവുകയും ചെയ്യുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്.
തൃശൂരിനടുത്ത് ധ്യാനസമൃദ്ധമായ ജീവിതം നയിക്കുന്ന എ.കെ. രവീന്ദ്രനെ അടിയന്തരാവസ്ഥയുടെ ഇരയെന്ന നിലയിൽ മാത്രമല്ല വായിച്ചെടുക്കാനാവുക. നിരീക്ഷകനും ദൃക്സാക്ഷിയുമാണയാൾ. ഋഷിതുല്യമായ ജ്ഞാനാർജ്ജ സിദ്ധിയിലൂടെ നേടിയ മൗനം ഘോഷിക്കപ്പെടാൻ രവിയേട്ടൻ താല്പര്യപ്പെടുന്നില്ല. അരനൂറ്റാണ്ട് മുമ്പത്തെ ജീവിത സന്ദർഭങ്ങളെ ഓർത്തെടുക്കുകയാണ് അദ്ദേഹം.
▮
ഒരു രാത്രി യൂണിവേഴ്സിറ്റി ഹോസ്റ്റൽ മുറിയിൽ നിന്ന് ആഹാരം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് അവിടുത്തെ ജീവനക്കാരിലൊരാൾ ‘അറിഞ്ഞില്ലേ’ എന്ന സന്ദേഹവുമായി അടുത്തേക്ക് വന്നത്.
‘രാജ്യത്ത് അടിയന്തരാസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു’, അൽപനേരത്തെ മൗനത്തിന് ശേഷം; ‘ജനകീയ യുദ്ധം തന്നെയേ പരിഹാരമുള്ളൂ’, അയാൾ പറഞ്ഞു.
ആദ്യത്തെ വാർത്തയിൽ വലിയ അമ്പരപ്പിനുള്ളതൊന്നും എന്നെ സംബന്ധിച്ചുണ്ടായിരുന്നില്ല. എന്നാൽ ജനകീയ യുദ്ധത്തെക്കുറിച്ചുള്ള ഒരു സാധാരണക്കാരൻ്റെ ഉത്കണ്ഠ ശരിക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു. CPI- ML അനുഭാവിയായിരുന്ന എന്നെയും മറ്റ് പാർട്ടി സഖാക്കളെയും സംബന്ധിച്ച് ജനകീയ പോരാട്ടത്തിനുള്ള സമയം കരഗതമായെന്ന ചിന്തയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തോടെ മുന്നിട്ടുനിന്നത്.
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർത്ഥിയായിരുന്ന എനിക്ക് ഹോസ്റ്റലിൽ സ്വന്തമായി മുറിയുണ്ടായിരുന്നു. ഒരർത്ഥത്തിൽ ഗവേഷണ താല്പര്യത്തെക്കാളേറെ എന്നെ ആകർഷിച്ചത് താമസസൗകര്യവും മുടങ്ങാതെ കിട്ടുന്ന സാമാന്യം ഭേദപ്പെട്ട സ്റ്റൈപൻഡുമാണ്. ‘ഹിന്ദിയിലെയും മലയാളത്തിലെയും നോവലുകളിലെ സമാനതകൾ’ എന്ന വിഷയത്തെക്കുറിച്ചുള്ള ഗവേഷണം എപ്പോഴെങ്കിലും ഗൗരവമുളളതായിരുന്നോ എന്നത് എനിക്കുതന്നെ സന്ദേഹമുളവാകുന്ന വസ്തുതയാണ്. ഒരർത്ഥത്തിൽ വ്യാജ ഗവേഷകനാണ് ഞാൻ. എൻ്റെ ഗൈഡായ പി. വി. വിജയൻ സാറിനും ഇതറിയാം. സംശുദ്ധനും നിഷ്കളങ്കനുമായ വിജയൻ സാറിനോട് മറ്റെതെങ്കിലും പൊതുവിഷയത്തിലും സംവാദത്തിന് സന്ദർഭമുണ്ടായിട്ടില്ല.

