ബിഹാറിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വോട്ടർപട്ടികയിൽ തീവ്ര പുനരവലോകനം നടത്താനുള്ള പദ്ധതി ആരംഭിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭാ തെരഞ്ഞെടുപ്പിന് ചുരുങ്ങിയ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സംസ്ഥാനത്ത് വോട്ടർപട്ടികയാകെ പരിഷ്കരിക്കാനുള്ള നീക്കം. തിടുക്കപ്പെട്ട് നടത്തുന്ന ഈ പരിഷ്കരണത്തിനെതിരെ രാജ്യത്തെ പ്രതിപക്ഷ കക്ഷികളാകെ ശബ്ദമുയർത്തിയിരുന്നു. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന വിലയിരുത്തൽ നടത്തിയിരിക്കുകയാണ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അമർത്യ സെൻ. ദി ഹിന്ദുവിന് നൽകിയ പ്രത്യേക ഓൺലൈൻ അഭിമുഖത്തിലാണ് അദ്ദേഹം വ്യത്യസ്ത വിഷയങ്ങളിൽ തൻെറ നിലപാട് വിശദീകരിച്ചിരിക്കുന്നത്.
“കൃത്യമായ രീതിയിൽ ചെയ്യുകയാണെങ്കിൽ വോട്ടർ പട്ടിക പരിഷ്കരിക്കുകയെന്നത് വളരെ നല്ല കാര്യമാണ്. എന്നാൽ നിലവിലുള്ള പട്ടികയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തിരക്കുപിടിച്ച് ശ്രമിച്ചാൽ അത് കൂടുതൽ ഗുരുതരമായ കുഴപ്പങ്ങളിലേക്കും തെറ്റുകളിലേക്കും ആയിരിക്കും നയിക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ചില നിക്ഷിപ്ത താൽപര്യങ്ങളോടെ ഇതിനായി നടത്തുന്ന ശ്രമങ്ങൾ നിലവിലുള്ള വോട്ടർപട്ടിക ഉപയോഗിച്ച് നടത്തുന്നതിനേക്കാൾ തെരഞ്ഞെടുപ്പിൻെറ വിശ്വാസ്യത തകർക്കുകയാണ് ചെയ്യുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ പലരും ചോദ്യം ചെയ്തിട്ടുണ്ട്, അത് ഗൗരവത്തോടെ വിലയിരുത്തേണ്ട വിഷയമാണ്. നിഷ്പക്ഷമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന തെരഞ്ഞെടുപ്പ് കമ്മീഷനായാൽ പോലും തിരക്ക് പിടിച്ച് വോട്ടർപട്ടിക തയ്യാറാക്കിയാൽ തെറ്റുകൾ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. കൃത്യമായ രേഖകൾ ഹാജരാക്കാൻ സാധിക്കാതെ പോവുന്ന ദരിദ്രരായ, പാർശ്വവൽക്കരിക്കപ്പെട്ട ധാരാളം പൗരർ പട്ടികയ്ക്ക് പുറത്താവാനുള്ള സാധ്യത ഏറെയാണ്. വർഗ്ഗപരമായ വിവേചനം ഇവിടെ വലിയ അപകടത്തിനാണ് കാരണമാവുക,” ബിഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന വോട്ടർ പട്ടിക തീവ്ര പുനരവലോകനവുമായി ബന്ധപ്പെട്ട് അമർത്യ സെൻ വ്യക്തമാക്കി.

