I am fighting for the voice of India
I am ready to pay any cost
രാഹുൽ ഗാന്ധിയുടെ വാക്കുകളാണ്.
കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയെ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിയിലെ ഭരണകൂട വിമർശന പരാമർശത്തിന്റെ പേരിൽ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ട് വർഷം തടവുശിക്ഷ വിധിക്കുകയും തുടർന്ന് ലോക്സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിക്കൊണ്ട് ലോക്സഭാ സെക്രട്ടറി ജനറൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തപ്പോൾ അദ്ദേഹം നടത്തിയ പ്രതികരണമാണിത്.
ഇന്ന് നടത്തിയ പ്രസ് മീറ്റിൽ രാഹുൽ ഗാന്ധി വീണ്ടും പറഞ്ഞു: " ഞാൻ ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്താൻ ഉദ്ദേശിക്കുന്നില്ല. പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നത് ഞാൻ തുടരുക തന്നെ ചെയ്യും. ഈ സർക്കാരിന് രാജ്യമെന്നാൽ അദാനിയാണ്. അദാനിയാണ് രാജ്യം. സർക്കാരിന്റെ ഭയചകിതമായ ഈ നീക്കം പ്രതിപക്ഷത്തിന് ഗുണമാണ് ചെയ്യുക.'
തീർച്ചയായും ഇത് ഇന്ത്യൻ ജനാധിപത്യത്തിന് ഗുണം ചെയ്യും. ഇന്ത്യയ്ക്ക് ശബ്ദമുണ്ടായിരുന്നു. ജനാധിപത്യത്തിന്റെ എല്ലാത്തരം കരുത്തോടും കുഴപ്പങ്ങളോടും ദൗർബല്യങ്ങളോടും കൂടിത്തന്നെ രാഷ്ട്രീയമായി അത് ശബ്ദിച്ചിരുന്നു. 2014 ന് ശേഷം ഭയപ്പെടുത്തി നിശ്ശബ്ദമാക്കിക്കൊണ്ടിരുന്ന ശബ്ദം. രാഷ്ട്രീയ ഇന്ത്യയുടെ ആ പ്ലൂരൽ ശബ്ദം വീണ്ടെടുക്കാൻ രാഹുൽ ഗാന്ധി വഴി ഇന്ത്യയ്ക്ക് ലഭിച്ച അവസരമാണ് ഇത്. രാഷ്ട്രീയ ഇന്ത്യയ്ക്ക് ഹിന്ദുത്വയുടേയും സംഘപരിവാറിന്റേയും പ്രതിപക്ഷ പ്രസ്ഥാനമായി, മുന്നേറ്റമായി സ്വയം പരിവർത്തിപ്പിക്കാൻ ജനാധിപത്യം നൽകിയ അവസരം. രണ്ടടി പിറകിലേക്ക് വെച്ചു കൊണ്ടു തന്നെ അതിശക്തമായി മുന്നോട്ടു കുതിക്കാനുള്ള അവസരം.
രാഹുൽ ഗാന്ധിയെ ജയിലിലയയ്ക്കാനും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഒഴിവാക്കാനും ഭരണ കക്ഷി ഏറ്റവും മോശമായ രാഷ്ട്രീയക്കളി കളിച്ചപ്പോൾ ഇപ്പുറത്ത് 18 പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിന്ന് തെരുവിലിറങ്ങി എന്നതു തന്നെയാണ് ജനാധിപത്യ ഇന്ത്യയുടെ ഭംഗി. "ഡമോക്രസി ഇൻ ഡേഞ്ചർ' എന്ന വാചകമെഴുതിയ ബാനറുമായി പ്രതിപക്ഷ നേതാക്കൾ, എം.പിമാർ നടത്തിയ പ്രകടനമാണ് മതേതര ഇന്ത്യയുടെ കരുത്ത്. അത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 45.1% വോട്ടുള്ള പാർട്ടികളുടെ പ്രാതിനിധ്യമാണ്. അത് 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 42.5% വോട്ടു നേടിയ എൻ.ഡി.എ. ഇതര കക്ഷികളുടെ പ്രാതിനിധ്യ ശബ്ദമാണ്. അതിൽ തൃണമൂൽ കോൺഗ്രസും ബി.ആർ എസും സി.പി.എമ്മും സി.പി.ഐയും ഉണ്ട്. എൻ.സി.പിയും എ.എ.പിയും ഡി.എം.കെയും എം.ഡി എം.കെ.യും മുസ്ലീം ലീഗും ബി.എസ്.പിയും എസ്.പി.യുമുണ്ട്. അതിൽ ജനതാദൾ യുവും ആർ.ജെ.ഡിയും ഉദ്ധവ് താക്കറെയുടെ ശിവസേനയും ജെ.എം. എമ്മും ആർ.എസ്.പിയും കേരള കോൺഗ്രസ് മാണി ഗ്രൂപ്പും നാഷണൽ കോൺഫ്രൻസുമുണ്ട്.