റിസർച്ച്കാലത്തെ ഹിന്ദി ഡിപ്പാർട്ട്മെൻ്റിലെ സുഹൃത്തുക്കളായിരുന്നു ഷൺമുഖനും ബാബുവും. പിന്നീട് ‘പുലാപ്പറ്റ’ എന്നു കൂടി ചേർന്ന് അറിയപ്പെട്ട ഷൺമുഖൻ കീഴാളസ്വത്വത്തിൻ്റെ വായനയിൽ വേറിട്ട സാധ്യത പ്രയോഗിക്കാൻ തുനിഞ്ഞു. ‘പശുക്കുട്ടിയെ വിറ്റുകിട്ടിയ കാശുമായാണ് ഞാൻ വന്നിരിക്കുന്നത്’, മഹാരാജാസ് കോളേജിൽ നിന്നും ഹിന്ദിയിൽ എം.എ വിജയിച്ച് കൊച്ചിൻ യൂണിവേഴ്സിറ്റിൽ ഗവേഷണത്തിന് വന്ന ഷൺമുഖൻ തന്നെ പരിചയപ്പെടുത്തിയതിങ്ങനെയാണ്.
ഗവേഷകവേഷം മുഖാവരണം മാത്രമായിരുന്ന എനിക്ക് പാർട്ടിനേതൃത്വവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കെ. വേണു പലപ്പോഴായി എൻ്റെ മുറിയിൽ തങ്ങിയിരുന്നു. എൻ്റെ മൂത്ത സഹോദരൻ്റെ ഛായയായിരുന്നു വേണുവിനുണ്ടായിരുന്നത്. അതുകൊണ്ട് ജ്യേഷ്ഠനാണ് എന്നെ കാണാൻ വരുന്നതെന്ന് എല്ലാവരും കരുതി. പാർട്ടി നേതൃത്വത്തിൻ്റെ നിർദ്ദേശമനുസരിച്ച് ഒരു പെട്ടി നിറയെ സ്ഫോടകവസ്തുക്കൾ എനിക്ക് കൈമാറിയ ഷൺമുഖനോടും വേണുവിനെ ജ്യേഷ്ഠനെന്നാണ് പരിചയപ്പെടുത്തിയത്.
അടിയന്തരാവസ്ഥ നടപ്പിലായതോടെ ഭൂരിഭാഗം പൗരരും ഏതെങ്കിലും ഒരുവിധത്തിൽ അസ്വസ്ഥരായിരുന്നു. അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയോ മാറ്റിവെയ്ക്കപ്പെടുകയോ ചെയ്തു.
ജയകുമാറാണ് പാർട്ടിയുടെ ഔപചാരിക വിവരങ്ങളെല്ലാം എനിക്ക് നൽകിയിരുന്നത്. പൂർണമായും രഹസ്യപാതയിലൂടെ നീങ്ങിയിരുന്ന CPI-ML പാർട്ടി പരസ്യമായ ഇടപെടലുകളെ അംഗീകരിച്ചതേയില്ല. ഇതു സംബന്ധിച്ച ചില ഭിന്നതകൾ ഉടലെടുത്തിരുന്നു. എൻ്റെ ഹോസ്റ്റൽ മുറിയിൽ സന്ദർശകരായിരുന്ന ഹാരിയും കൊടുങ്ങല്ലൂരുകാരൻ മുഹമ്മദും പാർട്ടിയുടെ ഏകശിലാരൂപത്തെ വിമർശിച്ചിരുനു. പാർട്ടിക്ക് രഹസ്യവഴിക്കുപുറമെ പരസ്യമായ ഒരു ധാര ജനങ്ങൾക്കിടയിൽ ഉണ്ടാവണമെന്നാണ് ഹാരി പ്രധാനമായും വാദിച്ചത്. രാഷ്ട്രീയ പ്രശ്നങ്ങളിൽ പരസ്യ പ്രതിഷേധം വേണമെന്ന ഈ താൽപര്യം പാർട്ടി ഒരിക്കലും അംഗീകരിച്ചില്ല. പാർട്ടിയുടെ ലക്ഷ്യത്തിൽ ശുഭപ്രതീക്ഷ പുലർത്തിയിരുന്ന ഹാരി, അത് ചീട്ടുകൊട്ടാരം പോലെ തകരുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്നു. എനിക്കും ഈ അഭിപ്രായത്തോടാണ് ആഭിമുഖ്യമുണ്ടായിരുന്നത്. പാർട്ടി നേതൃനിരയിലുണ്ടായിരുന്ന ടി. എൻ. ജോയിയുടെ സഹോദരീപുത്രനായ ഹാരി സവിശേഷ നിലപാടാണ് പൊതുവെ പുലർത്തിവന്നത്. പ്രത്യയശാസ്തത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹം അമ്മാവനായ ടി. എൻ. ജോയിയോ പാർട്ടിനേതൃനിരയിലുള്ളവരോ മാനിച്ചില്ല.