ചില പൗരരുടെ, അതും രാജ്യത്തെ അരികുവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ശബ്ദം ഇല്ലാതാക്കാൻ വേണ്ടിയുള്ള മനപൂർവമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് അത്യന്തം വിനാശകാരിയായ ഒരു വസ്തുതയാണെന്ന് പറയേണ്ടി വരുമെന്ന് സെൻ വ്യക്തമാക്കി. ഇത് ഒരിക്കലും അനുവദിച്ച് കൂടാത്തതാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ തങ്ങളുടെ പ്രത്യേക താൽപ്പര്യം വെച്ച് സംശയങ്ങളുണ്ടാക്കി നടപടികളെടുക്കുകയല്ല വേണ്ടത്. കമ്മീഷൻെറ തിരക്കുപിടിച്ച നീക്കങ്ങളിൽ പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. നീതിപൂർവമായ ഇടപെടലാണ് സുപ്രീം കോടതി ഈ വിഷയത്തിൽ നടത്തിയിരിക്കുന്നത്. പൗരരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സുപ്രീം കോടതിക്ക് ഉണ്ടെന്നും അമർത്യ സെൻ വ്യക്തമാക്കി. ഇന്ത്യയിലെ പൗരരെന്ന നിലയിൽ സുപ്രീം കോടതിയുടെ ഭരണഘടനാപരമായ റോളിൽ നാം വിശ്വാസമർപ്പിക്കണം. ഇന്നത്തെ പൗരരുടെയും രാജ്യത്തിൻെറ ഭാവിയുടെയും കാര്യത്തിൽ സുപ്രീം കോടതി എടുക്കുന്ന തീരുമാനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും അമർത്യ സെൻ പറഞ്ഞു.
ബംഗാളി തൊഴിലാളികൾക്കെതിരെ രാജ്യത്തെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന അതിക്രമങ്ങളിൽ വലിയ മനോവേദനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “ബംഗാളി തൊഴിലാളികളെ ആയാലും ഏത് കുടിയേറ്റ തൊഴിലാളികളെയും ഉപദ്രവിക്കുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യയിലെ ചില രാഷ്ട്രീയപാർട്ടികൾ ബംഗാളി തൊഴിലാളികളെ ബംഗ്ലാദേശിൽ നിന്ന് കുടിയേറിവരായാണ് കണക്കാക്കുന്നത്. ബംഗാളികളെ പൊതുവിലും ബംഗ്ലാദേശികളെന്ന് വിളിക്കുന്ന പൊതുരീതിയുണ്ട്. ചില രാഷ്ട്രീയപാർട്ടികളുടെ മുസ്ലിം വിരുദ്ധ അജണ്ടകളാണ് ഇതിന് പിന്നിലുള്ളതെന്നും ഈ വിവേചനം ഏറെ ഗൗരവമുള്ളതാണെന്നും സെൻ പറഞ്ഞു.
“ഹിന്ദു മുസ്ലിം സൗഹാർദ്ദത്തിൻെറയും വ്യത്യസ്ത സമുദായങ്ങൾ സഹകരിച്ച് ജീവിക്കുന്നതിൻെറയും വലിയ പാരമ്പര്യവും ചരിത്രവുമുള്ള ഇടമാണ് ബംഗാൾ. മനുഷ്യരെ സാമുദായികമായി വിഭജിക്കുകയെന്ന ലക്ഷ്യത്തോടെ സങ്കുചിത വർഗീയ പദ്ധതികളുമായി ഒരു രാഷ്ട്രീയപാർട്ടി നടത്തുന്ന ശ്രമങ്ങൾ താൽക്കാലികമായി ഭാഗികമായി വിജയം കണ്ടേക്കാം, എന്നാൽ അതിന് ഒരിക്കലും ബംഗാളിനെ മനുഷ്യർ തമ്മിൽ അന്യോന്യം സാമൂഹിക സ്പർധയുള്ള ഒരിടമാക്കി മാറ്റാൻ സാധിക്കില്ല. വിഭജനശ്രമങ്ങൾ ചെറിയ കാലത്തേക്ക് മാത്രമേ വിജയം കാണുകയുള്ളൂ, ആത്യന്തികമായി ബംഗാളി സംസ്കാരത്തിനും സമൂഹത്തിനും ഇത്തരം പ്രതിലോമകരമായ ഇടപെടലുകളെ പ്രതിരോധിക്കാൻ സാധിക്കും. സാമുദായിക വിഭജനത്തിലൂടെ രാഷ്ട്രീയനേട്ടം കൈവരിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് താൽക്കാലികം മാത്രമായിരിക്കും,” അമർത്യ സെൻ കൂട്ടിച്ചേർത്തു.
കടപ്പാട്: ദി ഹിന്ദു
