മോദിയുടെ വിദ്വേഷ പ്രസംഗത്തിന് മോദിയുടെ പേരില്ലാത്ത നോട്ടീസ്,
ഇലക്ഷൻ കമീഷന്റെ ‘സൂപ്പർ സൂപ്പർ ജാഗ്രത’

സമീപകാല ഇലക്ഷൻ കാമ്പയിൻ ചരിത്രത്തിൽ ആദ്യമായി ഒരു പ്രധാനമന്ത്രിയുടെ വിദ്വേഷപ്രസംഗത്തിനെതിരെ നോട്ടീസ് അയക്കുമ്പോൾ ഇലക്ഷൻ കമീഷൻ, മുൻകാലങ്ങളിലൊന്നും സ്വീകരിച്ചിട്ടില്ലാത്ത അത്ര ‘ജാഗ്രത’ പുലർത്തിയെന്ന് നോട്ടീസിന്റെ ഉള്ളടക്കം കാണിക്കുന്നു.

Election Desk

മുസ്‌ലിംകൾക്കെതിരൊയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമീഷൻ, ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ നോട്ടീസയക്കാൻ തയാറായെങ്കിലും, ഏറെ കരുതൽ ഈ നോട്ടീസിനു പുറകിലുണ്ട് എന്ന് വ്യക്തം. അതായത്, സമീപകാല ഇലക്ഷൻ കാമ്പയിൻ ചരിത്രത്തിൽ ആദ്യമായി ഒരു പ്രധാനമന്ത്രിയുടെ വിദ്വേഷപ്രസംഗത്തിനെതിരെ നോട്ടീസ് അയക്കുമ്പോൾ കമീഷൻ, മുൻകാലങ്ങളിലൊന്നും സ്വീകരിച്ചിട്ടില്ലാത്ത അത്ര 'ശ്രദ്ധ' പുലർത്തിയെന്ന് നോട്ടീസിന്റെ ഉള്ളടക്കം കാണിക്കുന്നു.

നോട്ടീസിൽ എവിടെയും വിദ്വേഷ പ്രസംഗം നടത്തിയതായി പരാതി ഉയർന്ന നരേന്ദ്രമോദിയുടെ പേരില്ല. നോട്ടീസ് ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദക്കാണ് അയച്ചിരിക്കുന്നത്. കോൺഗ്രസ്, സി.പി.എം, സി.പി.ഐ എം.എൽ (ലിബറേഷൻ) എന്നിവയാണ് പരാതി നൽകിയതെന്ന് വ്യക്തമാക്കുന്ന നോട്ടീസ് പക്ഷെ, ഈ പരാതികളിൽ വ്യക്തമായി പേരെടുത്തുപറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'താര പ്രചാരകർ' എന്ന വിശേഷണത്തിനുപുറകിൽ ഒളിപ്പിച്ചുനിർത്തിയിരിക്കുകയാണ്.

ജെ.പി. നദ്ദക്കുള്ള നോട്ടീസിൽ ഇതിനുള്ള ന്യായീകരണവും നിരത്തുന്നുണ്ട്, കമീഷൻ. ജനപ്രാതിനിധ്യ നിയമം, മാതൃകാ പെരുമാറ്റചട്ടം, അതാതുസമയത്ത് ഇലക്ഷൻ കമീഷൻ പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ എന്നിവയെക്കുറിച്ച് സൂചിപ്പിക്കുന്ന നോട്ടീസ്, ഓരോ പാർട്ടികളുടെയും 'സ്റ്റാർ കാമ്പയിനർമാർക്ക്' പ്രചാരണത്തിന്റെ ഉന്നത നിലവാരം കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് വാചാലമാകുന്നു.