പ്രതിപക്ഷം രാഷ്ട്രീയമായി ഐക്യപ്പെടാനും ഒന്നിച്ച് നിൽക്കാനും ശ്രമിക്കുന്നതിന്റെ ഉദാഹരണങ്ങൾ ഇനിയുമുണ്ട്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം സി.ബി.ഐ, ഇ.ഡി. തുടങ്ങിയ കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് ഫയൽ ചെയ്തിട്ടുള്ള 95% കേസുകളും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ് എന്ന വസ്തുത കാണിച്ച് 14 പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയ്ക്കെതിരായ സൂറത്ത് കോടതി വിധിയ്ക്കു ശേഷമുള്ള നീക്കമാണത്. 2013-14 ൽ ED റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 209 ആയിരുന്നു എങ്കിൽ 2020-21 ആയപ്പോൾ അത് 981 ആയും 2021-22 ആയപ്പോൾ 1180 ആയും വർധിച്ചു. ഇതിൽ വെറും 23 കേസുകളിൽ മാത്രമാണ് ശിക്ഷയുണ്ടായിരിക്കുന്നത്. സി.ബി.ഐ. കേസുകളുടെ ഡാറ്റയും സമാനമാണ്. ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് പ്രതിപക്ഷത്തെ തടയുക മാത്രമല്ല, 2024ലെ തെരഞ്ഞെടുപ്പിൽ ഈ പാർട്ടികളെ മുഴുവൻ സാമ്പത്തികമായി ഞെരുക്കിയിടുക എന്ന ഉദ്ദേശ്യം കൂടിയുണ്ട് ഇതിനു പിന്നിൽ. അത് തിരിച്ചറിഞ്ഞു തന്നെയാണ് പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ്സിന്റെ നേതാവായ രാഹുൽ ഗാന്ധിയ്ക്കെതിരെ ഇത്രയും മോശമായ പൊളിറ്റിക്കൽ ഗെയിമിന് തയ്യാറായ ബി.ജെ.പി. തെരഞ്ഞെടുപ്പിനു മുൻപ് ഇനിയും ഇതിലും മോശമായ കളികൾ കളിക്കുമെന്ന് ഉറപ്പാണ്. 2024ലെ ഇലക്ഷൻ അത്രയും പ്രധാനമാണ്.
നുണ പറയലും qപ്രചരിപ്പിക്കലും പ്രത്യയ ശാസ്ത്രപരമായിത്തന്നെ പയറ്റിക്കൊണ്ടിരിക്കുന്ന സംഘപരിവാർ എന്തിലും കൃതിമം കാണിക്കാൻ മടിക്കില്ല എന്നതുകൊണ്ടാണ് ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്റെ പ്രവർത്തനങ്ങളിൽ പ്രതിപക്ഷ കക്ഷികൾ ഇലക്ഷൻ കമ്മീഷനെക്കണ്ട് കഴിഞ്ഞ ദിവസം ചില ചോദ്യങ്ങൾ ഉന്നയിച്ചത്. മൈഗ്രന്റ് വോട്ടർമാർക്ക് വോട്ട് ചെയ്യാൻ റിമോട്ട് ഇ.വി.എം ഉപയോഗിക്കാനുള്ള കമ്മീഷന്റെ ഐഡിയയും പ്രതിപക്ഷ പാർട്ടി നേതാക്കൾ തടഞ്ഞിട്ടുണ്ട്. ലോകത്തൊരിടത്തും ഇപ്പോൾ വോട്ടിങ്ങ് മെഷീനുപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് നടക്കാത്തപ്പോൾ, ഇത്രയേറെ ആരോപണങ്ങൾ ഉയരുമ്പോൾ ഇവിടെ മാത്രം മെഷീൻ ഉപയോഗിക്കുന്നതിന്റെ സാഗത്യം പ്രതിപക്ഷത്താൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. രാഷ്ട്രീയ പോരാട്ടത്തിലേക്ക് നയിക്കുമെന്ന് നേതാക്കൾ അവകാശപ്പെടുന്ന ചോദ്യങ്ങൾ.