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് മുമ്പുനടന്ന ഒരു സംഭവം കൗതുകവും അതിലേറെ ആശങ്കയുമുണ്ടാക്കിയിരുന്നു. ഞാൻ ഇല്ലാതിരുന്ന ഒരു ദിവസം ജോയി എന്നെ കാണാൻ ഹോസ്റ്റലിൽ വന്നു. കുറുപ്പ് എന്നാണ് അയാൾ പരിചയപ്പെടുത്തിയത്. അധികനേരം അവിടെ തങ്ങാതെ അയാൾ മടങ്ങിപ്പോവുകയും ചെയ്തു. ശത്രുഘ്നൻ സിൻഹ അന്വേഷിച്ചുവന്നുവെന്നാണ് സുഹൃത്തുകൾ എന്നോട് പറയുന്നത്. സിനിമാതാരം ശത്രുഘ്നൻ സിൻഹയുടെ മുഖ സാദൃശ്യമുണ്ടായിരുന്ന ജോയിയെ കുറുപ്പ് എന്നപേരിൽ തന്നെ അവിടെ അറിയപ്പെട്ടു.
പറവൂർ സ്വദേശിയായ ജയകുമാർ ഇടക്കിടെ എന്നെക്കാണാനായി താമസസ്ഥലത്തെത്തിയിരുന്നു. അതുവാശ്ശേരിയിൽ വീടുള്ള CPI-ML പ്രവർത്തകനായ ശശിയെ പരിചയപ്പെടുത്തിത്തന്നത് ജയകുമാറാണ്. കളമശ്ശേരിയിലെ ഒരു പാരലൽ കോളേജ് അധ്യാപകനായിരുന്നു ശശി. പുഴക്കരയിലെ വലിയ വീട്ടിലായിരുന്നു അയാൾ ഒറ്റക്ക് താമസിച്ചിരുന്നത്. ഒരു നായർ തറവാടായിരുന്നു അതെന്ന് എനിക്ക് തോന്നി. നിരവധി തവണ ഞാനവിടെ പോവുകയും തങ്ങുകയും ചെയ്തു. ജയകുമാറിൻ്റെ നിർദ്ദേശമനുസരിച്ച് കെ. വേണുവിന് പല തവണ അവിടെ ഷെൽട്ടർ ഒരുക്കുകയും ചെയ്തു. രാഷ്ട്രീയ സൗഹൃദമുണ്ടായിരുന്ന ചാലക്കുടിക്കാരൻ ദേവസ്സിക്കുട്ടിക്ക് കോട്ടാറ്റിൽ വലിയ സ്വാധീനമാണ്. അവിടെ ഭൂരിഭാഗവും ദലിത് വിഭാഗത്തിലുള്ളവരാണ് കഴിഞ്ഞിരുന്നത്. എല്ലാവർക്കും സ്വീകാര്യനായ അദ്ദേഹത്തെ സി.ആർ. പരമേശ്വരൻ പാതിരി എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹവുമായി അടിയന്തരാവസ്ഥാകാലത്തും ബന്ധം തുടർന്നു. കേളപ്പൻ എന്നയാളുടെ വീട്ടിലാണ് സ്റ്റേറ്റ് കമ്മിറ്റി മീറ്റിങ്ങ് നടന്നത്.
വിപ്ലവം വിജയിച്ച് രാജ്യത്താകെ തൊഴിലാളികളുടെ സർക്കാർ അധികാരത്തിൽ വരുമെന്ന് CPI-ML പാർട്ടിയുടെ നേതാക്കളെങ്കിലും ശരിക്കും വിശ്വസിച്ചിരുന്നു.