ജെ.പി. നദ്ദ

''നിങ്ങളുടെ ചില താര പ്രചാരകർ പ്രചാരത്തിനിടെ മാതൃകാപെരുമാറ്റചട്ടം ലംഘിച്ചതായി നിരവധി രാഷ്ട്രീയ പാർട്ടികളും വ്യക്തികളും സംഘടനകളും പരാതി അയച്ചിട്ടുണ്ട്'' എന്നാണ്, മോദിയുടെ പേരില്ലാത്ത നോട്ടീസിലുള്ളത്. കാമ്പയിന് താര പ്രചാരകരെ നിയോഗിക്കാനും അവരെ നിയന്ത്രിക്കാനും രാഷ്ട്രീയപാർട്ടികൾക്കാണ് ഉത്തരവാദിത്തം എന്നതുകൊണ്ടാണ്, നോട്ടീസ് പാർട്ടി ദേശീയ അധ്യക്ഷന് അയക്കുന്നത് എന്ന് നോട്ടീസ് പറയുന്നു. പാർട്ടി നിയോഗിക്കുന്ന താര പ്രചാരകരുടെ പ്രസംഗത്തിന്റെ ഉത്തരവാദിത്തം അതാതുപാർട്ടികൾക്കാണ് എന്നാണ് നോട്ടീസ് പറയുന്നത്. ഏപ്രിൽ 29-നാണ് നോട്ടീസിന് മറുപടി നൽകാനുള്ള അവസാന തീയതി. മോദിയുടെ പേര് ഒഴിവാക്കിയതിന് തൂക്കമൊപ്പിക്കാൻ, രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗേക്കും എതിരായ പരാതികളിൽ കോൺഗ്രസിനയച്ച നോട്ടീസുകളിലും ഇവരുടെ പേരില്ല.

സമാന പരാതികളിൽ മുമ്പ് കമീഷൻ, പാർട്ടികൾക്കല്ല വ്യക്തികൾക്കുതന്നെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഈ മാസം ആദ്യം, ബി.ജെ.പി സ്ഥാനാർഥിയും നടിയുമായ കങ്കണ റാവത്തിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റിട്ടുവെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനാഥേക്ക് കമീഷൻ നോട്ടീസ് അയച്ചു. അന്നുതന്നെ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ ബി.ജെ.പി എം.പി ദിലീപ് ഘോഷിനും കമീഷൻ നോട്ടീസ് നൽകി. നേരത്തെ ആപ് നേതാവ് അതിഷിക്കും കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലക്കും കമീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.

2007-ലെ ഇലക്ഷൻ കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെ അന്നത്തെ കോൺഗ്രസ് അധ്യക്ഷ നടത്തിയ 'മരണത്തിന്റെ വ്യാപാരി' എന്ന പ്രയോഗത്തിനെതിരെ കമീഷൻ സോണിയക്കാണ് നോട്ടീസ് അയച്ചത്. അതുപോലെ, 2013ൽ മോദിക്കും 2014-ൽ ബി.ജെ.പി ജനറൽ സെക്രട്ടറിയായിരുന്ന അമിത് ഷാക്കും എതിരായ പരാതികളിലും ഇവർക്ക് നേരിട്ടാണ് നോട്ടീസ് നൽകിയത്. ഈ പരാതികളിലെല്ലാം, കുറ്റകരമായ പരാമർശം നടത്തിയ വ്യക്തികൾക്കാണ്, അവരുടെ പാർട്ടികൾക്കല്ല നോട്ടീസ് അയച്ചത് എന്നത് ശ്രദ്ധേയമാണ്. പാർട്ടി നൽകുന്ന വിശദീകരണം തൃപ്തികരമല്ല എങ്കിൽ, കമീഷൻ ആർക്കെതിരെയാണ് നടപടിയെടുക്കുക, പാർട്ടിക്കെതിരെയാണോ എന്ന ചോദ്യം നിയമവിദഗ്ധർ ഉയർത്തുന്നുണ്ട്.

രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗേ

പ്രതിസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയായതിനാലാണ് കമീഷൻ, വിദ്വേഷപ്രസംഗത്തിന്റെ ഉത്തരവാദിത്തത്തെ ധാർമികമാക്കുകയും അത് പാർട്ടിയുടെ മേൽ ചുമത്തുകയും ചെയ്തത് എന്ന വിമർശനമുയരുന്നുണ്ട്. പ്രധാനമന്ത്രിയോടുള്ള കമീഷന്റെ ഭാഗത്തുനിന്നുള്ള പേടിയാണ്, വിദ്വേഷപ്രസംഗം നടത്തിയ ആളുടെ പേര് ഒഴിവാക്കിയുള്ള നടപടി കാണിക്കുന്നതെന്ന് കോൺഗ്രസ് വിമർശിക്കുന്നു.