പ്രതീക്ഷയിലും എളുപ്പമല്ല രാഷ്ട്രീയ ഇന്ത്യയുടെ ജനാധിപത്യ ഭാവി. വൈവിധ്യങ്ങളുടെ ഇന്ത്യ കാവിയിന്ത്യയുടെ ഏകരൂപത്തിൽ അവതരിച്ചാടാൻ തുടങ്ങിയിട്ട് നാളേറെയായിട്ടുണ്ട്. വിമർശനങ്ങളാൽ മുഖരിതമായിരുന്ന നിയമനിർമാണ സഭകളും മാധ്യമങ്ങളും നിശ്ശബ്ദതയുടെ സൗകര്യത്തിലും ഭയത്തിലും ഒളിച്ചിരിക്കാൻ തുടങ്ങിയിട്ടും നാളേറെയായിട്ടുണ്ട്. ജനാധിപത്യത്തിന്റെ എല്ലാ നല്ല വശങ്ങളേയും രാജാധികാരത്തിന്റെ കൊട്ടാരക്കെട്ടുകളിലേക്ക് പരിവർത്തനം ചെയ്തു കൊണ്ടിരിക്കുന്ന ഒരു ഭരണകൂടം. അതിനെ 2025 ൽ ഇന്ത്യയൊരു ഹിന്ദു രാഷ്ട്രമാവുമെന്ന കർമ പദ്ധതിയുമായി കാവിപ്പരവതാനി വിരിച്ച് പൂജകൾ നടത്തി ചാണക്യ തന്ത്രങ്ങൾ മെനഞ്ഞ് നിയന്ത്രിക്കുന്ന സേവക സംഘം. ഹിന്ദുവല്ലാത്തതൊക്കെയും ഇന്ത്യയിൽ നിലനിൽക്കുന്നത് തങ്ങളുടെ ഔദാര്യത്തിലാണ് എന്നാണ് ആ സംഘപരിവാർ കരുതുന്നതും ആക്രോശിക്കുന്നതും. വിമത ശബ്ദങ്ങളെ മുഴുവൻ ജയിലിലയയ്‌ക്കുന്നു. മാധ്യമങ്ങളെ മുഴുവൻ വാങ്ങുന്നു.
അവിടെയാണ് രാഹുൽ ഗാന്ധിയെന്ന നേതാവ്, റൊമാന്റിക് പൊളിറ്റിഷൻ എന്ന് അപഹസിക്കപ്പെട്ടയൊരാൾ, തന്റെ പതിഞ്ഞ ശബ്ദത്തിലും ശരീര ഭാഷയിലും സ്നേഹത്തെക്കുറിച്ചും അഹിംസയെക്കുറിച്ചും സംസാരിച്ചു കൊണ്ടേയിരിക്കുന്നത്. ആദ്യമാരും കേൾക്കാൻ തയ്യാറാവാതിരുന്ന ശബ്ദം. അംഗീകരിക്കാതിരുന്ന ശബ്ദം. പക്ഷേ പ്രാദേശിക പാർട്ടികളും പ്രതിപക്ഷ പാർട്ടികളും അയാളെ കേൾക്കുകയും പ്രതിപക്ഷ ഐക്യനിരയിൽ ചേർക്കുകയും വേണം. സ്വയം അണിയാണ് എന്ന് വിശ്വസിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. ഉള്ളിൽ ശിഥിലമായ ഒരു ജനകീയ പാർട്ടിയുടെ, കോൺഗ്രസിന്റെ നേതാവ്. ഇന്ത്യ മുഴുവൻ നടന്നു തീർത്ത ഒരു നേതാവിന്റെ പതിഞ്ഞ ശബ്ദത്തെ നരേന്ദ്ര മോദി സർക്കാർ ഭയപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അയാൾക്കൊപ്പം നിൽക്കാൻ സംഘ പരിവാറിലേതല്ലാത്ത എല്ലാ രാഷ്ടീയ പാർട്ടികൾക്കും ബാധ്യതയുണ്ട്. മാധ്യമങ്ങൾക്ക് ബാധ്യതയുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിന് വലിയ ബാധ്യതയുണ്ട്.