ജയകുമാറുമൊത്തുള്ള നിരവധി ചെറുയാത്രകൾ ധാരാളം ഉപകഥകൾക്ക് ഹേതുവായിട്ടുണ്ട്. മിക്കപ്പോഴും കെ.എസ്.ആർ.ടി.സി ബസ്സാണ് ഇത്തരം സഞ്ചാരത്തിനായി ഞങ്ങൾ ഉപയോഗിച്ചിരുന്നത്. ഒരു തവണ യാത്രക്കിടെ ഞങ്ങളുടെ സംസാരവിഷയം ബസുകൾക്ക് കെ.എസ്.ആർ.ടി.സി നൽകുന്ന പേരുകൾ സംബന്ധിച്ചായിരുന്നു. TRANSPORT എന്ന വാക്കിലെ അക്ഷരങ്ങൾ അവസാനിക്കുമ്പോൾ എന്തു നൽകുമെന്ന സംശയത്തിന് ജയകുമാർ നൽകിയ മറുപടി, "അപ്പോൾ നമ്മൾ തീരുമാനിക്കും" എന്നായിരുന്നു. വിപ്ലവം വിജയിച്ച് രാജ്യത്താകെ തൊഴിലാളികളുടെ സർക്കാർ അധികാരത്തിൽ വരുമെന്ന് CPI-ML പാർട്ടിയുടെ നേതാക്കളെങ്കിലും ശരിക്കും വിശ്വസിച്ചിരുന്നു.
കുമ്പള ആക്ഷൻ നയിച്ച ജയകുമാറിന് നിരവധി പ്രവർത്തകരുമായി ഹൃദയബന്ധമുണ്ടായിരുന്നു. എവിടെ ചെല്ലുമ്പോഴും ഏതാനും പേർ സഖാവിനെ കാണാനായി എത്തിയിരുന്നു. ഇവർക്കെല്ലാം മതിയാവോളം പ്രതീക്ഷ നൽകാൻ അദ്ദേഹത്തിന് പ്രത്യേക സിദ്ധിയുണ്ടായിരുന്നു. മുറ്റമടിച്ച്, ചാണകം മെഴുകിയിട്ടിരിക്കുകയാണ്, ഇനി കൊയ്ത കറ്റകൾ കൊണ്ടുവരികയേ വേണ്ടൂ എന്നദ്ദേഹം സഖാക്കളോട് പറയും. അത്രമാത്രം ശുഭാപ്തിവിശ്വാസിയായിരുന്നു ജയകുമാർ.

യൂണിവേഴ്സിറ്റിയിൽ നിന്ന് ബസ് കയറി പുത്തൻകുരിശ്ശിലിറങ്ങി അൽപദൂരം നടന്നാൽ കൂലിപ്പണിക്കാരനായ മാധവന്റെ ഓല മേഞ്ഞ വീട്ടിലെത്താം. ആ പ്രദേശത്തെ സകലരുമായും മാത്തന് അടുപ്പമുണ്ട്. പുറമേക്ക് അയാൾ സി.പി.എമ്മിന്റെ പ്രാദേശികനേതാവാണ്. എന്നാൽ മാത്തൻ യഥാർത്ഥ നക്സലൈറ്റ് ആയിരുന്നു. വിപ്ലവം ആരംഭിക്കാൻ അയാൾ സർവ്വാത്മനാ തയ്യാറായിരുന്നു. പ്രദേശത്തെ ചില വിഷയങ്ങളിൽ ഇടപെടാനായി അയാൾ നിരവധി തവണ എന്നോട് അനുവാദം ചോദിച്ചു. പാർട്ടി നേതാവായിരുന്ന ജയകുമാറിൻ്റെ അനുമതിയില്ലാതെ കഴിയില്ലെന്ന് ഞാൻ മാത്തനെ അറിയിച്ചു. ആ സാധു മനുഷ്യൻ നിരാശനും രോഷാകുലനുമായിരുന്നു. അനുകൂല സമയം എത്തിയില്ലെന്ന മറുപടിയാണ് ജയകുമാറിന് ഉണ്ടായിരുന്നത്.