പ്രധാനമന്ത്രിക്ക് ഒരു നോട്ടീസ് അയക്കുന്നതിൽ പോലും ഭയമാണ്, അതും പരാതി കിട്ടി അഞ്ചു ദിവസം കഴിഞ്ഞ്. മാത്രമല്ല, മോദിയുടെ വിദ്വേഷ പ്രസംഗത്തെ രാഹുൽ ഗാന്ധിയുടെയും ഖാർഗേയുടെയും പ്രസംഗങ്ങളുമായി തുല്യതപ്പെടുത്താനുള്ള ശ്രമവും, അവർക്കുകൂടി നോട്ടീസ് അയച്ചതിലൂടെ കമീഷൻ നടത്തിയിരിക്കുന്നു- കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പറഞ്ഞു.

തങ്ങൾ നൽകിയ പരാതിയിൽ, ഇലക്ഷൻ കമീഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽനിന്ന് വിശദീകരണം തേടേണ്ടതിനുപകരം ബി.ജെ.പിയിൽനിന്നാണ് വിശദീകരണം തേടിയിരിക്കുന്നതെന്ന് രാജ്യസഭാ എം.പി കപിൽ സിബൽ ചൂണ്ടിക്കാട്ടി. കമീഷന്റെ 'നിസ്സഹായാവസ്ഥ'യാണിത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്ക് നോട്ടീസ് അയക്കുന്നതിൽ കമീഷൻ 'സൂപ്പർ സൂപ്പർ ജാഗ്രത' പുലർത്തിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ഇൻ ചാർജ് ജയ്‌റാം രമേശ് പറഞ്ഞു.

2019-ലെ ഇലക്ഷൻ സമയത്തും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷം സമാന പരാതി നൽകിയിരുന്നു. ഇതിൽ കമീഷൻ മോദിക്ക് 'ക്ലീൻ ചിറ്റ്' നൽകുകയായിരുന്നു.

നരേന്ദ്രമോദിക്കെതിരായ ഇത്തരം പരാതികളിലും കമീഷൻ സ്വീകരിച്ച നടപടികളുടെ ട്രാക്ക് റെക്കോർഡ് അത്ര ശുഭകരമല്ല.

മാതൃകാപെരുമാറ്റ ചട്ടം ലംഘിച്ചതിനെതിരെ 2019-മുതൽ പ്രതിപക്ഷ പാർട്ടികൾ 27-ഓളം പരാതികളാണ് മോദിക്കെതിരെ ഇലക്ഷൻ കമീഷന് നൽകിയത്. ഇതിൽ 12 എണ്ണം സാമുദായിക വിദ്വേഷവുമായി ബന്ധപ്പെട്ടാണ്. രാഷ്ട്രീയ പരസ്യങ്ങളിൽ സർക്കാർ സ്‌കീമുകൾ ഉപയോഗിച്ചത്, മതത്തിന്റെ പേരിലുള്ള വോട്ടഭ്യർഥന, തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ തയാറാക്കാൻ മന്ത്രാലയങ്ങളെ ദുരുപയോഗം ചെയ്തത്, പ്രചാരത്തനിടെ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ സംശയകരമായ സാഹചര്യത്തിൽ ബ്ലാക്ക് ബോക്‌സ് കണ്ടത്, നിശ്ശബ്ദ പ്രചാരണ സമയത്ത് പ്രചാരണം നടത്തിയത് തുടങ്ങിയ പരാതികളുമുണ്ടായിരുന്നു.

ഇതിൽ, ഈ തെരഞ്ഞെടുപ്പു കാമ്പയിനിടെ രാജസ്ഥാനിൽ നടത്തിയ വിദ്വേഷപ്രസംഗത്തിൽ മാത്രമാണ് കമീഷൻ നോട്ടീസ് അയച്ചത്.

Comments