അടിയന്തരാവസ്ഥ നടപ്പിലായതോടെ ഭൂരിഭാഗം പൗരരും ഏതെങ്കിലും ഒരുവിധത്തിൽ അസ്വസ്ഥരായിരുന്നു. അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയോ മാറ്റിവെയ്ക്കപ്പെടുകയോ ചെയ്തു. പൗരാവകാശത്തെ സംബന്ധിച്ച ഉത്കണ്ഠ നക്സലൈറ്റുകളെ ബാധിച്ചിരുന്നില്ല. ഇന്ത്യൻ ഭരണഘടന അംഗീകരിക്കുവാൻ നക്സലൈറ്റുകൾ ഒരുക്കമായിരുന്നില്ല. പാർട്ടിയുടെ നിരീക്ഷണങ്ങൾക്ക് അനുസൃതമായാണ് കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നതെന്ന് ഞങ്ങൾ കരുതി. അടിയന്തരാവസ്ഥ നടപ്പിലായതോടെ സാമ്രാജ്യത്വ അജണ്ടയുടെ കള്ളി വെളിച്ചത്തായതായി പാർട്ടി വിലയിരുത്തി.
അടിയന്തരാവസ്ഥയോടുളള നക്സലൈറ്റുകളുടെ നിലപാട് വ്യക്തമാക്കാനാണ് ഇത്രയും അനുഭവങ്ങൾ പങ്കുവെച്ചത്. നിത്യജീവിതത്തിൽ നിയന്ത്രണം വന്നതോടെ ഏതാണ്ടെല്ലാവരും പോലീസിനെ ഭയന്നു. അഭ്യുദയകാംക്ഷികളിൽ ചിലരെല്ലാം എനിക്ക് മുന്നറിയിപ്പ് നൽകാൻ മറന്നില്ല.
മാധവൻ യഥാർത്ഥ നക്സലൈറ്റ് ആയിരുന്നു. വിപ്ലവം ആരംഭിക്കാൻ അയാൾ സർവ്വാത്മനാ തയ്യാറായിരുന്നു.
കേരള പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിലെ പ്രഗത്ഭനായ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ഹാരി സേവിയർ. Dysp റാങ്കിലുള്ള അദ്ദേഹത്തിൻ്റെ രഹസ്യാന്വേഷണത്തിന് സവിശേഷതയേറെയുണ്ട്. പിടികൂടുന്നവർക്കുനേരെ മൂന്നാം മുറ പ്രയോഗിക്കുന്നതിൽ അയാൾ വിമുഖനായിരുന്നു. അടിയന്തരാവസ്ഥാനാളുകളിൽ ഒരു ദിവസം പൊലീസുകാരൻ എന്നു തോന്നുന്നയാൾ യൂണിവേഴ്സിറ്റിയുടെ മുന്നിൽ സാധാരണ വേഷത്തിൽ വന്നിറങ്ങി. നേരത്തെ തന്നെ ഇത് പ്രതീക്ഷിച്ചിരുന്നതുകൊണ്ട് ഒരു മുൻകരുതൽ ഞാൻ എടുത്തിരുന്നു. യൂണിവേഴ്സിറ്റിയിലെ ഒരു രവീന്ദ്രനെയാണ് അയാൾ തിരക്കിയത്. ഇത് മനസ്സിലാക്കിയ ഞാൻ കൈലിമുണ്ടും സാധാരണ ഷർട്ടും ധരിച്ച് അദ്ദേഹത്തിൻ്റെ മുന്നിലെത്തി. എന്താണ് കാര്യമെന്ന് ഞാൻ അയാളോട് ചോദിച്ചു. ഒരു രവീന്ദ്രനെ കാണണം എന്ന് അദ്ദേഹം മറുപടി നൽകി. ഞാനാണ് ഒരു രവീന്ദ്രനെന്ന് അയാളോട് പറഞ്ഞു. ഞാൻ തിരക്കുന്നയാൾ നിങ്ങളല്ലെന്നായി അദ്ദേഹം. അതുമാത്രമല്ല അയാൾ ശരിക്കും ഭയന്ന് വിറക്കുവാനും തുടങ്ങി. രക്ഷപ്പെടാൻ അയാൾ തൊട്ടടുത്തുകണ്ട പോസ്റ്റ് ഓഫീസിലേക്ക് ഓടിക്കയറി. അവിടെയുണ്ടായിരുന്ന പോസ്റ്റൽ ജീവനക്കാരൻ അയാളെ വഴക്കുപറഞ്ഞ് ഓടിക്കുന്നതാണ് പിന്നീട് കാണുന്നത്. അനുവാദമില്ലാതെ ഓഫീസിൽ കയറിയതിന്നുള്ള ശിക്ഷയായിരുന്നു ഈ വഴക്ക്. ചമ്മൽ മാറ്റാനായി ഒരിൻലൻഡും കാർഡും വാങ്ങിയ അയാൾ അപ്പോഴവിടെയെത്തിയ ഒരു ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു.
അടുത്ത ദിവസം ഒരു പൊലീസുകാരൻ എന്നെ കൊണ്ടുപോകാൻ യൂണിവേഴ്സിറ്റിയിലെത്തി. ഡിപ്പാർട്ടുമെന്റ് ഹെഡ് ആയിരുന്ന വിശ്വനാഥ അയ്യരുടെ മുന്നിൽ അയാൾ ഈ വിവരം ധരിപ്പിച്ചു. അദ്ദേഹം സഹപ്രവർത്തകരെയെല്ലാം വിളിച്ചുചേർത്ത് കൂടിയാലോചിച്ചു. പ്രൊഫ. ഈച്ഛരവാര്യരുടെ മകൻ രാജൻ്റെ മരണം ഇതിനകം എല്ലാവരും അറിഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളായിരുന്നു യൂണിവേഴ്സിറ്റിലെ അധ്യാപകരിലധികവും. തിരികെ എത്തിക്കുന്ന സമയം ഉറപ്പാക്കി എന്നെ കൊണ്ടുപോകാനുള്ള അനുമതിയാണ് അവിടെ നിന്ന് പോലീസിന് നൽകിയത്. അധ്യാപകരെല്ലാം കൈവീശിയാണ് എന്നെ പോലീസ് വാഹനത്തിൽ കയറ്റിയത്.

സ്റ്റേഷനിലെത്തിയ എന്നോട് കാര്യമായ ചോദ്യമൊന്നും ഉണ്ടായിരുന്നില്ല. രഹസ്യപോലീസ് ശേഖരിച്ച വിവരങ്ങൾ എന്നോട് പറയുക മാത്രമാണ് പ്രധാനമായും ഉണ്ടായിരുന്നത്. കെ. വേണുവിന്റെ സന്ദർശനത്തെക്കുറിച്ചും അദ്ദേഹവുമായി നടന്ന ചർച്ചകളെക്കുറിച്ചുമാണ് ചോദിച്ചത്. അത് എന്റെ മുറിയല്ലെന്ന വാദത്തെ ഖണ്ഡിക്കുവാൻ പോലീസിന് കഴിഞ്ഞില്ല. ‘കുറുപ്പി’ൻ്റെ വരവ് അങ്ങനെ എൻ്റെ കുറ്റമുക്തിക്ക് ഹേതുവായി.
ഹാരി സേവിയറിൻ്റെ ഔദ്യോഗിക ജീവിതത്തിലെ എണ്ണം പറഞ്ഞ വീഴ്ചകളിലൊന്നായി ഈ സംഭവം മാറിയെന്നാണ് എൻ്റെ പക്ഷം. ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് അദ്ദേഹം എന്നെ ഹസ്തദാനം ചെയ്തു. തിരികെ വാഹനത്തിൽ കൊണ്ടുവിടാം എന്ന വാഗ്ദാനം നൽകി. ഞാൻ അവയെല്ലാം നിരസിച്ചു. ഇതിനിടെ, അദ്ദേഹം തൻ്റെ പൊതുബോധം എന്നിൽ ഇറക്കിവെക്കാൻ വൃഥാ ശ്രമം നടത്തി. നിങ്ങളുടെ ലക്ഷ്യം വിജയിക്കില്ലെന്ന് അയാൾ പറഞ്ഞുകൊണ്ടിരുന്നു. വിജയം കാണുമായിരുന്നെങ്കിൽ സേനയിൽ ഞാനുൾപ്പെടെ പകുതിയോളം നിങ്ങൾക്കൊപ്പം വരുമായിരുന്നെന്ന് അയാൾ പറഞ്ഞു. ‘ആഹാരം സിന്തെറ്റിക് രൂപത്തിൽ നിർമ്മിക്കപ്പെടുന്ന കാലത്ത് കാർഷിക വിപ്ലവത്തിൻ്റെ പ്രസക്തി എന്താണ്’ എന്ന അയാളുടെ ചോദ്യം എന്നെ ഉള്ളിൽ ചിരിപ്പിച്ചു.
